പ്രവാചകന്റെ തിരുമുഖം
പ്രവാചക ജീവിത ഘട്ടങ്ങളില്‍ ഏറ്റവും മനോഹരം അദ്ദേഹത്തിന്റെ മരണമായിരുന്നു. സംക്ഷോഭം മുറ്റി നില്‍ക്കുന്ന ഒരവസ്ഥയായിട്ടാണ് മരണത്തെ നാം മനസ്സിലാക്കുന്നത്. ‘ജാര്‍ഗന്‍’ എന്ന സിനിമയെക്കുറിച്ച് ഈയവസരത്തില്‍ പ്രതിപാദിക്കാന്‍ ഞാനാഗ്രഹിക്കുന്നു. സിനിമയിലെ ആക്ഷനെയും യുദ്ധത്തെയും അതിന്റെ ആരവത്തെയും സംഘട്ടനങ്ങള്‍ നിറഞ്ഞ രംഗങ്ങളെയും വിശാലമായ പശ്ചാത്തലങ്ങളെയും നാം ആസ്വദിക്കുന്നു. എന്നാല്‍ സമാധാനപൂര്‍ണമായ ഒരു മരണത്തെ അതിന്റെ ഗാംഭീര്യത്തോടും ഉത്കൃഷ്ടതയോടും സൗന്ദര്യത്തോടും കൂടെ നമുക്ക് അനുഭവിക്കാനോ ഉള്‍ക്കൊള്ളാനോ സാധിക്കുന്നില്ല. പ്രവാചകന്റെ മരണത്തിന്റെ വ്യാപ്തിയെക്കുറിച്ച് ഇപ്പോഴും നമുക്ക് പൂര്‍ണ ബോധ്യം വരാത്തത് ഇക്കാരണത്താലാണ്. മരണത്തെ ഈ രീതിയില്‍ അനുഭവിക്കാനും മനസ്സിലാക്കാനും കഴിയുന്ന ഏതൊരാളെ സംബന്ധിച്ചിടത്തോളവും പ്രവാചക മരണം എന്നത് ഹുസൈന്റെ രക്തസാക്ഷിത്വത്തെക്കാള്‍ ദു:ഖപൂര്‍ണ്ണവും തിളക്കമേറിയതുമാണ്. അവസാന നാളുകളില്‍ പ്രവാചകന്റെ രോഗം ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുകയുണ്ടായി. വിടവാങ്ങല്‍ ഹജ്ജിനു (Hajjat al-Weda) ശേഷം അദ്ദേഹത്തിന് കൂടുതലായി ഒന്നും സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്വയം തന്നെ മരണത്തിന് തയ്യാറെടുക്കുകയായിരുന്നു അദ്ദേഹം. ഈ സമയത്ത് അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ കാതലായ മാറ്റമുണ്ടാവുകയും സംസാര ശൈലിക്ക് വ്യത്യസ്തത കൈവരികയും ചെയ്തു. അനുയായികളുമായുള്ള ബന്ധം തിട്ടപ്പെടുത്തപ്പെട്ടു. ഒരു ആത്യന്തിക അര്‍ഥത്തെ പ്രകടിപ്പിച്ചു കൊണ്ട് വ്യത്യസ്ത രീതിയിലാണ് അദ്ദേഹം സമീപിച്ചത്. അലിയെയാണ് കൂടുതലായും അദ്ദേഹം ആശ്രയിച്ചത്. അലിയുടെയും തന്റെ ദൗത്യത്തിന്റെയും ഭാവിയെക്കുറിച്ചോര്‍ത്ത് പ്രവാചകന്‍ ആശങ്കാകുലനായിരുന്നു.
തന്റെ മുതിര്‍ന്ന അനുയായികള്‍ക്കിടയില്‍ അലി അനുഭവിച്ച ഏകാന്തതക്ക് പരിഹാരമെന്നോണം പ്രവാചകന്‍ അദ്ദേഹത്തെ കൂടുതലായി പ്രശംസിക്കുകയും പ്രത്യേക പരിലാളന നല്‍കുകയും ചെയ്തു.ആ വര്‍ഷത്തിലുടനീളം പ്രവാചകന്‍ ഈ സമീപനം തുടര്‍ന്നുപോന്നു. പ്രവാചക മരണത്തിന്റെ അവസാന ദിനങ്ങളെ കുറിച്ച് മുമ്പ് സവിസ്തരം പ്രതിപാദിച്ചിട്ടുള്ളതിനാല്‍ ഇവിടെ ഞാനത് ആവര്‍ത്തിക്കുന്നില്ല. നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ പ്രവാചക മരണത്തെക്കുറിച്ച അവസാന പേജുകള്‍ ഞാന്‍ വായിക്കാം. (ചുരുക്കത്തില്‍)
ജീവിതത്തിലുടനീളം മനുഷ്യന്‍ തന്റെ യഥാര്‍ഥ സ്വത്വത്തെ മറച്ച് വെക്കുന്നു. താന്‍ സ്വയം കൈക്കൊള്ളുന്ന രൂപങ്ങള്‍ക്കു പിറകില്‍ മറ്റുള്ളവരില്‍ നിന്ന് എപ്പോഴുമവന്‍ മറക്കപ്പെട്ടിരിക്കുന്നു. തന്റെ മുഖത്തിനു മീതെ അവനെപ്പോഴും ഒരു മൂടുപടമുണ്ട്. രണ്ട് ജീവിത സന്ദര്‍ഭങ്ങളിലാണ് ആ മൂടുപടം അവന്‍ ഉയര്‍ത്തുന്നത്. ജയിലറക്കകത്തും മരണക്കിടക്കയിലും. ഈ രണ്ട് സന്ദര്‍ഭത്തിലാണ് പ്രത്യേകിച്ച് മരണമുറിയില്‍ എല്ലാ വ്യക്തികളുടെയും യഥാര്‍ഥ മുഖം ദര്‍ശിക്കാനുള്ള അവസരം നിങ്ങള്‍ക്ക് കണ്ടെത്താനാവുക. മരണ ഗന്ധത്തെ ആസ്വദിക്കുമ്പോള്‍ അവന്‍ ഉന്മേഷവാനും നിഷ്‌കളങ്കനുമായിത്തീരുന്നു. മരണക്കിടക്കയിലാണ് ഒരാളുടെ യഥാര്‍ഥ സ്വത്വം പ്രകടമാകുന്നത്. കൃത്രിമത്വത്തിന് സമയം കിട്ടാത്ത രീതിയില്‍ മരണ ഭയം അവനെ മറികടക്കുന്നു. മഹാമനസ്‌കതയുടെ സവിശേഷ സന്ദര്‍ഭമാണിത്. എത്രത്തോളമെന്നാല്‍ മറ്റെല്ലാ കാര്യങ്ങളും താരതമ്യേന അപ്രധാനമായിത്തീരുന്നു. പൊതുകാഴ്ചയില്‍ നിന്നു മാറി ജീവിത കാലത്തില്‍ ഒളിച്ചിരുന്ന സ്ഥലത്ത് നിന്നും ആത്മാവ് പുറത്ത് വരുന്ന നിമിഷമാണത്.
മരണം എന്നത് ഒരു കലയാണ്. മറ്റ് കലകളെപ്പോലെത്തന്നെ ഇതും മനസ്സിലാക്കപ്പെടുകയും സ്വായത്തമാക്കുകയും ചെയ്യേണ്ടതുണ്ട്. അതിമനോഹരവും നിഗൂഢവുമായ നാടകവുമാണിത്. മനുഷ്യജീവിതത്തിന്റെ അത്യന്തം നാടകീയവും പകിട്ടേറിയതുമായ ദൃശ്യമാണിത് സമ്മാനിക്കുന്നത്. മനോഹാരിതയോടെ മൃത്യു വരിച്ചത് ചുരുക്കം ചിലയാളുകള്‍ മാത്രമാണ്. ഒരുപാടു കാലമായി മനോഹരമായി മരണപ്പെട്ടവരെക്കുറിച്ച് ചരിത്ര രേഖകളില്‍ ഞാന്‍ പരതിക്കൊണ്ടിരിക്കുകയാണ്. അതിമനോഹരവും തിളക്കമേറിയതുമായ മരണങ്ങളെ കണ്ടെത്താനാണ് ഞാന്‍ ശ്രമിക്കുന്നത്. തീര്‍ച്ചയായും എങ്ങനെ മരിക്കാമെന്ന് അറിയുന്നവര്‍ക്ക് എങ്ങനെ ജീവിക്കണമെന്നുമറിയാം. ജീവിതമെന്നത് വെറും ശ്വാസം കഴിക്കുക മാത്രമല്ല എന്നറിവുള്ളവരെ സംബന്ധിച്ചിടത്തോളം മരണമെന്നത് വെറും ശ്വാസ ഭ്രംശനം മാത്രമല്ല. ജീവിതത്തെപ്പോലെയുള്ള ഒരു പ്രവര്‍ത്തനം തന്നെയാണത്.
ഉന്നതമായ മരണങ്ങളൊന്നും തന്നെ ഒരേ സ്വഭാവത്തിലുള്ളവയല്ല. എല്ലാവരും അവനവന്‍ ജീവിച്ച രീതിയില്‍ തന്നെയാണ് മരണത്തെ പുല്‍കുന്നത്. റോമന്‍ ചക്രവര്‍ത്തിയായിരുന്ന വെസ്പാസിയന്റെ (Vespasian) മരണം വളരെ പ്രസിദ്ധമാണ്. മരണ വേദനയില്‍ കിടക്കുന്ന അദ്ദേഹത്തിനടുത്ത് ഓഫീസര്‍മാരെല്ലാം നിലയുറപ്പിച്ചിരുന്നു. മരണത്തിന്റെ കരങ്ങള്‍ തന്റെ തൊണ്ടയിലെത്തിയിട്ടുണ്ടെന്ന് അറിഞ്ഞ നിമിഷത്തില്‍ അദ്ദേഹം കിടക്കയില്‍ നിന്ന് ചാടിയെണീറ്റ് പറഞ്ഞു: ”എഴുന്നേറ്റ് നിന്നാണ് ഒരു ചക്രവര്‍ത്തി മരിക്കേണ്ടത്.” അങ്ങനെ അദ്ദേഹം തന്റെ ഓഫീസര്‍മാരുടെ കൈകളാല്‍ താങ്ങി നിര്‍ത്തപ്പെട്ട അവസ്ഥയിലാണ് മരണപ്പെട്ടത്. അത്യുദാത്തമായ മരണമാണത്. ചില നയനങ്ങള്‍ക്ക് അത്തരം മരണങ്ങളുടെ പ്രതാപത്തിനും സൗന്ദര്യത്തിനും സാക്ഷ്യം വഹിക്കാന്‍ സാധിക്കും. അതേ സമയം മറ്റു ചില നയനങ്ങള്‍ക്ക് ബാഹ്യരൂപങ്ങള്‍ക്കപ്പുറം വേറൊന്നും കാണാന്‍ കഴിയില്ല. (എന്നാല്‍ ഒരു ജനറലിന്റെ മരണം ഒരാള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും). ഒരു യുദ്ധ രംഗത്തിന്റെ പ്രതാപത്തെയും വാളിന്റെ സൗന്ദര്യത്തെയും സൂര്യകാന്തിപ്പട്ടിന്റെ സൗകുമാര്യത്തെയും സാധാരണ കണ്ണുകള്‍ക്ക് ദര്‍ശിക്കാന്‍ കഴിയും. എന്നാല്‍ ഒരാത്മാവിന്റെ പ്രതാപത്തെയോ ഒരാശയത്തിന്റെ സൗന്ദര്യത്തെയോ ഒരാവശ്യത്തിന്റെ മഹത്വത്തെയോ അവക്ക് മനസ്സിലാക്കാന്‍ കഴിയില്ല. പ്രവാചകന്റെ മരണം ഈ കാറ്റഗറിയിലാണ് ഉള്‍പ്പെടുക. വാളിന്റെ മിന്നല്‍പ്പിളരുകളാലും രക്തപ്പുഴകളാലും കുതിരകളുടെ ശബ്ദങ്ങളാലും വീരോചിതമായ പോര്‍വിളികളാലും അലങ്കരിക്കപ്പെട്ട മരണമായിരുന്നില്ല അത്. സമീപസ്ഥമായ കാഴ്ചകള്‍ മാത്രം സാധ്യമാകുന്ന നയനങ്ങള്‍ക്ക് അതിന്റെ സൗന്ദര്യത്തെ മനസ്സിലാക്കാന്‍ കഴിയാത്തതിന്റെ കാരണമിതാണ്. മരണവുമായുള്ള മുഹമ്മദ് നബിയുടെ സമാഗമ സന്ദര്‍ഭം എങ്ങനെയാണ് ലളിതമാവുക? പ്രവാചക ജീവിതത്തിന്റെ അവസാന വര്‍ഷത്തില്‍ ജീവിതാന്ത്യത്തിന്റെ അടയാളങ്ങളും മരണത്തിന്റെ തുടക്കവും പ്രവാചകന്റെ മുഖഭാവത്തിലും സംസാരത്തിലും അക്ഷീണിതമായ സാമൂഹ്യ പ്രയത്‌നങ്ങളിലും സ്വഭാവത്തിലും സ്വകാര്യ ജീവിതത്തിലും പ്രകടമായിരുന്നു. ഇരുപത്തിമൂന്ന് വര്‍ഷത്തെ ശ്രമകരമായ പ്രയത്‌നത്തിലൂടെ ബ്രഹത്തായ തന്റെ സൈന്യത്തെ പടയൊരുക്കിയ ചരിത്രത്തിന്റെ സൈന്യാധിപന് ഇപ്പോള്‍ സൈന്യത്തിന്റെ ഭാവി മുന്നണിയെ പുതിയ ജോലികള്‍ ഏല്‍പിക്കേണ്ടതുണ്ട്. വലിയ തോതില്‍ യുദ്ധം ചെയ്യാന്‍ കഴിയും വിധം ഈ സൈന്യം പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ സമയത്തും എല്ലായിടത്തും അജ്ഞതയോടും ആത്മാവിന്റെ അധമത്വത്തോടും അവര്‍ പോരാടേണ്ടതുണ്ട്. സമൂഹങ്ങളെ ഭരിക്കുന്ന ‘സീസര്‍മാര്‍’ക്കെതിരെയും ‘ഖുസ്‌റോവര്‍’ക്കെതിരെയും അവര്‍ യുദ്ധം ചെയ്യേണ്ടതുണ്ട്.
മുഹമ്മദ് നബിയുടെ മനോഹരമായ പ്രവാചക ദൗത്യം അവസാനിച്ചിരിക്കുന്നു. അവസാനമായി സൈന്യത്തെ ഒന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തിലുടനീളം നിര്‍ദേശിക്കപ്പെട്ട കാര്യങ്ങളത്രയും ഒന്നുകൂടി പുനരവലോകനം ചെയ്യുകയും വേണം. സമഗ്രവും സമ്പൂര്‍ണവുമായ ഒരന്വേഷണവും പൊതു വിഷയങ്ങളെല്ലാമുള്‍ക്കൊള്ളുന്ന പഠനവും നടത്തേണ്ടതുണ്ട്. ഒരൊറ്റ വിശദാംശവും അവഗണിക്കാവതല്ല. അല്ലെങ്കില്‍ പ്രധാനപ്പെട്ട ഒരു വശം മാത്രം പറയപ്പെടാതിരിക്കുകയും ആദ്യമേ സൂചിപ്പിക്കപ്പെട്ട കാര്യങ്ങള്‍ കേള്‍ക്കപ്പെടാതെ അവശേഷിക്കുകയും ചെയ്യും. (അവസാന) യാത്രക്കു മുമ്പ് ഈ കര്‍ത്തവ്യങ്ങളെല്ലാം സസൂക്ഷ്മം ചെയ്തു തീര്‍ക്കേണ്ടതുണ്ട്.
ഹിജ്‌റയുടെ പതിനൊന്നാം വര്‍ഷം ആരംഭിച്ചിരിക്കുന്നു. ഫലവത്തായ പ്രവാചക ജീവിതം അന്ത്യത്തോടടുക്കുകയാണ്. മക്കാ ജനതക്ക് അന്ത്യ യാത്രാ മൊഴി നല്‍കുക എന്നതാണ് ആദ്യത്തെ ജോലി (അദ്ദേഹത്തിന്റെ അവസാന തീര്‍ഥാടനത്തെക്കുറിച്ച വിവരണം സമ്പൂര്‍ണമാണ്. ഞാനത് ഒഴിവാക്കുന്നു. അവിടെ സംഭവിച്ച താല്‍പര്യജനകമായ ഒരു സംഭവമാണ് ഞാനിവിടെ സൂചിപ്പിക്കുന്നത്.) ത്വവാഫിന് (കഅ്ബക്ക് ചുറ്റുമുള്ള പ്രദക്ഷിണം) ശേഷം പ്രവാചകന്‍ ഇബ്‌റാഹീമിന്റെ സ്ഥലത്തു വെച്ച് (മഖാമു ഇബ്‌റാഹീം) രണ്ട് റകഅത്ത് നമസ്‌കരിച്ചു. ഹജ്ജത്തുല്‍ വിദാഇന്റെ സന്ദര്‍ഭത്തിലായിരുന്നു ഇത്. അതിനു ശേഷം അദ്ദേഹം ഹജറുല്‍ അസ്‌വദ് (കറുത്ത കല്ല്) രണ്ടാം തവണയും ചുംബിക്കുകയും പെട്ടെന്നു തന്നെ സ്വഫായിലേക്ക് പോവുകയും തുടര്‍ന്ന് സ്വഫയിലൂടെയും മര്‍വയിലൂടെയും ഉത്സാഹത്തോടെ നടക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ ബലിയര്‍പ്പിക്കേണ്ട മൃഗങ്ങളെ കൊണ്ടുവരാത്തവര്‍ ഉംറ (ബലിമൃഗങ്ങളെ കൊണ്ടുവരാത്തതിനുള്ള ചെറിയ ശിക്ഷ അല്ലെങ്കില്‍ ചെറിയ ഹജ്ജ്) നിര്‍വഹിക്കണമെന്നും ഇഹ്‌റാം (തീര്‍ഥാടകന്റെ വസ്ത്രം) അഴിക്കണമെന്നും പ്രവാചകന്‍ ആഹ്വാനം ചെയ്തു. (ഈ പ്രത്യേക പെരുമാറ്റം സൂക്ഷ്മ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്.) പലയാളുകളും ശങ്കിച്ചു നില്‍ക്കുകയും അവരുടെ അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. പ്രവാചകനപ്പോള്‍ വല്ലാതെ ദേഷ്യപ്പെട്ടു. അദ്ദേഹത്തിന്റെ മുഖത്ത് അത് പ്രകടമായിരുന്നു. ദേഷ്യം മുറ്റി നില്‍ക്കുന്ന ശബ്ദത്തില്‍ തന്റെ കല്‍പന അനുസരിക്കണമെന്ന് അദ്ദേഹം കല്‍പിച്ചു. ദേഷ്യത്തോടെ ടെന്റിലേക്കദ്ദേഹം തിരിച്ചു പോയി. പരിഭ്രമത്തോടെ ആരാണദ്ദേഹത്തെ ദേഷ്യം പിടിപ്പിച്ചതെന്ന് ആയിശ ചോദിച്ചു. ദേഷ്യത്തോടെ അദ്ദേഹം പ്രതിവചിച്ചു. ”അവരെന്റെ കല്‍പന അനുസരിക്കാതിരിക്കുമ്പോള്‍ ഞാനെന്തിന് ദേഷ്യപ്പെടാതിരിക്കണം?” അപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികളിലൊരാള്‍ കയറി വരികയും പ്രവാചകന്‍ വിഷമ വൃത്തത്തിലകപ്പെട്ടിരിക്കുന്നത് കാണുകയും ചെയ്തു. പശ്ചാത്താപ ബോധത്തോടെ അദ്ദേഹം പറഞ്ഞു: ”അല്ലയോ ദൈവദൂതരേ, താങ്കളുടെ ദേഷ്യത്തിന് കാരണക്കാരായവന്‍ ആരായാലും അവന്‍ നരകത്തില്‍ വെന്തെരിയട്ടെ.” അപ്പോള്‍ പ്രവാചകന്‍ പ്രതിവചിച്ചു. ”ഞാനൊരു കാര്യം കല്‍പിച്ചിട്ട് അവരത് അനുസരിക്കാത്തത് നീ കണ്ടില്ലേ? എനിക്കതറിയുമായിരുന്നുവെങ്കില്‍ ഞാനിത് കല്‍പിക്കുമായിരുന്നില്ല. മാത്രമല്ല, ഞാനെന്റെ ഇഹ്‌റാം അഴിക്കുകയും ചെയ്യുമായിരുന്നു. പ്രവാചകന്‍ ദു:ഖാര്‍ത്തനായ വിവരം ജനങ്ങള്‍ അറിഞ്ഞു. അവര്‍ അവരുടെ പെരുമാറ്റത്തില്‍ ലജ്ജിക്കുകയും പെട്ടെന്നു തന്നെ ഇഹ്‌റാം അഴിക്കുകയും ചെയ്തു. പ്രവാചകന്റെ മകള്‍ ഫാത്വിമയും വാഗ്ദാനം നല്‍കിയിട്ടില്ലായിരുന്ന മറ്റു സ്ത്രീകളും അതുപോലെ ചെയ്തു.
കുലീനാധിപത്യത്തിന് അടിമയായ ചരിത്രം ഒരിക്കല്‍ കൂടി ആശ്ചര്യപ്പെട്ടിരിക്കുന്നു. തന്റെ ആജ്ഞ അനുസരിക്കാനായി നില്‍ക്കുന്ന ലക്ഷത്തില്‍ കൂടുതല്‍ ഭൃത്യന്മാരുള്ള പ്രവാചകന്‍ എന്തുകൊണ്ടാണ് നിയമ ലംഘകരെ ശിക്ഷിക്കാത്തത്? (ഏകദേശം ഒരു ലക്ഷത്തോളം ആളുകള്‍ ഹജ്ജത്തുല്‍ വിദാഇന്റെ സമയത്ത് അദ്ദേഹത്തിന്റെ കൂടെയുണ്ട്.) ആരാച്ചാരെവിടെ? അവരുടെ കൂട്ടക്കൊലക്കായി എന്തുകൊണ്ടാണ് അദ്ദേഹം വിധി പുറപ്പെടുവിക്കാത്തത്? (അത്തരം നടപടി ക്രമങ്ങള്‍ ചരിത്രത്തിന് പരിചിതമാണ്. പകരം ദേഷ്യത്തോടും ആകുലതയോടും കൂടി അദ്ദേഹം തന്റെ ടെന്റിലേക്ക് മടങ്ങുകയാണ് ചെയ്തത്.)
എങ്ങനെയാണ് ഈ രാജാവ് ഭരിക്കുന്നത്? എങ്ങനെയാണ് അദ്ദേഹം രാജ്യത്തെ അധീനപ്പെടുത്തിയത്? നല്ലൊരു പട്ടുപോലെയുള്ള വസ്തുവോ കാവി നിറമുള്ള വസ്തുക്കളോ കൈവശമില്ലാതെ ഭരണം നടത്തുക സാധ്യമാണോ?
”ഒരു രാജാവിന്റെ പേര് കൊത്തിവെക്കുന്നത് സ്വര്‍ണത്തിലാണ്. മറ്റൊരു വസ്തു യമനില്‍ നിന്നുള്ള തിളങ്ങുന്ന മുത്താണ്. എന്നാല്‍ രണ്ട് വസ്തുക്കളോടെയാണ് രാജ്യം പിടിച്ചടക്കപ്പെട്ടിരിക്കുന്നത്. ഒന്ന് പട്ടും മറ്റേത് കാവിനിറവുമാണ്.”
ഒന്ന് വാളും മറ്റേത് സ്വര്‍ണനാണയവുമാണ്. ഈ രാജാവ് തന്റെ വാളുപയോഗിക്കുന്നില്ല. ഒരു നിധിയും അദ്ദേഹത്തിന്റെ കൈവശമില്ല. എങ്ങനെയാണ് അദ്ദേഹത്തിന് അധികാരം നേടാന്‍ കഴിഞ്ഞത്?
തീര്‍ച്ചയായും ഇത് സാധ്യമാണ്. എങ്ങനെയാണിത് സാധ്യമാക്കുക എന്ന് പഠിപ്പിക്കാനാണ് നിരക്ഷരനായ ഈ വ്യക്തി ആഗതനായിരിക്കുന്നത്. റോമിന്റെയും ഏഥന്‍സിന്റെയും മദ്‌യനിന്റെയും അധ്യയന സ്ഥാപനങ്ങള്‍ക്കും മഹത്തായ പാശ്ചാത്യ പൗരസ്ത്യ സംസ്‌കാരങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കും എന്താണറിയുക? അവരുടെ രാഷ്ട്രീയ വിദ്യാലയത്തില്‍ ജാക്കല്‍സിനും ഫോക്‌സസിനും അപ്പുറം ഗുരുക്കന്മാരുണ്ടായിരുന്നില്ല.
അറഫാ കുന്നില്‍ (ജബലുറഹ്മ) നിന്നുകൊണ്ട് തന്റെ വാക്കുകള്‍ ആവര്‍ത്തിക്കുവാനായി ചില വ്യക്തികളെ പ്രവാചകന്‍ ചുമതലപ്പെടുത്തി. (പ്രവാചക വചനങ്ങള്‍ ഒരാള്‍ മറ്റൊരുത്തനും അയാള്‍ വേറൊരുത്തനും കൈമാറുന്ന രീതിയായിരുന്നു.) അദ്ദേഹം റബീഅയോട് പറയാന്‍ ആജ്ഞാപിച്ചു. ”അല്ലയോ ജനങ്ങളേ, അല്ലാഹുവിന്റെ പ്രവാചകന്‍ ചോദിക്കുന്നു, ഏത് മാസമാണിതെന്ന് നിങ്ങള്‍ക്കറിയാമോ എന്ന്” (ഇതാണ് അവസാന പ്രഭാഷണം.) ഉച്ചത്തില്‍ റബീഅ ഈ വാക്കുകള്‍ ആവര്‍ത്തിച്ചു. പ്രവാചകന്‍ കാത്തിരുന്നു. (കൃത്യമായി തന്റെ വാക്കുകള്‍ ആശയവിനിമയം ചെയ്യപ്പെട്ടോ എന്നറിയാന്‍) തങ്ങളുടെ ഉത്തരവാദിത്വമാണ് മറുപടി പറയല്‍ എന്ന് മനസ്സിലാക്കിയ ജനങ്ങള്‍ പ്രതിവചിച്ചു: ”ഇത് പരിശുദ്ധ മാസമാണ്. (Haram)” പ്രവാചകന്‍ തുടര്‍ന്നു.”നിങ്ങള്‍ ദൈവിക സാന്നിധ്യത്തിലായിരിക്കുന്നിടത്തോളം അവന്‍ നിങ്ങളുടെ രക്തത്തെയും സമ്പാദ്യങ്ങളെയും പവിത്രമാക്കിയിരിക്കുന്നു. ഈ മാസത്തെ അവന്‍ പവിത്രമാക്കിയതുപോലെ.” റബീഅയോട് പറയാന്‍ അദ്ദേഹം കല്‍പിച്ചു. ”ഏത് മാസമാണിതെന്ന് അല്ലാഹുവിന്റെ പ്രവാചകന്‍ നിങ്ങളോട് ചോദിക്കുന്നു.” റബീഅ ആവര്‍ത്തിക്കുകയും പ്രവാചകന്‍ കാത്തിരിക്കുകയും അവന്‍ പറയുന്നത് ശ്രദ്ധിക്കുകയും ചെയ്തു. വീണ്ടും പ്രവാചകന്‍ റബീഅയോട് പറയാനാവശ്യപ്പെട്ടു. ”ഏത് ദിവസമാണിത്?” റബീഅ തന്റെ ചോദ്യം ആവര്‍ത്തിച്ചു. ജനങ്ങള്‍ പറഞ്ഞു: ”മഹത്തായ തീര്‍ഥാടന ദിനമാണിന്ന്.” റബീഅയോടദ്ദേഹം പറയാന്‍ ആവശ്യപ്പെട്ടു.” ഈ ദിനത്തെ അവന്‍ പവിത്രമാക്കിയതുപോലെ അല്ലാഹു നിങ്ങളുടെ രക്തത്തെയും സമ്പാദ്യങ്ങളെയും പവിത്രമാക്കിയിരിക്കുന്നു.” അതേ രീതിയില്‍ പ്രവാചകന്‍ തന്റെ പ്രഭാഷണം തുടര്‍ന്നു. ”അല്ലയോ ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുക. ഇനി ഞാന്‍ വീണ്ടും ഇവിടെ നിങ്ങളെ കണ്ടുമുട്ടിയെന്നു വരില്ല. നിങ്ങള്‍ ദൈവഗേഹത്തിന്റെ സാമീപ്യത്തിലായിരിക്കുന്നിടത്തോളം, ഈ ദിനത്തിന്റെയും മാസത്തിന്റെയും കാര്യത്തിലെന്നപോലെ അല്ലാഹു നിങ്ങളുടെ രക്തത്തെയും സമ്പാദ്യങ്ങളെയും പവിത്രമാക്കിയിരിക്കുന്നു. അടുത്തു തന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനെ കാണേണ്ടിവരും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അവന്‍ തീര്‍പ്പു കല്‍പിക്കും. നിങ്ങളുടെയടുക്കല്‍ ഏല്‍പിക്കപ്പെട്ടവയെല്ലാം തിരിച്ചു നല്‍കണമെന്ന് ഞാനാവശ്യപ്പെടുന്നു. എല്ലാ തരത്തിലുള്ള പലിശയും നിഷ്ഫലമാണ്. എന്നാല്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെയാണ്. ആരെയും മര്‍ദിക്കരുത്. മര്‍ദിക്കപ്പെടുമ്പോള്‍ ക്ഷമിച്ചു നില്‍ക്കുകയുമരുത്. അല്ലാഹു പലിശ നിങ്ങള്‍ക്ക് നിരോധിച്ചിരിക്കുന്നു. അബ്ബാസുബ്‌നു അസദുല്‍ മുത്വലിബിന് തിരിച്ചു നല്‍കാനുള്ള മുഴുവന്‍ പലിശപ്പണവും റദ്ദാക്കപ്പെട്ടിരിക്കുന്നു. (ആദ്യമായി അദ്ദേഹം തന്റെ സ്വന്തം കുടുംബാംഗങ്ങളെക്കുറിച്ച വിവരണമാണ് നല്‍കുന്നത്.) ജാഹിലിയ്യാ കാലഘട്ടത്തില്‍ ചെയ്ത കൊലപാതകങ്ങള്‍ക്ക് കണക്ക് ബോധിപ്പിക്കേണ്ടതില്ല. ഇബ്‌നു റബീഅ ഇബ്‌നു ഹാരിസ്ബ്‌നു അബ്ദുല്‍ മുത്വലിബിന്റെ കൊലപാതകമാണ് ഞാനാദ്യമായി പൊറുത്തു കൊടുക്കുന്നത്. (അതിനെനിക്ക് നിയമാനുസൃതമായ അവകാശമുണ്ട്.)
തന്നിലര്‍പ്പിക്കപ്പെട്ട മഹത്തായ അവസാന കര്‍ത്തവ്യം പ്രവാചകന്‍ ഭംഗിയായി നിര്‍വഹിച്ചു. കഴിഞ്ഞുപോയ എല്ലാ പ്രവാചക ദൗത്യങ്ങളെക്കാളും മഹത്തരമായ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച ചരിത്ര പുരുഷന് ഇന്ന് എന്നെന്നേക്കുമായി തന്റെ നഗരത്തോട് യാത്ര ചോദിക്കേണ്ടതുണ്ട്. അതിനാല്‍ അദ്ദേഹത്തിന് പ്രശാന്തതയോടെയും മദീനയിലെ വിശ്വസ്തരായ തന്റെ അനുയായികള്‍ക്കിടയില്‍ കര്‍തവ്യ
നിര്‍വ്വഹണത്തിന്റെ ചാരിതാര്‍ഥ്യത്തോടെയും സമാധാനപൂര്‍വം അല്ലാഹുവിങ്കലേക്ക് യാത്രയാകാം. ഇതിനു ശേഷം പ്രവാചകന്റെ മടക്ക യാത്രയിലാണ് ഗാദിര്‍ (Ghadir) സംഭവം നടക്കുന്നത്. ഭാവിയില്‍ ആരുടെ ചുറ്റുമാണ് ജനങ്ങള്‍ ഒരുമിച്ച് കൂടുക എന്നറിയാന്‍ വേണ്ടി പ്രവാചകന്‍ തന്റെ അനുയായികളെ ഓരോരുത്തരെയും പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു. ഉസ്മാന്‍, അബൂബക്കര്‍, സഅദ്ബ്‌നു അബീ വഖാസ്, അബ്ദുറഹ്മാന്‍ തുടങ്ങിയവരെയെല്ലാം ഓരോരുത്തരായി അദ്ദേഹം വിലയിരുത്തി. അലിയില്‍ എത്തുന്നതു വരെ ഇത് തുടര്‍ന്നു. അവര്‍ക്കിടയില്‍ അലിക്ക് അവിതര്‍ക്കിതമായ ഔന്നത്യമുണ്ട്. (ഇവിടെയാണ് മറ്റുള്ളവരെക്കാള്‍ അലിക്ക് മുന്‍ഗണന കൊടുത്തു എന്ന് പറഞ്ഞ് അവര്‍ പ്രവാചകനെ വിമര്‍ശിച്ചത്. അസ്ഥിത്വമില്ലാത്തവന്‍ ഉന്നതിയലെത്തുക എന്നത് എത്ര വിചിത്രമാണ്.) ഇസ്‌ലാമിന്റെ ആഗമനത്തിന് മുമ്പുണ്ടായിരുന്ന ജാഹിലിയ്യ കാലത്തോട് യാതൊരു വിധത്തിലുള്ള ബന്ധവും ഇല്ലാതിരുന്ന ഒരേയൊരു പ്രവാചക അനുയായിയായിരുന്നു അദ്ദേഹം.
ഇസ്‌ലാമിനോടൊപ്പം ഉദയം ചെയ്ത തലമുറയാണ് അലിയുടേത്. മുഹമ്മദീയ വിപ്ലവത്തിന്റെ വളര്‍ച്ചയിലാണ് അദ്ദേഹത്തിന്റെ ജീവിതം കരുപ്പിടിപ്പിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ വളര്‍ച്ചയും പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ദാരിദ്ര്യത്തിന്റെ കരങ്ങള്‍ സ്വന്തം വീട്ടില്‍ നിന്നും മുഹമ്മദിന്റെ വീട്ടിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നു. അലിയുടെ ആത്മാവിന്റെയും മനസ്സിന്റെയും അടിസ്ഥാനപരമായ മുഴുവന്‍ വ്യാപ്തിയും രൂപപ്പെടുത്തപ്പെട്ട ഇളംപ്രായത്തില്‍ തന്നെ ഉണ്ടായ വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണിത്. കാരണം സ്വന്തം പിതാവ് ജീവിച്ചിരിക്കുമ്പോഴാണ് പിതൃവ്യപുത്രനിലേക്ക് അദ്ദേഹം എത്തിപ്പെടുന്നത്. (അക്കാലത്ത് പിതാവ് ജീവിച്ചിരിക്കുകയും അയാള്‍ക്ക് ഉന്നതമായ പദവി സമൂഹത്തിലുണ്ടായിരിക്കുമ്പോഴും മകന്‍ പിതൃവ്യപുത്രന്റെ സംരക്ഷണത്തിലാവുക എന്നത് അത്ഭുതകരമായ സംഗതിയായിരുന്നു.) അതിനാല്‍ മാനവികതയുടെ സമ്പൂര്‍ണ മാതൃകയായിത്തീരേണ്ട അനുഗ്രഹീതനായ ആ ആത്മാവ് മുഹമ്മദ് അധ്യാപകനും വിശുദ്ധ വേദഗ്രന്ഥമായ ഖുര്‍ആന്‍ പാഠപുസ്തകവുമായ വിദ്യാലയത്തില്‍ പരിശീലിപ്പിക്കപ്പെടേണ്ടതുണ്ടായിരുന്നു. ഒരു പിഞ്ചുകുഞ്ഞിന്റെ ഹൃദയം ജാഹിലിയ്യത്തിന്റെ മുദ്രയെ സ്വീകരിക്കുകയില്ല എന്ന കാഴ്ചപ്പാട് അവതരണത്തിന്റെ തുടക്കത്തില്‍ തന്നെ ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. വാഗ്പാടവും നയ കുശലതയുമുള്ള ഒരു ആരിഫിന്റെ സൂക്ഷ്മ വികാരവും ഒരു ഹകീമിന്റെ (തത്വജ്ഞാനി) ജ്ഞാനവും കൈമുതലുള്ള വാളേന്തിയ മനുഷ്യനായിരുന്നു അലി.
പ്രവാചക അനുചരന്മാര്‍ക്ക് അസ്വീകാര്യനാകും വിധം ഭക്തിയെയും നീതിയെയും കുറിച്ച അദ്ദേഹത്തിന്റെ നിലപാട് വളരെയധികം കര്‍ക്കശമായിരുന്നു. ഖുര്‍ആനിലുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മജ്ഞാനം എല്ലാവരാലും അംഗീകരിക്കപ്പെട്ടതാണ്. (അവസാന തീര്‍ഥാടനത്തിന് ശേഷമുള്ള മടക്കയാത്രയിലുടനീളം പ്രവാചകന്‍ ഒരു മാനസിക താരതമ്യം നടത്തുകയായിരുന്നു. ഭാവിയില്‍ നിര്‍വഹിക്കേണ്ട കര്‍തവ്യത്തെ അടിസ്ഥാനപ്പെടുത്തി അലിയെ തന്റെ ഇതര അനുയായികളുമായി തുലനം ചെയ്യുകയായിരുന്നു അദ്ദേഹം.) സ്വകാര്യ ജീവിതത്തിലെ പ്രധാനപ്പെട്ട സന്ദര്‍ഭങ്ങള്‍, സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍, പ്രവാചകനുമായുള്ള ബന്ധം, കൂടാതെ ആത്മീയവും ബൗദ്ധികവുമായ സ്ഥാനം തുടങ്ങിയവയെല്ലാം ഇസ്‌ലാമിന്റെ ശരിയായ ആത്മാവിലേക്കും നിര്‍ദേശങ്ങളുടെ ഉപരിതലത്തിനടിയില്‍ ഒളിപ്പിക്കപ്പെട്ട അതിന്റെ ആഴമേറിയതും നിഗൂഢവുമായ അര്‍ഥങ്ങളിലേക്കും അതുപോലെത്തന്നെ മതത്തിന്റെ പ്രകടമായ വശങ്ങളെ മാത്രം പരിചിതമാക്കുന്ന കണ്ണുകള്‍ക്ക് കാണാനാകാത്ത മതാചാരങ്ങളിലേക്കും വിശ്വാസങ്ങളിലേക്കും അലിയെ അടുപ്പിക്കുന്നതില്‍ നിര്‍ണായകമായ ഘട്ടങ്ങളായിരുന്നു. അദ്ദേഹത്തിന്റെ വികാരങ്ങളും ജീവിത വീക്ഷണവും ഇസ്‌ലാമിന്റെ സത്തയുമായി ലയിച്ചു ചേരുകയുമായിരുന്നു. കേവലമായ ഇസ്‌ലാമിക വിശ്വാസത്തിനപ്പുറമുള്ള ഒരു ഇസ്‌ലാമിക ബോധം അദ്ദേഹം സ്വായത്തമാക്കിയിരുന്നു. ആത്മീയ മേഖലയിലും സമൂഹത്തിലും മുഹമ്മദ് തന്റെ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതു മുതല്‍ ഇരുപത്തിമൂന്ന് വര്‍ഷത്തിലുടനീളം മറ്റുള്ളവരില്‍ നിന്ന് എല്ലായ്‌പ്പോഴും അലി വ്യത്യസ്തനായിരുന്നു. പലപ്പോഴും അപകടങ്ങളുടെ മധ്യത്തില്‍ പെട്ടുപോയിട്ടുണ്ടെങ്കിലും ഒരിക്കല്‍പോലും അദ്ദേഹം പതറിയിട്ടില്ല. തന്റെ ജീവിതത്തിലുടനീളം ദൗര്‍ബല്യത്തിന്റെ നേരിയ അടയാളം പോലും അദ്ദേഹം കാണിച്ചിട്ടില്ല. മറ്റുള്ളവരില്‍ നിന്ന് അലിയെ വ്യത്യസ്തനാക്കുന്നത് ബഹു വ്യാപ്തിയുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വമാണ്. അഥവാ മറ്റെല്ലാ ഹീറോകളെയും മറി കടക്കുന്ന ആത്മാവ്. ചിന്താ മണ്ഡലത്തിലും പോര്‍ക്കളത്തിലും അദ്ദേഹം ഹീറോയാണ്. പ്രണയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. പള്ളിയിലായിരിക്കുമ്പോഴും ജനങ്ങള്‍ക്കിടയിലായിരിക്കുമ്പോഴും മന:ശാന്തി നേടാന്‍ അദ്ദേഹത്തിന് കഴിയുന്നു. ഏകാന്തതയെ പ്രണയിക്കുമ്പോഴും രാഷ്ട്രീയത്തില്‍ സജീവനായ മനുഷ്യന്‍. മനുഷ്യ ദു:ഖത്തിന് കാരണമാകുന്ന എല്ലാ തരത്തിലുമുള്ള വിഷയ ലമ്പടത്വത്തിന്റെയും ഏറ്റവും വലിയ ശത്രു. കാലങ്ങളായി മനുഷ്യ ഹൃദയങ്ങളാല്‍ പരിപോഷിപ്പിക്കപ്പെട്ട അത്യുദാത്തമായ മുഴുവന്‍ അഭിലാഷങ്ങളുടെയും സാക്ഷാത്കാരം. എന്നാല്‍, അപരിഷ്‌കൃതമായ ബദൂവിയന്‍, ഗോത്ര കാലഘട്ടത്തില്‍ നിന്ന് പത്ത് വര്‍ഷത്താല്‍ മാത്രം വേര്‍തിരിക്കപ്പെട്ട ഒരു സമൂഹത്തില്‍ ആ മനുഷ്യന്‍ ഒറ്റപ്പെടലും അപരിചിതത്വവും അനുഭവിച്ചിട്ടുണ്ടാകുമെന്ന വസ്തുത വളരെ സ്പഷ്ടമാണ്. ചരിത്രത്തിന്റെ ദുരന്തപൂര്‍ണമായ രേഖയാണിത്. അലിയുടെയും അദ്ദേഹത്തിന്റെ ബന്ധുക്കാരുടെയും വിധി എല്ലാറ്റിനെക്കാളും ദുരന്തപൂരിതമായിരുന്നു. ഒരു വ്യക്തിയുടെയും അദ്ദേഹത്തിന്റെ സമൂഹത്തിന്റെയും ഇടയില്‍ വലിയ വ്യത്യാസമൊന്നും നിലനിന്നിരുന്നില്ല.
പ്രവാചകന് തന്റെ ഹൃദയത്തില്‍ അലിയോട് തീവ്രമായ വികാരം ഉണ്ടായിരുന്നുവെന്ന കാര്യത്തില്‍ സംശയമുണ്ട്. വ്യത്യസ്ത വഴികളിലൂടെ അലിയോടുള്ള പ്രത്യേക സ്‌നേഹം അദ്ദേഹം പ്രകടമാക്കിയിരുന്നു. എന്നാല്‍ സമുദായത്തിലെ വരേണ്യ വര്‍ഗം അലിയുടെ നേതൃത്വത്തെ എളുപ്പത്തില്‍ സ്വീകരിക്കുകയില്ല എന്ന വസ്തുത അദ്ദേഹത്തിനറിയാമായിരുന്നു. അലിക്കാകട്ടെ, മുഹമ്മദ് നബിയുടെ സ്‌നേഹമല്ലാതെ സമൂഹത്തില്‍ യാതൊരു അഭയവും ഇസ്‌ലാമിനു വേണ്ടിയുള്ള ത്യാഗങ്ങളല്ലാതെ വേറൊരു സമ്പത്തും ഉണ്ടായിരുന്നില്ല. ഇസ്‌ലാമിക രാഷ്ട്രീയത്തിലെ ഏറ്റവും ശക്തമായ പാര്‍ട്ടി അബൂബക്കറിന്റേതാണ്. ഉമര്‍, അബൂ ഉബൈദ്, സഅദുബ്‌നു അബീ വഖാസ്, ഉസ്്മാന്‍ ത്വല്‍ഹ, സുബൈര്‍ തുടങ്ങിയവരായിരുന്നു അതിലെ പ്രധാന അംഗങ്ങള്‍. അബൂബക്കര്‍ ഇസ്‌ലാം ആശ്ലേഷിച്ച സമയത്ത് തന്നെയാണ് ഇവരും ഇസ്‌ലാമിലേക്ക് വന്നത്. മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം ശൂറക്ക് (ഖലീഫയെ തിരഞ്ഞെടുക്കാനുള്ള കൗണ്‍സില്‍) രൂപം നല്‍കിയതും ഇവരായിരുന്നു. (എത്ര വിചിത്രം!) ഇന്ന് ഈ ഘട്ടത്തില്‍ പ്രവാചകന്റെ കര്‍ത്തവ്യത്തിന് അനിശ്ചിതത്വം നിറഞ്ഞ ഗൗരവകരമായ വ്യാപ്തി കൈവന്നിരിക്കുകയാണ്. അലിയാണ് നേതൃത്വം ഏറ്റെടുക്കാന്‍ പറ്റിയ ഏറ്റവും മഹാനും അനുയോജ്യനുമായ വ്യക്തി എന്ന പ്രഖ്യാപനം, ബദൂവിയന്‍ ഗോത്ര അറബ് സമൂഹത്തില്‍ പണിപ്പെട്ട് നേടിയെടുത്ത ഐക്യത്തെ അപകടപ്പെടുത്തും. ഈ ഐക്യമാണ് മുസ്‌ലിം സമുദായത്തിന്റെ അതിജീവനും ഉറപ്പു നല്‍കുന്ന ആകെയുള്ള പ്രതീക്ഷ. എന്നാല്‍ അലിയുടെ കാര്യത്തില്‍ പ്രവാചകന്‍ നിശബ്ദത പാലിച്ചാല്‍ അത് ജാഗ്രതക്കു വേണ്ടി സത്യത്തെ ത്യജിക്കലാവില്ലേ? അലിയുടെ ആത്മീയ കാര്യത്തിന്റെ സ്വാഭാവിക ഫലമാണ് അദ്ദേഹത്തിന്റെ സാമൂഹിക ദൗര്‍ബല്യം എന്ന വാദം ശരിയല്ലേ?
രാഷ്ട്രീയപരമായ അദ്ദേഹത്തിന്റെ ഒറ്റപ്പെടല്‍ ദൃഢചിത്തതയോടെ മുഹമ്മദീയ മതത്തോട് പ്രതിജ്ഞാബദ്ധമായതിന്റെ പരിണിതഫലമല്ലാതെ മറ്റെന്താണ്? ഒരു ശത്രുവിനെയും മുറിവേല്‍പിക്കാതെ ബാക്കി വെച്ചിട്ടില്ലാത്ത അദ്ദേഹത്തിന്റെ വാള്‍ എപ്പോഴെങ്കിലും പ്രവാചകന്റെ അനുമതിയില്ലാതെയും ദൈവിക മാര്‍ഗത്തിലല്ലാതെയും ഏതെങ്കിലും വ്യക്തിയുടെ മേല്‍ പതിഞ്ഞിട്ടുണ്ടോ? പ്രവാചകന്‍ ദിവസങ്ങള്‍ക്കു മുമ്പ് മക്കയില്‍ വെച്ച് സൂചിപ്പിച്ച പോലെ, അലിക്കെതിരെയുള്ള വിദ്വേഷത്തിന്റെ മുഖ്യകാരണം ദൈവിക മാര്‍ഗത്തിലുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ മുന്നേറ്റമല്ലേ?. അലിയുടെ കാര്യത്തിലുള്ള പ്രവാചകന്റെ നിശബ്ദത ചരിത്രത്തിന്റെ മുന്നോട്ടുപോക്കില്‍ അദ്ദേഹത്തെ അപ്രതിരോധ്യത്തിലാക്കും എന്ന് തീര്‍ച്ചയാണ്. സമൂഹത്തിന്റെ രാഷ്ട്രീയാവസ്ഥകള്‍, സാമൂഹിക ഘടന, വര്‍ഗപരമായ മുന്‍ധാരണകള്‍, പ്രഭുത്വപരമായ മൂല്യങ്ങള്‍, രാഷ്ട്രീയ കലഹം തുടങ്ങിയവയെല്ലാം ഒരുമിച്ച് ചേര്‍ന്ന് അലിയെ ഒറ്റപ്പെടുത്താനും അദ്ദേഹത്തിന്റെ അര്‍ഹമായ അവകാശം ഹനിക്കാനും ഗൂഢാലോചന ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഇസ്‌ലാമിക ചരിത്രത്തില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം കളങ്കപ്പെടുത്തപ്പെടുകയും വികൃതമാക്കപ്പെടുകയും ചെയ്യും. എത്രത്തോളമെന്നാല്‍ ദൈവത്തിലേക്കും പ്രവാചകനിലേക്കും അടുക്കാനുള്ള ഏക വഴി അലിയെ ശപിക്കലാണ് എന്ന് ഏറ്റവും ഭക്തരായ മുസ്‌ലിംകള്‍ പോലും നിഷ്‌കളങ്കതയോടെ ധരിച്ചുവശാകും.
ഇതെല്ലാം സംഭവിച്ചില്ലേ? മറ്റൊരു പ്രതിരോധകനും ഇല്ലാതിരുന്ന അലിക്ക് ചുറ്റും പ്രവാചകന്‍ പ്രതിരോധകവചം തീര്‍ക്കേണ്ടതായിരുന്നില്ലേ? അലിയുടെ വ്യക്തിത്വം ഛിന്നഭിന്നമാക്കപ്പെടും വിധം ചരിത്രത്തിന്റെ ദയക്കായി പ്രവാചകന്റെ നിശബ്ദത അദ്ദേഹത്തെ വിട്ടു കൊടുക്കുകയില്ലേ?
മക്കയില്‍ നിന്ന് 10 മൈല്‍ ദൂരെ നിന്നാണ് അവര്‍ വന്നിട്ടുള്ളത്. പ്രവാചകന്‍ തന്റെ മനസ്സിനെ പാകപ്പെടുത്തിയിട്ടുണ്ട്. ഗാദിര്‍ ഖും (Ghadir khom) എന്നറിയപ്പെടുന്ന സ്ഥലമാണിത്. ഗാദിര്‍ ഖുമിന്റെ കഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്. നഗരാതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന ഉസ്്മാന്‍ തിരിച്ചുപോകാന്‍ വേണ്ടി തന്റെ സൈന്യത്തെ തയ്യാറാക്കിയിട്ടുണ്ട്. തന്റെ സൈന്യത്തെ പടയൊരുക്കാന്‍ പ്രവാചകന്‍ നന്നായി പരിശ്രമിച്ചിട്ടുണ്ട്. തലയുയര്‍ത്തി നില്‍ക്കുന്ന അപകടം താമസിയാതെ അതിന്റെ ഭ്രംഷ്ട് കാണിക്കാനാരംഭിക്കും.
തലവേദന തുടങ്ങിയിട്ടുണ്ട്. രാത്രിയില്‍ പ്രവാചകന് ഉറങ്ങാന്‍ കഴിയുന്നില്ല. മരണത്തിന്റെ ചവിട്ടടികള്‍ തന്നെ സമീപിക്കുന്നതായി അദ്ദേഹത്തിനനുഭവപ്പെടുന്നു. അതീവ വേഗതയില്‍ ചക്രവാളത്തില്‍ ഒരുമിച്ച് കൂടുതല്‍ കറുത്ത മേഘങ്ങളെ അദ്ദേഹം കാണുന്നുണ്ട്. അര്‍ധ രാത്രിയാണിത്. നിശബ്ദത ഭയാനകമാണ്. പ്രയാസങ്ങള്‍ നിറഞ്ഞ ജീവിതത്തില്‍ ഊര്‍ജിതമായ തന്റെ ആത്മാവിനെ ഒരിക്കലും അസ്വസ്ഥപ്പെടുത്തിയിട്ടില്ലാത്ത ദു:ഖങ്ങളും ദുരിതങ്ങളും ഇപ്പോള്‍ അദ്ദേഹത്തിന്റെ ആത്മാവിനെ മറികടന്നിരിക്കുന്നു. പ്രവാചകന്‍ ഖദീജയുടെ അടിമയായ അബൂ മുവൈഹിദക്ക് അറിയിപ്പ് കൊടുത്തു. തന്റെ വസതിയില്‍ നിന്ന് പ്രവാചകനെ പരിപാലിക്കാനായി അദ്ദേഹം ഇറങ്ങി വന്നു. പ്രവാചകന്റെ ഏകാന്തത ശ്രദ്ധാര്‍ഹമാണ്. തന്റെ പ്രതാപത്തില്‍ നിന്നും പ്രവാചകന്‍ ഒരടിമയോട് ശ്മശാന ഭൂമിയിലേക്കുള്ള അദ്ദേഹത്തിന്റെ അവസാന യാത്രയില്‍ കൂടെ വരാനാവശ്യപ്പെടുന്നു. ഇത് സഫര്‍ മാസത്തിന്റെ ഇളം ചൂടുള്ള അവസാന ഗ്രീഷ്മ രാത്രിയോ അല്ലെങ്കില്‍ റബീഉല്‍ അവ്വല്‍ ആരംഭമോ ആണ്. സാവധാനവും മൃദുലവുമായ ഒഴുകുന്ന മന്ദമാരുതന്‍ കയ്‌പേറിയ ഓര്‍മകളെ ഉണര്‍ത്തുകയും ചിന്തകളെ ഇളക്കുകയും ചെയ്യുന്നുണ്ട്. തന്റെ അടിമയോട് അദ്ദേഹം പറയുകയാണ്: അല്ലയോ അബൂ മുവയ്ഹിബ, നമുക്ക് പോകാം. കാരണം ഞാന്‍ പോകാനും ബാഖിയിലെ നിവാസികളുടെ ദൈവികമാപ്പിന് വേണ്ടി പ്രാര്‍ഥിക്കുവാനും കല്‍പിക്കപ്പെട്ടിരിക്കുന്നു. രണ്ടു പേരും ആ നഗരത്തില്‍ നിന്ന് യാത്രയായി. ബാഖിയിലെ ശ്മശാന ഭൂമിയെ രാത്രിയുടെ ശാന്തത മൂടിയിരുന്നു. അവയിലേക്ക് ചേരുമെന്നറിഞ്ഞ് കൊണ്ട് പ്രവാചകന്‍ അവിടെ തന്നെ നിന്നു. ഒരു നിമിഷം ചുറ്റുമൊന്ന് കണ്ണോടിച്ച ശേഷം അദ്ദേഹം പറയാന്‍ തുടങ്ങി. ഖബറുകള്‍ അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ”നിങ്ങള്‍ക്ക് സമാധാനം ഖബര്‍ നിവാസികളെ, ആരുടെയും ശല്യമില്ലാതെ ഇവിടെ അന്തിയുറങ്ങിക്കൊള്ളൂ. ജീവിക്കുന്നവരുടെ ദിനങ്ങളെക്കാള്‍ നിങ്ങളുടെ ദിനങ്ങള്‍ നല്ലവണ്ണം തൃപ്തിപ്പെട്ടിരിക്കുന്നു. (ഒന്നും സംഭവിച്ചിട്ടില്ല. ഇന്നുള്ളപോലെ വിജയത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഒരിക്കലും എത്തിയിട്ടില്ലാത്ത പ്രവാചകന്‍ വല്ലാതെ അസ്വസ്ഥപ്പെട്ടിരിക്കുന്നതെന്തു കൊണ്ടാണ്? രാത്രിയുടെ ഇരുണ്ട ശകലങ്ങളെപ്പോലെ ദുരന്തങ്ങള്‍ ഞങ്ങളെ പിന്തുടരുകയാണ്.”
പ്രവാചകന്‍ തെല്ലിടനേരം നിശബ്ദനായി. പിന്നെ തന്റെ കൂട്ടുകാരന്റെ നേരെ തിരിഞ്ഞുകൊണ്ട് പറയുകയാണ്: ”അല്ലയോ അബൂ മുവയ്ഹിബ, അവര്‍ എനിക്കു വേണ്ടി ഭൗതിക നിധികളുടെ താക്കോലുകളും അതിലുള്ള അനശ്വരമായ ജീവിതവും കൊണ്ട് വന്നു. പിന്നെ സ്വര്‍ഗം എന്റെയരികിലേക്ക് കൊണ്ടുവരപ്പെട്ടു. ഈ ഭൗതിക വസ്തുക്കള്‍ക്കും നിത്യാനന്ദകരമായ സ്വര്‍ഗീയാനുഗ്രഹത്തിനും ഇടയില്‍ തിരഞ്ഞെടുപ്പിനുള്ള അധികാരം എനിക്കുണ്ടായിരുന്നു. ഞാന്‍ തിരഞ്ഞെടുത്തത് നത്യാനന്ദകമായ ദൈവിക ദര്‍ശനമായിരുന്നു.” അബൂ മുവയ്ഹിബ അങ്ങേയറ്റം ദു:ഖിതനായി. വേര്‍പാടിന്റെ സമയം ആഗതമായിരിക്കുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മുറിഞ്ഞ ശബ്ദത്തില്‍ കണ്ണീരോടെ അദ്ദേഹം പ്രതിവചിച്ചു: ”അല്ലയോ പ്രവാചകാ, എന്റെ ഉമ്മയും ഉപ്പയും അങ്ങേക്കുള്ള മോചനദ്രവ്യമാണ്! ഭൗതിക നിധികളുടെ താക്കോലുകളെയും അതിനകത്തെ അനശ്വര ജീവിതത്തെയും സ്വീകരിക്കൂ, അതിനു ശേഷം സ്വര്‍ഗം തിരഞ്ഞെടുക്കൂ.” പ്രവാചകന്‍ പ്രതിവചിച്ചു: ”അല്ലാഹുവാണെ, അതങ്ങനെയായിരിക്കില്ല, അബൂ മുവയ്ഹിബ ഞാനാദ്യമേ തന്നെ ദൈവത്തെ കണ്ടുമുട്ടാനും സ്വര്‍ഗത്തില്‍ പ്രവേശിക്കാനും തീരുമാനിച്ചിട്ടുണ്ട്.” പിന്നെയദ്ദേഹം ബാഖിയില്‍ മറവു ചെയ്യപ്പെട്ടവര്‍ക്കായി ദൈവിക മാപ്പിന്നായി പ്രാര്‍ഥിക്കുകയും വീട്ടിലേക്ക് തിരിച്ചു പോവുകയും ചെയ്തു. പ്രവാചന്റെ തലവേദന രൂക്ഷമാവുകയും രോഗവും വേദനയുമെല്ലാം അദ്ദേഹത്തെ വല്ലാതെ പീഡിപ്പിക്കുകയും ചെയ്തു. അപ്പോഴദ്ദേഹം ആയിശയുടെ വസതിയിലേക്ക് പോയി. ആയിശയും തലവേദന കൊണ്ട് പുളയുകയായിരുന്നു. ” ഓ…എന്റെ തല, ഓ…എന്റെ തല” എന്നവര്‍ തേങ്ങിക്കൊണ്ടിരുന്നു. ദു:ഖ സന്ദര്‍ഭങ്ങളില്‍ വീടിനു പുറത്ത് ചെലവഴിക്കുകയും സന്തോഷത്തോടെയും തിളങ്ങുന്ന മുഖത്തോടും മാത്രം വീട്ടിലേക്ക് കയറി വരികയും ചെയ്യാറുള്ള പ്രവാചകന്‍ ആയിശയുടെ വിലാപത്തോട് പ്രതികരിച്ചു. അദ്ദേഹം പറഞ്ഞു: ”നിന്റേതല്ല എന്റെ തല, എനിക്കു മുമ്പേ മരണപ്പെടുന്നതില്‍ എന്താണിത്ര ഉപദ്രവകരമായുള്ളത്? ്യൂഞാന്‍ നിന്റെ മൃതശരീരത്തെ പരിചരിക്കുകയും നിന്നെ മൂടുകയും ചെയ്യുമായിരുന്നു. കൂടാതെ, നിനക്കു വേണ്ടി മയ്യിത്ത് നമസ്‌കരിക്കുകയും നിന്നെ മറമാടുകയും ചെയ്യും.” ശങ്കിച്ചു നില്‍ക്കാതെ ആയിശ പ്രതിവചിച്ചു: ”അപ്പോള്‍ നിങ്ങള്‍ എന്റെ വീട്ടിലേക്ക് മടങ്ങുകയും നിങ്ങളുടെ ഭാര്യമാരിലൊരാളുടെ കൂടെ ഉറങ്ങുകയും ചെയ്യും.” ഇതു കേട്ടപ്പോള്‍ പ്രവാചകന്‍ ചിരിക്കുകയും അതേ ഉത്സാഹത്തില്‍ തന്നെ സംസാരം തുടരാന്‍ ശ്രമിക്കുകയും ചെയ്തു. തന്റെ കഠിനമായ വേദന അദ്ദേഹത്തെ അതിനനുവദിച്ചില്ല. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം വേദന നീങ്ങിയപ്പോള്‍ അദ്ദേഹം എഴുന്നേല്‍ക്കുകയും തന്റെ ഭാര്യമാരുടെ വസതികള്‍ ഓരോന്നായി സന്ദര്‍ശിക്കുകയും അവരോട് സംസാരിക്കുകയും ചെയ്തു.
മൈമൂനയുടെ വീട്ടിലെത്തിയപ്പോള്‍ വേദന കഠിനമായി. അപ്പോഴദ്ദേഹം തന്റെ എല്ലാ ഭാര്യമാരെയും ക്ഷണിച്ചു വരുത്തുകയും ആയിശയുടെ വീട്ടില്‍ വിശ്രമിക്കാനുള്ള അനുവാദം തേടുകയും ചെയ്തു. അദ്ദേഹത്തിന്റെ അവസ്ഥ കണ്ട ഭാര്യമാര്‍ സമ്മതം നല്‍കി. ഒരു തുണി കൊണ്ട് തല മൂടിയ നിലയിലാണ് പ്രവാചകന്‍ ആയിശയുടെ വീട്ടിലേക്ക് പ്രവേശിച്ചത്. അബ്ബാസുബ്‌നു അബ്ദുല്‍ മുത്വലിബും അലിയ്യുബ്‌നു അബൂത്വാലിബും ചേര്‍ന്ന് അദ്ദേഹത്തിന്റെ കൈകള്‍ പിടിച്ചിട്ടുണ്ടായിരുന്നു. തറയിലൂടെ കാലുകള്‍ വലിച്ചിഴച്ചാണ് അദ്ദേഹം നടന്നിരുന്നത്. വേദന അതീവ കഠിനമായിരുന്നു. അദ്ദേഹത്തിന്റെ ശരീരമാകട്ടെ, പനി കാരണം കത്തുകയായിരുന്നു. എന്തുകൊണ്ടാണ് സൈന്യമിപ്പോഴും മാര്‍ച്ച് ചെയ്യാത്തത്? കാരണമദ്ദേഹത്തിന് പിടികിട്ടി. ഇത്തരമൊരവസ്ഥയില്‍ തന്റെ അനുയായികളിലെ മുതിര്‍ന്ന അംഗങ്ങള്‍ മദീന വിട്ട് പോവുകയില്ല എന്ന് അദ്ദേഹത്തിന് നന്നായറിയാമായിരുന്നു. പ്രവാചകന്‍ കല്‍പിച്ചു: ”ഏഴ് പാത്രങ്ങളിലായി വ്യത്യസ്ത കിണറുകളില്‍ നിന്ന് വെള്ളം കോരുകയും എന്റെ മേല്‍ ഒഴിക്കുകയും ചെയ്യുക, അപ്പോഴെനിക്ക് ജനങ്ങളുടെ അടുത്തേക്ക് പോകാനും അവരുമായി കരാറുണ്ടാക്കുവാനും സാധിച്ചേക്കാം.” തന്റെ ഭാര്യയും ഉമറിന്റെ മകളുമായ ഹഫ്‌സ കൊണ്ടുവന്ന വെള്ളം നിറച്ച ഒരു മരത്തൊട്ടിയില്‍ ഇരിക്കാന്‍ ചിലയാളുകള്‍ പ്രവാചകനെ സഹായിക്കുകയും നിറുത്താനാവശ്യപ്പെടുന്നതു വരെ അദ്ദേഹത്തിനുമേല്‍ അവര്‍ വെള്ളമൊഴിച്ചു കൊടുക്കുകയും ചെയ്തു. പനി മൂലം കത്തുന്ന മുഖവുമായും ഒരു തുണി കൊണ്ട് തല മൂടിയ അവസ്ഥയിലുമാണ് അദ്ദേഹം പള്ളിയിലേക്ക് പോയത്. തന്റെ കൈകള്‍ താങ്ങാന്‍ അദ്ദേഹം ഫദലുബ്‌നു അബ്ബാസിനോട് ആവശ്യപ്പെട്ടു. ഫദല്‍ അദ്ദേഹത്തെ പ്രസംഗപീഠത്തിരിക്കാന്‍ സഹായിക്കുകയും ചെയ്തു. (ഈ ദൃശ്യവും അതിന്റെ വിശദാംശങ്ങളും ദൃശ്യവല്‍ക്കരിക്കാന്‍ മാത്രം പ്രാധാന്യമുള്ളവയാണ്.) ജനങ്ങള്‍ പ്രവാചകനു ചുറ്റും ഒരുമിച്ചുകൂടുകയും അദ്ദേഹം സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു. ദൈവത്തെ സ്തുതിച്ച ശേഷം ആദ്യമായി ഉഹ്ദ് രക്തസാക്ഷികളുടെ ഓര്‍മ പുതുക്കുകയാണദ്ദേഹം ചെയ്തത്. (ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത പ്രവാചക അനുയായികള്‍ കൂടുതല്‍ പ്രശസ്തരായിരിക്കെ എന്തുകൊണ്ടാണ് ഉഹ്ദിലെ അനുയായികളെ അദ്ദേഹം ഓര്‍മിച്ചതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ? ഉഹ്ദ് യുദ്ധത്തില്‍ ചില അനുയായികളുടെ ഭാഗത്തു നിന്നുണ്ടായ കരാര്‍ ലംഘനം മുസ്‌ലിംകളുടെ പരാജയത്തില്‍ കലാശിച്ചതിനാല്‍ ഇപ്പോള്‍ പ്രവാചകന്‍ മറ്റൊരു കരാര്‍ ലംഘനത്തെക്കുറിച്ച് തന്റെ അനുയായികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാഗ്രഹിക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അതിനാലായിരിക്കാം അദ്ദേഹം ഉഹ്ദ് യുദ്ധത്തെ ഓര്‍മിച്ചത്. ഇതല്ലാതെ മറ്റൊരു കാരണവും ഞാന്‍ കാണുന്നില്ല.) തുടര്‍ന്ന് പ്രവാചകന്‍ തുടര്‍ച്ചയായി അവര്‍ക്കു വേണ്ടി അല്ലാഹുവിനോട് മാപ്പപേക്ഷിക്കുകയും അനുഗ്രഹമാശംസിക്കുകയും ചെയ്തു. അതിനു ശേഷം അദ്ദേഹം പറഞ്ഞു: ”തന്റെ അടിമകളില്‍ അല്ലാഹു ഒരാളെ തിരഞ്ഞെടുത്തിരിക്കുന്നു. എന്നിട്ട് ഈ ലോകത്തും നാഥന്റെ സന്നിധിയിലുള്ളതിനുമിടയില്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് അവനെ അനുഗ്രഹിക്കുകയും ചെയ്തിരിക്കുന്നു. രണ്ടാമത്തേതാണവന്‍ തിരഞ്ഞെടുത്തത്.” അദ്ദേഹം നിര്‍ത്തി. കണ്ണീരുകള്‍ കാഴ്ചയെ മങ്ങിച്ചതിനാല്‍ ജനങ്ങള്‍ക്ക് കൃത്യമായി പ്രവാചകനെ കാണാന്‍ കഴിഞ്ഞില്ല. ഈ സന്ദര്‍ഭത്തില്‍ ഗാഢത അബൂബക്കറിനനുഭവപ്പെടുകയും അദ്ദേഹം ഉച്ചത്തില്‍ കരയുകയും ചെയ്തു. കരഞ്ഞുകലങ്ങിയ കണ്ണുകള്‍ താനേറെ ആദരിക്കുന്ന സുഹൃത്തിലേക്ക് തിരിച്ചുകൊണ്ട് സ്‌നേഹത്താലും ദ:ഖത്താലും വിറക്കുന്ന ശബ്ദത്തില്‍ അബൂബക്കര്‍ മൊഴിഞ്ഞു: ”ഞങ്ങളുടെയും ഞങ്ങളുടെ കുട്ടികളുടെയും ജീവനുകള്‍ താങ്കളുടേതിനു പകരമായി എടുത്തോളൂ.” പ്രവാചകന്‍ പ്രതിവചിച്ചു: ”സ്വയം ശാന്തനാകൂ അബൂബക്കര്‍”. പള്ളിയിലെ അന്തരീക്ഷം ദു:ഖത്താല്‍ തളം കെട്ടി നിന്നു. ദു:ഖവും ആകാംക്ഷയും അതിശക്തമായി ജനങ്ങളെ പിടിമുറുക്കിയിരുന്നു. ഒരു വാക്ക്‌പോലും ആര്‍ക്കും ഉച്ചരിക്കാന്‍ കഴിഞ്ഞില്ല. പ്രവാചകന്‍ തുടര്‍ന്നു. അല്ലയോ ജനങ്ങളേ, ഉസാമയുടെ നേതൃത്വത്തില്‍ നിങ്ങളിലേല്‍പിക്കപ്പെട്ട കര്‍തവ്യം നിറവേറ്റുക. എന്റെ ജീവിതം കൊണ്ട് ഞാന്‍ സത്യം ചെയ്യുന്നു. ഉസാമയുടെ സൈന്യാധിപ സ്ഥാനത്തെക്കുറിച്ച് നിങ്ങള്‍ പറഞ്ഞതൊക്കെയും അദ്ദേഹത്തിന്റെ പിതാവിന്റെ സൈന്യാധിപ സ്ഥാനത്തെക്കുറിച്ചു കൂടിയാണ്. അതേസമയം ഉസാമ, അദ്ദേഹത്തിന്റെ പിതാവിനെപ്പോലെ തന്നെ നിങ്ങളെ നയിക്കാന്‍ യോഗ്യനാണ്.
അതേസമയം, തന്റെ ജനതക്ക് ഭീഷണിയായിട്ടുള്ള അപകടങ്ങളെക്കുറിച്ച് പ്രവാചകന് സൂചന നല്‍കപ്പെട്ടു. അദ്ദേഹം തുടര്‍ന്നു. എന്റെ രണ്ട് കൈകളും സ്വര്‍ണത്തിന്റെ വിലങ്ങണിയപ്പെട്ടതായി ഞാന്‍ ഇന്നലെ രാത്രി സ്വപ്നം കണ്ടു. അതെന്നെ വല്ലാതെ ദു:ഖിതനാക്കി. ഞാനവയിലേക്ക് ഒരു നോട്ടമയച്ചപ്പോഴേക്കും അവ അപ്രത്യക്ഷമായി. അവ രണ്ടിനെയും (കള്ളപ്രവാചകത്വ വാദികള്‍) യമാമയുടെയും യമന്റെയും കള്ളന്മാരെന്നാണ് ഞാന്‍ വിശേഷിപ്പിച്ചത്.
അദ്ദേഹം സംസാരം അവസാനിപ്പിച്ചു. പനിയുടെ കാഠിന്യം നിമിഷം തോറും കൂടി വരികയായിരുന്നു. ശരീരത്തിലൂടെ വെള്ളമൊഴിച്ചതിനു ശേഷം പനിയില്‍ നിന്നും നേരിയ ആശ്വാസം ലഭിക്കുകയും പള്ളിയിലേക്ക് പോവുകയും ചെയ്‌തെങ്കിലും അധിക നേരം അത് നീണ്ടുനിന്നില്ല. രോഗമാകട്ടെ, കലശലാവുകയും ചെയ്തു. അദ്ദേഹം ക്ഷീണിതനായി. വളരെയധികം പ്രയാസത്തോടെ അദ്ദേഹം സംസാരിക്കാന്‍ ശ്രമിക്കുന്നത് ജനങ്ങള്‍ക്ക് കാണാമായിരുന്നു. എന്നാല്‍ അദ്ദേഹത്തിനതിന് കഴിഞ്ഞില്ല. വേദനകൊണ്ട് പുളഞ്ഞ അദ്ദേഹത്തിന് തന്റെ വേദനയെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞില്ല. ജനങ്ങളുമായുള്ള പ്രവാചകന്റെ അവസാന സന്ധിയായിരുന്നു അത്. അദ്ദേഹത്തിന് ജനങ്ങളോടും പള്ളിയോടും യാത്ര ചോദിക്കേണ്ടതുണ്ട്. മറ്റൊരവസരം ജീവിതം തരില്ല. എല്ലാം അവസാനിച്ചിട്ടുണ്ട്. ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും അവസാനിക്കാറായിരിക്കുന്നു. എന്നെന്നേക്കുമായി ജനങ്ങളോട് വിട ചോദിക്കുകയും പ്രസംഗ പീഠത്തില്‍ നിന്ന് ഇറങ്ങുകയും വേണം. ആഇശയുടെ ഭവനത്തില്‍ മരണം അദ്ദേഹത്തെ കാത്തിരിക്കുകയാണ്. എന്നാല്‍ ജീവിതത്തിന്റെ അന്ത്യ നിമിഷങ്ങളില്‍ ജനങ്ങളോടെന്തോ പറയാനുള്ളപോലെ എല്ലാ കഴിവുമുപയോഗിച്ച് അദ്ദേഹം തന്റെ ഊര്‍ജം സംഭരിച്ചു. തന്റെ അവസാന സന്ദേശം പറയുന്നതിനായി പ്രവാചകന്‍ സര്‍വശക്തിയുമുപയോഗിച്ച് ഊര്‍ജം സംഭരിക്കുകയാണെന്ന് ജനങ്ങള്‍ മനസ്സിലാക്കി. ഹൃദയസ്പൃക്കായ ദൃശ്യമാണിത്. കപട വിശ്വാസികള്‍ക്കുപോലും മനോവിഷമമുണ്ടായ സന്ദര്‍ഭം. വിഷമത്തോടെ ജനങ്ങള്‍ തല താഴ്ത്തിയിരുന്നു. അവരുടെ ദു:ഖം കണ്ണുനീര്‍തുള്ളികളായി പുറത്തേക്കൊഴുകി. പ്രവാചകന്‍ ആരംഭിച്ചു: പനി ബാധിച്ച ചുണ്ടില്‍ നിന്നും വളരെ പ്രയാസത്തോടെയാണ് വാക്കുകള്‍ പുറത്തേക്കു വന്നത്. അത്ര വേദനയോടെ ഒരാളും സംസാരിച്ചിട്ടില്ല. എന്നാല്‍ മുഹമ്മദിനു സംസാരിക്കേണ്ടതുണ്ട്. ജനങ്ങളോട് ചില ചോദ്യങ്ങള്‍ അദ്ദേഹത്തിന് ചോദിക്കേണ്ടതുണ്ട്. അല്ലാതെ പ്രവാചകന് സമാധാനമുണ്ടാകില്ല. ”അല്ലയോ മനുഷ്യരേ, ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു. അവനല്ലാതെ നിങ്ങള്‍ക്ക് വേറൊരു ദൈവവുമില്ല. ഞാനാര്‍ക്കെങ്കിലും എന്തെങ്കിലും തിരിച്ചേല്‍പിക്കാനുണ്ടെങ്കില്‍ മുന്നോട്ട് വരിക. ഞാനാരെയെങ്കിലും നീതിരഹിതമായി ശിക്ഷിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ക്കിതാ ഞാനെന്റെ പുറംഭാഗം കാണിച്ചു കൊടുക്കുന്നു. ഞാനാരെയെങ്കിലും ശകാരിച്ചിട്ടുണ്ടെങ്കില്‍ ഈ സദസ്സിനു മുമ്പില്‍ വെച്ച് ആ വ്യക്തിക്ക് എന്റെ തെറ്റ് തുറന്നു പ്രഖ്യാപിക്കാം. ഒരു നിയമപാലകനെപ്പോലെ ഞാനൊരിക്കലും പെരുമാറിയിട്ടില്ല. ഞാനതിനെ വെറുക്കുകയും ചെയ്യുന്നു. ഞാന്‍ തിരികെ നല്‍കാനുള്ളത് അവകാശപ്പെടുന്നവനും എനിക്ക് പൊറുത്ത് തരുന്നവനുമാണ് നിങ്ങളിലേറ്റവും സ്‌നേഹനിധിയായവന്‍. അതിനാല്‍ എനിക്കെന്റെ നാഥനെ സംതൃപ്തമായ മനസ്സോടെ കണ്ടുമുട്ടാന്‍ സാധിക്കും. എന്റെയീ അഭ്യര്‍ഥന മതിയാവില്ല എന്നും ഞാനെഴുന്നേറ്റ് നിന്ന് പലതവണ ഇത് ആവര്‍ത്തിക്കണമെന്നുമാണ് എനിക്ക് തോന്നുന്നത്.” അദ്ദേഹം പ്രസംഗപീഠത്തില്‍ നിന്നിറങ്ങുകയും ളുഹ്ര്‍ നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തു. പനിയും തലവേദനയും ക്ഷീണവും നട്ടുച്ച ചൂടുമെല്ലാം ചേര്‍ന്ന് അദ്ദേഹത്തിന്റെ മുഴുവന്‍ ഊര്‍ജവും ഇല്ലാതാക്കിയിട്ടുണ്ട്. മരണത്തിന്റെ അടയാളങ്ങള്‍ അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ നിന്നും പ്രകടമായിരുന്നു. ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണം അവസാനിച്ചിട്ടില്ലായിരുന്നു. ജനങ്ങളോട് അദ്ദേഹം ചെയ്യാനാവശ്യപ്പെട്ടത് വെറും നൈതികപരമായ ഔപചാരികതയായിരുന്നില്ല. മറിച്ച്, കുറച്ചു നിമിഷത്തേക്ക് മരണത്തെപ്പോലും അകറ്റി നിര്‍ത്തുന്ന പ്രധാനപ്പെട്ടൊരു കാര്യമായിരുന്നു. പ്രവാചകന്റെ വളരെ പ്രയാസപ്പെട്ട അവസ്ഥ കണ്ട ജനങ്ങള്‍ ആശ്ചര്യപ്പെട്ടു പോയിരുന്നു. ചിലരദ്ദേഹത്തെ സഹായിക്കാന്‍ തയ്യാറായെങ്കിലും അദ്ദേഹം വീട്ടിലേക്ക് പോയില്ല. അദ്ദേഹം വീണ്ടും പ്രസംഗപീഠത്തിലേക്ക് തന്നെ തിരിച്ചു. എന്നിട്ടതിനു മുകളില്‍ ഇരിക്കുകയും മുമ്പ് പറഞ്ഞ കാര്യം തന്നെ വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തു. ഈ സമയം അദ്ദേഹത്തിന്റെ സ്വരത്തിന് നല്ല ഊക്കുണ്ടായിരുന്നു. തന്റെ അഭ്യര്‍ഥന ഒന്നുകൂടി ആവര്‍ത്തിച്ചതിന് ശേഷം പ്രവാചകന്‍ നിശബ്ദനായി. തുടര്‍ന്ന് ക്ഷീണിതമായ കണ്ണുകളോടെ പ്രതീക്ഷയോടുകൂടി അദ്ദേഹം ജനങ്ങളെ തെല്ലിട നേരം നോക്കി നിന്നു. തങ്ങളെന്തെങ്കിലും പറയേണ്ടതുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നി. പക്ഷേ എന്തു പറയും? അവര്‍ക്കറിയില്ല. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവാചകന്‍ തന്റെ ജീവിതം മുഴുവനും ഉഴിഞ്ഞുവെച്ചത്. ഈ ബദൂവിയന്‍ ജനതക്ക് മര്യാദയെയും കുലീനതയെയും കുറിച്ച ബോധം അദ്ദേഹം പകര്‍ന്നു നല്‍കിയിട്ടുണ്ട്. ഖദീജയുടെ സമ്പാദ്യമെല്ലാം അവര്‍ക്കു വേണ്ടിയാണ് അദ്ദേഹം ചെലവഴിച്ചത്. മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിച്ചു കൊണ്ട് തന്റെ ജീവിതം പ്രവാചകന്‍ പുഷ്ടിപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ആരെയും അദ്ദേഹം അടിച്ചമര്‍ത്തുകയും ചെയ്തിട്ടില്ല. അദ്ദേഹം സ്വയം തന്നെ ഒരു മാതൃകാ മുസ്‌ലിമായിരുന്നു. ഒരാളെയും പ്രവാചകന്‍ ദു:ഖിതനാക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല. തന്നെ തൊട്ടുരുമ്മിക്കൊണ്ട് കുതിരയെ ഓടിക്കുകയായിരുന്ന ഒരു പരുക്കന്‍ ബദൂവിയന്റെ നേര്‍ക്കു മാത്രമാണ് പ്രവാചകന്‍ ദേഷ്യം പ്രകടിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ കുതിരയെ ഈ ബദൂവിയന്റെ കുതിര പലപ്പോഴായി ഇടിക്കുകയും പ്രവാചകന്റെ കാലിന് കഠിനമായ വേദനയനുഭവപ്പെടുകയും ചെയ്തപ്പോഴായിരുന്നു ഇത്. അദ്ദേഹം ബദൂവിയനെ അടിക്കുകയും കുറച്ചകലം പാലിക്കാന്‍ കല്‍പിക്കുകയും ചെയ്തു. പ്രവാചകന്‍ മദീനയിലെത്തിയപ്പോള്‍ അയാളെ വിളിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്തു. മാത്രമല്ല, നഷ്ടപരിഹാരമായി 80 ആടുകളെ നല്‍കുകയും ചെയ്തു. ആരെയെങ്കിലും താന്‍ മുറിവേല്‍പിച്ചിട്ടുണ്ടോ എന്നും ആര്‍ക്കെങ്കിലും എന്തെങ്കിലും തിരിച്ചു നല്‍കാനുണ്ടോ എന്ന കാര്യവും അദ്ദേഹം ഇപ്പോള്‍ മറന്നിട്ടുണ്ട്. എന്നാല്‍ തന്റെ ജീവിത യാത്രയില്‍ ആരോടെങ്കിലും ക്രൂരമായി പെരുമാറിയിട്ടുണ്ടാകാമെന്നും അക്കാര്യം മറന്നുപോയിട്ടുണ്ടാകുമെന്നും ഇപ്പോഴും അദ്ദേഹം ഭയപ്പെടുന്നുണ്ട്.
മുഹമ്മദ് കാത്ത് നില്‍ക്കുകയാണ്. ജനങ്ങളാകട്ടെ, ഒന്നും പറയാന്‍ കഴിയാത്തതില്‍ ലജ്ജിതരായിരുന്നു. ആരും തന്നെ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കാന്‍ ധൈര്യപ്പെട്ടില്ല. പ്രവാചകന്റെ പ്രതീക്ഷിത നോട്ടങ്ങളെ അഭിമുഖീകരിക്കാനവര്‍ക്ക് കഴിയുമായിരുന്നില്ല. വിറച്ചുകൊണ്ട് അവര്‍ തങ്ങളുടെ തലയും ചുമലുകളും താഴ്ത്തിയിരുന്നു. പ്രവാചകന്റെ ചോദ്യത്തിന് ഉത്തരം നല്‍കുക പ്രയാസകരമായിരുന്നു. അപ്പോള്‍ ഒരറബി എഴുന്നേറ്റു നിന്ന് പറഞ്ഞു: ”അല്ലാഹുവിന്റെ പ്രവാചകരേ, നിങ്ങളെനിക്ക് മൂന്ന് ദിര്‍ഹം തിരിച്ചു നല്‍കാനുണ്ട്.” (വിചിത്രമായ സമൂഹമായിരുന്നു അത്.) ചിലയാളുകള്‍ക്ക് ഇത് സഹിക്കാനായില്ല. അവര്‍ കരഞ്ഞുപോയി. പ്രവാചകന്‍ പെട്ടെന്നു തന്നെ ഫദ്‌ലിനോട് ആ അറബിക്കര്‍ഹതപ്പെട്ടത് നല്‍കാന്‍ പറഞ്ഞു. അബ്ബാസ് അദ്ദേഹത്തിന് മൂന്ന് ദിര്‍ഹം നല്‍കി. അപ്പോള്‍ അദ്ദേഹമവിടെ ഇരുന്നു. അസ്വസ്ഥത നിറഞ്ഞതും വേദനാജനകവുമായ ശാന്തത പള്ളിയുടെ അന്തരീക്ഷമാകെ പൊതിഞ്ഞുനിന്നു. (ആ മനുഷ്യന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ അതീവ ലജ്ജിതരായിരുന്നു.) സദസ്സിനു മുമ്പില്‍ വെച്ച് തന്നെ നാണം കെടുത്തിയ ഈ മനുഷ്യന്റെ പ്രവൃത്തി ജനങ്ങളെ വിഷമത്തിലാക്കിയിട്ടണ്ടെന്ന് പ്രവാചകന് മനസ്സിലായി. അദ്ദേഹം പറഞ്ഞു: ”അല്ലയോ ജനങ്ങളേ, ആരെങ്കിലും കടം വീട്ടാനുണ്ടെങ്കില്‍ അതുടന്‍ തന്നെ വീട്ടണം. അതിന്റെ പേരില്‍ ഈ ലോകത്ത് അപമാനം അനുഭവപ്പെടരുത്. കാരണം വിധി നിര്‍ണായക ദിനത്തെക്കാള്‍ ഈ ലോകത്ത് ലജ്ജിതരാകുക വളരെ എളുപ്പമാണ്”.
മറ്റൊരു അറബി എഴുന്നേറ്റുകൊണ്ട് പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എനിക്ക് മൂന്ന് ദിര്‍ഹം നല്‍കാനുണ്ട്”. പ്രവാചകന്‍ അവനോട് ചോദിച്ചു: ”എന്തുകൊണ്ടാണ് നീയത് വാഗ്ദാനം ചെയ്തത്?” അയാള്‍ പ്രതിവചിച്ചു: ”ഞാന്‍ ആ സമയത്ത് ദരിദ്രനായിരുന്നു”. പ്രവാചകന്‍ ഫദ്‌ലിനോട് ആ തുക ശേഖരിക്കാന്‍ പറഞ്ഞു. മറ്റൊരാള്‍ എഴുന്നേറ്റു. അദ്ദേഹം പ്രവാചകന്റെ മുഖത്തേക്കു തന്നെ നോക്കുന്നുണ്ടായിരുന്നു. വികാരവിക്ഷോഭത്താല്‍ വിറച്ചുകൊണ്ടാണയാള്‍ നില്‍ക്കുന്നത്. അയാള്‍ പറഞ്ഞു: ”അല്ലയോ ദൈവദൂതരേ, ഒരു യുദ്ധത്തില്‍ വെച്ച് നിങ്ങളെന്നെ വയറില്‍ അടിച്ചിട്ടുണ്ട്”. പെട്ടെന്ന് സദസ്സാകെ നിശബ്ദമായി. ഹൃദയങ്ങളെല്ലാം ചെറുകഷ്ണങ്ങളായി വിഛേദിക്കപ്പെട്ടു. എല്ലാവരും ഞെട്ടിത്തരിച്ചു പോയി. തലയുയര്‍ത്താനുള്ള ധൈര്യം പോലും ആര്‍ക്കുമുണ്ടായിരുന്നില്ല. വിയര്‍പ്പിനാല്‍ അലംകൃതമായ തന്റെ കുപ്പായം പുഞ്ചിരിക്കുന്ന മുഖത്തോടെ പ്രവാചകന്‍ ഉയര്‍ത്തുകയും മാറിടം വരെ വെളിപ്പെടുത്തുകയും ചെയ്തു. അദ്ദേഹം ആ മനുഷ്യനോട് മുന്നോട്ടു വരാന്‍ പറഞ്ഞു. ദു:ഖ പാരവശ്യത്തോടെ ജനങ്ങള്‍ തല താഴ്ത്തിയിരുന്നു. വേദനാജനകമായ ഒരു നിമിഷം കടന്നുപോയി. പെട്ടെന്ന് വേദന നിറഞ്ഞ കരച്ചില്‍ പള്ളിയെ തുളച്ചു കയറുകയും പള്ളിയാകെ പ്രകമ്പനം കൊള്ളുകയും ചെയ്തു. ജനങ്ങള്‍ തലയുയര്‍ത്തിയപ്പോള്‍ കണ്ട കാഴ്ച അവരെ അമ്പരപ്പിച്ചു. ഉന്മാദാവസ്ഥയില്‍ ആ മനുഷ്യന്‍ പ്രവാചകന്റെ നഗ്നമായ മാറിടം ചുംബിക്കുകയായിരുന്നു. എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞു. പ്രവാചകന്റെ മുന്നില്‍ ലജ്ജയോടെ ഇരുന്ന ജനങ്ങള്‍ ഇപ്പോള്‍ ആഹ്ലാദ്യരായി. ആരാധനയുടെയും പ്രണയത്തിന്റെയും വികാരം ലജ്ജാകരമായ ഓര്‍മകളെ തുടച്ചുനീക്കുകയായിരുന്നു. പ്രവാചകന്‍ (സ) യോടുള്ള പ്രണയവും ബഹുമാനവും പ്രകടിപ്പിക്കാന്‍ കഴിഞ്ഞതില്‍ അവര്‍ ആഹ്ലാദ്യഭരിതരായി. തന്റെ ജനതയെ പ്രവാചകന്‍ ഗാഢമായി പ്രണയിച്ചിരുന്നു. ഇനിയൊരിക്കലും അത് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുകയില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ നിര്‍ണായക ഘട്ടത്തില്‍ വിസ്മയകരമായ ഒരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചു. (പ്രവാചക വിനയത്തിന്റെ അടയാളം കൂടിയാണിത്. തന്റെ ജനതക്ക് വേണ്ടി ഒന്നും ചെയ്യാനാവാത്ത സന്ദര്‍ഭത്തിലും അവര്‍ക്ക് ഗുണമുണ്ടാക്കുന്ന കാര്യം ചെയ്യണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.) പ്രവാചകന്‍ നിര്‍ദേശിച്ചു. ”മനോഹരമായ ഒരാത്മാവിന്റെ യഥാര്‍ഥ ശ്രേഷ്ഠതകളറിയുന്ന, കണ്ണുനീര്‍ സ്പര്‍ശിക്കാത്ത ഒരു നയനവും ഈ ഭൂമിയിലില്ല. അല്ലയോ ജനങ്ങളേ, സ്വന്തത്തെക്കുറിച്ച് ഭയപ്പെടുന്ന, എന്തെങ്കിലും ബലക്ഷയമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ എഴുന്നേറ്റ് നില്‍ക്കുക. അതിനാല്‍ എനിക്കവനു വേണ്ടി പ്രാര്‍ഥിക്കാം.”
പ്രത്യാശയുടെയും ആഹ്ലാദത്തിന്റെയും വിസ്മയകരമായ ഉണര്‍വോടെ, ഈ വാക്കുകള്‍ ദു:ഖ സാന്ദ്രമായ പള്ളിയുടെ അന്തരീക്ഷത്തെ പൊതിഞ്ഞു നിന്നു. (പ്രവാചകന്‍ ഒരു സാധാരണ മനുഷ്യനു വേണ്ടി പ്രാര്‍ഥിക്കുന്നു!) സുശക്തമായ വിശ്വാസത്തിന്റെ ചൈതന്യം, അഭൂതപൂര്‍വമായ രീതിയില്‍ അറബികള്‍ക്കിടയില്‍ വെളിപ്പെട്ടിരിക്കുകയാണ്. മുഖങ്ങളൊളിപ്പിച്ചു വെച്ചിരുന്ന മൂടുപടങ്ങളെ പുതിയ പ്രതീക്ഷകള്‍ ഉയര്‍ത്തിയിട്ടുണ്ടായിരുന്നു. അപ്പോള്‍ ഒരാള്‍ എഴുന്നേറ്റ് പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതരേ, ഞാനെന്റെ ഹൃദയത്തോടു തന്നെ കളവു പറഞ്ഞിരിക്കുന്നു. ഞാന്‍ അധര്‍മിയായ മനുഷ്യനാണ്. ഞാനാവശ്യത്തില്‍ കൂടുതല്‍ ഉറങ്ങുന്നു.” പ്രവാചകന്‍ അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിച്ചു. ”അല്ലാഹുവേ, സത്യസന്ധതയാലും വിശ്വാസത്താലും നീ ഈ മനുഷ്യനെ അനുഗ്രഹിക്കുക. ഉണരാനാഗ്രഹിക്കുമ്പോഴൊക്കെയും ഉറക്കത്തെ അവനില്‍ നിന്നും എടുത്തു കളയുക.” വേറൊരാള്‍ എഴുന്നേറ്റ് നിന്നു കൊണ്ട് പറഞ്ഞു: ”ദൈവദൂതരേ, ഉള്‍പ്രേരണയാല്‍ കളവു പറയുന്നവനാണു ഞാന്‍. കപടനാണു ഞാന്‍. എന്റെ ജീവിതത്തിലൊരിക്കല്‍പോലും മറ്റുള്ളവരെ വഞ്ചിക്കാത്ത, സത്യസന്ധമായ ഒരി ജോലിയില്‍ ഞാനിതുവരെ ഏര്‍പ്പെട്ടിട്ടില്ല.” ”പൊതുമധ്യത്തില്‍ വെച്ച് സ്വന്തത്തെ തന്നെ അവഹേളിക്കുന്നതില്‍ ലജ്ജിക്കൂ” എന്ന് ഉമര്‍ ആ മനുഷ്യനോട് രൂക്ഷമായ ഭാഷയില്‍ പറഞ്ഞു. ”ഖത്താബിന്റെ മകനേ, ഈ ലോകത്ത് അപമാനം സഹിക്കുക എന്നത് പരലോകത്തെക്കാള്‍ എളുപ്പമാണ്. സത്യസന്ധതയാലും വിശ്വാസത്താലും അല്ലാഹു താങ്കളെ അനുഗ്രഹിക്കുകയും താങ്കളുടെ മുഖം നന്മയിലേക്ക് തിരിക്കുകയും ചെയ്യട്ടെ.” തുടര്‍ന്ന് പ്രവാചകന്‍ പ്രസംഗപീഠത്തില്‍ നിന്നിറങ്ങുകയും പള്ളിയില്‍ നിന്ന് തിരിച്ച് പോവുക എന്ന ഉദ്ദേശത്തോടെ മുന്നോട്ട് നടക്കുകയും ചെയ്തു. പെട്ടെന്ന് അദ്ദേഹം നില്‍ക്കുകയും ജനങ്ങളുടെ നേര്‍ക്ക് തിരിഞ്ഞുകൊണ്ട് പറയുകയും ചെയ്തു: ”അല്ലയോ കുടിയേറ്റക്കാരുടെ സംഘമേ, (മുഹാജിറുകള്‍) നിങ്ങളുടെ സഹായികളുമായി (അന്‍സാറുകള്‍) നല്ല നിലയില്‍ വര്‍ത്തിക്കാന്‍ ഞാനാവശ്യപ്പെടുന്നു. ജനങ്ങള്‍ എണ്ണത്തില്‍ വര്‍ധിക്കും. എന്നാല്‍ സഹായികള്‍ എല്ലായ്‌പ്പോഴും ഇതുവരെ ഉണ്ടായിരുന്നത്ര തന്നെയാണ് അവശേഷിക്കുക. (സഹായികളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യില്ല.)
വിവര്‍ത്തനം- സല്‍മി
Connect
Connect with us on the following social media platforms.