banner ad
July 24, 2012 By താരീഖ് റമദാന്‍ 0 Comments

യൂസുഫ് ഇസ്‌ലാം ഒടുവില്‍ കാറ്റ് സ്റ്റീവന്‍സിനെ കണ്ടുമുട്ടുന്നു

അറുപതുകളിലെയും എഴുപതുകളിലെയും ശ്രദ്ധേയമാം വിധം വേറിട്ടു നിന്ന അപൂര്‍വമായ ആ സംഗീത യുഗത്തെ ഞാനെത്ര നന്നായി ഓര്‍ക്കുന്നു! സര്‍ഗാത്മകതയും സാമ്പ്രദായികതാവിരോധവും നുരച്ച് തിളച്ച് പൊങ്ങിയ ആ ഉത്സാഹപ്രകര്‍ഷത്തില്‍ ശൈലികളും സാഹിത്യഗണങ്ങളും അന്ന് പരസ്പരം ഇഴചേര്‍ന്ന് മിശ്രിതമായി. അപൂര്‍വവും ആയാസകരവുമായിരുന്നു അര്‍ഥവും പുതുമയും തേടിക്കൊണ്ടുള്ള ആ അന്വേഷണം.

1975 ജൂലൈ. ലണ്ടനില്‍ കാറ്റ് സ്റ്റീവന്‍സിന്റെ ഗാനങ്ങള്‍ എല്ലാ മുക്കുമൂലകളിലും കേള്‍ക്കാമായിരുന്നു. അദ്ദേഹത്തിന്റെ ശബ്ദത്തിന് അവാച്യമായ മാസ്മരികശക്തിയുണ്ടായിരുന്നു; ഒരാത്മീയ യാത്രയെക്കുറിച്ച് തെര്യപ്പെടുത്തുന്ന വാക്കുകള്‍ കോര്‍ത്തിണക്കിയ പ്രമാദരഹിതമായ ഒരു സംഗീതസിദ്ധി; ജീവിതത്തിന്റെയും ദുരിതത്തിന്റെയും സമാധാനത്തിന്റെയും കുട്ടിക്കാലത്തിന്റെയും വിരഹത്തിന്റെയും മരണത്തിന്റെയും കവിതകള്‍. പീസ് ട്രെയിന്‍, വൈല്‍ഡ് വേള്‍ഡ്, ലേഡി ദി അര്‍ബന്‍ വില്ലി, ഫാദര്‍ ആന്റ് സണ്‍ എല്ലാം ജനപ്രിയഹിറ്റുകളായിരുന്നു. സദാ തീവ്രവേദന അനുഭവിച്ചു കൊണ്ടിരിക്കുന്ന അവയുടെ രചയിതാവിന്റെ ആന്തരികജീവിതത്തെ പ്രതിഫലിപ്പിക്കുന്ന, സമ്പന്നവും സങ്കീര്‍ണവുമായ ആവിഷ്‌കാരങ്ങളായിരുന്നു അവയെല്ലാം.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, 1977ല്‍, കാറ്റ് സ്റ്റീവന്‍സ് ഇസ്‌ലാം സ്വീകരിക്കുകയും സംഗീതത്തോട് പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്തു. ജനപ്രിയതാരവും സംഗീതജ്ഞനുമെന്ന നിലയിലുള്ള തന്റെ

ഭൂതകാലവുമായി വ്യതിരിക്തമാംവിധം വേറിട്ട് നില്‍ക്കേണ്ടതിന്റെ ആവശ്യകതയാണ് തന്നെ സുപ്രധാനമായ ആ തീരുമാനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പിന്നീട് വിശദീകരിക്കുകയുണ്ടായി. ഇസ്‌ലാമിനെക്കുറിച്ചുള്ള തന്റെ ആദ്യപാഠങ്ങളില്‍ സംഗീതത്തിന് Yusuf-Islam-u01-200x300സ്ഥാനമില്ലായിരുന്നു. ലോകത്ത് ഒരു വിഗ്രഹമായിക്കഴിഞ്ഞിരുന്നു അദ്ദേഹം. ആ പദത്തിന്റെ ഊതിവീര്‍പ്പിക്കപ്പെട്ട എല്ലാ അര്‍ഥതലങ്ങളില്‍ നിന്നുമുള്ള മുക്തി കാംക്ഷിച്ച അദ്ദേഹത്തിന്റെ സ്വാഭാവികാവശ്യങ്ങളുമായി പൊരുത്തപ്പെടുന്നതുമായിരുന്നില്ല സംഗീതം. ഗാഢമായ സൗഹൃദത്തിനും മൗനത്തിനും വേണ്ടി അദ്ദേഹം ഹൃദയംഗമമായി ആഗ്രഹിച്ചു. അത് തന്നെ അദ്ദേഹം നിരന്തരമായി തേടിക്കൊണ്ടിരുന്നു. ആന്തരികമായ ഒന്നായിരുന്നു അദ്ദേഹത്തിന്റെ യാത്ര; ആത്മീയവും. ഉല്‍ക്കടമായ അഭിനിവേശത്തോടെയുള്ളതായിരുന്നു അത്. മതം മാറി സ്വീകരിച്ച യൂസുഫ് ഇസ്‌ലാം എന്ന പേരില്‍ താന്‍ നേരത്തേ ആയിരുന്ന കാറ്റ് സ്റ്റീവന്‍സിനെ ഉള്‍ക്കൊള്ളാനുള്ള ഇടമില്ലായിരുന്നു.

 

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യൂസുഫ് വിദൂരവ്യാപ്തിയുള്ള വിവിധ ഉദ്യമങ്ങളില്‍ മുഴുകി. അവയിലെല്ലാം കാറ്റ് സ്റ്റീവന്‍സിന്റെ അഭിലാഷങ്ങളുടെയും യൂസുഫ് പുതുതായി കണ്ടെത്തിയ വിശ്വാസത്തിന്റെയും മുദ്രകള്‍ ഒത്തുചേരുന്നത് നമുക്ക് ദര്‍ശിക്കാനാവും. സുവ്യക്തമായ ധാര്‍മിക ലക്ഷ്യങ്ങളും അക്കാദമിക ശ്രേഷ്ഠതയും കോര്‍ത്തിണക്കിയ വിദ്യാലയങ്ങള്‍ അദ്ദേഹം സ്ഥാപിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള വിവിധ പദ്ധതികളെ സഹായിക്കാന്‍ ഒരു സഹായസാഹോദര്യ സംഘടന രൂപീകരിച്ചു. കലയിലൂടെയും സംഗീതത്തിലൂടെയും ബോസ്‌നിയന്‍ സംസ്‌കാരത്തെ സംരക്ഷിക്കാനും ആഘോഷിക്കാനുമായി സരായെവോയിലെത്തിയ ആദ്യ വ്യക്തികളില്‍ ഒരാളായിരുന്നു അദ്ദേഹം. അക്ഷീണം അദ്ദേഹം എഴുതി; കുട്ടികള്‍ക്കുള്ള ഗാനങ്ങളും ദഫ് ഒഴികെ മറ്റൊരു സംഗീതോപകരണങ്ങളുടെയും അകമ്പടിയില്ലാതെ ആലപിക്കാനുള്ള ഇസ്‌ലാമിക ഗീതങ്ങളും രചിച്ചു; പല മുസ്‌ലിം പണ്ഡിതന്മാരുടെയും കാഴ്ചപ്പാടുകള്‍ക്കനുസൃതമായിരുന്നു അത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപ്തി ഏറെയായിരുന്നു  അദ്ദേഹത്തിന്റെ സര്‍ഗസിദ്ധികള്‍ അതിരറ്റതായിരുന്നു എന്നത് പോലെത്തന്നെ. ലക്ഷ്യവും കാഴ്ചപ്പാടുമുള്ള ഒരാത്മീയ മനുഷ്യനായി അദ്ദേഹം വളര്‍ന്നു. സംഗീതത്തിലൂടെ നേരത്തേ അദ്ദേഹം എന്താവിഷ്‌കരിച്ചുവോ, അവ തന്റെ വിശ്വാസത്തിന്റെ പേരില്‍ , വിദ്യാഭ്യാസത്തിനും സാഹോദര്യത്തിനും സ്‌നേഹത്തിനും സമാധാനത്തിനും വേണ്ടിയുള്ള തന്റെ പ്രതിബദ്ധതയിലൂടെ, വ്യക്തമായി അദ്ദേഹം ഇപ്പോള്‍ പ്രാവര്‍ത്തികമാക്കി. സംഗീതമില്ലാതെ സംഗീതം; കാറ്റ് സ്റ്റീവന്‍സ് ആവാന് യൂസുഫ് ആഗ്രഹിച്ചില്ല.

 

ഇതിന് ശേഷമാണ് റുഷ്ദി പ്രശ്‌നത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം വന്നത്. അതദ്ദേഹത്തിന്റെ അസംഖ്യം ആസ്വാദകരെയും സുഹൃത്തുക്കളെയും അമ്പരപ്പിച്ചു കളഞ്ഞു. ജീവിതത്തിനും സ്‌നേഹത്തിനും അസ്തിത്വത്തിന്റെ അര്‍ഥത്തിനും വേണ്ടി പാടുകയും വിദ്യാഭ്യാസത്തിനും സാഹോദര്യത്തിനും സമാധാനത്തിനും വേണ്ടി യത്‌നിക്കുകയും ചെയ്ത മനുഷ്യന്‍, ഒരു വ്യക്തിയെ കൊല്ലാനുള്ള ഒരു ഭരണകൂടത്തിന്റെ ആഹ്വാനത്തെ പിന്തുണയ്ക്കുന്നതെങ്ങനെ? ഞാന്‍ ഉടനെ ഖുമൈനിയുടെ ഫത്‌വക്കെതിരായ നിലപാടെടുത്തു. ഇസ്‌ലാമിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു എന്നതിനെക്കാളേറെ രാഷ്ട്രീയപ്രേരിതമായിരുന്നു അത് എന്നതായിരുന്നു എന്റെ വാദം. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം, ഞാനാദ്യമായി യൂസുഫിനെ കണ്ടുമുട്ടിയപ്പോള്‍, ഞാനദ്ദേഹത്തോട് രണ്ട് ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി: ഒന്ന്, ഫത്‌വയെ അദ്ദേഹം പിന്തുണച്ചതെന്തുകൊണ്ട്? രണ്ടാമത്തേത്, ഇസ്‌ലാമില്‍ സംഗീതത്തിനുള്ള സ്ഥാനത്തെക്കുറിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഒന്നാമത്തേതിനുള്ള അദ്ദേഹത്തിന്റെ മറുപടി വളരെ വ്യക്തവും അസന്നിഗ്ദ്ധവുമായിരുന്നു. മതനിന്ദക്ക് ഇസ്‌ലാമിലുള്ള ശിക്ഷയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍് അദ്ദേഹം മറുപടി പറഞ്ഞത്, ജൂതന്മാരുടെ വേദഗ്രന്ഥമായ തൗറാത്തിലുംക്രൈസ്തവരുടെ ബൈബിളിലും ഖുര്‍ആനിലും മതനിന്ദക്ക് മരണശിക്ഷയാണ് കല്‍പിച്ചിട്ടുള്ളത് എന്നായിരുന്നു. എല്ലാ പൂര്‍ണതയോടും കൂടി അദ്ദേഹം നല്‍കിയ വേദഗ്രന്ഥത്തിലധിഷ്ഠിതമായ ഉത്തരം യഥാര്‍ഥത്തില്‍ ഫത്‌വയെ അംഗീകരിച്ചു കൊണ്ടുള്ളതായിരുന്നില്ല. ബ്രിട്ടീഷ് നിയമങ്ങളെയോ അന്താരാഷ്ട്ര നിയമങ്ങളെയോ ആദരിക്കാതെയുള്ള നിയമവിരുദ്ധമായ പ്രതികാരപ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ അത്. സംഗീതത്തെക്കുറിച്ച കാര്യത്തില്‍ ഞങ്ങള്‍ വിയോജിച്ചു. ഈ വിഷയകമായുള്ള മറ്റു കാഴ്ചപ്പാടുകള്‍ അദ്ദേഹത്തിന് മുമ്പില്‍ അവതരിപ്പിച്ച്, തന്റെ എല്ലാ സര്‍ഗസിദ്ധികളോടെയും സംഗീതത്തിലേക്ക് തിരിച്ചുവരാന്‍ ഞാന്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. സംഗീതോപകരണങ്ങള്‍ ഇസ്‌ലാമില്‍ അനുവദനീയമല്ല എന്നുറച്ച് വിശ്വസിക്കുന്നത് കൊണ്ടും അതിന്റെ ലോകത്ത് നിന്ന് പറ്റെ വിട്ടുനില്‍ക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നതിനാലും അദ്ദേഹത്തിന് എന്റെ വാദങ്ങള്‍ അംഗീകരിക്കാന്‍ കഴിഞ്ഞില്ല.

 

സംഗീതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണവുമായി എനിക്ക് യോജിക്കാന്‍ കഴിയില്ലെങ്കിലും, അലോസരമുണ്ടാക്കുകയും സദാ തന്നിലേക്ക് കടന്ന് കയറാന്‍ ശ്രമിക്കുകയും ചെയ്യുന്ന ശക്തമായ തന്റെ ഭൂതകാലത്തില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള അദ്ദേഹത്തിന്റെ അദമ്യമായ ആഗ്രഹം എനിക്ക് മനസ്സിലാവാതിരിക്കുന്നതെങ്ങനെ? യൂസുഫിന് കാറ്റ് സ്റ്റീവന്‍സിന്റെ പ്രകാശത്തില്‍ നിന്നോ നിഴലില്‍ നിന്നോ ഒരിക്കലും പൂര്‍ണമായും രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. തന്റെ ഒരു കാലത്തെ അഭിനിവേശമായിരുന്നതിനാലോ മറ്റുള്ളവര്‍ തന്നെ കാണുന്ന രീതി കൊണ്ടോ, എന്തായിരുന്നാലും, കാറ്റ് സ്റ്റീവന്‍സ് എപ്പോഴും യൂസുഫിന്റെ ഒരവിഭാജ്യ ഘടകമായിരുന്നു.

കാലം മുമ്പോട്ട് പോയി. നീണ്ട ഇരുപത്തെട്ട് വര്‍ഷങ്ങള്‍. അദ്ദേഹത്തിന്റെ മക്കള്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. ഇപ്പോള്‍ അവര്‍ തങ്ങളുടെ പിതാവായ യൂസുഫിന് അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ കാറ്റ് സ്റ്റീവന്‍സിനെ വീണ്ടും കണ്ടെത്താന്‍ സഹായിക്കും. ഒരിക്കല്‍ തന്റെ മകന്‍ അബദ്ധവശാല്‍ മുറിയിലിട്ടേച്ച് പോയ ഒരു ഗിറ്റാറില്‍ യൂസുഫ്, കാറ്റ് സ്റ്റീവന്‍സിന്റെ ഒരു മനോഹര സംഗീത സൗരഭ്യം കണ്ടെത്തുകയുണ്ടായി. മനോഹരമായ ഒരബദ്ധമായിരുന്നു അത്, നമ്മുടെ ഒരു മഹാ ഭാഗ്യവും. ആ ഗിറ്റാര്‍ യൂസുഫിനെ തന്റെ ഭൂതകാലവുമായി കൂട്ടിയിണക്കി ഭൂതകാലത്തെയും വര്‍ത്തമാനത്തെയും, ജനപ്രിയതാരത്തെയും വിശ്വാസിയെയും, കലയെയും ജീവിതത്തിന്റെ അര്‍ഥതലങ്ങള്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തെയും. യൂസുഫ് അങ്ങനെ തന്റെ എല്ലാ സര്‍ഗസിദ്ധികളോടെയും ശബ്ദമാധുര്യത്തോടെയും മാനവികസങ്കല്‍പങ്ങളോടെയും സംഗീതത്തിലേക്ക് തിരിച്ചുവന്നു. മുസ്‌ലിമായിക്കൊണ്ട് തന്നെ, തന്റെ സമസൃഷ്ടികളായ മനുഷ്യരുടെ മനസ്സിലാണ്ടു കിടക്കുന്ന പ്രതീക്ഷകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും വേണ്ടി അദ്ദേഹം ഇപ്പോള്‍ സംസാരിക്കുകയും പാടുകയും ചെയ്യുന്നു. തന്റെ സംശയങ്ങളെയും പ്രതീക്ഷകളെയും പ്രതിഫലിപ്പിച്ചു കൊണ്ട്, ലോകമാനവികതക്ക് വേണ്ടി, ഒരിക്കല്‍ കൂടി തന്റെ വിജയഗാഥകള്‍ അദ്ദേഹം പാടി. ഒടുവില്‍ കാറ്റ് സ്റ്റീവന്‍സും യൂസുഫും ഒന്നായിത്തീര്‍ന്നിരിക്കുന്നു.

ലോകത്തെ മുഴുവന്‍ സ്ത്രീ പുരുഷന്മാര്‍ക്കും അദ്ദേഹത്തിന്റെ ജീവിതകഥയില്‍ ശക്തമായ ഒരു പാഠമുണ്ട്. മതകാര്യങ്ങള്‍ പരാമര്‍ശിക്കുന്നത് കൊണ്ടോ, സംഗീതോപകരണങ്ങള്‍ ഉപയോഗിക്കാത്തതിനാലോ, ഖുര്‍ആന്റെയോ മറ്റു മതഗ്രന്ഥങ്ങളുടെയോ അടിസ്ഥാനത്തില്‍ ഉള്ളതായതിനാലോ ‘ഇസ്‌ലാമികം’ എന്ന് കരുതപ്പെടുന്ന സ്‌തോത്രഗീതങ്ങള്‍ നാമിപ്പോള്‍ കേള്‍ക്കുന്നു. അത്തരം സ്‌തോത്രഗീതങ്ങള്‍ മാത്രമാണ് ഇസ്‌ലാമില്‍ അനുവദനീയം എന്നാണ് പലരും കരുതുന്നത്. അംഗീകരിക്കപ്പെടുന്ന സര്‍ഗാത്മകതയുടെ ഏക രൂപം. ഇത്തരം സമീപനം സ്വീകരിക്കുന്ന പണ്ഡിതന്മാര്‍ സമുദായത്തിലുണ്ട്. എന്നാല്‍ ഏകകണ്ഠമല്ല ഈ കാഴ്ചപ്പാട്. 1996ല്‍ ഞാനെഴുതിയ ടു ബി എ യൂറോപ്യന്‍ മുസ്‌ലിം എന്ന കൃതിയില്‍ ഇത്തരം കാഴ്ചപ്പാടുകളെ ഞാന്‍ വിശകലനം ചെയ്യുകയും ഇസ്‌ലാമില്‍ സംഗീതത്തിന്റെ സ്ഥാനത്തെക്കുറിച്ച് വ്യക്തമായ നിലപാടെടുക്കുകയും ചെയ്തിരുന്നു. അത് അനുവദനീയമാണെന്ന് മാത്രമല്ല എന്റെ വാദം; മുസ്‌ലിം സ്ത്രീപുരുഷന്മാര്‍ ഭാവനയുടെ എല്ലാ മാനങ്ങളോടും കൂടി കലയുമായും സര്‍ഗാത്മകതയുമായും ചേര്‍ന്ന് പോവേണ്ടതുണ്ട് എന്ന് കൂടിയാണ്.

സങ്കുചിതമായ മതസങ്കല്‍പങ്ങളാല്‍ നയിക്കപ്പെടുന്ന അവര്‍ , തങ്ങളുടെ ‘ഇസ്‌ലാമികം’ എന്ന വിശേഷണച്ചങ്ങലകളാല്‍ വിലങ്ങ് വെക്കപ്പെട്ടു കൂടാത്തതാണ്. അതവരെ ഒറ്റപ്പെടുത്തും, ശ്വാസം മുട്ടിക്കും, കലയിലും സംഗീതത്തിലും ചിത്രരചനയിലും, ശില്‍പകലയിലും സാഹിത്യത്തിലുമെല്ലാമുള്ള അവരുടെ സൃഷ്ടിപരമായ വാസനകളെ നശിപ്പിച്ചു കളയും. മുസ്‌ലിംകള്‍ തങ്ങളുടെ നിലപാടുകള്‍ക്ക് നിരന്തരമായി ന്യായങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. സാമ്പ്രദായിക രീതികളോട് സമരസപ്പെടാനും സംതൃപ്തിയടയാനുമായി എല്ലാറ്റിനെയും ‘ഇസ്‌ലാമികം’ എന്ന് വിശേഷിപ്പിക്കുന്നത് തങ്ങളുടെ ബാധ്യതയാണെന്നവര്‍ കരുതുന്നു. നമ്മുടെ ധാര്‍മികമായ ആകുലതകള്‍ ഹലാലിന്റെയും ഹറാമിന്റെയും അനുവദനീയവും നിഷിദ്ധവും നിയമങ്ങള്‍ സംബന്ധിച്ച മന:പീഡകളായി നമ്മുടെ മേല്‍ തൂങ്ങി നില്‍ക്കരുത്.
ഇങ്ങനെ നോക്കുമ്പോള്‍, മാനവികതയെയും സ്‌നേഹത്തെയും നീതിയെയും ജീവിതത്തിന്റെ അര്‍ഥതലങ്ങളെക്കുറിച്ച അന്വേഷണത്തെയും സമാധാനത്തെയും ഉയര്‍ത്തിപ്പിടിക്കുന്ന ഏത് ഗാനവും കലാപരമായ ഏത് ആവിഷ്‌കാരവും പൂര്‍ണമായും ഇസ്‌ലാമിക ധാര്‍മികതയോട് ചേര്‍ന്നുനില്‍ക്കുന്നവയാണ്. അവ അനുവദനീയമാണെന്ന് ആരും സാക്ഷ്യപ്പെടുത്തേണ്ട ആവശ്യമില്ല. മനുഷ്യപ്രതീക്ഷകളെയും നന്മകളെയും അഭിവൃദ്ധിയെയുമെല്ലാം അനുഭവിക്കാന്‍ കഴിയേണ്ടതും തൊട്ടറിഞ്ഞ് ജീവിക്കാന്‍ സാധിക്കേണ്ടതുമാണ്; കടിഞ്ഞാണിടുകയും ഒടുവില്‍ നശിപ്പിക്കുകയും ചെയ്യുന്ന നിയമപരമായ ചട്ടക്കൂടുകളൊന്നും അതിന്നാവശ്യമില്ല. ആത്യന്തികമായ ധാര്‍മിക ലക്ഷ്യങ്ങളുടെ കലാപരമായ ആവിഷ്‌കാരം, മാനസികമായ സങ്കുചിതത്വത്തിന്റെ പരിമിതികള്‍ക്കുമപ്പുറത്താണ് സ്ഥിതി ചെയ്യുന്നത്. അത് മനുഷ്യരാകമാനം അമൂല്യമെന്ന് കരുതുന്ന എല്ലാ സാര്‍വലൗകിക ഗുണങ്ങളെയും ഒരുമിച്ച് കൂട്ടുന്നു; അതിലൂടെ മനുഷ്യര്‍ക്ക് തങ്ങള്‍ അഭിവൃദ്ധി പ്രാപിച്ചതായും തങ്ങളുടെ മാനസിക ചക്രവാളങ്ങള്‍ വികസിച്ചതായും കൂടുതല്‍ ചലനാത്മകമായതായും കൂടുതല്‍ മാനവികതയും സമാധാനബോധവും ഉള്‍ക്കൊണ്ടതായും അനുഭവപ്പെടുന്നു. ശ്രവണമധുരമായ ഏതോ ഒരു ശബ്ദത്താല്‍ , കലാവിരുതുള്ള ഏതോ വിരലുകളാല്‍, ഒരു തൂലികയാല്‍ , ഒരു ബ്രഷിനാല്‍ തങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടതായി അവര്‍ക്കനുഭവപ്പെടുന്നു. സംഗീതം ഒരു പ്രാര്‍ഥനയാവാം; ചിത്രരചന ഒരു പാതയാവാം; ഗാനം ഒരു കഥാകഥനമാവാം. കാരണം, കല മനുഷ്യകുലത്തിന്റെ ഹൃദയത്തോടും അതിന്റെ വേദനകളോടും പ്രതീക്ഷകളോടും പുഞ്ചിരികളോടും കണ്ണുനീരിനോടും ആഗ്രഹാഭിലാഷങ്ങളോടുമാണ് സംസാരിക്കുന്നത്. മനുഷ്യകുലത്തിന്റെ സാര്‍വലൗകിക ഭാഷയാണത്. ഒരു യുക്തിയുടെ ഭാഷക്കും സംസ്‌കാരങ്ങള്‍ക്കും നല്‍കാനാവാത്ത പലതും ഭാവനയിലൂടെയും വികാരത്തിലൂടെയും ഹൃദയാവിഷ്‌കാരങ്ങളിലൂടെയും കലക്ക് സാധിക്കാനാവും.

