banner ad
July 25, 2012 By സിയാവുദ്ദീന്‍ സര്‍ദാര്‍ 0 Comments

എന്തുകൊണ്ടാണു മുസ്‌ലിംകള്‍ മഹാ ബോറന്‍മാരാവുന്നത്?

കഴിഞ്ഞ 25 വര്‍ഷമായി എന്റെ ഭാര്യ ഞങ്ങള്‍ താമസിക്കുന്നതിനടുത്തുള്ള ഒരു സ്‌കൂളില്‍ ചെറിയ രീതിയില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ശാരീരിക വൈകല്യം സംഭവിച്ചവരോ പ്രത്യേകമായി കെട്ടിപ്പടുത്ത ഒരു പോഷണാന്തരീക്ഷത്തില്‍ പഠനത്തോടൊപ്പം സൂക്ഷ്മമായ പരിചരണവും വേണ്ടവരോ ആയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു സ്‌പെഷ്യല്‍ സ്‌കൂളാണത്. എല്ലാ വര്‍ഷവും റമളാനിന്റെ ആരംഭത്തില്‍ വിശുദ്ധ മാസത്തെ വരവേല്‍ക്കാനും ആഘോഷിക്കാനുമായി സ്‌കൂളില്‍ പ്രത്യേക അസംബ്ലി വിളിച്ചു ചേര്‍ക്കും. എന്നാല്‍ വര്‍ഷം തോറും എനിക്ക് യാതൊരു മാറ്റവുമില്ലാതെ അനുഭവപ്പെടുന്ന ഒരു സംശയമുണ്ട്, എന്ത് കൊണ്ടാണ് മുസ്‌ലിംകള്‍ മഹാ ബോറന്‍മാരാകുന്നത്.

ഈ അസംബ്ലിയില്‍ കാണാനാവുക ഖുര്‍ആനിന്റെ കോപ്പികള്‍ , രണ്ട് നിസ്‌കാരപ്പായകള്‍ , പിന്നെ എന്തെങ്കിലുമൊരു പോസ്റ്റര്‍ എന്നിവയാണ്. കൂട്ടത്തില്‍ ഖുര്‍ആന്‍ പാരായണം പശ്ചാത്തലത്തിലുമുണ്ടാവും. നേരെ മറിച്ച് ദീപാവലിക്ക് വേണ്ടി ജനങ്ങള്‍ ഒത്തു കൂടുമ്പോള്‍ അവിടെ വര്‍ണങ്ങളുടെ  പൂരമായിരിക്കും. വിവിധ അലങ്കാര വസ്ത്രങ്ങള്‍ ധരിച്ച് ആട്ടും പാട്ടുമായാണ് അവരൊക്കെ ആഘോഷിക്കുക. ചൈനീസ് പുതുവര്‍ഷമായ ഡിറ്റോയും ഇതു പോലെ തന്നെ. സ്വാഭാവികമായും  ഈ ആഘോഷവേളകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ അത് നന്നായി ആസ്വദിക്കുകയും റമദാനില്‍ നിന്ന് വ്യത്യസ്തമായി അവയെ ആവേശപൂര്‍വം മുന്നോട്ടു കൊണ്ടു പോവുകയും ചെയ്യും.

ഈ കുട്ടികളോട് എനിക്ക് സഹതാപം തോന്നാറുണ്ട്. നമ്മള്‍ മുസ്‌ലിംകള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ അത്ര നല്ലവരല്ല. ഓരോ സന്ദര്‍ഭങ്ങളിലും റോബോട്ടുകളെ പോലെ പ്രവര്‍ത്തിക്കുന്ന രീതിയില്‍ നമ്മുടെ മതത്തെ വെറും ചില ആചാരങ്ങളുടെ കെട്ടായി ചുരുക്കിയിരിക്കുന്നു നാം. മുസ്‌ലിംകള്‍ക്ക് വല്ല ആഘോഷ സന്ദര്‍ഭവും വന്നാല്‍ അവര്‍ നേരെ പോയി കുറച്ച് എക്‌സ്ട്രാ ഇബാദത്തെടുക്കും!. യഥാര്‍ത്ഥത്തില്‍ , സന്തോഷവും ആനന്ദവും നല്‍കുന്ന എന്തിനെയും  മതത്തിന്റെ പുറത്തേക്ക് മാറ്റി നിര്‍ത്തുന്ന ചിലരുണ്ട് നമുക്കിടയില്‍ . എപ്പോഴും ചില പിന്തിരിപ്പന്‍ ‘ഇസ്‌ലാമിക ഭരണവ്യവസ്ഥ’ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍ . സംഗീതം നിശിദ്ധമാണെന്നവര്‍ പ്രഖ്യാപിക്കുന്നു, സിനിമാശാലകള്‍ അടച്ചു പൂട്ടുന്നു, നാടകവും നൃത്തവും നിരോധിക്കുന്നു, കലയെയും ഭാവനയെയും തള്ളിപ്പറയുന്നു. അത്ഭുതപ്പെടാനില്ല, ഇങ്ങനെയൊക്ക വരുമ്പോള്‍ മുസ്‌ലിംകളുടെ മനുഷ്യപ്രകൃതിയില്‍ എന്തൊക്കെയോ കുറവുകളുണ്ടെന്ന് മറ്റുള്ളവര്‍ സ്വാഭാവികമായും കരുതുന്നു.

ഒരു സമൂഹം,അതെത്ര തന്നെ സത്യം ഉള്‍ക്കൊള്ളുന്നതാണെങ്കിലും ബഹുഗുണ വിവരപ്പട്ടികയില്‍ സംസ്‌കാരം ഇല്ലെങ്കില്‍ നിലനില്‍ക്കില്ലെന്നത് നിസ്സംശയം. പ്രാര്‍ത്ഥനകളും ആചാരങ്ങളും നമ്മെ വിശ്വാസികളും സദ്‌വൃത്തരുമാക്കിയേക്കാം. പക്ഷേ നമ്മുടെ മനുഷ്യത്വത്തെ വ്യക്തമാക്കുന്നത് സംസ്‌കാരപ്രകടനമാണ്. നമുക്ക് പ്രാര്‍ത്ഥനയും ആചാരങ്ങളും മാത്രം മതി എന്ന് പറയുകയെന്നാല്‍ സ്വയം ചെറുതാവലാണ്. ഒരു മനുഷ്യനെന്ന നിലയ്ക്ക്  സാംസ്‌കാരികപരിപോഷണം, മാനസികമായ അവ്യക്തചിന്തകളെയും വികാരങ്ങളെയും ചേതോവികാരങ്ങളെയും  പ്രകടിപ്പിക്കനുള്ള ത്വര, ഇവയെല്ലാം നമുക്ക് സഹജമാണ്. കൂടാതെ, നമ്മള്‍ വിനോദിക്കുകയും നമ്മിലെ നല്ലതിനെ തിരിച്ചറിയുകയും പാകപ്പിഴകളെ മനസ്സിലാക്കി ഞെട്ടുകയും നിന്ദയും സന്തോഷവും ആശയവിനിമയം നടത്തുകയും വേണം. എല്ലാ സംസ്‌കാരപ്രകടനങ്ങളെയും മാറ്റിനിര്‍ത്തുകയാണെങ്കില്‍ നമ്മളെങ്ങനെയാണ് ഇവ ചെയ്യാന്‍ പോവുന്നത്?

സംഗീതം നിശിദ്ധമാണെന്ന പരിഹാസ്യകരമായ നിര്‍ദ്ദേശം ഉദാഹരണമായെടുക്കുക. ഇതു ശരിയായിരുന്നെങ്കില്‍, ദൈവം നമുക്ക് അനുഗ്രഹീതമായ സംസാരശേഷി നല്‍കിയെന്നതിന്റെ വിധിയെന്താണ്? മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മെ മനുഷ്യനാക്കുന്ന പഞ്ചേന്ദ്രിയത്തെ മേല്‍വിചാരം നടത്തേണ്ടിയിരിക്കുന്നു. ഉപനദികളും താഴ്‌വാരങ്ങളും വരെ സംഗീതം കൊണ്ട് സചേതനമാക്കപ്പെട്ട ഇസ്‌ലാമിക ചരിത്രവും അപ്പോള്‍ കളവായെന്നുവരും. വാസ്തവത്തില്‍, ഗിറ്റാര്‍ എന്ന പ്രധാന സംഗീതോപകരണം മുസ്‌ലിം സ്‌പെയിനില്‍ കണ്ടുപിടിക്കപ്പെട്ടതാണ്. ഇസ്‌ലാമിക ദര്‍ശനത്തിലെ പ്രധാന ഭാഗമായ സൂഫിസത്തില്‍ സംഗീതത്തിനുള്ള പങ്കിനെയും സ്വാധീനത്തെയും കുറിച്ച് പറയേണ്ടതില്ല. ദൈവവുമായുള്ള സാമീപ്യം ലഭിക്കുന്നതിനായി ഇവര്‍ സംഗീതത്തെ ചര്യയായിത്തന്നെ ഉപയോഗിച്ചു വന്നിരുന്നു.

ഇത്ര തന്നെ അബദ്ധങ്ങള്‍ നിറഞ്ഞതാണ് ഇസ്‌ലാം ബിംബങ്ങളെ (ഇമേജ്) എതിര്‍ക്കുന്നുവെന്ന വാദം. ഇത്തരക്കാര്‍ ഇമേജുകളുമായി ബന്ധമുള്ള സിനിമ, ടെലിവിഷന്‍, പെയിന്റിംഗ്, ശില്‍പകല എന്നിവയെല്ലാം   ഇസ്‌ലാമിക സമൂഹങ്ങളില്‍ വിലക്കപ്പെടണമെന്ന് ശഠിക്കുന്നു. ഇസ്‌ലാം വിഗ്രഹാരാധനയെ എതിര്‍ക്കുന്നുവെന്നത് ശരി തന്നെ, എന്നാല്‍ സിനിമയിലെ ബിംബങ്ങളെയും മറ്റും ആരാധിക്കാന്‍ മാത്രം വിഡഢികളാണ് മുസ്‌ലിംകള്‍ എന്നു പറയുന്നത് ശരിക്കും വങ്കത്തമാണ്. ഇമേജുകള്‍ നിറഞ്ഞ ഒരു കാലത്ത്, ആശയപ്രചരണത്തിന് കാഴ്ചകളെയും ബിംബങ്ങളെയും ഫലപ്രദമായും വ്യാപകമായും ഉപയോഗിക്കുന്ന ഈ കാലത്ത്, ജനങ്ങളെയും സമൂഹങ്ങളെയും ചിത്രീകരിക്കാനും അവരുടെ ശക്തിയും ഔന്നിത്യവും വെളിവാക്കാനും ഇവയ്ക്കാകുമെന്നിരിക്കെ ഇവ കൂടാതെ മുസ്‌ലിംകള്‍ക്ക് നിലനില്‍ക്കാനാകുമെന്ന് പറയുന്നത് ആത്മഹത്യാപരമായിരിക്കും.

സംസ്‌കാരമാണ് (Culture) ശക്തി എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ സമകാലിക ലോകത്ത് ശക്തി നിര്‍ണയിക്കുന്നതില്‍ കള്‍ച്ചര്‍ തന്നെയാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഘടകം. ബോളിവുഡിന്റെ സ്വാധീനം തന്നെ നോക്കൂ, ബ്രിട്ടണില്‍ മാത്രമല്ല ലോകത്തെ മുഴുവന്‍ ഭാഗങ്ങളിലും ആ ഒരു സംസ്‌കാരത്തിന്റെ പ്രതിഫലനമുണ്ട്. ലോകത്താകമാനം അമേരിക്കന്‍ സംസ്‌കാരം വളര്‍ത്തുന്നതില്‍ ഹോളിവുഡ് സിനിമകള്‍ വഹിക്കുന്ന പങ്ക്  ശ്രദ്ധിച്ചിട്ടില്ലേ? അതുപോലെ ചൈനീസ് ആര്‍ട്ട് സിനിമകളും ഹോങ് കോങ് ആക്ഷന്‍ ചിത്രങ്ങളും ഹോളിവുഡിനെത്തന്നെ മാറ്റിമറിക്കുന്നത് ശ്രദ്ധേയമല്ലേ?. ജനകീയവും ഗൗരവമുള്ളതുമായ യൂറോപ്യന്‍ ഫിക്ഷനുകള്‍ ലോകത്തുണ്ടാക്കുന്ന ഇംപാക്ട് ചെറുതല്ല. വിവിധ സമൂഹങ്ങള്‍ അവരുടെ പരാധീനതകളെ ഉയര്‍ത്തിക്കാണിക്കാനും അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാനും കലയെ എങ്ങനെയെല്ലാം ഉപയോഗിക്കുന്നുവെന്ന് ചിന്തിച്ച് നോക്കൂ.  എല്ലായിടത്തും സംഗീതവും ഡാന്‍സും ജനങ്ങളെ ഒന്നിപ്പിക്കുന്നത് ശ്രദ്ധിച്ചു നോക്കൂ.

സംസ്‌കാരവും പ്രതിരോധത്തിനുള്ള ഒരു മാര്‍ഗമാണ്. ലോകത്താകമാനം കൊക്കോകോളയും മക്‌ഡൊണാള്‍ഡും സൃഷ്ടിച്ചെടുത്ത മാസ് കള്‍ച്ചറിനെ പ്രതിരോധിക്കണമെങ്കില്‍ നമ്മുടെ സ്വന്തം സാംസ്‌കാരികോല്‍പന്നങ്ങള്‍ തന്നെ ഇറക്കേണ്ടി വരും. അങ്ങനെയിരിക്കെ നമ്മുടേതായ ഒന്നും ഉത്പാദിപ്പിക്കാതെ, കലയുടെയും വാസ്തുശില്‍പശാസ്ത്രത്തിന്റെയും മുഴുവന്‍ രൂപങ്ങളെയും സിനിമ, ഫിക്ഷന്‍, നാടകം, നൃത്തം എന്നിവയെയുമെല്ലാം അവഗണിച്ച് മുന്നോട്ടു പോകുകയാണെങ്കില്‍ പ്രതിരോധം എന്ന വണ്ണം ലോകത്തിന് വാഗ്ദാനം ചെയ്യാന്‍ നമ്മുടെ കൈയ്യില്‍ ഒന്നുമുണ്ടാവില്ല. ഒടുവില്‍ എല്ലാ അവസരത്തിലും നമ്മോടൊപ്പമള്ള ഇരകളാണെന്ന ബോധം മാത്രമേ ഒരുപക്ഷെ ഇവിടെയുമുണ്ടാവൂ.

അവസാനമായി, സാംസ്‌കാരികപ്രകടനമെന്നത് ദൈവത്തിന് നന്ദി കാണിക്കല്‍ കൂടിയാണ്. ഞാന്‍ ഒരു ഖവാലിയോ സിതാറോ കേള്‍ക്കുകയാണെങ്കില്‍ , ഏറ്റവും പുതിയ ഇറാനിയന്‍ മാസ്റ്റര്‍ പീസ് സിനിമ കാണുകയാണെങ്കില്‍ , ഏതെങ്കിലും മികച്ച ആര്‍ട്ടിലേക്ക് നോക്കുകയാണെങ്കില്‍ , ഉള്‍ക്കാഴ്ച നല്‍കുന്ന നല്ലൊരു നോവല്‍ വായിച്ചു കഴിഞ്ഞാല്‍ ഒക്കെ ചെയ്യുന്നത് സംതൃപ്തനായി അല്‍ഹംദുലില്ലാഹ് (ദൈവത്തിന് സ്തുതി) എന്ന് പറയുകയാണ്. ദൈവം അവന്റെ അനന്തമായ കൃപ കൊണ്ട് അവനവനെ സമ്പന്നമാക്കാനുള്ള അനവധി ഗംഭീര മാര്‍ഗങ്ങള്‍ നമുക്ക് നല്‍കിയിട്ടുണ്ട്. അതുപോലെ അവന്റെ ദൃഷ്ടാന്തങ്ങളെ കാണുവാനും അവന്റെ സാന്നിധ്യം അനുഭവിക്കാനുമുള്ള നിരവധി വഴികളും.

സംസ്‌കാരപ്രകടനത്തെ അടിച്ചമര്‍ത്തുക എന്നത് ഒരുതരം നന്ദികേടാണ്. അത് ദൈവത്തിന്റെ അനുഗ്രഹത്തെ നിഷേധിക്കലാണ്.

Translator: ഫായിദ വാണിമേല്‍

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting