banner ad
July 4, 2013 By എം. നൗഷാദ് 0 Comments

പാത ലക്ഷ്യവും ലക്ഷ്യം നിമിത്തവുമാകുന്ന യാത്രകള്‍

the-way-movie-poster-1വഴികള്‍ അനന്തമാണ്. അതിലും അനന്തമാണ് അവയേകുന്ന അപ്രതീക്ഷിതത്വങ്ങള്‍. വഴികള്‍ നമ്മെ പുതിയ നാടുകളിലേക്കും, മനുഷ്യരിലേക്കും കൊണ്ടുപോകുന്നു. അതുവരെ അറിയാതെയും കേള്‍ക്കാതെയും ചിന്തിക്കാതെയും സങ്കല്‍പ്പിക്കാതെയും പോയ പ്രപഞ്ചങ്ങളെത്രയാണ്. എന്നിരുന്നാലും പാത സ്വയം തന്നെ നമുക്കുതരുന്ന ധന്യതകളുമായി തുലനം ചെയ്യുമ്പോള്‍, എവിടേക്കാണ് ആത്യന്തികമായി ഒരു പാത നമ്മെ കൊണ്ടെത്തിക്കുന്നത് എന്നത് അത്ര സാരമല്ല. തീര്‍ച്ചയായും, ലക്ഷ്യസ്ഥാനങ്ങള്‍ പ്രധാനപ്പെട്ടതാണ്. ഒരു പള്ളിയോ കത്തീഡ്രലോ അമ്പലമോ, ഒരു പുണ്യാളന്റെ ശവകുടീരമോ നിങ്ങളുടെ ആത്മീയവ്യസനങ്ങളെ ശമിപ്പിച്ചേക്കാം. കുറച്ചുനേരത്തേക്ക്  അതുനിങ്ങള്‍ക്കു ശാന്തിയേകുകപോലും ചെയ്‌തേക്കാം. പക്ഷേ, നീണ്ടുനില്‍ക്കുകയും ബാക്കിയാവുകയും ചെയ്യുന്നത് നമുക്കുള്ളില്‍ നിന്നു നാം കണ്ടെത്തുന്നതാണ്. പുറമേ നിന്നും കെട്ടിയേല്‍പ്പിക്കുന്നതല്ല.

നമ്മുടെ സംഘടിതമതങ്ങളിലെല്ലാം ഒന്നൊഴിയാതെ തീര്‍ത്ഥാടനം ഒരനുഷ്ഠാനബാധ്യതയാണ്. ഒരാള്‍ തീര്‍ത്ഥയാത്രയില്‍ പ്രവേശിക്കുന്നത് എങ്ങനെയാണ് എന്നതും എന്തിനാണ് എന്നതുമാണ് കൂടുതല്‍ പ്രധാനപ്പെട്ട കാര്യം എന്നത് വിശ്വാസികള്‍ തിരിച്ചറിയുന്നുണ്ടാ? പാതയാണ് പരിവര്‍ത്തനങ്ങള്‍ക്കു നിമിത്തമാകുന്നതെന്ന കാര്യം നമ്മളറിയുന്നുണ്ടോ? ആ ലക്ഷ്യസ്ഥാനങ്ങളൊന്നും സ്വയം തന്നെ ലക്ഷ്യകേന്ദ്രങ്ങളല്ല. അവ മാര്‍ഗങ്ങളാണ്. നമ്മെ മാറ്റിപ്പണിയാനുള്ള മാര്‍ഗങ്ങള്‍. തുടര്‍ച്ചയായും ആവര്‍ത്തിച്ചും തീര്‍ത്ഥാടന കേന്ദ്രങ്ങളിലെല്ലാം കറങ്ങുകയും എന്നിട്ട് നിശൂന്യരും മുഷിഞ്ഞവരുമായി മടങ്ങിവരികയും ചെയ്യുന്ന അസംഖ്യം തീര്‍ത്ഥാടകര്‍ എല്ലാ മതങ്ങളിലുമുണ്ടെന്നതില്‍ അത്ഭുതപ്പെടാനില്ല. ഏതു കോവര്‍ കഴുതക്കും മക്കയിലേക്ക് പോകാം, അതുകൊണ്ട് മാത്രം അത് ഹാജിയാകില്ലെന്ന് അറേബ്യയില്‍ ഒരു ചൊല്ലുണ്ട്.

the-way-movie-poster-679x1024വഴികള്‍ അപകടങ്ങളെ ഒളിച്ചുകാക്കുന്നു. ജീവിതം ആകസ്മികതകളാല്‍ നിറഞ്ഞതാണെന്നു പറയാറുണ്ട്. സത്യമാണോ അത് ? വാസ്തവത്തില്‍ യാദൃശ്ചികതക എന്ന ഒന്നുണ്ടോ? ‘ദ വേ’(The Way,2010)സിനിമയിലെ ഒരു കഥാപാത്രം പറയുന്നതുപോലെ ഒരാളും ഒരു തീര്‍ത്ഥയാത്രയില്‍ യാദൃശ്ചികമായി എത്തിപ്പെടുന്നില്ല. അവിടെ ആകസ്മികതയില്ല. എല്ലാം നേരത്തെ എഴുത്തപ്പെട്ടതാണ്; മുന്‍ലിഖിതം, മക്തൂബ്‌. നിങ്ങള്‍ തെരെഞ്ഞെടുക്കുന്ന വഴികളത്രയും കണ്ടുമുട്ടുന്ന ഹൃദയഹാരിയും വഷളന്‍മാരുമായ മനുഷ്യരത്രയും കടന്നുപോകേണ്ടതായ പ്രയാസങ്ങളത്രയും നിങ്ങളെ കാത്ത് ആദ്യം മുതലേ അവിടെയുണ്ട്. എല്ലാം ദൈവത്തിന്റെ അറിവില്‍, തീരുമാനത്തില്‍, വിധിയെന്നോ മറ്റോ ദുര്‍ബലമായി നിങ്ങള്‍ പേരിടുന്ന വാസ്തവികതയില്‍ അടങ്ങിയിരിക്കുന്നു. ‘ നിങ്ങളൊരു വഴിയും തിരഞ്ഞെടുക്കുന്നില്ല, ഒരു വഴിയിലൂടെ ജീവിക്കുകയാണ് ‘ എന്ന സിനിമയുടെ പരസ്യവാചകം അതാണ് സൂചിപ്പിക്കുന്നത്. പല സൂഫികളെയും സംബന്ധിച്ച് കണ്ടെത്തുക എന്നതിലുമെത്രയോ പ്രധാനമാണ് അന്വേഷിക്കുക എന്നത്. അത് സ്വയം തന്നെ പുണ്യമാണ്. കണ്ടെത്താനാവാത്തതുകൊണ്ട് ഒരന്വേഷണവും പാഴായിപ്പോകുന്നില്ല. എത്തിച്ചേരാത്തതുകൊണ്ട് ഒരു പുറപ്പാടും വൃഥാവിലാകുന്നില്ല. വഴിയാണ്, വഴിയുടെ സഹനവും ഉദ്ദേശ്യവുമാണ് പ്രധാനം.

ഒരര്‍ത്ഥത്തില്‍ എമിലിയോ എസ്റ്റവിസ്(Emilio Estevez) സംവിധാനം ചെയ്ത ‘ദ വേ’ ഒരു ലളിതമായ കഥയാണ് പറയുന്നത്. ഒരച്ഛനും മകനും തമ്മിലുള്ള അസാധാരണമായ ഒരാത്മബന്ധത്തിന്റെ കഥ. മരണം അവരെ വേര്‍പ്പെടുത്തുന്നതാണ് നമ്മളാദ്യം കാണുന്നത്. നമ്മുടെ ആത്മാക്കള്‍ പരസ്പരം ബന്ധിതമെങ്കില്‍ മരണം നമ്മെ വേര്‍പ്പെടുത്തില്ലെന്ന് നാം പിന്നീട് മനസ്സിലാക്കുന്നു. വിചിത്രമാര്‍ഗങ്ങളിലൂടെ മരണം മനുഷ്യരെ ബന്ധിപ്പിച്ചിടുന്നു. ജീവിക്കുന്നവരിലൂടെ മരിച്ചവര്‍ അമര്‍ത്യത പ്രാപിക്കുന്നു.

കാലിഫോര്‍ണിയയില്‍ നേത്രരോഗ വിദഗ്ദനായ ടോം തന്റെ മകന്റെ മരണവാര്‍ത്ത അറിയുന്നിടത്താണ് കഥയുടെ തുടക്കം. ആ വാര്‍ത്ത അയാള്‍ക്ക് വേദനാജനകമാണ്. ഫ്രാന്‍സില്‍ നിന്നുള്ള ഫോണ്‍കോളിലാണ് അയാള്‍ അതറിയുന്നത്. കമിനോ ഡി സാന്റിയാഗോ എന്ന എന്ന പുരാതന ക്രൈസ്തവ തീര്‍ത്ഥയാത്രയിലെവിടെയോ വെച്ച് മോശം കാലാവസ്ഥ കാരണമുണ്ടായ ഒരപകടത്തിലാണ് മകന്‍ ഡാനിയേല്‍ മരിച്ചത്. യേശുവിന്റെ ശിഷ്യനായിരുന്ന ജെയിംസ് പുണ്യാളന്‍ സ്‌പെയിനിലെ ഗലീഷ്യയിലെ സാന്റിയാഗോ ഡി കമ്പോസ്റ്റെ്‌ലയിലേക്ക് നടന്നുപോയ വഴിയാണത്. നൂറ്റാണ്ടുകളിലൂടെ പലവിധ ദേശീയതകളും, വംശസ്മൃതികളും, മതവിശ്വാസങ്ങളും പേറി ആയിരമായിരം മനുഷ്യര്‍ അതിലെ നടന്നുപോയിട്ടുണ്ട്. ഏറെകാലമായി വിഭാര്യനായി കഴിയുന്ന പിതാവ് ടോം മകന്റെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവുകയെന്ന ഉദ്ദേശ്യത്താലാണ് അവിടെ എത്തുന്നത്. പക്ഷെ, അയാള്‍ ചെയ്യുന്നത് മറ്റൊന്നാണ്. മകനെ അവിടെവെച്ച് ദഹിപ്പിക്കുകയും മകന് പോയിത്തീര്‍ക്കാനാവാത്ത തീര്‍ത്ഥപാതകളിലൂടെ നടക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. അതിലും മികച്ച മറ്റൊരു മരണാനന്തര ബഹുമാനം മകനുകൊടുക്കാനാവില്ലെന്ന് നിഗൂഢമായ ദു:ഖത്തില്‍ അയാള്‍ തിരിച്ചറിയുന്നു. ടോം ഒരിക്കലും ഒരു മതഭക്തനോ മകന്റെ മിക്കപ്പോഴും കിറുക്കെന്നു തോന്നുന്ന രീതികളുടെ അനുകര്‍ത്താവോ ആയിരുന്നില്ല. എന്നിട്ടും, അയാള്‍ മരിച്ചുപോയ മകനുവേണ്ടി, അവന്‍ പോകാന്‍ തുടങ്ങിവെച്ചു നിന്നുപോയ ആ തീര്‍ത്ഥയാത്ര പോകുന്നു. എത്തിച്ചേരുവാന്‍ നമ്മള്‍ പുറപ്പെടേണ്ടതുണ്ട്. മാറിത്തീരുവാന്‍ നമ്മള്‍ യാത്രയുടെ സഹനമറിയേണ്ടതുണ്ട്.

The.Way_.2010-super-film-1024x553

ടോമിന്റെ തീര്‍ത്ഥയാത്രയില്‍, ആദ്യ ചുവട് തന്നെ തെറ്റായ ദിശയിലാണ്. അയാളുടെ പരിചയക്കുറവും, തയ്യാറെടുപ്പിന്റെ അഭാവവും സ്വകാര്യതാ ചിന്തകളും വൈകാരികതയും ഒറ്റക്കായിരിക്കാനുള്ള ശ്രമങ്ങളുമെല്ലാം ചേര്‍ന്ന് അയാളെ പരുക്കന്‍ സഹയാത്രികനാക്കി മാറ്റുന്നുണ്ട്. ഏകാന്തതക്കു വേണ്ടിയുള്ള അയാളുടെ കടുംപിടുത്തം അതേപാതയിലെ മറ്റനേകം യാത്രികരാല്‍ ചിതറിത്തെറിച്ചുപോകുന്നു. എല്ലാവര്‍ക്കും അവരവരുടെ കാരണങ്ങളുണ്ട്, ഇഷ്ടങ്ങളുണ്ട്. ഓരോ പാതക്കും തനതായ അപ്രതീക്ഷിതത്വങ്ങളുണ്ട്. ഓരോ ആത്മാവിനും അതിന്റെ അയല്‍പക്കങ്ങളുണ്ട്. നിങ്ങളെ ധന്യനാക്കാനുള്ള അവരുടെ അവകാശങ്ങളെ നിങ്ങള്‍ക്ക് നിഷേധിക്കാനാവില്ല. നിങ്ങള്‍ക്കു മോക്ഷം തരാനുള്ള നിമിത്തത്തെ നിങ്ങള്‍ക്ക് തടയാനാവില്ല. ഒരു ആത്മീയപാതയിലും ഒരു പരിധിക്കപ്പുറം നിങ്ങള്‍ക്ക് ഏകാകിയായിരിക്കുവാനാവില്ല. അനശ്വരവും സമൃദ്ധവുമായ ഒരേകാന്തതയാണ് ഏതു നല്ല പാതയുടെയും വിലമതിക്കാനാവാത്ത സമ്മാനം എന്നിരിക്കിലും.

സംഘത്തിലെ ഓരോരുത്തരും ക്രമേണ ടോമിന്റെ രഹസ്യങ്ങള്‍ അറിയുകയാണ്. അതയാളെ രോഷാകുലനാക്കുന്നുണ്ട്. മരിച്ചുപോയ മകന്റെ ചാരവും പേറി അവന്‍ പോകാനുറച്ച വഴിയേ ഒരു പിതാവ് യാതനസഹിച്ചു യാത്ര ചെയ്യുക എന്നതിലെ യുക്തിശൂന്യതയും നാഗരികതയുടെ പ്രക്ഷാളനങ്ങളില്‍ പണ്ടെങ്ങോ പെട്ടു പോയ ആ മനുഷ്യന് പരിഹാസ്യമായി തോന്നിയിരിക്കാം. നഗരവാസികളായ മനുഷ്യര്‍ക്ക് കളിയാക്കാനുള്ള വകയായി താന്‍ മാറരുതെന്ന് അയാള്‍ ആലോചിക്കുകയാവാം. അറ്റമില്ലാത്ത ആത്മീയാനന്ദത്തിന്റെ അവിസ്മരണീയമായ സാക്ഷാത്കാരത്തിലേക്കാണ് ദുര്‍ഘടമായ ഈ വഴികള്‍ തന്നെ നയിക്കുന്നതെന്ന് അയാളൊരിക്കലും മനസിലാക്കിയിരുന്നില്ല.

സിനിമയില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടത് ടോമിനു മാത്രമല്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിനാലോ ഉടനെ നഷ്ടപ്പെടാന്‍ പോകുന്നു എന്നതിനാലോ തീവ്രവേദനയനുഭവിക്കുന്ന വേറെയും മനുഷ്യരെ ടോം വഴിയില്‍ കണ്ടുമുട്ടുന്നു. സത്യത്തില്‍, ആരാണ് ഏറിയോ കുറഞ്ഞോ ആയി ആ ഹൃദയവേദന പങ്കുവെക്കാത്തവരുള്ളത്? ഡാനിയേലിന്റെ ഭൗതികശരീരം ടോമിനു കൈമാറുന്ന ഒന്നാമത്തെ മനുഷ്യനില്‍ തന്നെ അതാരംഭിക്കുന്നു. പുകവലി ഉപേക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കമീനോ പാത തെരഞ്ഞെടുത്ത കാനഡക്കാരിയായ ചെയിന്‍ സ്‌മോക്കര്‍ സാറ സ്വന്തം കുഞ്ഞിനെ ഗര്‍ഭഛിദ്രം ചെയ്ത സ്ത്രീയാണ്. അതിന്റെ സീമാതീതമായ കുറ്റബോധവും പേറിയാണ് അവള്‍ ഓരോ ചുരുള്‍ പുകയും ഉള്ളിലേക്കെടുക്കുന്നത്. ആത്മീയമായ പിന്തുടര്‍ച്ചകള്‍ക്ക് പുത്രന്മാരെ കിട്ടാതെ വിഷമിച്ച ചരിത്രത്തിലെ നോഹയുള്‍പ്പെടെയുള്ള പിതാക്കന്മാരെ ജിപ്‌സി പിതാവ് ഓര്‍മ്മിപ്പിക്കുന്നു. ഡച്ചുകാരനായ ജൂസ്റ്റ് കമീനോയിലേക്കുള്ള വഴി നടക്കുന്നത് തന്റെ പൊണ്ണത്തടിയൊന്ന് കുറയാനാണ്. ഭാര്യക്ക് തന്നോടുള്ള സ്‌നേഹത്തില്‍ വരുന്ന കുറവാണയാളെ ഭയത്തോടെയുള്ള ഈ സാഹസത്തിനു പ്രേരിപ്പിക്കുന്നത്. ഐറിഷ് യാത്രാവിവരണക്കാരനായ ജാക്ക് റൈറ്റേഴ്‌സ് ബ്ലോക്ക് പിടിപെട്ട് ഉഴലുകയാണ്. മറ്റൊരര്‍ത്ഥത്തില്‍, സാധാരണ മതാര്‍ത്ഥത്തിലുളള തീര്‍ത്ഥാടനമല്ല ഇവരുടേതൊന്നും. പക്ഷേ മറ്റു ചില അര്‍ത്ഥങ്ങളില്‍ ഇവരൊക്കെയും അഗാധമായ മതാത്മകത ഉള്ളവരാണ്. അവര്‍ പരസ്പരം വിശ്വാസവും ഊഷ്മളതയും സ്‌നേഹവും കരുത്തും പങ്കുവെക്കുന്നു. ഈ കൊടുക്കല്‍ വാങ്ങല്‍ തന്നെയാണ് പലപ്പോഴും ആത്മീയത.

emilio-estevez-martin-sheen-deborah-kara-unger126

ഭൗതികമായ അര്‍ത്ഥത്തിലല്ല, യാത്രകളുടെ സാക്ഷാത്കാരം സിനിമയുടെ അവസാനം നടക്കുന്നത്. സാറ ലക്ഷ്യത്തിലെത്തിയിട്ടും പുകവലിച്ചുകൊണ്ടിരിക്കുന്നു. ജൂസ്റ്റിന്റെ ഭക്ഷണപ്രിയതയില്‍ വലിയ മാറ്റമൊന്നുമുള്ളതായി നമ്മള്‍ കാണുന്നില്ല. എങ്കിലും വിവരണാതീതമായ രീതികളില്‍ അതവരെയൊക്കെ പുതുക്കിപ്പണിയുമെന്ന് നാം പ്രതീക്ഷിക്കുന്നു. ജിപ്‌സി പിതാവിന്റെ ഉപദേശം പിന്തുടര്‍ന്ന് കത്തീഡ്രലിനുമപ്പുറത്തേക്ക് സംഘം പിന്നെയും യാത്ര തുടരുന്നു എന്നത് ശ്രദ്ധേയമാണ്. മരിച്ചുപോയ മകന്‍ ഡാനിയല്‍ തന്റെ യാത്ര പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ അയാള്‍ ഈ അധികവഴി താണ്ടുമായിരുന്നോ എന്ന് നമ്മള്‍ ആലോചിക്കുന്നു. വഴിയിലുടനീളം മകന്റെ ചാരം വിതറുന്ന ടോമിന്റെ പുത്രവാത്സല്യം സമുദ്രത്തിനു മുന്നില്‍ ചെന്നവസാനിക്കുന്നു. ചാരത്തിന്റെ അവസാനഭാഗം അയാള്‍ വിതറുന്നത് കടല്‍തീരത്തെ പരന്ന പാറയുടെ മീതെയാണ്. തിരകള്‍ അവയെ വന്നാശ്ലേഷിക്കും, തുടച്ചെടുക്കും. ഒരു ആത്മീയരൂപകമെന്ന നിലയില്‍ കടല്‍ ദിവ്യാനുരാഗത്തിലേക്കുള്ള വഴികളെ അവസാനിപ്പിക്കുന്നിടമാണ്. നിങ്ങള്‍ അപ്രത്യക്ഷമാവുകയും പ്രണയിനിയില്‍ ലയിച്ചുചേരുകയും ചെയ്യുന്നതവിടെയാണ്. എല്ലാ പുഴകളുടെയും സാഫല്യം. തീര്‍ത്ഥാടകര്‍ക്ക് വരവിന്റെ സാക്ഷ്യപത്രം നല്‍കുന്ന കതീഡ്രല്‍ ഓഫീസില്‍ വെച്ച് ടോം തന്റെ പേരിനുപകരം മകന്‍ ഡാനിയേലിന്റെ പേരിലേക്ക് സര്‍ട്ടിഫിക്കറ്റ് തിരുത്തിവാങ്ങുന്നത് പ്രധാനമാണ്. മരണം ഒന്നിനെയും ഇല്ലാതാക്കുന്നില്ല. അതൊരു കവാടം മാത്രമാണ്. നിങ്ങള്‍ പോകാന്‍ ഉദ്ദേശിച്ച വഴികളിലൂടെ പ്രിയപ്പെട്ടവര്‍ നിങ്ങളെ നടത്തും. ആത്മീയതയുടെ മറ്റൊരു പേര് സ്‌നേഹം എന്നാണ്.

 

 

വിവര്‍ത്തനം- ഷഹര്‍ബാനു സി. പി

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting