വായനയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ?
നാം സാഹിത്യം വായിക്കുന്നതു ലോകത്തിന്റെ കണിശതയില്‍നിന്നും യുക്തിയില്‍നിന്നും തെല്ലിട മുക്തമാകാനാണ്. അതില്‍ വിശ്രാന്തിയുടെ ഒരു ഘടകമുണ്ട്. വിശ്രമാവസ്ഥ മാനവസംസ്‌കൃതിയുടെ അനിവാര്യതയാണ്. സൃഷ്ടിക്കുശേഷം ദൈവം പോലും ഒരു ദിവസം വിശ്രമിച്ചു എന്നാണല്ലോ. അതൊരു വലിയ കാര്യംതന്നെ. അടിമവ്യവസ്ഥ അവസാനിപ്പിക്കാനുള്ള ഒരു കാരണം അടിമയ്ക്കു ഒഴിവുനേരമില്ലെന്നതായിരുന്നു.സ്വതന്ത്രനായ ആളുടേതാണു വിശ്രമം. ഒരാള്‍ അയാളുടെ വിശ്രമനേരം കണ്ടെത്തുന്നതോടെ അയാളിലെ ഭാവനയ്‌ക്കൊപ്പം സ്വാതന്ത്ര്യാനുഭവം കൂടിയാണ് ഉണരുന്നത്. ഈ വിശ്രമവേളകളാണ് വായനയെ നിലനിര്‍ത്തുന്നത്. മുന്‍പ് വായനശാലകള്‍ സാംസ്‌കാരികവിനോദത്തിന്റെ കേന്ദ്രചിഹ്നമായിരുന്നു.പ്രധാനപ്പെട്ട എല്ലാ സാമൂഹികപരിണാമങ്ങളുടെയും അലകള്‍ അവിടെ എത്തിയിരുന്നു. ദിവസത്തിലെ ഒരു നേരം ഇങ്ങനെ വായനയിലൂടെ കടന്നുപോകുമ്പോഴാണു പുതിയ പലതും ഒരാളിലേക്ക് എത്തുന്നത്. അതോടെ അയാളുടെ വിരസത ഇല്ലാതാകുന്നു. അയാള്‍ ഉത്തേജിതനാകുന്നു. കെ. ടിയുടെ ഇതു ഭൂമിയാണ് എന്ന നാടകത്തിലാണെന്നു തോന്നുന്നു, നായകന്‍ പരിഷ്‌കരണവാദിയാണ്. അയാളുടെ കയ്യില്‍ എപ്പോഴും ഒരു പുസ്തകം ഉണ്ട്. അത് അയാള്‍ക്ക് ബലം കൊടുക്കുന്ന ഒരു വസ്തുവാണ്.
ഇപ്പോഴാകട്ടെ,കയ്യിലുള്ള മൊബൈല്‍ ഫോണാണ് മനുഷ്യന്റെ ബലം. അത് അയാളുടെ ദിവസത്തെ നിയന്ത്രിക്കുന്നു, അയാളുടെ നോട്ടം ആ ചതുരത്തിലേക്കാണ്. അത് അയാളുടെ വിനോദോപാധി കൂടിയാണ്. നാഗരികജീവിതത്തില്‍ കൃത്യമായ അളവില്‍ വിശ്രമവേളകള്‍ ലഭിക്കാന്‍ വ്യവസ്ഥാപിതമായ സംവിധാനങ്ങളുണ്ട്. നിശ്ചിതജോലിസമയം, പഠനസമയം, പരീക്ഷാസമയം ഒക്കെ വന്നല്ലോ. അപ്പോള്‍ കൂടുതലായി കിട്ടിയ വിശ്രമനേരങ്ങളെ നാം എന്താണു ചെയ്യുന്നത്? അവിടെ വായനയ്ക്കു പ്രാമുഖ്യം കിട്ടിയോ. വിനോദത്തിനും വിശ്രാന്തിക്കും മറ്റനേകം സാധ്യതകള്‍ നമ്മുടെ മുന്നിലേക്കു വന്നിരിക്കുന്നു. അപ്പോള്‍ പുസ്തകങ്ങള്‍ പലര്‍ക്കും ഏറെ വിരസമായെന്നതാണ് യാഥാര്‍ഥ്യം. ആശാന്‍ കാവ്യത്തില്‍ നളിനിയും ദിവാകരനും പ്രണയവേളകളില്‍ പുസ്തകം വായിച്ചിരിക്കുകയാണു ചെയ്തത്. പ്രണയിക്കുന്നവര്‍ മാത്രമല്ല വിപ്ലവകാരികളും പുസ്തകം കൊണ്ടുനടക്കുകയും അതില്‍നിന്നു ലോകത്തെ വായിച്ചുമനസിലാക്കുകയും ചെയ്തിരുന്നു.
പുസ്തകവായനയെ വിരസമാക്കുന്ന ഒരു അന്തരീഷം ഉണ്ടാകുന്നുവെങ്കില്‍ അതു സാംസ്‌കാരികവിരസതയുടെ പ്രത്യാഘാതമാണെന്നു പറയേണ്ടിവരും. അല്ലെങ്കില്‍ ഒരുപക്ഷേ പുസ്തകവിരസത സംബന്ധിച്ച നമ്മുടെ ആശങ്ക, കുറ്റബോധം കൊണ്ടാകണം. വായന വേണ്ടതാണെന്നു നാം മുന്‍പ് വിചാരിക്കുകയും പിന്നീടത് ഉപേക്ഷിക്കുകയും ചെയ്തതിന്റെ പ്രയാസമാകും. വീടുകളില്‍ വായനയ്‌ക്കോ പുസ്തകത്തിനോ ഒരിടമില്ലെങ്കില്‍ ഒരാള്‍ക്ക് അതിലേക്കു പോകാനാവില്ലെന്നതാണു സത്യം. സ്വന്തമായി മുറി വേണമെന്നു പെണ്ണുങ്ങള്‍ പറഞ്ഞപ്പോഴാണു ഫെമിനിസം ഉണ്ടായത്. ഈ മുറി ഇരുന്നു വായിക്കാനും ഇരുന്നെഴുതാനുമായിരുന്നു. ഇക്കാലത്ത് ഇരുന്നുവായിക്കുന്ന ഒരാളെ കണ്ടാല്‍ അയാള്‍ പരീക്ഷയ്ക്കു പഠിക്കുകയാണെന്നേ നാം വിചാരിക്കൂ. അയാള്‍ ഒരു കഥ വായിക്കുകയാണെന്നു നാം ഊഹിക്കുകയില്ല. ഇത്തരത്തില്‍ സാമൂഹികപെരുമാറ്റരീതികളുമായി ബന്ധപ്പെട്ടു സംഭവിച്ച കുറേ പരിണാമങ്ങളുടെ അര്‍ഥം സാഹിത്യം ഇല്ലാതായിപ്പോയെന്നല്ല.
അധികമാരും കൂടെനിന്നില്ലെങ്കില്‍ പുസ്തകങ്ങള്‍ക്കും അതു പ്രതിനിധാനം ചെയ്യുന്ന ആഹ്ലാദങ്ങള്‍ക്കും എന്തെങ്കിലും ദുരന്തം സംഭവിക്കുമെന്നും ഞാന്‍ കരുതുന്നില്ല. വായന മനുഷ്യനു മാത്രം സാധ്യമായ ഒരു പ്രവൃത്തിയാണ്. ഭാവന അയാളെ മറ്റു ജന്തുക്കളില്‍നിന്നും ഒറ്റപ്പെടുത്തുന്നതാണ് നാം കാണുന്നത്. ഈ ഒറ്റപ്പെടലിന്റെ ജൈവികതയെ നാഗരികത കാണ്ട് ഇല്ലാതാക്കാനാവില്ല. നാഗരികത ചിലപ്പോള്‍ വായനയെ മറ്റേതു വിനോദവും പോലെ സ്ഥൂലമാക്കിയിട്ടുണ്ടാകും. അതിനാല്‍ പൊള്ളയായ എത്രയോ പുസ്തകങ്ങളാണ് വിപണിയിലുള്ളത്. ഹോളിവുഡില്‍ ഇറങ്ങുന്ന മിക്കവാറും സിനിമകള്‍ ഇപ്രകാരം ബെസ്റ്റ് സെല്ലറുകള്‍ സിനിമയാക്കിയതാണ്. ജനപ്രിയത ആങ്ങനെ പോകും. നമ്മുടെ നാട്ടില്‍ വായനശാലകള്‍ ജീര്‍ണാവസ്ഥയിലാണെങ്കിലും പുസ്തകശാലകള്‍ മേല്‍ഗതിയിലാണ്. പ്രസാധകരുടെ കാര്യവും അങ്ങനെ. സിനിമയാക്കാന്‍ പറ്റിയപുസ്തകങ്ങള്‍ അധികം ഉണ്ടാകുന്നില്ലെന്നു മാത്രം.
വായന എന്ന പ്രവൃത്തിയെ സഹായിക്കാന്‍ ഇപ്പോള്‍ ഇ റീഡറുണ്ട്. ഇ ബുക്‌സുണ്ട്. ഓഡിയോ ബുക്‌സും ഉണ്ട്. ഇ റീഡര്‍ പോലെയുള്ള ഒരു വസ്തുവിന്റെ സാധ്യതകള്‍ തന്നെ എത്രയോ ആണ്. സമീപകാലത്ത് ഒരു ട്രെയിന്‍ യാത്രയ്ക്കിടെ ആമസോണിന്റെ കിന്‍ഡല്‍ ഉപയോഗിച്ച് ഒരാള്‍ എന്തോ വായിക്കുന്നതു ശ്രദ്ധിക്കുകയുണ്ടായി. ഞാന്‍ അയാളോട് എന്താണു വായിക്കുന്നതെന്ന് ചോദിച്ചു. അയാള്‍ ജോണ്‍ കീറ്റ്‌സിന്റെ കവിതകളായിരുന്നു വായിച്ചുകൊണ്ടിരുന്നത്. ഇതെന്നെ അദ്ഭുതപ്പെടുത്തി. അയാള്‍ പോയട്രി പഠിപ്പിക്കുന്ന ഒരു പ്രഫസറാണെന്നു ഞാന്‍ തെറ്റിദ്ധരിച്ചു. അല്ല.തുണിക്കച്ചവടം നടത്തുന്നയാളാണ്. കീറ്റ്‌സിന്റെ കവിത മാത്രമല്ല ഇരുപതാം നൂറ്റാണ്ടിലെ പല പ്രധാന കവികളുടെയും കവിതകള്‍ അയാള്‍ എനിക്ക് കിന്‍ഡലില്‍ കാട്ടിത്തന്നു. അതു ശരിക്കും മനോഹരമായിരുന്നു. പുസ്തകം പോലെ തന്നെ. തൊട്ടുതലോടാന്‍ പറ്റില്ലെന്നു മാത്രം. യാത്രയ്ക്കിടയില്‍ മാത്രമാണ് അയാള്‍ കിന്‍ഡല്‍ ഉപയോഗിക്കുക. അല്ലാത്തപ്പോള്‍ പുസ്തകം തന്നെ വായിക്കും.
ഈ രീതിയില്‍ വായിക്കാനുള്ള ഉപകരണങ്ങള്‍ നാം ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടോ എന്നാണ് മറ്റൊരു ചോദ്യം. ഇനി നാം വായിക്കുന്ന പുസ്തകങ്ങളുടെ കാര്യമെടുത്താല്‍, അതിലും ചില തര്‍ക്കങ്ങള്‍ ഉണ്ടാകും. എന്തുതരം പുസ്തകം വായിക്കും എന്നൊരു സംശയം, എന്തുതരം സിനിമ കാണും എന്ന സംശയം പോലെ തന്നെ. ചിലര്‍ക്കു ത്രില്ലര്‍ മതി. മറ്റു ചിലര്‍ കോമഡി. അല്ലെങ്കില്‍ റൊമാന്റിക് കോമഡി. സാഹിത്യവായനയുടെ കാര്യത്തില്‍ ലോകം വളരെ വിസ്തൃതവും വൈവിധ്യമേറിയതുമാണ്. ഇതില്‍ ഉത്തമ കൃതികള്‍ എന്തെല്ലാമാണെന്ന ചോദ്യത്തില്‍ പലതരം പക്ഷപാതങ്ങള്‍ സ്ഥാനം പിടിക്കാം. നല്ല പുസ്തകങ്ങളുടെ ഒരു പട്ടിക ഉണ്ടാക്കാന്‍ കൊളളാവുന്ന ചില വായനക്കാരോട് ആവശ്യപ്പെട്ടുനോക്കൂ. ഓരോരുത്തരുടെയും പട്ടിക വ്യത്യസ്തമായിരിക്കും. സാഹിത്യതല്‍പ്പരരായവര്‍ അതതു ഭാഷകളിലെ കേമന്‍മാരായ എഴുത്തുകാരെ നിര്‍ബന്ധമായും വായിച്ചിരിക്കണമെന്ന കാര്യത്തില്‍ സംശയമില്ല. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചതു പോലെ ലോകത്തിന്റെ കണിശതയില്‍നിന്നും രക്ഷപ്പെടാനാണു മനുഷ്യന്‍ സാഹിത്യത്തിലേക്കു പോകുന്നത്. മനുഷ്യരുടെ ആന്തരികജിജ്ഞാസകളെയും ആധികളെയും അഭിമുഖീകരിക്കുകയാണു സാഹിത്യം ചെയ്യുന്നത്. ഇത് ഓരോ തരം സാഹിത്യത്തിലും ഓരോ വിധത്തിലാണ്. ഈയ്യിടെ ഒരാള്‍ ചോദിക്കുകയുണ്ടായി തകഴിയാണോ ബഷീറാണോ കേമന്‍ എന്ന്. താരതമ്യപഠനം സാഹിത്യത്തിന്റെ ഒരു രീതിയാണ്. എന്നാല്‍ ഇത് ഒരാളെ കേമനും മറ്റൊരാളെ മോശക്കാരനും ആക്കാനല്ല. തകഴിയും ബഷീറും വലിയ എഴുത്തുകാരാണ്. നല്ല വായനക്കാരന് അവരിരുവരും കൂടെ വേണം. ഒരാളെ മാത്രം സ്‌നേഹിക്കാനാവില്ല. രസകരമായ ഒരു കാര്യം ഇരുവരിലും ചില പൊതുസ്വഭാവങ്ങളുണ്ട്. അതായത്, ഇരുവരും സാമൂഹികമൂല്യങ്ങളില്‍ ശക്തമായി വിശ്വസിക്കുകയും സാഹിത്യം മൂല്യസമ്പാദനത്തില്‍ ക്രിയാത്മകമായ ദൗത്യം നിറവേറ്റണമെന്നും വിശ്വസിച്ചു. എന്നിട്ടും ഇരുവരുടെയും ചില കൃതികള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ബഷീറിന്റെ ശബ്ദങ്ങള്‍ ഉദാഹരണം. തകഴിയുടേത് ചെമ്മീന്‍. ശബ്ദങ്ങളുടെ കാര്യത്തില്‍ അതില്‍ സദാചാരവിരുദ്ധതയും മോശംഭാഷയും ഉപയോഗിച്ചുവെന്നാണെങ്കില്‍, ചെമ്മീനിനെതിരെ പലതരം വിമര്‍ശനങ്ങള്‍ ഉണ്ടായി. പുരോഗമനസാഹിത്യത്തിന്റെ ആളുകള്‍ അതിനെ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ഒരു പിന്തിരിപ്പന്‍ കൃതിയായി കരുതി. ചിലര്‍ അത് അരയസമുദായത്തെ മോശമായി ചിത്രീകരിച്ചു എന്നു പരാതി പറഞ്ഞു. ചെമ്മീന്‍ സാമൂഹികയാഥാര്‍ഥ്യങ്ങളെയല്ല പ്രതിഫലിപ്പിച്ചത് എന്നായിരുന്നു ആക്ഷേപം. ആശാന്റെ ദുരവസ്ഥയ്‌ക്കെതിരെ ഇഎംഎസ് ഉന്നയിച്ച ഒരു പ്രധാന ആക്ഷേപം അതിലെ കഥാപാത്രസൃഷ്ടി വാസ്തവവിരുദ്ധമാണെന്നായിരുന്നു. ദുരവസ്ഥയിലെ അന്തര്‍ജനം വിദ്യാസമ്പന്നയായ യുവതിയാണ്. എന്നാല്‍ മലബാര്‍ കലാപകാലത്ത് മലബാറിലെ നമ്പൂതിരികുടുംബങ്ങളിലെ സ്ത്രീകള്‍ നിരക്ഷരരായിരുന്നുവെന്നാണ് ഇഎംഎസ് ചൂണ്ടിക്കാട്ടിയത്.
ഇവിടെ ഉയരുന്ന ഒരു ചോദ്യം സാഹിത്യത്തിന്റെ പണി എന്താണ് എന്നാണ് ?എന്തിനെയാണു സാഹിത്യം പ്രതിഫലിപ്പിക്കുന്നത്? യാഥാര്‍ഥ്യത്തിന്റെ പ്രതിഫലനമാണ്, ആവിഷ്‌കാരമാണു സാഹിത്യമെങ്കില്‍ അതിനെ ഡോക്യൂമെന്ററിയെന്നോ മറ്റോ അല്ലേ പറയേണ്ടത്? അപ്പോള്‍ ചരിത്രകാരന്‍ എഴുതുന്നതെന്താണ്്? സമൂഹത്തെ പകര്‍ത്തിവയ്ക്കാനാണു എഴുതുന്നതെങ്കില്‍ അതിനെ നോണ്‍ ഫിക്ഷന്‍ എന്നു വിളിക്കേണ്ടിവരും. എന്നാല്‍, മലയാളികള്‍ക്കു ഭാവനാശക്തി കുറഞ്ഞ രചനകളോട് പൊതുവേ ഒരു ആവേശം തോന്നാറുണ്ട്, കഥ യഥാര്‍ഥത്തില്‍ സംഭവിതാണ് എന്നു പറഞ്ഞാല്‍. അനുഭവകഥകള്‍ക്ക് വലിയ പ്രാമുഖ്യം കിട്ടുന്നത് അങ്ങനെയാണല്ലോ. ഇപ്പോള്‍ ബഷീറിനെ പോലും പലരും ഉയര്‍ത്തിപ്പിടിക്കുന്നത് അദ്ദേഹത്തിന് ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞാണ്. ഒട്ടേറെ യാത്രകള്‍ ചെയ്ത ബഷീര്‍ പക്ഷേ, തന്റെ അനുഭവങ്ങളുടെ നാലിലൊന്നു പോലും എഴുതിയിട്ടില്ലെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്. അപ്പോള്‍ ബഷീറിലെ അനുഭവവും ഭാവനയും എങ്ങനെയാണു വേര്‍തിരിക്കുക? എസ്.കെ. പൊറ്റെക്കാട്ട് അന്യനാടുകള്‍ സന്ദര്‍ശിച്ചു. യാത്രാവിവരണം എഴുതി. പക്ഷേ, സാഹിത്യമെഴുതിയപ്പോള്‍ അദ്ദേഹം കോഴിക്കോട്ടെ ജീവിതമാണ് എഴുതിയത്. ഇത് പൊറ്റെക്കാട്ടിന്റെ പരിമിതിയല്ല, എഴുത്തുകാരന്റെ സൂക്ഷ്മമായ ചില തിരഞ്ഞെടുപ്പുകളാണ്. ഒരാള്‍ തന്റെ അനുഭവങ്ങളെ വിവരിക്കാനിരുന്നാല്‍ അതൊരു ആത്മകഥയോ ആത്മരതിയോ ആയിത്തീരും, സാഹിത്യമാവില്ലെന്നതാണു സത്യം. ഒരാളുടെ വിശ്രാന്തിയിലേക്ക് ഒരു പുസ്തകം പ്രവേശിക്കണമെങ്കില്‍ അത് അയാളുടെ ഭാവനയെ നേരിട്ടുതൊടണം. അവിടെ ചില ഓളങ്ങള്‍ ഉണ്ടാക്കണം. ഒരു വിസ്മയം സൃഷ്ടിക്കണം. ഇതെങ്ങനെയെന്ന് ചോദിച്ചാല്‍ ബോര്‍ഹെസ് അതിനു മറുപടി തരുന്നുണ്ട്. ബോര്‍ഹെസിന്റെ പ്രഭാഷണങ്ങളില്‍ ഒന്ന് ആയിരത്തൊന്നു രാവുകളെ സംബന്ധിച്ചാണ്. അതിന്റെ തുടക്കത്തില്‍ ആയിരത്തൊന്നു രാവുകള്‍ എന്ന പദപ്രയോഗം സംബന്ധിച്ച് ബോര്‍ഹെസ് പറഞ്ഞത് വിസ്മയകരമായ വായനാനുഭവമാണ്- ആയിരത്തൊന്നു രാവുകള്‍ എന്ന പേരിനുമുന്നില്‍ തെല്ലിട നിന്നുപോകുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ പദപ്രയോഗങ്ങളിലൊന്നാണത്. ആയിരം അനന്തതയുടെ സൂചന നല്‍കുന്ന പദമാണ്. ആയിരം രാത്രികളെന്നു പറഞ്ഞാല്‍ എണ്ണമില്ലാത്ത രാത്രികള്‍ എന്ന് അര്‍ഥം കല്‍പ്പിക്കാം. ആയിരത്തൊന്നു രാവുകള്‍ എന്നു പറഞ്ഞാലോ? അനന്തതയ്‌ക്കൊപ്പം ഒന്നു കൂടി ചേര്‍ക്കുന്ന കലാവിദ്യയാണത്. ഇംഗ്ലീഷില്‍ ഫോര്‍ എവര്‍ എന്നു പറയാറുണ്ട്. ഫോര്‍ എവര്‍ ആന്‍ഡ് എ ഡേ എന്നു പറയുമ്പോഴുള്ള വ്യത്യാസമറിയാമല്ലോ. ജര്‍മന്‍ കവി ഹൈനെ എഴുതിയ കവിതയിലെ ഒരു വരിയുണ്ട് ‘ ഐ വില്‍ ലവ് യൂ ഇറ്റേണലി ആന്‍ഡ് ഈവന്‍ ആഫ്ടര്‍’.
Connect
Connect with us on the following social media platforms.