അമേരിക്കയുടെ പുതിയ വില്ലന്‍മാര്‍
ഇരുണ്ടുകൂടിയ ഒരു സെപ്റ്റംബര്‍ പ്രഭാതത്തില്‍ അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് -മാധ്യമ സംവാദങ്ങളില്‍ 9/11 എന്നറിയപ്പെടുന്ന ആ മഹാ സംഭവം തന്നെ – അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഭീകരതയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ലോകമാസകലം ഉണ്ടായ അനുതാപ തരംഗത്താല്‍ പ്രതികാരത്തിനു വേണ്ടിയുള്ള ഗവണ്‍മെന്റിന്റെ അവകാശത്തെ ലോകമെമ്പാടുമുള്ള ജനങ്ങള്‍ പിന്തുണയ്ക്കുകയും ചെയ്തതായി നമുക്കറിയാം. കുരിശു യുദ്ധ പോരാളികളെയാണ് താന്‍ അയക്കുന്നതെന്ന് ധ്വനിപ്പിക്കുന്ന വിധം ‘അബദ്ധ പ്രസ്താവന’ നടത്തുകയും അതുവഴി നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന മതസംഘട്ടനങ്ങള്‍ അഴിച്ചുവിട്ട കിഴക്കും പടിഞ്ഞാറുമുള്ള അനവധി ആളുകള്‍ മറന്നുകഴിഞ്ഞ രക്തത്തിന്റെയും മൃത്യുവിന്റെയും സ്മൃതികളെ ഉണര്‍ത്തുകയും ചെയ്തിട്ടും അമേരിക്കയോടുള്ള അനുതാപത്തില്‍ കുറവൊന്നുമുണ്ടായില്ല. ഒരിക്കലും നീതീകരിക്കാനാവാത്ത പ്രസിഡന്റിന്റെ ശത്രുക്കളുടെ തിരഞ്ഞെടുപ്പും, ആത്മപരിശോധനയുടെയും വ്യക്തതയുടെയും അഭാവവും തന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നേടുന്നതിന് ബുഷിന് പ്രതിബന്ധമായില്ല.
ലോകപ്രശസ്തനായ വിവരദോഷി എന്ന വിശേഷണം ബുഷിന് ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ കുരിശുയുദ്ധ പ്രസ്താവനയെ ആരും ഗൗരവത്തിലെടുത്തില്ല. സാമുവല്‍ ഹണ്ടിംഗ്ടണ്‍ പോലുള്ള സൈദ്ധാന്തികരുടെ സാംസ്‌കാരിക സംഘട്ടന സിദ്ധാന്തങ്ങള്‍ അമേരിക്കയുടെ യുദ്ധം ഒരു പ്രതിക്രിയ മാത്രമല്ല എന്ന് സൂചിപ്പിച്ചുവെങ്കിലും 9/11ലെ നിഷ്‌കളങ്കരായ ഇരകളുടെ യാതനയും, മരിച്ചവരുടെ എണ്ണത്തിലുണ്ടായ ഭീമമായ വര്‍ദ്ധനയും അമേരിക്കന്‍ നിലപാടിനോടൊപ്പം നിലനില്‍ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണുണ്ടായത്. അമേരിക്കയുടെ സൈനികാഭ്യാസം നിയന്ത്രണാതീതമാകുകയും അത് അഫ്ഗാനിലെ രഹസ്യസങ്കേതങ്ങള്‍ക്കപ്പുറം പോകുകയും ചെയ്തപ്പോഴാണ് യുദ്ധ വിരുദ്ധ പ്രസ്ഥാനങ്ങള്‍ അമേരിക്കക്കെതിരെ അണിനിരന്നത്.
അമേരിക്കന്‍ സൈനികരുടെ തിയറി ക്ലാസുകള്‍
കഴിഞ്ഞ ഒരാഴ്ചയായി, പെന്റഗണ്‍ താറുമാറായ നയതന്ത്ര സംവിധാനം പൂര്‍വ്വസ്ഥിതിയിലാക്കുവാനുള്ള അധ്വാനത്തിലാണ്. തങ്ങളുടെ ശത്രുവിന്റെ സ്വഭാവ സവിശേഷതകള്‍ അമേരിക്കയിലെ തലമുതിര്‍ന്ന സൈനിക മേധാവികളെ പഠിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിച്ച, ചോര്‍ത്തപ്പെട്ട പഠനോപകരണങ്ങളാണ് പെന്റഗണിന്റെ ഇപ്പോഴത്തെ തലവേദന. യൂ ട്യൂബ്, മൈ സ്‌പേസ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഒരു വീഡിയോ, ചില മിതവാദികളായ മുസ്‌ലിം സംഘടനകള്‍ അമേരിക്കന്‍ പൊതുസമൂഹത്തിലും വിശിഷ്യാ മാധ്യമ-ഭരണ-സൈനിക രംഗങ്ങളിലും നുഴഞ്ഞുകയറിയതായി ചിത്രീകരിക്കുന്ന സ്ലൈഡുകള്‍ പുറത്തുവിടുകയുണ്ടായി. ഒരു സ്ലൈഡില്‍ അല്‍ഖ്വെയ്ദ തീവ്രവാദികള്‍ ഒരാളുടെ തലയറക്കുന്ന ചിത്രത്തിന് ‘മുസ്‌ലിം ബ്രദര്‍ഹുഡി’ന്റെ ക്രൂരത എന്ന അടിക്കുറിപ്പ് നല്‍കിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ സ്ലൈഡുകള്‍ ചോര്‍ത്തപ്പെട്ടതിന്റെ രണ്ടുദിവസം മുമ്പ്, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാനായ മാര്‍ട്ടിന്‍ ഡെസംപ്‌സെയുടെ പ്രസ്താവന ബി.ബി.സിയില്‍ വന്നിരുന്നു. മുതിര്‍ന്ന അമേരിക്കന്‍ സൈനികരെ പഠിപ്പിക്കുന്നതിനുപയോഗിച്ച പഠനവസ്തുക്കളെക്കുറിച്ച് ഡെംപ്‌സെ വല്ലാതെ കോപിച്ചിരുന്നു. ‘മി ഇസ്‌ലാം എന്നൊന്നില്ലെന്നും സൈനികോദ്യോഗസ്ഥര്‍ ഇസ്‌ലാമിനെ തന്നെ ശത്രുവായി കാണണമെന്നും, ലോകത്തുള്ള മുസ്‌ലിംകള്‍ക്കെതിരെ പൂര്‍ണമായ യുദ്ധം പ്രഖ്യാപിക്കണമെന്നും, വിശുദ്ധ നഗരങ്ങളായ മക്ക, മദീന, എന്നിവിടങ്ങളില്‍ ആണവാക്രമണം നടത്തണമെന്നും, അതുവഴി ജനങ്ങള്‍ അതിവസിക്കുന്ന സ്ഥലങ്ങള്‍ തുടച്ചുനീക്കണമെന്നും ഉദ്‌ഘോഷിക്കുന്ന സ്ലൈഡുകള്‍ വെയ്‌സ് ന്യൂസ് എന്ന ഓണ്‍ലൈന്‍ വാര്‍ത്താ സ്‌ത്രോതസ് പുറത്തുകൊണ്ടുവന്നതാണ് ഡെംപ്‌സെയെ ചൊടിപ്പിച്ചത്. പെന്റഗണ്‍ ഈ സ്ലൈഡുകളെ ആധികാരികം എന്ന് തരം തിരിച്ച് അനുമതി നല്‍കിയതുമാണ് എന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സ്ലൈഡുകളുടെ രചയിതാവായി കരുതപ്പെടുന്ന ലെഫ്.കേണല്‍ സൂലെയെ പെന്റഗണ്‍ ചോദ്യം ചെയ്യുകയും അദ്ദേഹത്തോട് ജോലി രാജിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഉസാമാ ബിന്‍ ലാദന്റെ മരണശേഷം ഒരു പുതിയ വില്ലനെ തേടി അമേരിക്കയിലെ ഇസ്‌ലാമോഫോബിയാ വിഭാഗം ശക്തി പ്രാപിച്ചിട്ടുണ്ടെന്നാണ് ഈ വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നത്. പഠന വസ്തുക്കള്‍ പെന്റഗണ്‍ പോലൊരു സ്ഥാപനം ആധികാരിക അനുമതി നല്‍കിയത് സംശയത്തെ ശക്തിപ്പെടുത്തുന്നുണ്ട്.
വെള്ളക്കാരായ വംശീയ വാദികള്‍
അമേരിക്കന്‍ സൈനിക സംവിധാനത്തിനെതിരെ മുന്‍ അമേരിക്കന്‍ പട്ടാളക്കാര്‍ ആരോപണങ്ങളുമായി പുറത്തുവരുന്നത് സംവിധാനത്തിന്റെ പല ആഭ്യന്തര വര്‍ത്തമാനങ്ങളും കേവലം ‘ആഭ്യന്തരമല്ല’ എന്ന് വ്യക്തമാക്കുന്നുണ്ട്. ‘ആന്റി-വാര്‍ സോള്‍ജ്യര്‍’ (യുദ്ധ-വിരുദ്ധ പട്ടാളക്കാരന്‍) എന്ന ഗ്രന്ഥം എഴുതിയ ജൊനാഥന്‍ ഹ്യൂട്ടോവിനെ ഉദാഹരണമായെടുക്കാം. ആള്‍ട്ടെര്‍നെറ്റ് എന്ന ഓണ്‍ലൈന്‍ മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ സേവനം ചെയ്ത സ്ഥാപനത്തിന്റെ വംശീയ മുഖത്തെ അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ‘അമേരിക്കയുടെ ആഗോള സാമ്രാജ്യത്വ ആശയത്തിന് പിന്‍ബലമായി വംശീയ വാദവും, മതപരമായ അസഹിഷ്ണുതയും, മതഭ്രാന്തും ആവശ്യമായി വരും, ഹ്യൂട്ടോ പറയുന്നു: ‘ആധിപത്യമാണ് അമേരിക്കയുടെ വിദേശരാജ്യങ്ങളിലെ ദൗത്യങ്ങള്‍ക്കു പിന്നിലെ പ്രധാനപ്പെട്ട പ്രേരകവസ്തു. അതുപോലെ റഷ്യ, ചൈന, ഇറാന്‍, വെനിസ്യൂല ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങള്‍ എന്നിവയ്ക്കു മേലുള്ള അധികാരത്തിനും ആധിപത്യത്തിനും വേണ്ടിയുള്ള ത്വരയും അമേരിക്കയെ നയിക്കുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റായ ജിമ്മി കാര്‍ട്ടറുടെ പേരില്‍ അറിയപ്പെടുന്ന കാര്‍ട്ടര്‍ത്വമാണ് ഇറാഖ് യുദ്ധത്തിന്റെ അടിസ്ഥാനം. 1980ല്‍ നടത്തിയ പ്രഭാഷണത്തില്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ ആരെല്ലാം നിയന്ത്രണം നേടാന്‍ ശ്രമിച്ചാലും അത് അമേരിക്കന്‍ താല്‍പര്യങ്ങളോടുള്ള വെല്ലുവിളി ആയേക്കുമെന്നും ആ ശ്രമം ഏതുവിധേനയും പരാജയപ്പെടുത്താന്‍ ശ്രമിക്കണമെന്നും കാര്‍ട്ടര്‍ പറഞ്ഞു. ഹ്യൂട്ടോ പറയുന്നു. അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരില്‍ അധികമാളുകളും വംശീയവാദികളാണെന്നും അറബ് വിരുദ്ധരാണെന്നും ഹ്യൂട്ടോ പറയുന്നു.
തന്ത്രപരമായ പ്രാധാന്യം
ഒരുവേള അമേരിക്കയുടെ ശക്തരായ സഹായികളാല്‍ ഭരിക്കപ്പെട്ട അറബ് നാടുകളില്‍ ഉയര്‍ന്നുവരുന്ന ജനാധിപത്യ മോഹമാണ് ചോര്‍ത്തപ്പെട്ട പഠനവസ്തുക്കളുടെ തന്ത്രപരമായ പ്രാധാന്യം എന്ന്‌വേണം കരുതാന്‍. ഹുസ്‌നി മുബാറകിനെപ്പോലൊരാള്‍ പുറത്തുപോയതും അതില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്കും സൃഷ്ടിച്ച നിരാശ ഈ പഠനവസ്തുക്കള്‍ തയ്യാറാക്കുന്നതിലേക്ക് നയിക്കാമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. അടുത്തകാലത്ത്, ഒരു ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനമായ മുസ്‌ലിം ബ്രദര്‍ഹുഡ് സ്വയം മാറുകയും ലോകമെമ്പാടുമുള്ള ജനാധിപത്യ പ്രസ്ഥാനങ്ങളുമായി പ്രതിഷേധത്തിന്റെ ഇടം പങ്കുവെക്കുന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ പ്രശ്‌നം മറച്ചുവെച്ചുകൊണ്ടും അന്വേഷണത്തിന് ഉത്തരിവട്ടുകൊണ്ടും, ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടുകൊണ്ടും (അദ്ദേഹത്തെ പിന്നീട് പൂര്‍വ്വസ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയുണ്ടായി). പെന്റഗണ്‍ ഉടനടി പ്രതികരിച്ചതില്‍നിന്നും മനസിലാക്കാന്‍ കഴിയുന്നത് സ്വയം മിതവാദികളും ജനാധിപത്യവാദികളുമാണ് തങ്ങള്‍ എന്ന ഇമേജ് നിലനിര്‍ത്താന്‍ ഒബാമ ഭരണകൂടത്തെ ബ്യൂറോക്രസി സഹായിക്കുന്നുണ്ട് എന്നതാണ്. അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്കു വേണ്ടിയുള്ള സംവാദങ്ങളില്‍ ഒബാമ ഏത്‌വിധേനയും വിജയിക്കാന്‍ ശ്രമിക്കുമ്പോള്‍, നെഗറ്റീവായ പബ്ലിസിറ്റി അദ്ദേഹത്തിന് ദോഷമായി മാറുകയേ ഉള്ളൂ.
ബിന്‍ ലാദനെപ്പോലൊരാള്‍ അരങ്ങൊഴിഞ്ഞിട്ടും അമേരിക്ക പുതിയ വില്ലന്മാരെ അനുദിനം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു എന്നത് പരസ്പര സഹവര്‍ത്തിത്വം സ്വപ്നം കാണുന്ന ബഹു സംസ്‌കാരങ്ങളുടേതായ ഭാവിലോകത്തെ വിഭാവനം ചെയ്യുന്നവര്‍ക്ക് ഒരു ശുഭ വാര്‍ത്തയല്ല.
Connect
Connect with us on the following social media platforms.