ശവഭോഗവും പച്ച മാംസവും: യുക്തിഹീനമായ ഫത്‌വകളുടെ കാലം
ശവഭോഗം നിയമപരമാണ് എന്നു പ്രഖ്യാപിച്ച മൊറോക്കന്‍മത പുരോഹിതന്റെ ഫത്‌വയെ ചര്‍ച്ച ചെയ്യുകയാണിപ്പോള്‍ സൈബര്‍ലോകം. പുരോഹിതന്റെ അഭിപ്രായത്തില്‍, ഒരു ആണിന് മരിച്ച ഭാര്യയോട് മരിച്ച് ആറു മണിക്കൂറിനുള്ളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം. ഫത്‌വ പുറപ്പെടുവിച്ച് കുറച്ചു കാലം ആയെങ്കിലും ഈജിപ്ഷ്യന്‍ പാര്‍ലമെന്റ് ഈ ഫത്‌വയ്ക്ക് നിയമ പരമായ പ്രാബല്യം നല്‍കാനാലോചിക്കുന്നു എന്ന വാര്‍ത്ത അല്‍ അറേബ്യയില്‍ വന്ന ശേഷം അത് ലോക ശ്രദ്ധയാകര്‍ഷിച്ചു.
വാര്‍ത്ത വ്യാജം ആണെന്ന് തെളിയിക്കപ്പെട്ടെങ്കിലും അബ്ദുല്‍ബാരി അല്‍സംസമി എന്ന മത പുരോഹിതന്‍ ഫത്‌വ പുറപ്പെടുവിച്ചു എന്നത് കുറെയൊക്കെ വ്യക്തമായിരുന്നു. ശരിക്ക് പറഞ്ഞാല്‍ ഫത്‌വയ്ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നത് നിന്ദ്യമാണെന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും വിടവാങ്ങല്‍ രതി ( Farewell Intercourse) എന്നു വിളിക്കപ്പെടുന്ന മരിച്ച ഭാര്യയുമായുള്ള ലൈംഗിക ബന്ധം അനുവദനീയമാണെന്ന തന്റെ ഫത്‌വ തെറ്റാണെന്നു തെളിയിക്കാന്‍ അദ്ദേഹം വെല്ലുവിളി നടത്തുകയും ചെയ്തു.
തന്റെ പണ്ഡിതോചിതമായ അഭിപ്രായം സ്ഥാപിക്കാന്‍ അബ്ദുല്‍ബാരി ഉപയോഗിച്ച ഉദാഹരണം അദ്ദേഹത്തിന്റെ സ്ത്രീ വിദ്വേഷത്തെയും മനുഷ്യത്വരാഹിത്വത്തേയും പുറത്ത് കൊണ്ട് വരുന്നുണ്ട്. പാകം ചെയ്യാത്ത ഇറച്ചി ഭക്ഷിക്കുന്നത് പോലെയാണിതെന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദാഹരണം. വേവിക്കാത്ത ഇറച്ചി കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല എന്നത് എല്ലാവര്‍ക്കുമറിയാം. പക്ഷെ അതുകൊണ്ട് അത് മതപരമായി നിരോധിക്കപ്പെട്ടതാണ് എന്നര്‍ത്ഥമില്ല. സ്ത്രീ, ജീവനോടെയും അല്ലാതെയും പുരുഷന് വിഴുങ്ങാനുള്ള മാംസ കഷ്ണം മാത്രമാണ് എന്ന സന്ദേശമാണ് ഈ ഫത്‌വ നല്‍കുന്നത്്.
ലോകമെമ്പാടുമുള്ള ഇസ്‌ലാം ഭീതിയുടെ വളര്‍ച്ചക്ക് വളം വച്ചു കൊടുക്കുന്നത് കിറുക്കന്‍മാരായ മതപണ്ഡിതര്‍ ഇറക്കുന്ന യുക്തിഹീനമായ ഇത്തരത്തിലുള്ള ഫത്‌വകളാണ്. ഇന്ത്യയിലെ ഹിന്ദു വലതുപക്ഷ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ അരുണ്‍ ഷൂരിയുടെ ‘വേള്‍ഡ് ഓഫ് ഫത്വാസ്’ (The World of Fatwas), എന്ന പത്തൊന്‍പതാം നൂറ്റാണ്ട് മുതല്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന ഫത്‌വകളെ കുറിച്ചുള്ള തര്‍ക്കികമായ പഠനം ഇരുപതാം നൂറ്റാണ്ടിലെ അവസാന ദശാബ്ദത്തില്‍ ഇന്ത്യയില്‍ മുസ്‌ലിം വിരുദ്ധ വികാരം വളര്‍ത്തിക്കൊണ്ടു വരാന്‍ പ്രധാന കാരണം ആയിട്ടുണ്ട്.
സ്വന്തം കാലത്തില്‍ നിന്നും വിശ്വാസത്തിന്റെ ആത്മാവില്‍ നിന്നും ഏറെ അകന്ന് നില കൊള്ളുന്ന ഒരു സംഘം പണ്ഡിതന്‍മാരുടെ സംസ്‌കാരമില്ലാത്ത മതവിധികള്‍ കാരണം സമുദായം മുഴുവനും വളരെയധികം പരിഹാസത്തിനും ദുരാരോപണത്തിനും വിധേയമാക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുസ്ലിം വിരുദ്ധ പടയൊരുക്കത്തിന്റെ കാലത്ത് ഷൂരിയുടെ പുസ്തകം, സമുദായത്തെ പൈശാചിക വത്കരിക്കാന്‍
ഹിന്ദു വലതുപക്ഷത്തിന്റെ കൈയിലെ ഫലപ്രദമായ ഒരായുധമായി വര്‍ത്തിച്ചു. സമുദായത്തിന് മറുപടി പറയാന്‍ വാക്കുകളുണ്ടായിരുന്നില്ല. കാരണം പുസ്തകത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഫത്‌വകള്‍ യഥാര്‍ത്ഥമായിരുന്നു, ഗ്രന്ഥകാരന്റെ കല്‍പിത വൃത്താന്തമായിരുന്നില്ല അത്.
എന്തിനുമേതിനും ഫത്‌വയിറക്കി സന്തോഷിക്കുന്ന മത പുരോഹിതന്‍മാര്‍ ഒരാഗോള വിശ്വാസത്തിന് പരിഹരിക്കാനാവാത്ത ആഘാതവും അപമാനവുമാണേല്‍പ്പിച്ചിരിക്കുന്നത് എന്ന് പറയാം.വില കുറഞ്ഞ പബ്ലിസിറ്റിക്കും, ദൂരക്കാഴ്ച്ചയില്ലാത്ത അക്ഷരാര്‍ത്ഥവാദത്തിനും വേണ്ടി ചില മതപണ്ഡിതന്‍മാര്‍ യുക്തിയേയും വിവേകത്തെയും കാറ്റില്‍ പറത്തിയത് കാരണം ഒരു വിശ്വാസി സമൂഹം മുഴുവന്‍ പ്രതിരോധത്തിലാണിപ്പോള്‍. സ്വന്തം വീക്ഷണത്തിന് സാധൂകരണം കണ്ടെത്താനുള്ള ശ്രമത്തില്‍, ഇസ്ലാമിന്റെ മൂല പ്രമാണങ്ങള്‍ തന്നെ ഈ പണ്ഡിതന്‍മാര്‍ നിഷേധിക്കുന്നു എന്നതാണ് അതിനേക്കാള്‍ പ്രധാനപ്പെട്ട കാര്യം. ദൈനം ദിന പ്രശ്‌നങ്ങള്‍ക്ക് ഭൂതകാലത്തിന്റെ തെളിനീരുറവയില്‍ നിന്ന് നീതിയുക്തമായ മറുപടികള്‍ നിര്‍ധാരണം ചെയ്യുന്ന ഇജ്ത്തിഹാദ് (Ijtihad) എന്ന മഹത്തായ ആശയത്തെ തന്നെ ഈ ഫത്‌വ അപഹാസ്യമാക്കുന്നുണ്ട്. ഖുര്‍ആനും പ്രവാചകന്റെ പാരമ്പര്യവും ഊന്നിപ്പറയുന്ന ഒരു കാര്യം ഈ ഫത്‌വകള്‍ നിരാകരിക്കുന്നു; ദൈനം ദിന ജീവിതത്തില്‍ വിവേകം (ഹിക്മ) പ്രയോഗിക്കണമെന്ന കാര്യം.
ഫത്‌വ വിറ്റ് ജീവിക്കുന്ന ഇത്തരക്കാര്‍ യഥാര്‍ത്ഥത്തില്‍ അവര്‍ പ്രതിനിധീകരിക്കുന്ന സമുദായത്തിനും വിശ്വാസത്തിനും അവരുടെ വാക്കുകള്‍ ഉണ്ടാക്കുന്ന അനന്തരഫത്തെക്കുറിച്ച് ബോധവാന്മാരല്ല. അങ്ങിനെ അവര്‍ അവഹേളിക്കുന്നതു ഇസ്‌ലാമിക ദൈവശാസ്ത്രത്തിന്റെ മൗലികമായ ‘അല്‍മസ്ലഹ അല്‍ആമ്മ’ (പൊതുനന്മ) എന്ന അടിസ്ഥാന തത്വത്തെയാണ്. വിശ്വാസികള്‍ യുക്ത്യാനുസൃതം ചിന്തിക്കാന്‍ ഖുര്‍ആന്‍ നിരന്തരം വിളിച്ചോതുന്നു എന്ന ഈ തത്വം മനുഷ്യത്ത്വമോ നര്‍മ്മബോധമോ ഇല്ലാത്ത ഈ പണ്ഡിതരുടെ അടഞ്ഞ ചെവികളിലാണ് വന്ന് പതിച്ചിരിക്കുന്നത്. ഒരു ഫത്‌വ എന്നതു ഒരു വ്യക്തി അയാളുടെ (അപൂര്‍വ്വമായി അവളുടെ) മത-വേദ ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രകടിപ്പിക്കുന്ന അഭിപ്രായമാണ് എന്നതും സമുദായം മുഴുവനും അത് അനുസരിക്കേണ്ടതില്ല എന്നതും ശരിയാണ്. പക്ഷേ വിശ്വാസികളുടെ അഭിമാനത്തിനും, ആത്മബോധത്തിനും, വിശ്വാസത്തിനും ഈ ഫത്‌വകള്‍ ഏല്‍പ്പിക്കുന്ന ക്ഷതം നാം കാണാതിരുന്നു കൂടാ. കുരിശു യുദ്ധകാലം മുതല്‍ക്കേ മുസ്‌ലിംകളെ കുറിച്ച് പ്രചാരത്തിലുള്ള അങ്ങേയറ്റം മോശമായ വാര്‍പ്പുമാതൃകകളെ ശവഭോഗത്തെ കുറിച്ചുള്ള ഫത്‌വപോലുള്ള നിരവധി ഫത്‌വകള്‍ സാധൂകരിക്കുന്നുണ്ട്.
ഇസ്ലാമിനെതിരെ പുറത്ത് വന്നു കൊണ്ടിരിക്കുന്ന അപകീര്‍ത്തിപരമായ സാഹിത്യങ്ങളെപോലും കവച്ചു വെച്ചു കൊണ്ടാണ് കിറുക്കന്‍മാരായ മത പുരോഹിതന്‍മാര്‍ പുറത്ത് വിട്ട ചിന്താശൂന്യവും, വികാരശൂന്യവും, സഹതാപശൂന്യവുമായ ഫത്‌വകള്‍ വിശ്വാസത്തിന് അപഖ്യാതി ഏല്‍പ്പിച്ചു കൊണ്ടിരിക്കുന്നത് എന്ന് വേണമെങ്കില്‍ പറയാം. സല്‍മാന്റുഷ്ദിയുടെ സാത്താന്റെ വചനങ്ങളെക്കാള്‍ ലോകമെങ്ങുമുള്ള മുസ്‌ലിംകളുടെയും ഇസ്‌ലാമിന്റെയും അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചു ആയത്തുള്ള ഖുമൈനിയുടെ നരഹത്യക്ക് പ്രേരണ നല്‍കിയ ഫത്‌വ.
എന്തൊക്കെ ആയാലും ഫത്‌വാ പകര്‍ച്ചവ്യാധിക്കുള്ള പരിഹാരം ഭരണകൂട നിയന്ത്രണങ്ങളോ വാ മൂടിക്കെട്ടലോ അല്ല അത് അതിനേക്കാള്‍ മോശമായ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന സ്ഥിതി വിശേഷമുണ്ടാക്കും. ബുദ്ധി ശൂന്യരായ മതപുരോഹിതര്‍ക്കെതിരെ പൊതുജനാഭിപ്രായം സ്വരൂപിക്കലും പ്രായോഗികമല്ല. കാരണം അവരില്‍ പലരും ശക്തമായ ജനകീയ പ്രസ്ഥാനങ്ങളെയും സംഘടനകളെയും പ്രതിനിധീകരിക്കുന്നവരാണ്. വിഭാഗീയ പക്ഷപാതിത്വങ്ങള്‍ക്കതീതമായി കൂടുതല്‍ വിശാലവും മാനുഷികവുമായ മത ജ്ഞാനത്തിനു വേണ്ടിയുള്ള പൊതു ജനാഭിപ്രായ രൂപീകരണമാണ് വിവരദോഷികളായ പണ്ഡ്തന്‍മാര്‍ക്കും അവരുടെ ശബ്ദ കോലാഹലങ്ങള്‍ക്കുമെതിരെ ഗ്യാരണ്ടിയുള്ള ഒരു പരിഹാരം. ‘ആലിം’ എന്ന അറബിക് വാക്ക് മതപണ്ഡിതനേയും ശാസ്ത്രജ്ഞനേയും വിശേഷിപ്പിക്കാന്‍ ഒരുപോലെ ഉപയോഗിക്കുന്നുണ്ട് എന്ന കാര്യം പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. മതജ്ഞാനത്തിനും മതേതരജ്ഞാനത്തിനും ഇടയില്‍ തരംതിരിവുകള്‍ ഇല്ല എന്നതാണ് ജ്ഞാനത്തെ കുറിച്ചുള്ള ഇസ്‌ലാമിക സങ്കല്‍പം. മതപുരോഹിതന്‍ രംഗപ്രവേശം ചെയ്യുന്നതിനും ഏറെ മുന്‍പേ തന്നെ പുരോഹിതനെ പൂര്‍ണമായും ഇസ്‌ലാം അപ്രസക്തമാക്കിക്കളഞ്ഞു എന്നത് അത്ഭുതമല്ല. മരണപ്പെട്ടവര്‍ക്കെതിരായ അക്രമം നിയമവിധേയമാക്കുന്ന ഒരു ഫത്‌വ മധ്യേഷ്യയില്‍ പുറത്തു വന്നത് അഫ്ഗാനിസ്ഥാനിലും ഇറാഖിലും മൃതശരീരങ്ങളെ അവഹേളിക്കുന്നത് വ്യാപകമായ ധാര്‍മിക രോഷത്തിലേക്ക് നയിച്ച സന്ദര്‍ഭത്തില്‍ തന്നെയാണ് എന്നുള്ളത് വിചിത്രമാണ്. വിടവാങ്ങല്‍ രതി (Farewell intercourse) പുലര്‍ത്താന്‍ ഉള്ള അനുവാദമല്ല മുസ്‌ലിം ലോകത്തിനു ഈ സമയത്ത് അത്യാവശ്യം, മറിച്ച് മതപുരോഹിതരുടെ പ്രവര്‍ത്തന രീതി തിരുത്താനുള്ള ഒരു അഭിപ്രായ രൂപീകരണമാണ്.
(ഈ ലേഖനം 2012 ജൂലൈയില്‍ International Business Times പ്രസിദ്ധീകരിച്ചതാണ്.)