banner ad
June 28, 2012 By കെ.സി. സലീം 0 Comments

ജ്ഞാനസമൂഹം

kcsaleem_0ഗ്രാനഡ സര്‍വ്വകലാശാലയുടെ കവാടത്തില്‍ ഇങ്ങനെ ഉല്ലേഖനം ചെയ്തത് കാണാം: ‘നാല് കാര്യങ്ങളാണ് ലോകത്തെ താങ്ങി നിര്‍ത്തുന്നത്: ജ്ഞാനികളുടെ അറിവ്, മഹാന്മാരുടെ നീതി, ഭക്തരുടെ പ്രാര്‍ത്ഥനകള്‍ ധീരന്മാരുടെ ശൗര്യം.’

ഇതില്‍ അറിവാണ് ആദ്യമായി പറഞ്ഞതെന്നത് ശ്രദ്ധേയമാണ്. ലോകത്ത് ‘വായിക്കുക’  എന്ന പദത്തോടെ ദൈവികവചനങ്ങള്‍ ആരംഭിച്ച വേദഗ്രന്ഥം ഇസ്‌ലാമിന്റെ വേദഗ്രന്ഥമായ ഖുര്‍ആന്‍ മാത്രമാണ്. ആദ്യമായി അവതീര്‍ണ്ണമായ ദൈവിക വചനം ‘നീ വായിക്കുക; നിന്നെ സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ ‘ എന്നായിരുന്നു. ലോകത്തെ ആദ്യത്തെ ജ്ഞാനസമൂഹത്തിന് അടിത്തറയിടുകയായിരുന്നു ഇസ്‌ലാം. അറിവില്ലായ്മ ഇരുളാണ്; വെളിച്ചമാണ് അറിവ്. അറിവും വിദ്യാഭ്യാസവും ഇസ്‌ലാമിലെ സുപ്രധാനമായ രണ്ട് ഘടകങ്ങളാണ്. ദൈര്‍ഘ്യമേറിയതും സമ്പന്നവുമായ ഒരു ധൈഷണിക പൈതൃകം അതിനുണ്ടായത് അത് കൊണ്ടാണ്.

ഇസ്‌ലാമിലെ ധൈഷണിക പൈതൃകം ഐക്യത്തെയാണ് ഉല്‍ബോധിപ്പിക്കുന്നത്. വിവിധ മതങ്ങള്‍ക്കിടയിലും സമൂഹങ്ങള്‍ക്കിടയിലും അവ രണ്ടും തമ്മിലും അനൈക്യം അതൊരിക്കലും പ്രോല്‍സാഹിപ്പിക്കുന്നില്ല. നാം ഒരേ ഭൂമിയും ഒരേ ആകാശവും, ഒരേ നദികളും പര്‍വ്വതങ്ങളും വെള്ളവും വായുവുമെല്ലാം പങ്ക് വെക്കുന്നു. ഒരേ റോഡുകളും പാലങ്ങളും ഉപയോഗിച്ച് യാത്ര ചെയ്യുന്നു. ഒരേ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. അത് പോലെത്തന്നെ, ചരിത്രം, കണ്ടുപിടുത്തങ്ങള്‍ , ശാസ്ത്രീയവും ധൈഷണികവുമായ മുന്നേറ്റങ്ങള്‍ തുടങ്ങിയവയെല്ലാം നാമെല്ലാവരും ഒരു പോലെ പങ്ക് വെക്കുന്നു. അത് പോലെത്തന്നെയാണ് അറിവും വിദ്യാഭ്യാസവും. അവ മനുഷ്യസമൂഹത്തിന്റെ പൊതുസ്വത്താണ്.

പ്രോമിതിയൂസ് അറിവിന്റെ അഗ്നിയാണ് ഭൂമിയിലെത്തിച്ചതെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. സിയൂസ് ദേവനായിരുന്നു മനുഷ്യകുലത്തിന് അഗ്നി നിഷേധിച്ചത്. ഗ്രീക്ക് സങ്കല്‍പങ്ങളില്‍ നിന്നാണ് പാശ്ചാത്യ സാംസ്‌കാരിക സംജ്ഞകളില്‍ പ്രകൃതിയെ കീഴടക്കുക എന്ന പ്രയോഗം വന്നത്. മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കാതെ എല്ലാം കയ്യടക്കി വെക്കുന്നവരായിരുന്നു ഗ്രീക്ക് ദൈവങ്ങള്‍ . അതിനാല്‍ മനുഷ്യന്‍ ബഹിരാകാശത്തെത്തിയപ്പോഴും ചന്ദ്രനില്‍ ഇറങ്ങിയപ്പോഴുമെല്ലാം പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ സുലഭമായി ഉപയോഗിച്ച പദമായിരുന്നു പ്രകൃതിയെ കീഴടക്കി എന്നത്. പല മതങ്ങളും സമൂഹങ്ങളും അവര്‍ക്കിടയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് അറിവ് നേടാനുള്ള അവകാശം നിഷേധിച്ചിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. വിശ്വാസത്തിന്റെ പേരിലും അന്ധവിശ്വാസത്തിന്റെ പേരിലും ഭൂതകാലത്ത് അറിവ് നേടല്‍ തടയപ്പെട്ടിട്ടുണ്ട് പലപ്പോഴും. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു.

ഇസ്‌ലാമിക സങ്കല്‍പ പ്രകാരം വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താണ്. അതെവിടെ കണ്ടാലും വീണ്ടെടുക്കണം. വിജ്ഞാനസമ്പാദനം അവന്റെ ജീവിതദൗത്യങ്ങളിലൊന്നാണ്. ലോകത്തിന്റെ അറ്റം വരെ പോയിട്ടെങ്കിലും അറിവ് നേടണമെന്നാണ് ഖുര്‍ആന്‍ ജീവിതത്തില്‍ പകര്‍ത്തിയ പ്രവാചകന്‍ പഠിപ്പിച്ചതിന്റെ പൊരുള്‍ . പ്രയോജനപ്രദമായ അറിവ് പ്രദാനം ചെയ്യേണമേ എന്നായിരുന്നു പ്രവാചകന്റെ പ്രാര്‍ത്ഥനകളില്‍ ഒന്ന്.

വ്യാവസായിക രംഗത്തെ ഉല്‍പാദനം, കാര്‍ഷികോല്‍പാദനം എന്നെല്ലാം പറയുന്നത് പോലെയാണ് ഇന്ന് വിവരോല്‍പാദനം. നിമിഷങ്ങള്‍ തോറും പുതിയ വിവരങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. വിവരമാണ് ശക്തി എന്നൊരു ചൊല്ല് ആംഗലഭാഷയില്‍ നേരത്തേ തന്നെയുണ്ട്. വിവരമില്ലാത്തവന്‍ പുറന്തള്ളപ്പെടുന്നു. മുന്‍കാലങ്ങളില്‍ വിവരമില്ലെങ്കിലും സമൂഹത്തിന്റെ പാര്‍ശ്വങ്ങളില്‍ ഇടം കിട്ടിയിരുന്നവര്‍ ഇന്ന് ഇടം കിട്ടാതെ ഉഴലുന്നത് നാം കാണുന്നു. വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട്.

വിവിധ രംഗങ്ങളില്‍ വിവരമാര്‍ജ്ജിച്ചു കൊണ്ട് മുന്നേറുന്ന സമൂഹങ്ങള്‍ ഇന്ന് നോളജ് സൊസൈറ്റി – ജ്ഞാന സമൂഹം – എന്ന പേരില്‍ അറിയപ്പെടുന്നു. നൂറ്റാണ്ടുകളായി വര്‍ഗാടിസ്ഥാനത്തിലും – കറുത്ത വര്‍ഗക്കാര്‍ , മംഗളോയിഡ് വംശജര്‍ എന്നിങ്ങനെ – രാജ്യാടിസ്ഥാനത്തിലും – ഇന്ത്യക്കാര്‍ , അമേരിക്കക്കാര്‍ എന്നിങ്ങനെ – സാംസ്‌കാരിക വിഭാഗങ്ങളുടെ അടിസ്ഥാനത്തിലും – പാശ്ചാത്യ സമൂഹം, ഇസ്‌ലാമിക സമൂഹം എന്നിങ്ങനെ – മനുഷ്യ സമൂഹത്തെ തരം തിരിച്ചു വന്നിരുന്നത് ഇനിയങ്ങോട്ട് ഓരോ സമൂഹവും നേടിയെടുക്കുന്ന വിവരത്തിന്റെയും അതുപയോഗിച്ച് നേട്ടമുണ്ടാക്കുന്നതിന്റെയും അടിസ്ഥാനത്തില്‍ ആവാനാണ് സാധ്യത. അതിനാലാണ് നാം ഇക്കാലത്ത് ജ്ഞാന സമൂഹം- നോളജ് സൊസൈറ്റി, വിവര സമൂഹം – ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി എന്നെല്ലാം കേട്ടു കൊണ്ടിരിക്കുന്നത്.

അമേരിക്കന്‍ സാമൂഹ്യശാസ്ത്രജ്ഞനായ ഡാനിയല്‍ ബെല്‍ വിവര സമൂഹം -ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി-എന്ന് 1973ല്‍ ആദ്യമായി പ്രയോഗിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഖുര്‍ആന്‍ ജ്ഞാനസമൂഹത്തിന് തുടക്കമിട്ടു കഴിഞ്ഞിരുന്നു. ജൂതര്‍ , ക്രൈസ്തവര്‍ , മുസ്‌ലിംകള്‍ എന്നീ വിഭാഗങ്ങളെ ഖുര്‍ആന്‍ പൊതുവില്‍ ഗ്രന്ഥത്തിന്റെ ആളുകള്‍ – അഹ്‌ലുല്‍ കിതാബ് – എന്നാണ് വിളിക്കുന്നത്. മുസ്‌ലിംകള്‍ തങ്ങളെ സ്വയം അറിവിന്റെ ആളുകളായാണ് മനസ്സിലാക്കിയത്.

തൊണ്ണൂറുകളില്‍ ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ കൂടുതല്‍ മേഖലകളില്‍ ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി എന്ന പ്രയോഗം വ്യാപകമായി. വിവരസാങ്കേതിക വിദ്യയുടെ മുന്നേറ്റത്തോടെ ലോകം ഒരു ഗ്രാമമായി ചുരുങ്ങിയപ്പോള്‍ ഇന്നതിന്ന് വളരെയേറെ പ്രസക്തി കൈ വന്നിരിക്കുകയാണ്. മല്‍സരങ്ങള്‍ പ്രധാനമായും ഇന്ന് വിവര രംഗത്താണ്. വിവരമില്ലാത്തവന്ന്, അറിവില്ലാത്തവന്ന്, ഇന്ന് നിലനില്‍പില്ല. അങ്ങനെ വരുമ്പോള്‍ സമൂഹത്തെ തന്നെ, നേരത്തേ കാര്‍ഷിക സമൂഹം, വ്യവസായിക സമൂഹം എന്നെല്ലാം വിഭജിച്ചു നിര്‍ത്തിയതിനെ ഇപ്പോള്‍ വിവരമുള്ള സമൂഹം എന്നും വിവരമില്ലാത്ത സമൂഹം എന്നും രണ്ടാക്കി തരം തിരിക്കേണ്ടി വരുന്നു. ജ്ഞാന സമൂഹത്തിന് മാത്രമേ സമൂഹത്തില്‍ നിലനില്‍ക്കാനാവൂ എന്നര്‍ത്ഥം. ”അറിവുള്ളവനും അറിവില്ലാത്തവനും തുല്യരാവുമോ” എന്ന് ഖുര്‍ആന്‍ ചോദിക്കുന്നു. ദൈവത്തെ വിശേഷിപ്പിക്കുന്ന പദം കഴിഞ്ഞാല്‍ ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച പദം ഇല്‍മ് – അറിവ് – എന്ന പദമാണ്.

ഇതിന്റെ പൊരുള്‍ സ്വായത്തമാക്കിയ ഇസ്‌ലാമിക സമൂഹങ്ങള്‍ വൈജ്ഞാനിക രംഗത്തെ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയതായി ചരിത്രം പറയുന്നു. അറിവിന്റെ ആളുകളായി മാറിയ അവര്‍ ലഭ്യമായ സ്രോതസ്സുകളില്‍ നിന്നെല്ലാം വിവരങ്ങള്‍ ശേഖരിക്കുകയും പരിഭാഷപ്പെടുത്തുകയും സൂക്ഷിക്കുകയും അറിവിനെ പരിഷ്‌കരിക്കുകയും അത് പിന്‍തലമുറക്ക് കൈമാറുകയും ചെയ്തു. ഇങ്ങനെ ചെയ്യുന്നതില്‍ അവര്‍ ജൂതന്മാരെയും ക്രൈസ്തവരെയും കൂടി പങ്കെടുപ്പിച്ചു എന്നത് പ്രധാനമാണ്. കാരണം, അവരും ഗ്രന്ഥത്തിന്റെ ആളുകളാണ്. മനുഷ്യകുലത്തിന്റെ പൊതുനന്മ ലക്ഷ്യം വെച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ അവര്‍ മറ്റുള്ളവരെയും കൂടി സഹകരിപ്പിച്ചു കൊണ്ടായിരുന്നു മുന്നേറിയിരുന്നത്. യൂറോപ്പ് ബഹുദൈവത്വ പൈതൃകങ്ങളില്‍ മുഴുകി അസഹിഷ്ണുതയില്‍ മുങ്ങി നില്‍ക്കുന്ന കാലത്താണിതെല്ലാം നടന്നത്. മുസ്‌ലിംകളില്‍ അവരുടെ വേദഗ്രന്ഥം സൃഷ്ടിച്ചെടുത്ത ജ്ഞാനപ്രചാരണാഭിനിവേശമായിരുന്നു ഇത് സൃഷ്ടിച്ചതെന്നര്‍ത്ഥം.

നിരക്ഷരത നിറഞ്ഞു നിന്ന ഒരു സമൂഹത്തില്‍ അറിവ് നേടാന്‍ എല്ലാവര്‍ക്കും തുല്യാവകാശം നല്‍കുന്നതിന് ഒരു സംവിധാനം ആവശ്യമായിരുന്നു. ഇസ്‌ലാമിലെ വഖ്ഫ് സമ്പ്രദായം അങ്ങനെയാണുല്‍ഭവിച്ചത്. ഭക്തിപൂര്‍വ്വം ദൈവമാര്‍ഗത്തില്‍ സമര്‍പ്പിക്കുന്നവയാണിത്. പ്രവാചകന്റെ കാലത്ത് തന്നെ ഇത് നടപ്പിലാക്കിത്തുടങ്ങിയിരുന്നു. സമ്പന്നരായ വിഭാഗം അവരുടെ ധനത്തിന്റെ ഒരു ഭാഗം പൊതു ആവശ്യത്തിന് നീക്കിവെക്കുമായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷണം, ജലവിതരണം തുടങ്ങിയവക്കും സ്വമേധയാ വിശ്വാസികള്‍ ഇങ്ങനെ തുക നീക്കിവെച്ചു തുടങ്ങിയതങ്ങനെയാണ്. പള്ളി നിര്‍മ്മാണത്തിന് നീക്കി വെക്കുന്നത് പോലെത്തന്നെ, വിദ്യാഭ്യാസാവശ്യത്തിനും വഖ്ഫ് ചെയ്തു വിശ്വാസികള്‍ . ആദ്യകാലത്ത്, പള്ളിയോട് ചേര്‍ന്ന് തന്നെയായിരുന്നു പാഠശാല. പതിനൊന്നാം നൂറ്റാണ്ടോട് കൂടിയാണ് ഇന്ന് മദ്രസ എന്നറിയപ്പെടുന്ന സംവിധാനം വന്നത് എന്ന് പറയപ്പെടുന്നു. ബഗ്ദാദിലെ ആദ്യത്തെ സല്‍ജൂക് ഭരണാധികാരിയുടെ കീഴില്‍ മന്ത്രിയായിരുന്ന നിസാമുല്‍ മുല്‍ക്ക് (1018-92) ആണ് ഇതിന്റെ ഉപജ്ഞാതാവെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.

പൊതു ആവശ്യത്തിന് ഭക്തിപുരസ്സരം വിശ്വാസികള്‍ സംഭാവന ചെയ്ത വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടാന്‍ പാടില്ല; അതില്‍ നിന്നുള്ള വരുമാനം അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാനും പാടുള്ളൂ. ഇങ്ങനെയുള്ള വരുമാനമാണ് പള്ളിയോട് ചേര്‍ന്നതും അല്ലാത്തതുമായ പള്ളിക്കൂടങ്ങളിലെ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാനും കെട്ടിടം അറ്റകുറ്റപ്പണികള്‍ക്കും ചിലപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ഭക്ഷണ-ചികില്‍സാവശ്യങ്ങള്‍ക്കുമെല്ലാം ഉപയോഗിച്ചു വന്നിരുന്നത്. വിദ്യാഭ്യാസം ലഭ്യമാക്കലായിരുന്നു ഇതിന്റെയെല്ലാം പിന്നിലുള്ള ലക്ഷ്യം. സല്‍ജൂക്ക് ഭരണകാലത്ത് ഇറാഖിലും ഇറാനിലും അയ്യൂബിയാ ഭരണകാലത്തും മംലൂക്കുകളുടെ കാലത്തും സിറിയയിലും ഈജിപ്തിലും ബെര്‍ബര്‍ ഭരണകാലത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇത്തരം ധാരാളം സ്ഥാപനങ്ങള്‍ നിലവില്‍ വന്നിരുന്നതായി ആല്‍ബര്‍ട്ട് ഹൗറാനി രേഖപ്പെടുത്തിയിട്ടുണ്ട്. (Albert Hourani, A History of the Arab Peoples, Faber and Faber, London, 1991, Page 163 ). ഉന്നതവിദ്യാഭ്യാസ രംഗത്ത് നാം ഇന്നറിയുന്ന തരത്തിലുള്ള ഘടനയുണ്ടായത് മുസ്‌ലിംകള്‍ അധ്യാപനത്തിന് പ്രത്യേകം പരിശീലനപരിപാടികളും സ്‌പെഷ്യലൈസേഷന്‍ സമ്പ്രദായവും സ്‌കോളര്‍ഷിപ്പ് സമ്പ്രദായവും തയ്യാറെടുപ്പുകളുമെല്ലാം നടപ്പില്‍ വരുത്തിയതിന് ശേഷമായിരുന്നു. പാശ്ചാത്യ വിദ്യാര്‍ത്ഥികള്‍ ഈ സമ്പ്രദായം അവരുടെ രാജ്യങ്ങളില്‍ പകര്‍ത്തുകയായിരുന്നു. സ്‌പെയിനിലുടെയാണ് പൗരസ്ത്യ മതങ്ങളെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമെല്ലാം യുറോപ്യര്‍ പഠിച്ചത്.

മുസ്‌ലിംകള്‍ വിദ്യാഭ്യാസം സൗജന്യമായി ലഭ്യമാക്കിയത് കൊണ്ടായിരുന്നു ദാരിദ്ര്യം മുറ്റിനിന്ന കുടുംബങ്ങളില്‍ പിറന്ന ഇമാം ഗസ്സാലി, അല്‍ ബറൂനി, ഇമാം റാസി, അല്‍ ഫറാബി തുടങ്ങിയ ധാരാളം പേര്‍ പ്രശസ്തിയിലേക്കുയര്‍ന്നത്. വ്യക്തിയുടെയും സമുഹത്തിന്റെയും സമഗ്രമായ വളര്‍ച്ചയായിരുന്നു ഇസ്‌ലാം ലക്ഷ്യം വെച്ചിരുന്നത്തെന്ന് പ്രശസ്ത പണ്ഡിതനായ സയ്യിദ് നഖീബുല്‍ അത്താസ് രേഖപ്പെടുത്തിയിട്ടുണ്ട്. ”മനുഷ്യന്റെ ആത്മാവ്, ബുദ്ധി, യുക്തിബോധം, വികാരങ്ങള്‍ , ശാരീരികമായ ആവശ്യങ്ങള്‍ എന്നിവയെല്ലാം സന്തുലിതമായും സമഗ്രമായും പരിഗണിച്ചു കൊണ്ടുള്ള ഒരു രീതിയാണത്. ( Syed Muhammad Naquib al Attas, Aims and Objectives of Islamic Education. Jeddah, Saudi Arabia: Hodder and Stoughton. p. 158, quoted in Education Encyclopaedia. ഇത് കൂടി കാണുക.  http://education.stateuniversity.com/pages/2133/Islam.html ).

ഇസ്‌ലാമിക വിദ്യാഭ്യാസ സങ്കല്‍പമനുസരിച്ച്, അറിവ് നേടുന്നത് വ്യക്തിയുടെ സമ്പൂര്‍ണ്ണമായ വികാസത്തിനാണ് – ഇഖ്ബാല്‍ വിശേഷിപ്പിച്ചത് പോലെ, ഇന്‍സാനെ കാമില്‍ – സമ്പൂര്‍ണ്ണ മനുഷ്യന്‍ – ആവാന്‍ . ‘ഈ ലോകത്ത് സന്തോഷമുണ്ടാക്കാനാണ് എല്ലാവരും വിദ്യാഭ്യാസം നേടുന്നതെങ്കിലും, അതിന്റെ അന്തിമമായ ലക്ഷ്യം അനശ്വരതയുടെ ലോകത്ത് വിജയകരമായെത്തലാണെന്ന്” സയ്യിദ് ഹുസ്സൈന്‍ നസ്‌റും എഴുതുകയുണ്ടായി. (Seyyed Hossein Nasr, ‘The Islamic Philosophers’ Views on Education.’ Muslim Education Quarterly, quoted in Education Encyclopaedia). ആത്മീയതയും ഭൗതികതയും സന്തുലിതമായി സമന്വയിപ്പിച്ചു കൊണ്ടുള്ളതാണത്. സ്‌നേഹം, ദയ, കാരുണ്യം, സ്വാര്‍ത്ഥതയില്ലായ്മ തുടങ്ങിയ മൂല്യങ്ങള്‍ മനുഷ്യനിലുണ്ടാകണമെങ്കില്‍ ബുദ്ധിയെ മാത്രം പരിശീലിപ്പിച്ചാല്‍ പോരെന്നും ആത്മീയ പരിശീലനം കൂടി വേണ്ടതുണ്ടെന്നും മുസ്‌ലിം വിദ്യാഭ്യാസ ചിന്തകര്‍ നേരത്തേ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

അറിവ് നേടുന്നതിനും പ്രചരിപ്പിക്കുന്നതിനും ഇത്രയേറെ പ്രാധാന്യം കല്‍പിച്ചത് കൊണ്ടാണ് ലോകത്തിന്റെ പല ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ പ്രസിദ്ധങ്ങളായ സര്‍വ്വകലാശാലകള്‍ സ്ഥാപിച്ചത്. ഖലീഫാ മാമൂന്റെ കാലത്ത് ബഗ്ദാദില്‍ പണിത ദാറുല്‍ ഹിക്മയാണ് ഇസ്‌ലാമിക ലോകത്തെ ആദ്യത്തെ ഉന്നതവിദ്യാഭാസ കേന്ദ്രം. പല മുസ്‌ലിം ഭരണാധികളും പില്‍ക്കാലത്ത് പ്രസിദ്ധങ്ങളായ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. നിസാമിയാ സര്‍വ്വകലാശാല, അലക്‌സാണ്ട്രിയ, കൈറോ, ജറൂസലം, ഡമാസ്‌കസ് എന്നിവിടങ്ങളിലെ സര്‍വ്വകലാശാലകള്‍ , ആധുനിക കാലഘട്ടത്തില്‍ മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, ഇന്ത്യയിലെ അലീഗര്‍ സര്‍വ്വകലാശാല, ഈജിപ്തിലെ അസ്ഹര്‍ എന്നിവ അവയില്‍ ചിലത് മാത്രം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇരുനൂറോളം സര്‍വ്വകലാശാലകളുടെ ഒരു ഫെഡറേഷനും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ന് സര്‍വ്വകലാശാലകളായി അറിയപ്പെടുന്ന സ്ഥാപനങ്ങളുടെ അസ്തിവാരമിട്ടത് സ്‌പെയിനിലായിരുന്നു. അവിടത്തെ സുപ്രധാന സര്‍വ്വകലാശാലകളായിരുന്നു കൊര്‍ഡോവ, സെവിലി, ഗ്രാനഡ തുടങ്ങിയവ. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ അവിടേക്കൊഴുകിയിരുന്നു. മദ്ധ്യകാലയുറോപ്പിന്റെ ധൈഷണിക ചരിത്രത്തിലെ തിളക്കമാര്‍ന്ന അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തത് മുസ്‌ലിം സ്‌പെയിനായിരുന്നു.

ഏത് മതത്തില്‍ പെട്ടവന്റെയും അറിവുകളെ പ്രയോജനപ്പെടുത്തി സമൂഹത്തിന്റെ വൈജ്ഞാനികമുന്നേറ്റത്തിന് കളമൊരുക്കിയതിന്റെ ഏറ്റവും നല്ല ഉദാഹരണവും സ്‌പെയിന്‍ തന്നെ. മുസ്‌ലിം ഭരണം നിലനിന്ന എണ്ണൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ അവര്‍ നല്‍കിയ സംഭാവനകളാണ് യൂറോപ്പില്‍ നവോത്ഥാനത്തിന് വഴിയൊരുക്കിയതെന്ന് ഫിലിപ് കെ. ഹിറ്റി എഴുതിയിട്ടുണ്ട്. (Philip K. Hitti, History of the Arabs കാണുക.)

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting