banner ad
October 4, 2012 By കെ. അഷ്‌റഫ് 0 Comments

ഭക്ഷണം: മതത്തിലെ സ്വത്വവും അപരനും

foreigners-and-their-food-constructing-otherness-in-jewish-christian-and-islamic-law

“ഞാന്‍ ഭക്ഷണത്തെ ഇഷ്ടപ്പെടുന്നു. ആസ്വദിച്ചാണ് കഴിക്കാറുള്ളത്. അത് പോലെത്തന്നെ ഭക്ഷണം തയ്യാറാക്കുന്നതും അത് മറ്റുള്ളവര്‍ക്കായി പങ്ക് വെക്കുന്നതും ഞാന്‍ ഇഷ്ടപ്പെടുന്നു. എന്റെ പ്രിയങ്കരമായ പല ഓര്‍മകളും അനുഭവങ്ങളും ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. സമര്‍പ്പണ ബോധമുള്ള ജൂതസമൂഹങ്ങള്‍ക്കിടയില്‍ വളരാനും ജീവിതം കെട്ടിപ്പടുക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഈ കൂട്ടങ്ങള്‍ക്കിടയില്‍ വെച്ചാണ് പലപ്പോഴും ഞാന്‍ ഭക്ഷണം കഴിക്കാറുള്ളത്. എന്റെ വീട്ടിലെ ശാന്തമായ ശബ്ബാത് ഉച്ചഭക്ഷണം മുതല്‍ അറബ് സഹപാഠിയുടെ കിടപ്പ് മുറിയില്‍ വെച്ച് ഇറാഖി കോഫിയോടും ബക്‌ലവയോടും കൂടിയുള്ള ഗൗരവമായ സംഭാഷണങ്ങള്‍ വരെ നീളുന്ന അസുലഭ സന്ദര്‍ഭങ്ങളായിരുന്നു അവ. ക്രിസ്ത്യാനികളുമായും മുസ്‌ലിംകളുമായും ഭക്ഷണം പങ്ക് വെക്കാനുള്ള ഒരുപാട് അവസരങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. എനിക്ക് വൈകാരികാവേശമുള്ള ഒരു വിഷയത്തെക്കുറിച്ച സൂക്ഷ്മപരിശോധനയാണ് ഈ പഠനം: വിദേശിയുമായി ഭക്ഷണം വഴിയുള്ള വ്യവഹാരം”.

ഭക്ഷണത്തെയും മതത്തെയും അപരത്വത്തെയും കുറിച്ച് ഡേവിഡ് എം ഫ്രെഡറിച്ച് (david m freidenreich) എഴുതിയ പുസ്തകത്തിലെ (foreigners and their food; constructing otherness in Jewish, Christian and Islamic law) ആദ്യ വരികളാണിവ. 2011 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ പ്രസ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. മുഴുവന്‍ മതപാരമ്പര്യങ്ങള്‍ക്കും ഉള്‍ക്കൊള്ളലിനെയും ഒഴിവാക്കലിനെയും (inclusion and exclusion)  കുറിച്ച് തിരിച്ചറിവിന്റെയും ദൈവശാസ്ത്രപരമായ നടപടിക്രമങ്ങളുടെയും സ്വന്തമായ രീതികളുണ്ട്. ഉദാഹരണത്തിന്, ഇസ്‌ലാമിക ദൈവശാസ്ത്ര വ്യവഹാരത്തില്‍ ഉള്‍ക്കൊള്ളലിനെയും ഒഴിവാക്കലിനെയും കുറിച്ച് പ്രബലമായ ഒരാശയമുണ്ട്. ഈമാന്‍ , കുഫ്‌റ് (വിശ്വാസം,അവിശ്വാസം എന്നിങ്ങനെ ഈ പദങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്) തുടങ്ങിയ സാങ്കേതിക പദങ്ങളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. മതഗ്രന്ഥങ്ങളിലും പാരമ്പര്യത്തിലും പിന്തുടരാവുന്ന, ഒഴിവാക്കലിന്റെയും ഉള്‍ക്കൊള്ളലിന്റെയും വ്യത്യസ്ത തരത്തിലുള്ള നടപടിക്രമങ്ങളുണ്ട്. ദൈവശാസ്ത്രപരമായ പാഠത്തിനും (text) വ്യാഖ്യാനശാസ്ത്രത്തിനും (hermeneutics) അപ്പുറം, സവിശേഷമായ മത സ്വത്വത്തെ നിര്‍മിക്കുന്നതിന് സഹായിക്കുന്ന പ്രധാന സ്ഥാപനങ്ങളാണ് ഭക്ഷണവും വിവാഹവും. ‘മതകീയ ബഹുസ്വരത’യെക്കുറിച്ച സമകാലിക ചര്‍ച്ചകളിലേര്‍പ്പെടുന്ന പണ്ഡിതന്‍മാര്‍ ഇത്തരം സംജ്ഞകളെയും ചര്‍ച്ചകളെയും കൈകാര്യം ചെയ്യാന്‍ വളരെയധികം ബുദ്ധിമുട്ടാറുണ്ട്. അവരില്‍ പലരും ക്ഷമാപണ സ്വഭാവത്തോടെ ഈ തരത്തിലുള്ള മതപാഠങ്ങളെയും വ്യവഹാരങ്ങളെയും സ്പര്‍ശിക്കാതെ കടന്ന് പോവുകയാണ് ചെയ്യുന്നത്. മത താരതമ്യത്തിന്റെയും മതകീയ ബഹുസ്വരതയുടെയും ഈ മേഖലയില്‍ ക്ഷമാപണ പ്രവണതകള്‍ക്കപ്പുറം ചര്‍ച്ചകള്‍ വികസിപ്പിക്കുന്നവരും മതത്തിന്റെയും ഐക്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും പുതിയ ഭാഷ കണ്ടെത്തുന്നതില്‍ വിജയിക്കുകയും ചെയ്ത വളരെ കുറച്ച് പണ്ഡിതര്‍ മാത്രമാണുള്ളത്. നീതിക്കും വിമോചനത്തിനും വേണ്ടി മതകീയ ബഹുസ്വരതയെ കണ്ടെത്തുന്നതിന്, മതപരമായ പദാവലികളെ ഒഴിവാക്കുന്നതിലുപരിയായി അവയില്‍ അന്തര്‍ലീനമായ അര്‍ത്ഥത്തെ കണ്ടെത്തുന്നതിന്റെയും ഉപയുക്തമാക്കുന്നതിന്റെയും ആവശ്യകതയെക്കുറിച്ചാണ് മതത്തിലെ സ്വത്വത്തെയും അപരത്വത്തെയും കുറിച്ച വിശകലനത്തില്‍ ഫരീദ് ഇസ്ഹാഖ് ഊന്നിപ്പറയുന്നത്.

ഭക്ഷണത്തെക്കുറിച്ച ചോദ്യത്തെ മതകീയ വ്യവഹാരമായി സമീപിക്കുന്നതിനാലും താരതമ്യം നടത്താന്‍ ശ്രമിക്കുന്നതിനാലും ഫ്രെഡറിച്ചിന്റെ നിരീക്ഷണം പ്രാഥമികമാണ് എന്ന് പറയാന്‍ സാധിക്കും. ഇതര മതാനുയായികള്‍ ഭക്ഷണം തയ്യാറാക്കുന്നതിനെക്കുറിച്ചും അത്തരം അന്യന്‍മാരോട് എങ്ങനെ വര്‍ത്തിക്കണെമെന്നുമുള്ള നിയമങ്ങളിലൂടെ എങ്ങനെയാണ് ജൂതന്‍മാരും ക്രിസ്ത്യാനികളും മുസ്‌ലിംകളും ‘അവരും നമ്മളും’ എന്ന സങ്കല്‍പത്തെ നിര്‍മിച്ചെടുക്കുന്നതെന്നുമാണ് ഈ പുസ്തകം പ്രധാനമായും അന്വേഷിക്കുന്നത്. അത്തരം നിയന്ത്രണങ്ങള്‍ രൂപീകരിക്കുന്ന അതോറിറ്റികളുടെ മതകീയ അപരത്വത്തിന്റ നിര്‍മാണം അവരെ നമ്മളല്ലാത്തവരായും നമ്മള്‍ക്കെതിരെയുള്ളവരും നമ്മെപ്പോലെയുള്ളവരും നമ്മെപ്പോലെയല്ലാത്തവരുമായും സങ്കല്‍പിക്കുന്നു. കൂടാതെ മതാധികാരത്തെക്കുറിച്ചും ഭക്ഷണത്തിന്റെ നിയന്ത്രണത്തെക്കുറിച്ചും അത് പോലെ എങ്ങനെയാണ് ഇത്തരം നിയന്ത്രണങ്ങള്‍ കാലങ്ങളായി വികസിച്ച് വന്നതെന്നും മറ്റ് മത പാരമ്പര്യങ്ങളിലെ പ്രതിരൂപങ്ങളുമായി അവ എങ്ങനെയാണ് ബന്ധപ്പെടുന്നതെന്നും ഈ പുസ്തകം അന്വേഷിക്കുന്നു. കേവലം വസ്തുനിഷ്ഠമായ വിവരം നല്‍കുവാനും താരതമ്യപഠനം നടത്തുവാനോ വേണ്ടിയുള്ള ഒരു പുസ്തകം അല്ല ഇത്. മറിച്ച് മതകീയ അപരത്വത്തെക്കുറിച്ച ഒരു ജൂത റബ്ബിയുടെ ദൈവശാസ്ത്രപരമായ ചിന്തയാണിത്. ഫ്രെഡറിച്ച് പറയുന്നു- “ഞാനൊരു നിയുക്ത റബ്ബിയും സൂക്ഷ്മതയുള്ള ജൂതനും ആണെങ്കിലും ജൂതരല്ലാത്തവര്‍ തയ്യാറാക്കിയ ഭക്ഷണം ഞാന്‍ കഴിക്കുകയും അവരുമായി ഭക്ഷണം പങ്ക് വെക്കുകയും ചെയ്യാറുണ്ട്. എന്റെ പാരമ്പര്യ നിയമങ്ങള്‍ അത്തരം പ്രവര്‍ത്തനങ്ങളെ വിലക്കുന്നുവെങ്കില്‍ക്കൂടി.”

പതിനാല് അദ്ധ്യായങ്ങളാണ്  പുസ്തകത്തിലുള്ളത്. മതകീയ സ്വത്വത്തിന്റെ നിര്‍മാണത്തിന് വേണ്ടി മൂന്ന് അബ്രഹാമിക് മത പാരമ്പര്യങ്ങള്‍ക്കകത്തുള്ള വിദേശഭക്ഷണ നിയന്ത്രണങ്ങളുടെ ചരിത്രപരമായ വികാസങ്ങളെ ഇവ ആഴത്തില്‍ പരിശോധിക്കുന്നു. ബിബ്ലിക്കലും എക്‌സ്ട്രാ ബിബ്ലിക്കലും അല്ലെങ്കില്‍ തല്‍മൂദിക് ജൂത പാഠങ്ങളോടെയും പാരമ്പര്യങ്ങളോടെയുമാണ് പുസ്തകം ആരംഭിക്കുന്നത്. പിന്നെ നേരത്തെയുള്ള മധ്യകാല ക്രിസ്ത്യന്‍ പുനര്‍വ്യാഖ്യാനങ്ങളെയും പരിഗണിക്കുന്നു. ഖുര്‍ആനിലൂടെയും ഹദീസിലൂടെയുമാണ് ഇസ്‌ലാമിക പാരമ്പര്യത്തെക്കുറിച്ച അപഗ്രഥനം ആരംഭിക്കുന്നത്. ശേഷം ഈ അടിസ്ഥാന സ്രോതസുകളോടുള്ള ശിയ-സുന്നി സമീപനങ്ങളെ വേര്‍തിരിക്കുന്നു. ഈ മുഴുവന്‍ പാരമ്പര്യങ്ങളുടെയും താരതമ്യ അപഗ്രഥനമാണ് അവസാന മൂന്ന് അധ്യായങ്ങളില്‍ അടങ്ങിയിരിക്കുന്നത്. ഭക്ഷണത്തെക്കുറിച്ച ജൂത-ക്രിസ്ത്യന്‍-ഇസ്‌ലാമിക ധാരണകളുടെയും വിധികളുടെയും അന്വേഷണമാണ് ഈ പുസ്തകത്തിന്റെ കേന്ദ്രവിഷയം. ഈ മൂന്ന് മതപാരമ്പര്യങ്ങളിലെയും പൊതുവായ രണ്ട് പ്രധാനപ്പെട്ട മാനദണ്ഡങ്ങളെ ഗ്രന്ഥകാരന്‍ തിരിച്ചറിയുന്നു. ഒന്നാമതായി, ഭക്ഷണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നിയമവിധികളും. രണ്ടാമതായി ആരാണ് ഭക്ഷണം ഉണ്ടാക്കുന്നത് എന്നും ആരാണ് പങ്ക് വെക്കുന്നത് എന്നതിനെയും അടിസ്ഥാനപ്പെടുത്തിയുള്ള വിധികളും നിയന്ത്രണങ്ങളും. എന്നാലും വലിയ അര്‍ത്ഥത്തില്‍, ഒരു പ്രത്യേക ഭക്ഷണത്തിനും സ്വഭാവത്തിനും അത് പോലെ അതിന്റെ ദൈവശാസ്ത്രപരമായ നിയമസാധ്യതക്കുമപ്പുറം മറ്റുള്ളവരെ ഒഴിവാക്കാനുള്ള മതങ്ങളുടെ പ്രവണതയെയാണ് പ്രധാനമായും ഗ്രന്ഥകാരന്‍ ഊന്നിപ്പറയുന്നത്.

മത-പാരസ്പര്യ ബന്ധങ്ങളില്‍ മാത്രം ഈ പ്രശ്‌നം പരിമിതപ്പെടുന്നില്ല. മറിച്ച്, ഒരു പ്രത്യേക മതകീയ പാരമ്പര്യത്തിന്റെ ചരിത്രപരവും രാഷ്ട്രീയപരവുമായ വികാസങ്ങളിലും നമുക്കിത് കണ്ടെത്താന്‍ സാധിക്കും. ഉദാഹരണത്തിന്, ‘വിദേശി’ തയ്യാറാക്കിയ ഭക്ഷണത്തെക്കുറിച്ച് നിയമ വിധികള്‍ക്കും ഭക്ഷണത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച നിയമവിധികള്‍ക്കും ഇടയില്‍ മൗലികമായ വ്യത്യാസമാണ് ക്ലാസികല്‍ ജൂതായിസവും മധ്യകാല ജൂതായിസവും പ്രകടിപ്പിക്കുന്നത്. ഭക്ഷണത്തെക്കുറിച്ച നിയമവിധികളുമായി ബന്ധപ്പെട്ട് ഇസ്‌ലാമിനകത്ത് തന്നെയുള്ള ശിയ-സുന്നി പാരമ്പര്യങ്ങള്‍ക്കിടയില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടായിരുന്നു. സുന്നീ പാരമ്പര്യത്തിനകത്ത് തന്നെ മറ്റ് നിയമശാഖകളില്‍ നിന്ന് ഹനഫീ ശാഖക്ക് ഒരുപാട് വ്യത്യസ്തതകള്‍ ഉണ്ടായിരുന്നു. ചിലപ്പോള്‍ സ്വന്തം അടിസ്ഥാന പാരമ്പര്യത്തില്‍ നിന്ന് മാറി ഹനഫീ ശാഖ ശിയാ വിധികളെ അംഗീകരിക്കാറുണ്ട്. മതകീയ സമൂഹങ്ങളുടെ സ്വത്വപ്രതിസന്ധിയെ പിന്തുടരുന്നതിലും ഒറ്റ മതകീയ പാരമ്പര്യത്തില്‍ തന്നെയുള്ള അനൗചിത്യങ്ങളെ തുറന്ന് കാണിക്കുന്നതിലും അത് പോലെ മതകീയ പാരമ്പര്യത്തിനകത്ത് തന്നെയുള്ള ചരിത്രപരവും പാഠപരവുമായ സാമ്യതകളെ തിരിച്ചറിയുന്നതിലുമാണ് ഈ പുസ്തകത്തിന്റെ സൗന്ദര്യം. ഈ പുസ്തകത്തിന്റെ വായനക്കാരില്‍ ജൂതായിസത്തിലും ക്രിസ്ത്യാനിറ്റിയിലും നിപുണരായവര്‍ മാത്രമല്ല ഉണ്ടാവേണ്ടത്. വിശാലമായ അക്കാദമികേതര വായനക്കാര്‍ക്ക് വേണ്ടിയാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത്. ഇതര പാരമ്പര്യങ്ങളുമായി ചെറിയ തോതിലുള്ള ബന്ധം പുലര്‍ത്തുന്ന, ഒരു പ്രത്യേക മതകീയ പാരമ്പര്യത്തില്‍ മാത്രം മുഴുകുന്നവരെയും അത് പോലെ മത താരതമ്യ പഠനം, നിയമം, ഭക്ഷണവും സംസ്‌കാരവും തുടങ്ങിയ വിഷയങ്ങളിലെ പണ്ഡിതന്മാരെയും ഈ പുസ്തകം അഭിമുഖീകരിക്കുന്നുവെന്നാണ് ഡേവിഡ് പറയുന്നത്. വായനയുടെ സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നതിനായി സാങ്കേതിക ചര്‍ച്ചകളെ പരമാവധി ലഘൂകരിക്കുന്നതില്‍ ഈ പുസ്തകം വിജയിച്ചിട്ടുണ്ട്. വായനയിലേക്കും ഭക്ഷണത്തിലേക്കും അപ്ലൈ ചെയ്യാവുന്ന രസകരമായ ഒരു ഉദ്ധരണിയോടു കൂടി ഞാന്‍ ചുരുക്കുന്നു. ബിഷപ്പ് സ്റ്റീഫന്‍ ടൂര്‍നായുടെ ഉദ്ധരണിയാണിത്- “നിങ്ങള്‍ ഉച്ചഭക്ഷണത്തിനായി രണ്ട് അതിഥികളെ ക്ഷണിക്കുകയാണെന്ന് കരുതുക. വ്യത്യസ്ത വിഭവങ്ങള്‍ അവര്‍ രണ്ട് പേരും ആവശ്യപ്പെടുകയാണെങ്കില്‍ നിങ്ങള്‍ അവര്‍ക്ക് രണ്ട് പേര്‍ക്കും ഒരേ വിഭവം തന്നെ നല്‍കുകയില്ല. മറ്റൊരുത്തന് പ്രയാസമുണ്ടാക്കുന്ന വിഭവം ഒരാള്‍ ചോദിക്കുന്നുവെന്ന് കരുതുക. അപ്പോള്‍ നിങ്ങള്‍ വിഭവങ്ങളെ വ്യത്യാസപ്പെടുത്താതിരിക്കുമോ? അതോ ഡൈനിംഗ് ഹാളിനെ ചിന്താക്കുഴപ്പത്തിലേക്ക് നയിക്കുകയോ അതിഥികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയോ, ഏതാണ് നിങ്ങള്‍ ചെയ്യുക?”

ഈ പുസ്തകം വായിക്കുന്ന സമയത്ത്, മതകീയ പാരമ്പര്യങ്ങള്‍ക്കിടയിലെ പൊതുവായ മേഖലയെക്കുറിച്ച ചോദ്യത്തെ പരിഗണണിക്കുമ്പോള്‍ മൗലികമായ ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്. മതകീയ പാരമ്പര്യങ്ങള്‍ക്കിടയിലെ പൊതുവായ മേഖലയുടെ അഭാവമാണ് പ്രധാന പാഠം. മതകീയ പാരമ്പര്യങ്ങള്‍ക്കിടയിലെ നിര്‍വചിക്കപ്പെടാത്ത പൊതു മേഖലയെക്കുറിച്ച വാചാടോപത്തേക്കാള്‍ വ്യത്യസ്തകളെ റാഡിക്കലായി അംഗീകരിക്കുക എന്നതാണ് ബഹുസ്വരതയിലേക്കുള്ള വഴി.

(ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗ് സര്‍വകലാശാലയില്‍ മതപഠനവിഭാഗം  എം.എ വിദ്യാര്‍ത്ഥി ആണ് കെ.അഷ്‌റഫ്)

വിവര്‍ത്തനം: സല്‍മി സഅദ്‌

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting