banner ad
March 1, 2013 By കെ.എസ് ഷമീര്‍ 0 Comments

മൗലിദ്: റഷീദ് റിദ എഴുതിയതിനുമപ്പുറം

ചൊല്ലിപ്പാടുന്ന മൗലിദിന്റെ അര്‍ത്ഥം ഞങ്ങള്‍ കുട്ടികള്‍ക്ക് അറിയില്ലായിരുന്നു. മനോജ്ഞമായ ആ കാവ്യങ്ങളുടെ അര്‍ത്ഥമെന്തെന്ന് മുതിര്‍ന്നവരോട് ചോദിച്ചപ്പോള്‍, അവര്‍ നിരുല്‍സാഹപ്പെടുത്തുകയാണ് ചെയ്തത്: ‘അതിന് നിനക്ക് ഖുര്‍ആനിന്റെ അര്‍ത്ഥവും അറിയില്ലല്ലോ മോനേ? ‘എല്ലാ അര്‍ത്ഥങ്ങളുടെയും വെളിയിലാണ് അര്‍ത്ഥം നില നില്‍ക്കുന്നത്’. അങ്ങിനെ സന്ദേഹത്തോടെ ഞങ്ങള്‍ പാടി. വാസ്തവത്തില്‍ മുതിര്‍ന്നവര്‍ക്കും മൗലീദിന്റെ അര്‍ത്ഥം അറിയില്ലായിരുന്നു.

mowlid1

ഞങ്ങള്‍ വളര്‍ന്നു വലുതായി. ഞങ്ങളില്‍ ചിലര്‍ മൗലിദിന്റെ അര്‍തഥമറിയാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു. എല്ലാ ചോദ്യങ്ങളില്‍ നിന്നും തലയൂരുന്ന നിശ്കളങ്കരായ ആ മുതിര്‍ന്ന മനുഷ്യരില്‍ നിന്നും വ്യത്യസ്തമാകുവാന്‍ അവര്‍ ആശിച്ചു. ഒരു പാരമ്പര്യത്തിനും ഒട്ടകപ്പക്ഷിയെ പോലെ തലയൊളിപ്പിച്ച് ജീവിക്കാനാവില്ല. അതേസമയം, പാരമ്പര്യത്തിലെ അര്‍ത്ഥശൂന്യമായ ചടങ്ങുകളെ കുറിച്ച് തുടര്‍ച്ചയായി ചോദ്യമുന്നയിക്കുന്ന സംവാദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആധുനികതയുടെ തുടര്‍ച്ചയായി കടന്നു വന്ന സംവാദങ്ങളായിരുന്നില്ല അവ. പ്രചുരമായി പ്രചരിക്കുകയും, വിമര്‍ശന വിധേയമാക്കാതെ അംഗീകരിക്കപ്പെടുകയും ചെയ്ത കേരള നവോത്ഥാനത്തോടും, ഇസ്‌ലാമിനോടും കൂറ് പുലര്‍ത്തിയിരുന്ന മുസ്‌ലിം നവീകരണ പ്രസ്ഥാനങ്ങള്‍ പരമ്പരാഗതമായ ആചാരങ്ങളെയും മൗലിദ് മാലാ കീര്‍ത്തനങ്ങളെയും ശക്തമായി വിമര്‍ശിച്ചു. സൗദി അറേബ്യയിലെ വഹാബി പ്രസ്ഥാനത്തോട് അകന്ന് നിന്ന് നവീകരണ സംവാദങ്ങളെ തങ്ങളുടെ പ്രധാന അജണ്ടയായി സ്വീകരിച്ച കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പാരമ്പര്യത്തിന്റെ അര്‍ത്ഥങ്ങളെ കുറിച്ചുള്ള ഞങ്ങളുടെ അന്വേഷണത്തെ ഏറെ സഹായിച്ചിട്ടുണ്ട്.

പിന്നീട് ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര സ്ഥാനത്തെത്തി. പാരമ്പര്യവുമായി ബന്ധപെട്ട മൗലിദ് പോലുള്ള ‘പരുക്കന്‍’ ആചാരങ്ങള്‍ ജമാഅത്തിന്റെ സ്വത്വര ശ്രദ്ധയില്‍ ഉണ്ടായിരുന്നില്ല. സാമൂഹിക രാഷ്ട്രീയ നവീകരണമായിരുന്നു ജമാഅത്ത് ഉന്നമിട്ടിരുന്നത്. പക്ഷെ അപ്പോഴും ‘മൈക്കിനു മുന്‍പില്‍ കഴുതകളെ പോലെ ഓരിയിടുന്ന ആളുകളെയും, മൗലിദ് ഘോഷയാത്രകള്‍ കൊണ്ട് റോഡില്‍ വഴി തടസ്സം സൃഷ്ടിക്കുന്നവരെയും ഗൂഢ മന്ദസ്മിതത്താല്‍ അവര്‍ പരിഹസിച്ചിരുന്നു.

അറബി ഭാഷയുടെ അടിസ്ഥാന വ്യാകരണം പഠിച്ചതിനു ശേഷം ഞാന്‍ പൂര്‍ണ്ണമായി വായിച്ചു ഗ്രഹിച്ച അറബി രേഖ ഞങ്ങള്‍ പണ്ട് mqdefault-300x168ചൊല്ലിപ്പാടിയിരുന്ന മന്‍ഖൂസ് മൗലിദ് ആയിരുന്നു (അപൂര്‍ണ്ണമായ മൗലിദ് എന്ന് ഗ്രന്ഥകാരന്‍ പേര് നല്‍കിയത് വിനയം കൊണ്ടാവണം). മന്‍ഖൂസ് മൗലീദിന്റെ ഘടന കഥകളും (ഹികായത്ത്) തുടര്‍ന്ന് വരുന്ന സ്തുതി കീര്‍ത്തനങ്ങളും നിറഞ്ഞ ഒന്നായിരുന്നു. ഗദ്യകഥനങ്ങള്‍ കഥകളായത് കൊണ്ട് ചരിത്രപരമായ ആധികാരികത ഇവകള്‍ക്കുണ്ടായിരുന്നില്ല. മുഹമ്മദ് നബിയുടെ ജന്‍മത്താല്‍ ആഹ്ലാദം കൊണ്ട് ഗ്രന്ഥകാരന്‍ ഹൃദയം തുറന്നെഴുതിയ കഥനങ്ങളായിരുന്നു അവ. പ്രവാചകന്റെ ജന്‍മവുമായി ബന്ധപ്പെട്ട ആധികാരികവും സാങ്കല്‍പ്പികവുമായ വിവരണങ്ങളായിരുന്നു ഈ കഥകള്‍. മന്‍ഖൂസ് മൗലീദില്‍ ആറ് കഥകളും അത്രതന്നെ സ്തുതി കീര്‍ത്തനങ്ങളും ഉണ്ടായിരുന്നു.

വാമൊഴിയായി പ്രചരിച്ച ഈ പാരമ്പര്യങ്ങളെ പൊട്ടക്കഥകള്‍ എന്ന് വിളിച്ചു അടുക്കാതെ അകന്നു പോയവര്‍ പല കഥകളും കേട്ട് ഞെട്ടി. ഉദാഹരണമായി മന്‍ഖൂസ് മൗലിദിലെ ഒന്നാമത്തെ ഹികായത്തില്‍, പ്രവാചകന്‍ തന്റെ അഭൗമികമായ ജന്‍മത്തെ കുറിച്ചും വംശാവലിയെ കുറിച്ചും ഇപ്രകാരം വിവരിക്കുന്നത്.

‘ദൈവം ആദമിനെ സൃഷ്ടിക്കുന്നതിനു രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ദൈവത്തിങ്കല്‍ ഒരു പ്രകാശമായിരുന്നു. ദൈവത്തിന്റെ സ്തുതി ഗീതങ്ങള്‍ ആ പ്രകാശവും ദൈവത്തിന്റെ മാലാഖമാരും വാഴ്ത്തി പാടുമായിരുന്നു. ദൈവം ആദമിനെ സൃഷ്ടിച്ചപ്പോള്‍ ആ പ്രകാശത്തെ കളിമണ്ണില്‍ നിക്ഷേപിച്ചു. തുടര്‍ന്ന് ആദമിന്റെ മുതുകു വഴി എന്നെ ദൈവം ഭൂമിയിലേക്കയച്ചു. നോഹയുടെ പേടകത്തില്‍, അദ്ധേഹത്തിന്റെ മുതുകില്‍ ഞാനുണ്ടായിരുന്നു. അഗ്‌നികുണ്ഠത്തിലേക്ക് അബ്രഹാമിനെ എറിഞ്ഞപ്പോള്‍ അദ്ധേഹത്തിന്റെ മുതുകിലും ഞാന്‍ പാര്‍ത്തു. അഭിമാനികളും, കുലീനരുമായ മഹത്തുക്കളുടെ വാരിയെല്ലുകളില്‍ നിന്ന് പരിശുദ്ധരും പുണ്യവതികളുമായ മഹതികളുടെ ഗര്‍ഭാശയത്തിലേക്ക് ദൈവമെന്നെ മാറി മാറി അയച്ചുകൊണ്ടിരുന്നു. ഒടുവില്‍ മേദസ്സുകളൊന്നും സ്പര്‍ശിച്ചിട്ടില്ലാത്ത എന്റെ മാതാപിതാകളുടെ അടുക്കല്‍ ഞാനെത്തിച്ചേര്‍ന്നു’.
റ്യൂലിജ് (Routeldge) 2007 -ാമാണ്ടില്‍ ‘മുഹമ്മദ് നബിയുടെ ജനനം’ (Birth of Prophet Muhammed) എന്ന പേരില്‍ സുന്നി ഇസ്‌ലാമിലെ ഭക്തിയെ കുറിച്ച് ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷിക്കാഗോ യുനിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക പഠന വിഭാഗം അസ്സോസിയേറ്റ് പ്രൊഫസറായ മരിയന്‍ ഹോംസ് കാറ്റ്‌സ( Marian Holmes Kats) ആണ് രചയിതാവ്. മൗലിദുകളുടെ ചരിത്രം, ശൈലി, സാരാംശം എന്നിവയും മൗലിദ് വിമര്‍ശനങ്ങളുടെ ചരിത്രവുമാണ് മരിയന്‍ ഈ കൃതിയില്‍ രേഖപ്പെടുത്തുന്നത്. മുഹമ്മദ് നബിയുടെ ജന്മത്തെക്കുറിച്ച് രസകരമായ ഒരു മൗലിദ് ആഖ്യാനം ഈ കൃതി ഉദ്ധരിക്കുന്നുണ്ട്.

‘ആമിനയില്‍ നിന്നു (നിവേദനം): ‘എന്റെ പ്രസവ സമയമടുത്തപ്പോള്‍, പന മരങ്ങളോളം ഉയരമുള്ള, അബ്ദുല്‍ മനാഫിന്റെ പെണ്‍ മക്കളോട് സാമ്യമുള്ള സ്ത്രീകളെ ഞാന്‍ കണ്ടു. അവരുടെ മുഖത്തിന് തേജസുണ്ടായിരുന്നു-ഞാനന്നോളം ആരുടെ മുഖത്തും ദര്‍ശിച്ചിട്ടില്ലാത്ത തേജസ്. അവരിലൊരാള്‍ എന്റെയടുത്തേക്ക് വന്നു. അവളുടെ തോളില്‍ ചാരി പ്രസവ മുറിയിലേക്ക് ഞാന്‍ പോയി. എന്റെ വേദന തീവ്രമായി. അവരിലൊരാള്‍ എന്റെ നേര്‍ക്ക് വന്നു പാലിനേക്കാള്‍ വെളുത്ത നിറമുള്ള, ഐസിനെക്കാള്‍ തണുത്ത, തേനിനേക്കാള്‍ മധുരമുള്ള, ഒരു പാനീയം കുടിക്കാന്‍ തന്നു. അവര്‍ പറഞ്ഞു: ‘ഇത് കുടിക്കൂ’. ഞാനത് കുടിച്ചു. ‘ഇനിയും കുടിക്കൂ’ മറ്റൊരാള്‍ പറഞ്ഞു. ഞാന്‍ വീണ്ടും കുടിച്ചു. പിന്നെയവര്‍ അവരുടെ കൈകള്‍ കൊണ്ടു എന്റെ വയര്‍ തടവി. എന്നിട്ട് പറഞ്ഞു: ‘ദൈവനാമത്തില്‍, ദൈവാനുമതിയോടെ നീ പുറത്തു വരൂ, മകനെ’. പിന്നെ ആ സ്ത്രീകള്‍ എന്നോട് പറഞ്ഞു: ‘ഞങ്ങള്‍ ആസിയ-ഫറോവയുടെ ഭാര്യ, മറിയം-ഇമ്രാന്റെ മകള്‍ (യേശുവിന്റെ മാതാവ്), പിന്നെ മോഹനാംഗികളായ ഹൂറിമാര്‍ എന്നിവരാണ്.

0-300x225ശാഫി മുഫ്തിയായ അഹ്മദ് ബിനും സൈനി ദഹ്‌ലാന്‍ (മരണം 1304 ഹിജ്‌റ / 1856). ഈ കഥയുടെ  രചയിതാക്കളില്‍ (പ്രചാരകരില്‍) ഒരാളാണെന്ന് മരിയന്‍ പറയുന്നു. ദഹ്‌ലാനാകട്ടെ പ്രവാചകനെ കുറിച്ച് ആധികാരികമായ ചരിത്ര ഗ്രന്ഥം രചിച്ച ആളുമാണ്. ശാഫി കര്‍മശാസ്ത്രത്തില്‍ നിപുണനാണദ്ദേഹം. ഈ ആഖ്യാനത്തിന്റെ ആധികാരികതയില്ലായ്മ (non – canonictiy) യെക്കുറിച്ച് നല്ല പോലെ അറിയാവുന്ന ദഹ്‌ലാന്‍ ഈ ആഖ്യാനത്തെ സ്വീകരിച്ചതിനു കാരണം, ആധികാരികതയില്ലാത്തത് കൊണ്ട് ഈ കഥ വിശ്വാസത്തിനു ഭംഗമേല്‍പിക്കുന്നില്ല എന്നതാണ്. മറിച്ച് ഇസ്‌ലാമിനെ പൂര്‍വ്വ സമൂഹങ്ങളുടെ വിശ്വാസ ധാരയുമായി ഈ ആഖ്യാനം കോര്‍ത്തിണക്കുന്നുണ്ട്. ഈ ആഖ്യാനങ്ങള്‍ വിശ്വാസികളുടെ പ്രവാചക സ്‌നേഹത്തെ തീക്ഷ്ണമാക്കുകയും കാലന്തരേണ അവയ്ക്ക് അവരുടെ അനുഭവ ലോകത്തില്‍ ആധികാരികത കൈവരുകയും ചെയ്തതായി മരിയന്‍ വ്യക്തമാക്കുന്നു. മുസ്‌ലിം സാംസ്‌കാരിക ജീവിതത്തിലെ വാമൊഴി പാരമ്പര്യത്തിന്റെ ഭാഗമാണ് ഈ കഥകള്‍. എല്ലാ സാഹിത്യ രൂപങ്ങളിലും, വ്യവഹാരങ്ങളിലും ആധികാരികമായ ആഖ്യാനങ്ങളുടെ ഓരം ചേര്‍ന്ന് സാങ്കല്‍പിക കഥകള്‍ മുസ്‌ലിം സാമൂഹ്യ ജീവിതത്തില്‍ നില നിന്നതായി നമുക്ക് കാണാം. ഇസ്‌ലാമിലെ ക്ലാസ്സിക്കല്‍ ഫിക്ഹ് ഗ്രന്ഥങ്ങള്‍ എഴുതപെട്ട സാംസ്‌കാരിക പരിസരത്താണ് ആയിരത്തൊന്നു രാവുകള്‍ കമ്മീഷന്‍ ചെയ്യപ്പെട്ടതും. കഥ പറച്ചിലിന്റെയും, ഫിഖ്ഹിന്റെ്‌യും പാരമ്പര്യത്തിന്റെ കാലാനുസൃതമായ അര്‍ത്ഥശോഷണവും തുടര്‍ന്നുണ്ടായ വിരസമായ ആധികാരികവത്കരണവുമാണ് മുസ്‌ലിം ജീവിത്തിലെ സാങ്കല്പിക ലോകത്തെ തകര്‍ക്കുന്നതും മുസ്‌ലിം കല, സൗന്ദര്യബോധം, തുടങ്ങിയ മൂല്യങ്ങളെ അതിവേഗം നിഷ്‌കാസനം ചെയ്തു കൊണ്ടിരിക്കുന്നതും എന്ന് വേണമെങ്കില്‍ പറയാം.

rasheedമൗലിദ് സാഹിത്യത്തെ പരിഷ്‌കരിക്കുന്നത്തിനു വേണ്ടി റഷീദ് റിദ നടത്തിയ ശ്രമങ്ങളെ കുറിച്ച് പറഞ്ഞു കൊണ്ട് ഈ ബ്ലോഗ് അവസാനിപ്പിക്കാം. മൗലിദ് സാഹിത്യത്തിലൂടെ കഥകളുടെ അവിശ്വസനീയതയില്‍ ദുഖിതനായ റഷീദ് റിദ ഈജിപ്തിലെ സൂഫി സില്‍സിലയിലെ ഷെയ്ഖ് അഹ്മദ് ബഖ്‌രിയാല്‍ പ്രചോദിതനായി 1916-ല്‍ മൗലിദ് രചിക്കുവാന്‍ തീരുമാനമെടുത്തു. തന്റെ മൗലിദിനെ ചരിത്രപരമായ അശുദ്ധിയില്‍ നിന്ന് മോചിപ്പിക്കുവാനാണ് അദ്ദേഹം ശ്രമിച്ചത്.

‘താന്‍ ഒരു ബദല്‍ മൗലിദ് കൊണ്ട് വന്നാല്‍ അല്‍ ബഖ്‌രി അത് ഈജിപ്തിലെ ഔദ്യോഗിക മൗലിദ് ആഘോഷ വേളയിലും മറ്റു വേളകളിലും ഉപയോഗിക്കുമോ എന്ന് റിദ അദ്ദേഹത്തോട് ചോദിച്ചു. അല്‍ ബഖ്‌രി സമ്മതം മൂളി. റിദ രചനയില്‍ ഏര്‍പ്പെട്ടു. ഏറിയ പങ്കും അല്‍ ബഖ്‌രിയുടെ വീട്ടില്‍ വെച്ചാണ് രചിച്ചത്. ഇടയ്‌ക്കൊക്കെ അദ്ധേഹത്തിന്റെ നിര്‍ദേശങ്ങളും, വിമര്‍ശനങ്ങളും, ചോദിക്കാനാണ് അങ്ങിനെ ചെയ്തത്. താന്‍ രചിച്ച മൗലിദ് സുദീര്‍ഘമായതിനാല്‍ അദ്ദേഹമത് പരായണത്തിനു വേണ്ടി വെട്ടിചുരുക്കുകയുണ്ടായി. ആ വര്‍ഷം ഈജിപ്തിലെ ഔദ്യോഗിക മൗലിദ് ആഘോഷ വേളയില്‍ ആ മൗലിദ് പാരായണം ചെയ്യപ്പെട്ടു. അത് പ്രസിദ്ധീകരിക്കുവാന്‍ അദ്ദേഹം സമ്മതം മൂളി. ആദ്യം അല്‍-മനാറിലും പിന്നെ വേറെ തന്നെ ഒരു ഗ്രന്ഥമായും അത് പ്രസിദ്ധീകരിക്കപ്പെട്ടു. (Birth of Prophet Muhammed, Routledge, 2007)

മുന്‍പുണ്ടായിരുന്ന മൗലിദുകളില്‍ നിന്ന് റാഷിദ് റിദായുടെ മൗലിദിനുണ്ടായിരുന്ന പ്രധാനപ്പെട്ട വ്യത്യാസം അദ്ദേഹമതിനെ റിസാല (ഉപന്യാസങ്ങള്‍) എന്ന് വിളിച്ചതായിരുന്നു. ആഖ്യാനത്തില്‍ നിന്ന് കാവ്യ സങ്കല്പത്തെയും കാവ്യ രീതിയെയും, പുറത്താക്കുകയാണ് അദ്ദേഹം ചെയ്തത്. ആഖ്യാനത്തിന്റെ വിഷയമായി പ്രവാചകന്റെ ജന്മദിനത്തെയല്ല മറിച്ച് വിശ്വാസികള്‍ അനുകരിക്കേണ്ട അദ്ധേഹത്തിന്റെ സാമൂഹിക ജീവിതത്തെയാണ് റിദ കണ്ടെത്തിയത്. ജന്മദിനാഘോഷം എന്ന സങ്കല്‍പത്തെതന്നെ അപനിര്‍മിച്ചു കൊണ്ട് പ്രവാചകന്റെ ജനനത്തോടുള്ള മുസ്‌ലിം ജനസാമാന്യത്തിന്റെ ആദരവിനെ സാമൂഹികരാഷ്ട്രീയ നവീകരണത്തിന് വേണ്ടി ഉപയോഗപ്പെടുത്താമെന്നാണ് അദ്ദേഹം കരുതിയത്. റാഷിദ് റിദായുടെ മൗലിദിനെതിരെയുണ്ടായ വിമര്‍ശനങ്ങളിലൊന്നു ഇവിടെ ഉദ്ധരിക്കാം: ‘ഒരു പ്രസംഗശൈലിയിലാണ് ഇതെഴുതിയിട്ടുള്ളത് എന്നദ്ദേഹം ആദ്യമേ സൂചിപ്പിചിരുന്നുവെങ്കില്‍ നന്നായിരുന്നു.’ (മേല്‍ സൂചകം: 178). പരമ്പരാഗത മൗലിദുകളുടെ വ്യത്യസ്തത അവയുടെ പ്രകടനാത്മകതയും (performetiveness) നാടകീയതയുമാണ് (thetarical qualtiy). ആധുനിക മൗലിദുകളിലെ ഗദ്യപരതക്ക് (prose) പരമ്പരാഗത മൗലിദുകളിലെ നാടകീയതയെ സംവേദനം ചെയാന്‍ കഴിയില്ല എന്നതാണ് സത്യം. മുഹമ്മദ് നബിയുടെ ജീവിതത്തെ ഒരാള്‍ നോക്കിക്കാണുമ്പോഴുണ്ടാവുന്ന വ്യത്യാസം ആണിവിടെ ഉള്ളത്: ഒരാള്‍ക്ക് ആ മഹത് ജീവിതത്തെ തലച്ചോറ് കൊണ്ട് മാത്രം കാണാം; ഹൃദയവും ഉപയോഗിക്കാം. ഹൈക്കലിന്റെ പ്രവാചകചരിത്രത്തിനു മാര്‍ട്ടിന്‍ ലിംഗ്‌സിന്റെ ചരിത്രത്തില്‍ നിന്നുള്ള വ്യത്യാസമതാണ്.

മൗലിദ് പാരമ്പര്യത്തിലുള്ള അനര്‍ഘമായ സംഭാവനയാണ് റിദയുടെ മൗലിദ് എന്നതില്‍ തര്‍ക്കമില്ല. എന്തൊക്കെയായാലും മീലാദ് പാരമ്പര്യത്തിലുള്ള അദ്ധേഹത്തിന്റെ ഇടപെടല്‍ ക്രിയാത്മകമായിരുന്നു. പൊതുജന സങ്കല്പത്തില്‍ പ്രവാചക ജീവിതത്തിനുള്ള പ്രസക്തിയെ അദ്ദേഹം മനസ്സിലാക്കുകയും അത് സാമൂഹിക നവീകരണത്തിനു ഉപയുക്തമാക്കുകയും ചെയ്തു. ഒരു തീവ്ര വിമര്‍ശകനില്‍ നിന്നും അദ്ധേഹത്തെ വ്യത്യസ്തമാക്കുന്നതതാണ്.

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting