ഒരു അള്‍ജീരിയന്‍ ഗാഥ
ഒരു യഥാര്‍ത്ഥ സംഭവകഥയാണ് ദൈവവും മനുഷ്യരും (Des hommes et des dieux) എന്ന ഫ്രഞ്ച് സിനിമ. 2010ല്‍ വിമര്‍ശകരുടെ ശ്രദ്ധയേറെയും പിടിച്ചു പറ്റിയ ഈ സിനിമ അള്‍ജീരിയയിലെ മനോഹരമായ വടക്കന്‍ പര്‍വ്വതനിരകള്‍ക്കിടയിലെ ഒരു ഗ്രാമത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗ്രാമത്തിലെ ഒരു മഠത്തില്‍ ജീവിക്കുന്ന 6 ക്രിസ്ത്യന്‍ സന്യാസിമാരുടെ ജീവിതങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.
മതം പ്രധാന വിഷയമായി കടന്നു വരികയും അള്‍ജീരിയയുടെയും ഫ്രാന്‍സിന്റെയും അതിരുകള്‍ക്കപ്പുറത്ത് പ്രമേയപരമായി സഞ്ചരിക്കുകയും ചെയ്യു്ന്ന അതിവൈകാരികത നിറഞ്ഞ ഈ സിനിമ സംവിധായകന്‍ സേവ്യര്‍ ബ്യൂവോയിയുടെ ചലച്ചിത്ര പാടവത്തിന്റെ മികച്ച ഉദാഹരണമാണ്. ലിംബര്‍ട്ട് വില്‍സണ്‍ (മാട്രിക്‌സ് റീലോഡഡില്‍ അഭിനയിച്ചയാള്‍ ) മിഷേല്‍ ലോണ്‍സ് ഡെയ്ല്‍ തുടങ്ങിയ വലിയ ഫ്രഞ്ച് അഭിനേതാക്കള്‍ ഈ സിനിമയില്‍ അണിനിരക്കുന്നുണ്ട്.
സന്യാസിമാര്‍ അഭിവാജ്യഘടകമായ ഗ്രാമത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് സിനിമ പ്രേക്ഷകരെ കൊണ്ടു പോകുന്നു. കര്‍ഷകരും തേന്‍ സംഭരിക്കുന്നവരുമായ മുസ്‌ലിം ജനസമൂഹം തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമത്തില്‍ സന്യാസിമാര്‍ക്ക് ബഹുമാനവും ആദരവും ഏറെ കിട്ടുന്നുണ്ട്. അവര്‍ ഗ്രാമവാസികളുമായി നല്ല സഹവര്‍തിത്ത്വത്തിലാണ് ജീവിച്ചു പോകുന്നത്. പെട്ടെന്നാണ് തീവ്രവാദത്തിന്റെ (വിമര്‍ശകര്‍ മതമൌലികവാദം, ഭീകരവാദം തുടങ്ങിയ സംശയജനകമായ പേരിട്ടു വിളിക്കുന്ന പ്രതിഭാസം)അടയാളങ്ങള്‍ ഗ്രാമത്തിന്റെ സ്വച്ഛന്തതയെയും ശാന്തിയെയും നശിപ്പിക്കുന്നത്. പിന്നെ നാം കാണുന്നത് ചിരപരിചിതമായ ചലചിത്ര ദൃശ്യങ്ങളാണ്-വിദേശ കെട്ടിട നിര്‍മാണ തൊഴിലാളികളുടെ കൂട്ട മരണങ്ങള്‍, തട്ടിക്കൊണ്ടു പോകല്‍, ഹിജാബ് അടിച്ചേല്‍പ്പിക്കല്‍- തുടങ്ങിയവ.
ഭീകരവാദി നേതാവായ ഫയ്യാതിയ ആശ്രമം വളയുകയും തങ്ങളുടെ സംഘത്തിലെ ഒരാളെ രക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് രംഗം കൂടുതല്‍ വഷളാക്കുന്നു. ഫയ്യാതിയയും ക്രിസ്ത്യന്‍ സന്യാസിമാരും തമ്മിലുള്ള കൂടിക്കാഴ്ച ഈ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ്. ഭീകരമായ ഈ സാഹചര്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ സന്യാസിമാര്‍ ഫ്രാന്‍സിലേക്ക് പോവാന്‍ തീരുമാനിക്കുന്നു. പക്ഷെ ഹാജിയുടെ ഭാര്യ പെട്ടെന്നിടപെടുകയാണ്. ഞങ്ങള്‍ ഇവിടത്തെ പക്ഷികളാണ്, ചില്ലയില്ലാത്ത ഞങ്ങളെവിടെയാണ് പാര്‍ക്കുക എന്നവര്‍ ചോദിക്കുന്നു. സന്യാസിമാരും ഗ്രാമവാസികളും തമ്മിലുള്ള സഹവര്‍ത്തിത്തത്തിന്റെ അടയാളമായി മാറുകയാണ് ചില്ല എന്ന രൂപകം.
ബന്ധിത സന്യാസിമാര്‍ ദൂരത്തേക്ക് നടന്നു പോവുമ്പോഴാണ് സിനിമ അവസാനിക്കുന്നത്. പക്ഷെ സംവിധായകന്‍ പ്രേക്ഷകരെ സ്വയം നിഗമനത്തിലെത്താന്‍ അനുവദിച്ചു കൊണ്ട് സന്യാസിമാര്‍ക്ക് എന്ത് സംഭവിച്ചു എന്ന വിവാദ ചോദ്യത്തെ അഭിമുഖീകരിക്കാതെ രക്ഷപ്പെടുന്നു. രാഷ്ട്രീയമായ ബൃഹത്താഖ്യാനങ്ങള്‍ക്ക് വിരുദ്ധദിശയില്‍ സഞ്ചരിക്കുന്ന, ജനങ്ങളുടെ ആത്മീയ ബന്ധങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ഈ സിനിമ പക്ഷെ 1996 ല്‍ അള്‍ജീരിയയില്‍ സന്യാസിമാര്‍ കൊല്ലപ്പെട്ട രാഷ്ട്രീയമായ വിശദാംശങ്ങളെ ചര്‍ച്ച ചെയ്യുന്നില്ല. ഈ സംഭവത്തിന്റെ പിന്നിലാരാണെന്നത് ഇന്നും സംശയത്തിലാണ്.
മാധ്യമങ്ങള്‍ പറഞ്ഞത് പോലെ അള്‍ജീരിയയിലെ തീവ്ര ഇസ്‌ലാമിക വിഭാഗം അല്ല ഈ സംഭവത്തിന് പിന്നിലെന്നും അള്‍ജീരിയന്‍ സൈന്യം തന്നെയാണെന്നും ഇസ്‌ലാമിക വിഭാഗമായ അള്‍ജീരിയന്‍ രഹസ്യ പോലീസിന്റെ കൈയിലെ പാവയാണെന്നും വിരമിച്ച പട്ടാള മേധാവി ഫ്രാങ്കോയ്‌സ് ബുച്ച് വാള്‍ടര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സുതാര്യമല്ലാത്തതും സംശയജനകവുമായ ഒരു സംഭവത്തിന്റെ മേല്‍ ഈ സിനിമയുടെ ആഖ്യാനം പണിതുയര്‍ത്തിയ സംവിധായകന്റെ ഉദ്ദേശ്യശുദ്ധിയെ ആര്‍ക്കും ചോദ്യം ചെയ്യാം. പ്രത്യേകിച്ചും ഫ്രാന്‍സില്‍ വലതുപക്ഷവത്കരണം കൊടുമ്പിരി കൊള്ളുന്ന ഈ സമയത്ത്. എന്നാല്‍ ഈ സിനിമ സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും മൂല്യങ്ങളെ പാടിപ്പുകഴ്ത്തുന്ന ഒരു ദൃശ്യകാവ്യമാണെന്ന് ആരും സമ്മതിക്കും.