മുഹമ്മദ്: ചരിത്രത്തിലും പൊതുജന സ്മരണയിലും
പന്ത്രണ്ടാം നൂറ്റാണ്ടില്‍ ദക്ഷിണ ഇറാനില്‍ നിന്നും ലഭിച്ച കുഫിക് സ്‌ക്രിപ്റ്റില്‍ എഴുതപ്പെട്ടുവന്നു കരുതുന്ന ഖുര്‍ആനിന്റെ ഒരു കയ്യെഴുത്ത് പ്രതിക്ക് സവിശേഷമായ പ്രത്യേകത ഉണ്ടായിരുന്നു. ദൈവത്തിന്റെ ഏകത്വം വിളിച്ചോതുന്ന ഖുര്‍ആനിലെ 112-ാമത്തെ സൂറത്ത് അസാധാരണമാം വിധം കൂട്ടിയോജിപ്പിച്ചതും ഘാംഭീര്യവുമായ അക്ഷരങ്ങളില്‍ എഴുതിയിരുന്നതുമായിരുന്നു. അതിനു തൊട്ടടുത്ത പേജില്‍ ‘മുഹമ്മദ് റസൂലുള്ള’ (മുഹമ്മദ് ദൈവത്തിന്റെ ദൂതനാണ്) എന്ന വാചകം നയനമനോഹരമായ കാലിഗ്രാഫിയില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. ഇസ്‌ലാമില്‍ പ്രവാചകനുള്ള കേന്ദ്ര സ്ഥാനം വളരെ വ്യക്തമായ രൂപത്തില്‍ അവതരിപ്പിക്കാന്‍ ആ അജ്ഞാത കലാകാരന്‍ ശ്രമിച്ചിട്ടുണ്ട്. തീര്‍ച്ചയായും, ‘ലാഇലാഹ ഇല്ലള്ള മുഹമ്മദ് റസൂലുള്ള’ (അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല, മുഹമ്മദ് അവന്റെ ദൂതനാണ്) എന്നതിലെ രണ്ടാമത്തെ വാചകമാണ് അദ്ദേഹം തന്റെ കലിഗ്രഫിക്കായി തിരഞ്ഞെടുത്തത്. ഇത്തരം വിശ്വാസ പ്രമാണ പൊസിഷനില്‍ ഒരു വിശ്വാസ സംഹിത എന്ന നിലക്ക് അതിന്റെ അതിരുകളെ മുഹമ്മദ് നിര്‍വചിക്കുന്നു.
ഇബ്‌നു അറബിയുടെ പ്രവാചകത്വവുമായി ബന്ധപ്പെട്ട ഒരു ലേഖനത്തില്‍ ആര്‍തര്‍ ജെഫ്രി(Arthur Jeffery) ഇങ്ങനെ കുറിച്ചു: വര്‍ഷങ്ങള്‍ക്കു മുന്‍പ്…. തന്റെ സുഹൃത്തായ ഈജിപ്തിലെ അന്‍ഗ്ലിക്കന്‍ ബിഷപ്പിനെ സന്ദര്‍ശിച്ച വേളയില്‍ ഷെയ്ഖ് മുസ്തഫ അല്‍മറാഗി അഭിപ്രായപ്പെട്ടു: മുസ്‌ലികള്‍ പ്രവാചകനെ എത്ര മാത്രം ബഹുമാനിക്കുന്നു എന്ന് മനസ്സിലാക്കുന്നതിലെ തികഞ്ഞ പരാജയമാണ് ക്രിസ്തുമത വിശ്വാസികള്‍ മുസ്‌ലിംകള്‍ക്കെതിരെ സാധാരണയായി ഉണ്ടാക്കുന്ന അപരാധങ്ങളുടെ അടിസ്ഥാന കാരണം. ഇസ്‌ലാമിന്റെ സംസ്‌കാരത്തെ കുറിച്ചും ചരിത്രത്തെ കുറിച്ചുമുള്ള മുസ്‌ലിം വ്യാഖ്യാനങ്ങളെ അംഗീകരിക്കാനുള്ള ക്രിസ്തുമത വിശ്വാസികളുടെ കാര്യമായ തടസ്സം ഇസ്‌ലാമില്‍ പ്രവാചകന്റെ സ്ഥാനം എന്താണ് എന്നതിനെ കുറിച്ച ആശയകുഴപ്പമാണ്. ഏതൊരു ചരിത്രവ്യക്തിത്വത്തേക്കാളും മുഹമ്മദ് എന്ന വ്യക്തിയാണ് മധ്യകാല ക്രിസ്ത്യന്‍ ലോകത്തെ ഭയപ്പെടുത്തിയതും വെറുപ്പ് സമ്പാദിച്ചതും. ഡാന്റെ (Dante) തന്റെ ‘ഡിവൈന്‍ കൊമെഡി’(Divine Comedy)യില്‍ മുഹമ്മദിനെതിരായി ശാപ വാക്കുകള്‍ ചൊരിയുമ്പോള്‍ തന്റെ കാലഘട്ടത്തിലെ ഏറെ കുറെ എല്ലാ ക്രിസ്തീയ വിശ്വാസികളുടെയും പൊതു വികാരമാണ് പ്രകടിപ്പിച്ചത്. ക്രിസ്ത്യാനിറ്റിക്ക് ശേഷം ലോകത്ത് ഒരു മതം പിറവിയെടുത്തതും അത് വളരെ ക്രിയാത്മകവും രാഷ്ട്രീയപരമായും വളരെ ഉന്നതിയിലെത്തിയതും ക്രിസ്ത്യന്‍ മെഡിറ്ററേനിയനിന്റെ ഭാഗമായിരുന്ന വലിയ ഭൂപ്രദേശത്തില്‍ ആധിപത്യം സ്ഥാപിച്ചതും അന്നത്തെ ക്രിസ്ത്യാനികള്‍ക്ക് അവിശ്വസനീയമായിരുന്നു.
മധ്യകാലഘട്ടത്തിലും ആധുനിക യുറോപ്പ്യന്‍ സാഹിത്യത്തിലും മുഹമ്മദിന്റെ പ്രതിച്ഛായ മോശമാക്കിയതിനെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാനുള്ള ശ്രമമല്ലിത്. ഭൂമിയില്‍ ഏറ്റവും വിജയകരമായ വിശ്വാസ സംഹിതകളിലൊന്നിനു ബീജാവാപം നല്‍കിയ മനുഷ്യനെ കുറിച്ച് കാര്യമായി പഠിക്കുവാന്‍ പാശ്ചാത്യലോകത്തിനു കഴിഞ്ഞിട്ടില്ല എന്ന നെഗറ്റിവ് വിലയിരുത്തല്‍ ഇത് വരെ ഉണ്ടായിട്ടില്ല. അദ്ധേഹത്തിന്റെ പ്രതിച്ഛായ ചരിത്രത്തിലും, നാടകങ്ങളിലും, കവിതകളിലും, തത്വ ചിന്തകന്മാരിലും പ്രതിഫലിച്ചതിനെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഒരു വലിയ വോള്യം തന്നെ ആവശ്യമായി വന്നിരിക്കുന്നു.
അടുത്തകാലത്തായി മുസ്‌ലിംകള്‍ക്കിടയിലെ സ്വയാവബോധം, ഇസ്‌ലാമിനെ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമായി പരിഗണിച്ചിരുന്ന പാശ്ചാത്യലോകത്തിനു മുന്നില്‍ അദ്ഭുതമായി തീര്‍ന്നിരിക്കുന്നു. എന്നിരുന്നാലും ഈ പുതിയ സ്വയാവബോധം മുസ്‌ലിംകളിലേക്ക് ഇറങ്ങി ചെന്ന് അവരുടെ പ്രധാന മൂല്യങ്ങളെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും മതപരവും സാമൂഹികവുമായ അടിസ്ഥാന ആശയങ്ങളെകുറിച്ച് പഠിക്കാനും പാശ്ചാത്യ ലോകത്തെ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ പ്രവാചകനെ എത്രമാത്രം ആദരവോടെയാണ് കാണുന്നതെന്ന് ചിത്രീകരിക്കാനുള്ള ശ്രമത്തെ അതിന്റെ ഏകദേശ ചിത്രം ചരിത്രപരമായി ശരിയല്ലങ്കിലും സാധൂകരിക്കുകയും അവര്‍ക്കിടയിലെ പ്രവാചകന്റെ അതിരില്ലാത്ത സ്വാധീനത്തെ പ്രതിഫലിപ്പിക്കാനും സാധിക്കും. ഒരു അമുസ്‌ലിം വായനക്കാരന് അറേബ്യയിലെയും പേര്‍ഷ്യയിലെയും തുര്‍ക്കിയിലെയും ആഫ്രിക്കയിലെയും ഇന്ത്യയിലെയുമുള്ള മുസ്‌ലിം കവികളും മതപണ്ഡിതരും പ്രവാചകനെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നും അവരുടെ പരസ്പര വിശ്വാസവും ഊഷ്മളതയും മനസ്സിലാക്കുവാനും ഇതുവഴി സാധിക്കും. ഓരോ മുസ്‌ലിമിനും പ്രവാചകനും പ്രവാചകന്റെ പ്രവൃത്തികളും ചര്യകളും ജീവിതത്തില്‍ പകര്‍ത്തേണ്ട മഹനീയ മാതൃകയാണെന്നും ജ്വലിക്കുന്ന പ്രകാശം എന്ന മുഹമ്മദിന്റെ ദൈവീകാനുഭൂതിയും, ‘പരിപൂര്‍ണ മനുഷ്യന്‍’ എന്ന ദൈവികതയോളമെത്തുന്ന സ്ഥാനവും പ്രവൃത്തിയും ഒരു അമുസ്‌ലിം വായനക്കാരനെ തെല്ലൊന്നുമല്ല അമ്പരപ്പിക്കുന്നത്. മനുഷ്യപിതാവായ ആദമില്‍ നിന്നും ആരംഭിച്ച പ്രവാചകത്വ പരമ്പരയുടെ അവസാന കണ്ണിയായ മുഹമ്മദിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അവസാനമായി ദൈവീക ബോധനം ലഭിച്ചുവെന്നതും, അത് നേരത്തെ ലഭിച്ച മുഴുവന്‍ ദൈവീക ബോധനതിന്റെയും രത്‌നച്ചുരുക്കമാണെന്നതും അതിലുപരി അതിനെ ആദിമ വിശുദ്ധിയിലേക്ക് തിരിച്ചു കൊണ്ടുവന്നു എന്നതും പ്രാധാന്യമര്‍ഹിക്കുന്നതാണ്.
വില്‍ഫ്രെഡ് കേന്റ്റുവെല്‍ സ്മിത്ത് (Wilfred Cantwell Smith) പറഞ്ഞത് എത്ര വാസ്തവം, അദേഹം പ്രസ്താവിച്ചു: ‘മുസ്‌ലിംകള്‍ അള്ളാഹുവിനെ ആക്ക്രമിക്കാന്‍ അനുവദിക്കും; ഒരുപാട് യുക്തിവാദികളും യുക്തിവാദി പ്രസിദ്ധീകരണങ്ങളും പ്രസ്ഥാനങ്ങളുമുണ്ട്, പക്ഷെ മുഹമ്മദിനെ നിസ്സാരമാക്കുന്നത് മുസ്‌ലിംകള്‍ക്കിടയിലെ ഏറ്റവും വലിയ ലിബറല്‍ വിഭാഗത്തെപോലും പ്രകോപിതരാക്കും’. തീര്‍ച്ചയായും, 1978 അവസാനത്തില്‍ പാകിസ്താനില്‍ നിസാം-ഇ മുസ്തഫയുടെ തത്വസംഹിത- തിരഞ്ഞെടുക്കപ്പെട്ട കല്‍പ്പനകള്‍ (അതായത്, പ്രവാചകന്‍) എല്ലാ പ്രവൃത്തികള്‍ക്കും വേണ്ടിയുള്ള ഒരു മാര്‍ഗനിര്‍ദേശമായി പുറത്തിറക്കിയപ്പോള്‍ ഇതിനെതിരെ ഒറ്റപെട്ട ചില ശബ്ദങ്ങള്‍ ഉയര്‍ന്നുവന്നു. കറാച്ചി ഭാഗത്ത് നിന്നുള്ള മുഹമ്മദ് ഇസ്മായില്‍ എന്നയാള്‍ ഏകദേശം പകുതി പേജ് വരുന്ന ഒരു പ്രതികരണം രാജ്യത്തെ ഏറ്റവും പ്രചാരമുള്ള പത്രത്തില്‍ ‘മഹത്തരമായ മണ്ടത്തരം’എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചു. ഇതില്‍ പ്രവാചകന്റെ അധ്യാപനങ്ങളെ കുറിച്ച് ഒരു തുറന്ന ചര്‍ച്ച നടത്തുന്നതിന് മുമ്പേ പ്രവാചകന്റെ സ്ഥാനം നിര്‍വചികാന്‍ ആഗ്രഹിച്ചവരെ എഴുത്തുകാരന്‍ കാര്യമായി കൈകാര്യം ചെയ്തു. അതിന്റെ കേന്ദ്ര വാചകങ്ങള്‍ ഇങ്ങനെയായിരുന്നു:
പ്രവാചകന്റെ മഹനീയത അളക്കാനും നിര്‍വചികാനും ആര്‍ക്കാണാവുക? ഇത്തരം നികൃഷ്ടന്മാര്‍ അവരുടെ കേവല താല്‍പര്യത്തിനു വേണ്ടി പാകിസ്താനിലെ കോടി കണക്കിന് മുസ്‌ലിംകള്‍ അള്ളാഹുവിനെയും പ്രവാചകനെയും കുറിച്ച് അഞ്ജരാണെന്നു അനുമാനിച്ചു. പാകിസ്താനില്‍ ഇസ്‌ലാമിനെ കുറിച്ച് ഒരക്ഷരം പറയുന്നതിന് മുമ്പേ സര്‍വ്വ ശക്തനായ അള്ളാഹുവിന്റെ സ്ഥാനം നിര്‍ണയിക്കണമെന്നു പറഞ്ഞാല്‍ തന്നെ നാം അത്ഭുതപ്പെടെണ്ടതില്ല.
ദൈവത്തിനു ശേഷം പ്രഥമ സ്ഥാനം പ്രവാചകനാണെന്നത് പ്രവാചകന്റെ മഹത്വം നന്നായറിയുന്നവരൊക്കെയും തര്‍ക്കമറ്റതും സ്ഥിരീകരിച്ചതുമാണ്. പ്രസിദ്ധ കവിയും സന്യാസി വര്യനുമായ ഷെയ്ഖ് സാദി ഇക്കാര്യം വളരെ മനോഹരമായി ബാദ് അസ് ഖുദാ ബുസുര്ഗ് തൂ ഖിസ്സാ മുഖ്തസര്‍, ‘ചുരുക്കത്തില്‍, ദൈവത്തിനു ശേഷം താങ്കളാണ് ഏറ്റവും മഹാന്‍ എന്ന കൃതിയില്‍ കൂടി വ്യക്തമാക്കുന്നുണ്ട്.
യൂറോപ്പില്‍, മുഹമ്മദ് ഒരു വിഗ്രഹാരാധകന്‍ ‘ഇരുട്ടിന്റെ ആത്മാവ്’ എന്നൊക്കെ മനസ്സിലാക്കപ്പെടുമ്പോഴും, പതിനെട്ടാം നൂറ്റാണ്ടു തൊട്ടെ അദ്ധേഹത്തിന്റെ ചരിത്രപരമായ പാശ്ചാതലം പഠനവിധേയമായിട്ടുണ്ട്. അദ്ദേഹം പൊതുവേ ആന്റി ക്രൈസ്റ്റ്, അല്ലങ്കില്‍ ക്രൈസ്തവ വിരോധിയെന്നുമൊക്കെ ചിത്രീകരിക്കപ്പെടാറുണ്ടെങ്കിലും നവോത്ഥാന കാലത്തെ ചില തത്വചിന്തകര്‍ക്ക് ത്രികേയത്വത്തെയും രക്ഷാശാസ്ത്രത്തെയും കുറിച്ചുള്ള ഊഹങ്ങള്‍ ഇല്ലാതിരുന്നിട്ടും പ്രവാചകന്‍ ശക്തവത്തായ പൗരോഹിത്യം ഇല്ലാത്ത യുക്തി സമ്പുഷ്ടമായ ഒരു മതത്തിന്റെ പ്രയോക്താവായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ പാശ്ചാത്യര്‍ യൂറോപ്പില്‍ തന്നെ അല്‍പാല്‍പ്പമായി ലഭ്യമായി തുടങ്ങിയിരുന്ന ക്ലാസ്സിക്കല്‍ അറബി ഉറവിടങ്ങള്‍ പഠിക്കാന്‍ തുടങ്ങി. എന്നിരുന്നാലും, അക്കാലങ്ങളില്‍ എഴുതപ്പെട്ടിരുന്ന പ്രവാചക ചരിത്രം പോലും മുന്‍ധാരണകളാല്‍ നിറഞ്ഞതായിരുന്നു. ഭക്തനായ ഒരു മുസ്‌ലിമിന്റെ കണ്ണിലെ പ്രവാചകന്റെ സ്ഥാനത്തെ മനസ്സിലാക്കുന്നതില്‍ ഒരു തരത്തിലും നീതി പാലിച്ചിട്ടുണ്ടായിരുന്നില്ല. ഇന്ത്യയിലേതു പോലുള്ള ബ്രിട്ടീഷ് വിദ്യാഭാസ സ്ഥാപനങ്ങളിലും മിഷനറി സ്‌കൂളുകളിലും പ്രചരിപ്പിക്കപ്പെട്ടിരുന്ന അവരുടെ പ്രിയപ്പെട്ട പ്രവാചകന്റെ യൂറോപ്യന്‍ ചിത്രീകരണത്തോട് അദ്ധേഹത്തെ വളരെയധികം അടുത്തറിഞ്ഞ മുസ്‌ലിംകള്‍ വളരെ ഭീകരമായി പ്രതികരിച്ചത് മനസ്സിലാക്കാവുന്നതേയുള്ളൂ. മുസ്‌ലിംകള്‍ എന്ന നിലക്ക് ഈ രീതിയിലുള്ള ക്രൈസ്തവ
മനോഭാവത്തെ അവര്‍ വെറുക്കുമ്പോള്‍ തന്നെ അന്ത്യ പ്രവാചകന് മുമ്പ് അവതരിച്ച യേശു പ്രവാചകനോടും, അദ്ധേഹത്തിന്റെ മാതാവ് മറിയമിനോടും പ്രവാചകനോട് കാണിക്കുന്ന അതെ സ്‌നേഹം നല്‍കാന്‍ അവര്‍ക്ക് കഴിയുന്നില്ലല്ലോ എന്ന ഒരു അമ്പരപ്പുണ്ടെനിക്ക്. പ്രവാചന്റെ വക്ക്രീകരിക്കപ്പെട്ട ചിത്രമാണ്, ബ്രിട്ടീഷുകാരോടുള്ള മുസ്‌ലിംകളുടെ പ്രത്യേകിച്ചും ഇന്ത്യന്‍ മുസ്‌ലിംകളുടെ വെറുപ്പിനുള്ള പ്രധാന കാരണം.
വില്യം മൂറിന്റെ ‘ലൈഫ് ഓഫ് മുഹമ്മദ്’ പോലുള്ള പുസ്തകത്തോടുള്ള മുസ്‌ലിംകളുടെ പ്രതികരണം പ്രവാചകന്റെ ചരിത്രപരമായ സ്ഥാനം പഠിക്കാന്‍ കാരണമായിത്തീര്‍ന്നു. നൂറ്റാണ്ടുകളായി പ്രചരിച്ച വര്‍ണാഭമായ കെട്ടുകഥകള്‍ക്കും ഇതിഹാസ കഥകള്‍ക്കുമിടയില്‍ അദ്ധേഹത്തിന്റെ ചരിത്രപരമായ വ്യക്തിത്വം അപ്രത്യക്ഷമായിപ്പോകേണ്ടതായിരുന്നു. കേവല സത്യങ്ങള്‍ പൊതുവേ കൂടുതലായി പര്‍വതീകരിക്കപ്പെടുകയും, അവക്കിടയിലെ ചരിത്ര സത്യങ്ങള്‍ നഷ്ടപ്പെട്ടു പോകുകയുമായിരുന്നു. പാശ്ചാത്യ പ്രോട്ടസ്റ്റന്റ്കാര്‍ക്കിടയില്‍ ഉയര്‍ന്നു വന്ന ലീബന്‍ യേശു ഫോര്‍ശങ്ക് (ചരിത്രപുരുഷന്‍ ജീസനിനു വേണ്ടിയുള്ള അന്വേഷണം) താല്പര്യം മുസ്ലിം ഇന്ത്യയിലും സമാന്തരമായി പ്രവാചകന്റെ ജീവിതം പഠിക്കാനുള്ള പുതിയ താല്‍പര്യത്താല്‍ ഒരുപാട് എഴുത്തുകള്‍, അവയില്‍ അന്ധവിശ്വാസപരമായ നിലവാരം കുറഞ്ഞവ ഉണ്ടായിരുന്നെങ്കിലും സൃഷ്ടിക്കപ്പെട്ടു. 1897ല്‍ പ്രസിദ്ധീകരിച്ച സയ്യിദ് അമീര്‍ അലിയുടെ പ്രവാചകന്റെ ജീവിതവും അധ്യാപനങ്ങളും/ ഇസ്‌ലാമിന്റെ ആത്മാവ് (ലൈഫ് ആന്‍ഡ് ടീച്ചിംഗ് ഓഫ് മുഹമ്മദ്/ദ സ്പിരിറ്റ് ഓഫ് ഇസ്‌ലാം) വരും വര്‍ഷങ്ങളില്‍ പുരോഗതി പ്രാപിക്കേണ്ട ആധുനിക ഇസ്‌ലാമിക പ്രവാചക ജീവചരിത്രത്തിന്റെ ഒരു സൂചകം തുറന്നു തന്നു.
ഇസ്‌ലാമിക ജീവിതത്തിലും സംസ്‌കാരത്തിലും പ്രവാചകന്റെ സ്ഥാനം ചര്‍ച്ചചെയ്യുന്ന മുസ്‌ലിം ഗ്രന്ഥകാരന്മാരാല്‍ എഴുതപ്പെട്ട പ്രവാചക വ്യക്തിത്വതെ പ്രകാശിപ്പിക്കുന്ന വ്യത്യസ്ത വീക്ഷണങ്ങള്‍ ഉള്‍കൊള്ളുന്ന പ്രവാചകന്റെ ജീവചരിത്രവും ചര്‍ച്ചകളും പാശ്ചാത്യ ഭാഷകളില്‍ ഇന്ന് സുലഭമാണ്. തന്റെ ജീവിതകാലം മുഴുവന്‍ യഥാര്‍ത്ഥ അറബി ഉറവിടങ്ങളില്‍ നിന്നും അഗാധമായ ഭക്തിയിലൂടെയും
പഠിച്ചെടുക്കുകയും ചെയ്ത മുഹമ്മദ് ഹമീദുള്ളയുടെ ‘ഇസ്‌ലാമിലെ പ്രവാചകന്‍’ എന്ന പുസ്തകത്തിലൂടെ
ഒരു ഭക്തനായ മുസ്‌ലിമിന് പ്രവാചക ജീവിതം അനുഭവേധ്യമാകുന്നത് എങ്ങനെയെന്ന് ചിത്രീകരിച്ചിരിക്കുന്നു. പാശ്ചാത്യ യൂണിവേഴ്‌സിറ്റികളില്‍ നിന്നാണ് അദ്ദേഹം പ്രധാനമായും അക്കാദമിക പരിശീലനം നേടിയത്. അതുപോലെ എമേല്‍ എസിന്റെ ‘അനുഗ്രഹീത മക്ക, പ്രകാശപൂര്‍ണമായ മദീന’ എന്ന മനോഹരമായ കൃതി പ്രവാചകന്റെ ജീവ ചരിത്രത്തിന്റെ നല്ലൊരു വിവരണവും അതിലുപരി ഏറ്റവും ആധുനികവല്‍ക്കരിക്കപ്പെട്ടതും മഹത്തായ സംസ്‌കാര സമ്പുഷ്ടവുമായ തുര്‍ക്കിയില്‍ നിന്നുള്ള
ഒരു വനിതയുടെ മദീനയിലെ പ്രവാചകന്റെ റൗളാ ശരീഫിനെ കുറിചുള്ള അത്വുജ്ജലവുമായ വിവരണവുമാണ്. മാര്‍ട്ടിന്‍ ലിംഗ്‌സിന്റെ ‘മുഹമ്മദ്: പ്രവാചകന്റെ ചരിത്രം പുരാതന സ്രോതസ്സുകളില്‍ ചിത്രീകരിക്കപ്പെട്ടത്’ (Muhammad, a life of the Prophet as depicted in the oldest sources) എന്ന കൃതി നന്നായി എഴുതപ്പെട്ടതും ഈ വിഷയത്തിലേക്കൊരു കാര്യമായ മുഖവുരയുമാണ്. ഒരുപാട് പ്രസിദ്ധീകരണങ്ങളില്‍ നിന്നും എടുത്തുപറയാവുന്ന ഉദാഹരണങ്ങളാണ് ഈ മൂന്നു കൃതികളും.
മുസ്‌ലിംകളല്ലാത്ത യൂറോപ്യന്‍ എഴുത്തുകാരാല്‍ അടുത്തിടെ എഴുതപ്പെട്ട പ്രവാചകന്റെ ജീവചരിത്രങ്ങള്‍ തീര്‍ച്ചയായും മുന്‍കാല എഴുത്തുകാരേക്കാള്‍ വ്യക്തവും അദ്ധേഹത്തിന്റെ വ്യക്തിത്വതെ കൂടുതല്‍ സാധൂകരിക്കാന്‍ ശ്രമിച്ചിട്ടുള്ളതുമാണ്. ഡബ്ല്യു. മോണ്ട്‌ഗോമറി വോട്ടിന്റെ(W.Montgomery Watt) ‘മുഹമ്മദ്, പ്രവാചകന്‍- രാഷ്ട്രശില്‍പി’ എന്ന പഠനമായിരിക്കാം ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ട കൃതി. ഏറ്റവും അവസാനം പുറത്തിറങ്ങിയതും ഏറ്റവും കൂടുതല്‍ വിവാദം വിളിച്ചു വരുത്തിയതുമായ ഗുന്‍തര്‍ ലൂലിംഗിന്റെ Die Wiederentdeckung des Propheten Muhammad എന്ന കൃതി ഇവിടെ പരാമര്‍ശവിധേയമാണ്. ഈ കൃതിയില്‍ മക്കയില്‍ നിലനിന്നിരുന്ന ഹെലനൈസ്ട് ക്രൈസ്തവക്കെതിരിലും സെമിറ്റിക് മതങ്ങളായ ജൂത-ക്രൈസ്തവതയുടെ വിശുദ്ധമായ പാരമ്പര്യത്തിലും അതിന്റെ തുടര്‍ച്ചക്കുവേണ്ടി അവതരിച്ച ഒരു ആന്‍ഗ്ലിക്ക് പ്രവാചകനായി മുഹമ്മദിനെ ചിത്രീകരിച്ചിരിക്കുന്നു. ഇസ്‌ലാം ക്രൈസ്തവ വിരുദ്ധമാണ് എന്നുള്ള കാലങ്ങളോളമായുള്ള പഴകി ദ്രവിച്ച ക്രൈസ്തവ ആരോപണം പ്രവാചകനോട് കൂടുതല്‍ മമത ജനിക്കുമാറുള്ള ഒരു പുതിയ ചിന്തയാണിതെന്നാണു അഡോള്‍ഫ് വോണ്‍ ഹാര്‍നാക്ക് (Adolf von Harnack) ഈ വായനയോട് പ്രതികരിച്ചത്.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവാചകന്റെ ജീവചരിത്രകാരന്‍ കൂടിയായ മാക്‌സിം റോഡിന്‍സണ്‍ പാശ്ചാത്യലോകത്തെ ഇസ്‌ലാം പഠിതാക്കള്‍ക്ക് വേണ്ടി പ്രവാചകപഠനത്തിനു വ്യത്യസ്ത സമീപനങ്ങളുടെ വളരെ പ്രയോജനപ്രദമായ ഒരു സര്‍വേ പുറത്തിറക്കിയിരുന്നു. പക്ഷെ ഈ ചിന്തകരില്‍ ഒരാള്‍ മാത്രമാണ് ഇസ്‌ലാമിലെ ഭക്തിപാരമ്പര്യത്തില്‍ മുഹമ്മദിന്റെ പങ്ക് എന്തെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ചത്. സൂഫിസത്തെ കുറിച്ചുള്ള വ്യത്യസ്ത പഠന നിരൂപണങ്ങള്‍ ആണെങ്കിലും ടോര്‍ ആന്ദ്രെയുടെ Die person Muhammad’s in lehre und glaube seiner Gemeinde (1918) എന്ന കൃതി മാത്രമാണ് ഈ വിഭാഗത്തില്‍ ഒരു കാര്യപ്പെട്ട പഠനം എന്ന നിലക്ക് ഇന്ന് പോലും എടുത്തു പറയാനുള്ളത്. ഇസ്‌ലാമിസ്റ്റുകള്‍ക്കിടയില്‍ പോലും ഈ കൃതി അത്ര പരിചിതമല്ല. അന്ദ്രേയുടെ പ്രധാനപ്പെട്ട ഈ പുസ്തകം പുറത്തു വന്നതിനു തൊട്ടുമുമ്പ് ആനുകാലികവും ക്ലാസ്സിക്കലുമായ ഉറവിടങ്ങളെ മാത്രം ആശ്രയിച്ച് ജര്‍മന്‍ ചിന്തകനായ മാക്‌സ് ഹോര്‍ടെന്‍ പ്രസിദ്ധീകരിച്ച Die religiose Vorstellungswelt des Volkes im Islam എന്ന കൃതി ഏറെക്കുറെ വിസ്മൃതിയിലേക്ക് വീണു പോയിരുന്നു. ഒരു ജനകീയമായ മതത്തില്‍ പ്രവാചകന്റെ ശ്രേഷ്ഠതക്ക് വളരെയധികം ഉദാഹരണങ്ങള്‍ ഈ കൃതിയില്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. അര നൂറ്റാണ്ടിനു ശേഷം ഹെര്‍മന്‍ സ്റ്റീഗ്ലെക്കെര്‍ (Hermann Stieglecker) ദൈവ ശാസ്ത്രത്തില്‍ മുഹമ്മദിന്റെ പങ്കിനെ കുറിച്ചും ഭക്തിയെ കുറിച്ചും Die Glaubenslehren des Islam (1964) എന്ന കൈപുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്.
ഇംഗ്ലീഷ് കൃതികളില്‍ കോണ്‍സ്റ്റന്‍സ് ഇ. പാഡ്വിക്കിന്റെ (Constance E. Padwick) Muslim Devotions (1960) എന്ന ഗ്രന്ഥം, പ്രവാചകന്‍ മുഹമ്മദ് കരസ്ഥമാക്കിയിട്ടുള്ള ഉന്നത സ്ഥാനവും പ്രാര്‍ഥനാനിര്‍ഭരമായ ജീവിതവും ഉള്‍പ്പെടെ മുസ്‌ലിം ഭക്തിയുടെ ഹൃദയഹാരിയായ വിവരണം വായനക്കാര്‍ക്ക് നല്‍കുന്നു. മുസ്‌ലിം മത ജീവിതത്തെ കുറിച്ചുള്ള ഈ പുസ്തകം ഒരേ സമയം വിജ്ഞാനപ്രദവും, മനോഹരവും, ഇസ്‌ലാമിക ലോകത്ത് ലഭ്യമായ പ്രാര്‍ത്ഥനാപുസ്തകത്തില്‍ നിന്നും ഭക്തി ഗ്രന്ഥത്തില്‍ നിന്നും പ്രവാചക ശ്രേഷ്ഠതയെ കുറിച്ച് നിരവധി വസ്തുതകള്‍ അടങ്ങിയതുമാണ്. എന്റെ അഭിപ്രായത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട ഏറ്റവും നല്ല മുഖവുര ഇതാണ്. ആര്‍തെര്‍ ജെഫ്രി തന്റെ ‘റീഡര്‍ ഓണ്‍ ഇസ്‌ലാം’ എന്ന കൃതിയില്‍ മുഹമ്മദിന്റെ ജീവിതവും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട അറബി വിവരണത്തിന്റെ തര്‍ജ്ജമ നല്‍കിയിട്ടുമുണ്ട്.
എന്നിരുന്നാലും പ്രവാചക സ്‌നേഹം വളരെ മനോഹരവും ഉജ്ജ്വലമായും പ്രകാശിപ്പിക്കുന്ന ‘ഇസ്‌ലാമിക ജനതയുടെ കാവ്യഭാഷ’ യെകുറിച്ച് ഈ ഗ്രന്ഥകാരന്മാരില്‍ ആരും തന്നെ പ്രതിപാദിച്ചിട്ടില്ല. ക്ലാസ്സിക് ഭാഷകളായ അറബി, പേര്‍ഷ്യന്‍, ഒട്ടോമന്‍ തുര്‍ക്കി എന്നിവയില്‍ മാത്രമല്ല വ്യത്യസ്ത ഇസ്‌ലാമിക നാട്ടു ഭാഷകളിലെ ജനകീയമായ കവിതകളും ശ്രദ്ധിക്കപ്പെടേണ്ടവയാണ്. ചെറുപ്പക്കാലം തൊട്ടേ കുഞ്ഞുങ്ങള്‍ പ്രവാചക സ്‌നേഹം അറിഞ്ഞു വരുന്നത് ഇത്തരം കവിതകളിലൂടെയാണ്. ഇത്തരം കവിതകള്‍ മുസ്‌ലിം ജനതയുടെ മനസ്സില്‍ ലോകാവസാന നാളില്‍ തങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്ന പ്രവാചകന്‍മാരില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ട പ്രവാചകന്റെ പ്രതിരൂപം മനസ്സില്‍ രൂപപെടുത്താന്‍ സഹായിക്കുന്നവയാണ്. ഇക്കാലത്ത് മുസ്‌ലിം കുട്ടികള്‍ പരമ്പരാഗതമായി തങ്ങള്‍ക്കു ലഭിച്ച ഭാവനയെ അധികരിച്ച് പ്രവാചകനോടുള്ള തങ്ങളുടെ സ്‌നേഹവും വിശ്വാസവും പ്രകടിപ്പിക്കാന്‍ കൊച്ചു കൊച്ചു കവിതകള്‍ എഴുതാന്‍ ഇഷ്ടപ്പെടുന്നവരാണ്. അവരുടെ കാരണവന്മാര്‍ പ്രവാചക വചനങ്ങള്‍ മാറ്റത്തിന്റെയും ഊര്‍ജ്വസ്വലതയുടെയും സാമൂഹിക നീതിയുടെയും ജനാധിപത്യത്തിന്റെയും ബൗദ്ധിക നിലവാരത്തിന്റെയും സന്ദേശമായി വ്യാഖാനിക്കുന്നവരുമാണ്.
ജൈംസ് ഇ. റോയ്‌സ്‌റ്റെര്‍ (James E. Royster) വളരെ പ്രധാനപ്പെട്ട ഒരു ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചത് പോലെ പ്രവാചകന്റെ വ്യത്യസ്തമായ പ്രതിരൂപം മത ചരിത്രകാരന്‍മാര്‍ക്ക് താരതമ്യേന, പഠനത്തിന്റെ വളരെ സമ്പന്നമായ സ്രോതസാണ് നല്‍കുന്നത്. മറ്റു മത പാരമ്പര്യങ്ങളുടെ സ്ഥാപന ശില്‍പ്പികളുടെ ജീവിതത്തിനു സമാന്തരമായി പ്രവാചകന്റെ ശ്രേഷ്ഠത ക്രൈസ്തവര്‍ അല്ലങ്കില്‍ ഹെലനിസ്‌റ്‌റിക്ക് ഗ്‌നോസ്റ്റിക്ക് (Hellenistic-Gnostic) ആശയങ്ങളുമായി സാമ്യതയും അതില്‍ നിന്നുള്ള സ്വാധീനവും ദര്‍ശിക്കാന്‍ കഴിയും. ഇസ്‌ലാം നല്‍കുന്ന പ്രവാചകനോടുള്ള ഭക്ത്യാദരപൂര്‍വമായ സ്‌നേഹം മന:ശാസ്ത്രജ്ഞന്‍മാര്‍ക്കും, ഫിനോമിനോളജിസ്റ്റുകള്‍ക്കും വളരെ താല്‍പര്യമുണര്‍ത്തുന്ന പഠനാര്‍ഹമായ ഉദാഹരണമാണ്. ഖുര്‍ആന്‍ കൂടാതെ മുസ്‌ലിമിന്റെ ജീവിതത്തിലെ കേന്ദ്ര സ്ഥാനം തീര്‍ച്ചയായും മുഹമ്മദിന്റെ വ്യക്തിത്വത്തിനുമുണ്ടെന്നും ഏവരും അംഗീകരിക്കുന്നു. മുഹമ്മദ് ദൈവത്തിന്റെ ദൂതന്‍ ആണെന്ന് കൃത്യമായി വിശ്വസിക്കുകയും ആ വിശ്വാസം മുറുകെ പിടിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് പ്രവാചകന്‍ എന്നെന്നും ‘മനോഹരമായ മാതൃകയായി’ (സൂറ: 33:22) നിലകെള്ളും.
വിവര്‍ത്തനം- അബ്ദുറഹ്മാന്‍ പുന്നോടി
Connect
Connect with us on the following social media platforms.