banner ad
July 18, 2013 By അംബേദ്കര്‍ 0 Comments

ഗാന്ധി: ‘എല്ലാം തികഞ്ഞ ഹിന്ദു യാഥാസ്ഥിതികന്‍’

ഞാന്‍ ഗാന്ധിയെ കണ്ടു മുട്ടുന്നത് ഞങ്ങളുടെ ഒരു പൊതു സുഹൃത്തിന്റെ ഇടപെടലിലൂടെയാണ്. അദ്ദേഹം എന്നെ കാണണമെന്നു ഗാന്ധിയോട് ആവശ്യപ്പെടുകയും, എന്നെ കണ്ടുമുട്ടണമെന്നു ആവശ്യപ്പെട്ടു കൊണ്ട് ഗാന്ധി എനിക്ക് എഴുതുകയും ചെയ്തു. ഞാന്‍ പോയി അദ്ദേഹത്തെ കണ്ടു. വട്ടമേശ സമ്മേളനത്തിനു പോകുന്നതിനു മുമ്പായിരുന്നു അത്. പിന്നെ അദ്ദേഹം രണ്ടാം വട്ടമേശ സമ്മേളനത്തിനു വന്നു. ഒന്നാം വട്ടമേശ സമ്മേളനത്തിനു അദ്ദേഹം ഉണ്ടായിരുന്നില്ല. ഏതാണ്ട് അഞ്ച്, ആറ് ആഴ്ചകള്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍ അവിടെ മുഖാമുഖം കണ്ടു. അതിനു ശേഷം ഒരിക്കല്‍ കൂടി എന്നെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൂനാ ഉടമ്പടി ഒപ്പ് വെച്ചതിനു ശേഷം ഞാന്‍ അദ്ദേഹത്തെ പോയി കണ്ടു.  അദ്ദേഹം അന്ന് ജയിലില്‍ ആയിരുന്നു. ഇതാണ് ഞങ്ങളുടെ ആകെയുണ്ടായ കൂടിക്കാഴ്ചകള്‍. ഒരു എതിരാളി എന്ന നിലക്ക് അദ്ദേഹത്തെ കണ്ടപ്പോള്‍ എനിക്ക് തോന്നിയത്, അനവധി ആളുകളേക്കാള്‍ എനിക്ക് ആ മനുഷ്യനെ അറിയാമെന്നാണ്. കാരണം അയാള്‍ അയാളുടെ തേറ്റകള്‍ എനിക്കു മുമ്പില്‍ തുറന്നു കാട്ടിയിട്ടുണ്ട്. അങ്ങിനെ ആ  മനുഷ്യന്റെ അകത്തുള്ളത് എനിക്ക് കാണുവാന്‍ കഴിഞ്ഞു. അവിടെ ഭക്തരായി പോകുന്നവര്‍ക്ക് അദ്ദേഹത്തെ കാണുവാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ ആകെ കണ്ടത് മഹാത്മാ എന്ന ആ മനുഷ്യന്‍ എടുത്തു അണിഞ്ഞ  ബാഹ്യരൂപം മാത്രമാണ്. ഞാന്‍ അദ്ദേഹത്തെ മനുഷ്യന്‍ എന്ന നിലക്ക് കണ്ടു. അദ്ദേഹത്തിന്റെ കൂടെയുള്ളവരെക്കാള്‍ നന്നായി അയാളുടെ തനി സ്വരൂപം ഞാന്‍ കണ്ടു.

ഗാന്ധിയെക്കുറിച്ചുള്ള നിങ്ങളുടെ നിരീക്ഷണങ്ങള്‍ ഒന്ന് ചുരുക്കി പറയാമോ?

ഒന്നാമതായി, പുറം ലോകം, പ്രത്യേകിച്ചും പടിഞ്ഞാറ് ഗാന്ധിയില്‍ എടുക്കുന്ന താല്പര്യം കാണുമ്പോള്‍ എനിക്ക് അതിശയമാണ്. എനിക്ക് അത് മനസിലാകുന്നില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, അദ്ദേഹം ചരിത്രത്തിലെ ഒരു അദ്ധ്യായം മാത്രമാണ്. ഒരു കാലഘട്ടത്തെ നിര്‍്മിച്ച ചരിത്ര പുരുഷനല്ല. ഈ രാജ്യത്തെ ജനങ്ങളുടെ ഓര്‍മയില്‍ നിന്ന് അദ്ദേഹം മാഞ്ഞ് പോയിരിക്കുന്നു. കോണ്‍ഗ്രസ് എല്ലാ കൊല്ലവും അദ്ദേഹത്തിന്റെ ജന്മദിനത്തിലോ അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധമുള്ള മറ്റേതങ്കിലും ദിവസത്തിലോ അവധി പ്രഖ്യാപിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നത്. ആഘോഷങ്ങള്‍ എല്ലാ കൊല്ലവും ഒരാഴ്ചയിലെ ഏഴു ദിവസവും നീണ്ട് നില്‍ക്കുന്നു, ജനങ്ങളുടെ ഓര്‍മ പുതുക്കാനായി. ഇത്തരം കൃത്രിമ ശ്വാസോച്ചാസം നല്‍കിയില്ലെങ്കില്‍ ഗാന്ധിയെ ആളുകള്‍ എന്നേ മറന്നേനെ.

അദ്ദേഹം നടപ്പില്‍ വരുത്തിയ അടിസ്ഥാന പരമായ മാറ്റങ്ങള്‍?

ഏയ്.. ഏപ്പോഴും അയാള്‍ക്ക് ഒരു ഇരട്ട ഇടപാട് ഉണ്ടായിരുന്നു. രണ്ടു ഭാഷകളില്‍ അയാള്‍ പത്രം നടത്തിയിട്ടുണ്ട്. ഇംഗ്ലീഷില്‍ ഹരിജന്‍ (അതിനു മുമ്പ് യങ്ങ് ഇന്ത്യ), ഗുജറാത്തിയില്‍ ദിന്‍ ബന്ധുവെന്ന പേരിലോ മറ്റോ. രണ്ടു പത്രങ്ങളും ഒരുമിച്ചു വായിച്ചാല്‍ ഗാന്ധി എങ്ങിനെയാണ് ആളുകളെ വഞ്ചിച്ചത് എന്ന് മനസിലാക്കാന്‍ കഴിയും. ഇംഗ്ലീഷ് പത്രത്തില്‍  ജാതി വ്യവസ്ഥയുടെയും, തൊട്ടു കൂടായ്മയുടെയും എതിരാളി ആയി അയാള്‍ സ്വയം പ്രതിഷ്ഠിച്ചു. ഒരു ജനാധിപത്യവാദി ആയി സ്വയം വാഴിച്ചു. എന്നാല്‍ ഗുജറാത്തി മാസികകള്‍ നിങ്ങള്‍ വായിച്ചാല്‍, ഒരു തനി യാഥാസ്ഥിതികന്‍ ആയിരുന്നു അയാള്‍ എന്ന് മനസിലാക്കാന്‍ വിഷമമില്ല. ജാതിവ്യവസ്ഥ, വര്‍ണാശ്രമ ധര്‍മം, തുടങ്ങി ഇന്ത്യയെ കാലങ്ങളോളം അവമതിച്ച  യാഥാസ്ഥിതിക പ്രമാണങ്ങളെ പിന്തുണച്ച ആളായിരുന്നു അയാള്‍. ഗാന്ധി ഹരിജനിലും ഗുജറാത്തി മാസികകളിലും നടത്തിയ പരാമര്‍ശങ്ങളെ താരതമ്യം ചെയ്തു പഠിക്കേണ്ടിയിരിക്കുന്നു. ആളുകള്‍, പ്രത്യേകിച്ചും പാശ്ചാത്യര്‍, ഇംഗ്ലീഷില്‍ ആ മനുഷ്യന്‍ എഴുതിയത് മാത്രമേ വായിച്ചിട്ടുള്ളൂ. അവിടെ തന്നെ പാശ്ചാത്യര്‍ക്ക് മുമ്പില്‍ ഒരു ജനാധിപത്യ വാദി ആയി പരിചയപ്പെടുത്താന്‍ ജനാധിപത്യ ആശയങ്ങളെ പ്രചരിപ്പിച്ചു. പ്രാദേശിക പത്രത്തില്‍ അയാള്‍ പറഞ്ഞത് കൂടി നാം കാണണം. എന്നാല്‍ ആരും അങ്ങിനെയൊരു പരാമര്‍ശം നടത്തിയതായി കാണുന്നില്ല. അദ്ദേഹത്തെ കുറിച്ച് എഴുതപ്പെട്ട ജീവചരിത്രങ്ങള്‍ ഹരിജനിലും യങ്ങ് ഇന്ത്യയിലും അദ്ദേഹം പറഞ്ഞത്  വെച്ചാണ് എഴുതപ്പെട്ടത്, അദ്ദേഹത്തിന്റെ ഗുജറാത്തി  രചനകള്‍ ആസ്പദിച്ചല്ല.

പട്ടിക ജാതിക്കാരോടുള്ള  അദ്ദേഹത്തിന്റെ സമീപത്തിനു പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശം എന്തായിരുന്നു?

ഞങ്ങള്‍ക്ക്  വേണ്ടത് രണ്ടു കാര്യങ്ങള്‍ ആയിരുന്നു. 1. തൊട്ടു കൂടായ്മ ഇല്ലാതാവണം 2. ഞങ്ങള്‍ക്ക് മറ്റുള്ളവരോടൊപ്പം തുല്യ അവസരം വേണം, അങ്ങിനെ മറ്റു വര്‍ഗങ്ങളോടൊപ്പം എത്താന്‍ കഴിയണം. തൊട്ടു കൂടായ്മ കഴുകി കളഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല. കഴിഞ്ഞ 2000 വര്‍ഷമായി ഞങ്ങള്‍ തൊട്ടു കൂടായ്മ പേറി ജീവിക്കുന്നു. ആര്‍ക്കും  അതില്‍ പ്രശ്‌നമില്ല. ചില ദ്രോഹകരമായ പ്രശ്‌നങ്ങള്‍ നിലനില്ക്കുന്നുണ്ട്. ഉദാഹരണമായി, ജനങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളമില്ല. വെള്ളം സംരക്ഷിച്ചു  നിര്‍ത്തേണ്ടത് എങ്ങിനെ എന്ന് എനിക്ക് പഠിക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ അതിനെക്കാള്‍ ഒക്കെ പ്രധാനപ്പെട്ട കാര്യം പട്ടിക ജാതിക്കാര്‍ക്ക്  തുല്യ പദവി  വേണം എന്നതാണ്. ഉയര്‍ന്ന  പദവികള്‍ വഹിക്കാന്‍ ഞങ്ങള്‍ക്ക്  കഴിയണം. അപ്പോള്‍ ഞങ്ങളുടെ അന്തസ്  ഉയരും. ഒപ്പം ഞങ്ങളുടെ ജനങ്ങളെ  സംരക്ഷിക്കാനുള്ള തന്ത്രപ്രധാനമായ സ്ഥാനത്തേക്ക് ഞങ്ങള്‍ക്ക് വരാന്‍ കഴിയും. ഗാന്ധി അത് പൂര്‍ണമായി എതിര്‍ത്തു.

അദ്ദേഹം ക്ഷേത്ര പ്രവേശനത്തില്‍ മാത്രം തൃപ്തനായിരുന്നോ?

അതെ, അത് മാത്രമായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. ഹിന്ദു ക്ഷേത്രത്തെ പറ്റി ആര്‍ക്കാണ് ഇത്ര ഉത്കണ്ഠ?. ആര്‍ക്കുമില്ല. ക്ഷേത്രങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാക്കും എന്ന ബോധം തൊട്ടു കൂടാത്തവര്‍ക്ക് ഇല്ല. നിങ്ങള്‍ തൊട്ടുകൂടാത്തവര്‍ താമസിക്കുന്ന കോളനിയില്‍ ആണ് ജീവിക്കുന്നത് എങ്കില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചത് കൊണ്ട് നിങ്ങള്‍ക്ക് വിശേഷിച്ച് ഒരു പ്രയോജനവും ഇല്ല. ഒരു കാലത്ത് ശുദ്ധി ഭയന്ന് ആളുകള്‍ തൊട്ടു കൂടാത്തവരെ തീവണ്ടിയില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുമായിരുന്നില്ല. ഇപ്പോള്‍ അവര്‍ക്ക് കുഴപ്പമില്ല. കാരണം റയില്‍വേ പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. ട്രെയിനില്‍ യാത്ര ചെയ്തത് കൊണ്ട് മാത്രം ഹിന്ദുക്കളുടെ ഭാഗത്ത് നിന്ന് ഗ്രാമത്തില്‍ അവരോടുള്ള സമീപനത്തില്‍ മാറ്റം ഉണ്ടാകും  എന്ന് പ്രതീക്ഷിക്കാന്‍ ആവില്ല. ഹിന്ദുവും അസ്പ്ര്ശ്യനും പ്ലാട്‌ഫോമില്‍ വണ്ടി ഇറങ്ങിയാല്‍ പഴയ രൂപങ്ങളിലേക്ക് തിരിച്ചു പോകും.

ഗാന്ധി ഒരു യാഥാസ്ഥിതിക ഹിന്ദു ആയിരുന്നു എന്നാണോ താങ്ങള്‍ പറയുന്നത്?

തീര്‍ച്ചയായും. അദ്ദേഹം ഒരു പരിഷ്‌കരണ വാദി  ആയിരുന്നില്ല. അതിനുള്ള കഴിവ് അയാള്‍ക്കുണ്ടായിരുന്നില്ല. ഒന്നാമതായി, തൊട്ടു കൂടായ്മയെ കുറിച്ച് അയാള്‍ പ്രസംഗിച്ചത് അവരെ കോണ്‍ഗ്രസിലേക്ക് വലിച്ചടുപ്പിക്കാനാണ്.  രണ്ടാമതായി, തൊട്ടു കൂടാത്തവര്‍ തന്റെ സ്വരാജ് പ്രസ്ഥാനത്തെ എതിര്‍ക്കരുത് എന്ന് അയാള്‍ ആഗ്രഹിച്ചു. അതിലപ്പുറം, അവരുടെ ഉന്നമനത്തിനു അദ്ദേഹത്തിനു താല്പര്യം ഉണ്ടായിരുന്നു എന്ന് കരുതാന്‍ വയ്യ. അമേരിക്കയില്‍ നീഗ്രോകള്‍ക്ക് വേണ്ടി  ഗാരിസണ്‍ (വില്യം ലിയോഡു ഗാരിസണ്‍) ചെയ്തത് ഒന്നും അയാള്‍  ഇവിടെ ചെയ്തിട്ടില്ല.

ഗാന്ധി ഇല്ലെങ്കിലും  രാഷ്ട്രീയ സ്വാതന്ത്ര്യം ഉണ്ടാകുമായിരുന്നു എന്നാണോ?

ഓ. അല്ലാതെ. ഗാന്ധി ഇല്ലെങ്കിലും  ഇന്ത്യക്ക് ക്രമേണ രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു. സ്വരാജ് പതുക്കെ നേടിയെടുത്തിരുന്നു എങ്കില്‍ ജനങ്ങള്‍ക്ക് അത് കൂടുതല്‍ പ്രയോജനപ്പെട്ടേനെ. കാരണം വൈകല്യത്താല്‍ കഷ്ടപ്പെടുന്ന ഓരോ സമൂഹത്തിനും അധികാരക്കൈമാറ്റത്തിന്റെ ഓരോ ഘട്ടത്തിലും സ്വയം ശക്തിപ്പെടുവാന്‍ കഴിയുമായിരുന്നു . എന്നാല്‍ എല്ലാം ഒരു മലവെള്ളപ്പാച്ചില്‍  പോലെയാണ് സംഭവിച്ചത്. ജനങ്ങള്‍ തയ്യാറായിരുന്നില്ല. ഇംഗ്ലണ്ട് ഭരിച്ച ഏറ്റവും വലിയ മണ്ടന്‍ പാര്‍ട്ടി ആയിരുന്നു ലേബര്‍ പാര്‍ട്ടി എന്നാണു ഞാന്‍  കരുതുന്നത്.

ശരിക്കും ആരാണ് അക്ഷമ കാണിച്ചത്, ഗാന്ധിയോ കോണ്‍ഗ്രസ്  പാര്‍ട്ടിയോ?

ആറ്റ്‌ലി പെട്ടെന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കാന്‍ തീരുമാനിച്ചത് എന്ത് കൊണ്ടാണ് എന്ന് എനിക്ക് അറിയില്ല. അത് ആറ്റ്‌ലിയുടെ ജീവചരിത്രത്തില്‍ അദ്ദേഹം വെളിപ്പെടുത്തേണ്ട കാര്യമാണ്. അദ്ദേഹം അങ്ങിനെ ചെയ്യുമെന്ന്  ആരും പ്രതീക്ഷിച്ചില്ല. ആ തീരുമാനമെടുക്കാന്‍ ലേബര്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത് രണ്ടു കാര്യങ്ങള്‍ ആണെന്നാണ് എന്റെ അപഗ്രഥനത്തിലൂടെ എനിക്ക് തോന്നിയത്.

1. സുഭാഷ് ചന്ദ്ര ബോസ്  ഉയര്‍ത്തികൊണ്ട് വന്ന നാഷണല്‍ ആര്‍മി. രാജ്യത്ത് എന്തൊക്കെ സംഭവിച്ചാലും, രാഷ്ട്രീയക്കാര്‍ എന്ത് തന്നെ ചെയ്താലും, സൈന്യത്തിന്റെ വിധേയത്വം മാറാന്‍ പോകുന്നില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് ബ്രിട്ടീഷുകാര്‍ രാജ്യം ഭരിച്ചത്. അവര്‍ രാജ്യം ഭരിച്ചത് ആ ഒരു ബലത്തിലായിരുന്നു. ആ ഉറപ്പാണ് തകര്‍ന്നത്. പട്ടാളക്കാരെ പ്രലോഭിപ്പിച്ചു ഒരു പാര്‍ട്ടി ബ്രിട്ടീഷുകാരെ തകര്‍ത്തെറിയാന്‍ പറ്റിയ ഒരു ബറ്റാലിയന്‍ ഉണ്ടാക്കാമെന്നു അവര്‍ക്ക്  മനസിലായി. ഇന്ത്യ ഭരിക്കണമെങ്കില്‍, ബ്രിട്ടീഷ് ആര്‍മിയെ നിലനിര്‍ത്തി കൊണ്ട് മാത്രമേ അതിനു കഴിയൂ എന്ന നിഗമനത്തില്‍ അവര്‍ എത്തി ചേര്‍ന്നു എന്നാണു എനിക്ക് തോന്നുന്നത്. 1857 ലെ  കാര്യമെടുക്കുക. ഇന്ത്യന്‍ പട്ടാളക്കാര്‍ ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ  കലാപമുയര്‍ത്തിയ വര്‍ഷം. ഇന്ത്യക്ക് മേല്‍ ആധിപത്യം നിലനിര്‍ത്താന്‍ ഈ രാജ്യത്ത് വേണ്ടത്ര യൂറോപ്യന്‍ പട്ടാളത്തെ നിയോഗിക്കുന്നത് ഒരിക്കലും സാധ്യമല്ല എന്ന് അവര്‍ക്ക്  മനസിലായി.

2.  ബ്രിട്ടീഷ് പട്ടാളക്കാര്‍, സൈന്യം  ഉടന്‍ പിരിച്ചു വിടപ്പെടണമെന്നു ആഗ്രഹിച്ചിരുന്നു എന്ന് എനിക്ക് തോന്നുന്നു. അപ്പോള്‍ നാട്ടില്‍ പോയി സൈനികേതരമായ മറ്റു പണി എടുക്കാമല്ലോ. അങ്ങിനെ ക്രമേണ സൈന്യത്തെ പിരിച്ചു വിട്ടാല്‍ അതില്‍ നിന്നുണ്ടാകുന്ന വിദ്വേഷം ആര്‍ക്കും ഊഹിക്കാം. കാരണം പിരിച്ചു വിടാത്ത പട്ടാളക്കാര്‍ മരിച്ചു വീഴും. അല്ലാത്തവര്‍ നാട്ടില്‍ പോയി വേറെ പണി എടുക്കും. ഇന്ത്യയെ കീഴ്‌പെടുത്താന്‍ വേണ്ടത്ര ബ്രിട്ടീഷ് പട്ടാളത്തെ നിലനിര്‍ത്തുന്നതിനെ പട്ടി അവര്‍ക്ക് ചിന്തിക്കാന്‍ കഴിഞ്ഞില്ല.

3. ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയില്‍ നിന്ന് കിട്ടിയത് വാണിജ്യം ആണ്. സിവില്‍ സെര്‍വന്റ്മാര്‍ക്കും ആര്‍മിക്കും കിട്ടിയ ശമ്പളം അല്ല. അതൊരു ചെറിയ കാര്യമാണ്. ശമ്പളം ത്യജിച്ചു കൂടുതല്‍ ലാഭകരമായ കച്ചവടവും വാണിജ്യവും അവര്‍ക്ക് നേടിയെടുക്കാം. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയാലും, ഡൊമീനിയന്‍ പദവി കിട്ടിയാലും അതില്‍ കുറഞ്ഞ എന്തെങ്കിലും കിട്ടിയാലും, വാണിജ്യവും കച്ചവടവും അത് പോലെ തുടരും. ആധികാരികമായ തെളിവ് ഇല്ല  എങ്കിലും ഞാന്‍ വ്യക്തിപരമായി പറയട്ടെ, ലേബര്‍ പാര്‍ടിയുടെ മനസ് പോയത് ആ വഴിക്കാണ്.

പൂന കരാറിനെ കുറിച്ച് പറയാം. ഗാന്ധി താങ്കളോട് എന്ത് പറഞ്ഞുവെന്നും താങ്കള്‍  അദ്ദേഹത്തോട് എന്ത് പറഞ്ഞു എന്നും ഓര്‍ക്കുന്നുണ്ടോ?

മക് ഡോണാല്‍ഡിന്റെ ആദ്യത്തെ അവാര്‍ഡില്‍ ബ്രിട്ടീഷുകാര്‍ എന്റെ നിര്‍്‌ദ്ദേശം സ്വീകരിച്ചു. ഹിന്ദുക്കള്‍ക്ക് ഒരു പൊതു നിയോജകമണ്ഡലം വേണമെന്നാണ് പറഞ്ഞത്. പട്ടിക ജാതിക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും ഇടയില്‍ വിഭാഗീയ ചിന്ത ഉടലെടുക്കരുത് എന്ന് ഹിന്ദുക്കള്‍ ചിന്തിച്ചു. നോക്കൂ. അങ്ങിനെ വന്നാല്‍ എന്ത് സംഭവിക്കും എന്ന്. ഞങ്ങള്‍ അവരില്‍ മുങ്ങി പോകുകയും തിരഞ്ഞെടുക്കപ്പെടുന്ന പട്ടിക ജാതിക്കാരുടെ നോമിനി ഹിന്ദുക്കളുടെ അടിമകള്‍ ആയി മാറുകയും അവരുടെ വ്യക്തിത്വം ഇല്ലാതാക്കപ്പെടുകയും ചെയ്യും. ഞാന്‍ മക് ഡോണാല്‍ഡിനോട് പറഞ്ഞു: ഞങ്ങള്‍ക്ക് വേണ്ടത് ഇതാണ്- ഒരു പ്രത്യേക നിയോജക മണ്ഡലം, അത് പോലെ പൊതു തിരഞ്ഞെടുപ്പില്‍ ഒരു രണ്ടാം വോട്ട്. ഞങ്ങള്‍  വേര്‍പെട്ടു എന്ന് വോട്ടിന്റെ സമയത്ത് ഗാന്ധിക്കും കൂട്ടര്‍ക്കും പറയാന്‍ ഇട വരരുത് അല്ലോ.
എന്റെ വിയോജിപ്പ് ഇതായിരുന്നു; സാമൂഹികമോ, ആത്മീയമോ ആയ യാതൊരു ബന്ധവുമില്ലാതെ ഞങ്ങള്‍ ഹിന്ദുക്കളില്‍ നിന്ന് അഞ്ചു വര്ഷത്തോളം വേര്‍പെട്ട് ജീവിച്ചു.   നൂറ്റാണ്ടുകളായി വളര്‍ന്ന  വേര്‍്പാട് ഒരു ദിവസം പൊതു നിയോജക മണ്ഡലത്തില്‍ ഒരുമിച്ച് പങ്കു കൊണ്ടത് മാത്രം എങ്ങിനെ ഇല്ലാതാവും.

രണ്ടു പേര് ഒരുമിച്ചു പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്താല്‍ അവരുടെ ഹൃദയങ്ങള്‍ക്ക് മാറ്റം വരും എന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണ്. അങ്ങിനെ സംഭവിക്കില്ല. എന്നാല്‍ അത് വിശ്വസിക്കാനുള്ള ഭ്രാന്ത് ഗാന്ധിക്കുണ്ടായി. ഈ സംവിധാനത്തില്‍ നിങ്ങള്‍ അസ്പ്ര്ശ്യര്‍ക്ക് രണ്ടു വോട്ട് നല്കുക. ഒപ്പം അവരുടെ ജനസംഖ്യ അനുസരിച്ച് പ്രാതിനിധ്യം
നല്‍കുക. അത് കൊണ്ടുള്ള വൈറ്റെജ് വോട്ടിന്റെ അടിസ്ഥാനത്തിലാണ്, പ്രതിനിധികളുടെ അടിസ്ഥാനത്തിലല്ല ഉണ്ടാകുക. അപ്പോള്‍ ഗാന്ധിക്കും കൂട്ടര്‍ക്കും അതില്‍ പരാതി ഉണ്ടാകേണ്ടതില്ല. മക് ഡോണാല്‍ഡ് എന്റെ നിര്‍ദേശം സ്വീകരിച്ചു. അവാര്‍ഡ് എന്റെ നിര്‍ദേശം ആയിരുന്നു. എന്റെ ആവശ്യം ഞാന്‍ നേപിള്‍സില്‍ നിന്ന് അദ്ദേഹത്തിനു എഴുതി. അദ്ദേഹം പ്രത്യേക നിയോജക മണ്ഡലവും പൊതു തിരഞ്ഞെടുപ്പില്‍ വോട്ടുകളും നല്‍കി. എന്നാല്‍ രണ്ടു പ്രതിനിധികളെ ഞങ്ങള്‍ അയക്കുന്നത് ഗാന്ധിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് പ്രത്യേക നിയോജക മണ്ഡലം എന്ന കാര്യത്തോടും അദ്ദേഹത്തിനു യോജിക്കുവാന്‍ കഴിഞ്ഞില്ല. അങ്ങിനെ അദ്ദേഹം ഉപവാസം തുടങ്ങി. എല്ലാവരും എന്റെ അടുത്തെത്തി. അവാര്‍ഡ് വേണ്ട എന്ന് അദ്ദേഹം തീരുമാനിച്ചാല്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല എന്ന് ബ്രിട്ടീഷുകാരും  പറഞ്ഞു. പക്ഷെ അവാര്‍ഡ് ഞങ്ങള്‍ക്ക് സ്വയം വേണ്ടെന്നു വെക്കാനാവില്ല. ‘ഞങ്ങളാണ് അവാര്‍ഡ് നല്കിയത്. എല്ലാം പരിഗണനക്ക് എടുത്ത ശേഷം മാത്രമാണ് ഞങ്ങള്‍ തീരുമാനിച്ചത്. ഏറ്റവും നല്ല ഒന്നാണ് ഇത്. മക് ഡോണാല്‍ഡിന്റെ നിയമം  നിങ്ങള്‍ ലഘൂകരിക്കണം. വ്യക്തമായ പ്രസ്താവന ആയിരുന്നു അത’. ഹിന്ദുക്കളുമായുള്ള വിയോജിപ്പിനു തീവ്രത കൂട്ടുവാന്‍ ഞങ്ങള്‍ ഒന്നും ചെയ്തില്ല. രണ്ടു വിഭാഗങ്ങളെയും പൊതുവായ തിരഞ്ഞെടുപ്പിന്റെ വഴിയില്‍ ഒരുമിച്ചു കൊണ്ടു അവരെ ഒരുമിപ്പിക്കുകയാണ് ഞങ്ങള്‍ ചെയ്തത്.’

ഞങ്ങള്‍ക്ക് സ്വതന്ത്രരായ പ്രതിനിധികളെ കിട്ടരുത് എന്നതായിരുന്നു ഗാന്ധിയുടെ ലക്ഷ്യം. അതുകൊണ്ട് അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ക്ക് പ്രാധിനിത്യം കിട്ടരുത്. രണ്ടാം വട്ട മേശ സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ നിലപാട് അതായിരുന്നു. മൂന്നു സമുദായങ്ങളെയാണ്  താന്‍ അംഗീകരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു: ഹിന്ദുക്കള്‍, മുസ്ലിംകള്‍, സിക്കുകാര്‍. ഭരണഘടനയില്‍ രാഷ്ട്രീയ അംഗീകാരം ലഭിക്കുന്നത് ഈ മൂന്നു വിഭാഗങ്ങള്‍ക്കാണ്. ക്രൈസ്തവര്‍, ആംഗ്ലോ ഇന്ത്യക്കാര്‍, പട്ടിക ജാതിക്കാര്‍ എന്നിവര്‍ക്ക് ഭരണഘടനയില്‍ യാതൊരു സ്ഥാനവും ഉണ്ടായിരിക്കില്ല. അവര്‍ ജെനെറല്‍ വിഭാഗത്തില്‍ ലയിച്ചു ചേരണം. അദ്ദേഹം എടുത്ത നിലപാട് അതായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സമീപനം വിഡ്ഢിത്തമാണ് എന്ന് ഗാന്ധിയുടെ സുഹൃത്തുക്കള്‍ അയാളോട് പറഞ്ഞു.  അവര്‍ അദ്ദേഹത്തോട് ഇക്കാര്യത്തില്‍ വഴക്ക് കൂടി: ‘ശക്തിയിലും സാമ്പത്തീക മികവിലും ആയിരം മടങ്ങ് പ്രബലരായ സിക്കുകാര്‍ക്കും മുസ്ലിംകള്‍ക്കും പ്രത്യേക പ്രാധിനിത്യം നല്‍കാമെങ്കില്‍ പട്ടികജാതിക്കാര്‍ക്കും ക്രൈസ്തവര്‍ക്കും എന്ത് കൊണ്ട് അത് നല്‍കിക്കൂടാ.’ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രശ്‌നം മനസിലാകില്ല. (ഹോറെസ് ) അലക്‌സാണ്ടര്‍  പോലും ഗാന്ധിയുടെ വലിയ സുഹൃത്തായിരുന്നു. അദ്ദേഹം അദ്ദേഹവുമായി വഴക്ക് കൂടി. അദ്ദേഹത്തിന്റെ ശിഷ്യ ആയിരുന്ന ഒരു ഫ്രഞ്ച് വനിത (അവരുടെ പേര് ഓര്‍ക്കുന്നില്ല) വഴക്ക് കൂടി. അവര്‍ പറഞ്ഞു:  ‘ഒന്നുകില്‍ ആര്‍ക്കും ഒന്നും കൊടുക്കില്ല എന്ന് പറഞ്ഞേര്. എല്ലാവര്‍ക്കും പൊതുവായ ഒരു വഴി ഉണ്ടാകട്ടെ. അത് ഞങ്ങള്‍ക്ക് മനസിലാകും. അത് ജനാധിപത്യ പരമാണ്. പക്ഷെ നിങ്ങള്‍ മുസ്ലിംകള്‍ക്ക് കൊടുക്കുന്നു, സിക്കുകാര്‍ക്ക് കൊടുക്കുന്നു. പട്ടിക ജാതിക്കാര്‍ക്കില്ല. അത് അസംബന്ധം ആണെന്ന് എനിക്ക് തോന്നുന്നു.’ ഗാന്ധിക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല.

അപ്പോള്‍ ഞങ്ങള്‍ ഒരു മാര്‍ഗം  നിര്‍ദ്ദേശിച്ചു. ആദ്യം പട്ടിക ജാതിക്കാര്‍ക്ക് ഒന്നുമില്ല എന്നായിരുന്നു ഗാന്ധിയുടെ പക്ഷം. അപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു: അത് കുറച്ചു കൂടുതലാണ്. ഇക്കാര്യത്തില്‍ നിങ്ങളെ ആരും പിന്തുണക്കില്ല. അപ്പോള്‍ മാളവ്യ എന്റെ അടുക്കല്‍ വന്നു പറഞ്ഞു: ‘ഈ പ്രശ്‌നം പരിഹരിക്കാന്‍ നിങ്ങള്‍ ഞങ്ങളെ സഹായിക്കണം.’ ‘ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അടുക്കല്‍ നിന്ന് ഞങ്ങള്‍ക്ക് ന്യായമായും കിട്ടേണ്ടത് വേണ്ടെന്ന് വെച്ച് കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കപ്പെടണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.’

ഞാന്‍ ഒരു ബദല്‍ ഫോര്‍മുല നിര്‍ദേശിച്ചു. ഒരു പ്രത്യേക നിയോജമണ്ഡലം എന്ന ആവശ്യം ഉപേക്ഷിക്കാന്‍ ഞാന്‍ ഒരുക്കമല്ല. പക്ഷെ അത് ഈ രീതിയില്‍ ഭേദഗതി ചെയ്യാം. അതായത്, പട്ടിക ജാതിക്കാര്‍ക്ക് വേണ്ടി അവസാനത്തെ ഇലക്ഷനില്‍ നില്‍്ക്കുന്ന ആളെ പട്ടിക ജാതിക്കാര്‍ തന്നെ പ്രാഥമിക ഇലക്ഷനില്‍ തിരഞ്ഞെടുക്കണം. കൂട്ടത്തില ഏറ്റവും മികച്ച ആള്‍ വന്നോട്ടെ. അപ്പോള്‍ നിങ്ങളുടെ നോമിനിയെ  അല്ല നിങ്ങള്‍ നിര്‍ത്തുന്നത് എന്ന ഉറപ്പ് ഞങ്ങള്‍ക്ക് കിട്ടുമല്ലോ. അപ്പോള്‍ ഞങ്ങളുടെ ശബ്ദം പാര്‍ലമെന്റില്‍ മുഴക്കാന്‍ കെല്‍പ്പുള്ള ആളെ ഞങ്ങള്‍ക്ക് കിട്ടുമല്ലോ. ഗാന്ധിക്ക് ഇത് സ്വീകരിക്കാതെ വേറെ മാര്‍ഗം ഉണ്ടായില്ല. അത് അദ്ദേഹം സ്വീകരിച്ചു. അതിന്റെ പ്രയോജനം 1937ലെ തിരഞ്ഞെടുപ്പില്‍ മാത്രമാണ് ഞങ്ങള്‍ക്ക് ഉണ്ടായത്. ഫെഡറേഷന്‍  ആണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചത്. ഗാന്ധിക്ക് മൂപ്പരുടെ പാര്‍ട്ടിയിലെ ഒരാളെ പോലും തിരഞ്ഞടുക്കപ്പെട്ടു കിട്ടിയില്ല.

അദ്ദേഹം ശക്തമായി വിലപേശിയോ?

അദ്ദേഹം വിലപേശിക്കൊണ്ടിരുന്നു. ഞാന്‍ പറഞ്ഞു. അത് ബുദ്ധിമുട്ടാണ്. നിങ്ങളുടെ ജീവന്‍ ഞാന്‍ രക്ഷിക്കാം. പക്ഷെ കഠിനമായ ഉപാധി വെക്കരുത്. എന്റെ ജനങ്ങളുടെ ജീവന്റെ ചിലവില്‍ നിങ്ങളുടെ ജീവന്‍ എനിക്ക് രക്ഷിക്കാനാവില്ല. ഞാന്‍ അതികഠിനമായി പണിയെടുത്തു. നിങ്ങളുടെ വിഭ്രമത്തിന് വേണ്ടി അത് ത്യജിക്കാന്‍ എനിക്കാവില്ല. നിങ്ങളുടെ മോഹം പൂവണിയിക്കാന്‍ എന്റെ ജനതയുടെ താല്‍പര്യം ത്യജിക്കാന്‍ എനിക്കാവില്ല. ഒരു ദിവസത്തെ തിരഞ്ഞെടുപ്പ് സാഹചര്യം മാറ്റിമറിക്കില്ല. പട്ടിക ജാതിക്കാര്‍   മുസ്ലിംകളെയും സിക്കുകാരെയും പോലെ സ്വതന്ത്രരായ ഒരു വിഭാഗമാകുമെന്ന ഭയമായിരുന്നു അദ്ദേഹത്തിന്. ഈ വിഭാഗങ്ങളുടെ കൂട്ടായ്മക്കെതിരെയാണ് ഹിന്ദുക്കള്‍ക്ക് പോരടിക്കേണ്ടി വരുക. അദ്ദേഹത്തിന്റെ മനസ്സില്‍ അതാണ് ഉണ്ടായിരുന്നത്. കൂട്ടാളികളില്ലാതെ ഹിന്ദുക്കള്‍ ഒറ്റപ്പെട്ട് പോകുന്ന അവസ്ഥ അയാള്‍   ആഗ്രഹിച്ചില്ല. അയാള്‍ വെറുമൊരു രാഷ്ട്രീയക്കാരന്‍ ആയിരുന്നു. ഒരു മഹാത്മാവ് ആയിരുന്നില്ല. മഹാത്മാ എന്ന് ഞാന്‍ അദ്ദേഹത്തെ വിളിക്കില്ല. ഞാന്‍ വിളിച്ചിട്ടുമില്ല. ധാര്‍മീകതയുടെ അടിസ്ഥാനത്തില്‍ അദ്ദേഹം ആ പേര്‍ അര്‍ഹിക്കുന്നില്ല.

ബി.ബി.സി ക്ക് 1952ല്‍ അംബേദ്കര്‍ നല്‍കിയ അഭിമുഖത്തില്‍ നിന്ന്. അഭിമുഖം കേള്‍ക്കുവാന്‍  ലിങ്ക് : http://www.youtube.com/watch?v=ZJs-BJo-Szbo

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting