അറബികള്‍ കണ്ടെത്തിയ ഇന്ത്യ
സുഗന്ധവ്യഞ്ജനങ്ങളുടെ മാത്രം നാടായിരുന്നില്ല ഇന്ത്യ; മറിച്ച് സംസ്‌കാരങ്ങളുടെയും തത്വശാസ്ത്രങ്ങളുടെയും മണ്ണ് കൂടിയായിരുന്നു അത്. അറബ് സഞ്ചാരികള്‍ കച്ചവടത്തിന് മാത്രമായല്ല, വിജ്ഞാനത്തിനും വിവരങ്ങള്‍ക്കും വേണ്ടിയാണിവിടം സന്ദര്‍ശിച്ചത്. ഇന്ത്യയെക്കുറിച്ച് തന്മയത്വമുള്ള ഇത്തരം നിരവധി കണ്ടെത്തലുകള്‍ ഉണ്ട്. അറബ് സഞ്ചാരികളുടെ ദക്ഷിണേന്ത്യയെക്കുറിച്ചുള്ള ഉള്‍കാഴ്ച നിറഞ്ഞ വിവരണങ്ങള്‍ ഇതിന്റെ സാക്ഷ്യമാണ്.
എ. ഡി ഏഴാം നൂറ്റാണ്ടിലാണ് ഇസ്‌ലാം അറബികളുടെ മതമായി മാറിയത്. ആത്മീയമായ ഈ ഉണര്‍ച്ച അറബികള്‍ക്കിടയില്‍ ശക്തമായ ഏകീകരണം കൊണ്ട് വന്നു. ഇത് കിഴക്ക് പേര്‍ഷ്യയും പടിഞ്ഞാറ് റോമും അടക്കമുള്ള അതിശക്തരായ എതിരാളികളെ കടപുഴക്കി അവിടങ്ങളില്‍ തങ്ങളുടെ മേധാവിത്വം സ്ഥാപിക്കാന്‍ അവരെ പ്രാപ്തരാക്കി. എ.ഡി 711 ല്‍ ബസറയില്‍ നിന്നുള്ള ഖാസിം താല്‍ക്കാലികമായി സിന്ധ് കീഴടക്കിയതോടെയാണ് ഇന്ത്യയിലെ മുസ്‌ലിം കീഴടക്കലുകള്‍ ആരംഭിക്കുന്നത്. ഇസ്‌ലാമിന്റെ ആഗമനത്തോടെ വാണിജ്യവും, സഞ്ചാരവും, സാഹസികതയും ഇന്ത്യയില്‍ വ്യാപകമായി. പതിനാലാം നൂറ്റാണ്ടില്‍ മുസ്‌ലിംകള്‍ തിരശീലയ്ക്കു പിന്നിലേക്ക് മാറ്റപ്പെടുകയും വ്യാപാരമേധാവിത്വം തകരുകയും ചെയ്യുന്നത് വരെ ഇതായിരുന്നു അവസ്ഥ. ഈ ഏഴു നൂറ്റാണ്ടോളം കരയിലെയും കടലിലെയും വ്യാപാരപ്രമുഖര്‍ മുസ്‌ലിംകളായിരുന്നു. വിവിധ സാമ്രാജ്യങ്ങളിലൂടെ ഗതാഗതസൗകര്യങ്ങള്‍ , സസ്യ-മൃഗ സമ്പത്ത്, നാവിക കര പാതകള്‍ എന്നിവയെക്കുറിച്ച് താല്‍പര്യപൂര്‍വം നിരവധി സഞ്ചാരികള്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അറിയപ്പെടാത്ത നാടുകളിലെ അറിവുകളെ പ്രണയിച്ച അത്തരക്കാരുടെ വിവരണങ്ങള്‍ വിവിധ നാടുകളിലൂടെ അലഞ്ഞുതിരിഞ്ഞ് നിരവധിപേര്‍ സമാഹരിച്ചിട്ടുമുണ്ട്.
റോമന്‍ -ഗ്രീക്ക് സ്രോതസുകള്‍ എ.ഡി ആറാം നൂറ്റാണ്ടു വരെയുള്ള വിവരങ്ങള്‍ മാത്രമേ നമുക്ക് നല്‍കുന്നുള്ളൂ. എന്നാല്‍ അറബ് സഞ്ചാരികളുടെ വിവരണങ്ങള്‍ 11 മുതല്‍ 14 ആം നൂറ്റാണ്ടുകള്‍ വരെയുള്ള സാമഗ്രികള്‍ നമുക്ക് ലഭ്യമാക്കും. ചൈനീസ് വിവരണങ്ങള്‍ എട്ടാം നൂറ്റാണ്ടിന്റെ മധ്യകാലങ്ങളില്‍ പരിമിതമാണ്. എ. ഡി പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള വിവരസാകല്യങ്ങളുടെ ഏക ആശ്രയം അറബികള്‍ മാത്രമാണ്. പിന്നീടാണ് ചൈനീസ് ചരിത്രസൂചികകളും തുടര്‍ന്ന് ഒരു നൂറ്റാണ്ടിനു ശേഷം മാര്‍കോപോളോയുടെ പ്രശസ്തമായ യാത്രാവിവരണവും രചിക്കപ്പെടുന്നത്. അതിനാല്‍ തുടര്‍ന്ന് വരുന്ന കാലങ്ങളില്‍ അറബ് എഴുത്തുകാരെ മാത്രമാണ് നമുക്ക് ആശ്രയിക്കാന്‍ കഴിഞ്ഞത്. അതാണ് ഈ പഠനത്തിന്റെ പ്രസക്തിയും. ഇന്ത്യയുടെ ഭൂമിശാസ്ത്രവും ജനവിഭാഗങ്ങളെക്കുറിച്ചുമുള്ള തങ്ങളുടെ പഠനങ്ങള്‍ക്ക് വേണ്ടി ചില സമകാലിക പണ്ഡിതന്മാര്‍ അറബ് എഴുത്തുകാരെ ആശ്രയിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ നിഗമങ്ങള്‍ ഇപ്പോഴും ഒറ്റപ്പെട്ടു നില്‍ക്കുന്നു. ഈ എഴുത്തുകാരില്‍ നിന്ന് കിട്ടാവുന്ന മുഴുവന്‍ വിവരങ്ങളെയും ശേഖരിക്കാനും സമാഹരിക്കാനുമുള്ള ശ്രമങ്ങള്‍ ഇതുവരെ നടന്നിട്ടില്ല. ഈ ഒരു വിടവ് നികത്താനുള്ള ശ്രമമാണ് ഇത്.
അറബികള്‍ക്ക് ഇന്ത്യയെക്കുറിച്ചുള്ള ധാരണ എന്തായിരുന്നു എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. കാരണം ഇന്ന് കാണുന്ന ഇന്ത്യയില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു ഇന്ത്യ എന്നതിന് അവരുടെ എഴുത്തുകളില്‍ തെളിവുണ്ട്. സൗകര്യത്തിനു വേണ്ടി സമകാലിക പണ്ഡിതര്‍ മധ്യ ദക്ഷിണേഷ്യ എന്നാണ് ഇന്ത്യയെ നിര്‍വചിക്കുന്നത്. ത്രികോണാകൃതിയിലുള്ള രണ്ട് ഭൂവിഭാഗങ്ങളായി ഇന്ത്യ വിഭജിക്കപ്പെട്ടിരിക്കുന്നു. ഉത്തരഭാഗത്തിന്റെ മുനമ്പ് ഏഷ്യാ ഭൂഖണ്ടത്തിന്റെ ഉള്ളറകളിലേക്ക് കയറിയിറങ്ങി വലിയ പര്‍വതനിരകളുമായി അതിര്‍ത്തിപങ്കിടുമ്പോള്‍ അതിന്റെ താഴ്ഭാഗം പര്‍വതങ്ങളില്‍ നിന്നുത്ഭവിച്ച് കിഴക്കോട്ടും പടിഞ്ഞാറോട്ടും ഒഴുകുന്ന രണ്ട് നദികളായി വ്യാപിച്ച് കിടക്കുന്നു. രണ്ടാമത്തെ ത്രികോണം സാമാന്യം വലിപ്പമുള്ള പര്‍വതങ്ങളും നിരപ്പായ ഭൂപ്രദേശങ്ങളും ചെറിയ നദികളുമുള്ള ഒരു ഉപദ്വീപും. തെക്കേ ഇന്ത്യയെയും വടക്കേ ഇന്ത്യയെയും പ്രകൃതിപരമായി വിഭജിക്കുന്ന ഒന്നായാണ് ഗംഗാനദിയെ പ്രാചീനകാല എഴുത്തുകാര്‍ കണ്ടത്. എന്നാല്‍ ആധുനികകാല എഴുത്തുകാര്‍ പല കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇന്ത്യ പടിഞ്ഞാറ് നര്‍മദ നദിയില്‍ നിന്നും കിഴക്ക് മഹാനദിയിലേക്കുള്ള ഒഴുക്കാല്‍ വിഭജിതമായ രണ്ട് ത്രികോണഭാഗങ്ങളാണ്. അറബികള്‍ക്ക് പക്ഷേ ഇത്തരം തെക്ക് വടക്ക് വിഭജനങ്ങളെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. അവര്‍ ഇന്ത്യയുടെ ഭൂവിശാലത മനസിലാക്കാതെ സിന്ധിനെ ഒരു പ്രത്യേകരാജ്യമായി പരിഗണിച്ചു. ധാരാളം എഴുത്തുകാരില്‍ ആറു പേര്‍ക്ക് മാത്രമാണ് രാജ്യത്തെ അതിന്റെ ഭൂപരപ്പ് മനസിലാക്കി വിവരിക്കാന്‍ കഴിഞ്ഞത്. സമകാലിക വിദേശ രചനകളില്‍ ഇന്ത്യയുടെ ധാരാളം പര്‍വതങ്ങളും നദികളും അടങ്ങുന്ന ഭൂപ്രകൃതിയെ പരിഗണിക്കുന്ന രചനകളാണിവ. ഇത്തരം രചനകളെ പ്രാദേശിക വിവരണങ്ങളുമായി താരതമ്യം ചെയ്യുന്നത് താല്പര്യജനകമാണെങ്കിലും ഇതര രചനകളുടെ അഭിപ്രായത്തെ നാം മാനിക്കുകയും മുഖവിലക്കെടുക്കുകയും ചെയ്യുന്നു.
അദര്‍ ബുക്‌സ് കോഴിക്കോട് പ്രസിദ്ധീകരിച്ച അറബ് ജോഗ്രഫേര്‍സ് നോളജ് ഓഫ് സതേണ്‍ ഇന്ത്യ (Arab Geographers knowledge of Southern India) എന്ന പുസ്തകത്തില്‍ നിന്ന്
Connect
Connect with us on the following social media platforms.