സാഹിത്യവും അധിനിവേശവും
മുസ്‌ലിം രാഷ്ട്രങ്ങളിലെ കൊളോണിയല്‍ അധിനിവേശങ്ങള്‍ക്ക് വേണ്ടി ബുദ്ധിജീവിപ്പണിയെടുക്കുന്ന നാറ്റീവ് ഇന്‍ഫോര്‍മര്‍മാരെക്കുറിച്ച് ഹാമിദ് ദബാശി തന്റെ Brown Skin,White Mask എന്ന പുസ്തകത്തില്‍ എഴുതുന്നുണ്ട്. തങ്ങള്‍ ജനിച്ച പ്രദേശങ്ങളിലെ സംസ്‌കാരങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി വിദൂരങ്ങളിലുള്ള തൊലി വെളുത്ത മനുഷ്യര്‍ അനിവാര്യമായും ഇടപെടേണ്ടതുണ്ടെന്ന് നിരന്തരമായി എഴുതിക്കൊണ്ടിരിക്കുന്ന ഈ ബുദ്ധിജീവികളെ ദബാശി വിളിക്കുന്നത് Comprador Intellectuals എന്നാണ്.
ലൈല അബൂലുഗോദിന്റെ Do Muslim Women Need Saving? എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ ആദ്യ ഭാഗം വികസിക്കുന്നത് അസ്ഹര്‍ നഫീസി, അയാന്‍ ഹിര്‍സി അലി തുടങ്ങിയ നേറ്റീവ് ഇന്‍ഫോര്‍മര്‍മാര്‍ നിര്‍വഹിക്കുന്ന ഈ കൂലിയെഴുത്തിനെ പൊളിച്ചടക്കിക്കൊണ്ടാണ്. റൈറ്റ്‌സ്, ചോയ്‌സ്, ഫ്രീഡം എന്നിങ്ങനെയുള്ള ആകര്‍ഷണീയമായ ലിബറല്‍ പദാവലികള്‍ ഉപയോഗിച്ച് കൊണ്ട് മുസ്‌ലിം പെണ്ണിന്റെ ജീവിത സാഹചര്യങ്ങളെ നോക്കിക്കാണുന്ന ഇക്കൂട്ടര്‍ ഏറ്റെടുക്കുന്നത് വെളുത്ത, കൊളോണിയല്‍ ഫെമിനിസ്റ്റ് യുക്തിയെയാണ് എന്നാണ് ലൈല പറയുന്നത്. വിവിധങ്ങളായ നാടുകളില്‍ ജീവിക്കുന്ന മുസ്‌ലിം സ്ത്രീകളുടെ സങ്കീര്‍ണ്ണമായ ജീവിതസാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഇത്തരം പദാവലികള്‍ അപര്യാപ്തമാണെന്ന് അവര്‍ ഊന്നിപ്പറയുന്നുണ്ട്.
വിവിധങ്ങളായ മുസ്‌ലിം നാടുകളിലെ സ്ത്രീകളുമായി ഇടകലര്‍ന്ന് ജീവിക്കാന്‍ അവസരം ലഭിച്ച തനിക്കുണ്ടായ അനുഭവങ്ങളും പോപ്പുലര്‍ മീഡിയകളില്‍ നിര്‍വ്വഹിക്കപ്പെടുന്ന അവരുടെ പ്രധിനിധാനവും (Representation) തമ്മിലുള്ള വമ്പിച്ച അന്തരമാണ് ഈ പുസ്തകമെഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ലൈല ആമുഖത്തില്‍ പറയുന്നുണ്ട്. അഫ്ഗാന്‍, ഇറാഖ്, ഫലസ്തീന്‍ തുടങ്ങിയ മുസ്‌ലിം രാഷ്ട്രങ്ങളിലേക്കുള്ള കൊളോണിയല്‍ അധിനിവേശങ്ങളെയാണ് ഇത്തരം പ്രതിനിധാനങ്ങള്‍ സാധ്യമാക്കിയത്.
സ്വാതന്ത്ര്യമുള്ളവര്‍, ഇല്ലാത്തവര്‍; പുരോഗമനക്കാര്‍, യാഥാസ്ഥികര്‍; അപരിഷ്‌കൃതര്‍, ആധുനികര്‍; അവകാശങ്ങളുള്ളവര്‍, അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ എന്നിങ്ങനെയുള്ള ലളിതവല്‍ക്കരണത്തില്‍ നിന്നും എലൈറ്റ് ഫെമിനിസ്റ്റുകള്‍ മോചനം നേടേണ്ടതുണ്ടെന്നാണ് ലൈല പറഞ്ഞുവെക്കുന്നത്. മുസ്‌ലിം സ്ത്രീകളുടെ രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും വിരമിച്ച് ഒരു ആത്മവിമര്‍ശനത്തിന് തയ്യാറെടുക്കുക എന്നാണവര്‍ ആവശ്യപ്പെടുന്നത്. ദര്‍വീശ്
Connect
Connect with us on the following social media platforms.