30 ദിവസം 30 പള്ളി; ബസ്സാമിന്റെയും അമാന്റെയും റമദാന്‍ യാത്ര
ആശയങ്ങളാവാം അമാന്‍ അലിയെയും ബസ്സാം താരിഖിനെയും 30 mosques in 30 days പ്രോജെക്റ്റില്‍ എത്തിച്ചത്. 2009 റമദാനില്‍ താരിഖിന്റെയും അമാന്റെയും ഇഫ്താര്‍ ന്യൂയോര്‍ക്കിലെ 30 വ്യത്യസ്ത മസ്ജിദുകളില്‍ നിന്നായിരുന്നു. ഇത്തവണ അവര്‍ അമേരിക്കയിലെ 30 സംസ്ഥാനങ്ങളിലെ 30 വ്യത്യസ്ത പള്ളികള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. 30mosques.com എന്ന അവരുടെ സൈറ്റില്‍ കൃത്യമായി അപ്‌ഡേറ്റ്‌സ് വന്നുകൊണ്ടിരിക്കുന്നു.
തലമുറകളായി അവിടെ വസിക്കുന്നവരും അടുത്ത കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയേറിയവരും ഇസ്‌ലാമിലേക്ക് മത പരിവര്‍ത്തനം നടത്തിയവരും ഉള്‍പ്പെടുന്നതാണ് അമേരിക്കയിലെ മുസ്‌ലിം സമൂഹം. 9/11 നു ശേഷം വ്യാപകമായ ഇസ്‌ലാം ഭീതി ഇവരുടെ ജീവിതങ്ങളെ ചെറുതല്ലാത്ത രീതിയില്‍ ബാധിച്ചിട്ടുണ്ട്. മുഖ്യധാരാ മാധ്യമങ്ങള്‍ അവതരിപ്പിച്ച ഏകശിലാത്മക ഇസ്‌ലാം ചിത്രങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് ബസ്സമും അലിയും തങ്ങളുടെ യാത്രാവിവരണങ്ങള്‍ വായനക്കാര്‍ക്ക് മുന്നിലെത്തിക്കുന്നത്.
അല്‍ ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ അമാന്‍ പറയുന്നു. ‘ഇസ്‌ലാമിക പ്രബോധനമല്ല ഞങ്ങളുടെ ലക്ഷ്യം. അമേരിക്കന്‍ മുസ്‌ലിം ജീവിതങ്ങളിലെ വൈവിധ്യങ്ങളുടെ ആരും പറയാത്ത കഥ പറയുകയാണ് ഞങ്ങള്‍ ‘. ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ പാര്‍ക്ക് 51 അഥവാ ഗ്രൗണ്ട് സീറോ മസ്ജിദിലും അമാനും ബസ്സാമും എത്തിയിട്ടുണ്ട്. അവര്‍ പറയുന്നു ‘ജാക്‌സണ്‍വില്ലിലെ കുട്ടികളോടൊപ്പം കളിച്ചുകൊണ്ടും ഇദാഹോയിലെ ബോസ്‌നിയക്കാരോട് സംസാരിച്ചു കൊണ്ടും ഞങ്ങളുടെ സമയം തീരുന്നു. മെയ്‌നിലെ ഇന്തോ-പാക് വംശജരില്‍ പലരും അമേരിക്കന്‍ മുസ്‌ലിം സ്ത്രീകളെ വിവാഹം കഴിച്ചവരാണ്. മൊറോക്കന്‍ സ്ത്രീകളെ പങ്കാളികളാക്കിയ അമേരിക്കന്‍ യുവാക്കളുമുണ്ടവിടെ. വിവിധ സംസ്‌കാരങ്ങള്‍ ഒന്നു ചേരുന്ന ഒരിടമാണിത്. കുഞ്ഞുങ്ങളുമായി ഒരു മെച്ചപ്പെട്ട ജീവിതം തേടി വന്ന ഇറാഖി അഭയാര്‍ഥിയെയും അവിടെ കണ്ടു. മുസ്‌ലിംകളെന്നാല്‍ നമുക്ക് വെറും അറബ് അല്ലെങ്കില്‍ അമേരിക്കന്‍ -ആഫ്രിക്കന്‍ ആണ്. ഇതൊന്നുമല്ലാത്ത ജീവിതത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ള ആളുകളെ ഞങ്ങള്‍ കണ്ടുമുട്ടുന്നു.
രാജ്യത്തുടനീളം ചെറിയ ഗ്രൂപുകളായി താമസിക്കുന്ന മുസ്‌ലിംകളെല്ലാം പങ്കുവെക്കുന്ന ഒരു പൊതു വികാരമുണ്ട്, ഓരോ കുട്ടിയും കരുതും ഇങ്ങനെ വിചിത്രമായ പേരുള്ളത് എനിക്ക് മാത്രമാണ്, എന്നെപ്പോലെ മറ്റാരും തലയില്‍ തട്ടമിടുന്നില്ലല്ലോ, ഇവിടെ ഞാന്‍ തനിച്ചാണ് എന്നൊക്കെ. ആരും തനിച്ചല്ലെന്നത് ബോധ്യപ്പെടുത്താനുള്ള ഒരു വഴിയാണിത്. ജനങ്ങള്‍ ഒന്നിക്കേണ്ട മാസമാണ് റമദാന്‍ . സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ ഞങ്ങളത് ചെയ്യുന്നു. നിങ്ങള്‍ ആരാണോ അതായിരിക്കുക, നിങ്ങള്‍ വിശ്വസിക്കുന്നതെന്തോ അതില്‍ വിശ്വസിക്കുക. അതില്‍ അസാധാരണമായതൊന്നുമില്ല’.
സി എന്‍ എന്‍ , എ ബി സി ന്യൂസ്, എന്‍, പി ആര്‍ തുടങ്ങി പ്രമുഖ മാധ്യമങ്ങളിലൂടെ 30 മോസ്‌ക് പ്രോജെക്റ്റ് പ്രസിദ്ധമായി. അമാനും ബസ്സാമും പക്ഷെ അതിലേറെ കടപ്പെട്ടിരിക്കുന്നത് ഫേസ്ബുകിലൂടെയും ട്വിറററിലൂടെയും അനുനിമിഷം പ്രതികരിച്ചു കൊണ്ട് 30മോസ്‌ക്.കോമിനെ സജീവമാക്കി നിലനിര്‍ത്തുന്ന വായനക്കാരോടാണ്. വായനക്കാര്‍ക്കും ആശയങ്ങള്‍ ഷെയര്‍ ചെയ്യാവുന്ന തരത്തിലാണ് 30മൊസ്‌ക്.കോമിന്റെ പുതിയ ഡിസൈന്‍. വമ്പന്‍ സ്‌പോണ്‍സര്‍മാരില്ലാതെ തന്നെ സൈറ്റില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ബസ്സമും അലിയും പ്രോജെക്റ്റുമായി മുന്നോട്ടു പോവുന്നു. ബസ്സാം സിനിമാപരസ്യ പ്രവര്‍ത്തകനും അമാന്‍ അലി എഴുത്തുകാരനും ഹാസ്യകലാകാരനുമാണ്.