സവര്‍ണതക്ക് യോജിക്കാത്ത മദ്രാസിന്റെ മൊസാര്‍ട്ട്
2010 കോണ്‍വെല്‍ത്ത് ഗെയിംസിനുവേണ്ടി എ.ആര്‍. റഹ്മാന്‍ ചെയ്ത തീം മ്യൂസിക്കിനെപ്പറ്റിയുള്ള നിരൂപണപ്രബന്ധത്തില്‍ വിമര്‍ശനങ്ങളുടെ ഒരു മഹാപ്രവാഹം തന്നെയാണ് സദാനന്ദമേനോന്‍ സംഗീതാചാര്യനെതിരെ അഴിച്ചുവിട്ടത്. ഒരുവര്‍ഷം മുമ്പ് അദ്ദേഹം മദ്രാസിന്റെ മൊസാര്‍ട്ടിനെ ഇളയരാജയുമായി താരതമ്യം ചെയ്ത പറഞ്ഞത് റഹ്മാനേക്കാളും എത്രയോ മഹാനായ സംഗീതജ്ഞനാണ് ഇളയരാജ എന്നാണ്.
അദ്ദേഹം എഴുതുന്നു: ‘രണ്ടുപേര്‍ക്കുമിടയില്‍ സമാനതകളുണ്ടെങ്കിലും അവരുടെ വ്യത്യാസങ്ങള്‍ ആണ് നമ്മളില്‍ പ്രതിപത്തിയുണ്ടാക്കുന്നത്. ഇളയരാജയുടെ സംഗീതം ക്ലാസിക്കലായാലും സെമിക്ലാസിക്കലായാലും നാടോടി പാരമ്പര്യത്തിലുള്ളതായാലും സാംസ്‌കാരികമായ തിരിച്ചറിവിന്റെ ഒരു ചട്ടക്കൂടില്‍ നിന്നാണ് നിര്‍മിക്കപ്പെടുന്നത്. പാശ്ചാത്യസംഗീതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുമെങ്കിലും അദ്ദേഹത്തിന്റെ സംവിധാനം പൂര്‍ണമായും ക്ലാസിക്കല്‍ രാഗങ്ങളുടെ തനതുശൈലികളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. ബഹുസ്വരമായ രണ്ടിന്റെയും കൂടിച്ചേരല്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ‘രാക്കമ്മ കൈയ്യെത്തട്ട്’ (ദളപതി, 1991) എന്ന ഗാനം ഉത്തമ ഉദാഹരണമാണ്. അതില്‍ ജനപ്രിയമായ നാടന്‍ ഈണത്തെ ക്ലാസിക്കലിലേക്ക് ചേര്‍ത്തു കൊണ്ട് വിദഗ്ധമായി അവതരിപ്പിക്കുന്നു.
എന്നാല്‍ റഹ്മാന്‍ ഒരു നിപുണ ശബ്ദസംഘാടകന്‍ എന്ന നിലക്ക് തന്റെ കലാചാതുര്യത്തെ സംഗീതത്തിന്റെ മുഖമുദ്രയാക്കി മാറ്റി. കോഫി, സ്‌പോര്‍ട്ട്‌സ് ഷൂ എന്നിവയക്ക് വേണ്ടിയുള്ള പരസ്യഗാനങ്ങളിലൂടെ തന്റെ കലാസപര്യക്ക് തുടക്കം കുറിച്ച റഹ്മാന്‍ ഇന്ന് ആ രംഗത്തെ അവസാനവാക്കാണ്. ഇന്ത്യയിലെ ആദ്യ പ്രാദേശിക ഭാഷാ ചാനലായ ഏഷ്യാനെറ്റിനുവേണ്ടി അദ്ദേഹം നല്‍കിയ ഈണവും ഇതില്‍പെടുന്നു.’
ഈ പ്രബന്ധം അതിന്റെ രീതിയില്‍ അപഗ്രഥനാത്മകമാണെങ്കിലും ഒന്നും മറിച്ചുവെക്കാതെ രണ്ടു മഹാന്‍മാരായ സംഗീതജ്ഞരെയും ഉന്നതസ്ഥാനം നല്‍കിക്കൊണ്ടുതന്നെയാണ് അവസാനിക്കുന്നത്. ലേഖകന്റെ കാഴ്ചപ്പാടില്‍ ഇളയരാജ സംഗീതത്തെ ഗൗരവകരമായാണ് സമീപിക്കുന്നത്. എന്നാല്‍ റഹ്മാന്‍ വിപണനതന്ത്രങ്ങളെക്കൂടി കണക്കിലെടുക്കുന്നു.
ഗാനങ്ങള്‍ സൃഷ്ടിക്കുകയോ പാടുകയോ ചെയ്യാത്ത ഏതൊരാള്‍ക്കും ആ മേഖലയിലുള്ളവരെ വിമര്‍ശിക്കാന്‍ ഏറ്റവും യുക്തമായ മാര്‍ഗ്ഗം താരതമ്യം ചെയ്യുക എന്നതാണ്. സംഗീതത്തിന്റെ ആകാശത്തില്‍ ഒരു സംഗീതജ്ഞനും ഉന്നതനല്ല. അവിടെ താരതമ്യത്തിന് അതീതരായ പേരിനോളം ശ്രേഷ്ടരായ സംഗീതജ്ഞരാണുള്ളത്.
സദാനന്ദമേനോന്റെ പ്രബന്ധത്തില്‍ റഹ്മാന്റെ രേഖാചിത്രത്തിന്റെ പോരായ്മ എന്നു പറയുന്നത് ഇലക്ട്രോണിക് സംഗീതരംഗത്തെ റഹ്മാന്റെ പ്രതിഭയെ പൂര്‍ണമായും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല എന്നതുമാത്രമല്ല. സൂഫീ സംഗീതം ഉള്‍പ്പെടെയുള്ള പാരമ്പര്യസംഗീതരംഗത്തെ റഹ്മാന്‍ എന്ന പ്രതിഭയുടെ ആഴത്തിലുള്ള ജ്ഞാനത്തെ തള്ളിക്കളഞ്ഞ്‌കൊണ്ട് ഒരാള്‍ക്ക് വേണമെങ്കില്‍ ഏതെങ്കിലും ഒരു മേഖലയെ അടിസ്ഥാനമാക്കി അദ്ദേഹത്തെ വിമര്‍ശിക്കാവുന്നതാണ്. ഇന്ന് ലോകമറിയുന്ന സംഗീതജ്ഞരെ അവതരിപ്പിച്ചത് സിനിമാവ്യവസായമാണ്. പ്രത്യേകിച്ചും സംവിധായകന്‍ മണിരത്‌നത്തിനുള്ള പങ്ക് അതില്‍ വളരെ വലുതാണ്. എന്നാല്‍ ആ സിനിമാവ്യവസായത്തില്‍ മാത്രം ഒതുങ്ങാതെ തന്റെ സംഗീതപ്രതിഭക്ക് നാനാത്വവും പരിവര്‍ത്തനവും നല്‍കുന്നതില്‍ അദ്ദേഹം വിജയിച്ചു. സംപ്രേഷണം ചെയ്യപ്പെടുന്നതെന്തും ആകര്‍ഷിക്കപ്പെടാന്‍ എളുപ്പമാണ്. പ്രത്യേകിച്ചും റഹ്മാന്റെ കാര്യത്തില്‍. തെളിവായി നമുക്കുമുന്നില്‍ അദ്ദേഹം എയര്‍ടെലിനുവേണ്ടി ചെയ്ത പരസ്യഗാനമുണ്ട്. ഓസ്‌കാറിലെ ഇന്ത്യന്‍ സാന്നിധ്യമായി ‘ജയ്‌ഹോ’ ഉണ്ട്. കൂട്ടിത്തുന്നലുകളും മിശ്രണങ്ങളുമാണ് ഇതെന്ന് വേണമെങ്കില്‍ വിമര്‍ശിക്കാം.
പരമ്പരാഗത കളരികള്‍ ഇന്നത്തെ യുവാക്കളില്‍ നിന്നും എത്രയോ അകന്നുപോയിരിക്കുന്നു. അതിനുപകരം ഇലക്ട്രോണിക്‌സ് സംഗീതം ജിംനേഷ്യങ്ങളില്‍പോയി കൃത്രിമമായി മസിലുകള്‍ ഉണ്ടാക്കുന്നത്‌പോലെ ഓക്കാനമുണ്ടാക്കുന്ന ഒന്നായി സദാനന്ദ് കരുതുന്നുണ്ടോ എന്നതാണ് മറ്റൊരു പ്രശ്‌നം. യുവത്വം ആഘോഷിക്കുന്നവര്‍ക്ക് പരമ്പരാഗത കളരിയുടെ ശ്രേഷ്ട ആചാരങ്ങള്‍ക്കൊത്ത് തങ്ങളെ ഉയര്‍ത്താനാവുന്നില്ല എന്നതും ശാസ്ത്രീയസംഗീതത്തോട് വിമുഖത അതില്‍ ചിലരെങ്കിലും കാണിക്കുന്നുണ്ട് എന്നതും ഒരു വസ്തുതയാണ്. ഇതിനുനേരെ നമുക്ക് കണ്ണടക്കാനാവില്ല. പുതിയ ഈണങ്ങള്‍ സൃഷ്ടിക്കുന്നതിന് നമ്മള്‍ മറന്നുപോയതും നിഷേധിച്ചതുമായ ഈണങ്ങള്‍ തിരഞ്ഞെടുത്ത് നമുക്ക് ലയത്തോട് ചേര്‍ക്കേണ്ടിയിരിക്കുന്നു. ഇതുതന്നെയാണ് റഹ്മാന്‍ ‘രാവണിലും’ ‘ജോധാ അക്ബറിലും’ ‘ ഖാജാ ഗരീബ് നവാസ്’ എന്ന ഗാനത്തിലും ചെയ്തത്. തുടര്‍ന്ന് ദെര്‍വിശ് നൃത്തത്തിലൂടെ സൂഫീസംഗീതത്തിന്റെ ആത്മീയ പ്രഭാവത്തെ ദൃശ്യവത്ക്കരിച്ചു. റഹ്മാന്റെ ഈണങ്ങള്‍ ആ ദൃശ്യരൂപത്തെ സ്വര്‍ഗീയതലത്തിലേക്ക് എത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്തു. അല്ലെങ്കില്‍ നിയാസ് കൊണ്ടുവന്ന ആല്‍ബത്തിലെ മസാറിനെ ശ്രവിക്കുക. എല്ലാ മതാധിഷ്ഠിത കല്‍പനകളും ഉത്തരാധുനികതയുടെ കാന്‍വാസിലേക്ക് തര്‍ജമ ചെയ്യപ്പെട്ടു. സദാനന്ദമോനോന്‍ ഉള്‍പ്പെടുന്ന എല്ലാ ഇലക്ട്രോണിക് സംഗീത വിമര്‍ശകരുടെയും മുന്നില്‍ ഞാന്‍ മെര്‍സന്‍ ദെദേയുടെ ഉദ്ധരണി ഓര്‍മിക്കുന്നു. ‘ഡിജിറ്റല്‍ ഇലക്ട്രോണിക്‌സ് സംഗീതത്തെയും പരമ്പരാഗത സംഗീതത്തെയും സംയോജിപ്പിച്ചാല്‍ ലോകോത്തരമായ മറ്റൊരു സൃഷ്ടി നടത്താന്‍ സാധിക്കും. അത് വാര്‍ധക്യത്തേയും യൗവനത്തെയും പ്രാചീനതയെയും ആധുനികതയേയും പാശ്ചാത്യപൗരസ്ത്യങ്ങളെയും കൂട്ടിയോജിപ്പിക്കാന്‍ കെല്‍പ്പുള്ളതാക്കും. നമുക്ക് വേണ്ടതും ഇത്തരമൊരു സമന്വയമാണ്.’
മൊഴിമാറ്റം: അപര്‍ണ നായര്‍