ഇസ്താംബുള്‍ പാടുമ്പോള്‍
ഇസ്താംബുള്‍ പ്രതീകങ്ങളുടെ നഗരമാണ്. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഗൃഹാതുരയും ആധുനികമതേതരത്വത്തിന്റെ മൂല്യങ്ങളും സഹശയനം നടത്തുന്ന വിചിത്രശീലങ്ങളുടെ സുന്ദര നഗരം. അതിന്റെ തെരുവുകളില്‍ കിഴക്കും പടിഞ്ഞാറും നിരന്തരം കണ്ടുമുട്ടുകയും കൂടിക്കലരുകയും ചെയ്യുന്നു. പാശ്ചാത്യ-പൗരസ്ത്യ നാഗരികതകളുടെ സാമഞ്ജസം ഇതിലും ഹൃദ്യമായി അനുഭവപ്പെടുത്തുന്ന മറ്റിടങ്ങള്‍ കുറവാണെന്നു പറയാം. മഹത്തായ ഇസ്താംബുള്‍ നഗരത്തിന്റെ സംഗീതപാരമ്പര്യത്തിന് ഒരു സ്‌നേഹോപഹാരമാണ് വിശ്രുത ജര്‍മന്‍ -ടര്‍ക്കിഷ് ചലച്ചിത്രകരനായ ഫതീഹ് അകീന്‍-ന്റെ ‘ക്രോസിങ് ദ ബ്രിഡ്ജ്: ദ സൗണ്ട് ഒഫ് ഇസ്താംബുള്‍ ‘ എന്ന ഒന്നരമണിക്കൂര്‍ ഡോക്യൂമെന്റെറി.
തുര്‍ക്കിയുടെ സംഗീതം ഭ്രമിപ്പിക്കുന്നതാണ്. അത് കേള്‍ക്കുന്നവരുടെ സിരകളില്‍ ലഹരിയായി നിറയും. കേള്‍ക്കുന്തോറും അകത്തുനിന്ന് ചുറ്റിവരിയുന്ന മാസ്മരികമായ ഒരപ്രതിരോധ്യതയുണ്ടതിന്. ഈ ചലച്ചത്രം ഇസ്താംബുളിലെ സംഗീതത്തെ വിശേഷിച്ചും, തുര്‍ക്കിയുടെ സംഗീതപാരമ്പര്യങ്ങളെ പൊതുവായും ശേഖരിക്കാനും അടയാളപ്പെടുത്താനുമുള്ള ഒരു ഉത്ക്കടമായ ശ്രമമാണ്. ഒരര്‍ത്ഥത്തില്‍ അകീന്‍-ന്റെ വളരെ വ്യകതിപരമായ സിനിമയാണിത്. അദ്ദേഹം തന്റെ പ്രിയഗാനങ്ങളെയും ഇഷ്ടഗായകരെയും ലോകത്തിന് സമ്മാനിക്കുകയാണിവിടെ. അതീവ സര്‍ഗാത്മകമായും പ്രചോദനാത്മകമായും.
ബോസ്ഫറസ് നദിയിലെ നീലജലനിരപ്പില്‍ ഇളകുന്ന തെളിഞ്ഞ ഒാളങ്ങളുടെ മുകളില്‍ നിന്നുള്ള ഒരു വിദൂരദൃശ്യത്തിലാണ് സിനിമ ആരംഭിക്കുന്നത്. നഗരത്തിന്റെ രണ്ടുകരകളെ ബന്ധിപ്പിക്കുന്ന പാലമാണ് അടുത്ത ദൃശ്യം. സൗണ്ട് ട്രാക്കിലെ ദ്രുതതാളം നിങ്ങളെ പിടിച്ചിരുത്താന്‍ തുടങ്ങുന്നു. സംസ്‌കാരങ്ങളെ, വന്‍കരകളെ, ജീവിത വീക്ഷണങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രതീകമാണ് പാലം. തുര്‍ക്കിയുടെയും ഇസ്താംബുളിന്റെയും രൂപകമായും ഇതിനെ വായിക്കാം. സംഘര്‍ഷമെന്ന ആശയം ഇവിടെ തിരസ്‌കരിക്കപ്പെടുന്നു. പാരസ്പര്യത്തിന്റെയും പരസ്പരാശ്രിതത്വത്തിലുമൂന്നിയ നിലനില്‍പ്പാണിവിടെ ജീവിതം. അതിന്റെ ഊടും പാവുമാണ് സംഗീതം.

