banner ad
May 29, 2013 By എം. നൗഷാദ് 0 Comments

ബിനാലെയിലെ ആത്മീയാശ്ലേഷങ്ങള്‍

മഹത്തായ കല എപ്പോഴും അനുവാചകന് ആശ്വാസം പ്രദാനം ചെയ്യുന്നു. ആഴത്തില്‍ വൈയക്തികവും അതേസമയം സാര്‍വലൗകികവുമാണത്. വിചിത്രവും  അപ്രതീക്ഷിതവുമായ മാര്‍ഗങ്ങളില്‍, കൂടുതല്‍ അഗാധമായ ആത്മസത്തയിലേക്ക് അത് നമ്മെ ആനയിക്കുന്നു. തിരിച്ചിനി ഒരിക്കലും കാണില്ലെന്ന് നമ്മള്‍ സങ്കടപ്പെട്ടുകൊണ്ടിരുന്ന ഒരു സുഹൃത്തിനാല്‍ പൊടുന്നനെ ആശ്ശേഷിക്കപ്പെടുന്ന പോലെ ഒരനുഭവമാണത്. അതിന്റെ ആത്മനിഷ്ഠതയെ വിശദീകരിക്കാനുള്ള ശ്രമങ്ങള്‍ പാളിപ്പോകും. നിങ്ങളുടെ അഗാധ പ്രണയത്തെപ്പറ്റി ഒരു വിശദീകരണം കൊടുക്കുന്നതിനേക്കാള്‍ പരിഹാസ്യമായി മറ്റെന്താണുള്ളത്? നിശബ്ദതയാണ് മിക്കപ്പോഴും ഏറ്റവും നിസഹായമായ, ഏറ്റവും പൂര്‍ണമായ ആത്മാവിഷ്‌കാരം.

ഏതാനും സുഹൃത്തുക്കളുടെ കനത്ത ശിപാര്‍ശയുണ്ടായിരുന്നിട്ടും കൊച്ചി-മുസിരിസ് ബീനാലെയെക്കുറിച്ച് ഞാനേറെയൊന്നും പ്രതീക്ഷാലുവായിരുന്നില്ല. ഫണ്ടിംഗുമായി ബന്ധപ്പെട്ട് പ്രാദേശിക മാധ്യങ്ങളില്‍ വന്ന വിവാദങ്ങള്‍ തന്നെ കാരണം. ഇന്ത്യപോലൊരു ദേശത്ത്, പൊതുഖജനാവിന്റെ ദുരുപയോഗം എക്കാലത്തും  ഒരു കലയായിരുന്നു. അതിനിപുണവും ഏറെ ചെലവേറിയതുമായ കല. സന്ദഹത്തോടെയും വിമുഖതയോടെയുമാണ് പോയതെങ്കിലും ആഴത്തില്‍ സ്വാധീനിക്കപ്പെട്ട ആത്മാവുമായാണ് ഞാന്‍ തിരികെവന്നത്. കലാസൃഷ്ടികളുടെ വൈപുല്യവും വൈവിധ്യവും കണ്ടപ്പോള്‍, അതിനുപിന്നിലെ സര്‍ഗാത്മകവും ഭൗതികവുമായ അധ്വാനമോര്‍ത്തപ്പോള്‍, ചെലവഴിച്ച പണം പാഴായിപ്പോയില്ലെന്നാണ് എനിക്കു തോന്നിയത്. എങ്കിലും ഉള്ളിലെ സംശയാലു ധൂര്‍ത്തിനെകുറിച്ച് ഇപ്പോഴും പരാതിപ്പെട്ടുകൊണ്ടിരിക്കുന്നു. സംവാദം അകത്തു തുടരുക തന്നെയാണ്.

കലാസ്‌നേഹികളുടെ ഒരു പറ്റമായാണ് ഞങ്ങള്‍ പോയത്: വേണ്ടത്ര തയാറെടുപ്പുകളൊന്നുമില്ലാത്ത, വിനീതരായ, സാധാരണ പഠിതാക്കള്‍. തങ്ങള്‍ക്ക് കിട്ടുകയോ തീരെ കിട്ടാതിരിക്കുകയോ ചെയ്ത കലാവിദ്യാഭ്യാസത്തെക്കുറിച്ച്, അതിന്റെ അവശതയെക്കുറിച്ച് പലരും പരിഭവപ്പെട്ടു. മറ്റേത് സന്ദര്‍ഭത്തിലുമെന്നപോലെ ഒരനുഭവത്തിന്റെ അകത്തേക്കു കയറണമെങ്കില്‍ നമ്മള്‍ അവനവനോടൊപ്പം തനിച്ചായിരിക്കണമെന്ന് അതിവേഗം ഞാന്‍ തിരിച്ചറിഞ്ഞു. അവിടെക്കണ്ട ഇന്‍സ്റ്റാലേഷനുകളിലൂടെ, ഏകാന്തതക്കുവേണ്ടിയുള്ള ഉള്‍ദാഹം ആക്രമോത്സുകമായി ഉള്ളില്‍ പെരുകി. അവയത്രയും മഹത്തരമോ മൗലീകമോ അല്ലായിരുന്നിരിക്കാം. അവലക്ഷണമാകാനും അനാത്മീയമാകാനുള്ള പഴുത് ഉത്തരാധുനികത തരുന്നുണ്ട്. ഏതുകലയുടെയും മൂല്യമളക്കുന്നതിനുള്ള മാര്‍ഗങ്ങളിലൊന്ന്, തീര്‍ത്തും ഏകാകിതമായ ഒരവസ്ഥയില്‍, അത് ഒരാളുടെ അകത്ത് ഉണര്‍ത്തിവിടുന്ന വ്യക്തിനിഷ്ഠമായ ആലോചനകളുടെ തോതിലാവണം. ഒരു പക്ഷേ നമുക്ക് നമ്മളെത്തന്നെ കണ്ടത്താന്‍ കഴിയുന്ന ഒരേയൊരു ആശയവിനിമയം നമ്മള്‍ നമ്മളോടുതന്നെ നടത്തുന്നതാണ്. കലാസ്വാദനത്തിന്റെ  കാര്യത്തിലും അതങ്ങനെതന്നെ.

ടെലിവിഷനും ഷോപ്പിംഗ് മാളുകളും സൗജന്യമായി കൊണ്ടുവന്ന് അടിച്ചേല്‍പ്പിക്കുന്ന ദൃശ്യങ്ങളുടെ കാലത്ത് (Age of Visuals), പെയിന്റിംഗുകളിലും നവീനാര്‍ത്ഥങ്ങളും പുതുസാധ്യതകളും പ്രതീക്ഷക്കാറില്ല നമ്മള്‍ . ആര്‍ട്ട് ഗ്യാലറികളില്‍ കഥാര്‍സിസ് അഥവാ ഹൃദയവിമലീകരണം സംഭവിക്കാതായിട്ട് കുറേകാലമായി, ഏറ്റവും ചുരുങ്ങിയത് എനിക്കെങ്കിലും. എന്റെ കുറ്റമോ അറിവില്ലായ്മയോ അനുഭവക്കുറവോ ആകാം. എങ്കിലും, പലയിടങ്ങളില്‍ നിന്ന് ആവര്‍ത്തിച്ചുള്ള നിരാശ കലയെക്കുറിച്ച് പുതുതായൊന്നും  പ്രതീക്ഷിക്കാത്ത സ്ഥിതിയിലേക്ക് ഒരാളെ കൊണ്ടത്തിക്കുന്നുണ്ട്. കേവലമായ മറ്റൊരു വാണിജ്യവസ്തു മാത്രമായി കലാസൃഷ്ടികളും മാറുന്നു. ആഘോഷിക്കപ്പെട്ടുപോന്ന ക്ലാസിക് കലാപാരമ്പര്യങ്ങളില്‍ നിന്നുള്ള നാഗരികമായ ഒരു വിഛേദം. വിഡ്ഢികളുടെ ഉപഭോഗ സ്വര്‍ത്തില്‍ കലാകാരനുമാത്രം അങ്ങനെയല്ലാത്ത അതിജീവനം അസാധ്യമാണ്.  അയാള്‍ക്കും\അവള്‍ക്കും അതിജീവിക്കേണ്ടതില്ലേ? പക്ഷേ, അത് ഒരാളുടെ സര്‍ഗാത്മക സ്വാതന്ത്ര്യത്തിന്റെയും അനന്ത പ്രചോദനാത്മകമായ ആത്മീയതയുടെയും ചെലവിലാകേണ്ടതുണ്ടോ? ഫെല്ലോഷിപ്പുകളും സ്‌പോണ്‍ര്‍ഷിപ്പുകളും സഹായമോ ദ്രോഹമോ ചെയ്യുന്നത്? പരസ്യങ്ങളാണ് മെച്ചമെന്ന് തോന്നിപ്പോകും ചിലപ്പോള്‍. തീര്‍ച്ചയായും അവ വ്യാജ സന്ദേശങ്ങളാണ് പ്രചരിപ്പിക്കുന്നത്. പക്ഷേ, അങ്ങനെയല്ലെന്ന് അവ നടിക്കുന്നില്ലല്ലോ. മാത്രമല്ല, അതിവശ്യമായ സര്‍ഗശേഷിയിലൂടെ അവ പലപ്പോഴും പ്രതീക്ഷ നല്‍ക്കുകയും ചെയ്യുന്നു.

കലാസൃഷ്ടികളിലുള്ള എന്റെ മങ്ങിക്കൊണ്ടിരുന്ന പ്രതീക്ഷ ബിനാലെ തിരിച്ചുതന്നു. ആഞ്ചലിക്കാമെസ്തിയുടെ മുറിയില്‍, അവരുടെ സിറ്റിസണ്‍ ബാന്റിനു കാതോര്‍ത്ത് നിറഞ്ഞുതുളുമ്പുന്ന ഹൃദയത്തോടെ ഇരുന്നതോര്‍ക്കുന്നു. നമ്മള്‍ കേള്‍ക്കാതെയും ശ്രദ്ധിക്കാതെയും ഗൗനിക്കാതെയും കളയുന്ന അനുപമമായ സ്വരങ്ങള പാരീസിന്റെ പ്രാന്തങ്ങളില്‍ നിന്ന് അതിന്റെ അപൂര്‍വങ്ങള്‍ സഹിതം അവര്‍ പിടിച്ചെടുത്തു. അതിനെയവര്‍ പരസ്പരം കോര്‍ത്തിണക്കുന്നത് അവിസ്മരണീയമാണ്. നാലു തിരശീലകളില്‍ നാലു സാധാരണ മനുഷ്യര്‍ പുറപ്പെടുവിക്കുന്ന ശബ്ദദവിന്യാസം ഏതു സമര്‍ത്ഥ സംഗീത സംവിധായകനിലും അസൂയയുണര്‍ത്തും. അതുതരുന്നതുപോലുള്ള ഏകാന്തതകളില്‍, നിങ്ങളുടെ ഏകാന്തതയെ ശ്രവിച്ച എല്ലാ മനുഷ്യരെയും നിങ്ങള്‍ക്കോര്‍മ വരും. മൊയ്തൂസ് ഹെറിറ്റേജ് പ്ലാസയിലെ, പുരാതന വരാന്തകളിലൂടെ നടക്കുമ്പോള്‍ പാദരക്ഷകള്‍ ഇവിടെ അഴിച്ചിടുക (Leave your shoes) എന്നൊരു പലക കണ്ടു. ആദ്യം അതാശക്കുഴപ്പമുണ്ടക്കി. ഇറാനിയന്‍ കലാകാരനായ ഹൊസൈന്‍ വലമനേഷിന്റെ ഇന്‍സ്റ്റലേഷന്റെ പേരായിരുന്നു അത്. അകത്തുകയറുമ്പോള്‍ ചെരുപ്പഴിക്കണമെന്നും അവരുദ്ദേശിച്ചിട്ടുണ്ടായിരുന്നു. പാതിവെളിച്ചമുള്ള ഒരു മുറില്‍ നഗ്നപാദനായി നിങ്ങള്‍ നില്‍ക്കുന്നു. നിസ്‌കാരപ്പള്ളിയിലെ മുസല്ലകളെ അനുസ്മരിപ്പിക്കുന്ന മനോഹരമായ പേര്‍ഷ്യന്‍ പരവതാനികള്‍. പല ദിശകളിലേക്കു തിരിഞ്ഞാണവ കിടക്കുന്നത്. മേല്‍ക്കൂരയില്‍ നിന്നും സുതാര്യമായ തുണി കൊണ്ടള്ള സിലിണ്ടറുകള്‍ താഴോട്ടുതുങ്ങികിടക്കുന്നു. ഒന്നിടവിട്ടു കറുപ്പിലും വെളുപ്പിലും ക്രമീകരിച്ച അവ നിലത്തു തൊടുന്നില്ല. വെളുത്ത സിലിണ്ടറുകള്‍ക്കകത്തു കൂടി പ്രകാശം താഴോട്ടു ഒഴുകിവരുകിവരുന്നുണ്ട്. അവ നിലത്തുവിരിച്ച പരവതാനിയില്‍ തികഞ്ഞ വൃത്തവെട്ടങ്ങള്‍ തീര്‍ക്കുന്നു. അതിന്റെ മങ്ങിയ പ്രഭയില്‍, മങ്ങിയ ഇരുട്ടില്‍, നിശബ്ദദവും ധ്യാനനിമഗ്നവുമായ ശാന്തിയില്‍ നിങ്ങള്‍ നില്‍ക്കുന്നു. കടന്നുപോകുന്ന ഒരാള്‍കൂട്ടത്തിന്റെ പിറുപിറുപ്പുകള്‍ക്കിടയിലും ആത്മാവിനെ ഒരു മൗനം വന്നുപുണരുന്നു. അത് അകത്ത് സംസാരിച്ചു കൊണ്ടേയിരിക്കുന്നു. വാക്കുകള്‍ ഇല്ലാതാക്കുന്നു. മഹത്തായ കലയിലെല്ലാം പ്രാര്‍ത്ഥനയുണ്ടെന്നു നിങ്ങള്‍ അറിയുന്നു. മനുഷ്യസമുദായത്തിനു വേണ്ടിയുള്ള സ്‌നേഹ സേവനദാഹങ്ങളുടെ പറയാനാവാത്ത പ്രാര്‍ത്ഥനകള്‍. അനിതാ ദുബെയുടെ സ്പ്ലിറ്റിംഗ് ദ സബ്ജക്ട് വിശാലാമായ ഒരു ഹാളിന്റെ മച്ചിലേക്ക് നാലു നീളന്‍ ഗോവണികള്‍ കയറാന്‍ നിങ്ങളെ ക്ഷണിക്കുന്നു. ആകാംക്ഷയോടെ കോണികയറി മച്ചിലെ ചെറിയ തുളയിലുടെ തല പുറത്തേക്കിട്ടു നോക്കുമ്പോള്‍ കാണുന്നത് അട്ടിവെച്ച കുറേ നിറചാക്കുകളും ഒരു വശത്ത് വലിയ ഗ്ലോബും മറ്റു ചില  ജ്യാമിതീയ രൂപങ്ങളുമാണ്. ഒരു പക്ഷേ കൂടുതല്‍ നമ്മെ ആകര്‍ഷിക്കുക അവിടെയുള്ള ശബ്ദങ്ങളായിക്കും. മറ്റനേകം ശബ്ദങ്ങള്‍ക്കും ബഹളങ്ങള്‍ക്കമൊപ്പം ഒരു യുവതി വിരുമ്പിക്കരയുന്ന ശബ്ദം കേട്ടു. പശ്ചാത്തലത്തില്‍ മഴ പെയ്യുന്നുണ്ടായിരുന്നു. മഴയത്ത്, ഒരു സ്ത്രീയൊറ്റക്കിരുന്നു ഇത്ര തീവ്രമായി എന്തിനാവും തേങ്ങുന്നുണ്ടാവുക എന്ന് നിങ്ങള്‍ അമ്പരക്കുന്നു. നിങ്ങള്‍ക്കറിയാവുന്ന എല്ലാ തറവാടുകളും കടുത്ത പുരുഷമേക്കോയ്മകളില്‍  സ്ത്രീകള്‍ സര്‍വസാധാരണമായി അകത്തുപേറുന്ന വാചാലനിശബ്ദതകളും ഓര്‍മയിലേക്കുണരുന്നു. നിങ്ങളുടെ മുത്തശ്ശി, ബാല്യകാലസഖി, നഷ്ടപ്പെട്ടു പോയ പ്രണയിനി നിങ്ങളിലേക്ക് മടങ്ങിവരുന്നു. ഒരുപാടു നേരത്തേക്ക് പിരിഞ്ഞു പോകാന്‍ കൂട്ടാക്കാതെ നിങ്ങളോടൊപ്പം നടക്കുന്നു. കണ്ണീര് തുടച്ചുകളായതെ.

ബിനാലെക്കുവേണ്ടി തിരഞ്ഞെടുത്ത സ്ഥലങ്ങളാണ് ബിനാലെയുടെ ഏറ്റവും ശ്രദ്ധേയമായ വശം. പ്രത്യകിച്ചും ചരിത്ര പ്രധാനമായ ആസ്പിന്‍വാള്‍ഹൗസും പെപ്പര്‍ഹൗസും മൊയ്തൂസ് ഹെറിറ്റേജ് പ്ലാസയും. ഫോര്‍ട്ടുകൊച്ചിയിലെ ആ പുരാതനകെട്ടിടങ്ങള്‍ അറബിക്കടലിന്റെ ഗന്ധവും കാറ്റും സംഗീതവും എല്ലായ്‌പ്പോഴും തരുന്നു. കൊടുംവേനല്‍ ചൂടിലും ഏതാണ്ടെല്ലാ മുറികളിലും കടല്‍ക്കാറ്റ് നിങ്ങളെ തലോടികൊണ്ടിരിക്കും. വെന്റെിലേറ്ററുകളിലൂടെ പഴമ നിറഞ്ഞമുറികളിലേക്ക് വന്നുകേറുന്ന വെയില്‍കിരണങ്ങള്‍ അത്തരമൊരന്തരീക്ഷത്തില്‍ ഏതാണ്ട് അപ്രതീക്ഷിതാമായിരുന്നു കടലില്‍പ്പോയി മരിച്ച മുക്കുവരുടെ ഓര്‍മക്കുവേണ്ടിയുള്ള ഇന്‍സ്റ്റലേഷന്‍. മുള കൊണ്ടും പ്ലാസ്റ്റിക്കുകൊണ്ടും തീര്‍ത്ത അനേകം കൊച്ചുചങ്ങാടങ്ങളിലായി മരണമടഞ്ഞ മുക്കുവന്മാരുടെ വലിയ ചിത്രങ്ങള്‍ ഒട്ടിച്ചു വെച്ചിരുന്നു. അലംകൃതമായ ചങ്ങാടങ്ങള്‍ പരസ്പരബന്ധിതമായി, കാറ്റത്ത് തീരമതിലില്‍ വന്നിടിച്ചും ഒഴുകിയും കിടന്നു. ചങ്ങാടങ്ങള്‍ക്കുമീതെ കെട്ടിയ മണികള്‍  തിരകളുടെ താങ്കളുടെ താളത്തിലാടുകയും കടലിനുമീതെ കാറ്റു രചിക്കുന്ന തിരകളുടെ കവിതയെ സംഗീതത്തിലേക്കു വിവര്‍ത്തനം  ചെയ്യുകയും ചെയ്തു. ദരിദ്രരും സാധാരണക്കാരുമായിരുന്ന ആ മുക്കുവരുടെ മക്കളോ പേരക്കുട്ടികളോ ഈ മനോഹരദൃശൃം കണ്ടിട്ടാവുമോ?

ഇബ്രാഹിം ഖുറൈശിയുടെ ഇസ്ലാമിക് വയലിന്‍സ് (islamic violins)എന്ന ഇന്‍സ്റ്റലേഷന്‍ ഹൃദയവര്‍ജകമായിരുന്നു. ഒരു നീണ്ട ഹാളില്‍ ഒരേ വലിപ്പവും ഒരേ നിറവുമുള്ള 30 വയലിനുകള്‍ ഒരേ ഉയരത്തില്‍ തൂക്കിയിട്ടിരിക്കുന്നു. വയലിനുകളുടെയും ചുമരുകളുടെയും വെളുപ്പ്. ഏറ്റവും ലളിതമായതാണ് ഏറ്റവും വഞ്ചനാത്മകം. ലോകത്തെ നിരോധിത സംഘടനകളുടെ മുഴുവനും കൊടികളുപയോഗിച്ച് നെതര്‍ലാന്‍സിലെ ജോനാസ് സ്റ്റാല്‍ ചെയ്ത ഇന്‍സ്റ്റലേഷന്‍ വിവാദമാവുകയുണ്ടായി. ഒരു പ്രതിഷേധമെന്നോണം ഇന്ത്യയില്‍ നിരോധിച്ച സംഘടനകളുടെ കൊടികള്‍ക്ക് സംഘാടകര്‍ കറുത്തചായം തേച്ചിരുന്നു. അവിടെയുണ്ടായിരുന്ന കലാസൃഷ്ടികളുടെ ശബ്ദവും നിറങ്ങളും രൂപങ്ങളും ചേര്‍ന്ന് നിങ്ങളില്‍ അനുഭവപ്പെടുത്തുന്ന ഒറ്റയാവലിന്റെ അനാദിയായ വേദനയില്‍ സര്‍ഗാത്മകമായ അധ്വാനത്തിന്റെ പ്രഭാവം നിങ്ങളറിയുന്നു. ജീവിതത്തെ കുറച്ചുകൂടി നന്നായി മനസിലാക്കാനും സ്‌നേഹിക്കാനുമുള്ള വഴികള്‍ മഹത്തായ കല എപ്പോഴും കണിച്ചുതരുന്നു.

Posted in: കല

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting