മാട്ടിറച്ചിയുടെ മതവും രാഷ്ട്രീയവും
അടുത്തിടെ ഹൈദരാബാദ് ഉസ്മാനിയ സര്‍വകലാശാലയില്‍ ശക്തമായ ഒരു പ്രതിസാംസ്‌കാരിക മുന്നേറ്റമുണ്ടായി. ബീഫ് ഫെസ്റ്റിവല്‍ എന്നറിയപ്പെട്ട ഈ പ്രക്ഷോഭം സര്‍വകലാശാലാ കാമ്പസുകളില്‍ ബീഫിനും മറ്റു മാംസ ഭക്ഷണവിഭവങ്ങള്‍ക്കും മേല്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങളും നിരോധനങ്ങളും ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടിയാണ് സംഘടിപ്പിക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി കാമ്പസില്‍ ജെ.എന്‍.യു ബീഫ് പോര്‍ക് ഈറ്റിംഗ് കാമ്പയ്ന്‍ എന്ന പേരില്‍ സമാനമായ ഒരു മുന്നേറ്റവും സംഘടിപ്പിക്കാന്‍ പദ്ധതിയിടുകയുണ്ടായി. ഈ പ്രക്ഷോഭങ്ങളോടൊക്കെ അനുകൂലമായ നിലപാടാണ് ചില മുസ്‌ലിം ഗ്രൂപ്പുകളെടുത്തിട്ടുള്ളത്. എന്നാല്‍ പന്നിയിറച്ചി മുസ്‌ലിംകള്‍ക്ക് അനുവദനീയമല്ലല്ലോ? അപ്പോള്‍ അത് തിന്നാന്‍ വേണ്ടിയുള്ള കാമ്പയിനെ ഒരു മുസ്‌ലിം ആക്ടിവിസ്റ്റിന് എങ്ങനെ പിന്തുണക്കാന്‍ കഴിയും? ഇനി ബീഫ് ഫെസ്റ്റിവലിന്റെ കാര്യമെടുക്കുക, പശുവും ബീഫും ഭക്ഷിക്കരുതെന്നും ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള വളരെ വിവേകപൂര്‍വമായ നിലപാടാണ് ചരിത്രത്തില്‍ മുസ്‌ലിം പണ്ഡിതന്‍മാരും നേതാക്കളും എടുത്തത്. കേരളത്തില്‍ ഒരു പള്ളിയില്‍ ഇമാമായി സേവനമനുഷ്ഠിച്ച എന്റെ ഉപ്പാപ്പ പശുമാംസം അനഭികാമ്യമാണെന്ന് (കറാഹത്ത്) ഞങ്ങളോട് പറഞ്ഞിരുന്നു. ഹിന്ദു-മുസ്‌ലിം ഐക്യം തകര്‍ക്കുകയാണ് ബീഫ് ഫെസ്റ്റിവലിന് പിന്തുണ നല്‍കുമ്പോള്‍ നാം ചെയ്യുന്നത്. അത് അനിസ്‌ലാമികമാണ്. സമൂഹങ്ങള്‍ പാവനമെന്നു കരുതുന്ന ഭക്ഷ്യ ഭോജന വിലക്കുകളും മൂല്യങ്ങളും നിലനില്‍ക്കുന്നുണ്ട്. അത് ലംഘിക്കപ്പെടുമ്പോള്‍ പവിത്രത നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അതും അനിസ്‌ലാമികമാണ്. സ്വപന്‍ ദാസ് ഗുപ്ത ബീഫ് ഫെസ്റ്റിവലിനെക്കുറിച്ച് പറഞ്ഞ ഒരു കാര്യം പ്രസക്തമാണ്. മറ്റൊരുത്തന്റെ വികാരം മാനിക്കുക എന്നത് ഒരു വലിയ കാര്യമാണ് എന്ന വസ്തുതയാണ് ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ച ആളുകള്‍ കാണാതിരിക്കുന്നത്. അവര്‍ ബീഫ് കബാബ് കഴിക്കുന്നതിലല്ല കാര്യം, അതവരുടെ വ്യക്തിപരമായ കാര്യമാണ്. മറിച്ച് അതവര്‍ പ്രദര്‍ശിപ്പിക്കുകയും മറ്റുള്ളവരുടെ വികാരം ചവിട്ടി മെതിക്കുകയും ചെയ്യുമ്പോള്‍ അതൊരു വലിയ പ്രശ്‌നമാണ്. ഇതാണ് അദ്ദേഹം പറഞ്ഞത്.
സ്വാലിഹ് നബിയെക്കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്ന ഭാഗം ഉദ്ധരിച്ചു കൊണ്ട് ഞാന്‍ എന്റെ വാദം സമര്‍പ്പിക്കാം. സ്വാലിഹ് നബിക്ക് ഒരു ഒട്ടകത്തെ വരമായി ലഭിക്കുന്നു. ആ മൃഗത്തെ പാവനമെന്ന് കാണണമെന്നും അതിനെ കൊല്ലരുതെന്നും അദ്ദേഹം തന്റെ സമൂഹത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പക്ഷെ അവര്‍ അത് അനുസരിക്കാതിരിക്കുകയും ആ മൃഗത്തെ അറുക്കുകയും ചെയ്തു. സ്വാലിഹിന്റെ ജനത ലിബറലായ ഒരു സാമൂഹികപ്രവൃര്‍ത്തിയാണ് ചെയ്തത് എന്നും സ്വാലിഹിന്റെ ഭക്ഷണഫാസിസത്തെ നിരാകരിക്കുകയാണ് ഉണ്ടായതെന്നും വേണമെങ്കില്‍ വ്യാഖ്യാനിക്കാവുന്നതാണ്. പക്ഷെ സ്വാതന്ത്ര്യം, ലിബറലിസം എന്നിവയെക്കുറിച്ചുള്ള റെഡിമെയ്ഡ് സിദ്ധാന്തങ്ങള്‍ കൊണ്ട് പവിത്രത എന്ന സങ്കല്‍പത്തെ നമുക്ക് മനസ്സിലാക്കാന്‍ കഴിയില്ല. പശുവിന്റെയും പോത്തിന്റെയും പവിത്രതയെ നിരാകരിക്കുന്ന പ്രക്ഷോഭകരെ പിന്തുണക്കുന്ന നാം പ്രവാചകന്റെ പവിത്രതയെ നിരാകരിച്ച സിനിമാ സംവിധായകന്റെ മേല്‍ കുതിര കയറുന്നത് വൈരുദ്ധ്യമാണ്. നിങ്ങളെന്തു പറയുന്നു?
വളരെ പ്രസ്‌ക്തമായ ഒരു ചോദ്യമാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. താഴെ കൊടുത്തിരിക്കുന്ന ഉപഖണ്ഡികകളിലൂടെ ഈ പ്രശ്‌നം വിശകലനം ചെയ്യുവാനാണ് ഞങ്ങളുദ്ദേശിക്കുന്നത്.
ഭക്ഷ്യ ഫാഷിസവും ബഹുസ്വരതയും
ഒന്നാമതായി ബീഫ് ഫെസ്റ്റിവല്‍ കാമ്പയിനില്‍ പങ്കെടുത്ത ആളുകളുടെ ലേഖനങ്ങളും അഭിപ്രായങ്ങളും പരിശോധിച്ചാല്‍ ചോദ്യകര്‍ത്താവ് പരാമര്‍ശിച്ച (സന്ദര്‍ഭത്തിന് വിരുദ്ധമായിട്ടാണെങ്കിലും) ഭക്ഷ്യഫാഷിസത്തിന്റെ രാഷ്ട്രീയത്തെയാണ് ബീഫ് ഫെസ്റ്റിവല്‍ വഴി അവര്‍ ചോദ്യം ചെയ്തത്. ബഹുമത, ബഹുസാംസ്‌കാരിക പരിസരത്തില്‍ ചോദ്യം ചെയ്യപ്പെടേണ്ട ഒരു പ്രവണതയാണ് ഭക്ഷ്യഫാഷിസം എന്നത്. ഒരു സമുദായത്തിന്റെ ഭക്ഷണത്തിന്റെ തെരെഞ്ഞെടുപ്പുകളും മറ്റും തികച്ചും ആ സമുദായത്തിന്റെ മൊത്തം മനോഘടനയുടെ ഭാഗമാണ്. അത് നിയമപരമായി നിഷേധിക്കുമ്പോള്‍ സാമൂഹികവും സാംസ്‌കാരികവുമായ സന്തുലനാവസ്ഥയാണ് നിരാകരിക്കപ്പെടുന്നത്. ഖുര്‍ആന്‍ 5:48ല്‍ സ്വേച്ഛമായി പ്രവര്‍ത്തിക്കുകയും സ്വതന്ത്രമായി നിലനില്‍ക്കുകയും ചെയ്യുന്ന സമൂഹങ്ങളുടെ വൈവിധ്യത്തെ ദൈവികം എന്നു വിശേഷിപ്പിക്കുന്നതായി കാണാം. ഒരു സമുദായത്തിന്റെ മാത്രം ഇച്ഛക്ക് അനുസൃതമായി മറ്റു സമുദായങ്ങളുടെ ഭക്ഷ്യ താത്പര്യങ്ങളെ നിയമപരമായി നിഷേധിക്കുമ്പോള്‍ സാമുദായിക വൈവിധ്യം ഇല്ലാതാവുകയാണുണ്ടാവുക. ഈ കാമ്പയിന്‍ തുടങ്ങുന്നതിന് മുമ്പായി മധ്യപ്രദേശ് ഗവണ്‍മെന്റ് ബീഫ് നിരോധിച്ചു. തീവ്രവലതുപക്ഷമായ ബി.ജ.പി (ദലിത്-മുസ്‌ലിം ശരീരങ്ങളെ ഹിംസിക്കുന്നതില്‍ ഒരു എരുമയെ ഹിംസിക്കുന്ന അത്ര പോലും മനസ്താപമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടി) അധികാരത്തിലിരിക്കുന്ന ഗുജറാത്തിലും കര്‍ണാടകയിലും ബീഫിനു വിലക്കുണ്ട്. സത്യത്തില്‍ ഭക്ഷ്യവിലക്കുകള്‍ക്കും നിരോധനങ്ങള്‍ക്കുമപ്പുറത്ത് സസ്യഭോജന വാദം താത്വികമായി അംഗീകരിക്കുന്ന ഹൈന്ദവ ദേശീയവാദത്തിന്റെ വിഭാഗീയതയാണ് ഇവിടങ്ങളില്‍ നിലനില്‍ക്കുന്നത്. അതു കൊണ്ട് ഉസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ പ്രക്ഷോഭത്തെ തീവ്രസസ്യഭോജന ദേശീയവാദത്തോടുള്ള പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്. ഈ കാമ്പയിനെതിരെ ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി വിഭാഗം അഴിച്ചുവിട്ട അതിക്രമം ഈ വാദം ശരിയാണെന്ന് ന്യായീകരിക്കുന്നുണ്ട്.
മുസ്‌ലിംകള്‍ പന്നിയിറച്ചി(പോര്‍ക്ക്) കഴിക്കാറില്ല എന്നതും അത് നിരോധിതഭക്ഷണമാണ് എന്നതും ശരിയാണ്. പക്ഷെ ബഹുസാംസ്‌കാരിക പരിസരത്തില്‍ അത് നിരോധിക്കുക എന്നത് ഇസ്‌ലാം മതസമൂഹങ്ങള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ ലംഘനവും പ്രവാചകന്‍ മദീനയില്‍ നടപ്പാക്കിയ സ്വയംഭരണസംവിധാനത്തിന്റെ നിരാകരണവുമാണ്. ഇസ്‌ലാം സ്വന്തം നിയമങ്ങള്‍ മറ്റുള്ളവര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെ അംഗീകരിക്കുന്നില്ല (2:256) നാം ഒരു ദേശത്തെ സാംസ്‌കാരിക മുഖ്യധാര എന്നു വിശേഷിപ്പിക്കുന്നത് ബഹുസാംസ്‌കാരികപരിസരത്തില്‍ പൊതുവെ ഫാഷിസ്റ്റ് സ്വഭാവമുള്ളതായിരിക്കും. അത് ഐക്യരൂപമുള്ളതായിരിക്കും. പക്ഷെ അതിനെതിരെ പ്രതിസാംസ്‌കാരിക പരിസരത്ത് നിന്ന് വൈവിധ്യമാര്‍ന്ന സ്വരങ്ങള്‍ ആവിര്‍ഭവിക്കും. ഈ സ്വരങ്ങള്‍ കൂടfക്കലരും, എന്നാല്‍ ഒന്നായിരിക്കില്ല. പരസ്പരം വ്യത്യാസമുള്ളതിനോടൊപ്പം തന്നെ സാംസ്‌കാരികമുഖ്യധാരയെ അവ ഒരുമിച്ച് എതിര്‍ത്തു കൊണ്ടിരിക്കും. ഈ മുന്നേറ്റത്തില്‍ പന്നിയിറച്ചി ഒരു പ്രധാനപ്പെട്ട വിഷയമാണെങ്കിലും സാംസ്‌കാരിക ഫാഷിസത്തിനെതിരെയും അതിന്റെ സസ്യഭോജനവത്കരണത്തിനെതിരെയും പ്രതീകാത്മകമായി ഈ മുന്നേറ്റത്തോട് യോജിക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ല. ഈ മുന്നേറ്റത്തില്‍ പങ്കെടുക്കുന്നവരൊക്കെ പന്നിയിറച്ചി തിന്നേ പറ്റൂ എന്നാരും നിഷ്‌കര്‍ഷിക്കുന്നില്ലല്ലോ? ബീഫ്, പന്നിയിറച്ചി തുടങ്ങിയ വാക്കുകള്‍ രാഷ്ട്രീയ രൂപകങ്ങളാണ്.
ഐക്യം
ഇസ്‌ലാമികചരിത്രത്തില്‍ സുപ്രധാനമായ പങ്കാണ് ഇന്ത്യയിലെ മുസ്‌ലിം ദേശീയവാദികള്‍ വഹിച്ചത് എന്നത് അവിതര്‍ക്കിതമായ വസ്തുതയാണ്. പക്ഷെ ഇന്ത്യന്‍ മുസ്‌ലിം സ്വത്വത്തെ വിഭാവനം ചെയ്‌തെടുത്തതില്‍ മുസ്‌ലിം ദേശീയവാദികള്‍ക്ക് ചില പ്രശ്‌നങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതിലൊന്ന് ഹിന്ദുമതത്തില്‍ നിന്നും ഹിന്ദു ലോകവീക്ഷണത്തില്‍ നിന്നും സ്വയം അകന്നു നിന്ന ദലിത് സമൂഹവുമായി അകന്നു നില്‍ക്കുകയും സസ്യഭോജനവാദത്തില്‍ നിലനിന്ന ഹൈന്ദവദേശീയവാദവുമായി കൈകോര്‍ക്കുകയും ചെയ്തു എന്നതാണ്. ഇന്ത്യന്‍ ദേശരൂപീകരണത്തിലെ കാതലായ ഒരു പ്രശ്‌നം ഹിന്ദു ദേശീയവാദത്തിന്റെ ഒരു മിതവാദം ദേശസ്‌നേഹവുമായി ബന്ധിപ്പിക്കപ്പെട്ടുവെന്നതാണ്. ഇതിനെയാണ് ചില ഉലമാക്കളും മുസ്‌ലിം നേതാക്കളും ബീഫിനെതിരെയുള്ള ഫത്‌വ കൊണ്ട് ന്യായീകരിച്ചത്. ദലിത്-മുസ്‌ലിം ഐക്യത്തിന് ഹൈന്ദവ-മുസ്‌ലിം ഐക്യത്തെ പോലെ സ്വീകാര്യത ലഭിക്കാത്തതിന് കാരണമതാണ്. കാഞ്ച ഐലയ്യയുടെ എരുമദേശീയത; ആത്മീയദേശീയതയുടെ വിമര്‍ശം എന്ന ഗ്രന്ഥത്തിലും ഡി.എന്‍ ത്ധായുടെ മിത്ത് ഓഫ് ഹോളി കൗ (വിശുദ്ധ പശു എന്ന മിഥ്യ) എന്ന പുസ്തകത്തിലും ബ്രാഹ്മണരും ഹിന്ദുക്കളും ബീഫ് ഭക്ഷിച്ചിരുന്നവരായിരുന്നുവെന്നും ജൈനമതത്തിന്റെ സ്വാധീനത്താലാണ് സസ്യഭോജനസംസ്‌കാരം ഹൈന്ദവമതത്തില്‍ ആവിര്‍ഭവിച്ചതെന്നും പറയുന്നുണ്ട്. പില്‍കാലത്ത് ബുദ്ധമതം കടന്നു വരികയും ഭക്ഷ്യവിഭവമായി ബീഫ് ഉള്‍പെടുത്തുകയും ചെയ്തിരുന്നു. ബുദ്ധമതത്തിനെതിരായിട്ടാണ് ബീഫ് ഭോജനം നികൃഷ്ടമാണെന്ന് വിധിക്കപ്പെടുകയും പശു പുണ്യമൃഗമായി സങ്കല്‍പിക്കപ്പെടുകയും ചെയ്തത്. ബീഫിനെ പവിത്രവത്കരിക്കുന്നത് വഴി ദലിതരുടെ മുഖ്യഭക്ഷണത്തെ അവഗണിക്കുകയാണ് ചെയ്യുന്നത്. റെഡിമെയിഡ് വാദങ്ങള്‍ കൊണ്ട് അണിനിരത്താന്‍ കഴിയുന്ന ഒന്നല്ല സാമൂഹിക ഐക്യം എന്നത്. രാഷ്ട്രീയമായി ഉള്‍ക്കാഴ്ചയുള്ള ബീഫ് ഫെസ്റ്റിവല്‍ സംഘാടകരെ പ്രവാചകനെതിരെ സിനിമയെടുത്ത ആളോട് താരതമ്യപ്പെടുത്തുന്നത് ശരിയല്ല. പ്രവാചകന്‍ എരുമക്കും പോത്തിനും സമമാണെന്ന് പറയുന്നത് പോലെയാണത്, സൂക്ഷ്മ വിശകലനത്തില്‍ .
സ്വാലിഹ് നബി
സ്വാലിഹ് നബി ഒട്ടകമാംസം വിലക്കുന്നതായി ഖുര്‍ആനില്‍ നിന്നും വായിക്കാന്‍ കഴിയില്ല. അതിനാല്‍ ഭക്ഷ്യഫാഷിസ്റ്റാണ് അദ്ദേഹമെന്ന് വ്യാഖ്യാനിക്കാന്‍ വകുപ്പില്ല. തന്റെ പ്രവാചകത്വത്തിന്റെ അടയാളമായ ഒട്ടകത്തെ (ഹാദിഹിന്നാഖത്ത) വെറുതെ വിടണമെന്നാണ് അല്ലാതെ ഒട്ടകങ്ങളെ അറുത്ത് ഭക്ഷിക്കരുത് എന്നല്ല പറഞ്ഞത്. ഒരു പ്രത്യേകഭക്ഷണരീതിയെ പവിത്രീകരിക്കുന്ന ഒന്നും ഖുര്‍ആനിലില്ല.
Connect
Connect with us on the following social media platforms.