ഫതീഹ് അകീന്‍
സിനിമയുടെ ആഖ്യാനം വികസിക്കുന്നത് സംവിധായകന്റെ സുഹൃത്തായ അലക്സാണ്ടര്‍ ഹാക്കിലൂടെയാണ്. ഫതീഹിന്റെ മുന്‍ചിത്രമായ ‘ഹെഡ്ഡ്-ഓണിനു’ വേണ്ടി ഒരു ഗാനം ചിട്ടപ്പെടുത്താനാണ് ജര്‍മ്മന്‍ ബാസിസ്റ്റായ അലക്സാണ്ടര്‍ ഹാക്ക് ആദ്യമായി ഇസ്താംബുളില്‍ വരുന്നത്. ഹാക്ക് ഇപ്പോള്‍ വരുന്നത് ശബ്ദലേഖനത്തിനാവശ്യമായ സമസ്ത ഉപകരണങ്ങളും കൊണ്ടാണ്. നഗരശബ്ദങ്ങളെ പകര്‍ത്തുന്ന ഹാക്ക് ഇസ്താംബുളിലെ അത്യാകര്‍ഷകവും അവിസ്മരണീയവുമായ സംഗീതബാന്‍ഡുകളിലേക്കും ഗായകരിലേക്കും നമ്മെ ഘട്ടംഘട്ടമായി നയിക്കുന്നു. ഡോക്യുമെന്ററികളുടെ സാമ്പ്രദായികമായ ദുര്‍നടപ്പുകളൊന്നുമില്ലാത്ത ഈ ചലച്ചിത്രം അകിന്‍ന്റെ പ്രതിഭാധനമായ ദൃശ്യബോധത്തിന്റെ സാക്ഷ്യം കൂടിയാണ്. സംഗീതവും ദൃശ്യവും അതു രണ്ടിലും അടയാളപ്പെടുന്ന മനുഷ്യരും ചേര്‍ന്ന് ഹൃദ്യമായ ഒരനുഭവമായിത്തീരുന്നു ഈ ചലച്ചിത്രം.
‘ക്രോസിങ് ദ ബ്രിഡ്ജ്’ അവതരിപ്പിക്കുന്ന സംഗീതകാരന്മാരുടെ നിര നീണ്ടതാണ്. ഒരു ജനതയെ- അവരുടെ നാഗരികതയെയും സംസ്‌കാരത്തെയും മനസിലാക്കണമെന്നുണ്ടെങ്കില്‍ നിങ്ങളവരുടെ സംഗീതം ശ്രദ്ധിച്ചാല്‍ മതിയെന്ന് ഒരു തെരുവുഗായകന്‍ സിനിമ തുടങ്ങുമ്പോഴേ പറയുന്നുണ്ട്. നമ്മള്‍ ആദ്യം പരിചയപ്പെടുന്ന ബാന്റ് ബാബാബാസുലയാണ്. പശ്ചാത്തലങ്ങള്‍ സംഗീതത്തെ സ്വധീനിക്കുമെന്ന് കരുതുന്നവരാണവര്‍ . ഡബ്ള്‍ മൂണ്‍, ഓറിയന്റ് എക്‌സ്പ്രഷന്‍സ്, ഡുമാന്‍, റെപ്ലിക്കാഡ്, സെസ, ഇസ്താംബുള്‍ സ്റ്റൈല്‍ ബ്രയ്‌ക്കേഴ്‌സ് എന്നു തുടങ്ങി അനേകം ബാന്റുകളുടെ കൊതിപ്പിക്കുന്ന പ്രകടനങ്ങളിലേക്ക് നമ്മളെ ഹാക്കും അകിനും കൂട്ടിക്കൊണ്ടുപോകുവുകയാണ് പിന്നീട്. ഇടക്ക് കയറിവരുന്ന തെരുവുഗായകരും അവരുടെ ജീവിതവും ജീവിതനിരീക്ഷണങ്ങളും തുല്യപ്രധാന്യമുള്ളവയാണ്. ഇസ്താംബുള്‍ നഗരജീവിതത്തിന്റെ സൂക്ഷ്മപരിഛേദങ്ങളെ തെരുവുദൃശ്യങ്ങളുടെ തുടര്‍വിന്യാസങ്ങള്‍ നാവിലെത്തിക്കുമ്പോള്‍ സാമൂഹികശാസ്ത്രപരമായ ഉള്‍ക്കാഴ്ചകള്‍ കൂടി അത് പങ്കുവെക്കുന്നു. തുര്‍ക്കിഷ് വാണിജ്യസിനിമകളില്‍ നിന്നും യഥാര്‍ത്ഥ ചരിത്രസന്ദര്‍ഭങ്ങളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ അനുയോജ്യമായും സര്‍ഗാത്മകമായും ഉപയോഗിച്ചത് രാഷ്ട്രീയവും സാംസ്‌കാരികവുമായ വ്യാഖ്യാനങ്ങളിലേക്ക് നമ്മെ വഴിനടത്തുന്നു.

മെര്‍സാന്‍ ദിദെ
ഇസ്താംബുളിന്റെ ഐതിഹാസിക ഗായകരാണ് മെര്‍സാന്‍ ദിദെയും എര്‍കിന്‍ കോറേയും ഒര്‍ഹാന്‍ ഗെഞ്ചെബേയും അയ്നുര്‍ദുഗാനും. ഒരു തലമുറയിലെ ഗായകരുടെയും സംഗീതജ്ഞരുടെയും പിതൃസ്ഥാനത്ത് എവര്‍ അവരോധിച്ചയാളാണ് എര്‍കിന്‍ . അദ്ദേഹത്തിന്റെ പഴയ ഷോട്ടുകളില്‍ നിന്ന് കട്ടുചെയ്ത് ലൈവ് പെര്‍ഫോമന്‍സിലേക്കെത്തുന്ന ഭാഗം ശ്രദ്ധേയമാണ്. ആഹ്ലാദത്തോടെ തന്നെ ശ്രവിക്കുന്ന മിക്കവാറും യുവതി യുവാക്കളുടെ ഒരാള്‍കൂട്ടത്തിനു മുന്നിലെ വേദിയില്‍ നിന്ന് വൃദ്ധനായ ഈ മനുഷ്യന്‍ ഏകാന്തതയെയും സ്‌നേഹത്തെയും കുറിച്ച് പാടുന്നു. ശബ്ദത്തിലും പെരുമാറ്റത്തിലും ആഴമുള്ള ഒരസാധാരണത്വമുണ്ട് അയാള്‍ക്ക്. ആ അവതരണത്തിന് ക്യാമറ കൊണ്ടല്ലാതെ സാക്ഷിയാവാന്‍ കഴിഞ്ഞില്ലല്ലോ എന്ന് നമുക്ക് ഒരു നിമിഷം സങ്കടം തോന്നും. ക്യാമറയിലൂടെയെങ്കിലും കാണാനായല്ലോ എന്ന് പിന്നെ ആശ്വസിക്കുകയും ചെയ്യും.
