banner ad
September 14, 2013 By എ.പി. കുഞ്ഞാമു 0 Comments

ഓണം, മുസ്‌ലിമിന്റെതുകൂടി

onam-pookalam-designs-30കാളനോടൊപ്പം കാളയുമായിക്കൂടെ ഓണസദ്യക്ക് എന്ന് കെ.ഇ.എന്‍. ചോദിച്ചപ്പോള്‍ മാത്രമാണ് ചിലര്‍ ഞെട്ടിയുണര്‍ന്ന്, മാപ്പിളക്ക് ഓണത്തിലെന്ത് കാര്യം എന്ന് ചോദിക്കാന്‍ തുടങ്ങിയത്. അതുവരെ കാണം വിറ്റും ഓണമുണ്ണണമെന്ന് മലയാളികള്‍ ജാതിമതഭേദമന്യേ കോപ്പിയെഴുതി പഠിക്കുന്നുണ്ടായിരുന്നു. ഓണം ദേശിയോത്സവമാണെന്ന് അവരെ പഠിപ്പിക്കുകയും ചെയ്തിരുന്നു. ഓണത്തിന്റെ സാത്വികതയിലേക്ക്, മാപ്പിളയുടെ പ്രാകൃതത്വത്തിന്ന് എന്‍ട്രിയില്ലെന്ന് ഈ വിവാദം  മലയാളിയെ ഓര്‍മ്മിപ്പിച്ചു. എന്നാലും മലയാളികള്‍ ഓണം കൊണ്ടാടിയത് എല്ലാവരുടേതുമായ ആഘോഷം എന്ന നിലയില്‍  തന്നെയാണ്. അതേ സമയം അതിന്ന് രണ്ടു  ധാരകളുണ്ട്  എന്നത് വിസ്മരിച്ചുകൂടാ. മഹാബലി എന്ന അസുര രാജാവിന്റെ വാഴ്ചയെയും വാമനാവതാരത്തേയും പറ്റിയുള്ള ഐതിഹ്യം ഓണത്തിന്ന് മതകീയ ഛായ നല്‍കിയിട്ടുണ്ട്. തൃക്കാക്കരയപ്പനും തിരുവോണവുമായി ബന്ധപ്പെട്ടു നടത്തുന്ന ചില ക്ഷേത്രോത്സവങ്ങളുമെല്ലാം ഓണാഘോഷത്തെ ഹിന്ദുമതത്തിന്റെ അതിര്‍ത്തിക്കല്ലുകള്‍ക്കുള്ളിലാക്കി. രണ്ടാമത്തെ ധാര, കാര്‍ഷികോത്സവമെന്ന നിലയില്‍ കേരളം ഓണത്തെ നെഞ്ചേറ്റുമ്പോഴാണ് ഉറന്നൊലിക്കുന്നത്. എല്ലാ മതക്കാരും സമുദായക്കാരും അതിനെ സ്വന്തം ആണ്ടറുതിയായി കണക്കാക്കി. ഋതുഭേദത്തിന്റെ പാരിതോഷികം എന്ന നിലയിലാണ് മലയാളികള്‍ ഓണത്തെ കണ്ടത്. കര്‍ക്കടകത്തിലെ കോരിച്ചൊരിയുന്ന മഴ പൊന്നിന്‍ ചിങ്ങം പിറക്കുന്നതോടെ നിലയ്ക്കുന്നു. വെയില്‍ തെളിയുന്നു, പൂക്കള്‍ വിരിയുന്നു, തുമ്പികള്‍ പാറിനടക്കുന്നു. വറുതിയുടെ നാളുകള്‍ അവസാനിക്കുന്നു. അതിന്റെ ആഘോഷം കൂടിയാണ് ഓണം. കാര്‍ഷിക വൃത്തിയില്‍ കേന്ദ്രീക്രതമായ കേരളീയ സാമൂഹ്യ വ്യവസ്ഥിതിയില്‍ ഓണക്കോടിയും ഓണസദ്യയും അതുമായി ബന്ധപ്പെട്ട ആഘോഷത്തിമര്‍പ്പുകളുമെല്ലാം, വലിയൊരളവോളം ‘മതേതരം’ തന്നെയാണ്. മുസ്‌ലിം വീടുകളില്‍ പൂക്കളമൊരുക്കുന്നില്ലായിരിക്കാം. പക്ഷേ മുസ്‌ലിം ജന്മിഗൃഹങ്ങളില്‍, ആശ്രിതര്‍ക്ക് ഓണക്കോടി കൊടുക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. ആണ്ടറുതിയുടെ ആഘോഷം എന്ന നിലയില്‍ ഹിന്ദുക്കളല്ലാത്ത സമുദായങ്ങള്‍ക്കിടയിലും അതു നിലനിന്നുപോന്നു.

പ്രാദേശികതലത്തിലുള്ള പങ്കുവെക്കലുകളിലൂടെയാണ് ഓണം മുസ്‌ലിംകള്‍ക് തങ്ങളുടേതു കൂടിയാക്കി മാറ്റുന്നത്.  കുന്നംകുളത്തെ ഓണത്തല്ലില്‍, ഇരുവശവും നിന്ന് അടിച്ചു പിരിയുന്ന അഭ്യാസികള്‍ മാപ്പിളമാരാണ് എന്നതൊരു കേവല കൗതുകമല്ല. അതുപോലെ കോഴിക്കോട് ജില്ലയുടെ വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍, ഓണക്കാലത്ത് അമ്പെയ്ത്ത് മത്സരങ്ങള്‍ നടത്താറുണ്ട്.  ബാലുശ്ശേരി, പേരാമ്പ്ര, നടുവണ്ണൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രത്യേകതരം വില്ലും ഈര്‍ക്കിലികൊണ്ടുളള അമ്പുകളും ഉപയോഗിച്ചു കൊണ്ടുള്ള ഈ മത്സരം നടക്കാറുള്ളത്  (കുറ്റിയറ്റ് പോയ ഈ വിനോദം കുറച്ചു കാലമായി മലയാള മനോരമയുടെ മുന്‍കൈ മൂലം പുനര്‍ജ്ജീവിച്ചിട്ടുണ്ട്) ഓണക്കാലത്താണ് ഈ മത്സരം നടത്തുക.  എന്നാല്‍ ഇത് മുസ്‌ലിംകളുടെ കൂടി ദേശീയ വിനോദമാണ്. പഴയ തലമുറയിലെ പേരെടുത്ത എയ്ത്തുകാര്‍ ഒട്ടുമുക്കാലും മുസ്‌ലിംകളാണ്. മുസ്‌ലിംകളുടെ ഓണാഘോഷത്തില്‍ മഹാബലിയും വാമനനുമല്ല ഉള്ളത്. വാഴത്തടയില്‍ അമ്പെയ്തുകൊള്ളിക്കുമ്പോള്‍ ജാതിമതഭേദമന്യേ ഉയരുന്ന ആരവങ്ങളില്‍, ഓണവുമായി ബന്ധപ്പെട്ട മതകീയ വിത്തുകള്‍  മുങ്ങിപ്പോവുകയാണ്.  പക്ഷേ ഒന്നുണ്ട്, അടുത്ത കാലത്ത് ഈ കളിയിലെ മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞു. അമ്പെയ്ത്തു ഏറെക്കുറെ, ഹിന്ദു സമുദായക്കാരുടേതു മാത്രമായി മാറുന്നു എന്നതാണനുഭവം.

ഓണക്കാലത്ത് പൂപറിക്കുന്നതും കളമൊരുക്കുന്നതും മറ്റും മധ്യ വയസ്സ് കഴിഞ്ഞ ഏതു മലയാളിയുടേയും ബാല്യകാല സ്മരണകളിലുണ്ടാവും. ഇന്നത്തെ പോലെ അങ്ങാടിയില്‍ നിന്ന് പ്ലാസ്റ്റിക് സഞ്ചിയില്‍, തോവാളപ്പൂക്കളും ഗുണ്ടല്‍പെട്ട് പൂക്കളും വാങ്ങുകയല്ല.  ഓലകൊട്ടകളില്‍ തുമ്പയും മുക്കുറ്റിയും തെച്ചിയുമൊക്കെ പിച്ചിയെടുക്കുകയാണ്. കൂട്ടുകാര്‍ പൂക്കള്‍ കൊട്ടകളില്‍ നിറച്ചുവെയ്ക്കുമ്പോള്‍ ഞങ്ങള്‍ മാപ്പിളക്കുട്ടികള്‍ ഒരു ‘കടുംകൈ’ ഒപ്പിക്കാറുണ്ടായിരുന്നു ആ പൂക്കൊട്ടയിലൊന്നു തൊടും മുസ്‌ലിംകള്‍ തൊട്ടാല്‍ പൂക്കള്‍ അശുദ്ധമായി.  അവര്‍ പൂക്കള്‍ നിലത്തു തട്ടിക്കളയും. അങ്ങനെയൊക്കെയായിരുന്നല്ലോ അന്നത്തെ വിചാരം.  പള്ളിക്കു നേരെ കൈ ചൂണ്ടിയാല്‍ കണ്ണുപൊട്ടിപ്പോവുമെന്ന് ആത്മാര്‍ത്ഥമായും വിശ്വസിച്ചിരുന്നു ഞങ്ങള്‍.  അറിയാതെയെങ്ങാനും കൈയൊന്ന് ചൂണ്ടിയാല്‍ വിരലു കടിച്ചാല്‍ മതി, അതു പ്രായശ്ചിത്തമായി.  ഇങ്ങനെ ചെറിയ പാപങ്ങളിലൂടെയും അതിലും ചെറിയ പരിഹാരങ്ങളിലൂടെയുമാണ് നാം മതവും വിശ്വാസവും ആരാധനാലയങ്ങളുമെല്ലാം നിലനിര്‍ത്തിയത് എന്നു പറഞ്ഞാല്‍ ആര്‍ക്കെങ്കിലും മനസ്സിലാവുമോ ഇന്ന് ?

ഇന്ന് മുസ്‌ലിംകള്‍ തൊട്ടാല്‍ പൂക്കള്‍ അശുദ്ധമാവുന്നില്ല എന്നു മാത്രമല്ല, പൂക്കളം തീര്‍ക്കുന്നതില്‍ ഹിന്ദുക്കളല്ലാത്തവര്‍ മുന്നിലുമാണ്. ഓണം വിപണിയുടേതായി മാറിയതോടെയാണ് മുസ്‌ലിംകള്‍ക്ക് ഓണാഘോഷങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം ലഭിച്ചത്. പൂക്കളമത്സരങ്ങള്‍ വ്യാപകമായി. പ്രാദേശിക ക്ലബ്ബുകളും റെസിഡന്‍സ് അസോസിയേഷനുകളും കച്ചവടസ്ഥാപനങ്ങളും ടൂറിസ്റ്റ് പ്രൈമോഷന്‍ കൗണ്‍സിലും മറ്റും ഓണത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തതോടെ ഓണാഘോഷങ്ങളില്‍ മുസ്‌ലിം പങ്കാളിത്തം വര്‍ദ്ധിച്ചു. ഓണാഘോഷം പൊടി പൊടിക്കുന്നതോടെ കേരളീയ ശൈലിയില്‍ സെറ്റുമുണ്ടുടുത്ത് തലയില്‍ മഫ്ത്തയിട്ട് പൂക്കളങ്ങളൊരുക്കുന്ന മുസ്‌ലിം സ്ത്രീകള്‍ നിത്യക്കാഴ്ചയാവുന്നത് അതിന്റെ ഫലമായാണ്. പര്‍ദ്ദയിട്ട യുവതികളും പലപ്പോഴും പൂക്കളങ്ങളൊരുക്കാനുണ്ട്.  ‘ഓണം സ്‌പെഷലായി’ കസവുവെച്ചു തുന്നിയ കേരള മോഡല്‍ പര്‍ദ്ദ കച്ചവടത്തിന്റെ കണ്ണുകണ്ട് ആരെങ്കിലും വിപണിയില്‍ ഇറക്കിക്കൂടെന്നില്ല.  ഏതായാലും ഇതൊരു പൊസിറ്റീവ് ആയ മാറ്റമാണ്. ഓണാഘോഷങ്ങളില്‍  മുസ്‌ലിം പങ്കാളിത്തം വര്‍ദ്ധിപ്പിച്ചത് വിപണിയാണ്.  മനസ്സില്‍ രൂപപ്പെട്ടുവരുന്ന അകല്‍ച്ച കുറയാന്‍ അത്രയെങ്കിലും അതു ഉപകാരപ്പെടും.

വിപണിയും  സര്‍ക്കാറും ഓണത്തെ ഏറ്റെടുത്തതോടെ പ്രസ്തുത ആഘോഷത്തിലുളള ജാതിയുടേയും മതത്തിന്റെയും അതിര്‍വരമ്പ് നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാവുകയാണ് ചെയ്തത്.  ബംഗാളില്‍ ദുര്‍ഗ്ഗാപൂജക്കാലത്ത് ഇതാണ് സംഭവിക്കുന്നത്. നാട് മൊത്തത്തില്‍ ഉത്സവമയമാവുന്നു. ശമ്പളവും ബോണസും കൈയ്യില്‍ പണം നിറയ്ക്കുന്നു. കാലാവസ്ഥ സുഖകരമായിത്തീരുന്നു; പഴയ കാലത്ത് കാര്‍ഷിക സമ്പദ്‌വ്യവസ്ഥ അതിന്റെതായ രീതിയില്‍ മുസ്‌ലിംകള്‍ കൂടി ഉള്‍ക്കൊള്ളുന്ന ഓണം നിര്‍മ്മിച്ചെടുത്തുവെങ്കില്‍ ഇന്ന് വിപണിയുടേതായ രൂപമാതൃകകള്‍ പരീക്ഷിക്കുകയാണ്, രണ്ട് അവസ്ഥകളിലും മുസ്‌ലിംകള്‍ ഓണാഘോഷത്തിന്റെ പരിധിക്കു പുറത്തല്ല: പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചു വരുന്ന ഓണവിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍, മുസ്‌ലിം വീടുകളുടെ അടുക്കളയില്‍ നിരന്തരം പരീക്ഷിക്കപ്പെടുന്നത്  അതുകൊണ്ടാണ് ഓണമല്ലേ, ഭക്ഷണം കേരളീയമാക്കാം എന്ന് താടിവെച്ച മാപ്പിളക്കും തട്ടമിട്ട പെണ്ണിനും തോന്നുന്നത്. അതുതന്നെയാണ് കേരളീയതയുടെ ശരിയായ വെളിപ്പെടല്‍.

കെ.പി. രാമനുണ്ണി പറയാറുണ്ട്, ഓണം എല്ലാ മലയാളികളുടേതുമാണ് എന്ന് ഹിന്ദുക്കള്‍ മാവേലിയേയും വാമനനേയുമൊക്കെ സൃഷ്ടിച്ച് അതിനെ സ്വന്തമാക്കുകയായിരുന്നവത്രെ.  നമ്മുടെ കുട്ടിയെ ഭിക്ഷക്കാര്‍ തട്ടിയെടുത്തുകൊണ്ട്  പോയി വളര്‍ത്തുമ്പോള്‍, കുട്ടിയെ അവരെടുത്തോട്ടെ എന്ന് കരുതുകയല്ലല്ലോ, പിടിച്ചു വാങ്ങുകയല്ലേ  വേണ്ടത് എന്ന് അദ്ദേഹം ചോദിക്കുന്നു. അതുപോലെ ഓണത്തെ നമ്മുടെ കൈയ്യില്‍ നിന്ന് തട്ടിക്കൊണ്ട് പോയി സ്വന്തമാക്കിയ ഹൈന്ദവതയില്‍ നിന്ന് അതിനെ പിടിച്ചു വാങ്ങി നാം തന്നെ കൊണ്ടു നടക്കണം. അങ്ങിനെ വരുമ്പോള്‍, അന്തിമമായി എന്താണ് സംഭവിക്കുക? തിരുവോണ നാളില്‍ പള്ളികളായ പള്ളികളുടെയെല്ലാം മുറ്റത്ത് പൂക്കളങ്ങള്‍ ഉയരുന്ന മനോഹരമായ കാഴ്ചയിലേക്ക് എന്റെ നാടുണരുമോ, അതുകൊണ്ട് ഇസ്‌ലാമിന് വല്ല പരിക്കും പറ്റുമോ?.

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting