ദലിതര്‍, ഖുര്‍ആനിക വീക്ഷണത്തില്‍
ഖുര്‍ആനില്‍ പലഭാഗങ്ങളിലും ദുര്‍ബലരെന്നും അടിച്ചമര്‍ത്തപ്പെട്ടവരെന്നും പരിഭാഷപ്പെടുത്തപ്പെടുന്ന ‘മുസ്തള്അഫീന’ എന്ന പദവും അത് ഉദ്ഭവിച്ച പദങ്ങളായ ‘ഇസ്തള്അഫു, ഇസ്തള്അഫുനി (അടിച്ചമര്‍ത്തപ്പെടുന്ന) എന്നീ പദങ്ങളും പതിനാലു തവണ കാണപ്പെടുന്നുണ്ട്. നാലാം അധ്യായം അന്നിസാഅ് (സ്ത്രീകള്‍), ഏഴാം അധ്യായം അല്‍ അഅ്‌റാഫ് (കോട്ടമതിലുകള്‍), എട്ടാം അധ്യായം അല്‍ അന്‍ഫാല്‍ (യുദ്ധമുതല്‍), ഇരുപത്തെട്ടാം അധ്യായം അല്‍ഖസസ് (ചരിത്രം), മുപ്പത്തിനാലാം അധ്യായം സബഅ് (ഷേബ) എന്നീ അധ്യായങ്ങളിലാണ് ഇത്തരം വാക്കുകള്‍ ഉള്‍കൊള്ളുന്ന സൂചനകളുള്ളത്. ഖുര്‍ആനിലെ ചരിത്രാഖ്യാനങ്ങളില്‍ എട്ടാം അധ്യായത്തിലെ ഇരുപത്തിയാറാം വാക്യമൊഴിച്ചുള്ള പദമെല്ലാം മോസ്സസിന്റെ സമൂഹത്തെ പ്രത്യേകമായി പരാമര്‍ശിക്കാനാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. മുഹമ്മദ് അസദിന്റെ അഭിപ്രായത്തില്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്യുന്നതിനു മുമ്പ് ഇസ്‌ലാമിന്റെ ആദ്യ ദിനങ്ങളില്‍ വിശ്വാസികളുടെ ദുര്‍ബലാവസ്ഥയെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിച്ചത്. ‘സത്യവിശ്വാസി സമൂഹങ്ങള്‍ക്കുമുള്ള ഓര്‍മ്മപ്പെടുത്തലാണിത്. എല്ലാ കാലത്തും തുടക്കത്തിലവര്‍ ദുര്‍ബലരും എണ്ണത്തില്‍ അപ്രധാനവുമായിരുന്നു, പിന്നീടായിരുന്നു എണ്ണത്തിലും സ്വാധീനത്തിലും വര്‍ദ്ധനവുണ്ടായത്’.
ദുര്‍ബലാവസ്ഥയും അധികാരമില്ലായ്മയും സ്ഥായിയായ വിശേഷണങ്ങളല്ല, മറിച്ച് അവ കാലാനുസൃതമായി മാറിക്കൊണ്ടിരിക്കും. ‘മര്‍ദ്ദിതരും’ ‘മര്‍ദ്ദകരും’ എല്ലാ കാലത്തും ഒരു പോലെയായിരിക്കില്ല. ഇന്നത്തെ മര്‍ദ്ദിതര്‍ക്ക് ഭാവിയില്‍ അധികാരം നേടാനും മര്‍ദ്ദകരായിത്തീരാനും കഴിഞ്ഞേക്കും. ഖുര്‍ആനില്‍ വിവരിക്കുന്ന മോസ്സസിന്റെ പാരമ്പര്യം ഈയൊരു മാറ്റത്തെ കൃത്യമായും സൂചിപ്പിക്കുന്നുണ്ട്. മര്‍ദ്ദകനായ ഫറോവയുമായുള്ള മോസ്സസിന്റെ പോരാട്ടത്തിന്റെ പര്യവസാനത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു; ‘ദുര്‍ബലരാക്കപ്പെട്ട ആ ജനതയെ നമ്മുടെ അനുഗ്രഹത്താല്‍ ആ ദേശത്തിന്റെ പൂര്‍വ്വ പശ്ചിമ ദിക്കുകളുടെ അവകാശികളാക്കുകയും ഇസ്രയേല്‍ വംശത്തോടുള്ള നിന്റെ നാഥന്റെ ശുഭവാഗ്ദത്തം ഇവ്വിധം പുലരുകയും ചെയ്തു. എന്തുകൊണ്ടെന്നാല്‍ അവര്‍ ക്ഷമയോടെ നില കൊണ്ടിരുന്നു. ഫറോവയും കൂട്ടരും കെട്ടിപ്പൊക്കിയതും നിര്‍മ്മിച്ചതുമായ സകലതിനേയും നാം തരിപ്പണമാക്കുകയും ചെയ്തു. പിന്നീട് അവരുടെ ഊഴമെത്തിയപ്പോള്‍ ഭൂമിയുടെ അനന്തരാവകാശികളാക്കിയ അതേ സമുദായം മര്‍ദ്ദകരായിത്തീര്‍ന്നു. ദൈവവുമായുള്ള കൂടിക്കാഴ്ച്ചക്കു ശേഷം അവന്റെ വെളിപാടുമായി തന്റെ സമൂഹത്തിലെത്തിച്ചേര്‍ന്നപ്പോള്‍ തന്റെ ജനത തനിക്കെതിരെ തിരിയുന്നതാണ് മോസ്സസ് കാണുന്നത്. അദ്ദേഹം പറഞ്ഞു: ‘എന്റെ അഭാവത്തില്‍ എത്ര നികൃഷ്ടമായ വസ്തുവിനെയാണ് നിങ്ങള്‍ ആരാധിച്ചത്. നിങ്ങളുടെ നാഥന്റെ കാര്യത്തില്‍ നിങ്ങള്‍ ധൃതികാണിച്ചുവോ? അദ്ദേഹം ഫലകങ്ങള്‍ വലിച്ചെറിയുകയും തന്റെ സഹോദരന്റെ തലമുടിക്ക് പിടിച്ചു വലിക്കുകയും ചെയ്തു .’എന്റെ മാതാവിന്റെ മകനേ, നിശ്ചയമായും ഈ ജനം എന്നെ പീഡിപ്പിച്ചിട്ടുണ്ട്. അവരെന്നെ കൊന്നുകളയുന്നതോളമെത്തിയിരുന്നു. അതിനാല്‍ ശത്രുക്കള്‍ക്ക് എന്റെ കാര്യത്തില്‍ സന്തോഷിക്കാന്‍ ഇട വരുത്താതിരിക്കുക. ധിക്കാരികളായ ജനത്തിന്റെ ഗണത്തിലെന്നെ ഉള്‍പ്പെടുത്താതിരിക്കുക.’(7:150).
ഫറോവ ‘നാട്ടുകാരെ പല വിഭാഗങ്ങളായിത്തിരിക്കുകയും അതിലൊരു വിഭാഗത്തെ ദുര്‍ബലരായി നിന്ദിക്കുകയും ചെയ്തു’ എന്നു ഖുര്‍ആന്‍ പറയുന്നു. ഫ്യൂഡലിസത്തെക്കുറിച്ച ഖുര്‍ആനിക പരാമര്‍ശമാണിത്. ഇവിടെ ദൈവം താല്‍പര്യപ്പെടുന്നത് ‘മര്‍ദ്ദിതര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കാനും അങ്ങനെ ഫറോവയും ഹാമാനും അവരുടെ പടയാളികളും തങ്ങള്‍ ഭയപ്പെട്ടിരുന്ന തിരിച്ചടി യാഥാര്‍ത്ഥ്യമാക്കിക്കൊടുക്കാനുമത്രേ.’(28;5). ‘അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പുരുഷന്‍മാരും, കുട്ടികളും, സ്ത്രീകളും അടങ്ങിയ മര്‍ദ്ദിതര്‍ ‘തങ്ങളുടെ നാഥാ മര്‍ദ്ദകരുടേതായ ഈ നാട്ടില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുകയും നിന്റെ പക്കല്‍ നിന്ന് ഒരു സഹായിയെ നിയോഗിച്ചു തരേണമേ’ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍’ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പോരാടാന്‍ ഖുര്‍ആന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നുണ്ട്(4:75).
മര്‍ദ്ദിതരെന്ന പദം അര്‍ത്ഥമാക്കുന്നത് മുസ്‌ലിംകളെ മാത്രമാണോ? എന്ന ഒരു ചോദ്യം ഇവിടെ ഉയരുന്നുണ്ട്. മുസ്‌ലിംകളേക്കാള്‍ ദുര്‍ബലരായ വിഭാഗങ്ങള്‍ ഉള്ള സമൂഹത്തില്‍ പോലും തങ്ങളുടെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായി മുസ്‌ലിം സമൂഹത്തെ മാത്രമാണ് ലോകത്തിലെ മിക്ക ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളും കാണുന്നത്. മുസ്‌ലിം ബിസിനസ്സ് പ്രമുഖരാല്‍ നടത്തപ്പെടുന്ന കോളേജില്‍ ലക്ച്ചറായി ജോലി ചെയ്യുന്ന എന്റെ ഒരു സുഹൃത്ത് ഒരു ഈഴവ വിദ്യാര്‍ത്ഥിക്കുവേണ്ടി സ്‌കോളര്‍ഷിപ്പിന് കോളേജ് അധികൃതരെ സമീപിച്ചപ്പോള്‍ സ്‌കോളര്‍ഷിപ്പ് സ്‌കീമില്‍ മുസ്‌ലിംകളെ മാത്രമേ ഉള്‍പെടുത്തൂ എന്ന മറുപടിയാണ് അദ്ദേഹത്തിന് ലഭിച്ചത്. കൂടാതെ മറ്റു സമുദായത്തിലെ ആളുകളോടുള്ള മുസ്‌ലിംകളുടെ സഹായവും അംഗീകാരവും മുസ്‌ലിമാകാനുള്ള അവരുടെ സാധ്യതയനുസരിച്ചായിരിക്കും. ഇസ്‌ലാം മറ്റുള്ളവരില്‍ പ്രചരിപ്പിക്കുന്ന തരത്തിലാണ് ഖുര്‍ആന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നത്. അവര്‍ വളരെയധികം ആത്മാര്‍ത്ഥതയോടുകൂടി നിങ്ങളുടെ സഹായം തേടുമ്പോള്‍ ദൈവത്തിന്റെ കണ്ണില്‍ നിങ്ങള്‍ അവരേക്കാള്‍ എത്ര ഭേദമാണെന്ന് നിങ്ങളവരോട് പറയുന്നു.
ഫരീദ് ഇസാക്കിന്റെ ‘ഖുര്‍ആന്‍: വിമോചനവും ബഹുസ്വരതയും’, എന്ന ഗ്രന്ഥത്തില്‍ ഈ ചോദ്യം സമര്‍ത്ഥമായി വിശകലനം ചെയ്യപ്പെടുന്നുണ്ട്. പുസ്തകത്തില്‍ ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണ വിവേചനത്തിന്റെ പശ്ചാത്തലത്തില്‍ മോസ്സസിന്റെ സമൂഹത്തിലെ പലായനം മാനദണ്ഡമായെടുത്ത് വിമോചനത്തിന്റെ ഗതിയെ അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്. ഫരീദ് ഇസാക്കിന്റെ അഭിപ്രായത്തില്‍ പലായനം മാനദണ്ഡമാക്കിയെടുത്ത പുസ്തകത്തിലെ പ്രതിപാദ്യവിഷയങ്ങള്‍ താഴെ പറയുന്നവയാണ്;
1.മോസ്സസ്സോ, ദൈവമോ, ഇസ്രയേലികള്‍ വാഗ്ദത്ത ഭൂമിയിലെത്തുന്നതുവരെ അവരെ ഉപേക്ഷിച്ചില്ല. കുഫ്‌റിന്റെ കാര്യത്തിലവര്‍ ധിക്കാരം കാണിച്ചിട്ടും.
2.വളരെ ഫലവത്തായ വ്യത്യസ്ത പ്രതികരണങ്ങളാണ് ഇസ്‌റായേലികളുടെ കുഫ്‌റിനോടും ഫറോവയുടേയും അയാളെ പിന്തുണക്കുന്നവരുടെ കുഫ്‌റിനോടും എടുത്തത്. 4.അടിമത്തത്തിന്റെ ആ കാലഘട്ടത്തില്‍ മതപ്രചരണം നടത്തുന്നതിലേറെ ഇസ്രായേലികളുമായി ഐക്യപ്പെട്ട് പ്രവര്‍ത്തിക്കുക എന്നത് മോസ്സസ്സിന്റെ പ്രവാചകദൗത്യത്തി്‌ന് അത്യന്താപേക്ഷിതമായിരുന്നു. മര്‍ദ്ദനത്തിന്റെ മുറിവുണങ്ങാനായി എന്തെങ്കിലും താത്കാലിക ശമനം മോസ്സസ്സ് വാഗ്ദാനം ചെയ്തിരുന്നില്ല, പകരം വിമോചനം സാധ്യമാക്കാന്‍ അവരുമായി ഐക്യപ്പെട്ടു പ്രവര്‍ത്തിച്ചു. (ഫരീദ് ഇസാക്ക്, ഖുര്‍ആന്‍:വിമേചനം ബഹുസ്വരത, മര്‍ദ്ദനത്തിനെതിരേയുള്ള മതാന്തര ഐക്യദാര്‍ഢ്യത്തിന്റെ ഇസ്‌ലാമിക പരിപ്രേക്ഷ്യം)
‘സഖാക്കളേയും എതിരാളികളേയും പുനര്‍ നിര്‍വ്വചിക്കുമ്പോള്‍ ‘എന്ന തലക്കെട്ടിലുള്ള അധ്യായത്തില്‍ നടത്തുന്ന വിശകലനം നമ്മുടെ ബോധ്യത്തിനും മര്‍ദ്ദകരെക്കുറിച്ചും മര്‍ദ്ദിതരെക്കുറിച്ചുമുള്ള ചര്‍ച്ചകളിലും വളരെ പ്രധാനമാണ്. ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളെ സൂചിപ്പിച്ചുകൊണ്ട് ഇസാക്ക് പറയുന്നു. ദക്ഷിണാഫ്രിക്കന്‍ വിമോചനവ്യവഹാരങ്ങളില്‍ വരെ, പുനര്‍വ്യാഖ്യാനിക്കപ്പെട്ട ദൈവശാസ്ത്ര ഗണങ്ങളായ മുഅ്മിന്‍, മുസ്‌ലിം, കാഫിര്‍ എന്നീ പദങ്ങളില്‍ ഒരാള്‍ വ്യത്യാസങ്ങള്‍ കണ്ടെത്തുന്നു. പുരോഗമന ഇസ്‌ലാമിസ്റ്റുകള്‍ ഇത്തരം വ്യത്യാസങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാറില്ല. അടിച്ചമര്‍ത്തപ്പെട്ട അപരമതസമൂഹങ്ങളെ കാഫിര്‍ എന്ന് അവര്‍ വിശേഷിപ്പിചിട്ടില്ല എന്നതും മുസ്‌ലിം എന്ന പദം പരസ്പരം സഹകരിക്കുന്ന മുസ്‌ലിം സത്തയില്‍ നിന്നും അവര്‍ മാറ്റി നിര്‍ത്തിയിട്ടുണ്ട് എന്നതും വളരെ വ്യക്തമാണ്. അവരുടെ വാക്പ്രയോഗത്തില്‍ ശ്രദ്ധാപൂര്‍വ്വം പ്രതിഫലിക്കപ്പെടുന്നത് കാഫിറുകളോടുള്ള ഖുര്‍ആനിന്റെ രൂക്ഷവിമര്‍ശം കേവലമായ മതപരമായ സമാനത പരിഗണിക്കാതെ വര്‍ണ്ണവിവേചനം നടത്തുന്ന ഭരണകൂടത്തോടും അതിന്റെ പിണിയാളുകള്‍ക്കും നേരെയാണ് കരുതിവെക്കപ്പെട്ടതും ഉപയോഗിക്കപ്പെട്ടതെന്നുമാണ്. മുസ്‌ലിംകളേയും മുഅ്മിനുകളേയും ആശ്വസിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, പോരാടാന്‍ ആഹ്വാനം ചെയ്യുന്ന വചനങ്ങളെല്ലാം കേവലവിശ്വാസങ്ങള്‍ പരിഗണിക്കാതെയോ, അവയൊന്നുമില്ലാതെ തന്നെയോ പ്രയാസമനുഭവിക്കുന്നവരിലേക്കുകൂടി പ്രയോഗിച്ചിട്ടുണ്ട്.
ഫറോവയുടെ ഫ്യൂഡലിസത്തിനു സമാനമായി വിശ്വാസപരമായി നിര്‍ണ്ണയിക്കപ്പെട്ട ജാതിവ്യവസ്ഥിതിയില്‍ പീഡനമനുഭവിക്കപ്പെട്ട സമുദായങ്ങളെ ഇന്ത്യയില്‍ പട്ടിക ജാതികളായിട്ടാണ് ഗണിക്കുന്നത്. മര്‍ദ്ദിതവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ചില ആക്റ്റിവിസ്റ്റുകള്‍ പറയുന്നത് ഈ വര്‍ഗ്ഗീകരണം മറ്റു വിശ്വാസങ്ങളെ സ്വീകരിക്കുന്നത് തടയാന്‍ സഹായിക്കുന്നു എന്നാണ്. ഒരിക്കല്‍ ക്രിസ്ത്യാനിറ്റിയിലേക്കോ, ഇസ്‌ലാമിലേക്കോ മതപരിവര്‍ത്തനം നടത്തിയാല്‍ അവര്‍ക്ക് പട്ടികജാതിയില്‍ തുടര്‍ന്നാല്‍ കിട്ടുമായിരുന്ന ആനുകൂല്യങ്ങളൊന്നും തന്നെ കിട്ടാനര്‍ഹതയുണ്ടാവില്ല. പല മുസ്‌ലിം നേതാക്കളും അഭിമാനത്തോടെ പറയുന്ന പോലെ ഇസ്‌ലാമും ക്രിസ്ത്യാനിറ്റിയും സൈദ്ധാന്തികമായി ജനങ്ങളെ ജനനത്തിന്റെ അടിസ്ഥാനത്തില്‍ താഴ്ന്നവരായി കണക്കാക്കുന്നില്ല എന്നാണ് ഇതര്‍ത്ഥമാക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ മുസ് ലിംകള്‍ക്കിടയിലും ക്രിസ്ത്യന്‍ സമൂഹത്തിലും ജാത്യാധിഷ്ഠിത ഹിന്ദു സമൂഹത്തെപ്പോലെയാണ് താഴ്ന്ന ശ്രേണിയില്‍ പെട്ടവരെ (അത്രത്തോളം മോശമല്ലെങ്കില്‍ കൂടി )കണക്കാക്കുന്നത്. അതിനാല്‍തന്നെ ഇവിടെയും ദലിത് എന്ന വാക്കുപയോഗിക്കുന്നതിനെക്കുറിച്ച് ന്യായമായ ഒരു വാദമുണ്ട്. സൂക്ഷ്മ വിശകലനത്തില്‍ ദലിത് എന്നത് ജനത്തെ മിഥ്യയായ രീതിയില്‍ വേര്‍തിരിക്കുമ്പോഴുണ്ടാകുന്ന ഇരയാക്കപ്പെടലിനെ സൂചിപ്പിക്കാനും, മതാതീതവും വിശ്വാസങ്ങള്‍ക്കതീതവുമായി മര്‍ദ്ദിതരെപ്പറ്റി വിവരിക്കാനും ഖുര്‍ആന്‍ ഉപയോഗിച്ച ‘മുസ്തള്അഫീന’ എന്നതിന്റെയൊരു പരിഭാഷയാണ്.
ശ്രദ്ധേയനായ ഒരു ദലിത് ചിന്തകന്റെ അഭിപ്രായത്തില്‍ നിന്നും ദലിത് എന്ന പദത്തിന്റെ ഉത്പത്തിയെക്കുറിച്ച് വിശകലനം ചെയ്യാനും മുസ്തള്അഫിനെക്കുറിച്ചുള്ള ദൈവിക വചനങ്ങളെ ഒരു പുതിയ കാഴ്ച്ചപ്പാടില്‍ പുനരാലോചന നടത്താനുമാണ് ഞാന്‍ ശ്രമിക്കുന്നത്. ദലിത് എന്നത് ഒരു പുതിയ പദമല്ല. നൂറ്റാണ്ടുകള്‍ക്കുമുമ്പ് കാളിദാസന്‍ സംസ്‌കൃത്തിലും എഴുത്തച്ഛന്‍ മലയാളത്തിലും ഈ പദം പ്രയോഗിച്ചിട്ടുണ്ട്. കാളിദാസന്റെ ശാകുന്തളത്തില്‍ പറയുന്നത് ശകുന്തള ദൂശ്യന്തനെ കണ്ടപ്പോള്‍ അത്യധികം നാണത്താല്‍ പൂവിതളുകളിലമര്‍ത്തി നഖങ്ങള്‍ കൊണ്ടതിനെ ഞെരുക്കി എന്നാണ്. അവളുടെ നാണത്തിന്റെ ഏറ്റക്കുറച്ചിലിനനുസരിച്ച് പൂവിതളുകളില്‍ ചെലുത്തിയ ഊന്നലിനും ഏറ്റക്കുറച്ചില്‍ വന്നു. പൂവിതളുകളുടെ ആ അവസ്ഥയെക്കുറിക്കാന്‍ കാളിദാസന്‍ ദലിത് എന്ന വാക്കാണുപയോഗിച്ചത്. ക്ഷീണിതനായ മെലിഞ്ഞ അര്‍ജുനനെ എഴുത്തച്ഛന്‍ വിശഷിപ്പിച്ചത് ‘ദലിത് ശരീരമായ’ അര്‍ജ്ജുനന്‍ എന്നാണ്. മര്‍ദ്ദിതരെക്കുറിക്കാന്‍ ഈ വാക്കുപയോഗിക്കുന്നതിന് പഴക്കമേറെയുണ്ട്. 1922ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗത്തില്‍ ദലിതരുടെ അവസ്ഥ വിവരിക്കപ്പെടുകയും അവരുടെ ഉന്നതിക്കുവേണ്ടി ഒരു കമ്മിറ്റിയെ നിയോഗിക്കുകയുമുണ്ടായി. ആര്യസമാജം നേതാവ് ശ്രദ്ധാനന്തയായിരുന്നു ആ കമ്മിറ്റിയുടെ കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രവര്‍ത്തനം വിജയകരമല്ലാത്തതിനാല്‍ അദ്ദേഹം രാജിവെക്കുമ്പോള്‍ സമര്‍പ്പിച്ച പേപ്പറുകളില്‍ സൂചിപ്പിച്ചത് ദലിത് ഉന്നമനത്തിനായുള്ള കമ്മിറ്റിയുടെ പ്രസിഡന്റ് എന്നാണ്. (അംബേദ്കര്‍ സമ്പൂര്‍ണ്ണകൃതികള്‍ വാള്യം അഞ്ച് പേജ് 303). ഇതര്‍ത്ഥമാക്കുന്നത് മര്‍ദ്ദിതരെക്കുറിക്കാന്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഈ വാക്കുപയോഗിച്ചു എന്നാണ്. (ഗാന്ധി, ഗാന്ധിസം, ദലിതര്‍ -ദലിത് ബന്ധു)
വിവര്‍ത്തനം- കബീര്‍
Connect
Connect with us on the following social media platforms.