banner ad
June 6, 2012 By സിയാവുദ്ദീന്‍ സര്‍ദാര്‍ 0 Comments

മുന്‍മൊഴി

എനിക്ക് ആറ് വയസ്സുള്ളപ്പോള്‍ എന്റെ മാതാവ് എന്നെ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ആരംഭിച്ചു. പതിവ് സമ്പ്രദായമനുസരിച്ച്, പഠിക്കാനും ഭക്തിപൂര്‍വ്വം പാരായണം ചെയ്യാനും വേണ്ടി മുപ്പത് ഖണ്ഡങ്ങളായി തിരിച്ച വേദഗ്രന്ഥത്തിന്റെ മുപ്പതാമത്തെ ഖണ്ഡം മുതല്‍ക്കാണ് ഞാനും തുടങ്ങിയത്. എന്നാല്‍ ഞാന്‍ പഠിച്ച് ശീലിച്ച ഈ ഖണ്ഡത്തിലെ ചെറിയ അദ്ധ്യായങ്ങളായിരുന്നില്ല ആദ്യമായി അവതീര്‍ണ്ണമായ വിശുദ്ധ വാക്യങ്ങള്‍.

ഏതൊരു മുസ്‌ലിമിനെയും പോലെ, പഠിക്കുന്തോറും ഞാനും ഒരു കാര്യം മനസ്സിലാക്കി. ഒരദ്ധ്യായമൊഴികെ, ബാക്കിയെല്ലാ അദ്ധ്യായങ്ങളും ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം – പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ – എന്ന വാക്കുകളോടെയാണ് ആരംഭിക്കുന്നത്.

നമ്മുടെ നിത്യജീവിതത്തോട് ചേര്‍ത്ത് നെയ്‌തെടുത്തതാണ് ഈ വാക്കുകള്‍. സാധാരണ ഏതൊരു പ്രവര്‍ത്തനം തുടങ്ങുമ്പോഴും ഒരാചാരം പോലെ മുടങ്ങാതെ ഉപയോഗിച്ചു വരുന്ന പദങ്ങളാണവ. അതേ രീതിയില്‍ തന്നെ, ഖുര്‍ആന്റെ ഒന്നാം അദ്ധ്യായമായ ഫാതിഹയുടെ വാക്കുകളും എന്നില്‍ ലബ്ധപ്രതിഷ്ഠ നേടുകയുണ്ടായി. ദിനേനയുള്ള അഞ്ച് നേരത്തെ നമസ്‌കാരങ്ങളില്‍ ചൊല്ലുന്ന ഒന്ന് മാത്രമല്ല ഫാതിഹ; വിവിധങ്ങളായ അനേകം അവസരങ്ങളില്‍ അത് പാരായണം ചെയ്യപ്പെടുന്നു: വ്യക്തിപരമായി, വിഷമങ്ങളും ബുദ്ധിമുട്ടുകളും വരുമ്പോള്‍; സാമൂഹികമായിട്ടാണെങ്കില്‍, ഏതൊരു ഒത്തുചേരലിലും കുടുംബപരമായ ചടങ്ങുകളിലും അനുഷ്ഠാനങ്ങളിലും – ഇങ്ങനെ അസംഖ്യം അവസരങ്ങളില്‍ ഈ അദ്ധ്യായം പാരായണം ചെയ്യപ്പെട്ടു വരുന്നു. വാസ്തവത്തില്‍ ദൈവവുമായി ബന്ധപ്പെടുത്തി എത്രയോ പദപ്രയോഗങ്ങളുണ്ട്. ഇന്‍ശാ അല്ലാഹ് (ദൈവം ഉദ്ദേശിച്ചെങ്കില്‍), അല്‍ഹംദുലില്ലാഹ് (ദൈവത്തിന് സ്തുതി) എന്നിവ മുസ്‌ലിംകളുടെ നിത്യജീവിതത്തില്‍ നിരന്തരമായി ഉപയോഗിക്കപ്പെടുന്ന പ്രയോഗങ്ങളാണ്.

മുസ്‌ലിംകള്‍ക്ക് ദൈവിക വചനമാണ് ഖുര്‍ആന്‍. ആ സൂക്തങ്ങളുടെ ദൈവികോല്‍പത്തിയെ അംഗീകരിക്കുന്നവനാണ് യഥാര്‍ത്ഥത്തില്‍ മുസ്‌ലിം. അങ്ങനെയാണ് നാം മുസ്‌ലിം എന്ന പദത്തെ പലപ്പോഴും നിര്‍വ്വചിക്കുന്നതും. ഖുര്‍ആന്‍ വായിക്കുക എന്നാല്‍ ദൈവിക വചനങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുക എന്നാണ്. അതിനാലാണ് അത് അവതീര്‍ണ്ണമായ അറബി ഭാഷയില്‍, പ്രവാചകന്‍ മുഹമ്മദ് ഓതിക്കേള്‍പിച്ച അതേ രൂപത്തില്‍ തന്നെ നാം വായിക്കുന്നത്. പരിഭാഷകള്‍ക്ക് അതിന്റെ അര്‍ത്ഥം നമുക്ക് പറഞ്ഞു തരാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ എല്ലാ പരിഭാഷകളും യഥാര്‍ത്ഥ അര്‍ത്ഥത്തിന്റെ ഏകദേശ രൂപം – അപ്രോക്‌സിമേഷന്‍ – മാത്രമാണ്. ഈ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ പരിഭാഷാരൂപത്തില്‍ വന്നത് ദൈവത്തിന്റെ യഥാര്‍ത്ഥ വചനങ്ങളല്ല തന്നെ. അങ്ങനെ വരുമ്പോള്‍ ഭാഷാന്തരം ചെയ്തുള്ള പ്രാര്‍ത്ഥനയോ ആരാധനയോ ആവണമെന്നില്ല; പ്രാര്‍ത്ഥനയും ആരാധനയും ഇസ് ലാമില്‍ അല്‍പം കൂടി ഗൗരവമാര്‍ന്ന കാര്യമാണ്. എന്റെ മാതാവ് എനിക്ക് ഖുര്‍ആന്റെ ആദ്യ ഖണ്ഡം പഠിപ്പിക്കുമ്പോള്‍, ഒരു രാക്കഥ കേള്‍ക്കുന്ന പ്രതീതിയായിരുന്നു എനിക്ക്; പലപ്പോഴും ആയിരത്തൊന്ന് രാവുകളുടെ ഉര്‍ദു ഭാഷ്യവും അവര്‍ എനിക്ക് പറഞ്ഞു തരുമായിരുന്നു. ഖുര്‍ആന്‍ എങ്ങനെ പാരായണം ചെയ്യണമെന്ന് അവര്‍ എനിക്ക് പഠിപ്പിച്ചു തരുമ്പോഴൊക്കെയും അതൊരു തരം ആരാധനയും പ്രാര്‍ത്ഥനയുമാണ് എന്നായിരുന്നു തോന്നിയിരുന്നത്. എങ്ങനെ പ്രാര്‍ത്ഥിക്കണമെന്ന് എന്നെ പഠിപ്പിക്കുകയായിരുന്നു അവര്‍ – ദിനേനയുള്ള അഞ്ച് നേരത്തെ പ്രാര്‍ത്ഥനകളില്‍ എങ്ങനെ പാരായണം ചെയ്യണമെന്നവര്‍ പഠിപ്പിച്ചു. ഉര്‍ദുവിലുള്ള പരിഭാഷകള്‍ വായിച്ചപ്പോള്‍ പലതും അബദ്ധജഡിലങ്ങളാണെന്ന് എനിക്ക് തോന്നിയിരുന്നു. പലതും ഇംഗ്ലീഷ് പരിഭാഷകളുമായി പൊരുത്തപ്പെടാത്തവയുമായിരുന്നു. ചിലത് തികച്ചും ഭിന്നമായ അര്‍ത്ഥങ്ങള്‍ നല്‍കി. എനിക്ക് ഒരു കാര്യം പെട്ടെന്ന് ബോധ്യമായി: ഖുര്‍ആന്‍ വായിക്കുക എന്നത് ഒന്ന്; അത് മനസ്സിലാക്കുക എന്നത് മറ്റൊന്നും.

കൗമാരപ്രായം മുതല്‍ക്ക് ഇന്നോളം ഖുര്‍ആന്‍ സൂക്തങ്ങളുടെ അര്‍ത്ഥങ്ങള്‍ മനസ്സിലാക്കാനുള്ള ശ്രമങ്ങളിലായിരുന്നു ഞാന്‍. സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിയായിരിക്കെ, അറിയപ്പെടുന്ന ഒരു പണ്ഡിതന്റെ മേല്‍നോട്ടത്തില്‍ പൗരാണികവും ആനുകാലികവുമായ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ മുമ്പില്‍ വെച്ചായിരുന്നു ഞങ്ങള്‍ ഖുര്‍ആന്‍ വ്യവസ്ഥാപിതമായി പഠിച്ചിരുന്നത്. പില്‍ക്കാലത്ത് പല മുസ്‌ലിം രാജ്യങ്ങളിലും നടന്ന അനേകം പണ്ഡിത സമ്മേളനങ്ങളില്‍ ഞാന്‍ സംബന്ധിക്കുകയുണ്ടായി. പല മുസ്‌ലിം രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും പലരെയും കണ്ടുമുട്ടാനും അവരുമായി ദൈവിക സൂക്തങ്ങളുടെ അര്‍ത്ഥങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ ചെയ്യാന്‍ അവസരം ലഭിക്കുകയും ചെയ്തു. പഠിക്കുംതോറും ഞാന്‍ ഖുര്‍ആനില്‍ കൂടുതലായി മുഴുകി. പഠിക്കാനുള്ള എന്റെ ശ്രമങ്ങള്‍ക്ക് ശക്തി കൂടി. മുസ്‌ലിംകളുടെ ധൈഷണിക ചരിത്രം പഠിച്ചപ്പോള്‍ പൗരാണികരും ആധുനികരുമായ മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയിലുള്ള വ്യാഖ്യാനഭേദങ്ങളെയും സാദൃശ്യങ്ങളെയും കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഇടയായി. മുസ്‌ലിംകള്‍ എങ്ങനെയൊക്കെയാണ് ഖുര്‍ആന്‍ വ്യാഖ്യാനിച്ചിരിക്കുന്നത് എന്ന് തോന്നിപ്പോയി. പലരും പല രൂപത്തില്‍ വ്യാഖ്യാനിക്കുകയായിരുന്നു. ചിലത് അംഗീകരിക്കാന്‍ പോലും പ്രയാസമുള്ളവ.

ഖുര്‍ആന്‍ അനശ്വരമാണ് എന്ന് എല്ലാ മുസ്‌ലിംകളും നിങ്ങളോട് പറയും. അത് കാലാതീതമാണ്; അതിന്റെ വാക്കുകള്‍ക്ക് ഒരിക്കലും മാറ്റമുണ്ടായിട്ടില്ല; അതെന്നും ഇങ്ങനെത്തന്നെയുണ്ടായിരുന്നു. ഖുര്‍ആന്‍ നമ്മോട് നേരിട്ടാണ് സംസാരിക്കുന്നത്. എന്നും അതങ്ങനെ തന്നെയായിരുന്നു. എന്നാല്‍, മതങ്ങളുടെ വേദഗ്രന്ഥങ്ങള്‍ അതിന്റെ സ്വഭാവമനുസരിച്ച് സങ്കീര്‍ണ്ണമാണ്. ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ ഊന്നല്‍ കൊടുത്ത കല്‍പനയാകട്ടെ, ചിന്തിക്കുക, മനനം ചെയ്യുക എന്നതാണ്. അതിനാല്‍ അതിനെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുക എന്നത് നമുക്ക് മുമ്പിലുള്ള ശാശ്വതമായ വെല്ലുവിളിയാവുന്നു. അതില്‍ നിന്ന് മുക്തിയില്ല. ഖുര്‍ആന്ന് മാറ്റമില്ല. എന്നാല്‍, മനുഷ്യന്റെ ജീവിത സാഹചര്യങ്ങള്‍, നമ്മുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും, നമ്മുടെ കാലഘട്ടങ്ങളിലെ സാമൂഹിക, സാമ്പത്തിക, സാങ്കേതിക, പാരിസ്ഥിതിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. നമ്മോട് ചിന്തിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ തന്നെ, ഖുര്‍ആന്റെ വാക്കുകളില്‍ മാറ്റത്തിന്റെ വിവക്ഷയുണ്ട്. മതജീവിതമെന്നാല്‍ നിശ്ചലമായി നില്‍ക്കലല്ല എന്നും നമ്മുടെയും സമൂഹത്തിന്റെയും ദൈവത്തിന്റെ സൃഷ്ടികളെന്ന നിലയില്‍ ലോകത്തിന്റെ മുഴുവനും ജീവിതം മെച്ചപ്പെടുത്താനും നമുക്ക് ചുറ്റുമുള്ള ലോകത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കാനും വേണ്ടിയുള്ള നിരന്തരശ്രമമാണെന്നും അത് നമ്മോട് പറയുന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ അര്‍ത്ഥമെന്താണെന്നും എന്തായിരിക്കണമെന്നും നമ്മുടെ കാലഘട്ടത്തിലെ സാഹചര്യങ്ങളില്‍ അതെങ്ങനെ പ്രയോഗവല്‍ക്കരിക്കണമെന്നും നാം നമ്മോട് തന്നെ സദാ ചോദിച്ചു കൊണ്ടിരിക്കണമെന്നാണ് അതിനര്‍ത്ഥം.

വേദഗ്രന്ഥത്തിന്റെ പ്രാധാന്യവും അര്‍ത്ഥവും ഓരോ തലമുറയും ആ കാലഘട്ടത്തിന്നനുസൃതമായി പുനരാവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിന് നമ്മെ സംബന്ധിച്ചേടത്തോളം നമ്മുടെ കാലത്തിന്ന് പുറത്ത്, പ്രസക്തിയില്ല. കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു, സന്ദര്‍ഭങ്ങള്‍ മാറുന്നു; പഴയ അര്‍ത്ഥങ്ങള്‍, പഴയ വ്യാഖ്യാനങ്ങള്‍, യഥാര്‍ത്ഥത്തില്‍ നിങ്ങളെ വീര്‍പ്പ് മുട്ടിക്കുകയാണ് ചെയ്യുക. ഒരു പക്ഷേ, അതിനേക്കാള്‍ മോശമായ തരത്തില്‍ അത് മര്‍ദ്ദനോപകരണമാക്കപ്പെടാനോ മുസ്‌ലിംകളെയോ അല്ലാത്തവരെയോ എതിര്‍ക്കാനോ ഉപയോഗിക്കപ്പെടുകയും ചെയ്‌തേക്കാം.

ഖുര്‍ആന്റെ അര്‍ത്ഥം മനസ്സിലാക്കാനുള്ള എന്റെ ശ്രമങ്ങളുടെ തുടര്‍ച്ചയാണീ ബ്ലോഗുകള്‍. ഖുര്‍ആന്‍ എനിക്ക് എന്താണ് എന്ന് അതന്വേഷിക്കുന്നു. ഞാന്‍ മനസ്സിലാക്കിയതും ചിന്തിക്കുന്നതും മറ്റുള്ളവരുമായി എനിക്ക് പങ്കിടണം. അതോടൊപ്പം തന്നെ, ഇതര മുസ്‌ലിംകളുടെയും മുസ്‌ലിംകളല്ലാത്തവരുടെയും ചിന്തകളെയും ആശയങ്ങളെയും കുറിച്ച് മനനം ചെയ്യുക എന്നും ഇതിനര്‍ത്ഥമുണ്ട്.

ഖുര്‍ആനിനെ മുസ്‌ലിംകള്‍ എന്താണാക്കുന്നത് എന്നും ഏത് തരത്തിലുള്ള അര്‍ത്ഥമാണവര്‍ അതില്‍ നിന്ന് കണ്ടെടുക്കുന്നത് എന്നും അതിന്റെ പ്രാധാന്യമെന്തെന്നുമുള്ളതെല്ലാം മുസ്‌ലിംകള്‍ക്ക് മാത്രമല്ല പ്രധാനമാവുന്നത്, എല്ലാവര്‍ക്കുമാണ്. നിങ്ങള്‍ക്ക് ചുറ്റും നോക്കൂ: ഖുര്‍ആനില്‍ തങ്ങള്‍ കണ്ടെത്തിയതിനെക്കുറിച്ച് മുസ്‌ലിംകള്‍ ചിന്തിക്കുന്നതിന്റെ വൈവിധ്യത്തിന്നനുസൃതമായി എത്രയെത്ര തര്‍ക്കങ്ങള്‍, സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടിവിടെ? ഖുര്‍ആന്‍ എങ്ങനെ വായിക്കപ്പെടുന്നു എന്നതിന്നനുസരിച്ച് നേരിട്ടും അല്ലാതെയും എല്ലാവരും അതിന്റെ ഫലമനുഭവിക്കുന്നു.

ഖുര്‍ആനിനെക്കുറിച്ച് സംസാരിക്കാന്‍ ഏറ്റവും യോഗ്യനായ ആളൊന്നുമല്ല ഞാന്‍ എന്ന് സമ്മതിക്കുന്നതില്‍ എനിക്ക് ശങ്കയേതുമില്ല. ഞാന്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ഹാഫിസോ ഇമാമോ പണ്ഡിതനോ അല്ല. ചെറിയ മട്ടില്‍ ഒരു മുസ്‌ലിം ചിന്തകനാണ് ഞാനെന്ന് സങ്കല്‍പിക്കാറുണ്ട്. എനിക്ക് അറബി ഭാഷ സംസാരിക്കാന്‍ പോലുമറിയില്ല എന്നതാണ് ഏറ്റവും ദുര്‍ബലമായ വശം.

എന്നാല്‍ ലോകത്തിലെ മുസ്‌ലിംകളില്‍ ബഹുഭൂരിഭാഗവും എന്നെപ്പോലെത്തന്നെയാണ്. ലോകത്തെ 120 കോടി മുസ്‌ലിംകളില്‍ മുപ്പത് കോടി മാത്രമാണ് അറബി ഭാഷ സംസാരിക്കുന്നവര്‍. അറബി മാതൃഭാഷയായുള്ളവര്‍ തന്നെ ഇക്കാര്യത്തില്‍ വ്യുല്‍പത്തിയുള്ളവരല്ല താനും. അറബി സംസാരഭാഷയാവട്ടെ, അനേകം പ്രാദേശിക ഭാഷാ വ്യത്യാസങ്ങളുള്ളവയാണ്. അവയാകട്ടെ, ഖുര്‍ആന്റെ അറബി ഭാഷയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് താനും. ഖുര്‍ആനിലെ പദങ്ങള്‍ ഉച്ചരിക്കുന്നതില്‍ അറബി സംസാരിക്കുന്നവര്‍ മുമ്പിലായിരിക്കാം; എന്നാല്‍ അതിന്റെ അര്‍ത്ഥവും ഖുര്‍ആന്റെ സമകാലിക പ്രസക്തിയും മനസ്സിലാക്കുന്നതില്‍ അവരും നമ്മെപ്പോലെത്തന്നെയാണ്.

എല്ലാ മുസ്‌ലിംകളെയും പോലെത്തന്നെയാണ് ഞാനെഴുതുന്നത്. വിശുദ്ധ ഗ്രന്ഥത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ നാമെല്ലാവരും ശ്രമിക്കേണ്ടതുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തി എന്ന നിലയിലാണ് ഞാനെഴുതുന്നത്. വേദഗ്രന്ഥവുമായി ഏതൊരാള്‍ക്കും വ്യാഖ്യാനാത്മകമായ ഒരു ബന്ധമേ ഉണ്ടാവൂ; വിശേഷിച്ച്, അനശ്വരമെന്ന് കരുതപ്പെടുന്ന ഒരു വേദഗ്രന്ഥത്തിന്റെ കാര്യത്തില്‍. യഥാര്‍ത്ഥ അര്‍ത്ഥം കണ്ടെത്താന്‍ ഓരോ മുസ്‌ലിമും ശ്രമിക്കേണ്ടതുണ്ട്; ഇതില്‍ നിന്ന് രക്ഷപ്പെടുക സാധ്യമല്ല. കേവല പാരായണം കൊണ്ട് പൂര്‍ത്തീകരിക്കപ്പെടുന്നതല്ല ഇത്. മുദ്രാവാക്യങ്ങള്‍ കൊണ്ടും ഇത് പരിപൂര്‍ത്തീകരിക്കപ്പെടുകയില്ല. ഗരിമയാര്‍ന്ന വായനയും വിയര്‍പ്പൊഴുക്കിയുള്ള ചിന്തയും ആവശ്യപ്പെടുന്നു അത്.

വിവര്‍ത്തനം: കെ.സി സലീം

Posted in: Quran Blog

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting