അസ്‌റ നുഅ്മാനി: തിരിച്ചറിവുകളിലേക്കുള്ള യാത്ര
സത്യത്തില്‍ മക്കയിലേക്ക് ഒരായിരം വഴികളുണ്ട്. ശാസ്ത്രവും സാങ്കേതികവിദ്യയും വളര്‍ന്നു കഴിഞ്ഞ ഇക്കാലത്ത് ആകാശനൗകകളുണ്ട്, വേറെയും അനേകം യാത്രോപാധികളുണ്ട്. വഴിത്താരകളും ആകാശവീഥികളുടെ മാപ്പുകളും തലമുറകള്‍ മാറുന്നതിനനുസരിച്ച് മാറുമ്പോള്‍ ദൈവഗേഹത്തിലേക്കുള്ള മനസിന്റെ വീഥികളും മാറുന്നുണ്ട്.
അസാധാരണമായ ഒരു ലക്ഷ്യം മനസില്‍ വെച്ചാണ് അമേരിക്കന്‍ പത്രപ്രവര്‍ത്തകയായ അസ്‌റ നുഅ്മാനി മക്കയിലേക്കുള്ള വഴിയില്‍ ചെന്നെത്തുന്നത്. കാലം ചെന്ന ഒരു മതാനുഷ്ഠാനം നിര്‍വഹിക്കാനുള്ള ദീര്‍ഘകാലത്തെ അഭിലാഷത്താല്‍ പ്രചോദിതയായല്ല അവര്‍ മക്കയിലേക്ക് പോകുന്നത്. മറിച്ച് സ്ത്രീ എന്ന നിലക്ക് തന്റെ ആത്മീയസ്വത്വത്തിന്റെ വേരുകളന്വേഷിച്ചായിരുന്നു അവരുടെ യാത്ര. വ്യക്തമായ, തെളിഞ്ഞ ഭാഷയില്‍ തന്റെ തീര്‍ത്ഥാടനത്തിന്റെ വൈയക്തികമായ വിവരണം ‘സ്റ്റാന്റിംഗ് എലോണ്‍ ഇന്‍ മക്ക’ എന്ന പുസ്തകത്തില്‍ നുഅ്മാനി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സാമ്പ്രദായികമായ യാത്രാവിവരണങ്ങളില്‍ നിന്ന് നാം വായിച്ചു ശീലിച്ചത് പോലെ ‘തുടക്കം മുതല്‍ ലക്ഷ്യസ്ഥാനം വരെയുള്ള ഒരു യാത്രയുടെ വിവരണമല്ല ഈ പുസ്തകം. യാത്രാ വിവരണം, നാടകീയ ആത്മഭാഷണം (dramatic monologue), പത്രറിപ്പോര്‍ട്ട്, ലൈവ് കമന്ററി, ചരിത്രവ്യാഖ്യാനം, ആത്മീയമായ സത്വാന്വേഷണം തുടങ്ങി നിരവധി സാഹിത്യരൂപങ്ങളുടെ അതിരുകള്‍ കടന്നുള്ള പ്രയാണമാണീ കൃതിയുടെത്.
ബുഷ് ഇറാഖ് അധിനിവേശത്തിനു കോപ്പു കൂട്ടുമ്പോള്‍ എന്തിനായിരുന്നു മധ്യഅമേരിക്കയില്‍ നിന്ന് പശ്ചിമേഷ്യയിലേക്കുള്ള ‘പ്രത്യക്ഷത്തില്‍’ അപകടകരമായ യാത്രക്ക് അസ്‌റ നുഅ്മാനി ഇറങ്ങിത്തിരിച്ചത്? അവര്‍ പറയുന്നത് കേള്‍ക്കുക: ‘എന്റെ മതവുമായി എനിക്ക് പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇസ്‌ലാമില്‍ നിന്ന് പിന്തിരിഞ്ഞ് പോകുന്നതിനു പകരം എന്റെ വിശ്വാസത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് കണ്ടെത്തുക എന്നതായിരുന്നു എന്റെ തീരുമാനം. വെസ്റ്റ് വിര്‍ജിനിയയിലെ മോര്‍ഗന്‍ ടൗണില്‍ നിന്ന് മക്കയിലേക്കുള്ള പാതയില്‍ ഞാന്‍ കാലെടുത്തു വെച്ചു: മക്ക ഇസ്‌ലാമിന്റെ ജന്മഭൂമി, പക്ഷെ ലോകത്ത് ഏറ്റവും വലിയ സ്ത്രീ മര്‍ദക ഭരണകൂടമായ സൗദി അറേബ്യയിലെ ഒരു നാട.് പക്ഷെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു. ഇസ്‌ലാമിലെ സ്ത്രീ എന്ന നിലക്കുള്ള എന്റെ ശാക്തീകരണത്തിന്റെ ഉള്‍പ്രേരകമായി ആ യാത്ര.
ഇസ്‌ലാമിന്റെ പുണ്യഭവനത്തിലേക്ക് പോകാനുള്ള പ്രാഥമികമായ പ്രചോദനം അസ്‌റക്ക് ലഭിച്ചത് ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ നിന്നോ പ്രഭാഷണങ്ങളില്‍ നിന്നോ ആയിരുന്നില്ല, ദലൈലാമയില്‍ നിന്നായിരുന്നു. 2001 ജനുവരിയില്‍ അലഹാബാദില്‍ ഗംഗാ നദിയുടെ തീരത്ത് വെച്ചാണ് അസ്‌റ ദലൈ ലാമയെ കണ്ടത്. ഒരു പത്രസമ്മേളനത്തില്‍ പങ്കെടുത്ത അസ്‌റ ദലൈ ലാമയോട് ചോദിച്ച ചോദ്യമാണ് വഴിത്തിരിവായത്; ‘വ്യത്യസ്ത മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്ന അധികാരത്തിന്റെ പ്രശ്‌നങ്ങളെ പിന്നോട്ട് തള്ളി നമ്മുടെ നേതാക്കന്‍മാര്‍ക്ക് എങ്ങനെ മുന്നോട്ടു പോകാന്‍ കഴിയും’ എന്ന് ലാമയോടവര്‍ ചോദിച്ചു. ലാമ അസ്‌റയെ സൂക്ഷിച്ചു നോക്കി. എന്നിട്ട് പറഞ്ഞു’ മൂന്നു കാര്യങ്ങള്‍ നമുക്ക് ചെയ്യാനാവും. ഓരോരുത്തരും മറ്റുള്ളവരുടെ മതഗ്രന്ഥങ്ങള്‍ വായിക്കുക, മറ്റുള്ളവരുടെ മതാചാര്യന്‍മാരോട് സംസാരിക്കുക, മറ്റുള്ളവരുടെ പുണ്യഭവനങ്ങളിലേക്ക് തീര്‍ഥാടനം നടത്തുക’. (മുന്‍കുറി)
ഇസ്‌ലാം മതത്തില്‍ ജനിച്ചു വളര്‍ന്ന അസ്‌റ ഒരു ഹിന്ദു തീര്‍ഥാടനത്തിന്റെ മധ്യേ ആയിരുന്നു അപ്പോള്‍ . അവരുടെ മനസിലേക്ക് ഒരു ചിന്ത പടര്‍ന്നു കയറി. ഞാന്‍ ബുദ്ധമതവിഹാരങ്ങളിലേക്ക് തീര്‍ഥാടനം ചെയ്തിട്ടുണ്ട്. ഹൈന്ദവ തീര്‍ഥാടനവും നടത്തിയിട്ടുണ്ട്. എന്നാല്‍ ഹജ്ജ് എന്നറിയപ്പെടുന്ന മക്കയിലേക്കുള്ള തീര്‍ഥാടനം ഇനിയും നടത്തിയിട്ടില്ല. ആ തീര്‍ത്ഥാടനത്തിനുള്ള ഉറച്ച തീരുമാനത്തിലേക്കാണ് ഈ ചിന്ത അസ്‌റയെ കൊണ്ടു ചെന്നെത്തിച്ചത്.
ഈ സ്വപ്‌നം മനസില്‍ വെച്ച് ഇന്ത്യയിലെയും പാകിസ്താനിലെയും നിരവധി ട്രാവല്‍ ഏജന്‍സികളുടെ വാതിലുകളില്‍ അസ്‌റ മുട്ടി.സാങ്കേതികപ്രശ്‌നങ്ങള്‍ അവരെ ഒരുപാട് വലച്ചു. വര്‍ഷങ്ങള്‍ കടന്നു പോയി. അവരുടെ ജീവിതത്തിലും ഒരുപാടു സംഭവങ്ങളുണ്ടായി. ചുരുക്കിപ്പറയുകയാണെങ്കില്‍ അവര്‍ ഗര്‍ഭം ധരിക്കുകയും ശിബ്‌ലിയെ പ്രസവിക്കുകയും ചെയ്തു. ഗര്‍ഭധാരണസമയത്ത് ശിബ്‌ലിയുടെ പിതാവിനെ അസ്‌റ വിവാഹം കഴിച്ചിരുന്നില്ല. അയാള്‍ അവരെ ഉപേക്ഷിച്ച് പോവുകയും ചെയ്തു.
2003ല്‍ ഒരു യാത്രാപാക്കേജനുസരിച്ച് തന്റെ പിതാവ്, ഉമ്മ, അനന്തരവന്‍, പിന്നെ കൈക്കുഞ്ഞായിരുന്ന ശിബ്‌ലി എന്നിവരോടൊപ്പം അസ്‌റ മക്കയില്‍ എത്തിച്ചേര്‍ന്നു. തന്റെ കുറ്റബോധത്തിന്റെ ജീവിച്ചിരിക്കുന്ന തെളിവായ ശിബ്‌ലി തീര്‍ത്ഥാടനത്തിലുടനീളം അസ്‌റക്ക് ഒരു വെല്ലുവിളി ആയിരുന്നു. തന്റെ കഴുത്തിനു ചുറ്റും Z എന്ന ചുവപ്പക്ഷരം Z=zina (സിന/വ്യഭിചാരം) അണിഞ്ഞതു പോലെ അവര്‍ക്കു തോന്നി. സത്യം മറച്ചുവെക്കാന്‍ അവര്‍ക്ക് തോന്നിയില്ല.മാത്രമല്ല ആ പരുക്കന്‍ യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാനും തന്റെ മകനെ സ്‌നേഹവായ്പുകളോടെ മാറത്ത് ചേര്‍ത്ത് വെക്കാനും അവര്‍ ശ്രമിച്ചു. അസ്‌റ പറയുന്നു ഞാന്‍ ഇബ്രാഹീമിന്റെ രണ്ടാം പത്‌നിയായ ഹാജറയുടെ കാല്പാടുകള്‍ തേടിയാണ് പോയത്. ഇസ്മാഈല്‍ എന്ന കൈക്കുഞ്ഞുമായി ഹാജറയും മക്കയിലെത്തിയിരുന്നല്ലോ. തീര്‍ഥാടകയുടെ വാക്കുകള്‍ കേള്‍ക്കുക’അബ്രഹാമിന്റെ തീരുമാനം സ്വീകരിച്ചു ഹാജറ. അവര്‍ക്ക് അദ്ദേഹത്തോട് പറ്റിച്ചേര്‍ന്നു നില്‍ക്കാമായിരുന്നു. എന്നാല്‍ പുറന്തിരിഞ്ഞ് അദ്ദേഹത്തില്‍ നിന്ന് ദൂരത്തേക്ക് പോകാന്‍ തീരുമാനിച്ചു അവര്‍. ദൈവത്തിലും തന്നിലുമുള്ള വിശ്വാസത്തോട് പറ്റിച്ചേര്‍ന്ന് നില്‍ക്കുന്ന ഹാജറ നിശ്ചയദാര്‍ഢ്യത്തിന്റെ ഉപമയാണ്.(p 91, 92) ഇസ്‌ലാമിലെ ചരിത്രവനിതകളുടെ ഹ്രസ്വമായ കാഴ്ചകള്‍ തീര്‍ത്ഥാടനത്തിലുടനീളം അസ്‌റ കണ്ടു. ഹവ്വ മുതല്‍ പ്രവാചകകാലത്തുള്ള പ്രധാന സ്ത്രീവ്യക്തിത്വങ്ങള്‍ വരെയുള്ള മാതൃസ്വരൂപങ്ങളുടെ പാരാവാരം പോലുള്ള ചിത്രം അവരുടെ മനസിന്റെ കണ്ണാടിയില്‍ പ്രതിഫലിച്ചു. എങ്ങിനെയോ ഇസ്‌ലാമിന്റെ ധീരവനിതകളുമായി അസ്ര താദാത്മ്യം പ്രാപിച്ചു. വിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശാശ്വതവും ആഴപ്പരപ്പുള്ളതുമായ ഊര്‍ജസ്രോതസ്സായിരുന്നു അസ്‌റയുടെ ഹജ്ജ്.
ഹജ്ജിന്റെ ഓരോ നിമിഷവും അതിന്റെ പൂര്‍ണതയില്‍ തന്നെ അസ്‌റ ആസ്വദിച്ചു. ‘മക്കയില്‍ കഅ്ബ ആദ്യമായി നേരില്‍ കാണുന്ന നിമിഷം. എനിക്ക് പരിഭ്രമമുണ്ടായി. പേടിയായി, ആവേശം കൊണ്ടു. ഞാനൊരു ദോഷൈകദൃക്കുമായിരുന്നു. പതിയെ ഞാന്‍ കണ്ണുകള്‍ തുറന്നു. തെല്ലൊരു പ്രതീക്ഷയോടെ, സന്ദേഹത്തോടെ, മക്കയുടെ മുറ്റത്തെ വെളിച്ചത്തിലേക്കു ഞാന്‍ കാലെടുത്തു വെച്ചു. ആദ്യകാഴ്ചയില്‍ ഒരഭിലാഷത്തിന്റെ ഭാരം താങ്ങാന്‍ എനിക്കായില്ല. “കഅ്ബ…” ഞാന്‍ ശിബ്‌ലിയുടെ കാതുകളില്‍ മന്ത്രിച്ചു. അവന്റെ കുരുന്നുകണ്ണുകള്‍ ചരിത്രവും വിശ്വാസവും കൂട്ടിമുട്ടിയ ആ പ്രദേശത്ത് ഉറച്ചു നിന്നു.
വിശ്വാസം, ചരിത്രം, തന്റെ സ്വത്വം, വര്‍ത്തമാനകാലത്തെ സാമൂഹികയാഥാര്‍ത്ഥ്യങ്ങള്‍, തീര്‍ത്ഥാടനം നടത്തുമ്പോള്‍ ഇതൊക്കെയായിരുന്നു അസ്‌റയുടെ മനസില്‍. ഇസ്‌ലാമിനെക്കുറിച്ചുള്ള വലിയ പാഠങ്ങള്‍ പഠിച്ച ആ യാത്രാവേളയില്‍ കാരുണ്യത്തിന്റെ ചെറിയ ചെറിയ നുറുങ്ങുകളെ അവര്‍ സ്വീകരിച്ചു. ബസില്‍ നിന്നിറങ്ങിയപ്പോള്‍ ഒരു യുവാവ് അവരുടെ യാത്രാ സാമഗ്രികള്‍ അവരുടെ ടെന്റിലേക്ക് കൊണ്ടു പോയി വഴി കാണിച്ചു കൊടുത്തു. ടെന്റിലേക്ക് നിരവധി ബാഗുകള്‍ അവര്‍ കൊണ്ടു വന്നിരുന്നു. ടെന്റിലെ സഹയാത്രികര്‍ അവര്‍ക്ക് സ്ഥലമൊരുക്കി അവരെ സഹായിച്ചു. അസ്‌റ പറയുന്നു: ‘ടെന്റിനകത്തു കണ്ട ദയയുടെ ചെറിയ ചീന്തുകളില്‍ നിന്നും ലാളിത്യത്തില്‍ നിന്നും ഞാന്‍ ഗൗരവമേറിയ ഒരു പാഠം പഠിച്ചു. നമ്മുടെ ചെറിയ പ്രവര്‍ത്തികളുടെ സമാഹാരമാണു നമ്മള്‍.., പുറം ലോകവും നമ്മുടെ നമ്മുടെ അകം പോലെയാണെന്ന് ടെന്റ് എന്നോട് പറഞ്ഞു. മറ്റുള്ളവരോട് ദയ കാണിക്കുക ബഹുമാനിക്കുക അവരെ പരിഗണിക്കുക തുടങ്ങിയ യേശു പഠിപിച്ചതും മുഹമ്മദ് ജീവിതത്തില്‍ പ്രസരിപ്പിച്ചതുമായ മൂല്യങ്ങള്‍ പുലര്‍ത്തണം എന്നും ഞാന്‍ പഠിച്ചു.’ മക്കയിലെയും മദീനയിലെയും തന്റെ ജീവിതാനുഭവങ്ങള്‍ കുറിക്കുമ്പോള്‍ വിശദാംശങ്ങളില്‍ തെല്ലും പിശുക്കുന്നില്ല, അസ്ര.
തെല്ലും വിവേചനമില്ലാതെ പുരുഷന്മാരോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് മതച്ചടങ്ങുകള്‍ നിര്‍വഹിക്കാനും പ്രാര്‍ത്ഥിക്കാനും ഹജ്ജ് നല്‍കുന്ന സ്വാതന്ത്ര്യമാണ് തീര്‍ഥാടനത്തിന്റെ ഏറ്റവും പ്രോജ്ജ്വലമായ വശം. കഅ്ബയുടെ പരിസരത്തുള്ള ഇസ്‌ലാമിന്റെ ആദ്യത്തെ പുണ്യഗേഹമായ മസ്ജിദുല്‍ ഹറമില്‍ ആ സ്വാതന്ത്ര്യം അങ്ങേയറ്റം അവള്‍ ആസ്വദിച്ചു. അസ്‌റ എഴുതുന്നു: ‘മക്കയില്‍ വ്യത്യസ്തമായ അനുഭവമായിരുന്നു അത്. സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ ഔപചാരികമായ അതിര്‍ത്തികള്‍ അവിടെ ഉണ്ടായിരുന്നില്ല. കുടുംബാംഗങ്ങള്‍ ഒത്തൊരുമിച്ചു നിസ്‌കരിച്ചു. ഞങ്ങള്‍ ചെയ്തതു പോലെ ഒരു അപരിചിതന്റെ ചാരത്തു പ്രാര്‍ത്ഥിക്കാന്‍ ഇടയായ സ്ത്രീകളും പുരുഷന്മാരും ഒരേ ലിംഗത്തില്‍ പെട്ട ആരുടെയെങ്കിലും അടുത്ത് നില്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ അത് പലപ്പോഴും ഫലവത്തായില്ല. കൂടിക്കലര്‍ന്നുള്ള പ്രാര്‍ത്ഥനകള്‍ മോശമാണെന്നു ആരും വിധിച്ചില്ല. എന്നാല്‍ അതിലേറെ സങ്കീര്‍ണമായ കാര്യം, സാമാന്യബുദ്ധിയൊഴിച്ച് സ്ത്രീ പുരുഷന്മാരെ വേര്‍തിരിക്കുന്ന ഭിത്തികളോ മറകളോ അവിടെുണ്ടായിരുന്നില്ല എന്നതാണ്.
ലോകത്തിലെ എല്ലാ പള്ളികളുടെയും മാതൃക ഇതാവണം എന്ന് അസ്‌റ ചിന്തിച്ചു. ലിംഗഭേദമില്ലാത്ത യാത്രാസംഘത്തോടുള്ള അനുഭവവും സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്ന പള്ളിയിലേക്കുള്ള അവരുടെ കടന്നു ചെല്ലലും തീര്‍ത്ഥാടകര്‍ താമസിക്കുന്ന സ്ഥലങ്ങളിലുള്ള രംഗങ്ങളും മുസ്‌ലിം സമൂഹത്തില്‍ രൂഢമൂലമായിരിക്കുന്ന വൈരുദ്ധ്യങ്ങളെപ്പറ്റി അവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു. മക്കയില്‍ സ്ത്രീകളും പുരുഷന്‍മാരും കൂടിക്കലരുന്നു. മക്കയില്‍ ഇപ്രകാരം സമാനരാകാനും പാപഭാരമില്ലാതെ പരസ്പരം ഇടകലരാനും കഴിയുന്നവര്‍ക്കെങ്ങിനെ മറ്റെങ്ങും അതിന് കഴിയാതിരിക്കുന്നു?. ഈ ചോദ്യം അസ്‌റയില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തി. ലിംഗസമത്വത്തിന്റെ മുമ്പെങ്ങും കേട്ടിട്ടില്ലാത്ത ഈ കഥയാണ് ഇസ് ലാമിന്റെ ജന്മഭൂമിയില്‍ നിന്നവര്‍ നാട്ടിലേക്കു കൊണ്ടു പോയത്. മക്കയില്‍ നിന്ന് മോര്‍ഗന്‍ ടൗണിലേക്കു പോകുന്ന വഴി തീര്‍ത്ഥാടകസംഘം മുസ് ലിംകളുടെ ആദ്യത്തെ ഖിബ് ലയായ ബൈതുല്‍മുഖദ്ദിസ് സന്ദര്‍ശിച്ചു, അവിടെയും അവര്‍ കുടുംബസമേതം പ്രാര്‍ത്ഥിച്ചു. മക്കയില്‍ നിന്ന്് പഠിച്ച പാഠത്തിന്റെ ഒരു പരാവര്‍ത്തനമായിരുന്നു അത്. അവര്‍ പറയുന്നു ‘മറ്റൊരു പ്രാര്‍ത്ഥനയും കഴിഞ്ഞ് ഞങ്ങള്‍ യെറൂശലേമിലെ മസ്ജിദുല്‍ ഖുബ്ബായില്‍ മടങ്ങിയെത്തി. അവിടെ വെച്ച് മഗ്‌രിബ് നമസ്‌കരിച്ചു. ഞാനും ഉമ്മയും ആറു സ്ത്രീകളുമടങ്ങുന്ന തീര്‍ഥാടകരുടെ നിരയില്‍ പ്രാര്‍ത്ഥിച്ചു. ഏതാണ്ട് പത്തടി മുന്നിലായി യാത്രാസംഘ തലവനും ഉപ്പയുമടങ്ങുന്ന പുരുഷന്മാരുടെയും കുട്ടികളുടെയും നിരയുണ്ടായിരുന്നു. ഞങ്ങള്‍ പുരുഷന്മാര്‍ക്ക് പിന്നിലായിരുന്നുവെങ്കിലും ചതുര്‍ഭുജ രൂപത്തിലുള്ള പള്ളിയുടെ രൂപം ഞങ്ങള്‍ അവരെക്കാള്‍ താഴെയല്ല എന്ന തോന്നല്‍ ഞങ്ങളില്‍ ഉളവാക്കി. എന്നും അകത്തു നില്‍ക്കുന്നില്ല എന്ന് തോന്നി. ശിബിലിയെ ഞാനെന്റെ കാലുകള്‍ക്കരികത്തു കിടത്തി. അങ്ങിനെ ഒത്തൊരുമയോടെ പ്രാര്‍ഥിക്കുവാനായത് മനോഹരമായ അനുഭവമായിരുന്നു (പേജ്: 215)
അവര്‍ കടന്നു പോയ ഭൂവിസ്തൃതിയിലൂടെ അവര്‍ക്കൊപ്പം യാത്ര ചെയ്യുന്ന ആനന്ദം നമുക്ക് പകരുന്ന ധര്‍മം മാത്രമല്ല അസ്‌റയുടെ ഗ്രന്ഥം നിര്‍വഹിക്കുന്നത്. ആത്മീയവും, സാംസ്‌കാരികവും, രാഷ്ട്രീയവും,സാമൂഹികവുമായ ആലോചനകള്‍ വീണ്ടും വീണ്ടും രൂപപ്പെടുത്തുന്ന ഒരു മനോവിസ്തൃതിയിലൂടെയും നാം വായനയിലൂടെ കടന്നു പോകുന്നുണ്ട്. ബാങ്ക് വിളി കാറ്റില്‍ പരന്നൊഴുകുമ്പോള്‍ അബാബൂ എന്നുരുവിടുന്ന കൊച്ചു ശിബിലിയോടോപ്പം യാത്ര ചെയ്യാന്‍ സഹയാത്രികരെയും സഹവാസികളെയും പോലെ നാമും കൊതിച്ചു പോവുന്നു.
Connect
Connect with us on the following social media platforms.