മെര്‍സാന്‍ ദിദെയാണ് മറ്റൊരാള്‍ . അദ്ദേഹത്തിന്റെ സവിശേഷമായ ഓടക്കുഴലിന് അഭൗമമായ ഒരാത്മീയഭാവമുണ്ടെന്ന് കേട്ടവര്‍ക്കൊക്കെ അറിയാം. അയാള്‍ പുറപ്പെടുവിക്കുന്ന മാന്ത്രികശബ്ദവീചികള്‍ ഉള്ളിലെവിടെയോ ചെന്നുതൊടാതെ നിങ്ങള്‍ക്കയാളെ ശ്രവിക്കാനാവില്ല. സ്വര്‍ഗീയമായ ഒരു സാന്ത്വനഗീതിയായത് ഒഴുകുന്നു. ഈ ലോകത്തിന്റെ കേവലനശ്വരകളെ വിനീതസങ്കീര്‍ണമായി അതിലംഘിക്കുന്ന മൃദുഗാംഭീര്യമുണ്ട് അയാളുടെ ചലനങ്ങള്‍ക്കൊക്കെയും. അയാളുടെ സംഗീതത്തെ പൂരിപ്പിച്ചുകൊണ്ട് വേദിയില്‍ നൃത്തമാവുന്ന ദര്‍വിഷും താളാത്മകമായി കടന്നുപോകുന്ന ദീപവിന്യാസവും അസൂയവഹമാണ്.

അയിനുര്‍ദുഗാന്‍
അയ്നുര്‍ദുഗാന്റെ ശബ്ദം അവരുടെ ആത്മാവിന്റെ ആഴങ്ങളില്‍ നിന്നാണു പുറപ്പെടുന്നതെന്നു വേണമെങ്കില്‍ വാദിക്കാം. വെറും ആലാപനം കൊണ്ട് അവര്‍ക്കു നിങ്ങളെ കരയിക്കാനാകും. വേദനനിറഞ്ഞ അതിന്റെ കയറ്റിറക്കങ്ങളില്‍, പ്രണയവും വേര്‍പാടും മരണവും ജീവിതവും ക്ഷണികമാത്രകളായി വന്നു നിറയുന്നു. ദൈവത്തിന്റെ വേദനകളാണ് തന്റെ പാട്ടെന്നാണ് അവരുടെ പാട്ടിലെ വരികളിലൊന്ന്. ദൈവത്തിനു മാത്രം ആഴമറിയുന്ന യാതനകളാണ് അവപുടെ അഗാധസ്വരത്തിലുള്ളതെന്നു തോന്നും. ഒരേ സമയം വൈയക്തികവും രാഷ്ട്രീയപരവുമാണ് അയിനുറിന്റെ പാട്ട്. തുര്‍ക്കിയില്‍ കുര്‍ദിഷ് സംഗീതം നിരോധിക്കപ്പെട്ടിരുന്ന ഭ്രാന്തന്‍ നാളുകളെ അയിനുര്‍ നമ്മോട് ഓര്‍മപ്പെടുത്തുന്നുണ്ട്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍ സംഗീതത്തോട് ആഭിമുഖ്യം പുലര്‍ത്തുകയും തദ്ദേശീയസംഗീതത്തെയും സംസ്‌കാരത്തെയും തിരസ്‌കരിക്കുകയും ചെയ്ത ഏകാധിപത്യത്തിന്റെ ഒരു മുഷ്‌ക്കരകാലത്തെ അവര്‍ എങ്ങനെയാണ് അതിജീവിച്ചതെന്ന് അയിനുറും മറ്റൊരു പ്രസിദ്ധഗായകനായ ഓര്‍ഹാന്‍ ഗഞ്ചബെയും പറയുന്നുണ്ട്. ഓര്‍ഹാന്‍ പറയുന്നത് പ്രകാരം ഈജിപ്ഷ്യന്‍ സംഗീതത്തിന്റെ അംശങ്ങളെ കടമെടുത്ത് സങ്കരസംഗീതത്തിന്റെ മറപറ്റിയാണവര്‍ നിലനിന്നത്. ഓര്‍ഹാന്‍ ഈ ചലച്ചിത്രത്തിനു വേണ്ടി തന്റെ പഴയ ഗാനങ്ങളിലൊന്ന് ആലപിക്കുന്നുണ്ട്.
ക്രോസിംഗ് ദി ബ്രിഡ്ജില്‍ ഇനിയുമനവധിയുണ്ട് ഒന്നാന്തരം സംഗീതജ്ഞര്‍ . സലീം ഡെസ്‌ലര്‍ തന്റെ വാദനോപകരണത്തിന്റെ അയത്‌നലളിതമായ നിരന്തരപ്രയോഗങ്ങള്‍ കൊണ്ട് നമ്മെ സുഖിപ്പിക്കുന്നു. ഗായികയായ ബ്രെന്ന അവരുടെ വ്യക്തിത്വത്തിന്റെ ലാളിത്യം കൊണ്ടും ആലാപനത്തിന്റെ മാധുര്യം കൊണ്ടും നമ്മെ ഇഷ്ടപ്പെടുത്തുന്നു. നൂര്‍ സീലാന്റെ ആലാപനം അനുകരണീയമാം വിധം സാവധാനവും സാന്ദ്രവുമാണ്. ദര്‍വീശ് നടനത്തിലണിയുന്ന വേഷവിധാനങ്ങളുടെ രൂപകപ്രസക്തി സെല്‍സുക് വിവരിക്കുന്നത് തുര്‍ക്കിഷ് സംസ്‌കാരത്തിന്റെ അഗാധതലങ്ങളിലേക്ക് നമുക്ക് വെളിച്ചമേകുന്നു.
ഈ മഹാപ്രതിഭകളോടൊപ്പം അനുപമസുന്ദരമായ അനേകം സംഗീതോപകരണങ്ങളെയും സിനിമ പരിചയപ്പെടുത്തുന്നുണ്ട്. ഗാനങ്ങളോരോന്നിലെയും വരികള്‍ ഹൃദയത്തിലേക്ക് നേരിട്ട് വന്നു കയറുന്നവയാണ്. ഇതൊരു രാഷ്ട്രീയ ഡോക്യുമെന്ററിയല്ലെങ്കിലും, രാഷ്ട്രീയനിലപാടുകളെ ഒട്ടും ഒളിപ്പിച്ചു വെക്കുന്നില്ല സംവിധായകന്‍ എന്നത് പ്രത്യേക ആദരവര്‍ഹിക്കുന്നു. പടിഞ്ഞാറും കിഴക്കും തമ്മിലുള്ള കെട്ടിഘോഷിക്കപ്പെട്ട സംഘര്‍ഷത്തെ അത് സാന്ദര്‍ഭികമായി തള്ളിക്കളയുന്നുണ്ട്. ബാബാ സുലെ പറയുന്നത് അതൊരസംബന്ധമാണെന്നാണ്. തുര്‍ക്കിയുടെ ചരിത്രത്തിലെ കറുത്തദിനങ്ങളെയും സിനിമ മറകൂടാതെ ഒര്‍മ്മിക്കുന്നു. അലക്‌സാണ്ടര്‍ ഹാക്കിന്റെ ലളിതവും പ്രൗഢവുമായ തിര:സാന്നിധ്യവും ഫതീഹ് അകിന്റെ ചലച്ചിത്ര പ്രതിഭയും തുര്‍ക്കിസംഗീതത്തിലെ അതിസുന്ദര ഈണങ്ങളും ചേര്‍ന്ന് സംസ്‌കാരങ്ങളിലും ജനങ്ങളിലും താല്‍പര്യമുള്ളവര്‍ക്ക് ഒഴിവാക്കാനാവാത്ത ഒരു സിനിമയായി മാറുന്നു ക്രോസിങ് ദ ബ്രിഡ്ജ്.
Connect
Connect with us on the following social media platforms.