ഇബ്‌നു ബതൂത്ത കണ്ട ലോകവും നമ്മള്‍ കാണുന്ന ഇബ്‌നു ബതൂത്തയും
”ഞാന്‍ മരിക്കുകയാണെങ്കില്‍ അത് മക്കയിലേക്കുള്ള വഴിയില്‍ വെച്ച് തന്നെയാണം” യുവാവായ ഇബ്‌നു ബതൂത്തയുടെ വാക്കുകളാണിവ. എന്നാല്‍ മഹാരഥനായ ആ സഞ്ചാരിക്ക് അതേ വാക്കുകള്‍ നമ്മോട് പറയാനിപ്പോള്‍ ബെന്‍ കിങ്‌സ്‌ലിയുടെ കനത്ത സ്വരത്തിന്റെ സഹായം വേണ്ടി വന്നിരിക്കുന്നു. ബ്രൂസ് നൈബര്‍ സംവിധാനം ചെയ്ത ”ജേര്‍ണി ടു മക്ക: ഇന്‍ ദി ഫൂട്ട് സ്റ്റെപ്‌സ് ഓഫ് ഇബ്‌നു ബതൂത” ചിത്രത്തില്‍ അക്കാദമി അവാര്‍ഡ് ജേതാവായ ബെന്‍ ഇബ്‌നു ബതൂത്തക്ക് ശബ്ദം നല്‍കുന്നത് നാം കേള്‍ക്കുന്നുണ്ട്. ഇബ്‌നു ബതൂത്തയാണെന്നേ തോന്നൂ. വിപണിവല്‍ക്കരിക്കപ്പെട്ട ബഹുജനസംസ്‌കാരത്തിന്റെ ഏറ്റവും വലിയ അടയാളമായ ഹോളിവുഡിന്റെ അഭ്രപാളികളിലും എത്തിയിരിക്കുന്നു ഇപ്പോള്‍ ഇബ്‌നു ബതൂത്ത. നമുക്ക് അദ്ദേഹത്തിന്റെ തിരപ്പകര്‍പ്പ് സ്വീകരിക്കാന്‍ വൈമനസ്യം ഉണ്ടായിരിക്കാം; ചെംസ് എഡിന്‍ സിനൗണ്‍സിന്റെ വില കുറഞ്ഞ അഭിനയം കൊണ്ടല്ല; ചിത്രത്തില്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്ന ഇബ്‌നു ബതൂത്തയെ ഉള്‍കൊള്ളാനുള്ള വിമുഖത മൂലമാണത്. ചോദ്യമിതാണ്: ഇബ്‌നു ബതൂത്ത എപ്പോഴെങ്കിലും സ്വയം സ്വതന്ത്രമായി സംസാരിച്ചിട്ടുണ്ടോ? മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഈ വിപണിവല്‍ക്കരിക്കപ്പെട്ട ബഹുജനസംസ്‌കാരം എപ്പോഴെങ്കിലും അദ്ദേഹത്തെ നേരായടയാളപ്പെടുത്തിയിട്ടുണ്ടോ?
1348-50 കാലത്തെ മൊറോക്കോ സുല്‍ത്താന്‍ അബൂ ഇനാന്‍ ഫാരിസാണ്, അങ്ങാടിയില്‍ ഇബ്‌നു ബതൂത്തയെ ചൂടപ്പം പോലെ വിറ്റ് കാശാക്കമെന്ന് ആദ്യമായി കണ്ടെത്തുന്നത്. അങ്ങനെ അദ്ദേഹം കവിയും മത പണ്ഡിതനും നിയമ വിശാരദനുമായ മുഹമ്മദ് ബിന്‍ ജുസയ്യിനെ ഇബ്‌നുബതൂത്തയുടെ യാത്രാകുറിപ്പുകളെ സമാഹരിക്കാന്‍ ചുമതലപ്പെടുത്തി. കൂട്ടത്തില്‍ അബൂ ഇനാന്‍ ഇതുകൂടി ഉപദേശിച്ചുവത്രെ: ലാഭകരമായ മുഴുവതിനേയും കണ്ടുകൊണ്ടാകണം നമ്മുടെ സമാഹാരം. വായനക്കാരന്റെ രുചിക്കനുസരിച്ച് ഭാഷയെ ചെത്തിമിനുക്കുകയാണ് വേണ്ടത്. ആകാംക്ഷ നിറച്ച് വായനക്കാരന് ത്രില്ലടിക്കാനും അതുവഴി അവരുടെ പണക്കിഴികളില്‍ നിന്ന് പണം അപഹരിച്ച് നമുക്ക് ലാഭം കൊയ്യാനും പോന്നതാകണമിത്. (ഡെവിഡ് വെയ്ന്‍സ്: ദി ഒഡീസി ഓഫ് ഇബ്‌നു ബതൂത്ത: അണ്‍ കോമണ്‍ ടൈല്‍സ് ഓഫ് മിഡീവല്‍ അഡ്‌വഞ്ച്വര്‍) ഇവിടെ ഇബ്‌നു ബതൂത്തയുടെ ഒരു വാക്ക് പോലും രേഖപ്പെടാതെ പോകരുത്് എന്ന ഈ ദാഹം ”നമുക്ക് ലഭിക്കാനുള്ള ലാഭവും” ”അനുവാചകന് ലഭിക്കുന്ന ത്രില്ലും” ലാക്കാക്കി മാത്രമാണ്. റൂപര്‍ട്ട് മര്‍ഡോക്കിനെപ്പോലുള്ള പത്ര മുതലാളിമാര്‍ ചെയ്യുന്നത് പോലെ, വായക്കാരന്റെ താല്‍പര്യവും അതുവഴി വര്‍ദ്ധിച്ച ലാഭവും മുന്നില്‍ കണ്ട് ഭാഷ രാഗി മിനുക്കാന്‍ സുല്‍ത്താന്‍ ഫാരിസും തന്റെ പ്രിയപ്പെട്ട പത്രാധിപരോട് ആവശ്യപ്പെട്ടുവെന്നു മാത്രം.
നാം പ്രതീക്ഷിച്ചിരുന്നത് പോലെ ഇബ്‌നു ജുസയ്യ് ഇബ്‌നു ബതൂത്തയുടെ ആത്മ മിത്രമൊന്നുമായിരുന്നില്ല. വെറും പകര്‍ത്തിയെഴുത്തുകാരന്‍ മാത്രമായിരുന്നു. ഇബ്‌നു ബതൂത പണിപ്പെട്ട് ഓര്‍മ്മകളില്‍ നിന്നെടുത്തെഴുതിയവയെ ഇബ്‌നു ജുസയ്യ് മാറ്റി എഴുതിയത് അദ്ദേഹത്തെ സഹായിക്കാനൊന്നുമായിരുന്നില്ല. ഇബ്‌നു ബതൂതയുടെ ഓര്‍മ്മകളുടെ അടരുകളില്‍ നിന്ന് തന്റെ പ്രസാധകന്റെ ലാഭത്തിനൊത്തവയെ മാത്രം ചിതറിയെടുക്കുകയായിരുന്നു. നമുക്കറിയാം, ത്രില്ലടിപ്പിക്കാന്‍ ഐറ്റം ഡാന്‍സ് (ബെല്ലി ഡാന്‍സിന്റെ ഉത്തരാധുനിക ഇന്ത്യന്‍ പതിപ്പ്) ചെയ്യുന്നത്ര ഉയര്‍ന്ന പണിയൊന്നുമല്ല ഇന്ന് എഴുത്ത്. വാക്കുകളെ രാഗി മിനുക്കി മൂലഗ്രന്ഥത്തോട് സാമ്യപ്പെടുത്തി, കീശയില്‍ കൂടുതല്‍ കാശുള്ളവന് വേണ്ടി മാത്രം തയ്യാറാക്കുന്ന ഏര്‍പ്പാടാണിന്ന് എഴുത്ത്. അന്തിമ വിശകലനത്തില്‍, ഇബ്‌നു ബതൂത്തയുടെ വാക്കുകളായിരിക്കില്ല നാം കേള്‍ക്കുന്നത്. പകരം ഇബ്‌നു ജുസയ്യിന്റെയും ബെന്‍ കിങ്‌സിലിയുടേതുമൊക്കെയായിരിക്കും. അതങ്ങനെയാണ്. ബഹുജനസംസ്‌കാരം അതാണ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. നാം തീര്‍ത്തും നിസ്സഹായരാണിവിടെ. ഇത് ഇബ്‌നു ബതൂതയുടെ മാത്രം ദുര്യോഗമല്ല. ഇബ്‌നു ബതൂത്തക്ക് മക്കാ യാത്രക്കുള്ള ദാഹമുദിക്കുന്ന അന്ന് 1324-ല്‍ മരണമടഞ്ഞ മാര്‍ക്കോ പോളോയെയും നാം സ്വതന്ത്രമായി സംസാരിക്കാന്‍ അനുവദിച്ചിട്ടില്ലല്ലോ.. മേലുദ്ധരിച്ച പുസ്തകത്തില്‍ ഡേവിഡ് വെയ്ന്‍സ് പറയുന്നുണ്ട്, സത്യത്തില്‍ പിസയുടെ റുസ്റ്റിഷെല്ലോയായിരുന്നു മാര്‍ക്കോ പോളോയുടെ സമാഹാരകനെന്ന്.
ഇങ്ങനെ ഇബ്‌നു ബതൂത്തയെക്കുറിച്ച് എഴുതുകയും പറയുകയും ചെയ്തവര്‍ ചരിത്ര തത്വത്തിലും ആധികാരികതയിലും കടിച്ച് തൂങ്ങുന്ന പലരും അദ്ദേഹത്തിനെതിരെ അഴിച്ചുവിട്ട രൂക്ഷ വിമര്‍ശങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇബനു ജുസയ്യ് ഇബ്‌നു ബതൂതയെ തിരുത്തിയെഴുതുന്നതിനു ഏറെ മുമ്പ് തന്നെ, അദ്ദേഹം ഒരു മരത്തിനെ കുറിച്ചും അതിനു കീഴിലെ ജനങ്ങളെയും ഭൂപ്രദേശത്തെയും കുറിച്ചും വിവരിച്ചിട്ടുണ്ട്. അവിടെ ജ്ഞാനിയായ ഒരു സഞ്ചാരിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ചുറ്റും തടിച്ച് കൂടുന്ന ആ ജനത കരളലിഞ്ഞാണത്രെ മടങ്ങിപ്പോവാറ്. പക്ഷെ അദ്ദേഹത്തിന്റെ പല കഥകളിലും കൃത്രിമത്വത്തിന്റെ സംശയം നിലനിന്നിരുന്നു അപ്പോഴും. സംശയാലുക്കളില്‍ ഒരുവന്‍ വ്യഖ്യാതനായ ഇബ്‌നു ഖല്‍ദൂന്‍ തന്നെയായിരുന്നു. ”ഇന്ത്യയെകുറിച്ച ഇബ്‌നു ബതൂതയുടെ വിവരണങ്ങളെ സത്യാവസ്ഥയില്‍ ഇബ്‌നു ഖല്‍ദൂന്‍ സുല്‍ത്താന്റെ മന്ത്രിയോട് ഉത്കണ്ഠ അറിയിച്ചുവത്രെ. മന്ത്രി മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു: പലപ്പോഴും വ്യക്തിപരമായി മുമ്പ് ഒരാളും സന്ദര്‍ശിച്ചിട്ടില്ലാത്ത് ഒരു രാജ്യത്തെ ഭരണകൂടത്തെകുറിച്ചുള്ള ഒരാളുടെ വിവരണങ്ങളില്‍, അവ അതിശയോക്തി നിറഞ്ഞതാണെങ്കിലും അല്ലങ്കിലും, സംശയമുയരാറുണ്ട്. പണ്ട് തടവിലടക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കഥ ഇതില്‍ നിന്ന് ഏറെ വ്യത്യസ്ഥമല്ല. തടവറയില്‍, ചെറുപ്പം മുതല്‍ തടങ്കല്‍ പശ്ചാത്തലത്തില്‍ വളര്‍ന്ന അദ്ദേഹത്തിന്റെ മകന്‍ കൂടിയുണ്ടായിരുന്നു. ഇപ്പോള്‍ യുവാവായിത്തീര്‍ന്നിരിക്കുന്ന മകന്‍ ചോദിച്ചുവത്രെ: ജയിലില്‍ നമുക്ക് തിന്നാന്‍ തന്ന ഇറച്ചിയേതായിരുന്നു? അയാള്‍ മകന്‍ ഒരിക്കലും കാണാനിടയില്ലാത്ത ഒരാടിനെ വിശദീകരിച്ചു കൊടുത്തു. അങ്ങനെ അവ തടവറകളിലെ എലികളായിരിക്കുമെന്ന് മകന്‍ തെറ്റിദ്ധരിക്കുന്നതാണ് കഥ. (ഡെവിഡ് വെയ്ന്‍സ്: ദി ഒഡീസി ഓഫ് ഇബ്‌നു ബതൂത: അണ്‍ കോമണ്‍ ടൈല്‍സ് ഓഫ് മിഡീവല്‍ അഡ്‌വഞ്ചര്‍)”
ഓറിയന്റലിസ്റ്റ് ചരിത്രകാരന്‍ എച്ച്.എ.ആര്‍. ഗിബ്ബ് അടക്കം ഇബ്‌നു ബതൂതയുടെ ഒട്ടു വളരെ പരിഭാഷകരും ഇതേ സംശയങ്ങള്‍ നേരിട്ടിട്ടുണ്ട്; കാലഗണനയിലെ വൈരുധ്യവും മറ്റു പൊരുത്തക്കേടുകളും മൂലം. ഇബ്‌നു ബതൂത്തയുടെ ചരിത്രമെഴുതിയവരും അദ്ദേഹത്തെ പരിഭാഷപ്പെടുത്തിയവരും ഈ പൊരുത്തക്കേടുകളില്‍ നിന്ന് മുക്തമല്ലെന്ന് ചുരുക്കം. ഡെവിഡ് വെയ്ന്‍സിന്റെ രചന തന്നെ അതിന് തെളിവാണ്. ബ്രൂസ് നൈബറുടെ കാമറ ഇബ്‌നു ബതൂത്തയെ അടയാളപ്പെടുത്തിയതിനു നേരെ വിപരീത ദിശയിലാണ് വെയ്ന്‍സ് അദ്ദേഹത്തെ വിവരിക്കുന്നത്. ചിത്രം അദ്ദേഹത്തിന്റെ ആത്മീയാലച്ചിലിനെയാണ് ദൃശ്യപ്പെടുത്തുന്നതെങ്കില്‍ പുസ്തകം ചെയ്യുന്നത്, ജ്ഞാനാന്വേഷണത്തിനപ്പുറം തിന്നാനും പെണ്ണ്‌കെട്ടാനും മാത്രമായി യാത്ര ചെയ്യുന്ന ഒരാളെ അടയാളപ്പെടുത്തുകയാണ്. പുസ്തകത്തില്‍ ഇബ്‌നു ബതൂതയുടെ ഇഷ്ട വിഭവങ്ങളുടെയും (ഇബ്‌നു ബതൂതയുടെ യാത്രയെ ഭക്ഷണചിട്ടകളെ ക്രമീകരിക്കുന്ന അറേബ്യന്‍ പാരമ്പര്യത്തിന്റെ ഭാഗമായാണ് വെയ്ന്‍സ് അടയാളപ്പെടുത്തുന്നത്) പെണ്ണുങ്ങളുടെയും വിശദവിവരങ്ങല്‍ തന്നെ നല്‍കുന്നുണ്ട്. പുസ്തകത്തില്‍ നിന്നുദ്ധരിക്കുകയാണെങ്കില്‍: മാല്‍ദ്വീപ് ഉപദ്വീപുകളെ ഭൂമിയിലെ സ്വര്‍ഗ്ഗമായാണ് ഇബ്‌നു ബതൂത കണ്ടെത്തുന്നത്. ദ്വീപുകളിലെ മുഖ്യ ഭക്ഷണ ഇനങ്ങള്‍ മത്സ്യവും തേങ്ങാ ഉല്‍പന്നങ്ങളുമാണത്രെ.. തേങ്ങാ ഉല്‍പന്നങ്ങള്‍ക്ക് ”ലൈംഗിക വേഴ്ചകളില്‍ അത്ഭുതപ്പെടുത്തുന്നതും സാമ്യതയില്ലാത്തതുമായ ഫലശേഷിയുണ്ട്. ദ്വീപുകാര്‍ ഈ വിഷയത്തില്‍ അത്ഭുതവും കാണിക്കുന്നുണ്ട്. എനിക്ക് തന്നെ അവിടെ നാല് ഭാര്യമാരുണ്ട്; അത്യാവശ്യം വെപ്പാട്ടികളും. പകലുകളില്‍ അവരെയെല്ലാവരെയും സന്ദര്‍ശിക്കും രാത്രിയില്‍ അന്നത്തെ ഊഴമൊത്ത പെണ്ണിനെയും. ഇത് അദ്ദേഹം ദ്വീപിലുണ്ടായ കാലമത്രയും തുടര്‍ന്നു. (ഡെവിഡ് വെയ്ന്‍സ്)”
വെയ്ന്‍സ് ഇബ്‌നു ബതൂതയെ ഉദ്ധരിച്ചതെല്ലാം അങ്ങനെയങ്ങ് അംഗീകരിച്ചുകൊടുക്കാന്‍ നമുക്ക് പറ്റില്ല. കാരണം അദ്ദേഹത്തിന്റെ സഞ്ചാരക്കുറിപ്പുകളുടെ മൊത്തമുല്‍പാദകരുടെ താല്‍പര്യം തുടക്കം മുതല്‍ക്കു തന്നെ ലാഭവും വായനക്കാരനെയും മുന്നില്‍ കണ്ടു കൊണ്ടു മാത്രമായിരുന്നു. വെയ്ന്‍സിന്റെ കുറിപ്പുകളില്‍ തന്നെ, ഭക്ഷണപ്രിയനായ ഇബ്‌നു ബതൂത മറ്റൊരിടത്ത് ഋഷി തുല്ല്യനായി അദ്ദേഹം ചിത്രീകരുക്കുന്ന ഇബ്‌നു ബതൂത്തയോട് വിരുദ്ധമായി നില്‍ക്കുന്നുണ്ട്. ഇബ്‌നു ബതൂത്ത തന്റെ സഞ്ചാരത്തിന്റെ ആദ്യ നാലു വര്‍ഷങ്ങളില്‍ കാര്യമായ ആത്മീയോന്നതി തന്നെ കൈവരിച്ചിരുന്നു. മൂന്ന് പ്രാവശ്യം അദ്ദേഹം മക്കയില്‍ ചെന്ന് ഹജ്ജ് നിര്‍വ്വഹിച്ചു. മൂന്ന് വര്‍ഷത്തോളം വിശുദ്ധ നഗരത്തില്‍ വിപ്രവാസിയായി കഴിയുകയും ചെയ്തു. ഭൗതിക പരിത്യാഗികളായ സ്വൂഫികള്‍ അനുഷ്ഠിക്കാറുളള സുഹ്ദ് സ്വാംശീകരിക്കുക വഴി ഈ മൂന്ന് വര്‍ഷംകൊണ്ട് തന്നെ അദ്ദേഹം ആത്മീയോന്നതി കൈവരിച്ചിരുന്നു. ദൈവഭക്തിയില്‍ നിന്ന് വളര്‍ന്നുവരുന്ന സുഹ്ദ് പക്ഷെ, മധ്യകാലത്തെ ഇറച്ചി ഭക്ഷണങ്ങളെ പരിത്യജിച്ച തീവ്രമായ ക്രിസ്ത്യന്‍ ആചാരത്തെപ്പോലെയല്ല; പകരമത് ഭൗതിക സുഖാഡംഭരങ്ങളോടുള്ള വിരക്തിയായിരുന്നു.
നാമിപ്പോള്‍ ഇബ്‌നു ബതൂത്തയില്‍ നിന്ന് ഏറെ അകലെയാണ്. അതുകൊണ്ടാണ്, അദ്ദേഹം ഭൂപ്രദേശങ്ങളെയും ജനങ്ങളെയും കണ്ട അത്ര വെളിച്ചത്തില്‍ നമുക്ക് അദ്ദേഹത്തെയിപ്പോള്‍ കാണാനൊക്കാത്തത്.
Translator: മുഹമ്മദ് ഷഹീര്‍ ഹുദവി
Connect
Connect with us on the following social media platforms.