സൂഫീ സംഗീതത്തിന്റെ സൗന്ദര്യം: മെര്‍സിന്‍ ദിദെ സംസാരിക്കുന്നു
ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം മെര്‍സിന്‍ ദിദെ (Mercan Dede) വീണ്ടും ഒരു പുതിയ ആല്‍ബവുമായി രംഗത്തെത്തിയിരിക്കുന്നു.
ഈ മാസം പുറത്തിറങ്ങിയ ‘ദുന്‍യാ’ (ഭൂമി) എന്ന ആല്‍ബമാണ് 47 കാരനായ ഈ സംഗീതജ്ഞന്റെ ഏറ്റവും പുതിയ സമ്മാനം. 1966 ല്‍ ബുര്‍സയിലാണ് അദ്ദേഹം ജനിക്കുന്നത്. സമകാലിക സംഗീതത്തെ സൂഫീ സംഗീത പാരമ്പര്യവുമായി ചേര്‍ത്ത് നിര്‍ത്തുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. ഇസ്തംബൂളില്‍ വെച്ച് നടന്ന ഇന്റര്‍വ്യൂവില്‍ വെച്ച് തന്റെ പുതിയ ആല്‍ബത്തെക്കുറിച്ചും ആറ് വര്‍ഷത്തെ ഇടവേളയെക്കുറിച്ചും അദ്ദേഹം സണ്‍ഡേ സമാനിനോട് സംസാരിക്കുകയുണ്ടായി.
.
എങ്ങനെയാണ് ദുന്‍യാ എന്ന നിങ്ങളുടെ പുതിയ ആല്‍ബത്തെക്കുറിച്ച ആലോചന രൂപപ്പെടുന്നത്?
മൗലാന ജലാലുദ്ദീന്‍ റൂമിയുടെഎണ്ണൂറാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായാണ് ‘800’ എന്ന എന്റെ കഴിഞ്ഞ ആല്‍ബം പുറത്തിറങ്ങിയത്. അത് തുര്‍ക്കിക്കകത്തും പുറത്തുമെല്ലാം പ്രശസ്തമായപ്പോള്‍ ഒരുപാട് മ്യൂസിക് കമ്പനികള്‍ എന്നോട് അവര്‍ക്ക് വേണ്ടി സീരീസ് ചെയ്യാന്‍ ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഞാനത് നിരസിക്കുകയാണ് ചെയ്തത്. ആറ് വര്‍ഷത്തോളം എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഞാന്‍ ആ സമയമെല്ലാം പാഴാക്കുകയായിരുന്നില്ല. ഒരുപാട് ഹോംവര്‍ക്കുകള്‍ ചെയ്യുന്ന തിരക്കിലായിരുന്നു ഞാന്‍. എങ്ങനെ ഒരു നല്ല മനുഷ്യനാകാം എന്നതായിരുന്നു എന്റെ ചിന്ത മുഴുവന്‍. നിരന്തരമായ പരിശ്രമത്തിലൂടെ മാത്രം സാധ്യമാകുന്ന ഒന്നാണത്.
ആ ഒഴിവ് സമയങ്ങളിലെല്ലാം നിങ്ങളെന്താണ് ചെയ്തുകൊണ്ടിരുന്നത്?
മ്യൂസിക്കിനെക്കുറിച്ച ഔപചാരിക വിദ്യാഭ്യാസമൊന്നും എനിക്ക് ലഭിച്ചിട്ടില്ല. ഞാനെന്നെ ഒരു സംഗീതജ്ഞനായി കണക്കാക്കുന്നുമില്ല. ഞാന്‍ പഠിച്ചത് ഫൈന്‍ ആര്‍ട്‌സാണ്. കഴിഞ്ഞ 15 വര്‍ഷമായി ആ മേഖല ഞാന്‍ അവഗണിക്കുകയാണ് എന്നാണെനിക്ക് തോന്നുന്നത്. ഒരു ആര്‍ട്ട് എക്‌സിബിഷന്‍ എന്ന എന്റെ സ്വപ്‌നം പൂവണിയിക്കാന്‍ അക്കാലത്ത് എനിക്ക് സാധിച്ചു.
ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ഞാന്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും അതിനെക്കുറിച്ച് എനിക്ക് പൂര്‍ണ്ണമായ ബോധ്യം വന്നിട്ടില്ല എന്നെനിക്ക് അക്കാലത്ത് ബോധ്യമായി. അതിനാല്‍ ഞാന്‍ ജോര്‍ദാനിലേക്ക് തിരിച്ചു. മരുഭൂമിക്ക് ശബ്ദമുണ്ടെന്ന് അവിടത്തെ ആളുകള്‍ എന്നോട് പറഞ്ഞു. അങ്ങനെ ഞാന്‍ മരുഭൂമിയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്തു. കാനഡയിലെ നേറ്റീവ് ജനത എന്നോടൊരിക്കല്‍ മഞ്ഞ്‌വീഴ്ചയുടെ ശബ്ദം ശ്രവിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. അവിടെ ഞാന്‍ 20 വര്‍ഷത്തോളം ജീവിച്ചിട്ടുണ്ട്. എന്നാല്‍ ഈയടുത്താണ് ഞാനതിന്റെ ശബ്ദം ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
നാം ഈ ലോകത്താണ് ജീവിക്കുന്നത്. എന്നാല്‍ നാമതിനെക്കുറിച്ച് അജ്ഞരാണ്. എന്നാലതിനെക്കുറിച്ച് ബോധമുണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. ഞാന്‍ പ്രകൃതിയുടെ ശബ്ദം മാത്രമല്ല റെക്കോര്‍ഡ് ചെയ്യുന്നത്. ഇന്ത്യയിലെയും ന്യൂയോര്‍ക്കിലെയും നഗരങ്ങളുടെ ശബ്ദവും ഞാന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഒരു റെക്കോര്‍ഡ് 200 മണിക്കോറോളം നീണ്ടുപോയിട്ടുണ്ട്. അത്തരം റെക്കോര്‍ഡുകളാണ് ‘ദുന്‍യാ’ എന്ന ആല്‍ബത്തെക്കുറിച്ച ആശയം എനിക്ക് നല്‍കിയത്. ‘ദുന്‍യാ’ സ്വയം തന്നെ പുറത്ത് വരികയായിരുന്നുവെന്ന് എനിക്ക് പറയാന്‍ സാധിക്കും.
ലോകത്തിന്റെ അവസ്ഥയെക്കുറിച്ച് ഞാനൊരുപാട് ചിന്തിച്ചിട്ടുണ്ട്. ഏറെ പ്രയാസം നിറഞ്ഞ ഒരു ലോകമാണ് പുതിയ തലമുറക്ക് ഇനി അഭിമുഖീകരിക്കാനുള്ളത്. മുന്‍കഴിഞ്ഞ തലമുറകളില്‍ നിന്നാണ് നാം ഈ ഭൂമിയെ സ്വീകരിച്ചിട്ടുള്ളതെന്ന് നാമെപ്പോഴും പറയാറുണ്ട്. എന്നാല്‍ ശരിയാംവണ്ണം നാമതിനെ പരിപാലിക്കുന്നില്ല. യുദ്ധങ്ങളും പാരിസ്ഥിതിക ദുരന്തങ്ങളുമടക്കമുള്ള ഒരുപാട് പ്രശ്‌നങ്ങള്‍ നാം ഇപ്പോള്‍ നേരിടുന്നുണ്ട്. ഇതെല്ലാം അവസാനിപ്പിക്കാന്‍ നാം എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. എന്റെ ലോകം ശബ്ദങ്ങളാലും കലകളാലും നിര്‍മിക്കപ്പെട്ടവയാണ്. കലയുടെ ആഗോളഭാഷ ഉപയോഗിച്ച് കൊണ്ട് ഈ ഭൂമിയെ സംരക്ഷിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.
‘ദുന്‍യാ’ യിലെ ഒരു ട്രാക്കില്‍ നാം ഒരു അലര്‍ച്ച കേള്‍ക്കുന്നുണ്ട്. നിങ്ങളുടെ മ്യൂസിക്കില്‍ അത് അപരിചിതമാണ്. അതെന്താണ് അര്‍ത്ഥമാക്കുന്നത്?
ഭൂമിയാണ് അവിടെ അലറുന്നത്. നാം ഭൂമിക്കേല്‍പ്പിച്ച എല്ലാ ആഘാതങ്ങളുടെയും അടിസ്ഥാന കാരണം നമ്മുടെ ഈഗോയാണ്. നാമത് വലിച്ചെറിയേണ്ടതുണ്ട്. നിങ്ങളത് ചെയ്യുമ്പോള്‍ നിങ്ങളനുഭവിക്കുന്ന ഭൂമിയും നിങ്ങളുടെ ഹൃദയത്തില്‍ പ്രതിധ്വനിക്കുന്ന ഭൂമിയും മാറ്റത്തിന് വിധേയമാവുകയാണ് ചെയ്യുന്നത്. കളങ്കമില്ലാതെ ഇത് സംഭവിക്കുക എന്നത് ഏറെ പ്രധാനമാണ്. മനസ്സ് എന്നത് അത്ര പ്രാധാന്യമുള്ള സംഗതിയല്ല. മനസ്സിന്റെ യുക്തി കൊണ്ട് ഉണ്ടാക്കാന്‍ പറ്റിയ ആല്‍ബമല്ല ഇത്. ഹൃദയത്തില്‍ നിന്നും വരുന്ന ഒന്നാണിത്. അതിനാദ്യം നമ്മുടെ ഈഗോയെ നാം ഉപേക്ഷിക്കേണ്ടതുണ്ട്. അതിനെക്കുറിച്ച് വ്യത്യസ്തങ്ങളായ ആലോചനകളാണ് ഈ ആല്‍ബത്തിലൂടെ ഞങ്ങള്‍ അവതരിപ്പിക്കുന്നത്. പ്രകൃതിയും മനുഷ്യരും ഐക്യത്തോടെ ജീവിക്കുന്ന ഒരു ലോകത്തെയാണ് ഞങ്ങള്‍ സ്വപ്‌നം കാണുന്നത്.
അസാം അലിയെയും സബാഹത്ത് അക്കിറാസിനെയും പോലുള്ള സംഗീതജ്ഞരെ നിങ്ങളുടെ ആല്‍ബം ഫീച്ചര്‍ ചെയ്യുന്നുണ്ട്. മഹാത്മ ഗാന്ധിയുടെ ശബ്ദവും നിങ്ങള്‍ റെക്കോര്‍ഡ് ചെയ്തിരിക്കുന്നു.
മാനവികതയുടെ പ്രകാശമാണ് ഗാന്ധി. അദ്ദേഹത്തിന്റെ ഒരു ശബ്ദം മാത്രമാണ് നമുക്ക് ലഭ്യമായിട്ടുള്ളത്. സൃഷ്ടാവിനെക്കുറിച്ച വര്‍ത്തമാനങ്ങളാണവ. കൂട്ടത്തില്‍ ഇന്ത്യയില്‍ വെച്ച് റെക്കോര്‍ഡ് ചെയ്തതും അദ്ദേഹത്തിന്റെ ശബ്ദത്തോട് ഞാന്‍ ചേര്‍ത്തിട്ടുണ്ട്.
നിങ്ങള്‍ മോണ്‍ട്രിയയില്‍ താമസിക്കുകയും ഇടക്കിടെ ഇസ്തംബൂള്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, പരിപാടികള്‍ക്കായി ഒരുപാട് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരു സഞ്ചാരിയാണ് നിങ്ങളെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
തീര്‍ച്ചയായും. ഞാനൊരു ഓടക്കുഴലിനെപ്പോലെയാണ്. എങ്ങോട്ടും ബന്ധിക്കപ്പെടാതെ എല്ലായിടത്തേക്കും യാത്ര ചെയ്യാന്‍ എനിക്ക് കഴിയുന്നു. ഒരു പ്ലാസ്റ്റിക് വാട്ടര്‍ പൈപ്പില്‍ നിന്നാണ് ഞാനാദ്യം ഓടക്കുഴലുണ്ടാക്കിയത്. ഉസ്‌ക്കുഡാറിലെ ഒരു ഹാര്‍ഡ്‌വെയര്‍ സ്റ്റോറില്‍ വെച്ച് ഈ ഉപകരണം നിര്‍മ്മിക്കുകയുണ്ടായി. ഇപ്പോഴത് കാനഡയിലെ എന്റെ വീട്ടിലാണിരിക്കുന്നത്. ആ ഓടക്കുഴലിന്റെ (ney) രാഗം കൃത്യമായിരുന്നില്ലെങ്കിലും അതിനൊരു ഹൃദയമുണ്ടായിരുന്നു. അതെന്റെ അടുത്ത സുഹൃത്താണ്. എന്റെ ജീവിതത്തെയാണ് അതാവിഷ്‌കരിക്കുന്നത്.
ലോകത്തെക്കുറിച്ച് ചിന്തിക്കുന്ന ആളാണ് നിങ്ങള്‍. ഇപ്പോള്‍ നിങ്ങളെ ഏറ്റവും കൂടുതല്‍ അസ്വസ്ഥപ്പെടുത്തുന്ന കാര്യമെന്താണ്?
ഈഗോയാണ് ഏറ്റവും വലിയ പ്രശ്‌നമെന്നാണ് ഞാന്‍ കരുതുന്നത്. ഈഗോയില്‍ കേന്ദ്രീകരിക്കപ്പെട്ട ഒരു ലോകത്താണ് നാം ജീവിക്കുന്നത്. കാപ്പിറ്റലിസ്റ്റ് വ്യവസ്ഥയും ഈഗോയും തമ്മില്‍ ഒരുപാട് ബന്ധങ്ങളുണ്ട്. നിങ്ങള്‍ക്കാവശ്യമില്ലാത്ത ഒന്നിനെക്കുറിച്ച് ഈ സി്സ്റ്റം എപ്പോഴും നിങ്ങളെ ബോധവാന്‍മാരാക്കിക്കൊണ്ടിരിക്കും. മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെയാണ് എല്ലാ കാര്യങ്ങളും ആശ്രയിച്ചിരിക്കുന്നത് എന്നാണവര്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരുടെ ഈഗോയാണ് സംസാരിക്കുന്നത്. ഈ ലോകത്തെ ഏറ്റവും വലിയ പ്രശ്‌നം അത് തന്നെയാണ്.
രാഷ്ട്രീയത്തില്‍ നിന്നും വിട്ട് നില്‍ക്കാനുള്ള കാരണവും ഈഗോ തന്നെയാണ്. രാഷ്ട്രീയക്കാര്‍ പറയും, ‘ എനിക്ക് വോട്ട് ചെയ്യൂ, എന്ത് ചെയ്യണമെന്ന് എനിക്കറിയാം’. എന്നാല്‍ അത് പറയുന്നതോട് കൂടി സംഹാരാത്മകമായ ഒരു മേഖലയിലേക്കാണ് നിങ്ങള്‍ പ്രവേശിക്കുന്നത്.
ദൈവത്തെപ്പറ്റി പറയുമ്പോള്‍ പോലും ഖുര്‍ആന്‍ നാം എന്നാണ് പ്രയോഗിക്കുന്നത്. എന്നാല്‍ ഈ പ്രപഞ്ചത്തിലെ ഒരു പൊടിയുടെ വലിപ്പം പോലുമില്ലാഞ്ഞിട്ടും നാമെപ്പോഴും ‘ഞാന്‍’ എന്നാണ് പ്രയോഗിക്കുന്നത്. ഞാന്‍ എന്നത് ആര്‍ത്തി പൂണ്ട ഒരു പ്രയോഗമാണ്. എത്ര കിട്ടിയാലും അതിന് മതിവരില്ല. എന്നാല്‍ ഇതിന് നേരെ വിപരീതമായ ചില കാര്യങ്ങളും സംഭവിക്കുന്നുണ്ട്. ഈ ലോകത്തിന്റെ ഭാവിയെക്കുറിച്ച് എനിക്ക് ശുഭപ്രതീക്ഷയാണുള്ളത്.
ദ്വന്ദാത്മക ജീവിതമാണ് നിങ്ങള്‍ നയിക്കുന്നത്. അര്‍ക്കിന്‍ അല്ലെന്‍, ഓടക്കുഴല്‍ വായിക്കുന്ന മെര്‍സാന്‍ ദീദെ….നിങ്ങളുടെ ഈ രണ്ട് ബദല്‍ വ്യക്തിത്വങ്ങള്‍ പരസ്പരം ഏറ്റ്മുട്ടാറുണ്ടോ?
അവ പലപ്പോഴും സംഘര്‍ഷത്തിലേര്‍പ്പെടാറുണ്ട്. എന്നാല്‍ അവര്‍ക്ക് പരസ്പരം സംവദിക്കാനുള്ള ഒരു പ്ലാറ്റ്‌ഫോം നിലനില്‍ക്കുന്നുണ്ട്. നല്ലൊരു കൂട്ടുകാരായി അവര്‍ മാറിയിട്ടുണ്ട്. ജീവിതത്തെക്കുറിച്ച് അവര്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടെങ്കിലും അവര്‍ക്കിടയില്‍ ഐക്യം നിലനില്‍ക്കുന്നുണ്ട്. അതാണ് എന്റെ മ്യൂസിക്കില്‍ പ്രതിഫലിക്കുന്നത്. എന്നാല്‍ ഇവര്‍ രണ്ട് പേരും കൂടാതെ മൂന്നാമതൊരു വ്യക്തിത്വം കൂടിയുണ്ട്. അത് ഞാനാണ്. ഈ രണ്ട് വ്യക്തിത്വങ്ങളെയും ഞാന്‍ സൂക്ഷമമായി ശ്രദ്ധിക്കുകയും പല കാര്യങ്ങളും അവരില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്.
തുര്‍ക്കിയിലെ ഇലക്ട്രോണിക് ന്യൂ എയ്ജ് ആന്റ് ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്കിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് താങ്കളാണ്. ഇത്തരത്തിലുള്ള മ്യൂസിക്കിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്? ഇന്നത്തെ പോപ്പുലര്‍ മ്യൂസിക്കിന്റെ തകര്‍ച്ചക്ക് നിങ്ങളുടെ രീതി ഒരു പരിഹാരമാണോ?
തീര്‍ച്ചയായും. ഇതില്‍ എന്നോടൊപ്പം ഹുസ്‌നു സെന്‍ലെന്‍ഡിരിസി, ഗോക്‌സെല്‍ ബക്താഗീര്‍, മെഹ്മെത് അകാതയ്,യുര്‍ദാല്‍ ടോക്കാന്‍ തുടങ്ങിയ സംഗീതജ്ഞരെല്ലാമുണ്ട്.
ഇപ്പോള്‍ മിസ്റ്റിക്കല്‍ മ്യൂസിക്കിലേക്കുള്ള ഒരു മാറ്റം എല്ലായിടത്തും ദൃശ്യമാണ്. പോപ്പുലര്‍ കള്‍ച്ചറിന്റെ ലോകത്തെ ആളുകള്‍ കൈവെടിയാന്‍ തുടങ്ങിയിട്ടുണ്ട്. ഞാന്‍ ഓടക്കുഴല്‍ (ney) വായിക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെക്കുറിച്ച് ഒരു ക്ലാസും എവിടെയുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഓരോ മുക്കിലും മൂലയിലും നിങ്ങള്‍ക്കത് കാണാന്‍ സാധിക്കും.
Connect
Connect with us on the following social media platforms.