ആം ആദ്മി എന്ന രാഷ്ട്രീയ പരീക്ഷണം
ഒരു ദിവസം വൈകുന്നേരം കോഴിക്കോട്ടങ്ങാടിയിലൂടെ നടക്കുമ്പോള്‍ വളരെ പ്രസക്തമായ ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യം കേള്‍ക്കാന്‍ എനിക്കവസരം ലഭിച്ചു. തന്റെ സുഹ്യത്തിനെ ഓഫീസിന് പുറത്ത് കാത്തുനില്‍ക്കുകയായിരുന്ന ഒരു യുവാവ് ഫോണിലൂടെ അയാളെ വിളിച്ച് ചോദിക്കുന്നു: ‘ ഘര്‍വാപ്പസിക്കുള്ള സമയമായില്ലേ? ( നമുക്ക് വീട്ടില്‍ പോകണ്ടേ?)
ഘര്‍വാപ്പസിയെക്കുറിച്ചറിയുന്ന ഏതൊരാള്‍ക്കും ആ യുവാവിന്റെ പരിഹാസച്ചുവയുള്ള ചോദ്യത്തിന്റെ പൊരുള്‍ മനസ്സിലാക്കാന്‍ കഴിയും. ( ഘര്‍വാപ്പസിയെക്കുറിച്ച് ഞങ്ങള്‍ പ്രസിദ്ധീകരിച്ച രണ്ട് ലേഖനങ്ങള്‍ ഈയവസരത്തില്‍ വായിക്കുന്നത് നന്നാകും). ഹിന്ദുത്വ ശക്തികള്‍ ക്ഷണിക്കുന്ന വീട്ടിലേക്കല്ല ആ യുവാവിന് തിരിച്ച് പോകേണ്ടത്. എല്ലാ വിധത്തിലുമുള്ള ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറി സ്വസ്ഥമായിരിക്കാന്‍ പറ്റിയ ഒരു വീട്ടിലേക്കാണ് അദ്ദേഹത്തിന് യാത്ര തിരിക്കേണ്ടത്.
കുടുംബ പരിപാലനത്തില്‍ ഒരായുഷ്‌കാലം മുഴുവന്‍ ചെലവഴിക്കേണ്ടി വരുന്നവര്‍ക്ക് ഒരു പ്രലോഭനമായാണ് chaos of a family man എന്ന തന്റെ ചെറുകഥാസമാഹാരത്തില്‍ കാഫ്ക വേറൊരു ലോകത്ത് ജീവിക്കുന്ന ഒരപരിചിതന്റെ ജീവിതത്തെ ആവിഷ്‌കരിക്കുന്നതെങ്കില്‍ മോഡിയാനന്തര ഇന്ത്യയില്‍ ആളുകള്‍ തങ്ങളുടെ വീടുകളിലാണ് ആശ്വാസം കണ്ടെത്തുന്നത്.
ഇന്ത്യയിലെ സാധാരണക്കാരുടെ ജീവല്‍പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച് കൊണ്ടാണ് ആം ആദ്മി പാര്‍ട്ടി കടന്ന് വരുന്നത്. അതേ സമയം മോഡി തന്റെ പാര്‍ലമെന്റ് വിജയത്തിനായി മോഹനമായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ ചൂഷണം ചെയ്യുകയാണുണ്ടായത്. തന്റെ കോര്‍പ്പറേറ്റ് സുഹ്യത്തുക്കളുടെ സഹായത്താല്‍ ഭരണചക്രം തിരിക്കുന്ന മോഡിക്ക് പക്ഷെ, മധ്യവര്‍ഗത്തെ ത്യപ്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ഒരു ക്ഷേമ രാഷ്ട്രത്തില്‍ നിന്ന് ലഭ്യമാകേണ്ട ന്യായമായ ജനകീയാവശ്യങ്ങളെ മന്‍മോഹന്‍ അവഗണിച്ചപ്പോള്‍ വലതുപക്ഷ ആശയങ്ങള്‍ക്കുള്ളില്‍ അവയെ ഒളിപ്പിച്ച് വെക്കുകയാണ് മോഡി ചെയ്തത്. ഘര്‍വാപ്പസി നടപ്പിലാക്കുക, മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തുക, ഹിന്ദുരാഷ്ട്രത്തെക്കുറിച്ച് സംസാരിക്കുക തുടങ്ങിയ കാര്യങ്ങളാണ് മോഡി ചെയ്ത് കൊണ്ടിരിക്കുന്നത്. തന്റെ ഭരണപ്രതിസന്ധികളെ അതിലൂടെ മറികടക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങളെയെല്ലാം നിഷേധിച്ച് കൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ടെങ്കിലും വര്‍ഗീയ പ്രഭാഷണം നടത്തിയ തന്റെ മന്ത്രിസഭയിലുള്ളവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.
ശുഭസൂചകമായ രാഷ്ട്രീയ നീക്കങ്ങള്‍ കെജ്രിവാളില്‍ നിന്നും ഇത്‌വരെ ഉണ്ടായിട്ടില്ല എന്നതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വിജയത്തില്‍ ആനന്ദിക്കാന്‍ ഏറെയൊന്നും വകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യയിലെ കോര്‍പ്പറേറ്റ് ശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ട്‌വരിക എന്ന പണിയാണ് അദ്ദേഹം ആദ്യം ചെയ്യേണ്ടത്. political order എന്ന പുസ്തകത്തില്‍ ഫുകുയാമ അതിനെക്കുറിച്ചെഴുതുന്നുണ്ട്. ഞാനിതെഴുതുമ്പോള്‍ കോര്‍പ്പറേറ്റ് ചാരവൃത്തിയുടെ രൂപത്തിലുള്ള അഴിമതിയെക്കുറിച്ച റിപ്പോര്‍ട്ടുകള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. മോഡി കുപ്പിയിലാക്കുമെന്ന ഉറപ്പ് നല്‍കിയ, നീരാ റാഢിയയുടെ ടേപ്പ് തുറന്ന് വിട്ട ഭൂതം ഇപ്പോഴും പൊതുനിരത്തില്‍ അലയുകയാണ്. ഒരുപാട് തവണ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും കള്ളപ്പണം തിരിച്ച് കൊണ്ടുവരാനുള്ള യാതൊരു വിധത്തിലുള്ള നടപടിയും മോഡി സ്വീകരിച്ചിട്ടില്ല. തന്റെ ‘നമോ’ ഇമേജിനെ പൊതു ഇടത്തില്‍ മിനുക്കാനുള്ള വ്യാജവാഗ്ദാനങ്ങള്‍ മാത്രമായിരുന്നു അത്.
കെജ്രിവാളിന്റെ വിജയത്തെ വിശകലനം ചെയ്യുമ്പോള്‍ പ്രധാനമായും രണ്ട് കാര്യങ്ങള്‍ നാം പരിഗണിക്കേണ്ടതുണ്ട്. സ്വജനപക്ഷപാതമില്ലാത്ത ഒരു കോര്‍പ്പറേറ്റ് സമ്പദ് വ്യവസ്ഥയെക്കുറിച്ചാണ് കെജ്രിവാള്‍ സംസാരിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ വ്യക്തികള്‍ സമ്പത്തുണ്ടാക്കുന്ന ഒരു മല്‍സര വേദിയായും ആരുടെ മുമ്പിലും അവസരങ്ങള്‍ കൊട്ടിയടക്കാത്ത മേഖലയായുമാണ് നാം കാപ്പിറ്റലിസത്തെ മനസ്സിലാക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്വജനപക്ഷപാതിത്വത്തെ വ്യക്തികള്‍ക്കുണ്ടാകേണ്ട മേന്‍മയായാണ് കാപ്പിറ്റലിസം മനസ്സിലാക്കുന്നത്. അതിനാല്‍ തന്നെയാണ് ഗവണ്‍മെന്റിലെ സ്വാധീനശക്തികളിലേക്ക് മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിക്കപ്പെടുന്നത്. സാമ്പത്തക മാന്ദ്യത്തിന് ശേഷവും ഗവണ്‍മെന്റിന്റെ സൂക്ഷമമായ പ്രതിചലനങ്ങളെ എങ്ങനെയാണ് സ്വാധീന ശക്തികള്‍ മറികടക്കുന്നത് എന്നാണ് ഫുകുയാമ നിരീക്ഷിക്കുന്നത്. രാഷ്ട്രീയ സമ്പദ് വ്യവസ്ഥയിലെ ആരോഗ്യകരമായ തന്ത്രങ്ങളായാണ് നിയോ-ലിബറല്‍ സാമ്പത്തിക വിദഗ്ദര്‍ ഇതിനെ മനസ്സിലാക്കുന്നത്. സ്വാധീന ശക്തികളെ താന്‍ നിയന്ത്രിക്കുമെന്ന് കെജ്രിവാള്‍ പറയുന്നുണ്ടെങ്കിലും എങ്ങനെ എന്നദ്ദേഹം സൂചിപ്പിക്കുന്നില്ല.
ജാതി പ്രശ്‌നങ്ങളെക്കുറിച്ച കെജ്രിവാളിന്റെ പൂര്‍ണ്ണമായ നിശ്ശബ്ദതയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ന്യൂനപക്ഷങ്ങളുടെ പൊതുമണ്ഡലത്തിലെ പ്രതിനിധാനത്തെക്കുറിച്ച് അദ്ദേഹത്തിന് എന്താണ് പറയാനുള്ളത്? ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കുന്നതല്ല ഡെല്‍ഹിയിലെ വോട്ടര്‍മാര്‍ അദ്ദേഹത്തിന് നല്‍കിയ പിന്തുണ. മേല്‍ജാതിക്കരും ഉയര്‍ന്ന ശമ്പളക്കാരുള്‍പ്പെടെയുള്ള മധ്യവര്‍ഗവും അടങ്ങുന്നതാണ് ഡല്‍ഹിയിലെ ജനസംഖ്യ. കെജ്രിവാള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ അദ്ദേഹത്തിന്റെ വിജയത്തിന് മുതല്‍ക്കൂട്ടായി എന്നതൊരു യാഥാര്‍ത്ഥ്യമാണ്. തന്റെ വോട്ടര്‍മാരുടെ ആഗ്രഹങ്ങള്‍ക്കൊത്ത് അദ്ദേഹം ഭരണചക്രം തിരിക്കുമോ എന്നതാണ് ചോദ്യം. അത് പോലെത്തന്നെ ഡല്‍ഹിയിലെ അങ്ങേയറ്റം ദുസ്സഹമായ കീഴാള ജീവിതങ്ങളോട് എന്ത് നിലപാടാണ് അദ്ദേഹം സ്വീകരിക്കുക എന്നതും പ്രസക്തമായ ചോദ്യമാണ്. അഴിമതിയേക്കാളും രൂക്ഷമായ പ്രശ്‌നമാണത്. വ്യത്യസ്തമായ പരിപ്രേക്ഷ്യങ്ങളിലൂടെ മാത്രമേ അത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയുകയുള്ളൂ.
കുറഞ്ഞ കാലയളവിനുള്ളില്‍ ഒരു പാര്‍ട്ടിക്ക് നല്ലൊരു ബദലാകാന്‍ സാധ്യമല്ല. അതിനാല്‍ തന്നെ പുതിയ രാഷ്ട്രീയാവിഷ്‌കാരങ്ങള്‍ സാധ്യമാക്കാന്‍ കെജ്രിവാളിന് നാം സമയം നല്‍കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുക അസാധ്യമാണ് എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും അദ്ദേഹത്തെ എഴുതിത്തള്ളാന്‍ സമയമായിട്ടില്ല. ശുഭപ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം.
Connect
Connect with us on the following social media platforms.