ആമുഖം
ഇസ്‌ലാമിന്റെ വിശുദ്ധ ഗ്രന്ഥമാണ് ഖുര്‍ആന്‍. മുസ്‌ലിംകളുടെ കാഴ്ചപ്പാടനുസരിച്ച്, അത് വിശ്വാസികളോട് മാത്രമല്ല, മനുഷ്യകുലത്തോട് മുഴുവന്‍ സംസാരിക്കുന്നു. എന്നാല്‍ അതിന്റെ സന്ദേശം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഗ്രഹിക്കുക എന്നത് പലര്‍ക്കും പലപ്പോഴും പ്രയാസമായി അനുഭവപ്പെടാറുണ്ട്. അതിന്റെ ഘടന പോലും ഇതര പുസ്തകങ്ങളെപ്പോലെ സാമ്പ്രദായിക രീതിയിലല്ല; അതിലുള്ള 114 അദ്ധ്യായങ്ങളാവട്ടെ, അവ അവതീര്‍ണ്ണമായ ക്രമത്തിലല്ല ഉള്ളതും. അറബി സംസാരിക്കുന്നവര്‍ക്ക് അതിന്റെ സാഹിത്യ ഭാഷ വിവരണാതീതമാം വിധം അതിവിശിഷ്ടമാണ് – ഗദ്യമല്ല, കവിതയുമല്ല; അതുല്യമാണത്.
ഇസ്‌ലാമിന്റെ ആദ്യകാലം മുതല്‍ക്ക് തന്നെ ഖുര്‍ആനിലെ പദങ്ങളുടെയും സൂക്തങ്ങളുടെയും ആഴങ്ങള്‍ മുസ്‌ലിംകള്‍ തേടിക്കൊണ്ടിരുന്നിട്ടുണ്ട്. അതേ അവസരത്തില്‍ അമുസ്‌ലിംകള്‍ക്കാവട്ടെ, തെറ്റായ പല ധാരണകളും അതിനെക്കുറിച്ചുണ്ട് താനും. ഇത്തരം കാര്യങ്ങളാണ് ലോകപ്രശസ്തഎഴുത്തുകാരനും പണ്ഡിതനും 45ലേറെ പുസ്തകങ്ങളുടെ രചയിതാവുമായ സിയാവുദ്ദീന്‍ സര്‍ദാര്‍ ഈ ബ്ലോഗില്‍ ഇഴ പിരിച്ച് കൈകാര്യം ചെയ്യുന്നത്.
മുസ്‌ലിംകളുടെ മുഖ്യമായ ഒരു പ്രശ്‌നം അജ്ഞതയാണ്, വിശേഷിച്ച്, ഇസ്‌ലാമിനെക്കുറിച്ചുള്ള അജ്ഞത. അതിനാല്‍, സാധാരണ മുസ്‌ലിംകളും വിദ്യാഭ്യാസമുള്ള, എന്നാല്‍ മതത്തെക്കുറിച്ച് ശരിയായ ധാരണയില്ലാത്ത, മുസ്‌ലിംകളും വ്യാഖ്യാനങ്ങള്‍ മതപണ്ഡിതന്മാര്‍ക്ക് വിടുന്നു; അങ്ങനെ, മതപരമായി ആഴത്തില്‍ വിവരമുള്ളവരും അല്ലാത്തവരും അടങ്ങുന്ന ഒരു വിഭാഗം, മതപണ്ഡിതന്മാര്‍ എന്ന വിശേഷണത്തോടെ നിലനില്‍ക്കുകയും വ്യാഖ്യാനത്തിന്റെ കുത്തക മുസ്‌ലിംകളില്‍ പലരും അവര്‍ക്ക് മാത്രമായി തീറെഴുതിക്കൊടുക്കുകയും ചെയ്ത സ്ഥിതി വന്നു എന്നത് ഒരു സത്യമാണ്. എന്നാല്‍, അര്‍ത്ഥവും വ്യാഖ്യാനവും കണ്ടെത്താനുള്ളഉത്തരവാദിത്തം ഖുര്‍ആന്‍ അത് വായിക്കുന്ന ഓരോ വ്യക്തിയുടെ മേലിലുമാണ് ചുമത്തിയിട്ടുള്ളത്. ഖുര്‍ആന്‍ ഓരോരുത്തരും സ്വയം വായിച്ച് അര്‍ത്ഥം കണ്ടെത്തുകയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്. ആ ജോലി കൂടി മറ്റുള്ളവര്‍ക്ക് നല്‍കുകയല്ല. ആധുനിക കാലഘട്ടത്തിന്റെ സ്പന്ദനങ്ങളറിയാത്തവരോ അതില്‍ താല്‍പര്യമില്ലാത്തവരോ ആണ് ഇന്നത്തെ മതപണ്ഡിതന്മാര്‍ എന്ന വിഭാഗത്തിലെ ഭൂരിഭാഗവും എന്നതിനാല്‍ ഇതിന് ഏറെ പ്രസക്തിയുണ്ട്.
മതകാര്യങ്ങളും ഖുര്‍ആനും ചര്‍ച്ച ചെയ്യപ്പെടുന്ന അസംഖ്യം മതവേദികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. ഈ വേദിയിലൂടെ മതേതര രംഗത്തുള്ളവര്‍ക്ക് കൂടി ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുകയും അതിലൂടെ സാംസ്‌കാരികമായ ആശയവിനിമയങ്ങള്‍ക്ക് വഴി തുറക്കുകയും ചെയ്യാനാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ; വിശേഷിച്ച്, ലോക കാര്യങ്ങളില്‍ ഇസ്‌ലാമിനുള്ള പങ്ക് ഏറിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത്. ഖുര്‍ആനാണ് മതത്തിന്റെ സ്രോതസ്സെങ്കില്‍, അത് മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണെങ്കില്‍, അതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അദ്വിതീയമായ ഒരു വഴിയൊരുക്കുകയാണ് ഞങ്ങള്‍ ഇതിലൂടെ. പ്രമുഖ ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയനില്‍ വന്ന സിയാവുദ്ദീന്‍ സര്‍ദാറിന്റെ ബ്ലോഗിംഗ് ദി ഖുര്‍ആന്‍ആണ് അവരുടെ അനുമതിയോടെ ഞങ്ങള്‍ ഇവിടെ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നത്. വായനക്കാര്‍ ഇത് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എഡിറ്റര്‍