മാജിദ് മജീദി കണ്ട പ്രവാചകന്‍
പ്രവാചക ജീവിതത്തെക്കുറിച്ച മാജിദ് മജീദിയുടെ സിനിമക്കായ് സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഈ സിനിമ ശ്രദ്ധേയമാകുന്നത്. ഒന്ന്, പ്രവാചകന്റെ കുട്ടിക്കാലത്തെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്. കുട്ടികളുടെ നിഷ്‌കളങ്കതയെ ആവിഷ്‌കരിക്കുന്ന സിനിമകളെടുക്കുന്ന മാജിദ് മജീദിയുടെ പ്രവാചകന്റെ കുട്ടിക്കാലത്തെക്കുറിച്ച ആഖ്യാനം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. രണ്ട്, പ്രവാചകജീവിതത്തെക്കുറിച്ച് ഇതിന് മുമ്പ് സിനിമയെടുത്ത മുസ്തഫ അക്കാദ് യുദ്ധരംഗങ്ങളായിരുന്നു പ്രധാനമായും ചിത്രീകരിച്ചിരുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി പ്രവാചകജീവിതത്തിന്റെ സൂക്ഷമമായ അടരുകളെയാണ് മാജിദ് മജീദി ആവിഷ്‌കരിക്കുന്നത്.
ഒരു നടനായും ഷോര്‍ട്ട്ഫിലിം സംവിധായകനുമായാണ് മജീദി തന്റെ സിനിമാജീവിതം തുടങ്ങുന്നത്. നിസ്സാരമെന്ന് തോന്നിക്കാവുന്ന ജീവിതങ്ങളെക്കുറിച്ചാണ് അദ്ദേഹത്തിന്റെ സിനിമകള്‍ സംസാരിച്ചത്. ഇസ്‌ലാമിക വിശ്വാസത്തിന്റെ മിസ്റ്റിക്കലായ ആവിഷ്‌കാരങ്ങളായിരുന്നു അവ. The color of paradice, Baran, Songs of sparrows തുടങ്ങിയ സിനിമകള്‍ അന്തര്‍ദേശിയ തലത്തില്‍ അദ്ദേഹത്തിന് ധാരാളം അംഗീഗാരങ്ങള്‍ നേടിക്കൊടുത്തു. children of heaven എന്ന സിനിമ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു നിര്‍ണായക വഴിത്തിരിവായിരുന്നു.
ആയത്തുള്ള ഖാംനഇയുടെ സ്വന്തക്കാരനെന്ന് വിളിക്കാവുന്ന മജീദി അദ്ദേഹത്തെയും ഇറാനിലെ ഫിലിം ഇന്‍ഡസ്ട്രിയിലെ അംഗങ്ങളെയും വിളിച്ച് ചേര്‍ത്തിക്കൊണ്ട് ധാരാളം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഒരു തികഞ്ഞ മതവിശ്വാസി ആയതിനാല്‍ തന്നെ സെക്കുലര്‍-ലിബറല്‍ സിനിമാലോകം അദ്ദേഹത്തിന്റെ സിനിമകളെ അവജ്ഞയോടെയാണ് കണ്ടത്.
തെഹ്‌റാനിലെ ഫജ്‌റ് ഫിലിം ഫെസ്റ്റിവെലില്‍ വെച്ചാണ് muhammed, messenger of god എന്ന സിനിമയുടെ ആദ്യ പ്രദര്‍ശനം നടന്നത്. 12 വയസ്സ് വരെയുള്ള പ്രവാചക ജീവിതത്തെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്. ഷാമിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശനത്തോട് കൂടിയാണ് സിനിമ അവസാനിക്കുന്നത്. മുഹമ്മദിന്റെ പ്രവാചകത്വത്തെക്കുറിച്ച് അവിടെ വെച്ചായിരുന്നു ഒരു കിസ്റ്റ്യന്‍ സന്യാസി പ്രവചിച്ചത്. പ്രവാചകന്റെ മുഖം സിനിമയില്‍ കാണിച്ചിട്ടില്ല എന്ന് മജീദി വ്യക്തമാക്കിയ കാര്യമാണ്.
സുന്നി പാരമ്പര്യത്തില്‍ നിന്ന് വ്യത്യസ്തമായി ഷിയാക്കള്‍ക്ക് ഇസ്‌ലാമിക പാരമ്പര്യത്തിലെ മഹാന്‍മാരായ വ്യക്തികളുടെ ജീവിതത്തെ ദ്യശ്യവല്‍ക്കരിക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ല. സിനിമ ചെയ്യുന്നതിന് മുമ്പ് തന്നെ ഷിയാ-സുന്നി പണ്ഡിതരുമായി താനിക്കാര്യം സംസാരിച്ചിട്ടുണ്ട് എന്ന് മജീദി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ന്യൂസ് കവറേജുമില്ലാതെയാണ് അദ്ദേഹം ഈ സിനിമ ചെയ്തിരിക്കുന്നത്. പത്രപ്രവര്‍ത്തകര്‍ക്ക് ലൊക്കേഷനിലേക്ക് കടക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. സിനിമാനിര്‍മ്മാണ വേളയില്‍ അഭിനേതാക്കളോട് പോലും അദ്ദേഹം സംസാരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് വഴിയാണ് അവര്‍ ആശയവിനിമയം നടത്തിയിരുന്നത്. വളരെ സെന്‍സിറ്റീവായ ഇഷ്യൂവാണ് താന്‍ കൈകാര്യം ചെയ്യുന്നതെന്ന ഉറച്ച ബോധ്യമുള്ളതിനാല്‍ തന്നെയാണ് അദ്ദേഹം എല്ലാ മീഡിയ കവറേജുകളില്‍ നിന്നും വിട്ട് നിന്നത്.
ബൊന്‍യാഡ് മൊസ്തസാഫാന്‍ എന്ന ചാരിറ്റി സ്ഥാപനമാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. 2012 ല്‍ ഖൗം നഗരത്തിലെ ലൊക്കേഷന്‍ ഖാംനഇ സന്ദര്‍ശിക്കുകയുണ്ടായി. അവിടെയാണ് മക്കയുടെയും മദീനയുടെയും മോഡലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സൗത്താഫ്രിക്കയിലാണ് സിനിമയുടെ മറ്റ് ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. സ്റ്റോറോ, സ്‌കോട്ട് ആന്‍ഡേഴ്‌സണ്‍, സാമി യൂസുഫ്, എ ആര്‍ റഹ്മാന്‍ തുടങ്ങിയ പ്രതിഭകളാണ് സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
Connect
Connect with us on the following social media platforms.