ഇസ്‌ലാമോഫോബിയയുടെ വേരുകള്‍
2001 സെപ്റ്റംബര്‍ 11ന് ശേഷമുള്ള സാമൂഹിക രാഷ്ട്രീയാന്തരീക്ഷത്തോടുള്ള ഇടപാടില്‍ നിന്നും അനുഭവങ്ങളില്‍ നിന്നുമാണ് ദീപ കുമാര്‍ ‘ഇസ്‌ലാമോഫോബിയ ആന്‍ഡ് ദ പൊളിറ്റിക്‌സ് ഓഫ് എമ്പയര്‍’ എന്ന പുസ്തകം എഴുതുന്നത്. റഡ്‌ഗെര്‍റ്‌സ് സര്‍വകലാശാലയിലെ (Rutgers University) മാധ്യമ, പശ്ചിമേഷ്യ പഠന വിഭാഗത്തിലെ പ്രഫസറാണ് ദീപ കുമാര്‍. പെന്റഗണ്‍ ആക്രമണത്തിനു ശേഷം അമേരിക്കയിലെ മുസ്‌ലിംകള്‍ക്കെതിരായ പ്രത്യക്ഷമായ വംശീയതയെയും സമകാലിക മുസ്‌ലിം ജീവിതത്തെയും അവര്‍ ആഴത്തില്‍ നിരീക്ഷിക്കുന്നു. ഒരു ആക്റ്റിവിസ്റ്റ് എന്ന നിലയില്‍ അനീതിക്കെതിരെ എഴുതുകയും സംസാരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് അവര്‍ മനസ്സിലാക്കുന്നു. അമേരിക്കയിലുടനീളമുള്ള സര്‍വകലാശാലകളിലെ സഹപ്രവര്‍ത്തകരുമായും വിദ്യാര്‍ഥികളുമായും യുദ്ധവിരുദ്ധ പ്രവര്‍ത്തകരുമായുള്ള പത്ത് വര്‍ഷം നീണ്ട സംവാദങ്ങളുടെ ഉത്പന്നമാണ് ഈ പുസ്തകം. സാമ്രാജ്യത്വ താല്‍പര്യങ്ങളെ പൂര്‍ത്തീകരിക്കുന്ന ‘മുസ്‌ലിം ശത്രു’ എന്ന നിര്‍മിതിയെക്കുറിച്ചും ‘അയഥാര്‍ത്ഥമായ ഭീകരജീവി’ എന്ന ഇസ്‌ലാമിന്റെ ഇമേജിനെകുറിച്ചുമാണ് ഈ പുസ്തകം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.
കുമാറിന്റെ അഭിപ്രായത്തില്‍, യൂറോപ്പില്‍ നിലനില്ക്കുന്ന ഇസ്‌ലാമിനെക്കുറിച്ചുള്ള പ്രത്യേകതരം ഇമേജിന്റെ രൂപീകരണം മധ്യകാലഘട്ടത്തില്‍ നിന്നും കണ്ടെടുക്കാനാകും. എന്നാല്‍ അന്നാകട്ടെ, വ്യത്യസ്തമായ ചരിത്രപരവും രാഷ്ട്രീയപരവുമായ മാറ്റങ്ങള്‍ക്കനുസരിച്ച് ഇസ്‌ലാമിക ഇമേജിനും മാറ്റം വരികയുണ്ടായി. ഉദാഹരണത്തിനു എട്ടു മുതല്‍ പതിനൊന്ന് വരെയുള്ള നൂറ്റാണ്ടുകള്‍ക്കിടയില്‍, ബഹുദൈവ മതത്തിന്റെ ഒരു വകഭേതമായാണ് ഇസ്‌ലാം മനസ്സിലാക്കപ്പെട്ടത്.
പതിനൊന്നാം നൂറ്റാണ്ട് മുതല്‍, യൂറോപ്പിലെ ബഹുമുഖമായ ചിതറിക്കിടക്കുന്ന ശക്തികളെ ഒരുമിപ്പിക്കുന്നതിന് മുസ്‌ലിമിനെ അപരനായി ചിത്രീകരിക്കുന്ന തരത്തില്‍ വിവാദമായ വ്യവഹാരത്തിന് യൂറോപ്പിലെ ചര്‍ച്ച് തുടക്കമിട്ടു. 14, 15 നൂറ്റാണ്ടുകള്‍ കണ്ടത് വിവാദങ്ങളില്‍ നിന്നും ഇസ്‌ലാമിനെക്കുറിച്ച ആശ്രദ്ധയിലേക്കുള്ള മാറ്റമായിരുന്നു. റൊമാന്റിക് കാലഘട്ടത്തിലാകട്ടെ, അസാധാരണനായ ഓറിയെന്റ് (Exotic otient) എന്ന ഇമേജ് നിലവില്‍ വന്നു. അതിനാല്‍ യൂറോപ്പിന്റെ സങ്കല്‍പ്പത്തിലെ ഇസ്‌ലാമിനെക്കുറിച്ചുള്ള ചിത്രം നിശ്ചലമല്ല. ഇസ്‌ലാമിനോടുള്ള ഏകപക്ഷീയമായ പ്രതികരണവും ഇവിടെ കാണാന്‍ കഴിയില്ല. ചുരുക്കത്തില്‍ സാമുവല്‍.പി. ഹണ്ടിംഗ്ടനും ബര്‍നാട് ലൂവിസും മുന്നോട്ട് വെച്ച സംസ്‌കാരങ്ങളുടെ സംഘട്ടനങ്ങള്‍ ഏന്ന ആശയത്തില്‍ നിന്നും, ഇസ്‌ലാമിനെ ചട്ടക്കൂടിലാക്കുന്നതിനുള്ള ലിബറല്‍ രാഷ്ട്രീയത്തിന്റെയും മുതലാളിത്തത്തിന്റെയും സ്വാധീനഫലത്തെക്കുറിച്ച സംവാദത്തിലേക്കുള്ള വിശകലനപരമായ ഒരു മാറ്റമാണ് ഇവ കാണിക്കുന്നത്.
പ്രധാനമായും മൂന്ന് ഭാഗങ്ങളാണ് പുസ്തകത്തിനുള്ളത്. ആദ്യത്തെ രണ്ട് ഭാഗങ്ങളില്‍, ഇസ്‌ലാമിനെക്കുറിച്ച പ്രത്യേകതരം ഇമേജിനെ ഉപയോഗിച്ച് കൊണ്ട് ഇസ്‌ലമോഫോബിയയുടെ ഉദയത്തെയും സാമ്രാജ്യത്വത്തിന്റ മാറുന്ന താല്പര്യങ്ങള്‍്ക്കനുസരിച്ച് ആ ഇമേജിനുണ്ടാകുന്ന മാറ്റത്തെയുമാണ് കുമാര്‍ ചര്‍ച്ച ചെയ്യുന്നത്. ഇസ്‌ലാമോഫോബിയയെയും യു.എസിലെ ആഭ്യന്തര രാഷ്ട്രീയത്തെയുമാണ് മൂന്നാം ഭാഗം ചര്‍ച്ച ചെയ്യുന്നത്.
വടക്കേ ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലേയും കൊളോണിയല്‍ കാലഘട്ടത്തില്‍ ഉടലെടുത്ത വെളുത്ത മനുഷ്യന്റെ ഭാരം (White man’s burden), സംസ്‌കരണ ദൗത്യം(Civilising mission) തുടങ്ങിയ ആശയങ്ങളുടെ ആവിര്‍ഭാവത്തെ കുമാര്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നു. ഈ കാലഘട്ടത്തിലാണ് ഓറിയന്റലിസം എന്നറിയപ്പെട്ട സാഹിത്യരൂപങ്ങള്‍ നിലവില്‍ വരുന്നത്. അന്നും ഇന്നും അവ കൊളോണിയല്‍ അധിനിവേശങ്ങളുടെ സ്വാധീനശക്തിയാണ്. രണ്ടാം ലോകയുദ്ധത്തിനു ശേഷം, അധികാരശക്തി യൂറോപ്പില്‍ നിന്നും അമേരിക്കയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പട്ടു. ആഫ്രിക്കയിലും ഏഷ്യയിലും ഉടനീളം പോസ്റ്റ്‌കൊളോണിയല്‍ രാഷ്ട്രങ്ങളുടെ രൂപീകരണത്തിനും ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു. കൊളോണിയലാനന്തര മുസ്‌ലിം രാഷ്ട്രങ്ങളില്‍ ബാഹ്യ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ മതേതര ദേശിയവാദികളും ഇസ്‌ലാമിസ്റ്റുകളും സഖ്യകക്ഷികളാവുകയോ ശത്രുക്കളാവുകയോ ചെയ്തു.
കമ്മ്യൂണിസ്റ്റ് രാഷ്ട്രസംഘം പിന്തുണച്ച സാമ്രാജ്യത്വവിരുദ്ധ, മതേതരദേശിയവാദ ശക്തികള്‍ക്കെതിരെ രാഷ്ട്രീയ ഇസ്‌ലാമിനെ ഉപയോഗിച്ച് അമേരിക്കയുടെ അധികാരത്തെ ഏകീകരിക്കുന്നതിനെക്കുറിച്ച സംവാദങ്ങള്‍ ശീതയുദ്ധക്കാലത്ത് അമേരിക്കന്‍ നയവിദഗ്ദ്ധര്‍ക്കിടയില്‍ നിലനിന്നിരുന്നു. 1979 ലെ ഇറാനിയന്‍ വിപ്ലവത്തിന്റെ തൊട്ടുടനെ അമേരിക്കയുടെ രാഷ്ട്രീയ അജണ്ടയില്‍ ഇസ്‌ലാമിനെക്കുറിച്ചുള്ള ഇമേജിന് മാറ്റം വന്നു. സോവിയേറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം നവയാഥാസ്ഥികരും ഓറിയന്റലിസ്റ്റുകളും തമ്മിലുള്ള ഇടപാടുകളിലൂടെ ‘ഇസ്‌ലാമിക ഭീകരത’ എന്ന പദത്തിന്റെ പരിണാമത്തിന് ലോകം സാക്ഷിയായി. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് അമേരിക്കയിലെ ലിബറലുകള്‍ക്കും നവയാഥാസ്ഥികര്‍ക്കും ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ 2001 സെപ്റ്റംബര്‍ 11നു ശേഷം അവസാനിച്ചു എന്ന് കുമാര്‍ പറയുന്നു.
ആഭ്യന്തര അപരനെ നശീകരിക്കുന്നതിനും കീഴ്‌പ്പെടുത്തുന്നതിനുമുളള അജണ്ടയെ തങ്ങളുടെ അന്താരാഷ്ട്ര നയങ്ങള്‍ക്കനുകൂലമായി പൊതു അഭിപ്രായം രൂപീകരിക്കുന്നതിനായി അധികാരശക്തികള്‍ ഉപയോഗിക്കുന്നുണ്ട്. ഒക്യുപ്പൈ വാള്‍സ്ട്രീറ്റ് പ്രസ്ഥാനത്തിന്റെയും അറബ് വസന്തത്തിന്റെയും സമയത്ത് 2011 ലാണ് കുമാര്‍ ഈ പുസ്തകം എഴുതുന്നത് . ലോകത്തുടനീളമുള്ള സാധാരണ മുസ്‌ലിംകളെ കുറിച്ച ചിത്രം പ്രധാനപെട്ട അത്തരം രാഷ്ട്രീയ സംഭവങ്ങള്‍ മാറ്റുന്നുണ്ടെന്നാണ് അമേരിക്കയിലെ ആക്റ്റിവിസ്റ്റ് എന്ന നിലയില്‍ അവരുടെ അനുഭവം വ്യക്തമാക്കുന്നത്.
സമകാലിക അധികാര ശക്തിയെക്കുറിച്ചും സാമ്രാജ്യത്വത്തെ കുറിച്ചുമുള്ള നല്ലൊരു വിമര്‍ശനമാണ് പുസ്തകം നല്‍കുന്നത്. സാമ്പത്തിക രാഷ്ട്രീയ വിശകലനത്തെ അടിസ്ഥാനമാക്കി രാഷ്ട്രീയസമ്പദ് വ്യവസ്ഥയുടെ പരമ്പരാഗത ചട്ടക്കൂടിനെ ഉപയോഗിക്കുന്ന വിശാലമായ മാര്‍ക്‌സിസ്റ്റ് ക്രമീകരണമാണ് പുസ്തകത്തിനുള്ളത്. സമകാലിക ക്യാപിറ്റലിസ്റ്റ് ക്രമത്തിന്റെ നല്ലൊരു വിമര്‍ശനം നല്‍കുന്നുവെന്നതാണ് ഈ ചട്ടക്കൂടിന്റെ പ്രയോജനം. എന്നാല്‍, യൂറോപ്യന്‍ കാപ്പിറ്റലിസത്തിന്റെ അനുബന്ധമായി യൂറോപ്പിതര ലോകത്തെ നോക്കിക്കാണുന്നു എന്നതാണ് ഈ ചട്ടക്കൂടിന്റെ പ്രശ്‌നം. ഈയര്‍ത്ഥത്തില്‍, യൂറോപ്പിതര ലോകത്തില്‍ നിന്നുള്ള ചെറുത്തുനില്‍പ്പിന്റെ ഭാഷയെ ഇതവഗണിക്കുന്നുണ്ട്. ഉദാഹരണത്തിന്, 1950 മുതല്‍ ഇക്കാലം വരെയും ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനങ്ങളെ പടിഞ്ഞാറിന്റെ സഖ്യകക്ഷിയോ അല്ലെങ്കില്‍ ശത്രുവോ ആയിട്ടാണ് കുമാര്‍ വിശേഷിപ്പിക്കുന്നത് .
ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഉത്പാദിപ്പിച്ച ചെറുത്ത്‌നില്‍പ്പ് ഭാഷയുടെ സങ്കീര്‍ണതകളെക്കാള്‍ യു.എസ് കാപ്പിറ്റലിസത്തിന്റെ അധികാരശക്തിയിലും ലിബറല്‍ രാഷ്ട്രീയത്തിലുമാണ് അവര്‍ താല്‍പര്യം കാണിക്കുന്നത്. അതിനാല്‍ തന്നെ ഒരാള്‍ക്കിങ്ങനെ ചോദിക്കാം. യൂറോപ്പിതര ലോകത്തിലെ കാപ്പിറ്റലിസത്തിന്റെ കീഴ്‌പെടുത്താനുള്ള അധികാരശക്തിയെ അതിനോടുള്ള ചെറുത്തുനില്‍പ്പിനുപരിയായി കേന്ദ്രരാഷ്ട്രീയ യാഥാര്‍ത്ഥ്യമായി പരിഗണിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നത് എന്തുകൊണ്ടാണ്?
Connect
Connect with us on the following social media platforms.