banner ad
April 12, 2013 By നാഫിഹ് വാഫി 0 Comments

പ്രകൃതിയോടിണങ്ങുന്ന ഗ്രന്ഥം

ഒരു ഗ്രന്ഥത്തിലെ ആദ്ധ്യായ നാമങ്ങള്‍ ആ ഗ്രന്ഥം ഉദ്‌ഘോഷിക്കുന്ന ആകമാന സന്ദേശത്തിന്റെ ഏതെങ്കിലും തരത്തിള്ള സൂചകങ്ങളാണെങ്കില്‍; വിശുദ്ധഖുര്‍ആന്‍, ജന്തുശാസ്ത്രം, പ്രകൃതിശാസ്ത്രം, വാനശാസ്ത്രം, അന്ത്യദിനം, രാഷ്ട്രീയം, ചരിത്രം, നിയമം, സാഹിത്യം തുടങ്ങി പരസ്പരബന്ധമൊന്നും പ്രകടമാകാത്ത വിവിധവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ഗ്രന്ഥമായി നമുക്ക് തോന്നാം. ഈ വിശേഷ നാമകരണരീതി ഖുര്‍ആനിലെ ആമുഖാദ്ധ്യായത്തിന് ശേഷം വരുന്ന ഏറ്റവും നീളം കൂടിയ ആദ്യത്തെ അദ്ധ്യായത്തിന് ‘പശു’ എന്ന് പേര് നല്‍കിയതില്‍ തന്നെ പ്രകടമാണ്. അതേ സമയം ഏറ്റവും ചെറിയ അദ്ധ്യായങ്ങളിലൊന്നായ അവസാനത്തെ അദ്ധ്യായത്തിന് ‘മനുഷ്യന്‍’ എന്ന് പേര് നല്‍കിയിരുക്കുന്നു. ചില അദ്ധ്യായങ്ങള്‍ക്ക് പ്രവാചകന്മാരുടേയോ പ്രമുഖ ചരിത്ര പുരുഷന്മാരുടേയോ പേരുകളോ അല്ലെങ്കില്‍ ഇസ്‌ലാമിലെ പ്രധാന സങ്കല്‍പ്പങ്ങളോ സാങ്കേതിക പദങ്ങളോ നാമമാക്കപ്പെട്ടിരിക്കുന്നു. ചിലതിന് നാല്‍ക്കാലി, ചിലന്തി, തേനീച്ച, ഉറുമ്പ്, ആന പോലുള്ളവയും തലക്കെട്ടുകളായിട്ടുണ്ട്.

നാമകരണത്തിലെ ഈ വൈവിധ്യം എല്ലാവിധ അര്‍ത്ഥാലങ്കാരങ്ങള്‍കൊണ്ടും അലങ്കൃതമായ ഖുര്‍ആന്റെ അനന്യമായ ആഖ്യാന ശൈലിയോടും യോജിക്കുന്നു. ദൈവസന്ദേശത്തിന്റെ ഈ അവസാന പതിപ്പ് മനുഷ്യചരിത്രത്തില്‍ നിന്നും പ്രകൃതിപരിസരങ്ങളില്‍ നിന്നും സ്വീകരിച്ച പ്രതീകങ്ങളുടേയും രൂപകങ്ങളുടേയും ബിംബകല്‍പ്പനകളുടേയും  ഒരു വലിയ മിശ്രിതം തന്നെ ഉപയോഗിക്കുന്നുണ്ട്. പ്രാരംഭ സൂക്തങ്ങളിലൊന്നില്‍ ഒരു കൊതുകിന്റെ പോലും ഉപമ ഉപയോഗിക്കുവാന്‍ അല്ലാഹു സന്ദേഹിക്കുന്നില്ലെന്ന് ഉറപ്പിച്ചു പറയുന്നു. ചരിത്രത്തിന്റെയും പ്രകൃതിയുടേയും സഹജീവനം, മനുഷ്യന്റെ ഭാഗധേയത്തെകുറിച്ചുള്ള ഖുര്‍ആന്റെ പ്രൗഢമായ വിശദീകരണം നിര്‍മിച്ചെടുക്കുന്ന ഒരു സമൃദ്ധ ഭൂമികയാണ്.

രേഖീയമായ ആഖ്യാനത്തിന്റേയും സാമാന്യമായ കാലാനുസൃത വിവരണത്തിന്റേയും വിവരണാത്മക കഥാകഥനത്തിന്റേയും പരമ്പരാഗത ശൈലിയില്‍ നിന്ന് വേറിട്ട് ചരിത്രത്തോടും പ്രകൃതിയോടും ഇടപെടാന്‍ സ്വതസിദ്ധമായ ഒരു സമീപനം തന്നെ ഖുര്‍ആന്‍ വികസിപ്പിച്ചിട്ടുണ്ട്. ചരിത്രത്തെ പുരാതന സംഭവങ്ങളുടെ കാലവിവരണമായി തരം താഴ്ത്തുന്നതിനു പകരം ഭാവി നിര്‍മാണത്തിനുതകും വിധം അവയെ പുനര്‍സൃഷിടിക്കാനായി ഫലപ്രദമായ ഉപകരണങ്ങളാക്കി ഉപയോഗിക്കാവുന്ന ബിംബകല്‍പ്പനകളുടേയും പ്രതീകങ്ങളുടേയും സങ്കേതമായിട്ടാണ് ഖുര്‍ആന്‍ കാണുന്നത്.

ഈ ലക്ഷ്യം സാധ്യമാക്കാനായി ഖുര്‍ആന്‍ ചരിത്രത്തെ, ഭൂമിയില്‍ മനുഷ്യ ജീവിതത്തിന്റെ ആകമാനമായ നിയോഗവുമായി സംബന്ധിക്കുന്ന ചെറിയ ഉപാഖ്യാനങ്ങളും ഗുണപാഠകഥകളുമായി പുനരാഖ്യാനം നടത്തുന്നുണ്ട്. ചരിത്ര നിഗൂഢതകളെ അനാവരണം ചെയ്യുന്ന ഈ പുനര്‍നിര്‍മാണം സാധ്യമാകുന്നത് അതിവിദഗ്ധമായി തയ്യാറാക്കപ്പെട്ട ചരിത്ര  ബിംബങ്ങളുടെ ഒരു ശൃംഖലയിലൂടെയാണ്. ആദമിന്റേയും ഹവ്വയുടെയും സൃഷ്ടിപ്പ്, സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ബഹിഷ്‌കരണം, മരണപ്പെട്ടവരെ എങ്ങനെ സംസ്‌ക്കരിക്കണമെന്ന് പഠിപ്പക്കാനെത്തുന്ന കാക്ക, ഒരു കൊലയാളിയെ പിന്തുടരാന്‍ ബനൂ ഇസ്രായീലിനെ  സഹായിക്കുന്ന പശു, സമൂദ് ഗോത്രത്താല്‍ കൊല്ലപ്പെടുകയും ഒടുവില്‍ അവര്‍ക്ക് ദുരന്തം എത്തിക്കുകയും ചെയ്ത ഒട്ടകം, സുലൈമാന്‍ നബിയുടെ ദൂതനായി വര്‍ത്തിച്ച മരംകൊത്തി, ഉറങ്ങുന്ന ഏഴു പേര്‍ക്ക് കാവലിരുന്ന നായ, സ്വന്തം യജമാനനെ പരലോകജീവിതത്തിന്റെ യാഥാര്‍ത്ഥ്യം കാണിച്ചു കൊടുക്കാന്‍ വേണ്ടി പുനരുജ്ജീവിപ്പിക്കപ്പെട്ട കഴുത…. എന്നിങ്ങനെ ആ ശൃംഖല നീളുന്നു.

പ്രകൃതിയുമായുളള അനുഭാവം

വിശുദ്ധഖുര്‍ആന്‍ പ്രകൃതിയുമായി ബന്ധപ്പെട്ട ബിംബങ്ങളാലും സമൃദ്ധമാണ്. ദിനേനയും  ഋതുസന്ധികളിലും ആവര്‍ത്തിക്കുന്ന ഏറെകുറേ എല്ലാ പ്രകൃതിപ്രതിഭാസങ്ങളും മനുഷ്യന്റെ ജീവചക്രവുമായി ബന്ധപ്പെടുത്തി വിശുദ്ധഗ്രന്ഥത്തില്‍ ആവര്‍ത്തിച്ചു വരുന്നുണ്ട്. രാപ്പകലുകളുടെ ദൈ്വത ഭാവവും, യൗവനവും വാര്‍ദ്ധക്യവും, ശൈത്യവും വേനലും, വര്‍ഷവും വരള്‍ച്ചയും, തൃപ്തിയും വിശപ്പും, രോഗവും ആരോഗ്യവും, സമൃദ്ധിയും ദാരിദ്ര്യവും ഖുര്‍ആന്‍ ആവരണം ചെയ്യുന്നു. മനുഷ്യ മനസ്സിന്റെ താളം, മുഴുവന്‍ സസ്യ ജന്തുലോകത്തോടും കൂടിയുള്ള പ്രകൃതിയുടെ താളക്രമത്തോട് ചേര്‍ന്നു നില്‍ക്കുന്നതായി വായനക്കാരന്‍ അനുഭവിക്കുന്ന ഒരുപാടു സന്ദര്‍ഭങ്ങള്‍ ഖുര്‍ആനിലുണ്ട്. ഈ സ്വരച്ചേര്‍ച്ച പ്രത്യക്ഷമാകുന്ന ചില സൂക്തങ്ങള്‍ നമുക്ക് സൂക്ഷ്മമായി പരിശോധിക്കാം. (ഭൂമിയെ മനുഷ്യര്‍ക്കും മറ്റുജീവികള്‍ക്കും സുഖമമായി താമസിക്കത്തക്കവിധത്തില്‍ വിശാലമാക്കുകയും അതില്‍ ചില കനത്ത പര്‍വ്വതങ്ങളെ ഉറപ്പിച്ചു നിര്‍ത്തുകയും നദികളൊഴുക്കുകയും എല്ലാതരം പഴങ്ങളില്‍ നിന്നും ഇണകളെ സൃഷ്ടിക്കുകയും ചെയ്തത് അവനാകുന്നു. പകലിനെ രാവ്‌കൊണ്ട് അവന്‍ മൂടുന്നു. നിശ്ചയമായും ചിന്തിക്കുന്ന ജനതക്ക് ഇതിലെല്ലാം അനേകം ദൃഷ്ടാന്തങ്ങളുണ്ട്. ഭൂമിയില്‍ തൊട്ടുതൊട്ടുകിടക്കുന്ന ഖണ്ഡങ്ങളുണ്ട്. മുന്തിരിത്തോട്ടങ്ങളും കൃഷികളും ഒരു മുരടില്‍ നിന്ന് പലശാഖകളായിവളരുന്നതും വേറേ വേറേ മുരടുകളില്‍ നിന്ന് വളരുന്നതുമായ ഈത്തപ്പനകളുമുണ്ട്. ഒരേ വെള്ളം കൊണ്ടാണ് അവ നനക്കപ്പെടുന്നത്. ഫലങ്ങളുടെ കാര്യത്തില്‍ ചിലതിനെ ചലതിനേക്കാള്‍ നാം മെച്ചപ്പെടുത്തുന്നു.) (13: 3,4)

ജീവിതത്തിന്റെ നൈമിഷികതയും വിധിവൈപരീത്യവും മഴയുടെ അനുഗ്രഹത്താല്‍ പച്ചപിടിക്കുകയും ശേഷം വരള്‍ച്ചയുടേയും വന്ധ്യതയുടേയും ഒരു കാലം തുടര്‍ന്നെത്തുകയും ചെയ്യുന്ന ഒരു വരണ്ട ഭൂമികയുടെ രൂപകത്തിലൂടെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. ഭൂമിയുടെ ഫലഭുയിഷ്ഠത പലപ്പോഴും വിശ്വാസിയുടെ മനസ്സിന്റെ ഉത്പാദനക്ഷമതയോട് താരതമ്യം ചെയ്യപ്പെടുമ്പോള്‍ അവിശ്വാസിയുടെ ഹൃദയത്തിന്റെ ഊഷരതയെ പാറകള്‍ നിറഞ്ഞ പര്‍വ്വത ഭൂമികയുടെ വിജനതയോടും സാദൃശ്യപ്പെടുത്തുന്നു. ഒരു നിശിതമായ പ്രസ്താവനയില്‍ ഉള്‍കാഴ്ച്ചയില്ലാത്ത ഹൃദയങ്ങളെ ഉറച്ച പാറകളോട് ഉപമിക്കുന്നുണ്ട്. എന്നാല്‍ ദൈവഭയത്താന്‍ ആകമാനം വിറകൊള്ളുകയോ നെടുകെ പിളരുകയോ ചെയ്യുന്ന ചില പാറകളെപ്പോലെയല്ല ഈ ഹൃയങ്ങളെന്ന് കൂട്ടിച്ചേര്‍ക്കുമ്പോഴാണ് ഈ ധ്വനി കൂടുതല്‍ പരുഷമായിത്തീരുന്നത്.
മനുഷ്യ സൃഷ്ടിയുടെ ഒരേയൊരു കാരണമെന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവാരാധയോ പ്രാര്‍ത്ഥനകളോ പോലും പ്രകൃതിയുടെ ആകമാനമായ താളക്രമത്തോട് സംയോജിപ്പിക്കുപ്പെട്ടിരിക്കുന്നു. ‘നൂര്‍’ എന്ന അദ്ധ്യായത്തിലെ ഒരു സൂക്തം ആകാശത്തും ഭൂമിയിലുമുള്ള എല്ലാവസ്തുക്കളാലും ചിറകുവിരിച്ചു പറക്കുന്ന പക്ഷികളാലും ദൈവം മഹത്വവല്‍ക്കരിക്കപ്പെടുന്നു എന്നു വരെ പറഞ്ഞുവെക്കുന്നു. (ആകാശഭൂമിയിലുള്ളവരും ചിറകുവിടര്‍ത്തി പറക്കുന്ന പക്ഷികളും അല്ലാഹുവിനെ വാഴ്ത്തുന്നത് നീ കാണുന്നില്ലേ,? ഒരോര്‍ത്തര്‍ക്കും അവരവരുടെ പ്രാര്‍ത്ഥനകളും സങ്കീര്‍ത്തനങ്ങളുമറിയാം. അല്ലാഹു അവര്‍ ചെയ്യുന്നതെല്ലാം നന്നായി അറിയുന്നു. (41)

മഴയാണ് പലപ്പോഴും ഉപയോഗിക്കപ്പെടുന്ന മറ്റൊരു പ്രതീകം. ഐഹിക ജീവിതത്തിന്റെ നൈമിഷികത വിശദീകരിക്കുവാന്‍ മഴയേക്കാള്‍ നല്ലൊരു ഉപമയില്ല. മനുഷ്യര്‍ക്കു മാത്രമല്ല, മറ്റു സൃഷ്ടികള്‍ക്കും മഴ സന്തോഷത്തിന്റേയും സമൃദ്ധിയുടേയും മുന്നറിയിപ്പുകാരനാണ്. പക്ഷെ, ഇടക്കിടെ വരുന്ന ഈ സന്ദര്‍ശകന്‍ ഒരിക്കലും നമ്മുടെ വിളിപ്പുറത്തുണ്ടാകാറില്ല. മഴ എന്തു ചെയ്യണമെന്ന് ആജ്ഞാപിക്കാനും നമുക്കു കഴിയില്ല. നിശ്ചയമായും അല്ലാഹുവിന്റെ ഒരനുഗ്രമാണത്. എങ്കിലും, നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഒരു സന്തുലിതാവസ്ഥ സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തുകകൂടി ചെയ്യുന്നുണ്ട് അത്. മഴയെ കൂടാതെ നമുക്കൊന്നും ചെയ്യാനാകില്ല. എന്നാല്‍ വളരെ അധികം പെയ്യുന്ന മഴകൊണ്ടും നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. ചില നാഗരികതകളെയും ജനതയേയും ഭൂമുഖത്തുനിന്ന് തുടച്ചു നീക്കാന്‍ നിരന്തരമായ മഴയോ വെള്ളമോ കാരണമായിത്തീര്‍ന്ന ഒന്നു രണ്ടു സംഭവങ്ങളെ കുറിച്ച് ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. ആത്മ പ്രകാശം നഷ്ടപ്പെട്ടവരുടെ അവസ്ഥ സൂചിപ്പിക്കാനായി കറുത്തിരുണ്ട മഴയുടേയും തുടര്‍ന്നെത്തുന്ന ഇടിമുഴക്കത്തിന്റേയും പ്രതീകം മറ്റൊരിടത്ത് ഖുര്‍ആന്‍ ഉപയോഗിക്കുന്നുണ്ട്. അവരെ വലയം ചെയ്യുന്ന അന്ധകാരത്തിന്റെ ആവരണത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു വഴിയെന്നോണം വല്ലപ്പോഴും ഒരു മിന്നല്‍ പ്രകാശം അവര്‍ക്കെത്തുന്നുണ്ടെങ്കിലും ക്രമേണ ആ അന്ധകാരം കൂടുതല്‍ സാന്ദ്രവും നിബിഢവുമായിത്തീരുകയും നിരാശയോടെ വേച്ചു നടക്കുന്നവരായി അവര്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു. മറ്റൊരു സൂക്തത്തില്‍ അവിശ്വാസികളുടെ കര്‍മ്മങ്ങളെ, ദാഹിച്ചു വലഞ്ഞ ഒരു മനുഷ്യന്‍ വെള്ളമെന്ന് വിചാരിച്ചു പോകുന്ന മരീചികയോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നു. തുടര്‍ന്നു വരുന്ന സൂക്തത്തില്‍ മുകളില്‍ ഇരുണ്ട മേഘങ്ങള്‍ വന്ന് പൊതിഞ്ഞു നില്‍ക്കുകയും തിരമാലകള്‍ക്കു മേല്‍ തിരമാലകള്‍ അടിഞ്ഞു കൂടുകയും ചെയ്യുന്ന അഗാധമായ ഒരു സമുദ്രാന്ധകാരത്തിന്റെ ഭയാനകമായ രുപകത്തിലേക്കാണ് ഇത് പരിവര്‍ത്തനപ്പെടുന്നത്. സ്വന്തം കൈവെള്ള പോലും ദര്‍ശിക്കാനാവാത്ത വിധം കൂടുതല്‍ നിബിഢമായിത്തീരുന്നു പിന്നീട് ആ അന്ധകാരം.

എങ്കിലും ഖുര്‍ആനിലെ ഏറെ വിസ്മയാവഹമായ ഉപമകളിലൊന്ന് അല്ലാഹുവിനെ ആകാശഭൂമികളെയാകെ ആവരണം ചെയ്യുന്ന പ്രകാശത്തോട് ഉപമിക്കുന്നതാണ്. ഈ ഉപമക്ക് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട്. ഒന്നാമതായി, ആകാശ ഭൂമികളുടെ വിശാലത ഒരു വിളക്കുമാടത്തിന്റെ മനോഹാരിതയിലേക്ക് വഴി തുറക്കുന്നു. ആ വിളക്കുമാടത്തിനുള്ളില്‍ ഒരു ചില്ലിന്‍ കൂട്ടിലായി സൂക്ഷിച്ച വിളക്കുമുണ്ട്. രണ്ടാമതായി, കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ അല്ലാത്ത ഒരു ഒലീവ് മരത്തില്‍ നിന്നും പ്രകാശമുള്‍ക്കൊണ്ട ഒരു നക്ഷത്രത്തോട് അതിനെ സദൃശ്യപ്പെടുത്തുന്നതാണ്. അല്ലാഹുവിന്റെ പ്രകാശം ആകാശഭൂമികളിലെ മറ്റു പ്രകാശങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്നു. ഒരുവേള ലോകത്തെ ഏറ്റവും വലിയ ഊര്‍ജ്ജ സ്രോതസ്സായി കണക്കാക്കപ്പെടുന്ന സൂര്യന്‍ പോലും ലോകത്തെയാകമാനം ഒരു പോലെ പ്രകാശിപ്പിക്കാന്‍ അശക്തമാണെന്നാണ് ഈ ഉപമ പരോക്ഷമായി സൂചിപ്പിക്കുന്നത്. ഭൂമിയുടെ ഒരു ചക്രവാളത്തില്‍ സൂര്യന്‍ അതിന്റെ ദീപ്തിയുടെ മൂര്‍ദ്ധന്യതയില്‍ എത്തിച്ചരുമ്പോള്‍ മറുവശത്ത് അതിന്റെ ശക്തി കുറയുന്നു.

ദൃഷ്ടാന്ത കഥകള്‍
ഖുര്‍ആനിലെ ഗുഹാവാസികളുടെ കഥകളുടെ പ്രതീകാത്മക ചിത്രീകരണം ഈ ലോകത്തെ സ്വാതന്ത്ര്യത്തിന്റേയും പാരതന്ത്ര്യത്തിന്റേയും യഥാര്‍ത്ഥ അര്‍ത്ഥത്തെ കുറിച്ച് വശ്യമായ ഉള്‍കാഴ്ച്ചകള്‍ പ്രദാനം ചെയ്യുന്നു. ക്രിസ്ത്യന്‍ പാരമ്പര്യത്തിലെ എഫിസസിലെ ഉറങ്ങുന്ന ഏഴു പേരുടെ കഥയോട് സമാന്തരമാകുന്ന ഈ കഥ ശക്തിയേയും ആധിപത്യത്തേയും സ്വാതന്ത്ര്യത്തേയും കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളുടെ മൗലികമായ പരിശോധന ആവശ്യപ്പെടുന്നുണ്ട്. സ്വേഛാധിപതിയായ രാജാവില്‍ നിന്നും അടിച്ചമര്‍ത്തുന്ന ഭരണത്തില്‍ നിന്നും അഭയം തേടി ഒരു ഗുഹയിലെത്തിച്ചേരുന്ന പ്രസ്തുത കഥയിലെ യുവനായകരുടെ സ്വാതന്ത്ര്യാഭിവാഞ്ഛയും സത്യത്തോടുള്ള സമര്‍പ്പണവും അചഞ്ചലമായിരുന്നു. ഭൂമിശാസ്ത്രപരമായി വിശാലമായ അവരുടെ രാജ്യത്തെ പാരതന്ത്ര്യത്തേക്കാള്‍ ഇടുങ്ങിയ ഒരു ഗുഹ പ്രദാനം ചെയ്ത സ്വാതന്ത്ര്യത്തെ അവരിഷ്ടപ്പെട്ടു. ആദ്യ കൊലപാതകത്തെ കുറിച്ചുള്ള ദൃഷ്ടാന്ത കഥയില്‍ ഖാബീല്‍ ദുഃഖിതനായി കാണപ്പെട്ടു. അവന്‍ നിരാശയോടെ തന്റെ ചെയ്തി മറച്ചു വെക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിക്ഷകള്‍ക്കെതിരായി, ആ മനുഷ്യഹത്യ പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനേക്കാള്‍ കൂടുതല്‍ കൊണ്ടുവരുകയാണുണ്ടായത്. അതിന്റെ പരിണിതഫലങ്ങളോട് ഇടപെടാനാകാത്തവിധം അവന്‍ ഭയവിഹ്വലനായിരുന്നു. എന്നിട്ടല്ലേ അവനതിന്റെ ലാഭം ആസ്വദിക്കാനാവുന്നത്! അവസാനം ഒരു സാധുവായ കാക്കയായിരുന്നു എങ്ങിനെയാണ് മരണപ്പെട്ടവരെ മറവുചെയ്യേണ്ടതെന്ന് കാണിച്ചുകൊണ്ട് അവന്റെ രക്ഷക്കെത്തിയത്. സഹോദര വധത്തിനു ശേഷം ഖാബീല്‍ അഭിമുഖീകരിച്ച ആദ്യത്തെ വെല്ലുവിളി എങ്ങിനെ മൃതദേഹം മറവുചെയ്യുമെന്നായിരുന്നു. പക്ഷെ, ശവസംസ്‌ക്കാരമെന്ന ലളിതമായ പ്രശ്‌നത്തേക്കാളുപരി തന്റെ പാപത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ഒരുവലിയ പ്രതിസന്ധിയായിരുന്നു യഥാര്‍ത്ഥത്തില്‍ അത്. സ്വന്തം സഹോദരനെ വധിക്കുക എന്നത് ഏറെക്കുറേ എളുപ്പമായിരുന്നു. എങ്കിലും, അവന്റെ ശേഷിപ്പുകളില്‍ നിന്ന് രക്ഷപ്പെടുക എന്നത് അത്ര എളുപ്പമായിരുന്നില്ല.

ഖുര്‍ആനില്‍ കലാപരമായി ഏറെ മനോഹരമായ അദ്ധ്യായങ്ങളിലൊന്നില്‍ പരന്നു കിടക്കുന്ന യൂസുഫ് നബിയുടെ കഥ, പിതാവും പതിനൊന്ന് പുത്രന്മാരും സൂര്യനോടും പതിനൊന്ന് നക്ഷത്രങ്ങളോടും ഉപമിക്കപ്പെടുന്ന ഒരു ആഖ്യാന സാഹിത്യ സൃഷ്ടിയുടെ തലത്തിലേക്ക് പുരോഗമിക്കുന്നു. തുടക്കം ഒരു ചെറിയ കുട്ടിയുടെ കഥയിലൂടെയാണ്. തലേന്ന് രാത്രി കണ്ട അസാധാരണമായൊരു സ്വപ്നം സ്വന്തം പിതാവിനോടവന്‍ പങ്ക്‌വെക്കുന്നു. മനുഷ്യ ജീവിതത്തിലെ സ്‌നേഹം, അനുരാഗം, അത്യാഗ്രഹം, സഹോദരശത്രുത, അസൂയ, വെറുപ്പ്, കൊലപാതകം, കളവ്, ചതി, കാമം, പ്രതികാരം, വിശ്വാസവഞ്ചന, കാരാഗൃഹവാസം, ഇരജീവിതം, സമൃദ്ധിയുടേയും നിര്‍ദ്ധനതയുടേയും അവസ്ഥാന്തരങ്ങള്‍ തുടങ്ങി ഒരുപാട് തലങ്ങള്‍ സ്പര്‍ശിക്കുന്ന ഒരു പൂര്‍ണ്ണമായ കഥയായിട്ടാണ് പിന്നീടത് വളര്‍ച്ച പ്രാപിക്കുന്നത്. കഥാന്ത്യത്തിലെത്തുമ്പോള്‍ ഒരിക്കല്‍ സ്വന്തം സഹോദരങ്ങളാല്‍ ഒരു വനാന്തര്‍ഭാഗത്ത് വിജനമായ കിണറ്റില്‍ ഉപേക്ഷിക്കപ്പെട്ട ആ ബാലന്‍ രാജാവായി ആവിര്‍ഭവിക്കുകയും തന്റെ പഴയ ശത്രുക്കള്‍ക്ക് നിരുപാധികവും അനര്‍ഹവുമായ മാപ്പ് നല്‍കുകയും ചെയ്യുന്നു. തന്റെ കുട്ടിക്കാല സ്വപ്നത്തിന്റെ ഒരു വൈകാരിക പൂര്‍ത്തീകരണമെന്നോണം സ്വന്തം പിതാവും പതിനൊന്ന് സഹോദരന്മാരും അവന്റെ മുമ്പില്‍ തലകുനിക്കുന്ന ഒരു നാടകീയ അന്ത്യത്തിലേക്കാണ് തുടര്‍ന്ന് കഥ എത്തിച്ചേരുന്നത്.

സര്‍വ്വവും തുടങ്ങിയത് ചുരുക്കം ചിലവാക്കുകളില്‍ നിന്ന്

പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം അവന്റെ സംസ്‌കാരത്തിന്റേയും നാഗരികതിയുടേയും വികാസത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ദൈവിക സന്ദേശം മാറ്റി നിര്‍ത്തിയാല്‍, മനുഷ്യനാര്‍ജ്ജിച്ച ഏറെക്കുറേ എല്ലാ വിജ്ഞാന ശാഖകളുടേയും ഉത്ഭവവും വികാസവും ഈ അനിശ്ചിതമായ അസ്ഥിത്വത്തിന്റെ പ്രവാഹങ്ങളിലൂടെ ജീവിക്കാനായി എവിടേക്കാണോ അവന്‍ നിയോഗിക്കപ്പെട്ടത്, ആ പ്രകൃതിയോടുള്ള സഹവര്‍തിത്ത്വവുമായും അതിനോടുള്ള അവന്റെ സമരവുമായും ഏതെങ്കിലുമൊരു തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ എല്ലാ വിജ്ഞാന ശാഖകളുടേയും സാങ്കേതിക നാമങ്ങളിലേക്കുള്ള ഒരെത്തിനോട്ടം ഈ സിദ്ധാന്തം ഉറപ്പുനല്‍കുന്നുണ്ട്; കാരണം അവയില്‍ ഭൂരിഭാഗവും പ്രകൃതിയെ കണ്ടെത്താനുള്ള മനുഷ്യന്റെ തീവ്രമായ പരിശ്രമത്തിന്റെ ഫലങ്ങളായിരുന്നു.

മനുഷ്യജ്ഞാനത്തിന്റെ വികാസവും അസംഖ്യം രൂപങ്ങളിലുള്ള അതിന്റെ പ്രയോഗവും ആവിഷ്‌കാരവുമെല്ലാം മനുഷ്യന്റെ നാഗരികതയുടെ തന്നെ വികാസമാണ്. പ്രപഞ്ചത്തിലെ ആദ്യമനുഷ്യന് ജ്ഞാനം നല്‍കപ്പെട്ട ആദ്യ നിമിഷം ഖുര്‍ആനില്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. മനുഷ്യ സൃഷ്ടിക്ക് ശേഷം, അവനെ മലക്കുകള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പായി, സര്‍വ്വശക്തനായ അല്ലാഹു ചില നാമങ്ങള്‍/പദങ്ങള്‍, അവനെ പഠിപ്പിച്ചിരിന്നു. ഈ സന്ദര്‍ഭത്തിലായിരുന്നു മനുഷ്യന്‍, ആസന്നമായ അവന്റെ ഭൂമിയിലേക്കുള്ള നിയോഗത്തിന് അത്യാവശ്യമായിട്ടുള്ള ചില സഹജമായ കഴിവുകളും ശേഷികളും നല്‍കി സജ്ജമാക്കപ്പെട്ടത്. തുടര്‍ന്ന്, തന്റെ വാക്പാടവത്താല്‍ വശീകരിക്കപ്പെട്ട മലക്കുകള്‍ക്കു മുമ്പില്‍ ആദിമ മനുഷ്യന്റെ അത്യുജ്ജലമായ പ്രകടനമുണ്ടായി. ഇത് മനുഷ്യസൃഷ്ടിയെ കുറിച്ചുള്ള മലക്കുകളുടെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ അവരെ പ്രേരിപ്പിക്കുകകൂടി ചെയ്തു. ഈ അവസരത്തില്‍ തന്നെയായിരുന്നു മനുഷ്യന്‍ അവന്റെ  ജ്ഞാനത്തിന്റെ അധീശത്വം മലക്കുകള്‍ക്കു മുമ്പില്‍ സ്ഥിരീകരിച്ചത്. ബുദ്ധിശക്തികൊണ്ട് വിദഗ്ധമായി ശക്തിപ്പെടുത്തപ്പെട്ട ഈ അറിവ് ഭൂമിയില്‍ മനുഷ്യാസ്ഥിത്വത്തിന്റെ വ്യതിരിക്തത തെളിയിക്കാനായി അവന് സമ്മാനിക്കപ്പെട്ട ഒരുപകരണം കൂടിയായിരുന്നു. ഇതര ജീവിവര്‍ഗ്ഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശാരീരികമായി ദുര്‍ബലനായിരുന്നിട്ടുകൂടി സ്വന്തം ബുദ്ധികൂര്‍മ്മത കൊണ്ടും വിവേകശക്തി കൊണ്ടും മറ്റുള്ളവയെ അതിജയിക്കാനും കീഴ്‌പ്പെടുത്താനും ഒരു വികസിത സംസ്‌ക്കാരത്തിന്റെ ശില്‍പിയായി ആവിര്‍ഭവിക്കാനും മനുഷ്യന് സാധിച്ചു. ഇവയെല്ലാം ആരംഭിക്കുന്നത് സൃഷ്ടിയുടെ ഉടനെ അവന്റെ ആദ്യപിതാവിന് പഠിപ്പിക്കപ്പെട്ട ചുരുക്കം ചില വാക്കുകളില്‍ നിന്നാണ്. കാലങ്ങളായി മനുഷ്യന്‍ വികസിപ്പിച്ചെടുത്ത ഭാഷാസമ്പ്രദായം ജീവിവര്‍ഗ്ഗങ്ങളിലെല്ലാമുള്ള ആശയവിനിമയോപാധികളില്‍ വെച്ച് ഏറ്റവും സങ്കീര്‍ണ്ണമായതാണെന്ന് കരുതപ്പെടുന്നു. അതിവേഗം മുന്നോട്ട് ഗമിച്ചുകൊണ്ടിരിക്കുന്ന ഈ കമ്പ്യൂട്ടര്‍യുഗത്തില്‍ അഭൂതപൂര്‍വ്വമായ പരിവര്‍ത്തനത്തിന് വിധേയമായ നൂതനമായ ഒരു ആശയവിനിമയ രൂപം നിര്‍മ്മിക്കാനുള്ള ഉത്ഭവസ്ഥാനം മനുഷ്യവര്‍ഗ്ഗത്തിന്  പ്രദാനം ചെയ്തത് ആദ്യമായി ആദമിന് പഠിപ്പിക്കപ്പട്ട ഈ വാക്കുകളായിരുന്നു.

സംസ്‌കാരങ്ങളുടെ പണിപ്പുരയായി പ്രകൃതി

നിഗൂഢതകളെ അനാവരണം ചെയ്യാനും അറിയപ്പെട്ടതിന്റെ പരിധികള്‍ക്കപ്പുറം പോകാനുമുള്ള നിരന്തരമായ ത്വര എല്ലാ മനുഷ്യരുടേയും പ്രകൃതത്തില്‍ സഹജമാണ്. സ്വര്‍ഗ്ഗത്തിലെ ഒറ്റപ്പെട്ട മരത്തിന്റെ പഴങ്ങള്‍ രുചിക്കുന്നതില്‍ നിന്ന് നിഗൂഢമായ ഏതോ കാരണത്താല്‍ അനുവാദം നിഷേധിക്കപ്പട്ട സന്ദര്‍ഭത്തില്‍ ആദ്യമനുഷ്യനും സ്ത്രീയും പ്രതികരിച്ച രീതി അതിനൊരുദാഹരണമാണ്. പക്ഷെ, സ്വര്‍ഗ്ഗത്തിലെ ഏകസമസ്യയായി കാണപ്പെട്ട പ്രസ്തുത പ്രശ്‌നത്തിനെതിരെയുണ്ടായ വിപ്ലവകരമായ ആ പ്രതികരണം ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങളുടെ പ്രവാഹം അവരുടെ മുന്നില്‍ തുറന്നിടുകയാണുണ്ടായത്. വിലക്കപ്പെട്ട ആ കനിയുടെ രുചിയെന്താണെന്ന് മാത്രമേ സ്വര്‍ഗ്ഗത്തില്‍ അറിയാനുണ്ടായിരുന്നുള്ളു. പക്ഷെ, ഭൂമിയില്‍ ഒരുപാട് കാര്യങ്ങള്‍ അന്വേഷിച്ച് പോകാനും കണ്ടെത്താനുമുണ്ടായിരുന്നു. അതിലുപരി സ്വര്‍ഗ്ഗത്തില്‍ നിന്നും വ്യത്യസ്തമായി ഉപജീവനത്തിനായി കഠിനാദ്ധ്വാനം ചെയ്യേണ്ടതുമുണ്ടായിരുന്നു.

ഈ നിഗൂഢതകള്‍ അനാവരണം ചെയ്യാനുള്ള അടിസ്ഥാന കഴിവും പ്രാപ്തികളോടും കൂടെയാണ് അവര്‍ ഭൂമിയിലെത്തിയിരുന്നത്. കാരണം സൃഷ്ടിപ്പിന് ശേഷം അവര്‍ക്ക് പഠിപ്പിക്കപ്പെട്ട പദങ്ങള്‍ ഈ രഹസ്യങ്ങളിലേക്കെല്ലാമുള്ള താക്കോലുകള്‍ ഉള്‍വഹിച്ചിരുന്നു. മനുഷ്യ സംസ്‌കാരത്തിന്റെ ശൈശവദശ മുതല്‍ ഇപ്പോഴുള്ള അതിന്റെ പ്രശംസനീയമായ പക്വതയുടെ ഘട്ടം വരെയുള്ള ചരിത്രം ഡാര്‍വിന്റെ പരിണാമ ശ്രേണിയിലൂടെ നോക്കുകയാണെങ്കില്‍ മനുഷ്യന്‍ ക്രമേണ പ്രകൃതിയെ മനസ്സിലാക്കിയെടുക്കുന്നതിന്റെ ഒരു പരിണാമമായിരുന്നു. തേനീച്ചകള്‍ അവയുടെ പുരാതന രീതിയിലൂടെ തന്നെ തേന്‍ ശേഖരിക്കുകയും കൂടുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. പക്ഷിമൃഗാദികള്‍ ഇപ്പോഴും അവയുടെ പ്രൗഢമായ പഴയ രീതികള്‍ തന്നെ ഭക്ഷണമന്വേഷിക്കാനും കൂടുകള്‍ നിര്‍മ്മിക്കാനും പരസ്പരം ആശയവിനിമയം നടത്താനുമെല്ലാം ഉപയോഗിക്കുന്നു. പക്ഷെ, മനുഷ്യന്‍ ഇടക്കിടെ അവന്റെ പ്രവര്‍ത്തന മണ്ഢലം നവീകരിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്തുകൊണ്ട് ഒരുപാട് ദൂരം മുന്നോട്ട് പോയിട്ടുണ്ട്. അതേസമയം ഭൂമയിലവനു ചുറ്റുമുള്ള ഭൂരിഭാഗം ജീവികളും പ്രത്യക്ഷത്തില്‍ മാറ്റമില്ലാത്ത അവയുടെ നിലനില്‍പ്പ് ആഘോഷിക്കുന്നു.

നമ്മുടെ നാഗരികത പുരോഗതിപ്പെടുകയും സംസ്‌കാരം ഒരു നാഗരിക പരിഷ്‌കരണം സ്വാംശീകരിച്ചെടുക്കുകയും ചെയ്തപ്പോള്‍ പുതിയ ആവശ്യങ്ങള്‍ക്കനുസൃതമായി ചുറ്റുപാടുകളെ മാറ്റാന്‍ നാം ശ്രമിച്ചു. ഒന്നുകില്‍ നിര്‍മാണാത്മകമായി പ്രയോജനപ്പെടുത്തിയോ അല്ലെങ്കില്‍ അനിയന്ത്രിതമായി ചൂഷണം ചെയ്‌തോ പ്രകൃതിയുടെ മുഴുവന്‍ ശക്തിയും അന്വേഷിക്കുന്നത് നാം തുടര്‍ന്നു. പ്രകൃതി, അതിന്റെ പുരാതനവും സ്വതസിദ്ധവുമായ താളത്തിന് സാരമായ പരിക്കുകളോടെതന്നെ നമ്മുടെ അധികാര സ്ഥാപനത്തിന് വിധേയമാകാവുന്ന അത്രത്തോളം സൗമ്യമായി നിലകൊണ്ടു എന്നതൊഴിച്ചാല്‍ സ്വയം ഒരു മാറ്റത്തിന്നും വിധേയമായില്ല. യഥാര്‍ത്ഥത്തില്‍ എന്താണോ നാം പ്രകൃതിയില്‍ നിന്ന് ആഗ്രഹിക്കുന്നത്, അത് ഒരുക്കി നല്‍കുന്നതില്‍ പ്രകൃതിക്കുള്ള പരിമിതി നാം മനസ്സിലാക്കിയ ഒരു ഘട്ടത്തില്‍ സ്വന്തമായ സാങ്കല്‍പിക ലോകങ്ങള്‍ നിര്‍മിച്ചു കൊണ്ടായിരുന്നു നമ്മുടെ അവസരങ്ങള്‍ നാം വിശാലമാക്കിയത്. അവിടെ പ്രകൃതിയില്‍ നിന്നും അകന്നു ജീവിക്കുന്നതിനുള്ള സാധ്യതകള്‍ നാം കണ്ടെത്തി. നഗരവത്ക്കരണത്തിന്റേയും യന്ത്രവത്ക്കരണത്തിന്റേയും കമ്പ്യൂട്ടര്‍വത്ക്കരണത്തിന്റേയുമെല്ലാം മുഴുവന്‍ പ്രക്രിയകളും പ്രകൃതിയുടെ അപവര്‍ത്തനത്തിലേക്കുള്ള നമ്മുടെ അനുക്രമമായ പുരോഗതിയുടെ പ്രക്രിയകള്‍ കൂടി ഉള്‍ക്കൊണ്ടിരുന്നു. യന്ത്രവത്ക്കരണത്തിലൂടെയും കമ്പ്യൂട്ടര്‍ വത്ക്കരണത്തിലൂടെയും നാം നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന സാങ്കല്‍പിക ലോകം തീര്‍ച്ചയായും ഈ അപവര്‍ത്തനം ത്വരിതപ്പെടുത്തുക തന്നെചെയ്യും.

പക്ഷെ, പ്രകൃതിക്കുമപ്പുറം വളരാനുള്ള ഈ പ്രവണത ഉണ്ടായിരിക്കെ തന്നെ നമ്മുടെ നിലനില്‍പ്പ് ആന്തരികമായി പ്രകൃതിയില്‍ വേരൂന്നീയിട്ടുള്ളതാണ്. എത്രത്തോളം പ്രകൃതിയില്‍ നിന്നകലാന്‍ നാം പ്രവണത കാണിക്കുന്നുവോ അത്രത്തോളം പ്രകൃതി വശ്യമായിത്തീരുന്നു. പ്രകൃതിയില്‍ നിന്ന് എത്ര ദൂരത്തേക്കാണോ നാം പോകാന്‍ ശ്രമിക്കുന്നത് അത്രയും അടുത്തേക്ക് നാം എത്തിച്ചേരുന്നു. പ്രകൃതിയുടെ മനോഹാരിത നമ്മെ മാടിവിളിക്കുന്നത് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. നമ്മുടെ യാന്ത്രിക ജീവിതത്തിന്റെ വിരസതയില്‍ നിന്നും മോചനം നേടാനായി ആകാശത്തിലേക്കും ചന്ദ്രനിലേക്കും സൂര്യന്റെ ഉദയാസ്തമയങ്ങളിലേക്കും സമുദ്രത്തിലേക്കും പുഴകളിലേക്കും പര്‍വ്വതങ്ങളിലേക്കും മരുഭൂമികളിലേക്കും സസ്യശ്യാമളതയിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും മരങ്ങളിലേക്കും പക്ഷിമൃഗാദികളിലേക്കുമൊക്കെയാണ് നാം തിരിയുന്നത്. എന്തിന്, നമ്മുടെ സാങ്കല്‍പിക ലോകത്ത്  പോലും യഥാര്‍ത്ഥജീവിതത്തില്‍ നമുക്ക് നഷ്ടമായ പ്രകൃതിഘടകങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ വൃഥാ നാം ശ്രമിക്കുന്നു. ഇതര്‍ത്ഥമാക്കുന്നത് നാമെങ്ങനെ ഈ ലോകത്തോട് മനുഷ്യനെ ബന്ധപ്പെടുത്തുന്നുവെന്നതുമായി പ്രകൃതി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. കാരണം നമ്മുടെ കാപട്യങ്ങളെല്ലാം മറ്റൊരു വിധത്തില്‍ അതാണ് തെളിയിക്കുന്നത്.

അതിശയകരമായ പ്രകൃതിസൗന്ദര്യമുള്ള ഒരു പ്രദേശമായി സ്വര്‍ഗ്ഗം വിഭാവനം ചെയ്യുമ്പോള്‍ എങ്ങനെയാണ് പ്രകൃതിയേക്കാള്‍ മനോഹരമായ മറ്റെന്തിനെയെങ്കിലും നമ്മുടെ സ്വപ്നങ്ങളില്‍ താലോലിക്കാനാവുക? താഴ്ഭാഗത്ത് ചെറിയ അരുവികളൊഴുകുന്ന പ്രശാന്ത സുന്ദരമായ ഒരു പ്രദേശത്ത്, പരിപാവനവും മനോഹരവുമായ ഒരു പൂന്തോട്ടമായി ഖുര്‍ആനില്‍ ആവര്‍ത്തിച്ചു വരുന്ന സ്വര്‍ഗ്ഗത്തെകുറിച്ചുള്ള വിവരണം പ്രകൃതിയോടും അതിന്റെ മനോഹാരിതയോടുമുള്ള നമ്മുടെ അനന്തമായ അഭിനിവേശത്തെകുറിച്ച്  നിശബ്ദം പ്രസ്താവിക്കുന്നുണ്ട്.

വിവര്‍ത്തനം: അബ്ദുല്‍ മന്നാന്‍ വാഫി

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting