ബൗദ്ധിക ഊര്‍ജ്ജ്വസ്വലതയും വിദ്യാഭ്യാസ അന്തരീക്ഷവും
‘പാരമ്പര്യവും ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ ഭാവിയും’ എന്ന എന്റെ പുസ്തകം പ്രസിദ്ധീകരിച്ചത് 2009 ലാണ്. പരസ്പരം എതിരിടുന്ന മതവും യുക്തിയുമെന്ന നിരന്തരമായ ചിത്രീകരണം ഡന്‍മാര്‍ക്കിലെ ഇസ്‌ലാമിക സംവാദങ്ങളില്‍ വ്യാപിച്ചതാണ് അതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ആധുനിക പാശ്ചാത്യവിദ്യാഭ്യാസം നേടിയ വിദ്യാഭ്യാസ തത്വചിന്തക എന്ന നിലയില്‍ ഇസ്‌ലാമിക ചിന്തകരുടെ വിദ്യാഭ്യാസത്തെക്കുറിച്ച ആഴത്തിലുള്ള ഉള്‍ക്കാഴ്ചകളുമായി പരിചയപ്പെടാനുള്ള മനോഹരസന്ദര്‍ഭങ്ങള്‍ പുസ്തക രചനാവേളയില്‍ എനിക്കുണ്ടായി.
ഇബ്‌നു ഖല്‍ദൂനി(1332-1406)ന്റെ മുഖദ്ദിമ ഒരു ഉദാഹരമാണ്. ഇബ്‌നുഖല്‍ദൂനിന്റെ കാലമായപ്പോഴേക്കും ഇസ്‌ലാം നൂറ്റാണ്ടുകള്‍ പിന്നിട്ടിരുന്നു. ചിന്തയുടെയും വ്യാഖ്യാനങ്ങളുടെയും സമ്പന്നമായൊരു വൈജ്ഞാനിക ശേഖരം തന്നെ ഇസ്‌ലാമിക ലോകം സമ്പാദിച്ചു കഴിഞ്ഞിരുന്നു. ദശാബ്ദങ്ങളുടെ ഈ വൈജ്ഞാനിക ശേഖരത്തെ പാണ്ഡിത്യമാര്‍ജ്ജിക്കാനാഗ്രഹിക്കുന്ന ഏതൊരാളും അഭിമുഖീകരിക്കേണ്ടി വന്നു. ഇസ്‌ലാമിലെ പ്രാഥമിക വൈജ്ഞാനിക സ്രോതസ്സുകളായ ഖുര്‍ആനിനും ഹദീസിനും പുറമേ നിയമം, തത്വചിന്ത, വ്യാകരണം എന്നിവയിലുള്ള സമ്പന്നമായ ഗ്രന്ഥശേഖരങ്ങളും പാഠപുസ്തകങ്ങളും സംഗ്രഹങ്ങളും പഠനസഹായികളും നിലവില്‍ വന്നു. എന്നാല്‍ സംഗ്രഹങ്ങളും പഠനസഹായികളും തുടക്കക്കാര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമാണെന്നായിരുന്നു ഇബ്‌നുഖല്‍ദൂനിന്റെ അഭിപ്രായം. ഇത്തരം പുസ്തകങ്ങള്‍ ബൗദ്ധിക ശേഷി വര്‍ദ്ധിപ്പിക്കില്ല എന്ന് മാത്രമല്ല നശിപ്പിക്കുക കൂടി ചെയ്യുമെന്ന് ഇബ്‌നുഖല്‍ദൂന്‍ അഭിപ്രായപ്പെട്ടു. യഥാര്‍ഥ പാണ്ഡിത്യം പൂര്‍ണരൂപത്തിലുള്ള മൂലകൃതികളുടെ പഠനങ്ങളെയാണ് ആശ്രയിക്കുക. ”ലഘുസഹായകൃതികള്‍, എത്രതന്നെ മികച്ചതും അബദ്ധ രഹിതവുമാണെങ്കിലും അവയില്‍ നിന്ന് കരസ്ഥമാക്കുന്ന പാണ്ഡിത്യം വിപുലമായ മൂലകൃതികളെ ആശ്രയിക്കുന്നതിന് തുല്യമാവുകയില്ലല്ലോ? രണ്ടാമത്തേത് സുദീര്‍ഘവും ആവര്‍ത്തനങ്ങള്‍ നിറഞ്ഞതുമാണെങ്കിലും യഥാര്‍ഥ പാണ്ഡിത്യം കരസ്ഥമാക്കാന്‍ അത് ഉപയോഗപ്രദമാണ്”(മുഖദ്ദിമ)
വ്യത്യസ്തമായ പദാവലികളും രീതികളും നിറഞ്ഞ സഹായകകൃതികളും പഠനസഹായികളും പാണ്ഡിത്യമാര്‍്ജ്ജിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥിക്കുമുമ്പിലെ വിലങ്ങുതടിയാണ്. യഥാര്‍ഥ്യ ജ്ഞാനത്തിലേക്ക് കുറുക്കുവഴികളില്ലെന്നും ഇബ്നുഖല്‍ദൂന്‍ വാദിച്ചു.
പഠന സഹായികളുടെയും സംഗ്രഹങ്ങളുടെയും ആധിക്യം വിദ്യാഭ്യാസത്തെയും പഠനരീതികളെയും ബാധിക്കുന്നു എന്ന ആശയം വിദ്യാഭ്യാസപരമായി ശ്രദ്ധേയമായ ഒന്നാണ്. യഥാര്‍ഥ കൃതികളുടെ സ്ഥാനം വിരസമായ സംഗ്രഹപതിപ്പുകള്‍ കൈയ്യടക്കുന്നത് ശരിയായ വിദ്യാഭ്യാസത്തിന് പകരം നാഗരികതകളെ പരിഹസിക്കുന്നതിന് തുല്യമാണ്. സംഗൃഹിച്ച രണ്ടാം തരം കൃതികള്‍ അവംലബമാക്കുന്ന ഉപരിപ്ലവമായ വിദ്യാഭ്യാസമാണ് അതിന്റെ ബാക്കിപത്രം. വിദ്യാഭ്യാസം നേടുന്നതിനപ്പുറം വിദ്യാര്‍ഥികള്‍ ടെക്സ്റ്റ് ബുക്കുകളുടെ അടിമയാകുന്നതാണ് യഥാര്‍ഥ അപകടം.
ഇരുപതാം നൂറ്റാണ്ടില്‍ ഈ വിമര്‍ശനങ്ങള്‍ വ്യക്തവും സ്പഷ്ടവുമായ രീതിയില്‍ പ്രകടിപ്പിക്കപ്പെട്ടു. ഫസലുര്‍റഹ്മാന്റെ (1919-1988) നിരീക്ഷണങ്ങള്‍ ഉദാഹരണമാണ്. യഥാര്‍ഥ കൃതികളെ മറച്ചുവെക്കുന്ന വ്യാഖ്യാനങ്ങളെക്കുറിച്ചും വ്യാഖ്യാനങ്ങളുടെ മേലുള്ള വ്യാഖ്യാനങ്ങളുടെയും വ്യാപനത്തെക്കുറിച്ച് ഇസ്‌ലാമും ആധുനികതയും എന്ന തന്റെ പുസ്തകത്തില്‍ ഫസലുര്‍റഹ്മാന്‍ വിലപിക്കുന്നുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പോലും വായനക്കും പുനര്‍വായനക്കും വിധേയമാക്കാതെ ഖുര്‍ആനിനെപ്പോലുള്ള വിപ്ലവാത്മകവും ഊര്‍ജ്ജസ്വലവുമായ മതഗ്രന്ഥം പോലും വ്യാകരണങ്ങളുടെയും വാചകക്കസര്‍ത്തുകളുടെയുമിടയില്‍ കുഴിച്ചുമൂടപ്പെടുകയാണ്. മൗലിക ചോദ്യങ്ങള്‍ ചോദിക്കാതെ മൂലകൃതികള്‍ക്ക് പകരം വ്യാഖ്യാനങ്ങളുടെ അപ്രധാന വിശദാംശങ്ങളെ മുടിനാരിഴ കീറി പരിശോധിക്കുന്നത് യഥാര്‍ഥ കൃതികളെ വിലയിടിക്കുന്നതിന് തുല്യമാണ്.
19ാം നൂറ്റാണ്ടിന്റെ അന്ത്യത്തിനും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലുമായി ജീവിച്ച ഈജിപ്ഷ്യന്‍ പരിഷ്‌കര്‍ത്താവ് മുഹമ്മദ്ബ്നു അബ്ദുവിന്റെ വിമര്‍ശനാത്മക ചിന്താസരണിയെ പിന്തുടരുന്ന ആധുനികരില്‍ ഒരാളാണ് ഫസലുര്‍റഹ്മാന്‍. പ്രാഥമിക തലം മുതല്‍ ഉന്നതവിദ്യാഭ്യാസതലം വരെ അസ്ഹര്‍ പിന്തുടരുന്ന പാരമ്പര്യ മതവിദ്യാഭ്യാസത്തിന്റെ മനഃപാഠമാക്കലിന്റെ രീതിശാസ്്ത്രത്തെ മുഹമ്മദ്ബ്നു അബ്ദു വിമര്‍ശിച്ചു. തിരിച്ചറിവിലേക്കും ഉള്‍ക്കാഴ്ചയിലേക്കും അസ്ഹറിലെ വിദ്യാഭ്യാസം പരിവര്‍ത്തിക്കപ്പെടണമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും രീതിശാസ്ത്രത്തിലുമുള്ള കാഠിന്യത്തെ ഒഴിവാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. മധ്യകാല ഇസ്‌ലാമിന്റെ മ്യൂസിയമായി നിലനില്‍ക്കുന്നതിന് പകരം യഥാര്‍ഥ്യവിദ്യാഭ്യാസ സമ്പ്രദായം രൂപപ്പെടുത്തുന്നതിന് ഇസ്‌ലാമിക ബൗദ്ധിക പാരമ്പര്യവും ആധുനിക പാശ്ച്യാത്യ വിജ്ഞാനീയങ്ങളും തമ്മിലുള്ള സംവാദം അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അസ്ഹറിന്റെ പരിഷ്‌കരണത്തിന് മുഹമ്മദ്ബ്‌നു അബ്ദു രണ്ടുകാര്യങ്ങളെ മുന്നോട്ടുവെച്ചു. ആധുനിക ശാസ്ത്രീയ മതേതരപാരമ്പര്യത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന വിഷയങ്ങളെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുകയും രണ്ടാം തര പഠനസഹായികള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും പകരം ഇസ്‌ലാമിലെ ക്ലാസിക്ക് ഗ്രന്ഥങ്ങളെയും മൗലികകൃതികളെയും നേരിട്ട് വിദ്യാര്‍ഥികളെ പഠിക്കാന്‍ അനുവദിക്കുകയും ചെയ്യുക. ഇസ്‌ലാമിക പ്രാഥമിക വൈജ്ഞാനിക സ്രോതസ്സുകളെ ഗ്രസിച്ച പൊടിപടലങ്ങള്‍ തുടച്ച്കളയേണ്ടത് അനിവാര്യമാണ്.
ഖുര്‍ആനിനെ മുന്നില്‍ നിര്‍ത്തി ഇസ്‌ലാമിലെ പ്രാഥമിക കൃതികളിലേക്ക് മടങ്ങാനുള്ള മുഹമ്മദ്ബ്നു അബ്ദുവിന്റെ ആഹ്വാനം സമകാലിക ലിബറല്‍ ഇസ്‌ലാമിക ചിന്തകന്മാര്‍ പുനര്‍ജീവിപ്പിച്ചു. നസര്‍ അബൂ സൈദ്(1943-2010) മികച്ചൊരു ഉദാഹരണമാണ്. ഖുര്‍ആനിനെ കേവലം ഒരു നിയമപുസ്തകമായി പരിമിതപ്പെടുത്തുന്ന യഥാസ്ഥിതികതയെ മറികടക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. നിയമപരമായ പ്രാധ്യാന്യമുള്ള ഖുര്‍ആനിലെ ഒരു ഭാഗം എന്തുകൊണ്ട് അതിന്റെ യഥാര്‍ഥ സന്ദേശത്തില്‍ പരിഗണിച്ചുകൂടാ. ഭൂതകാലത്തിലേക്ക് തിരിഞ്ഞ് നില്‍ക്കുന്ന പാരമ്പര്യവാദികള്‍ക്ക് മുഴുലോകവും അനുവദനീയം (ഹലാല്‍ ), നിഷിദ്ധം(ഹറാം) എന്ന് രണ്ടായി വിഭജിക്കപ്പെട്ടിരിക്കയാണ്. ഹറാമും ഹലാലുമായി ലോകത്തെ വിഭജിക്കുന്ന ഒരു ലോക വീക്ഷണമാണ് പഠനത്തിന്റെ ആദ്യവര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കപ്പെടുന്നത്. കാലങ്ങളായി എഴുതിച്ചേര്‍ക്കപ്പെട്ട വ്യാഖ്യാനഭാരങ്ങളില്‍ നിന്നും സ്വതന്ത്ര്യമായ ഖുര്‍ആനിന്റെ പുനര്‍വായന അനിവാര്യമാണ് എന്നതാണ് ഇത് അര്‍ഥമാക്കുന്നത്. ഫലസുര്‍റഹ്മാനും ഇതേ വാദഗതി ഉന്നയിക്കുന്നുണ്ട്. ഇസ്‌ലാമിക ചരിത്രത്തിന്റെ പരിധികളും പരിമിതികളുടെയും പുകപടലങ്ങള്‍ക്കടിയില്‍ നിന്ന് ഇസ്‌ലാമിന്റെ, അതുവഴി ഖുര്‍ആനിന്റെയും മുഹമ്മദിന്റെയും, ആവിഷ്‌കാരശക്തിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്.
പാരമ്പര്യ നിയമനിര്‍മ്മാണശാസ്ത്രങ്ങളും ഹദീസുകളും അനുവദിക്കുന്ന വ്യാഖ്യാനസ്വാതന്ത്ര്യത്തിന്റെ അ്തിരുകളില്‍ സ്വയം പരിമിതപ്പെടാതെ അബൂസൈദും ഫസലുര്‍റഹ്മാനും ഖുര്‍ആനിനെ പുനര്‍വായിക്കുകയും പുനര്‍വിചിന്തനത്തിന് വിധേയമാക്കുകയും ചെയ്തു. ഇസ്‌ലാമിക പാരമ്പര്യത്തെയും ബൗദ്ധിക ചരിത്രത്തെയും അവര്‍ അവഗണിച്ചു എന്ന് ഇതുകൊണ്ടര്‍ഥമാക്കുന്നില്ല. പൊതുവായ അനിവാര്യമായും പാലിക്കേണ്ട ഒരു ചട്ടക്കൂടായി കാണാതെ ഇസ്‌ലാമിക ചരിത്രത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള അറിവിനെ ഗൗരവമായിത്തന്നെ അവര്‍ പരിഗണിച്ചു. ഹാന്‍സ് ജോര്‍ജ്ജ് ഗദാമറിന്റെ(1900-2002) വ്യാഖ്യാനശാസ്ത്രത്തിലെ ചരിത്രത്താല്‍ നിയന്ത്രിക്കപ്പെട്ട ബോധ്യം (Wirkungsgeschichte) എന്ന അര്‍ഥത്തിലാണ് ഇസ്‌ലാമിക പാരമ്പര്യത്തെ അവര്‍ പരിഗണിച്ചത്. മറ്റൊരു വാക്കില്‍ പറയുകയാണെങ്കില്‍ വ്യാഖ്യാനങ്ങളുടെ ചരിത്രമായി അവരതിനെ നോക്കിക്കണ്ടു. അനിവാര്യമായും പിന്തുടരേണ്ട പാത എന്നതിനപ്പുറം ഖുര്‍ആനിന് പുതിയ വ്യാഖ്യാനങ്ങളും വായനയും നല്‍കുന്നതിനുള്ള വഴി ശരിപ്പെടുത്തുന്നതിലേക്ക് ആവശ്യമായ വിമര്‍ശനാത്മക ചിന്തകളും ബോധ്യങ്ങളും വിച്ഛേദനങ്ങളും നല്‍കുന്ന ഒന്നായാണവരതിനെ സമീപിച്ചത്. ഇസ്‌ലാം ഒരു ജീവിക്കുന്ന പാരമ്പര്യമായി പരിഗണിക്കപ്പെടുന്നുവെങ്കില്‍ , സമകാലിക പാശ്ച്യാത്യ സാഹചര്യങ്ങളില്‍ പ്രസക്തി ഉണ്ടാവണമെങ്കില്‍ ഇസ്‌ലാമിലെ പ്രാഥമിക സ്രോതസ്സുകളെ പുനര്‍വ്യാഖ്യാനിക്കുകയും പുനര്‍വായിക്കുകയും ചെയ്യേണ്ടതുണ്ട്.
ഇസ്‌ലാമിക ബൗദ്ധിക പാരമ്പര്യത്തില്‍ നിന്ന് വരുന്ന റഹ്മാനും അബൂസൈദും ഗദാമറിന്റെ വ്യാഖ്യാനശാസ്ത്രത്തിന് വലിയ സാധ്യതകള്‍ കണ്ടെത്തി. ചില വിമര്‍ശനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ഗദാമറിന്റെ ആശയങ്ങള്‍ ഫസലുര്‍റഹ്മാന്‍ സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഖുര്‍ആനിനോടും ഹദീസിനോടുമുള്ള ചരിത്രപരമായ വിമര്‍ശന വ്യാഖ്യാന സമീപനം ഗദമറിന്റെ എഫക്ടീവ് ഹിസ്റ്ററി എന്ന ആശയത്തിന്റെ ക്ലാസിക് ഉദാഹരണമാണ്. ഖുര്‍ആന്‍ വായിക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും ഹദീസിന് ഒരു ജോഡി എന്ന നിലയിലുള്ള പങ്കിനെക്കുറിച്ച് അദ്ദേഹം ബോധ്യവാനായിരുന്നു. ഈ ബോധ്യം ഖുര്‍ആന്‍ പുനര്‍വായിക്കുന്നതിനെ സാധ്യമാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായകരമായി. പുതിയ ഊര്‍ജ്ജത്തോടും അര്‍ഥത്തോടും പ്രാധാന്യത്തോടും ഖുര്‍ആന്‍ അടയാളപ്പെടുത്തപ്പെട്ടു. വായനക്കാരനെ സമകാലികമായി സ്പര്‍ശിക്കുന്ന സത്യത്തിന്റെ അനുഭവം അതുനല്‍കി. ആപേക്ഷികമായ വ്യക്തിനിഷ്ഠത ഉണ്ടായി എന്നത് ഇതിനര്‍ഥമില്ല ഓരോരുത്തരും തങ്ങളുടെ വ്യക്തിപരമായ അര്‍ഥങ്ങളാരോപിച്ച് വ്യാഖ്യാനങ്ങളെ ശരി എന്ന് വിളിക്കപ്പെടാന്‍ യോഗ്യമല്ലാതാക്കി എന്നും ഇതിനര്‍ഥമില്ല.
റഹ്മാന്റെ ഇസ്‌ലാമും ആധുനികതയും എന്ന പുസ്തകത്തിന്റെ അവസാന വാചകങ്ങളോട് ഗദമര്‍ യോജിക്കും എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ‘പൊതുവായി കരുതുന്ന ഘടകങ്ങളെ സംരക്ഷിക്കുവാനും പുനഃസ്ഥാപിക്കാനുമുള്ള താല്‍പര്യങ്ങളില്‍ നിന്ന് പാരമ്പര്യത്തെ ചോദ്യം ചെയ്യാനും മാറ്റാനുമുള്ള പ്രക്രിയ അനുസ്യൂതമായി തുടരും. കാരണം, അത്തരം ചോദ്യങ്ങള്‍ ബാധിക്കാത്ത പൂര്‍വ്വനിശ്ചിതമായ ചരിത്രത്തിലെ ഒരു നിര്‍ണ്ണിത കേന്ദ്രവും ഇല്ല’. ഇസ്‌ലാമിലെ വ്യത്യസ്തമായ വ്യാഖ്യാനങ്ങളുടെ വിമര്‍ശനാത്മക കൈമാറ്റത്തിന് അനുകൂലമായ വാദഗതിയായി അദ്ദേഹത്തിന്റെ മുഴുവന്‍ പുസ്തകത്തെയും വായിക്കാവുന്നതാണ്. ‘ സമ്പൂര്‍ണമായും ഏകശിലാത്മകമായ വ്യാഖ്യാനത്തിന് നിര്‍ബന്ധിക്കുന്നത് സാധ്യമോ അഭികാമ്യമോ അല്ല’. വിദ്യാഭ്യാസ തത്വചിന്തയുമായി ഇതിന് വ്യക്തമായും ഒരു ബന്ധമുണ്ട്. പുതിയ തിരിച്ചറിവുകള്‍ക്കും അര്‍ഥങ്ങള്‍ക്കും വേണ്ടിയുള്ള സാഹചര്യം വിമര്‍ശനാത്മക ചിന്തകളും ബൗദ്ധിക കൈമാറ്റങ്ങളും അനിവാര്യമാക്കുന്ന വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ ഉണ്ടാവുന്നതിലൂടെ മാത്രമേ സാധ്യമാകൂ. ശരിയായ വിദ്യഭ്യാസത്തിന്റെ അന്തരീക്ഷവും ഇതാണ്.
വിവര്‍ത്തനം: പി.കെ സാദിഖ്
Connect
Connect with us on the following social media platforms.