തന്‍പോരിമയില്ലാത്ത നബി ചരിത്രം
അബൂബക്കര്‍ സിറാജുദ്ദീന്‍ എന്ന മാര്‍ട്ടിന്‍ ലിങ്സ് മലയാളക്കരയില്‍ അത്ര പ്രശസ്തനല്ല. കേരളത്തിലെ മതസംഘടനകള്‍ അദ്ദേഹത്തെ നമുക്ക് പരിചയപ്പെടുത്തിയിട്ടില്ല. സാധാരണ ഇസ്‌ലാം ആശ്ലേഷിച്ചവര്‍ക്ക് മഹത്തായ സ്ഥാനം നല്‍കുന്ന മലയാളി മുസ്‌ലിം സംഘടനകള്‍ അദ്ദേഹത്തെ അവഗണിക്കുകയാണ് ചെയ്തത്. സ്ഥാനം നല്‍കുക എന്നാല്‍ സംഘടനകള്‍ ശ്വാസോഛ്ാസം പോലെ പ്രധാനമായി കരുതുന്ന തങ്ങളുടെ എണ്ണമറ്റ പ്രസിദ്ധീകരണങ്ങളില്‍ ഇടം നല്‍കുക എന്നാണര്‍ത്ഥം. ഏറിപ്പോയാല്‍ മരിച്ചു കഴിയുമ്പോള്‍ ഒരു അനുസ്മരണം. അതിലുപരി ഈ സംഘടനകള്‍ ഒന്നും ചെയ്യാറില്ല; ചെയ്തിട്ട് കാര്യവുമില്ല.
അബൂബക്കര്‍ സിറാജുദ്ദീന്‍ എന്ന മാര്‍ട്ടിന്‍ ലിങ്സ് ഒരു സൂഫിയായിരുന്നു. പക്ഷെ നമ്മുടെ ന്യൂ എയ്ജ് സൂഫികളും അദ്ദേഹത്തെ നമുക്ക് പരിചയപ്പെടുത്തിത്തന്നിട്ടില്ല. കോഴിക്കോട് സൂഫികളെ തട്ടാതെ വഴി നടക്കാന്‍ പറ്റാറില്ല. എന്നാല്‍ മറ്റുളവരെ മാര്‍ഗം കൂട്ടാന്‍ നടക്കുന്ന (proselytising) മതസംഘടനകളുടെ ലൈനാണ് ഈ സൂഫികള്‍ക്കും. മറ്റു സംഘടനാ പ്രതിനിധികള്‍ ഈ ലോകത്തിന്റെ ഭാരം മൊത്തം തോളില്‍ ചുമന്നു നടക്കുന്നത് കൊണ്ട് ഗൗരവത്തോടെ, സഹതാപത്തോടെ ‘അസ്സലാമു അലൈകും’ എന്ന് പറഞ്ഞ് സ്ഥലം വിടുമ്പോള്‍ സൂഫികള്‍ മന്ദമായി പുഞ്ചിരിക്കും എന്നതൊഴിച്ചാല്‍ അവരെക്കൊണ്ടും അവരുടെ വീട്ടുകാര്‍ക്ക് പോലും ഒരു പ്രയോജനവുമില്ല എന്ന് കാണാം.
അദര്‍ ബുക്‌സ് പുറത്തിറക്കിയ കൊള്ളാവുന്ന കുറച്ച് പുസ്തകങ്ങളില്‍ ഒന്നാണ് അബൂബക്കര്‍ സിറാജുദ്ദീന്‍ എന്ന മാര്‍ട്ടിന്‍ ലിങ്സിന്റെ ‘മുഹമ്മദ്’. മുഹമ്മദ് നബിയുടെ ജീവിതം നേരത്തെ പഠിച്ച്, അതില്‍ പ്രാഗത്ഭ്യം നേടി എന്ന് ‘അല്പം പോലും അഹങ്കാരമില്ലാതെ’ അഭിമാനിക്കുന്ന മലയാളി മുസ്‌ലിംകള്‍ക്ക് മുഹമ്മദ് നബിയുടെ ഒരു ജീവിതചരിത്രം കൊണ്ട് എന്ത് കാര്യം എന്ന് തോന്നാം. പക്ഷെ ഇത് മാര്‍ട്ടിന്‍ ലിങ്സിനെ അറിയാനുളള പുസ്തകമാണ്. സൂര്യനെന്നും ചന്ദ്രകാന്തമെന്നും താരങ്ങളുടെ ശോഭയെന്നും നമ്മില്‍ ഒരു വിഭാഗമെങ്കിലും പാടിപ്പുകഴ്ത്തിയ, ഒരു മഹത്തായ ജീവിതത്തെ അര്‍ഹിക്കുന്ന ആദരവുകളോടെ, സ്വന്തം അശക്തി പറയാതെ പറഞ്ഞ്, ഒരാള്‍ പുനരാവിഷ്‌കരിക്കുന്നത് നാം നിര്‍ബന്ധമായും വായിച്ചിരിക്കണം.
മുഹമ്മദ് നബിയെക്കുറിച്ച്, ലോകത്തെ മുഴുവന്‍ സൃഷ്ടിക്കാന്‍ കാരണക്കാരനായ ഒരാളെ കുറിച്ച് ഒരു സൂഫിക്ക് മാത്രമേ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ എഴുതാന്‍ കഴിയൂ എന്നാണ് എന്റെ വിശ്വാസം. മാര്‍ട്ടിന്‍ ലിങ്സിന്റെ സ്രോതസ് ഹദീസുകളും പൗരാണികരേഖകളുമാണ്. ഊഹങ്ങളും, ‘ജ്ജ് മിണ്ടണ്ട, ഞാന്‍ പറയാം’ എന്ന ആധികാരികതയുമല്ല. പ്രവാചക ചരിത്രങ്ങളില്‍ ഏറിയ പങ്കും, ഹൈക്കലിന്റെ കൃതി ഉള്‍പ്പെടെ (പക്ഷെ അത് നല്ലൊരു ചരിത്ര ഗ്രന്ഥമാണ്), പ്രവാചകന്റെ ജീവിതത്തെ കുറിച്ചുള്ള നമ്മുടെ ന്യായീകരണങ്ങളാണ്. അദ്ദേഹം എന്തിനു ജീവിച്ചു? എന്തിന് കല്യാണം കഴിച്ചു? എന്തിനു യുദ്ധം ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ വക്കാലത്ത് ഏറ്റെടുത്ത് സമര്‍ത്ഥമായി വാദിക്കുകയാണ് നാം ചെയ്യുന്നത്. ആ മഹാ ജീവിതത്തെ സമഗ്രമായി മനസ്സിലാക്കാതെയും ഖുര്‍ആന്റെ ജീവിതത്തോട് ബന്ധപ്പെടുത്തി പഠിക്കാതെയും അവിടുന്നും ഇവിടുന്നും പെറുക്കിയെടുത്ത് വിമര്‍ശിക്കുന്നവര്‍ക്ക് അതുപോലെ മറുപടി നല്‍കാനുള്ള സത്യസന്ധതയില്ലാത്ത ഏര്‍പ്പാടുകളാണ് നമ്മുടെ നബി ചരിത്രങ്ങള്‍. ഈ ചരിത്ര സൃഷ്ടികളേക്കാള്‍ എത്രയോ ഉദാത്തമാണ് അദ്ദേഹത്തോടുള്ള അനുരാഗത്താല്‍ എഴുതപ്പെട്ട മൗലീദുകള്‍.
സ്വന്തം ശബ്ദത്തെ പൂര്‍വസ്രോതസുകളിലെ വെളിച്ചത്തില്‍ ലയിപ്പിച്ചു കൊണ്ട് സ്വയം പശ്ചാത്തലത്തിലേക്ക് പിന്‍വലിയുകയാണ് മാര്‍ട്ടിന്‍ ലിങ്സ് ചെയ്യുന്നത്. ‘ഞാന്‍ കരുതുന്നു’, ‘എനിക്ക് തോന്നുന്നു’ തുടങ്ങിയ അനന്വവാക്യങ്ങള്‍ പോലും ഈ പുസ്തകത്തില്‍ ഇല്ല. നബിയുടെ ജീവിതത്തിനു മേല്‍ നമ്മുടെ അഭിപ്രായങ്ങളെ കെട്ടിയിടുന്ന ശബ്ദം കൊടുക്കല്‍ പ്രക്രിയയുടെ അഭാവം ഒരു പക്ഷേ ഇസ്‌ലാമിക ചരിത്ര രചനയില്‍ ഇതാദ്യമായിരിക്കും. പക്ഷെ അപ്പോഴും ഒരു മൗലീദെന്ന പോലെ, മനോഹരമായ ഒരു നോവലെന്ന പോലെ ഈ പുസ്തകം വായനയുടെ എല്ലാ അനുഭൂതിയും നമുക്ക് പകര്‍ന്നു തരുന്നു.
ഒരു പക്ഷെ ഗ്രന്ഥകാരന്‍ പിന്‍വാങ്ങുകയും കഥാപാത്രം സ്വയം അനാവൃതമാകുകയും ചെയ്യുന്നത് കൊണ്ട് സംഭവിക്കുന്നതാകാം അത്.
Connect
Connect with us on the following social media platforms.