സര്‍ദാര്‍ വായിച്ച ഖുര്‍ആന്‍
പൊതുവായി പറയുകയാണെങ്കില്‍ രണ്ടു തരത്തിലുള്ള ഗ്രന്ഥവായന സാധ്യമാണ്. അതില്‍ ഒന്നാമത്തേത് ഗ്രന്ഥത്തെ പ്രണയിക്കുക എന്നതാണ്. രണ്ടാമത്തേത് അതിന്റെ പ്രലോഭനത്തില്‍ നിന്നും പുറത്തു കടന്ന് അതിനെ ചെറുക്കുക എന്നതാണ്. Ed Hersh-നെക്കുറിച്ച് പറയുന്നിടത്ത് Edward Said പറയുന്നുണ്ട്. വിമര്‍ശനം രണ്ട് നിമിഷത്തിലുണ്ട് . ഒന്നാമത്തെത് അന്തര്‍ജ്ഞാനപരമാണ്. രണ്ടാമത്തേത് അന്തര്‍ധ്യായിയും യുക്തിപരവുമാണ്.
Reading the Qur’an എന്ന സിയാവുദീന്‍ സര്‍ദാറിന്റെ പുസ്തകം വായിച്ചപ്പോള്‍ ഞാന്‍ ഈ നിമിഷത്തിലൂടെയാക്കെ കടന്ന് പോയി. യഥാര്‍ഥത്തില്‍ സിയാ സ്വയം തന്നെ ഇത്തരം നിമിഷങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്. ഒരര്‍ഥത്തില്‍ അദ്ദേഹം വിശ്വാസിയെന്ന നിലക്ക് ടെക്സ്റ്റിനോട് അനുതാപപരമായ സമീപനം സ്വീകരിക്കുന്നുണ്ട്. അതെ സമയം റിഫ്‌ളക്‌സീവായ നിലപാടും എടുക്കുന്നു. അങ്ങനെ ടെക്സ്റ്റിന്റെ മൗലികതയെ സ്ഥാപിക്കാനും ക്ലാസിക്കല്‍ പാരമ്പര്യത്തിന്റെ സ്വാഥീനത്തെ ചെറുക്കാനും ആണ് അദ്ദേഹം ശ്രമിക്കുന്നത്. തങ്ങളുടെ പ്രത്യയശാസ്ത്ര താല്‍പര്യങ്ങളെ ന്യായീകരിക്കാന്‍ വേണ്ടി വ്യാഖാനത്തെ ഉപയോഗിക്കുന്നവരെക്കുറിച്ച് അദ്ദേഹം ബോധവാനാണ്. യുക്തിപരതയെ ഇഷ്ടപ്പെടുന്ന ആളാണ് താന്‍ എന്ന് അദ്ദേഹം പറയാറുണ്ട്. വാദങ്ങളും ചോദ്യങ്ങളും ഉപയോഗിച്ചാണ് അദ്ദേഹം ഖുര്‍ആനെ സമീപിക്കുന്നത്. അദ്ദേഹത്തിന്റെ വായന ശാസ്ത്രീയമാണ്. അത്തരം വായന നമ്മില്‍ നിന്ന് ടെക്സ്റ്റ് ആവശ്യപ്പെടുന്ന ഒന്നാണ് എന്നാണ് സര്‍ദാര്‍ പറയുന്നത്: ഖുര്‍ആന്‍ ധാരാളം ചോദ്യങ്ങള്‍ അടങ്ങിയ ഒരു ഗ്രന്ഥമാണ്. ‘അല്ലാഹു അല്ലാത്ത ഒന്നിനെ നിങ്ങള്‍ക്ക് എങ്ങനെയാണ് ആരാധിക്കാന്‍ കഴിയുക? എങ്ങനെയാണ് ഇത് സംഭവിച്ചത്? ദീര്‍ഘമേറിയ സൂറകളില്‍ സംവാദങ്ങളാല്‍ നിറഞ്ഞ ഗ്രന്ഥമാണിത്.’
ഫസലുറഹ്മാന്റെ ശൈലിയാണ് സര്‍ദാരും കുറേയൊക്കെ പിന്തുടരുന്നത്. പുസ്തകത്തിന്റെ മൂന്നാം ഭാഗത്ത് ചില കാര്യങ്ങള്‍ വിശദീകരിക്കുവാന്‍ ഫസലുറഹമാന്റെ വ്യാഖ്യാന ശൈലിയാണ് അദ്ദേഹം സ്വീകരിക്കുന്നത്: എന്ത് കൊണ്ടാണ് മുഹമ്മദ് അവസാനത്തെ പ്രവാചകനായത്? ഇസ്മ എന്ന സിദ്ധാന്തം, അളവിനെക്കുറിച്ചോ ഖദറിനെക്കുറിച്ചോ ഉള്ള ആശയം, അത് പോലെ ബഹുഭാര്യത്വം. ഇനിയൊരു ദൈവിക അവതരണത്തിന്റെ ആവശ്യം എന്നത് ബാലിശമാണ് എന്ന ഫസലുറഹ്മാന്റെ വാദത്തെ സര്‍ദാര്‍ പിന്തുണക്കുന്നുണ്ട്. എന്നാല്‍ മനുഷ്യന് അല്ലാഹുവിന്റെ മാര്‍ഗ നിര്‍ദേശം ആവശ്യമുണ്ട് എന്നും അവന്‍ പക്വത പ്രാപിച്ചിട്ടില്ല എന്നും പറയുന്ന ഫസലുറഹ്മാന്റെ വാദത്തെ സംശയത്തോടെയാണ് സര്‍ദാര്‍ സമീപിക്കുന്നത്. അദ്ദേഹം ചോദിക്കുന്നു. ദൈവിക മാര്‍ഗ്ഗ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണോ നമ്മുടെ മോറല്‍ പക്വതയെ അളക്കേണ്ടത്? അദ്ദേഹം പറയുന്നു: ചില കാര്യത്തില്‍ നമ്മള്‍ പക്വതയുള്ളവരായിരിക്കും. മറ്റു ചില കാര്യങ്ങളില്‍ അങ്ങനെയായിരിക്കില്ല . മോറലും എത്തിക്കലുമായ നമ്മുടെ വൈഷമ്യങ്ങള്‍ തീര്‍ക്കേണ്ടത് നാം തന്നെയാണ്. വാഗ്ദത്ത ഭൂമിയിലേക്ക് നയിക്കാന്‍ ഇനിയൊരു പുതിയ മോസസ് വരില്ല. നമ്മുടെ ആത്മാവിനെ സംരക്ഷിക്കാന്‍ ഒരു ജീസസും ഒരു സാമൂഹിക ക്രമത്തെ സൃഷ്ടിക്കാന്‍ ഒരു പുതിയ മുഹമ്മദോ ഇനി വരില്ല’ (220)
ഫസലുറഹ്മാന്റെ പുസ്തകം അക്കാദമിക്കലാണെങ്കില്‍ സര്‍ദാരിന്റെതു വായനക്ഷമതയുള്ളതാണ്.എന്നാല്‍ സര്‍ദാറിന്റെ സമകാലീനതയാണ് രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം. അതിനാല്‍ തന്നെ സമകാലിക വിഷയങ്ങള്‍ എന്ന് പേര് നല്‍കിയ ഭാഗം വളരെ പ്രധാനപ്പെട്ടതാണ്. ശരീഅ, അധികാരവും രാഷ്ട്രീയവും, ബഹുഭാര്യത്വം, മുഖമക്കന,ആവിഷ്‌കാര സ്വാതന്ത്ര്യം,സ്വവര്‍ഗ്ഗ ലൈംഗികത,ആത്മഹത്യ, സയന്‍സും ടെക്‌നോളജിയും, പരിണാമവും കലയും,സംഗീതവും ഭാവനയും, തുടങ്ങിയ വിഷയങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്.ഇത്തരം വിഷയങ്ങളോടുള്ള മുസ്ലിംകളുടെ നിലപാടിനെ സര്‍ദാര്‍ വിമര്‍ശിക്കുന്നുണ്ട്.അതെ സമയം സമകാലിക വ്യവഹാരങ്ങളെ വിമര്‍ശനരഹിതമായി സമീപിക്കുന്നതില്‍ നിന്നും സര്‍ദാര്‍ മാറി നില്ക്കുന്നുണ്ട്.
ഖുര്‍ആനില്‍ സ്വവര്‍ഗ്ഗാനുരാഗ ഭീതിയില്ല എന്ന് പറയുമ്പോഴും സമകാലിക ഗേ-ലെസ്ബിയന്‍ പ്രവര്‍ത്തനങ്ങളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. മുസ്‌ലിം സമൂഹത്തില്‍ നില നില്‍ക്കുന്ന ലൈംഗിക മൂല്യങ്ങളെയും എത്തിക്‌സിനെയും വിമര്‍ശിക്കുമ്പോഴും ലൈംഗികതയോടുള്ള സമീപനത്തിന്റെ കാര്യത്തിലും ശരീരത്തിന്റെ ലൈംഗിക പ്രദര്‍ശനത്തിന്റെ കാര്യത്തിലും സൂക്ഷമമായ നിലപാട് അദ്ദേഹം സ്വീകരിക്കുന്നുണ്ട്.
പുസ്തകത്തിന് ചിലയിടങ്ങളില്‍ പ്രശ്‌നങ്ങളുണ്ട്. മൊറാലിറ്റി ഖുര്‍ആനോട് കൂടി പൂര്‍ണമാകുന്നു എന്ന മുസ്‌ലിം വിശ്വാസത്തിനു വിഭിന്നമായി ഖുര്‍ആനോട് കൂടി മൊറാലിറ്റി തുടങ്ങുന്നു എന്നാണ് സര്‍ദാര്‍ പറയുന്നത്. ഖുര്‍ആനിന് മുമ്പുണ്ടായിരുന്ന സമൂഹങ്ങള്‍ മോറലായിരുന്നില്ലേ? വൈവിധ്യത്തെക്കുറിച്ച സര്‍ദാറിന്റെ ആഖ്യാനങ്ങള്‍ കാലാതീതമായ മോറല്‍ മൂല്യങ്ങളോട് യോജിക്കുന്നവയാണ്. ഇസ്‌ലാമിക പാരമ്പര്യത്തിലെ തത്വ ശാസ്ത്ര വ്യവഹാരങ്ങളോട് നിഷേധാതമക നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. അത് പോലെ സത്യത്തെയും വൈവിധ്യത്തെയും കുറിച്ച അദ്ദേഹത്തിന്റെ നിലപാടുകള്‍ പലപ്പോഴും മുസ്‌ലിം ഫണ്ടമെന്റലിസത്തിനെതിരായ ആക്രമണമാകുകയാണ് ചെയ്യുന്നത്. മതപരവും സെക്കുലറും ആയ എല്ലാ പാരമ്പര്യങ്ങളിലും കാണാവുന്ന ഒന്നാണിത്. സര്‍ദാര്‍ പുസ്തകം എഴുതിയത് മുസ്‌ലിംകള്‍ക്ക് വേണ്ടി മാത്രമാണ് എന്നാണ് നമുക്ക് തോന്നുക.
അത് പോലെ തന്നെ അധികാരവും രാഷ്ട്രീയവും എന്ന പാഠം ഇസ്‌ലാമിക രാഷ്ട്രത്തിനായുള്ള വാദങ്ങളെ വിമര്‍ശിക്കുന്നുണ്ട്. അത്തരം വിമര്‍ശനങ്ങളോടൊപ്പം തന്നെ അമേരിക്കയും കൂട്ടാളികളും സൃഷ്ടിച്ച ഏകധ്രുവ ലോകത്തിന്റെ വിമര്‍ശനവും ഒരാള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കുന്നുണ്ട്. പൊളിറ്റിക്കല്‍ ഇംപീരിയലിസത്തിന്റെ വിമര്‍ശനം നമുക്ക് ഈ പുസ്തകത്തില്‍ കാണാന്‍ സാധ്യമല്ല. ആധുനികതയോടും കണ്‍സ്യൂമറിസത്തോടുമുള്ള വിമര്‍ശനം അതിന്റെ കുറവ് നികത്തുന്നുമില്ല.
എങ്കിലും തന്റെ പുസ്തകം വിമര്‍ശനാതീതമാണ് എന്നും തെറ്റുകളില്‍ നിന്ന് മുക്തമാണ് എന്നും സര്‍ദാര്‍ പറയുന്നില്ല. ഖുര്‍ആനിക എത്തിക്‌സിന്റെ സമകാലിക വ്യാഖ്യാനമായ ഈ പുസ്തകം നമ്മോട് പുനര്‍ചിന്തയും ആവശ്യപ്പെടുന്നുണ്ട്. ഖുര്‍ആനിന്റെ യുക്തിപരമായ വായനയിലേക്കുള്ള ക്ഷണമാണിത്.
Translator: ഹസനു സ്വാലിഹ്
Connect
Connect with us on the following social media platforms.