മലാലയും വെള്ളക്കാരന്റെ രക്ഷക ദൗത്യവും
വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിച്ചതിന്റെ പേരില്‍ മലാല യൂസുഫ് സായിക്ക് താലിബനികളില്‍ നിന്ന് വെടിയേറ്റപ്പോള്‍ അത് ലോകത്തെയാകെ പിടിച്ചുകുലുക്കുകയുണ്ടായി.
ഉടന്‍ തന്നെ പാശ്ചാത്യ മാധ്യമങ്ങള്‍ നേരിട്ട് വിഷയമേറ്റെടുത്തു. പാശ്ചാത്യ നയതന്ത്രജ്ഞര്‍ പ്രതിഷേധ ശബ്ദമുയര്‍ത്തുകയും അതിന്റെ ഫലമായി മലാല യു.കെ.യിലെത്തുകയും ചെയ്തു. ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലൊന്നും ഇടപെടാത്ത പാശ്ചാത്യന്‍ ശക്തികള്‍ എന്ത് കൊണ്ട് മലാലയുടെ കാര്യത്തില്‍ മാത്രം ഇത്ര ആവലാതിപ്പെടുന്നു എന്ന ചോദ്യമാണ് ഞാനിവിടെ ഉന്നയിക്കുന്നത്.
ഇത് താലിബാന്റെ ക്രൂരതകള്‍ക്കുള്ള ന്യായീകരണമോ സാര്‍വലൌകിക വിദ്യാഭ്യാസ അവകാശത്തിന്റെ നിഷേധമോ അല്ല. എന്നാല്‍, കൊളോണിയല്‍ അധിനിവേശങ്ങള്‍ക്ക് പാതയൊരുക്കും വിധമുള്ള ഒരു ചരിത്രനിര്‍മ്മാണം ഇവിടെ സംഭവിക്കുന്നുണ്ട്.
വെള്ളക്കാരാല്‍ വിമോചിപ്പിക്കപ്പെട്ട മൂന്നാം ലോകരാജ്യത്തിലെ ഒരു തദ്ദേശീയ പെണ്‍കുട്ടിയുടെ കഥയാണിത്. യു.കെ.യിലേക്ക് കൊണ്ടു വന്നു കൊണ്ട് മാതൃരാജ്യത്തെ അപരിഷ്‌കൃതരില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ രക്ഷിച്ചതിന്റെ പേരില്‍ പാശ്ചാത്യലോകത്തിനു സ്വയം അഭിമാനിക്കാം. ലോകം മുഴുവന്‍ അംഗീകരിച്ച് കഴിഞ്ഞ ചരിത്രപരമായ ഒരു വംശീയ ആഖ്യാനം മാത്രമാണിത് . ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും വേണ്ടി മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും പരസ്പരം മത്സരിക്കുകയായിരുന്നു. വിദ്യാഭ്യാസം അവകാശപ്പെട്ടതിന്റെ പേരില്‍ മാത്രം അപരിഷ്‌കൃതരുടെ വെടിയേറ്റ നിഷ്‌കളങ്കയായൊരു തവിട്ടുനിറക്കാരി പെണ്‍കുട്ടിയുടെയും തിളങ്ങുന്ന കവചവുമായി അവളെ രക്ഷിക്കാനെത്തുന്ന യോദ്ധാവിന്റെയും കഥയാണ് അവര്‍ ലോകത്തോട് പറഞ്ഞത്. പടിഞ്ഞാറിന്റെ ബോംബു വര്‍ഷങ്ങള്‍, അധിനിവേശങ്ങള്‍, യുദ്ധങ്ങള്‍ തുടങ്ങി എല്ലാ അധിനിവേശ ഇടപെടലുകളും ഇതോടെ ന്യായീകരിക്കപ്പെട്ടു; ‘കണ്ടില്ലേ , ഇതെല്ലാം കൊണ്ടാണ് ഞങ്ങള്‍ തദ്ദേശീയരെ രക്ഷിക്കാന്‍ വരുന്നത്’എന്നെല്ലാം അവര്‍ ന്യായീകരണങ്ങള്‍ നിരത്തി.
ആയിരക്കണക്കിന് മലാലമാര്‍ വേറെയും ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ തുടങ്ങിയ ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നുമുള്ളവരാണവര്‍. അവരിലധികപേരും കൊളോണിയല്‍ അധിനിവേശങ്ങളുടെ ഇരകളാണ്. തങ്ങള്‍ മറ്റുള്ളവരെ അപരിഷ്‌കൃതരില്‍ നിന്നും രക്ഷിച്ചെടുക്കേണ്ടവരാണ് എന്ന വെള്ളക്കാരന്റെ ചുമതലാബോധത്തെ ( white man’s burden) പാശ്ചാത്യന്‍ മീഡിയയും രാഷ്ട്രീയ പ്രവര്‍ത്തകരും നിരന്തരമായി ഉല്‍പാദിപ്പിച്ച് കൊണ്ടിരിക്കുന്നതിനാല്‍ തന്നെ നാം എല്ലാ അധിനിവേശങ്ങളെയും സൗകര്യപൂര്‍വ്വം മറക്കുകയാണ് ചെയ്യുന്നത്..
ഇറാഖ് അധിനിവേശത്തെ അനുകൂലിച്ച് വോട്ടു ചെയ്ത അതേ ഗോര്‍ഡന്‍ ബ്രൗണ്‍ തന്നെയാണ് ഐക്യ രാഷ്ട്ര സഭയില്‍ മലാലയ്ക്ക് വേണ്ടി എഴുന്നേറ്റു നിന്ന് ശബ്ദമുയര്‍ത്തിയത്. പാശ്ചാത്യ കടന്നു കയറ്റങ്ങളെ ചോദ്യം ചെയ്യാനോ റിപ്പോര്‍ട്ട് ചെയ്യാനോ മടി കാണിച്ച അതേ മാധ്യമ പ്രവര്‍ത്തകര്‍ തന്നെയാണ് മലാലയെയും മലാല കാമ്പെയ്‌നെയും പിന്തുണച്ച് കൊണ്ട് പടിഞ്ഞാറിന് സ്തുതി പാടിക്കൊണ്ടിരിക്കുന്നത്. അതേ സമയം അഫ്ഗാനിസ്ഥാനിലെ വെസ്റ്റേണ്‍ അധിനിവേശത്തെക്കുറിച്ച് ഇവര്‍ ഒരക്ഷരം മിണ്ടുന്നില്ല.
മലാല നല്കുന്ന സന്ദേശം വളരെ കൃത്യമാണ്. ലോകശ്രദ്ധ ലഭിക്കേണ്ട കാര്യമാണത്. വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ്. പക്ഷെ മലാല പടിഞ്ഞാറിന്റെ ഒരു ആയുധമാക്കപ്പെട്ടിരിക്കുകയാണ്. ബ്രിട്ടനെ പോലുള്ള രാജ്യങ്ങള്‍ക്ക് തങ്ങള്‍ അഫ്ഗാനിസ്ഥാനിലും ഇറാഖിലും ചെയ്തു കൂട്ടിയ പാപങ്ങളെ മറച്ചു വെക്കാന്‍ കഴിയുന്നത് അത്‌കൊണ്ടാണ്. മാത്രമല്ല, പാക് അതിര്‍ത്തി പ്രദേശങ്ങളിലെ പുരുഷന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും ഒരുപോലെ ഭീതിതരാക്കുന്ന അമേരിക്കാന്‍ ഡ്രോണ്‍ ആക്രമണങ്ങളെ പോലുള്ള സംഭവങ്ങള്‍ അവഗണിച്ച് കൊണ്ട് മുസ്‌ലിം രാഷ്ട്രങ്ങളിലെ ‘മനുഷ്യാവകാശ നിഷേധങ്ങളെ’ക്കുറിച്ചെഴുതാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അത് വഴി അവസരം ലഭിക്കുകയും ചെയ്യുന്നു.
നിലവിലുള്ള കൊളോണിയല്‍ ആഖ്യാനങ്ങള്‍ മുസ്‌ലിം പുരുഷനെ പൈശാചികമായി ചിത്രീകരിച്ച് കൊണ്ടിരിക്കുകയാണ്. പരസ്പരം ഇടപഴകുവാനോ സംസാരിക്കാനോ കൊള്ളാത്ത ഒരു അപരിഷ്‌കൃതനായി അവ മുസ്‌ലിമിനെ ചിത്രീകരിക്കുന്നു. ഇത്തരക്കാരെ കൈകാര്യം ചെയ്യാനുള്ള ഒരേയൊരു മാര്‍ഗം യുദ്ധത്തിലേര്‍പ്പെടുകയും ഡ്രോണുകള്‍ ഉപയോഗിക്കലും മാത്രമാണെന്ന് വരുത്തി തീര്‍ക്കുകയും ചെയ്യുന്നു. നാറ്റോ ബോംബു വര്‍ഷിക്കുന്നത് മലാലയെ പോലുള്ള പെണ്‍കുട്ടികളെ വിമോചിപ്പിക്കാനാണെന്നാണ് അവര്‍ പറഞ്ഞ് കൊണ്ടിരിക്കുന്നത്.
ചരിത്രത്തിലുടനീളം യുദ്ധക്കൊതിയന്‍മാരുടെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ പാശ്ചാത്യര്‍ എന്നും സ്ത്രീകളെയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. കലാരൂപങ്ങളിലും പാഠപുസ്തകങ്ങളിലും പാശ്ചാത്യ മനുഷ്യാവകാശ സംഘടനകളിലും വരെ നിലനില്‍ക്കുന്ന ആശയമാണിത്. ന്യൂയോര്‍ക്കില്‍ നടന്ന നാറ്റോ സമ്മേളനത്തോടനുബന്ധിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ പോസ്റ്റര്‍ കാമ്പൈയ്‌നില്‍ പുരോഗമനം തുടരട്ടെ എന്നെഴുതിക്കൊണ്ട് അഫ്ഗാനിസ്ഥാനിലെ നാറ്റോ സേനക്ക് അവര്‍ പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി.
ശാസിയ റഹ്മാനും കൈനാത് റിയാസും മലാലയുടെ കൂടെ തന്നെ വെടിയേറ്റ് വീണ മുസ്‌ലിം പെണ്‍കുട്ടികളാണ്. മാധ്യമങ്ങളും രാഷ്ട്രീയക്കാരും അവരെ മറന്ന മട്ടാണ്. അബീര്‍ ഖാസിം ഹംസ എന്ന പെണ്‍കുട്ടിയെ പടിഞ്ഞാറ് നിന്നുള്ള എത്ര രാഷ്ട്രീയ-മാധ്യമപ്രവര്‍ത്തകര്‍ക്കറിയാം? അഞ്ചു യു.എസ്.സൈനികരാല്‍ ബലാല്‍സംഘം ചെയ്യപ്പെട്ട ഈ പതിനാലു വയസ്സുകാരിയുടെ ആറു വയസ്സുള്ള സഹോദരിയടക്കമുള്ള കുടുംബം ദാരുണമായി കൊല ചെയ്യപ്പെട്ടു. അവളുടെ പേരില്‍ ദിനങ്ങളില്ല. ഐക്യ രാഷ്ട്ര സഭയില്‍ അവളെ കുറിച്ച പ്രസ്താവങ്ങളില്ല. ഗോര്‍ഡന്‍ ബ്രൗണ്‍ അവള്‍ക്കു വേണ്ടി സ്വന്തം പേരില്‍ പ്രതിജ്ഞ എടുക്കുന്നതും നാം കാണുന്നില്ല.
ഞാന്‍ മലാലയെ പിന്തുണയ്ക്കുന്നുണ്ട്. വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണ് എന്ന ആശയത്തിലും ഞാന്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ തന്നെ കാരണക്കാരായ മനുഷ്യാവകാശ നിഷേധങ്ങളുടെ പേരില്‍ സ്വയം പുകഴ്ത്തിക്കൊണ്ടിരിക്കുന്ന പാശ്ചാത്യ നയതന്ത്രജ്ഞരുടെയും മാധ്യമങ്ങളുടെയും കാപട്യത്തെ എനിക്ക് സഹിക്കാനാവില്ല. മലാല ഒരു ‘നല്ല’ തദേശീയയാണ്. പടിഞ്ഞാറിനെ വിമര്‍ശിക്കാത്ത, ഡ്രോണാക്രമണങ്ങളെക്കുറിച്ച് സംസാരിക്കാത്ത ഒരു ‘നല്ല’ പെണ്‍കുട്ടിയാണവള്‍. വെള്ളക്കാരന് അവന്റെ ഭാരം ഇറക്കി വെക്കാനും ‘തദ്ദേശിയരുടെ വിമോചനം’ എന്ന കൊളോണിയല്‍ യുക്തിയെ പ്രൊമോട്ട് ചെയ്യാനും പറ്റിയ ഒരു മികച്ച ഉപകരണം.
വെള്ളക്കാരന്റെ രക്ഷക മനോഭാവം മലാലയുടെ സന്ദേശത്തെ ഹൈജാക്ക് ചെയ്തിട്ടുണ്ട്. താലിബാന്‍ വധിച്ചതിലേറെ പെണ്‍കുട്ടികളെ പാശ്ചാത്യര്‍ വധിച്ചിട്ടുണ്ട്. താലിബാനേക്കാള്‍ കൂടുതല്‍ തങ്ങളുടെ മിസൈലുകള്‍ കൊണ്ട് അവര്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിട്ടുണ്ട്. ‘തീവ്രവാദികള്‍ക്ക്’ സ്വപ്നം കാണാവുന്നതിലുമപ്പുറം, വിദ്യാഭ്യാസാവകാശത്തിനെതിരായി ലോകമൊട്ടാകെ അവര്‍ പലതും ചെയ്തു കൂട്ടിയിട്ടുണ്ട്. അതിനാല്‍ തന്നെ പാശ്ചാത്യര്‍ ബോംബു വര്‍ഷിക്കുന്നത് മലാലയെ പോലുള്ള പെണ്‍കുട്ടികളെ രക്ഷിക്കാനാനെന്ന് പുന്നാരം പറയുന്ന കൊളോണിയല്‍ വര്‍ത്തമാനങ്ങള്‍ വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.
Connect
Connect with us on the following social media platforms.