സൂഫീ സങ്കല്‍പങ്ങള്‍ വളരെ മുമ്പ് തന്നെ നമ്മെ പഠിപ്പിച്ച ഒരു വിരോധാഭാസം പോലെ, കാറ്റ് സ്റ്റീവന്‍സ് യൂസുഫ് ആകുന്നതിന് മുമ്പ് തന്നെ, യൂസുഫ് എന്നും കാറ്റ് സ്റ്റീവന്‍സിന്റെ ഭാഗമായിരുന്നു. കാറ്റ് സ്റ്റീവന്‍സിന്റെ രഹസ്യങ്ങള് യൂസുഫ് കണ്ടെത്തുകയും മനസ്സിലാക്കുകയും ചെയ്യുന്നതിന് വേണ്ടി യൂസുഫിനെ തേടി കാറ്റ് സ്റ്റീവന്‍സ് സഞ്ചരിക്കേണ്ടത് ആവശ്യമായിരുന്നു. ഒടുവില്‍ അന്വേഷണവും പാതയും സംഗമിച്ചു: ഇപ്പോള്‍ കലാകാരനും വിശ്വാസിയും ഒരേ സ്വരത്തില്‍ പാടുന്നു. വിശ്വാസവും കലയും സൗന്ദര്യത്തിന്റെ സുഹൃത്തുക്കളാണ്. ഒടുവില്‍ അവയൊരുമിച്ച് ഒരു പ്രണയകഥ രചിക്കുന്നു. ”ദൈവം സുന്ദരനാണ്; സുന്ദരമായതിനെ അവന് ഇഷ്ടപ്പെടുന്നു.” സുന്ദര രചനകള്‍് നടത്തുന്നവരെ അവന്‍ സ്‌നേഹിക്കുന്നു. പ്രതീക്ഷകളുടെ മിത്രങ്ങളാണവര്‍ ; ജീവിതത്തിന്റെ അര്‍ത്ഥം തേടുന്നവര്‍ .

Translator: കെ സി സലിം

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting