റൂമിയിലേക്കൊരു കിളിവാതില്‍
ജലാലുദ്ദീന്‍ റൂമി, പാശ്ചാത്യ സാഹിത്യ ലോകത്തിന് ജീവരക്തമായി മാറിയിരിക്കുന്നു. ആത്മീയ ദാരിദ്ര്യത്തിന്റെ കഠിനമായ ഏകാന്തതയില്‍ സ്വയം നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യാശയുടെ വെള്ളിവെളിച്ചവും, കാല്‍പനികനായ പ്രണയഭിക്ഷുവിന് സുഹൃത്തും, ആത്മീയാന്വേഷിയായ സഞ്ചാരിക്ക് യജമാനനുമാണ് അദ്ദേഹം. പാശ്ചാത്യ ലോകത്ത് പരക്കെ വായിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ രചനകള്‍ മഡോണയെ പോലുള്ളവര്‍ പോലും അനുവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
റൂമിയുടെ ആത്മീയാനുരാഗത്തിന്റെ അസ്ത്രം അനേകായിരങ്ങളിലേക്കെയ്ത് പ്രശസ്തിയിലേക്കുയര്‍ത്തിയതില്‍ കോള്‍മാന്‍ ബാര്‍ക്‌സിന്റെ പങ്ക് അനിര്‍വചനീയമാണ്. മറ്റു പരിഭാഷകരില്‍ നിന്നും വ്യത്യസ്തമായി റൂമി കാവ്യങ്ങളിലെ അതിശയകരമായ സൗന്ദര്യത്തെയും ജീവിതത്തെയും അദ്ദേഹം തന്റെ തര്‍ജ്ജമകളിലുടെ ആവിഷ്‌കരിച്ചു.
രചനാലോകത്തിനപ്പുറം റൂമിയുടെ ആത്മീയ പ്രബോധനങ്ങളിലേക്ക് പ്രകാശം പരത്താന്‍ ആരും തുനിഞ്ഞിരുന്നില്ല. റൂമിയുടെ കടുത്ത ആരാധകര്‍ പോലും ഒരു മുസ്‌ലിം എന്ന നിലയില്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞതായി എനിക്ക് തോന്നിയിരുന്നില്ല. റൂമിയുടെ ആത്മീയത വേരുറപ്പിച്ചിരിക്കുന്നത് ഇസ്‌ലാം പ്രമാണങ്ങളില്‍ നിന്നാണെന്ന വസ്തുതത ഇതോടൊപ്പം തിരിച്ചറിയപ്പെടാതെ പോകുന്നു. ഈ തത്വദര്‍ശനങ്ങളെയാണ് വില്ല്യം ചിറ്റിക് The Sufi Doctrine of Rumi എന്ന പുസ്തകത്തിലൂടെ അന്വേഷിക്കുന്നത്.
റൂമിയുടെ മസ്‌നവിയില്‍ നിന്നും ഒമര്‍ഖയാമിന്റെ റുബയ്യാത്തില്‍ നിന്നുമുള്ള കൈയെഴുത്തുകളാലും ഉദ്ധരണികളാലും ഈ പുസ്തകം അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഇസ്‌ലാമിക പ്രബോധനങ്ങള്‍ക്കും അതുവഴി സൂഫി പ്രബോധനങ്ങള്‍ക്കും ഉത്തമോദാഹരണമായി ഇസ്‌ലാമിലെ സൂഫിസവും ഷഹാദയുടെ അതീന്ദ്രിയ ദര്‍ശനങ്ങളും പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നു. സൂഫീ ദര്‍ശനങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന അവസാന അദ്ധ്യായം ദൈവാനുരാഗത്തിന്റെ ആത്യന്തിക ലക്ഷ്യമായ ദൈവത്തിലെത്തുന്നതിനെ കുറിച്ചാണ് പ്രതിപാദിക്കുന്ന്നത്.
റൂമിയുടെ കാവ്യാവതരണത്തിലെ മാസ്മരികതക്കും, പുത്തന്‍ കാലഘട്ടത്തിനനുയോജ്യമായ വ്യാഖ്യാനങ്ങള്‍ക്കും, രചനകളുടെ വിശ്വവത്കരണത്തിനുമപ്പുറം റൂമിയുടെ തത്വചിന്തയ്ക്കും ബൗദ്ധികതക്കുമാണ് ആഖ്യാതാവ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇക്കാരണത്താലാണ് റൂമിയെ കുറിച്ചെഴുതപെട്ട മറ്റു പുസ്തകങ്ങളില്‍ നിന്നും ഈ പുസ്തകം വ്യത്യസ്തമാകുന്നത്.
ഇസ്‌ലാമിന്റെ ആന്തരികവ്യാപ്തി ആവിഷ്‌കരിക്കുന്ന സൂഫീ ദര്‍ശനത്തെ കുറിച്ചാണ് സൂഫിസവും ഇസ്ലാമും എന്ന ആദ്യ അധ്യായത്തില്‍ ചിറ്റിക് പ്രസ്താവിക്കുന്നത്. സ്വന്തം വ്യക്തിബോധത്തില്‍ നിന്നും ഈശ്വരനിലേക്കുള്ള വഴിയാണത്. സര്‍വസ്വീകാര്യതയിലെ വ്യക്തിപരതയാണ് റൂമി കാവ്യങ്ങളിലെ മാഹാത്മ്യം. ദു:ഖിതരായ പ്രണയികള്‍ക്ക് സുഹൃത്തും ആത്മീയന്വേഷികള്‍ക്ക് വഴികാട്ടിയും ആത്മാവ് നഷ്ടപ്പെട്ടവര്‍ക്ക് പങ്കാളിയുമായി ഒരേസമയം അദ്ദേഹം നിലകൊള്ളുന്നു. റൂമീ കാവ്യങ്ങളില്‍ നിന്നും അനുഭവേദ്യമാകുന്ന വ്യക്തിപരതയാല്‍ വ്യത്യസ്തരായ വായനകാര്‍ക്കുപോലും ആ കാവ്യശകലങ്ങളില്‍ കൂടി റൂമി ലക്ഷ്യം വെക്കുന്നതെന്തെന്ന് വേര്‍തിരിച്ചറിയുവാനും അവ ഉടലെടുത്ത സാഹചര്യങ്ങളെ കുറിച്ചും ഈ പുസ്തകം വാചാലമാകുന്നു. മനുഷ്യനെ ഈ ലോകത്തിന്റെ മൂലരൂപമായി റൂമി കരുതി പോന്നു. തുല്യമായ സ്വത്വ ഗുണങ്ങളോട് കൂടിയ മനുഷ്യന്‍ പരസ്പരം അഭിമുഖീകരിക്കുന്ന രണ്ട് കണ്ണാടികള്‍ പോലെ വര്‍ത്തിക്കുന്നു. ബാഹ്യതയെ കുറിക്കുന്ന ‘മുഫസ്സല്‍’ വസ്തുതാപരവും ആന്തരികതയെ കുറിക്കുന്ന ‘മുജ്മല്‍’ വ്യക്തിപരവുമായി സംക്ഷിപ്തപ്പെടുത്താം.
റൂമിയെ സംബന്ധിച്ചിടത്തോളം നന്മ തിന്മകള്‍ തികച്ചും മാനുഷികമാണ്. തിന്മ മനുഷ്യനെ ബൗദ്ധികതയില്‍ നിന്നും അകറ്റുകയും മതത്തിനും ആത്മീയതയ്ക്കും ഇടയിലെ പ്രതിയോഗിയായി
വര്‍ത്തിക്കുകയും ചെയ്യുന്നു. തന്റെ തന്നെ മറുരൂപമായ തിന്മയെ അടിച്ചമര്‍ത്തിയില്ലെങ്കില്‍ ആത്മീയതയെ ആശ്ലേഷിക്കാനോ റൂമിയുടെ വാക്കുകളെ ഗ്രഹിക്കാനോ സാധ്യമല്ല.
റൂമിയിലേക്കുള്ള ആദ്യപടി എന്നതിനപ്പുറം റൂമി ദര്‍ശനങ്ങളുടെ ആധികാരിക ഗ്രന്ഥമെന്ന നിലക്കാണ് The Sufi Doctrine of Rumi ശ്രദ്ധിക്കപ്പെടുന്നത്.
നിഗൂഢമായ പരാമര്‍ശങ്ങളും പ്രയോഗങ്ങളും നിറഞ്ഞ ഈ പുസ്തകം ചിറ്റികിന്റെ തന്നെ The Sufi Path of Love: The Spiritual Teachings of Rumi, ലിങ്‌സിന്റെയും അല്‍ ഖസാലിയുടെയും രചനകളിലൂടെയും സൂഫി ദര്‍ശനങ്ങള്‍ പരിചിതരായവരെ ഉദ്ദേശിച്ചുള്ളതാണ്. സയ്ദ് ഹുസൈന്‍ നസ്ര്‍ തന്റെ ആമുഖകുറിപ്പില്‍ രേഖപെടുത്തിയതുപോലെ ‘പവിത്രമായ റൂമി ദര്‍ശനങ്ങളുടെ പാത തുറക്കുകയാണ് ഈ പുസ്തകം.’
Connect
Connect with us on the following social media platforms.