banner ad
July 23, 2013 By എം. നൗഷാദ് / സല്‍മ യാഖൂബ് 0 Comments

വിശ്വാസമാണെന്റെ രാഷ്ട്രീയം

Untitled-1ബ്രിട്ടനിലെ രാഷ്ട്രീയപ്രവര്‍ത്തകയും, റെസ്‌പെക്റ്റ് പാര്‍ട്ടിയുടെ മുന്‍ നേതാവും,ബര്‍മിങ്ഹാമിലെ യുദ്ധ വിരുദ്ധ കൂട്ടായ്മയുടെ സംഘാടകയുമാണ് സല്‍മ യാഖൂബ്. കൂടാതെ ബര്‍മിങ്ഹാം സിറ്റി കൗണ്‍സിലേക്ക് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ‘ബര്‍മിങ്ഹാമിലെ ചേരി ജനതക്കു വേണ്ടി പോരാടുന്ന ധീരയായ പോരാളി’ എന്നാണ് ബര്‍മിങ്ഹാം പോസ്റ്റ് അവരെ വിശേഷിപ്പിച്ചത്. സമര്‍ത്ഥയായ പ്രാസംഗിക എന്ന നിലയില്‍ സമകാലിക വിഷയങ്ങളില്‍ സ്ഥിരമായി അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടികളില്‍ പങ്കെടുക്കാനായി കോഴിക്കോടെത്തിയിരുന്ന അവര്‍ ഒരേ സമയം ബ്രിട്ടനിലെ രാഷ്ട്രീയപ്രവര്‍ത്തകയും,
ക്ഷമാപണ സ്വരമില്ലാത്ത മുസ്‌ലിം സ്ത്രീ ആയിരിക്കുന്നതുമെങ്ങനെയെന്നും എം.നൗഷാദ്-നോട് സംസാരിക്കുന്നു.

ദക്ഷിണേഷ്യന്‍ പശ്ചാത്തലത്തില്‍ നിന്നുള്ള ഏതൊരു മുസ്‌ലിം നേതാവും മൂന്നു രാഷ്ട്രീയ ധാരയില്‍ നിന്നുള്ളവരായിരിക്കും.ഒന്ന്, ഒരു ബഹുസ്വര സമൂഹത്തില്‍ സ്വത്വ രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ച മുഹമ്മദലി ജിന്നയുടേത്. രണ്ടാമതായി, മതേതര ദേശീയരാഷ്ട്രീയത്തില്‍ തന്റെ മതസ്വത്വം അടിയറവെക്കാതെ ഇടപെട്ട അബുല്‍കലാം ആസാദിന്റേത്. മൂന്നാമതായി, ഇസ്‌ലാമിക രാഷ്ട്രത്തിനു വേണ്ടി സംസാരിച്ച അബുല്‍അഅ്‌ലാ മൗദൂദിയുടേത്. ഈ മൂന്നു ധാരകളേയും നിങ്ങള്‍ എങ്ങനെ നോക്കി കാണുന്നു? ഏതുമായാണ് നിങ്ങള്‍ക്ക് അടുപ്പമുള്ളത്?.

മറുപടി പറയാന്‍ പ്രയാസമുള്ള ചോദ്യമാണിത്. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും വ്യത്യസ്തമായ പശ്ചാത്തലത്തിലും, കാലത്തുമാണ എന്റെ  രാഷ്ട്രീയ സഞ്ചാരമാരംഭിക്കുന്നത്. ഞാനൊരു മുസ്‌ലിമാണ്. പ്രകടമായിത്തന്നെ, അഭിമാനിയായ മുസ്‌ലിം. എന്റെ സഞ്ചാരമാരംഭിക്കുന്നതു തന്നെ  പടിഞ്ഞാറിലെ ന്യൂനപക്ഷ സമുദായാംഗമായിട്ടാണ്. അവരില്‍ നിന്ന് എന്നെ വേര്‍തിരിക്കുന്ന ഏതൊരു  കാര്യവും  സാമൂഹികമായി പുറം തള്ളലിന്റേതായിരിക്കും. നിലവില്‍ തന്നെ സെപ്റ്റംബര്‍ 11 നു ശേഷം തീവ്രവാദികളെന്ന നിലക്ക്  പതിവുവാര്‍പ്പു മാതൃകകളിലൂടെ ഭീകരമായ രീതിയില്‍ ചിത്രീകരിക്കപ്പെടുന്നു. എന്നെ സംബന്ധിച്ചിടത്തോളം പ്രതിരോധത്തിന്റേതല്ലാത്ത, പക്ഷെ കൂടുതല്‍ വിശാലമായ വ്യവഹാരങ്ങള്‍ക്ക് സാധ്യത നല്‍കുന്ന രീതിയില്‍ ഇടപെടുക എന്നതായിരുന്നു വിഷയം. മുസ്‌ലിംകളെന്ന നിലക്ക് അടിച്ചേല്‍പ്പിക്കപ്പെടുന്നതൊന്നും ഞങ്ങള്‍ക്കു വേണ്ട എന്നു പറയുന്നതു പോലെയായിരുന്നു അത്. ഞങ്ങളുടെ രാജ്യം ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെന്ന മറ്റൊരു രാജ്യവുമായി യുദ്ധം ചെയ്യരുതെന്നു പറയാനുള്ള  സത്യസന്ധതയുടേതു കൂടിയായിരുന്നു. അതു കൊണ്ടു തന്നെ വളരെ ചുരുങ്ങിയ അര്‍ത്ഥത്തില്‍  ഈ മാതൃകകളൊന്നും തന്നെ എന്നെ സംബന്ധിച്ചിടത്തോളം  പര്യാപ്തമായിരുന്നില്ല. അതേ സമയം മറ്റു വിശ്വാസി സമൂഹങ്ങളുമായി പങ്കിടുന്ന സമാന സംഗതികളുമുണ്ട്, തെരഞ്ഞെടുക്കാന്‍ ലളിതമായവഴികളില്ല എന്നാണെനിക്കു തോന്നുന്നത്.

എന്റെ സ്വത്വത്തെക്കുറിച്ചോ, മതത്തെക്കുറിച്ചോ, ക്ഷമാപണശൈലി സ്വീകരിക്കാതിരിക്കുക എന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നത് എന്റെ വിശ്വാസമാണ്. സാമൂഹികനീതിയെന്ന ആശയം: തുല്യത, എല്ലാവര്‍ക്കും നീതി. പീഢനങ്ങള്‍ക്കെതിരെ, ദരിദ്ര ജനവിഭാഗങ്ങള്‍ക്കുവേണ്ടി നിലകൊള്ളല്‍, അനുകമ്പക്കപ്പുറത്തുള്ള സാമ്പത്തിക നീതി ഇതെല്ലാം ഇസ്‌ലാമിലുള്ള വിശ്വാസത്തില്‍ നിന്നാണുണ്ടാകുന്നതാണ്. എനിക്കിതെല്ലാം ഇസ്‌ലാമുമായി വളരെ ബന്ധപ്പെട്ടമാണ്. നീതിക്കുവേണ്ടി പണിയെടുക്കുന്ന  എന്നാല്‍  ചിലപ്പോള്‍ ചുരുങ്ങിയ അര്‍ത്ഥത്തില്‍ ഇസ്‌ലാമിന്റെ ചട്ടക്കൂടിനകത്ത് ഉള്‍പ്പെടുത്താന്‍ കഴിയാത്ത നിരവധി പേരുണ്ടെന്നതും ഞാനംഗീകരിക്കുന്നു. ക്രൈസ്തവ, ജൂത പാരമ്പര്യത്തില്‍ നിന്നുള്ള, ഹിന്ദുയിസം, ബുദ്ധിസം, നിരീശ്വരവാദം തുടങ്ങി മറ്റു പ്രത്യയശാസ്ത്രത്തില്‍ നിന്നുള്ളവരും സമാന ബോധ്യങ്ങളുമായിട്ടുണ്ട്. കൂട്ടമായ സമരത്തിലേക്കും, പ്രവൃത്തിയിലേക്കും വരുമ്പോള്‍ വൈയക്തികമായ ആത്മീയതയില്‍ നിന്ന് വ്യത്യസ്തമായ കൂടിച്ചേരലുകളുണ്ടാകുന്നുവെന്ന് എനിക്കു തോന്നുന്നു. എന്റെ അനുഭവങ്ങള്‍ തെളിയിക്കുന്നതു പോലെ, ഞാന്‍ ബര്‍മിങ്ഹാം യുദ്ധവിരുദ്ധപ്രസ്ഥാനം, റെസ്‌പെക്റ്റ് പാര്‍ട്ടി തുടങ്ങിയ പ്രസ്ഥാനങ്ങളിലെല്ലാം ഇടപെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. മതം എന്നെ സംബന്ധിച്ചിടത്തോളം ‘ഫിത്‌റ’ യുടേതായ ഒരു ആശയമാണ് അതായത് എല്ലാ മനുഷ്യര്‍ക്കും ഉന്നതമായ ഒരു വ്യക്തിത്വവും, താഴ്ന്ന ഒരു വ്യക്തിത്വവുമുണ്ട്. അതംഗീകരിക്കാന്‍ നാമെന്തു ചെയ്തു എന്ന് പരിഗണിക്കാതെ ,നമ്മള്‍ നന്മയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന ആശയം. പീഢനങ്ങള്‍ക്കെതിരായ വ്യക്തമായ നിലപാട് എന്ന തരത്തിലുള്ള പൊതുഐക്യം വ്യത്യസ്ത വിശ്വാസങ്ങള്‍ക്കിടയില്‍ വിയോജിപ്പുകളില്ലാതെ നിലനില്‍ക്കുന്നു എന്നാണ് എനിക്കു തോന്നുന്നത്. വ്യക്തവും ,സുനിശ്ചിതവും എന്നാല്‍   എല്ലാം ഉള്‍ക്കൊള്ളാവുന്ന രീതിയുള്ളതുമാണത്.

വസ്തുത എന്തെന്നാല്‍, അതായത് നിങ്ങള്‍ സൂചിപ്പിച്ചതില്‍ നിന്ന് വ്യത്യസ്തമായ പശ്ചാത്തലത്തില്‍, ബ്രിട്ടനിലെ ഈ രാഷ്ട്രീയസഞ്ചാരത്തോടുകൂടി ഞാന്‍ പുരോഗതി കൈവരിച്ചു എന്നതാണ്. വ്യക്തിരിക്തമായ രീതിയുടേതല്ല അത്. ഒരു തിരഞ്ഞെടുപ്പ് എന്ന  നിലയില്‍ പൊതുമണ്ഢലത്തില്‍ മതേതര ഇടത്തെ തെരഞ്ഞെടുക്കാന്‍ പറ്റിയ ഒന്നായി ഞാന്‍ വിശ്വസിക്കുന്നു. ഗവണ്‍മെന്റുദ്യോഗസ്ഥക്ക് തലമറക്കാന്‍ കഴിയാത്തതരത്തില്‍ ഫ്രാന്‍സിലെന്ന പോലെ യൂറോപ്പില്‍ മതേതര മൗലികവാദികളും, മതേതര തീവ്രവാദികളുമുണ്ട്. തങ്ങളുടെ ആശയം മറ്റുള്ളവരിലടിച്ചേല്‍പ്പിക്കുന്ന രീതിയാണത്. അതു പോലെത്തന്നെ ജനങ്ങളില്‍ പ്രത്യേക മതരീതികള്‍ അടിച്ചേല്‍പ്പിക്കുന്നതും ഒരു നല്ല കാര്യമാണെന്നെനിക്കു തോന്നുന്നില്ല. കാരണം ഹൃദയത്തില്‍ നിന്നാണ് വിശ്വാസമുണ്ടാകുന്നത്.സൃഷ്ടാവിനും, സൃഷ്ടിക്കുമിടയില്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് ഉണ്ടാകേണ്ടതുണ്ട്. ഇസ്‌ലാമിന്റെ പേരില്‍ സൗദികള്‍ നടപ്പാക്കുന്ന പല കാര്യങ്ങളും, പ്രത്യേകിച്ചും സ്ത്രീകളോട് പെരുമാറുന്നരീതി ഞാനംഗീകരിക്കുകയില്ല.

രാഷ്ട്രീയത്തില്‍ ഉള്‍ക്കൊള്ളലിന്റേതായ (Inclusive) സമീപനത്തെക്കുറിച്ച് താങ്കള്‍ സംസാരിച്ചു. പ്രകടമായിത്തന്നെ മുസ്‌ലിമാണെന്നു തോന്നിക്കുന്ന താങ്കളെപ്പോലുള്ളവര്‍ക്ക,് ബ്രിട്ടന്‍ പോലുള്ള രാജ്യത്ത് ഉള്‍ക്കൊള്ളല്‍ ശൈലി സ്വീകരിക്കുക എന്ന് പറഞ്ഞാല്‍ എന്താണതര്‍ത്ഥമാക്കുന്നത്?.നിങ്ങളനുഭവിച്ച പ്രതിസന്ധികളെന്താണ്?

ഇംഗ്ലണ്ടില്‍ നിങ്ങള്‍ക്കു താടിയുണ്ടെങ്കില്‍, അല്ലെങ്കില്‍ ഹിജാബ് ധരിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ പതിവു പ്രചരണങ്ങള്‍ക്കിരയാക്കപ്പെടാന്‍ എളുപ്പമാണ്. ജനങ്ങള്‍ക്കു മുസ്‌ലിംകളുടെ കാര്യത്തില്‍ മാത്രമേ ശ്രദ്ധയൊള്ളൂ എന്നാണു വിചാരം. സ്വത്വരാഷ്ട്രീയത്തോടുള്ള അവര്‍ക്കുള്ള ധാരണ പോലെയാണത്. ‘അവരെ’ക്കുറിച്ചും ‘ഞങ്ങളെ’ക്കുറിച്ചും സംസാരിക്കുന്ന വിഭാഗീയതയുടേതായ രാഷ്ട്രീയം. മാനസികമായി അങ്ങനെയൊരവസ്ഥ അവിടെ നിലനില്‍ക്കുന്നുണ്ടവിടെ. പതിവു പ്രചാരണത്തിന്റേയും, ഭീകരമായി ചിത്രീകരിക്കലിന്റേയും ഫലമായി എല്ലാവരും മുസ്‌ലിംകളെ അല്‍ഖായിദയെ പിന്തുണക്കുന്നവരായി കാണാനാഗ്രഹിക്കുന്നു. വളരെ ലളിതമാണത്. അതു കൊണ്ടു തന്നെ പ്രാഥമികമായിട്ടുള്ള ഈ പ്രതികൂല സാഹചര്യത്തെ എങ്ങനെ മറികടക്കുക എന്നത് വളരെ പ്രധാനമാണ്. നിങ്ങള്‍ക്കറിയാവുന്ന പോലെത്തന്നെ മുസ്‌ലിംകള്‍ നിരന്തരമായ ഭീഷണികള്‍ക്കു കീഴിലാണ്, മുസ്‌ലിം രാജ്യങ്ങള്‍ ബോംബിംഗിനിരയാകുന്നു, അവര്‍ അറസ്റ്റ് ചെയ്യപ്പെട്ട് ,പീഢനത്തിനിരയാക്കപ്പെടുകയും നിങ്ങളാണ് ലോകത്തിന്റെ സമാധാനപരമായ നിലനില്‍പ്പിന് ഏറ്റവും വലിയ ഭീഷണി എന്ന്  നിങ്ങളോടു പറയുന്നു. ബോംബിംഗിനു പിന്നിലെ ജനതയായി വിശാലാര്‍ത്ഥത്തില്‍ നിങ്ങള്‍ ജനങ്ങളാല്‍ വീക്ഷിക്കപ്പെടുന്നു. മുസ്ലിം ഒരു കുറ്റം ചെയ്യുമ്പോള്‍ അതു അയാളുടെ കുറ്റമല്ല മറിച്ച് സമുദായത്തിന്റെ മൊത്തം കുറ്റമായി കണക്കാക്കപ്പെടുന്നു. പല തരത്തിലുള്ള സ്റ്റീരിയോടൈപ്പ് ഭാവനകളുണ്ടവിടെ, അതിനാല്‍ തന്നെ എനിക്ക് ‘ഇസ്‌ലാമിനെ ഞാനിഷ്ടപ്പെടുന്ന പോലെത്തന്നെ ക്രിസ്ത്യാനിറ്റിയെയും ഞാനാദരിക്കുന്നു എന്നും ഒരു തരത്തിലുള്ള  ഭീകരപ്രവൃത്തിയേയും ഞാനംഗീകരിക്കുന്നില്ല’ എന്ന് സ്പഷ്ടമായി പറയേണ്ടി വരുന്നു. അതേ സമയം ഇത്തരം സ്റ്റീരിയോടൈപ്പ് ഭാവനകളെ അംഗീകരിച്ചു കൊണ്ട് നിശ്ശബ്ദരായിരിക്കാനും, പ്രത്യക്ഷത്തില്‍ മുസ്‌ലിമാവാതിരിക്കാന്‍ തീരുമാനിക്കാനും എളുപ്പമാണ്. അത്തരം സമീപനങ്ങളോടും ഞങ്ങള്‍ക്ക്  സമരം ചെയ്യേണ്ടതുണ്ടെന്നു  തോന്നുന്നു. നിര്‍ഭാഗ്യവശാല്‍ മറ്റു മതസമൂഹങ്ങള്‍ക്കെതിരെ അക്രമപ്രവര്‍ത്തികളാവാം എന്ന് വിശ്വസിക്കുന്ന ചില തീവ്രവാദികള്‍ ഞങ്ങള്‍ക്കിടയിലുണ്ട്. കുടിയേറ്റക്കാര്‍ പ്രശ്‌നക്കാരാണെന്ന് കരുതുന്ന തീവ്വ്ര വലതുപക്ഷത്തോടെനിക്കൊന്നും ചെയ്യാനില്ല എന്നതുപോലെ ഇത്തരക്കാരോട് ഒന്നുമെനിക്ക് ചെയ്യാനില്ല എന്നുകൂടി ആളുകളോടു പറയേണ്ടതായി വരുന്നു. ഈ രണ്ടു ആത്യന്തികവാദ ചേരികള്‍ക്കിടയില്‍ മിതവാദ സമീപനം ഒരാള്‍ക്ക് സ്വീകരിക്കേണ്ടതായി വരുന്നു.

അധീശ രാഷ്ട്രീയ വ്യവഹാരങ്ങളില്‍  ‘ചീത്ത’ മുസ്‌ലിം,’നല്ല’മുസ്‌ലിം (‘good and bad’) എന്നിങ്ങനെ വേര്‍തിരിക്കപ്പെടുന്നു എന്ന് മഹ്മൂദ് മംദാനി വാദിക്കുന്നു. ഈയൊരു പശ്ചാത്തലത്തില്‍ നിങ്ങളിതിനെ എങ്ങനെയാണ് മനസ്സിലാക്കുന്നത്?

ഇവിടെ ‘നല്ല മുസ്‌ലിം’എന്നത് ഇസ്‌ലാമുമായി ബന്ധമില്ലാത്ത മുസ്‌ലിമാണ്. അതേ സമയം വിപ്ലവകാരിയും, ഇസ്‌ലാം പിന്തുടരുന്ന, നീതിയിലും, സ്ത്രീകളുടെ അവകാശങ്ങളിലും വിശ്വസിക്കുന്നയാളെ ചീത്ത മുസ്‌ലിമായും കണക്കാക്കുന്നു. എന്നാല്‍ ഇത്തരം ആശയങ്ങളൊന്നും ഇസ്‌ലാമിനന്ന്യമായിരുന്നില്ല. പല മുസ്‌ലിംകള്‍ക്കും അവരവരുടെ മതത്തെ സ്‌നേഹിക്കുന്നതെന്തു കൊണ്ടെന്നാല്‍ അത് നീതിയെ പിന്തുണക്കുന്നു എന്നതു കൊണ്ടാണ്. അതായത് നമുക്ക് അല്ലാഹുവിനോട് വളരെയടുത്ത ആത്മീയ ബന്ധമുണ്ട്. നമുക്ക് പ്രവാചകന്റെ മാതൃകയുണ്ട്. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും സമത്വം കൊണ്ട് വന്ന, വംശീയത ഇല്ലായ്മ ചെയ്ത പാവങ്ങളുടേയും, പീഢിപ്പിക്കപ്പെടുന്നവരുടേയും പോരാളിയായി പ്രവാചകനെ മുസ്‌ലിംകള്‍ കാണുന്നു. പലരും ഇസ്‌ലാമുമായി  സഹകരിക്കാനുള്ള കാരണങ്ങള്‍ ഇതുമൂലം മാത്രമാണ്. ഇസ്‌ലാം വളരെ യാഥാസ്ഥിതികവും മുസ്‌ലിംകള്‍ മാറ്റങ്ങള്‍ക്കു തയ്യാറാവാത്തവരും, പെട്ടെന്ന് പ്രതികരിക്കുന്നവരുമാണെന്നാണ് അവര്‍ കരുതുന്നത്. ഏത് മതത്തിനും വിമോചനത്തിന്ന് ഊര്‍ജ്ജമായി വര്‍ത്തിക്കാന്‍ കഴിയും എന്നാല്‍ മതം സ്ഥിരമായി അടിച്ചമര്‍ത്താനായി ഉപയോഗിക്കപ്പെടുന്നു. ക്രിസ്ത്യാനിറ്റിയില്‍, പലരും ഈ സ്‌പെക്ട്രത്തെ അംഗീകരിക്കുന്നുണ്ട്. അതിനാല്‍ തന്നെ ലാറ്റിനമേരിക്കയില്‍ വിമോചന പ്രസ്ഥാനങ്ങള്‍ക്കു വേണ്ടി പോരോടിയ പുരോഹിതരുണ്ട് ഇസ്‌ലാമിന്റെ കാര്യത്തിലും നമുക്കത് ജനങ്ങളുടെ നന്മക്കു വേണ്ടി ഉപയോഗിക്കാം.

പ്രത്യേകിച്ചും സെപ്റ്റംബര്‍ 11 നു ശേഷം മുസ്‌ലിം സമുദായത്തെ ഭീകരമായി ചിത്രീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്കു വഹിക്കുന്നമുണ്ട്. താങ്കളുടെ അഭിപ്രായത്തില്‍ മാധ്യമങ്ങളുമായുള്ള ഇടപെടാനുള്ള ക്രിയാത്മക രീതികള്‍ എന്താണ്?

ഇടപെടുക എന്നത് വളരെ പ്രധാനം തന്നെയാണ്. നിങ്ങളെ എല്ലായ്‌പ്പോഴും വളരെ മോശമായി ചിത്രീകരിക്കുന്നതില്‍, നിങ്ങളുടെ സമുദായത്തെ ഭീകരമായി ചിത്രീകരിക്കുന്നതില്‍  വെറുതെ അസ്വസ്ഥപ്പെട്ടിട്ടു മാത്രം കാര്യമില്ല.ശുഭാപ്തി വിശ്വാസം തീരെയില്ലാത്ത സമീപനമാണത്. അതിലടങ്ങിയിട്ടുള്ള വൈകാരികതയുടെ വശം എനിക്ക് മനസ്സിലാകും. എന്നാല്‍ നിങ്ങളതിനെ ചരിത്രപരമായി മനസ്സിലാക്കണം. നിങ്ങളതിനെ തികച്ചും വ്യക്തിപരമായി കാണരുത്. ഇതേ അവസ്ഥ, വളരെ മോശമായ പീഢനങ്ങങ്ങള്‍ ജൂത സമുദായവും അനുഭവിച്ചിട്ടുണ്ട്. ഹോളോകോസ്റ്റിനേയും യൂറോപ്പ് അവരെ കുറ്റപ്പെടുത്തിയിരുന്ന എല്ലാ രോഗാവസഥകളെയുമവര്‍ മിറകടന്നു. ബ്രിട്ടനില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കുമുണ്ടായിരുന്നു ധാരാളം സ്റ്റീരിയോടൈപ്പ് ഇമേജുകള്‍. അവരെ ക്രിമിനലുകളെന്നും, കുറ്റവാളികളെന്നുമുള്ള രീതിയില്‍ ഭീകരരായി ചിത്രീകരിക്കപ്പെട്ടിരുന്നു. വെള്ളക്കാരായ ഐറിഷ് ജനത പോലും  അയര്‍ലണ്ടിലെ  രാഷ്ട്രീയ സാഹചര്യത്താല്‍, ഐറിഷ് റിപ്പബ്‌ളിക്കന്‍ ആര്‍മി ബോംബാക്രമണത്തിന്റെ പേരിലും, ഭീകരാക്രമണത്തിന്റെ പേരിലുമുള്ള പതിവു പ്രചരണങ്ങളാല്‍ ഭീകരവാദികളായി ചിത്രീകരിക്കപ്പെട്ടിരുന്നു. ഇതാണു രാഷ്ട്രീയം. സെപ്റ്റംബര്‍ പതിനൊന്നിനു ശേഷം മുസ്‌ലിംകളാണത്് ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്നത്. മുമ്പൊരിക്കലും ഈയൊരവസ്ഥ നമുക്കുണ്ടായിരുന്നില്ല. ‘അവര്‍ കഠിനാധ്വാനികളാണ്, അവരുടെ കുഞ്ഞുങ്ങള്‍ക്കവര്‍ നല്ല വിദ്യാഭ്യാസം നല്‍കുന്നു, അവര്‍ നിയമമനുസരിക്കുന്നവരാണ് ‘എന്നിങ്ങനെയുള്ള വ്യത്യസ്തമായൊരു ഇമേജും നമുക്കുണ്ടായിരുന്നു. ഇപ്പോള്‍ സെപ്റ്റംബര്‍ പതിനൊന്നിനുശേഷം നമ്മളെല്ലാവരും തീവ്രവാദികളാണ്. നിര്‍മ്മാണാത്മകമായ രീതിയില്‍ മാധ്യമങ്ങളിലും പൊതുജീവിതത്തിലും നാം ഇടപെടേണ്ടതുണ്ട്. പൊതുവായ സമരങ്ങളില്‍ അവരോടുകൂടെ നമ്മളും ഇടപെടേണ്ടതുണ്ട്. വലിയ,വലിയ,സാമ്പത്തിക പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്ക് ഇംഗ്ലണ്ടിലുണ്ട്. മുസ്‌ലിംകള്‍ മാത്രമല്ല അതനുഭവിക്കുന്നത്. നിലനില്‍പ്പ് തന്നെ അപകടത്തിലാണെന്നു കരുതുന്ന മറ്റു നിരവധി സമുദായങ്ങളുണ്ട്. വെള്ളക്കാരായ തൊഴിലാളി വര്‍ഗ്ഗം  തങ്ങളുടെ വേതനവും, തൊഴിലവസരവും കുറയുന്നതായും, ജീവിതച്ചെലവ് വര്‍ദ്ധിക്കുന്നതായും മനസ്സിലാക്കുന്നു. യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ ജനങ്ങള്‍ക്ക് വന്‍തുക അടക്കേണ്ടതായി വരുന്നു. മുതലാളിത്തം വലിയ അളവില്‍ അന്തരങ്ങളുണ്ടാക്കുന്നു. ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുക മാത്രമാകരുത് നമ്മുടെ ഭാഗത്തുനിന്നുള്ള ശ്രമം, മറിച്ച് ജനങ്ങളുടെ പൊതുവായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി അത്തരം സമരങ്ങളെ മാറ്റിത്തീര്‍ക്കാന്‍ നമ്മുടേതായ സംഭാവനകളര്‍പ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ ആറു വര്‍ഷമായി ബര്‍മിങ്ഹാമിലെ തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലറാണു ഞാന്‍, ഈ ദിശയില്‍ ചിലതൊക്കെ ചെയ്തിട്ടുമുണ്ട്. അതേസമയം പക്ഷപാത സമീപനങ്ങളില്ലാതെ ദേശീയ, അന്തര്‍ ദേശീയ വിഷയങ്ങളെ കണക്കിലെടുക്കേണ്ടതുണ്ട്. അമുസ്‌ലിമായൊരു രാഷ്ട്രീയക്കാരന്‍ തന്റെ മണ്ഢലത്തിലെ എല്ലാവര്‍ക്കും വേണ്ടി പണിയെടുക്കുന്ന പോലെ, അതേ സത്യസന്ധതയോടും ,സമര്‍പ്പണത്തോടു കൂടി ഒരു മുസ്‌ലിം രാഷ്ട്രീയക്കാരനും ചെയ്യേണ്ടതുണ്ട്.

വളരെ നിര്‍വ്വികാരമായി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മുസ്‌ലിം വിശ്വാസത്തിനുമേല്‍ കടന്നുകയറുന്ന നിരവധി സംഭവങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഉണ്ടായിട്ടുണ്ട്, എന്നാല്‍ ഇതിനോടുള്ള മുസ്‌ലിം പ്രതികരണം വൈകാരികവും, നിര്‍മ്മാണാത്മകമല്ലാത്തതുമാണ്. ഈ സാഹചര്യത്തെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?

സാധാരണയായി ബോധപൂര്‍വ്വമുള്ള പ്രകോപനങ്ങളുണ്ടാകാറുണ്ടെങ്കിലും, നാം വളരെ സമര്‍ത്ഥമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. നാം നമ്മുടെ പ്രവാചകനെ സ്‌നേഹിക്കുന്നു. ചിലപ്പോള്‍ ജനങ്ങള്‍ തിന്മ ചെയ്യുമ്പോള്‍ നാം വളരെ പോസിറ്റീവായ രീതിയില്‍ നാം പ്രതികരിക്കേണ്ടതുണ്ട്. പ്രവാചകനുമേല്‍ ജൂതസ്ത്രീ മാലിന്യങ്ങള്‍ എറിഞ്ഞപ്പോള്‍, ശാരീരികവും, മാനസികവുമായ ആക്രമണമായിട്ടും നിങ്ങള്‍ക്കറിയാമല്ലോ പ്രവാചകന്‍ എന്താണു ചെയ്തതെന്ന്. അവര്‍ രോഗിയാണെന്നറിഞ്ഞപ്പോള്‍ പ്രവാചകനവരെ സന്ദര്‍ശിക്കുകയും രോഗവിമുക്തിക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഇതാണു അദബ് അഥവാ മര്യാദ.

അത്തരം കാര്യങ്ങളോടു വളരെ അക്രമാസക്തമായി പ്രതികരിക്കുക മൂലം നമ്മള്‍ വിശ്വാസത്തിനെന്തെങ്കിലും സേവനം ചെയ്യുകയാണെന്നെനിക്ക് തോന്നുന്നില്ല.പ്രവാചകന്‍ ചെയ്തതിന്റെ നേര്‍വിപരീതമാണ് അത്തരം പ്രവര്‍ത്തികള്‍ നല്‍കുന്ന സന്ദേശം, നിര്‍മ്മാണാത്മകമല്ലാത്തതുമാണത്്. സമാധാനത്തിന്റേതായ മതക്കാരാണു നിങ്ങള്‍ എന്ന് പറയുകയും, എല്ലായ്‌പ്പോഴും അക്രമോത്സുകരാവുകയും ചെയ്യുന്നു. കെണിയിലകപ്പെടുക മാത്രമല്ല ഇത് കാപട്യം കൂടിയല്ലേ. ആത്മീയമായും, ബുദ്ധിപരമായും, രാഷ്ട്രീയപരമായും ഇത്തരം രീതിയില്‍ പ്രതികരിക്കുക എന്നത് നിര്‍മ്മാണാത്മകമല്ല എന്ന് ഞാന്‍ കരുതുന്നു. നമ്മള്‍ നിശ്ശബ്ദരായിരിക്കണമെന്ന് പറയാന്‍ വേണ്ടിയല്ല ഇതു പറയുന്നത് ഇസ്‌ലാമിനെക്കുറിച്ച്, മനസ്സിലാക്കിയത് ശരിയല്ല എന്നു പറയാന്‍ വേണ്ടിയാണ്. അന്തസ്സായും, സര്‍ഗ്ഗാത്മകമായും പ്രതികരിക്കുന്നതിനെക്കുറിച്ചുറിച്ചാണു പറയുന്നത്.

അവരുടെ കാപട്യത്തെക്കുറിച്ചു കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.ഈ അടുത്ത കാലത്താണ് മാര്‍ഗരറ്റ് താച്ചര്‍ അന്തരിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യവും ജനാധിപത്യവും നില നില്‍ക്കുന്ന നാട്ടില്‍ ജനങ്ങള്‍ ‘The witch is dead…’എന്ന  ഗാനം വാങ്ങിക്കുന്നു. നിങ്ങള്‍ക്കത് മര്യാദക്കേടാണെന്നു പറയാം. മരണപ്പെട്ട രാഷ്ട്രീയക്കാരിക്കെതിരെ നിലകൊള്ളുന്നതില്‍ രാഷ്ട്രീയമായൊരു നിലപാടുണ്ട്. ഇത് അസുഖകരമായ പ്രവണതയാണെന്നും, മരണപ്പെട്ട ഒരു രാഷ്ട്രീയക്കാരിയെക്കുറിച്ച് സംസാരിക്കേണ്ട രീതിയല്ലെന്നും നിങ്ങള്‍ക്ക് പറയാം. എന്നാല്‍ നിങ്ങള്‍ സ്ഥിരമായി  ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരുക്കുന്നു.തങ്ങള്‍ക്കിഷ്ടമുള്ളതു പറയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തെ നിങ്ങള്‍ നിഷേധിക്കരുത്. എന്നാല്‍ ബി.ബി.സി.യോ, Main channel number two-വും മുഴുവനായി ആ ഗാനം സംപ്രേഷണം ചെയ്തിട്ടില്ല. അതിനാല്‍ അവര്‍ക്കാവശ്യമുള്ളപ്പോളവര്‍ സെന്‍സര്‍ ചെയ്യും. അവര്‍ക്കാവശ്യമുള്ളപ്പോളവര്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കും. കാരണം പ്രതിഷേധിക്കാന്‍ നിങ്ങള്‍ക്കുള്ള അവകാശം അര്‍ത്ഥമാക്കുന്നത് പ്രതിഷേധിക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നതല്ല എന്നത് അവരംഗീകരിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ പലരും ബോധപൂര്‍വ്വം ഇസ്‌ലാമിനെ ആക്രമിക്കുന്നുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. നമ്മളിത് തിരിച്ചറിയുന്നുണ്ടോയെന്നും സംവാദത്തിലൂടെ ഇതിനെ മിറകടക്കാന്‍ നാം പ്രാപ്തരാണോ എന്നതുമാണ് ചോദ്യം.

മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, പാശ്ചാത്യ കുടിയേറ്റക്കാരടക്കമുള്ള പല മുസ്‌ലിം സമൂഹവും ആശയപരമായി ഇസ്‌ലാം പിന്തുണക്കുന്നില്ലെങ്കിലും, പ്രായോഗികമായി പുരുഷനു താഴെയായിട്ടാണു സ്ത്രീകളെ കണക്കാക്കുന്നത്. ഹിജാബ് ധരിക്കുന്ന സ്ത്രീയായ നിങ്ങള്‍ മുഖ്യധാരാ രാഷ്ട്രീയക്കാരിയായപ്പോള്‍ ഏതു തരത്തിലുള്ള പ്രതികരണമാണ് മുസ്‌ലിം സമൂഹത്തില്‍ നിന്ന് ലഭിച്ചത്?.

അതെ, ഞാന്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍  മുസ്‌ലിം വനിതയെന്ന നിലക്ക് സമുദായത്തിന് എന്തെങ്കിലും ചെയ്യുക എന്ന നിലക്കായിരുന്നില്ല.സമുദായം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങള്‍ മറ്റു ചിലതാണ്. ഞങ്ങള്‍ വംശീയ വിരോധം അനുഭവിക്കുകയായിരുന്നു. ഞങ്ങള്‍ പ്രത്യേക വാര്‍പ്പു മാതൃകകളിലൂടെ ചിത്രീകരിക്കപ്പെടുകയും, ഭീകരമായ വ്യാജപ്രചരണങ്ങള്‍ക്കിരയാകുകയും ചെയ്തു. മുസ്‌ലിം രാജ്യങ്ങള്‍ ആക്രമിക്കപ്പെടുകയും, എന്റെ രാജ്യം നിരപരാധികളായ ജനതയോട് അന്യായമായ യുദ്ധത്തിലേര്‍പ്പെടാന്‍ പോകുകയായിരുന്നു. അതില്‍ വംശീയതയും, അധാര്‍മ്മികതയുമുണ്ടായിരുന്നു.നീതിയെക്കുറിച്ചും,അഭിമാനികളായ മുസ്‌ലിംകളാവേണ്ടതിനെക്കുറിച്ചും, സംസാരിച്ചിരുന്നവര്‍  സമ്മര്‍ദ്ദത്തിലായപ്പോള്‍ പെട്ടെന്നു നിശ്ശബ്ദരായി. ഇത് അസ്വീകാര്യമാണെന്ന് ഞാന്‍ മനസ്സിലാക്കി. നിങ്ങളുടെ രക്ഷിതാക്കള്‍ക്കോ, സമുദായത്തിനോ, നിങ്ങള്‍ക്കു തന്നെ എതിരാണെങ്കില്‍ പോലും നീതിക്കുവേണ്ടി നിലകൊള്ളാന്‍ ഖുര്‍ആന്‍ വചനങ്ങള്‍ വ്യക്തമാക്കുമ്പോള്‍ നമുക്കെങ്ങനെ നിശ്ശബ്ദരായി നിലകൊള്ളാന്‍ കഴിയും?. നീതിക്കു വേണ്ടിയുള്ള പോരോട്ടമെവിടെ?. എന്നെ സംബന്ധിച്ചിടത്തോളം തികച്ചും യാദൃശ്ചികമായ രാഷ്ട്രീയ പ്രയാണമായിരുന്നു. ‘അത് ഹറാം, ഇത് ഹറാം, സ്ത്രീശബ്ദം ഹറാം, പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ സജീവമാകരുത്’ എന്നിങ്ങനെ പറയുന്ന ആളുകളേയും എനിക്ക് അഭിമുഖീകരിക്കേണ്ടതായി വന്നു. പക്ഷെ തങ്ങളുടെ ഭാര്യമാര്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും, ബസാറുകളിലും പോകുന്നതും, തങ്ങളുടെ പുത്രിമാര്‍ കോളേജുകളിലേക്കും, ജോലിക്കും പോകുന്നതും അവര്‍ കണക്കിലെടുത്തില്ല. രസകരമായ സംഗതിയെന്താണെന്നു വെച്ചാല്‍ ഇരുപതു വര്‍ഷം മുമ്പ് സ്ത്രീ കോളേജില്‍ പോകുന്നതോ, വാഹനമോടിക്കുന്നതോ നല്ലതല്ല എന്നവര്‍ ചിന്തിച്ചിരുന്നു. ഡോക്ടറായും, അധ്യാപകരായും, മറ്റു പ്രൊഫഷണലുകളായും തങ്ങളുടെ ഭര്‍ത്താവിനാല്‍, പിതാവിനാല്‍, സഹോദരനാല്‍ സ്ത്രീകള്‍ അംഗീകരിക്കപ്പെട്ടതുപോലെ അവരില്‍ മാറ്റമുണ്ടായി. മാറ്റത്തിന്റേതായ വാതായനങ്ങള്‍ തുറക്കപ്പെട്ടത് കഴിഞ്ഞ ദശകത്തിലാണെന്നെനിക്ക് തോന്നുന്നു. ജനകീയ സമരങ്ങളിലേര്‍പ്പെടുന്ന സ്ത്രീകള്‍ കാഴ്ച്ചപ്പാടുകളില്‍ മാറ്റം വരുത്തിയതിനേക്കാള്‍ കൂടുതല്‍ പ്രായോഗികതകയിലും ചിന്താ രീതിയിലും മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.

പടിഞ്ഞാറില്‍ നിങ്ങളൊരു ജോലി ചെയ്യുമ്പോള്‍ സ്ഥിരമായി നിങ്ങളുടെ സ്വത്വത്തെക്കുറിച്ചു ബോധവാന്‍മാരാകുന്നു. നിങ്ങള്‍ക്ക് ജനങ്ങളോട് സംസാരിക്കേണ്ടി വരികയും, അവരുടെ ഉത്കണ്ഠകളകറ്റാന്‍ അവരോടു ചര്‍ച്ച ചെയ്യുകയും, നിങ്ങളാരാണെന്നവരോട് വ്യക്തമാക്കേണ്ടതായും വരുന്നു. ഉള്‍ച്ചേരാന്‍ കഴിഞ്ഞതുമൂലം പല മുസ്‌ലിം പുരുഷന്‍മാര്‍ക്കും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വന്നിരുന്നില്ല. പക്ഷെ സെപ്റ്റംബര്‍ പതിനൊന്നിനുശേഷം മുസ്‌ലിം ചിഹ്നങ്ങളുമായി പൊതു ഇടങ്ങളില്‍ സഞ്ചരിക്കുക എന്നത് മുസ്‌ലിം പുരുഷന് പുതിയ അനുഭവമായിരുന്നു. സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍ അങ്ങനെ ചെയ്യുന്നതിലവര്‍ ആത്മവിശ്വാസം കുറഞ്ഞവരായിരുന്നു. കാരണം നിരവധി വര്‍ഷങ്ങളായി സ്ത്രീകളിതു ചെയ്തുകൊണ്ടിരിക്കയായിരുന്നു. ധാരാളം പുരോഗതിയുണ്ടാവുകയും, വേറിട്ടു നില്‍ക്കുന്നത് കൊണ്ട് ഒരു ഗുണവുമില്ലെന്ന് ജനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കി.

സാമുവല്‍ പി ഹണ്ടിംഗ്ടന്റെ ‘സംസ്‌കാരങ്ങളുടെ സംഘട്ടനമെ’ന്ന  ആശയം പടിഞ്ഞാറിന് ആകര്‍ഷകമായ തിസീസ് ആയിരിക്കുന്നു. ഒരു രാഷ്ട്രീയക്കാരിയെന്ന നിലക്ക് ഇതിനെയെങ്ങനെ താങ്കള്‍ അഭിമുഖീകരിച്ചു?

രാഷ്ട്രീയമായി വിഭജിക്കുക എന്നതാണവരുടെ ആവശ്യം.എന്തു കൊണ്ടാണ് അവര്‍ ഇത്തരം ഭാഷകളുപയോഗിക്കുന്നതെന്നും, ഇപ്പോള്‍ എന്തുകൊണ്ടുപയോഗിക്കുന്നുവെന്നും ജനങ്ങളോടു പറയേണ്ടതു പ്രധാനമാണെന്ന് തോന്നുന്നു. സാമ്രാജ്യത്വത്തിന്റെ പുതിയ ഘട്ടമാണിത്, വളരെക്കാലം മുമ്പ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ അവര്‍ സമാന ഭാഷകളുപയോഗിച്ചിരുന്നു. വെള്ളക്കാരന്റെ’ ഉത്തരവാദിത്തമാണത്’ ( അതായത് ഞങ്ങള്‍ ആഫ്രിക്കയിലേക്കും, ഏഷ്യയിലേക്കും, മറ്റിടങ്ങളിലേക്കും വരുന്നത് വെള്ളക്കാരല്ലാത്തവരെ സംസ്‌കാരം പഠിപ്പിക്കാനാണ്. യഥാര്‍ത്ഥത്തിലത് അവിടെയുള്ള മനുഷ്യരേയും, വിഭവങ്ങളേയും ചൂഷണം ചെയ്യാനായിരുന്നു. ഇതും പുതിയ തരത്തിലുള്ള സാമ്രാജ്യത്വത്തിന്റെ ഭാഷയാണ്. തങ്ങള്‍ കളവു പറയുന്നവരാണെന്നോ, മര്‍ദ്ദകരാണെന്നോ, കോളനിവത്കരണത്തിന് വന്നവരാണെന്നോ അവര്‍ പറയുകയില്ല. ഇസ്‌ലാം പിന്നോക്കമാണെന്നും, മുസ്‌ലിംകള്‍ക്ക് ജനാധിപത്യ ബോധമില്ലെന്നും അവര്‍ പറയുന്നു. തങ്ങളുടെ അധിനിവേശത്തിന് ന്യായീകരണമായി മുസ്‌ലിം സ്ത്രീകളുടെ ദുരിതാവസ്ഥ വരെ ഉപയോഗിച്ചു. അതായത് നിരപരാധികള്‍ക്കു മേലുള്ള പ്രാകൃതമായ യുദ്ധത്തെ ന്യായീകരിക്കാനവര്‍ അമേരിക്കന്‍ പട്ടാളത്തിന് ഒരു ഫെമിനിസ്റ്റ് ദൗത്യമുണ്ടായിരുന്നെന്ന് തരത്തിലുള്ള ഭാഷയുപയോഗിച്ചു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ യഥാര്‍ത്ഥ മുഖം പുറത്തു കൊണ്ടു വരിക എന്നതൊരു വെല്ലുവിളിയായിരുന്നു. ഈ സംസ്‌കാരങ്ങളുടെ സംഘട്ടനമെന്നത് വിഡ്ഢിത്തമാണ്. യഥാര്‍ത്ഥത്തില്‍ കിഴക്കും, പടിഞ്ഞാറും തമ്മില്‍ സംഘട്ടനമില്ല. പൗരസ്ത്യര്‍ അമേരിക്കക്കാരെ ഇഷ്ടപ്പെടുന്നു, ഹോളിവുഡ് സിനിമകള്‍ ഇഷ്ടപ്പെടുന്നു. അമേരിക്കയെ മൊത്തമായി അവര്‍ വെറുക്കുന്നില്ല. അവര്‍ വെറുക്കുന്നത് അതിന്റെ ക്രൂരമായ നയങ്ങളെയാണ്. ചിലപ്പോള്‍ നമ്മളെല്ലാം വംശപരമായി വ്യത്യാസപ്പെട്ടിരിക്കാം എന്നാലും നമ്മെളെല്ലാവരുമൊന്നാണ്.

അതുകൊണ്ടു തന്നെ ഈ സംഘട്ടന സിദ്ധാന്തം ജനതയെ ഭീകരമായി ചിത്രീകരിക്കാനും അതു മൂലമവര്‍ക്ക് അവരുടെ അജണ്ടകളെ ന്യായീകരിക്കാനും  സാധിച്ചു. ഈ യുദ്ധത്തെയും ഇതിനു പിന്നിലുള്ള ആശയത്തെയും ഞങ്ങളംഗീകരിക്കുന്നില്ലെന്നു പറയാന്‍ ഞങ്ങള്‍ ബഹുജനറാലികള്‍ സംഘടിപ്പിച്ചു.സമാധാനമാണ് ബദല്‍ എന്നു പറയാന്‍പതിനായിരക്കണക്കായ ജനങ്ങളെ ഞങ്ങളൊരുമിച്ചു കൂട്ടി. എല്ലാ വിശ്വാസങ്ങളിലും, സ്വത്വങ്ങളിലും, ആദര്‍ശങ്ങളിലും പെട്ട ആളുകളെ ഞങ്ങള്‍ക്ക് ലഭിച്ചു. വളരെ വിലപ്പെട്ടതും പ്രധാനവുമായിരുന്നു അത്. സമരത്തില്‍ നിങ്ങള്‍ വിജയിച്ചോ, ഇല്ലയോ എന്നതല്ല ചോദ്യം. അടിച്ചമര്‍ത്തപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക എന്നതാണ്. ആ പ്രക്രിയ വളരെ വിലപ്പെട്ടതാണ്. ഇറാഖില്‍ നിന്നും ഫലസ്തീനില്‍ നിന്നുമുള്ള സാധാരണ ജനതയില്‍ നിന്ന് ഞങ്ങള്‍ക്ക് ഇമെയിലുകള്‍ ലഭിച്ചിരുന്നു. മാര്‍ച്ച് കൊണ്ടെന്തെങ്കിലും മാറ്റം വരുത്താന്‍ കഴിയുമോയെന്ന് ചിലയാളുകള്‍ ചോദിച്ചിരുന്നു. നിങ്ങളിടെ മാര്‍ച്ച് നടത്തിയതുമൂലം ഞങ്ങള്‍ക്ക് ആത്മവിശ്വാസം ലഭിച്ചുവെന്ന് ഇതേ ആളുകള്‍  തന്നെ പറഞ്ഞു. വേദനകളില്‍ ഞങ്ങളൊറ്റക്കല്ല എന്നറിയുന്നത് പ്രതീക്ഷാവഹം തന്നെയാണ്. ഞങ്ങളെക്കൊണ്ടാവും വിധം ഞങ്ങളുടെ കടമ നിര്‍വ്വഹിക്കലായിരുന്നു അത്. അന്യായമായ ഈ യുദ്ധത്തിനെതിരെ വലിയ ജനകീയ യുദ്ധവിരുദ്ധറാലികള്‍ ഇല്ലായിരുന്നുവെങ്കില്‍ ലോകത്ത് നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ ഭീകരാക്രമണങ്ങളുണ്ടായേനെ എന്നു ഞാന്‍ കരുതുന്നു. നിരന്തരമായി പീഡിപ്പിക്കപ്പെടുക്കപ്പെടുകയും, ബദലുകളില്ലാതിരിക്കുകയും ചെയ്യുമ്പോഴാണ്  തീവ്രവാദം ജനങ്ങളെ ആകര്‍ഷിക്കുന്നത്. ദുര്‍ബലരുടേയും പ്രതീക്ഷയറ്റവരുടേയും പ്രതികരണമാണത്. പ്രതീക്ഷയും, ആത്മവിശ്വാസവും നാം അവര്‍ക്കു നല്‍കേണ്ടതുണ്ട്.

താങ്കളുടെ അഭിപ്രായത്തില്‍ മുസ്‌ലിംകള്‍ക്കിടയിലെ തീവ്രവാദത്തെ നാമെങ്ങനെ മിറകടക്കും?

പ്രതീക്ഷയില്ലായ്മയില്‍ നിന്നാണ് അതുണ്ടാകുന്നത്. വിശ്വാസമില്ലായ്മയാണത്. നിരപരാധിയായ ഒരു മനുഷ്യനെ വധിക്കുന്നത് മനുഷ്യവംശത്തെയാകമാനം കൊല്ലുന്നതിനു തുല്യമാണെന്ന് പ്രഖ്യാപിക്കുന്ന മതത്തിന്റെ പേരില്‍ ജനങ്ങളെ കൊല്ലുന്ന അധാര്‍മ്മിക പ്രവൃത്തിയെ എങ്ങിനെ ന്യായീകരിക്കാന്‍ കഴിയും. ഇസ്‌ലാമില്‍ ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നില്ല. പ്രവാചകന്റെ കാലത്ത് ചിലപ്പോളവര്‍ക്ക് യുദ്ധത്തില്‍ വിജയവും മറ്റു ചിലപ്പോള്‍ പരാജയവുമുണ്ടായിട്ടുണ്ട്. പക്ഷെ ധാര്‍മ്മികത ഒരിക്കലും മാറിയിട്ടില്ല. നിങ്ങള്‍ അനീതിക്കിരയാകുമ്പോള്‍ അനീതിചെയ്യാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നില്ല. അതിനാലെനിക്ക് രാഷ്ട്രീയപരമായും വൈകാരികമായും ദുരിതമനുഭവിക്കുന്നവരുടെ നേര്‍ക്ക് വിവിധ തരത്തിലുള്ള ഐക്യദാര്‍ഢ്യ പരിപാടികളിലൂടെ അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ദുരിതമനുഭവിക്കുന്നവര്‍ക്ക് നീതി ലഭ്യമാക്കാന്‍ ശ്രമങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകേണ്ടതുണ്ട്.

(എം. നൗഷാദ് – സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനും വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡിയില്‍ ജേണലിസം അധ്യാകനുമാണ്.)

വിവര്‍ത്തനം- അബ്ദുല്‍ കബീര്‍

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting