മെര്‍സാന്‍ ദെദെ: സൂഫി സംഗീതത്തിലെ വേറിട്ട സ്വരം
‘ശുദ്ധമായ ആത്മീയതയുടെ സ്വരമാണ് എന്റെ പുല്ലാങ്കുഴല്‍ നേ പുറപ്പെടുവിക്കുന്നത്. ദേവാലയങ്ങളില്‍ നിന്നും നമുക്ക് ലഭിക്കുന്ന ചേതോവികാരത്തെ ഉള്ളിലേക്ക് ആവാഹിച്ചെടുക്കാനുള്ള കഴിവ് പകരുന്നു നേ. അപ്പോള്‍ ദിവ്യമായ പ്രണയത്തിന്റെ ഭാഷയെ അത് സംവേദനം ചെയ്യുന്നു.’
സൂഫീ സംഗീത ധാരയിലെ മുഖ്യമായ വാദ്യോപകരണമായ നേ എന്ന പുല്ലാങ്കുഴലിനെക്കുറിച്ച് മെര്‍സാന്‍ ദെദെ പറയുന്നു: ‘നേ’ വായിക്കുന്നയാള്‍ എന്നതിലുപരിയാണ് മെര്‍സാന്‍ ദെദെയുടെ ജീവിതത്തെ അടുത്തറിയുമ്പോള്‍ അദ്ദേഹം ഉപകരണ സംഗീതജ്ഞന്‍, നിര്‍മ്മാതാവ്, ഡിസ്‌കോ ജോക്കി (ഡി.ജെ) തുടങ്ങിയ മേഖലകളിലെല്ലാം മികവ് തെളിയിച്ച മെര്‍സാന്‍ ദെദെയുടെ സംഗീതാവിഷ്‌ക്കാരത്തെ അടുത്ത കാലത്ത് ലോകം കണ്ട ഏറ്റവും മികച്ച സംഗീതാവിഷ്‌ക്കാരങ്ങളിലൊന്നായി ഗ്ലോബല്‍ റിഥം മാഗസിന്‍ ഉള്‍പ്പെടെ മികച്ച പ്രസിദ്ധീകരണങ്ങള്‍ വാഴ്ത്തുകയുണ്ടായി.
സൂഫിസത്തിന്റെ കുലനിലങ്ങളിലൊന്നായ തുര്‍ക്കിയിലെ ബുര്‍സയില്‍ 1966ല്‍ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച മെര്‍സാന്‍ ദെദെ ആറാം വയസില്‍ റേഡിയോയില്‍ കേട്ട നേയുടെ ശബ്ദം എന്നും ഉള്ളില്‍ സൂക്ഷിച്ചു. മുതിര്‍ന്നപ്പോള്‍ ഇസ്താംബൂളിലേക്ക് മാധ്യമ പഠനത്തില്‍ ബിരുദമെടുക്കാന്‍ പോയപ്പോള്‍ സ്വന്തമായി നിര്‍മ്മിച്ച പ്ലാസ്റ്റിക് കൊണ്ടുള്ള പുല്ലാങ്കുഴല്‍ കൂടെ കരുതിയിരുന്നു. അപ്പോഴൊന്നും സംഗീതം തന്റെ ഭാവിയാണെന്ന് ദെദെ കരുതിയിരുന്നില്ല.
ഫോട്ടോഗ്രാഫിയിലായിരുന്നു ആദ്യം താത്പര്യം. കാനഡയിലെ സാസ്‌ക്കാട്ടൂണ്‍ പബ്ലിക് ലൈബ്രറിയിലെ ഒരു ഉദ്യോഗസ്ഥന്‍ ഒരിക്കല്‍ ദെദെയുടെ പടങ്ങള്‍ കണ്ടു. കാനഡയിലേക്ക് തന്റെ മികച്ച രചനകളുടെ പ്രദര്‍ശനത്തിന് ഭീദിക്ക് ക്ഷണം കിട്ടി. അവിടെ ദെദെഒരു കലാധ്യാപകനായി പിന്നീട് ജോലി ചെയ്തു. കൂടെ മള്‍ട്ടിമീഡിയ പഠനവും. പഠനശേഷം പണം കണ്ടെത്താനായി ഒരു ബാറില്‍ ജോലി ചെയ്യാനായത് ഭീദിയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സംഗീതത്തില്‍ പൂര്‍ണമായും ശ്രദ്ധ ചെലുത്താന്‍ അതദ്ദേഹത്തെ സഹായിച്ചു. ബാറിലെ സ്ഥിരം ഡി.ജെക്ക് പകരക്കാരാനായി ദെദെ ഡി.ജെ. നിര്‍വ്വഹിച്ചു. ആ നിമിഷം മുതല്‍ ലോക സംഗീതത്തില്‍ ഒരു സാങ്കേതിക വിപ്ലവത്തിന് ആരംഭം കുറിക്കപ്പെട്ടു. എണ്‍പതുകളുടെ മധ്യത്തില്‍ ‘ആര്‍ക്കിന്‍ അലന്‍’ എന്ന പേരില്‍ ‘ടെക്‌നോ ട്രൈബല്‍ ഹൗസി’ന്റെ മ്യൂസിക് പ്രൊഡക്ഷനില്‍ ജോലി ചെയ്തു. ഏറെക്കാലം ഈ പേരിലാണറിയപ്പെട്ടത്.
1995ല്‍ സാന്‍ ഫ്രാന്‍സിസ്‌ക്കോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഗോള്‍ഡന്‍ ഹോണ്‍ റെക്കോര്‍ഡ്‌സില്‍ നിന്നും ആദ്യ ആല്‍ബമായ സൂഫി ഡ്രീംസ് പുറത്തിറങ്ങിയത് മുതലാണ് മെര്‍സാന്‍ ദെദെ എന്ന പേര് പ്രചരിക്കപ്പെടുന്നത്. നേ ആയിരുന്നു സൂഫി ഡ്രീംസിലെ പ്രധാന വാദ്യശബ്ദം. സൂഫി സംഗീതത്തെക്കുറിച്ച് ജര്‍മന്‍ ടെലിവിഷന്‍ ചാനല്‍ നിര്‍മ്മിച്ച ഡോക്യുമെന്ററിക്ക് വേണ്ടി ദെദെ നേ വായിച്ചു.
1977ല്‍ സ്വന്തമായി ട്രൂപ്പ് ആരംഭിക്കുകയും നിരവധിയിടങ്ങളില്‍ സംഗീത ഷോകള്‍ നടത്തുകയും ചെയ്തു. തുര്‍ക്കി സാംസ്‌കാരിക മന്ത്രാലയം തങ്ങളുടെ രാജ്യത്തിന്റെ സാംസ്‌കാരിക വ്യാപനത്തിന്റെ ഭാഗമായി നടത്തിയ ‘ഗുല്‍ദസ്താന്‍’ എന്ന പദ്ധതിയിലെ സംഗീത സംവിധായകനായി മെര്‍സാന്‍ ഭീദിയെ നിയോഗിച്ചു. ആ സമയത്താണ് കോറിയോഗ്രാഫര്‍ ബേഹാന്‍ മുര്‍ഫിയെ അടുത്തറിയുന്നത്. സൂഫിസത്തിലെ അധ്യാത്മിക പൊരുളിന്റെ ആവിഷ്‌കാരമായ സൂഫി നൃത്തത്തിന്റെ വശ്യതയും മനോഹാരിതയും ചിട്ടപ്പെടുത്താന്‍ കഴിവുള്ള ബൈഹാന്‍ മര്‍ഫിയെ ദെദെ നന്നായി ഉപയോഗപ്പെടുത്തി. 1997ല്‍ പുറത്തിറക്കിയ ജേണീസ് ഓഫ് എ ദര്‍വിശ് എന്ന സംഗീത ആല്‍ബത്തില്‍ സൂഫി നൃത്തത്തിന്റെ ചിത്രീകരണവും ഉള്‍പ്പെടുത്തിയിരുന്നു.
‘എന്റെ യൂറോപ്യന്‍ സംഗീത യാത്രകളിലെല്ലാം ഞാന്‍ അവിടുത്തെ സംഗീതജ്ഞരെ പരിചയപ്പെടുകയും മികവ് തെളിയിച്ചവരെ എന്റെ ട്രൂപ്പില്‍ അവതരിപ്പിക്കാന്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. അതാണ് ഈ ട്രൂപ്പിന്റെ പ്രത്യേകത.’ ദെദെയുടെ വാക്കുകള്‍ ശരിയായിരുന്നു. പേര്‍ഷ്യന്‍ വയലിങ്ങിലെ വിദ്വാന്‍ ഇന്‍സാന്‍ ഓസ്ഗന്‍ മുതല്‍ കാനികാര്‍സ, മിസിര്‍ലി, അഹ്മദ്, ഇല്‍ഹാന്‍ ഇര്‍സാഹിന്‍, പീറ്റര്‍ മര്‍ഫി, ആസാം അലി മുസാഫിര്‍, ഹഗ് മാര്‍ശ്, ഒമര്‍ സോസ, സുശീലാ രാമന്‍ തുടങ്ങിയ അനേകം സംഗീതജ്ഞരെ അദ്ദേഹം തന്റെ ആല്‍ബങ്ങളിലും സ്റ്റേജ് ഷോകളിലും ഉള്‍പ്പെടുത്തി.
1998ല്‍ സെഹാത്‌നാമെ (യാത്രാ വിവരണം എന്നര്‍ത്ഥം) എന്ന ആല്‍ബം പുറത്തിറക്കുന്നത്. തുര്‍ക്കിഷ് സ്റ്റേറ്റ് ഡാന്‍സ് ട്രൂപ്പിന് വേണ്ടിയായിരുന്നു ഇത. ബേനാന്‍ മര്‍ഫിയായിരുന്നു ഇതിന്റെ ദൃശ്യാവിഷ്‌കാരത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്.
മോണ്ട്രിയല്‍ ജാസ് ഫെസ്റ്റിവല്‍, ഈസ്റ്റ് മീറ്റ്‌സ് വെസ്റ്റ്, ഇന്റര്‍നാഷണല്‍ ട്രാന്‍സ് മ്യൂസിക്കല്‍സ് ഫെസ്റ്റിവല്‍ തുടങ്ങി അനേകം ആഘോഷ പരിപാടികളില്‍ മെര്‍സാന്‍ ദെദെയുടെ സംഗീതത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ സ്വീകരിച്ചു. 2002ല്‍ ജര്‍മനിയിലെ വൊമെക്‌സ് (Womex) മ്യൂസിക് പുതിയ സാങ്കേതിക വിദ്യയും നൂതന സങ്കേതങ്ങളുമുപയോഗിച്ച് ദെദെയുടെ സംഗീതത്തില്‍ പരീക്ഷണങ്ങള്‍ നടത്തി.
ഡിജിറ്റല്‍ ഇലക്‌ട്രോണിക്‌സ് സംഗീത ഉപകരണങ്ങളുടെയും പാരമ്പര്യ സംഗീതോപകരണങ്ങളുടെയും ശബ്ദങ്ങളുടെ സമ്മേളനം, പ്രാചീനതയുടെയും ആധുനികതയുടെയും വാര്‍ദ്ധക്യത്തിന്റെയും യന്ത്രവനത്തിന്റെയും കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ഐക്യത്തെ നിലനിര്‍ത്തുന്ന പ്രാപഞ്ചികമായ ഒരു ഭാഷയെ നിര്‍മ്മിക്കുന്നു എന്നു ഭീദി വിശ്വസിക്കുന്നു. നേയുടെ കൂടെ സിത്താര്‍, ക്ലാരനെറ്റ്, ഹാന്‍ഡ് ഡ്രം മുതല്‍ എല്ലാത്തരം ഉപകരണങ്ങളുടെയും ശബ്ദങ്ങളെ ഉപയോഗപ്പെടുത്തി രാഗമാലികകള്‍ നിര്‍മ്മിക്കുന്നതില്‍ അദ്ദേഹത്തിന്റെ വൈദഗ്ധ്യം ഏറെ ശ്രദ്ധേയമാണ്.
പിന്നീട് വെളിച്ചം കണ്ട നാര്‍ – തീ (2002) സു – ജലം (2003) ഫ്യൂഷന്‍ മോണ്‍സ്റ്റര്‍ (2004), സൂഫി ട്രാവലര്‍ (2004), നഫസ്, ശ്വാസം (2007) തുടങ്ങിയവയിലെല്ലാം അഭൗമമായ സംഗീതത്തിന്റെ ലാസ്യ പ്രകടനങ്ങള്‍ അടങ്ങിയിട്ടുണ്ട്. 2005, 2006, 2007 കാലഘട്ടങ്ങളില്‍ നടത്തിയ ലോക പര്യടനങ്ങളില്‍ 1.5 മില്യണ്‍ ദൂരം താണ്ടിയപ്പോള്‍ അദ്ദേഹത്തിന്റെ ആസ്വാദകാ വൃദ്ധം അത്ര തന്നെ വര്‍ദ്ധിച്ചു.
സു, നാര്‍ എന്നീ ആല്‍ബങ്ങള്‍ ബി.ബി.സി. വേള്‍ഡിന്റെ മ്യൂസിക് ചാര്‍ട്ടില്‍ ഏറ്റവും മികച്ച തുര്‍ക്കിഷ് സംഗീതജ്ഞന്‍ എന്ന ഇടം നേടിക്കൊടുത്തു.
സൂഫി പണ്ഡിതരില്‍ പ്രമുഖനായ ജലാലുദ്ദീന്‍ റൂമിയുടെ 800-ാമത്തെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ’800′ എന്ന പേരില്‍ 2007ല്‍ പുറത്തിറക്കിയ ആല്‍ബം സൂഫിസത്തില്‍ തല്‍പരരായ ഏറെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇക്കാല ഘട്ടത്തില്‍ തന്നെ അദ്ദഹം നിരവധി ചിത്രങ്ങള്‍ വരയ്ക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. മെര്‍സാന്‍ ദെദെ, അര്‍ക്കിന്‍ അലന്‍, ബ്ലൂമാന്‍, പൗണ്ട് മേക്കര്‍ തുടങ്ങി വ്യത്യസ്ത പേരിലാണ് അപ്പോള്‍ അറിയപ്പെട്ടത്.
ജലാലുദ്ദീന്‍ റൂമി ഒരിക്കല്‍ പറഞ്ഞു: ‘നിങ്ങള്‍ എല്ലായിടത്തുമുണ്ട് എങ്കില്‍ നിങ്ങള്‍ ഒരിടത്തുമില്ല. നിങ്ങള്‍ ഏതെങ്കിലും ഒരിടത്തുണ്ടെങ്കില്‍ എല്ലായിടത്തുമുണ്ട് താനും.’ മെര്‍സാന്‍ ദെദെയുടെ ആ ഒരിടം എന്നത് തന്റെ ഹൃദയമാണ്. അതിന്റെ ആവിഷ്‌കരണമാണ് താന്‍ നടത്തുന്നത്. അത് സംഗീതമായും സ്‌നേഹമായും പരിണമിക്കുന്നു.
ലക്ഷക്കണക്കിന് ഫലസ്തീനികളുടെ മേല്‍ അധിനിവേശം നടത്തുന്ന ഇസ്രാഈല്‍ വംശജരുടെ നാട്ടിലേക്ക് പല പ്രാവശ്യം പ്രോഗ്രാം അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചുവെങ്കിലും തന്റെ രാഷ്ട്രീയം വ്യക്തമാക്കി അതിനു വിസമ്മതിച്ചു മെര്‍സാന്‍ ദെദെ. യു.എസില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ ഇറാഖ് വംശജരുടെ മേല്‍ അമേരിക്ക നടത്തിയ കടന്നുകയറ്റത്തിന്റെ ക്രൂരതയോട് വിയോജിച്ചുകൊണ്ട് ദെദെ അഭിപ്രായപ്രകടനം നടത്തുകയുണ്ടായി. മനുഷ്യര്‍ തമ്മില്‍ മതിലുകള്‍ പണിയുന്നതില്‍ അദ്ദേഹത്തിന് ഒട്ടും താത്പര്യം തോന്നിയില്ല. തന്റെ ട്രൂപ്പില്‍ പുതുതായി വരുന്നവരുടെ ദേശവും ഭാഷയും മതവും നോക്കാതെ അവരുടെ സഹജമായ കഴിവിനെ അംഗീകരിക്കുന്നതില്‍ ഔത്സുക്യം കാണിച്ചിരുന്നു ദെദെ.
സംഗീതം നമ്മെ ഒരു ചെറിയ തോതിലെങ്കിലും ഉന്നത മനുഷ്യനാക്കുന്നില്ലെങ്കില്‍, ലോകത്തെ ഏറ്റവും വലിയ സംഗീതജ്ഞനായാല്‍ പോലും ആരാണ് നമ്മെ പരിഗണിക്കുക എന്ന് മെര്‍സാന്‍ ദെദെ ഹൃദയം തൊട്ട് ചോദിക്കുന്നു. അത് തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതം നല്‍കുന്ന മുഖ്യമായ സന്ദേശവും…
* മെര്‍സാന്‍ ദെദെയുയുടെ ഓഡിയോ-വീഡിയോ ആല്‍ബങ്ങള്‍ www.mercandede.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Connect
Connect with us on the following social media platforms.