banner ad
June 9, 2012 By സിയാവുദ്ദീന്‍ സര്‍ദാര്‍ 0 Comments

സ്വത്വങ്ങളുടെ പൂന്തോപ്പ്; നാനാത്വങ്ങളും ഇതര ഭാവികളും

കണ്ണുകളടച്ച് ഞാന്‍ ഭാവിയില്‍ ഉണ്ടായിത്തീരുന്ന ഒരു ലോകത്തെപ്പറ്റി ആലോചിക്കുന്നു. മുപ്പത്, നാല്‍പ്പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഉണ്ടാകുന്ന ഒരു ദാര്‍ശനിക ലോകമാണത്. ഒരു പുതിയ മാനവരാശിയുടെ ലോകമല്ല, പഴയതും പുതിയതുമായ അസംഖ്യം മാനവരാശികളുടെ ലോകമാണ്. വംശങ്ങളുടെ അതിജീവനത്തിനായി, മനുഷ്യനായി നിലനില്‍ക്കേണ്ടുന്ന ഒന്നിലധികം രീതികള്‍ സാധാരണമാകുന്നു എന്നതില്‍ കവിഞ്ഞ് അത്യന്താപേക്ഷിതമായി മാറുന്ന ലോകമാണത്. ലോകം ഒരു പൂന്തോപ്പ് പോലെയാകുമെങ്കില്‍ അതാണാ ലോകം.

ഒരു പൂന്തോപ്പില്‍ – അത് പൂന്തോപ്പാണ് എന്നത് കൊണ്ട് തന്നെ – വിവിധ തരത്തിലുള്ള നിരവധി പുഷ്പങ്ങള്‍ ഉണ്ടാകും. വര്‍ഷന്തോറും പൂവിടുന്ന വിവിധ ഇനത്തിലുള്ള ഹര്‍ഡി പെരേണിയലുകള്‍, സീസണ്‍ അനുസരിച്ച് നട്ടുവളര്‍ത്തേണ്ട ഒരു വര്‍ഷം മാത്രമോ, രണ്ട് വര്‍ഷമോ നിലനില്‍ക്കുന്ന സസ്യങ്ങള്‍. ഇലകള്‍ക്കും, വേലികള്‍ക്കും, അതിരുകള്‍ക്കും നിറം നല്‍കുന്ന ചെടികള്‍; വേലിപ്പടര്‍പ്പുകള്‍; വാസ്തു ശില്‍പവുമായി ബന്ധപ്പെട്ട ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന ചെടികള്‍. പഴങ്ങള്‍ നല്‍കുന്ന മരങ്ങള്‍; സുഗന്ധം പകരുന്ന വിവിധ നിറത്തിലുള്ള പുഷ്പങ്ങള്‍ നല്‍കുന്നവ; മണ്ണിനെ നിലനിര്‍ത്തുകയും തണല്‍ നല്‍കുകയും ചെയ്യുന്ന മരങ്ങള്‍. പുല്‍ത്തകിടിന് വളരെ അനുയോജ്യമായ, അവശ്യമായ പുല്ലുകള്‍. അല്ല, സുപരിചിതരായ പക്ഷികളും ഈച്ചകളുമില്ലാത്ത എന്ത് പൂന്തോട്ടം. മണ്ണിനെ പുഷ്ടിപ്പെടുത്തുന്നതും, ചിലപ്പോള്‍ കീടനാശിനികള്‍ അവശ്യമാക്കുകയും ചെയ്യുന്ന കീടങ്ങളും വിരകളും വേണ്ടേ. പൂന്തോട്ടത്തിലുള്ള പ്രധാനപ്പെട്ട സംഗതി വൈവിധ്യമാര്‍ന്ന ഈ ജീവരൂപങ്ങളെല്ലാം സഹവര്‍ത്തിത്തോടെ – പരസ്പരം പോഷകങ്ങള്‍ പകര്‍ന്നും പൂന്തോപ്പിന്റെ പൊതുവായ അതിജീവനത്തെ പരിപോഷിപ്പിച്ചും – നിലനില്‍ക്കുന്നുവെന്നതാണ്. ശരിയാണ്, പൂന്തോപ്പ് പരിപാലിക്കപ്പെടേണ്ടതുണ്ട്; കളകളെ പറിച്ചുകളയണം; ചെടികള്‍ വെട്ടി നന്നാക്കണം; മറ്റ് ചെടികളെ ശ്വാസം മുട്ടിച്ചോ അവയുടെ നിലനിര്‍പ്പിനെ അപകടപ്പെടുത്തിയോ ഒരു ചെടിയും പൂന്തോപ്പില്‍ വളരുന്നില്ല എന്ന് നാം ഉറപ്പുവരുത്തണം.

മനുഷ്യാസ്തിത്വത്തിന്റെ വിശാലവും വൈവിധ്യവുമാര്‍ന്നതുമായ എല്ലാ വഴികളും, വ്യത്യസ്തമായ നിരവധി സംസ്‌കാരങ്ങളും; ഭാവിയും, ഭൂതവും, വര്‍ത്തമാനകാലവും; സഹവര്‍ത്തിത്തോടെ നിലനില്‍ക്കുന്ന ഒരു ഭാവികാലമാണ്, ഭൂലോകം മുഴുവന്‍ നന്നായി പരിപാലിക്കപ്പെടുന്ന ഒരു ഉദ്യാനം പോലെ നിലനില്‍ക്കുന്ന കാലമാണ് ഞാനാഗ്രഹിക്കുന്നത്. പക്ഷേ ഞാനന്വേഷിക്കുന്നതോ വിഭാവനം ചെയ്യുന്നതോ ആയ സ്വത്വങ്ങളുടെ തരം ‘സ്വത്വം’ എന്ന വാക്കുകൊണ്ട് നാം സാമ്പ്രദായികമായി വിവക്ഷിച്ചുപോരുന്ന സങ്കല്‍പത്തോട് തീരെ ബന്ധമില്ലാത്ത ഒന്നാണ്.

തത്വശാസ്ത്രപരമായി, സ്വത്വം എന്ന സങ്കല്‍പത്തിന് അടിസ്ഥാനപരമായി രണ്ട് ധാരണകളുണ്ട്. അമര്‍ത്യാസെന്‍ അത് പറയുന്നുണ്ട്. ഒന്നാമത്തേത് – നമുക്ക് ഒരേയൊരു സ്വത്വം, അഥവാ പ്രധാനപ്പെട്ട, മുഖ്യമായ ഒരു സ്വത്വം ഉണ്ടാകുക എന്നതാണ്. രണ്ടാമത്തേത്, നാം നമ്മുടെ സ്വത്വത്തെ കണ്ടെത്തുക എന്ന ധാരണയാണ്. ഒന്നാമത്തെ ധാരണ ഒറ്റ നോട്ടത്തില്‍ തന്നെ തെറ്റാണെന്ന് കാണാം. നിരവധി സ്വത്വങ്ങളിലായി നാം നിലനില്‍ക്കുന്നുണ്ട് എന്നതിനു പുറമേ വിവിധ സന്ദര്‍ഭങ്ങളില്‍ വിവിധ സ്വത്വങ്ങളെ നാം വിളിച്ചോതുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ, ഒരാള്‍ക്ക് ജന്മം കൊണ്ട് ഇന്ത്യക്കാരനോ, മുസ്‌ലിമോ, ഫ്രഞ്ച് പൗരനോ, അമേരിക്കന്‍ നിവാസിയോ, സ്ത്രീയോ, കവിയോ, വെജിറ്റേറിയനോ, യൂണിവേഴ്‌സിറ്റി പ്രൊഫസറോ, ക്രിസ്ത്യനോ, മത്സ്യം പിടിക്കുന്നത് വിനോദമാക്കിയ ആളോ, ഭൗമാന്തര ജീവിതത്തിലോ നന്നായി അലങ്കരിച്ച പറക്കും തളികകളില്‍ പ്രപഞ്ചം ചുറ്റി സഞ്ചരിക്കുന്ന അത്യാഗ്രഹവാസികളിലോ ആഴത്തില്‍ വിശ്വാസമുള്ള ആളോ ആകാം. ഒരു വ്യക്തിയുടെ ഈ സമാന്യത സ്വത്വത്തില്‍ ഓരോന്നും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വളരെ പ്രസക്തമാണ്.(Amartya Sen, Predicament of Identity, Bibi, March-April 4850).

രണ്ടാമത്തെ ധാരണയും അത്രതന്നെ പിഴവുകളുള്ള ഒന്നാണ്. നമ്മുടെ സമുദായത്തില്‍ നിന്നാണ് നാം നമ്മുടെ സ്വത്വത്തെ കണ്ടെത്തുന്നത് എന്ന വാദഗതിയാണത്. അഥവാ, സമുദായത്തിനകത്തെ ബന്ധങ്ങളിലൂടെയാണ് നാം സ്വത്വത്തെ കണ്ടെത്തുന്നത് എന്ന വാദം. ഈ വാദം തെളിയിക്കുന്നത് സ്വന്തം സ്വത്വങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ നമുക്ക് യാതൊരു പങ്കുമില്ല എന്നതാണ്. പക്ഷേ സമുദായത്തിന്റെയും പാരമ്പര്യങ്ങളുടെയും നിയന്ത്രണങ്ങള്‍ ഒരു ഭാഗത്ത് നിലനില്‍ക്കുമ്പോള്‍ തന്നെ, യുക്തിക്കും ഇച്ഛാശക്തിക്കും പങ്കു വഹിക്കാനുണ്ട് എന്ന് നമുക്ക് കാണാം. ഇഷ്ടംപോലെ ഏത് സ്വത്വവും നമുക്ക് തിരഞ്ഞെടുക്കാവുന്നതാണ് എന്നതല്ല ഇവിടുത്തെ പ്രധാന കാര്യം. മറിച്ച് ”ബദല്‍ സ്വത്വങ്ങള്‍ക്കും, സ്വത്വങ്ങളുടെ ഗണങ്ങള്‍ക്കും മേല്‍ ഇച്ഛാശക്തിയോ, നമുക്ക് ഒരേ സമയം ലഭ്യമായ വിവിധ സ്വത്വങ്ങളില്‍ ഏതിന് പ്രാധാന്യം നല്‍കണം എന്നത് തീരുമാനിക്കാനുള്ള വ്യക്തമായ സ്വാതന്ത്ര്യമോ” നമുക്കുണ്ടോ എന്നതാണ്. (Amartya Sen 2001)

ബഹു സ്വത്വങ്ങള്‍ അഥവാ ബഹുത്വം ഒരു പ്രശ്‌നമായി തോന്നുന്നതു കൊണ്ടാണ്, സ്വത്വ പ്രതിസന്ധി എന്ന ആഗോള പകര്‍ച്ചാ വ്യാധിയുടെ നടുവില്‍ നമുക്ക് നില്‍ക്കേണ്ടതായി വരുന്നത്. നാം ആരാണ്, എന്താണ് എന്നത് നമുക്ക് ഏറെപേര്‍ക്കും അറിയില്ല. നാം എന്തായിത്തീരണം എന്നതിനെക്കുറിച്ച് അസാധ്യമാം വിധം കാല്‍പനീകവത്കരിക്കപ്പെട്ട സങ്കല്‍പങ്ങളാണ് നമുക്കുള്ളത്. സാങ്കല്‍പികമായ ഒരു പൈതൃകത്തോട് നാം വല്ലാതെ ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്നു. മാറാതെ നില്‍ക്കുന്ന പാരമ്പര്യത്തെ സംരക്ഷിക്കുന്നതിനായി നാം കൂട്ടം ചേരുന്നു. നമ്മുടെ ആദര്‍ശവത്കരിക്കപ്പെട്ട സ്വത്വത്തിന്റെ ‘സാരം’ സംരക്ഷിക്കുവാന്‍ കൊല്ലുന്നു. കൊല്ലപ്പെടുന്നു. കൃത്യമായ ഒരു സ്വത്വം ഉണ്ടാകുക എന്ന ആശയത്തെ നമ്മില്‍ ഭൂരിപക്ഷവും കയ്യൊഴിഞ്ഞു. ജാക്കറ്റുകള്‍ മാറുന്നതു പോലെയാണ് നാം നമ്മുടെ സ്വത്വങ്ങള്‍ വെച്ച് മാറുന്നത്. അകത്തുനിന്ന് നമ്മെ മെല്ലെ മെല്ലെ, എന്നാല്‍ ആത്മവിശ്വാസത്തോടെ, തിന്ന് തീര്‍ത്തുകൊണ്ടിരിക്കുന്ന ഒരു രോഗം നാമെല്ലാം സഹിച്ചുകൊണ്ടിരിക്കുകയാണ്.

രോഗലക്ഷണങ്ങള്‍ എല്ലായിടത്തുമുണ്ട്. വടക്കന്‍ അയര്‍ലണ്ടില്‍, മുഖം മൂടി ധരിച്ച ആളുകള്‍ കേവലം ‘നിസാരക്കാരല്ല’. അയര്‍ലണ്ടിന്റെ അഥവാ ഉള്‍സ്റ്ററിന്റെ ഏറ്റവും നല്ല ആളുകളും, വ്യത്യസ്തത നിലനിര്‍ത്തുന്നതിന് വേണ്ടി അക്രമം നടത്താന്‍ കൂട്ടം ചേര്‍ന്നവരുമാണ്. കുറേക്കൂടി അമേരിക്കയാകണോ അഥവാ യൂറോപ്പാകണോ എന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ബ്രിട്ടന്‍. ഇരുപതാം നൂറ്റാണ്ടില്‍ ഏറിയ പങ്കും, കമ്യൂണിസ്റ്റ് ചേരിക്ക് വിരുദ്ധമായ ഒരമേരിക്കന്‍ സ്വത്വം അഥവാ അതിന്റെ വൈദേശിക നയം അമേരിക്ക രൂപപ്പെടുത്തിയെടുക്കയായിരുന്നു. ശീത യുദ്ധാനന്തരം, അമേരിക്കക്ക് പുതിയ ‘സങ്കല്‍പ വില്ലന്മാരെ’ സൃഷ്ടിക്കേണ്ടതായി വന്നു ‘മുസ്‌ലിം ഭീകരവാദികള്‍’ ദരിദ്രരും പാപ്പരുമായ ഉത്തര കൊറിയ പോലുള്ള തെമ്മാടി രാഷ്ട്രങ്ങള്‍, ചൈന എന്ന ശല്യം). സ്വന്തം സ്വത്വത്തെ തീര്‍പ്പാക്കുവാനുള്ള മണ്ടന്‍ ശ്രമമാണ് ആ രാജ്യം ഇതിലൂടെ നടത്തുന്നത്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ പുതിയ, കൃത്യമായ, ദേശീയ തലത്തില്‍ പരസ്പരം എതിരിടുന്ന സ്വത്വങ്ങള്‍ നിലവില്‍ വന്നു. ഇതില്‍ അസര്‍ ബൈജാന്‍കാര്‍ അര്‍മേനിയക്കെതിരെയും ചെച്‌നിയ റഷ്യക്കെതിരെയും കസാകിസ്ഥാന്‍കാരില്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിനെതിരെയും പോരടിച്ചുകൊണ്ടിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സ്വത്വങ്ങളുടെ ചേരിതിരിവിന് സാക്ഷ്യം വഹിച്ചവരാണ് ബാല്‍ക്കണ്‍ ഉപദ്വീപിലുള്ളവര്‍. ശരിയായ ഇസ്‌ലാമിക സ്വത്വം ഏത് എന്ന വിഷയത്തില്‍ പതിറ്റാണ്ടുകളോളം യുദ്ധം ചെയ്തു മുസ്‌ലിം ലോകത്തുള്ള പരമ്പരാഗത വാദികളും ആധുനികരും (അഹമ്മദ് മുല്ലസി, Moderate and Islamic Fundamentalism: The quest for Modernity, Legitimacy and Islamic state, 1999, University Press of Florida) സ്വന്തം നിലയ്ക്ക് ഒരു അക്കാദമിക വിഷയമായി ധവളത്വം (whiteness) പഠിക്കപ്പെടുവോളം ”വെളുപ്പ്” എന്നത് ഒരു പ്രശ്‌നമായി മാറി. ചുരുക്കത്തില്‍ സ്വത്വം എന്നത് എല്ലായിടത്തും രൂപപ്പെട്ടുവരുന്നുണ്ട്. അതുകൊണ്ടാണ് സ്വത്വത്തിന്റെ രാഷ്ട്രീയം ഉത്തരാധുനിക കാലത്തെ ഏറ്റവും വലിയ വിഷയങ്ങളിലൊന്നായി നിലനില്‍ക്കുന്നത്.

”നീ നിന്നെ അറിയുക” എന്നത് ഏറ്റവും അടിസ്ഥാനപരമായ മാനുഷിക ചോദനയും തത്വശാസ്ത്രത്തിലെ അടിസ്ഥാന പ്രശ്‌നവുമാണ് – സോക്രട്ടീസിന്റെ വാക്കുകള്‍ കടമെടുത്താല്‍, നാം ആരാണ്, എന്താണ് എന്ന കേവല ധാരണ നമ്മുടെ ദൈനംദിന കാര്യങ്ങള്‍ എങ്ങനെ നടത്തണമെന്നും നാമെങ്ങിനെ ജീവിക്കണമെന്നും തീരുമാനിക്കുന്നതിന് നമ്മെ സഹായിക്കുന്നു. അതിഭൗതികവും ധാര്‍മികവുമായ കാഴ്ചപ്പാടുകളില്‍ വ്യക്തത നല്‍കുന്നതിന് ആത്മജ്ഞാനം നമ്മെ സഹായിക്കുന്നു. പക്ഷേ ക്രമാതീതമായി ആഗോളവത്കരിക്കപ്പെടുന്ന ഒരു ലോകത്ത്, ആത്മജ്ഞാനത്തിന്റെ ഒരു കണിക പോലും സ്വായത്തമാക്കുക എന്നത് ഏതാണ്ട് അസാധ്യമാണ്. നമ്മെക്കുറിച്ച് ആത്മവിശ്വാസം നല്‍കുന്ന ഘടകങ്ങള്‍ – ഒരേ സ്വഭാവമുള്ള ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ദേശ രാഷ്ട്രങ്ങളും, സ്വയമേവ നിലനില്‍പ്പുള്ള പ്രാദേശിക സമൂഹങ്ങളും, ചരിത്രത്തോടും, മാറാതെ നിലനില്‍ക്കുന്ന പാരമ്പര്യത്തോടുള്ള നമ്മുടെ വിധേയത്വവും – അപ്രത്യക്ഷമായി. നമ്മുടെ സ്വത്വത്തിന്റെ ഉറവിടങ്ങള്‍ അര്‍ത്ഥരഹിതമായി മാറിക്കഴിഞ്ഞു.
ഉദാഹരണമായി, ഇംഗ്ലണ്ട് എന്ന ഭൂപ്രദേശമെടുക്കുക. അത് ഇംഗ്ലീഷുകാരുടെ മാത്രം സംരക്ഷിത പ്രദേശമല്ല. ജനസംഖ്യ ഇപ്പോള്‍ കുറേക്കൂടി കൂടികലര്‍ന്ന ഒന്നാണ്. ബഹുവംശ സമൂഹത്തിലെ ഒരു ഘടകം മാത്രമാണ് ‘ആംഗലേയത്വം’ (Englishness) എന്നത്. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഇംഗ്ലീഷുകാരല്ലാത്ത ബഹുഭൂരിപക്ഷത്തിനും ആംഗലേയത്വവുമായി ബന്ധപ്പെട്ട ചരിത്രവും പാരമ്പര്യവും – ‘സാമ്രാജ്യം’, ‘പ്രഭുസമിതി’, ‘കുറുക്കന്‍ വേട്ട’, ‘ദേശീയ ഗാനം’ എന്നത് – അപ്രസക്തവും ചോദ്യം ചെയ്യപ്പെടേണ്ടതുമായി മാറിക്കഴിഞ്ഞു. അതു പോകട്ടെ, എണ്ണമറ്റ മറ്റനവധി സംസാരിക സ്വത്വങ്ങളുടെ മിശ്രണമായി നിലനില്‍ക്കുന്ന പുതിയ യുറോപ്യന്‍ സ്വത്വവുമായി ബന്ധപ്പെടുത്തി കാണുമ്പോള്‍ ആംഗലേയത്വം എന്നത് അപ്രസക്തമായി മാറുന്നു. ഇംഗ്ലീഷുകാര്‍ക്ക് ഇപ്പോള്‍ ഭീതി തോന്നുന്നതില്‍ അതിശയമില്ല.

‘കറുപ്പ്’ എന്ന സാധാരണമായ ലേബലിനെക്കുറിച്ച് ആലോചിച്ച് നോക്കൂ. അതിന് ആഗോളതലത്തില്‍ തന്നെ യാതൊരു ബന്ധവുമില്ല. പ്രാപഞ്ചികമായ ഒരു കറുപ്പ് സ്വത്വമില്ല. വ്യത്യസ്ത നാടുകളില്‍ കറുത്തവനായിരിക്കുക എന്നതിന് വ്യത്യസ്തമായ സാരവും സാംഗത്യവുമാണുള്ളത്. ന്യൂയോര്‍ക്കില്‍, കറുത്തവനായിരിക്കുക എന്നാല്‍ ‘വെളുപ്പന്‍മാര്‍ക്കും, ഇറ്റലിക്കാര്‍ക്കും, അയര്‍ലണ്ടുകാര്‍ക്കും, ഹിസ്പാനിക്‌സിനും വിരുദ്ധമായ വ്യത്യസ്തതയുടെ അടയാളം പേറുക എന്നാണര്‍ത്ഥം. നൈജീരിയയില്‍, നിങ്ങള്‍ കറുത്തവനാണോ, വെളുത്തവനാണോ എന്നതല്ല കാര്യം; നിങ്ങള്‍ ‘യൊറുബ’ (Yoruba) ആയിരിക്കുകയും ‘ഹൗസ’ (Hausa) അല്ലാതിരിക്കുകയും ചെയ്യുന്നതിലാണ് കാര്യം. നിങ്ങള്‍ പാശ്ചാത്യവത്കൃതനാണെങ്കില്‍ അവിടെ നിങ്ങള്‍ ‘കൂള്‍’ ആയിരിക്കും. ജിദ്ദയില്‍ കൂളാകണമെങ്കില്‍, നിങ്ങള്‍ കറുത്തവനാണോ തവിട്ടുനിറത്തിലുള്ളവനാണോ എന്നതല്ല നിങ്ങള്‍ രാജകുടുംബത്തിലെ അംഗമാണോ എന്നതാണ് മാനദണ്ഡം.

കേപ്ടൗണില്‍, കറുത്തവനാകുക എന്നാല്‍, നിര്‍വചനമനുസരിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നാണ്; ഒരുവേള മാറ്റിനിര്‍ത്തിപ്പെട്ടവന്‍; ഇപ്പോള്‍ സാങ്കേതിക വിദ്യയാല്‍ ശാക്തീകരിക്കപ്പെട്ടവന്‍; മഴവില്ലിലെ സുപ്രധാനമായ ഒരു വര്‍ണ്ണം; പ്രായോഗികമായ അന്യവത്കരണത്തെ സൃഷ്ടിക്കുകയും ഇന്നും നിലനിര്‍ത്തുകയും ചെയ്യുന്ന ചരിത്രത്താല്‍ പ്രായോഗികമായി അന്യവത്കരിക്കപ്പെട്ടവര്‍. അതിനാല്‍ സ്വത്വത്തിന്റെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍ സന്ദര്‍ഭമാണ് അര്‍ത്ഥത്തെ പുന:നിര്‍വചിക്കുന്നത്. അങ്ങിനെ നാം ഒരു നിറത്തെപ്പറ്റി സംസാരിക്കാതിരിക്കുന്നു.

കൂടാതെ, നമ്മുടെ സ്വത്വങ്ങളെ വിശദീകരിക്കാന്‍ നാമുപയോഗിക്കുന്ന സങ്കല്‍പങ്ങളും ആശയങ്ങളും അടിസ്ഥാനപരമായി മാറികൊണ്ടിരിക്കുകയാണ്. കൃതിമ ബീജോത്പാദനവും വാടക ഗര്‍ഭപാത്രവും സ്വത്വരമായി സര്‍വ്വ സാധാരണമായിരിക്കുന്ന ലോകത്ത് ”അമ്മ” എന്ന വാക്ക് എന്താണര്‍ത്ഥമാക്കുന്നത്? 62 കാരിയായ ഒരു വൃദ്ധയുടെ അണ്ഡവും അവരുടെ സഹോദരന്റെ ബീജവും കൂട്ടിച്ചേര്‍ത്ത് ഒരു വാടക മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ ‘വിരിയിച്ചെടുത്ത’ ഫ്രഞ്ച് കുഞ്ഞിന്റെ കാര്യത്തില്‍ ‘മാതൃ-പിതൃ ബന്ധത്തെക്കുറിച്ചുള്ള സാമ്പ്രദായിക ആശയങ്ങള്‍ക്കെന്താണ് സംഭവിക്കുന്നത്? ‘സ്വവര്‍ഗ വിവാഹത്തില്‍’ ഭാര്യ എന്ന വാക്കിന്റെ അര്‍ത്ഥമെന്ത്? നിങ്ങളുടെ 6 പതിറ്റാണ്ടുകളേക്കാള്‍ പ്രായമുള്ള ശരീരത്തെ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ പുനര്‍നിര്‍മ്മിച്ച് ഒരു സിനിമാ താരത്തെപ്പോലെ നിങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ‘വൃദ്ധന്‍’ എന്ന വാക്കിന്റെയും അര്‍ത്ഥമെന്താവും?

സ്വത്വം അപകടം പിടിച്ച ഒരു സങ്കല്‍പമാണ്. അതിപ്പോള്‍ സ്ഥായിയോ, ഏകശിലാത്മകമോ അല്ല ആയിരുന്നിരിക്കാം. അത് അംസഖ്യമാണ്; എപ്പോഴും മാറികൊണ്ടിരിക്കുന്നതാണ്. ഏറ്റവും അടിസ്ഥാനപരമായ മാറ്റമിതാണ്; പടിഞ്ഞാറ് നമ്മെ നിര്‍വചിക്കുകയും അളന്ന് തിട്ടപ്പെടുത്തുകയും ചെയ്ത ഇനങ്ങളും തരങ്ങളും – കൊള്ളരുതാത്ത കിഴക്കന്മാര്‍, മതഭ്രാന്തന്മാരായ മുസ്‌ലിംകള്‍, കോളനികളിലെ താഴേക്കിടയിലുള്ള വംശങ്ങള്‍, അഭയാര്‍ത്ഥികള്‍, റെഫ്യൂജികള്‍, ജിപ്‌സികള്‍ – എല്ലാം നമ്മുടെ തന്നെ അവിഭാജ്യ ഘടകങ്ങളാണ്. അവര്‍ ഇവിടെയുണ്ട് എന്നു മാത്രമല്ല അതിന്റെ സാരം. മറിച്ച് അവരുടെ ആശയങ്ങളും സങ്കല്‍പങ്ങളും ജീവിത രീതികളും, ഭക്ഷണവും, വസ്ത്രവും ”നമ്മെയും” നമ്മുടെ സമൂഹത്തെയും” രൂപപ്പെടുത്തുന്നതില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ വ്യത്യസ്തതയെ അളക്കുവാനോ സ്വയം നിര്‍വചിക്കാനോ പറ്റിയ യാതൊരു അളവ്‌കോലും നമുക്കില്ല.

”ഞാന്‍ ചിന്തിക്കുന്നു. അതിനാല്‍ ഞാന്‍ നിലനില്‍ക്കുന്നു” എന്ന് കുറച്ചെങ്കിലും ആത്മവിശ്വാസത്തോടെ ദെക്കാര്‍ത്തെ പറഞ്ഞു. കാരണം അദ്ദേഹത്തിന്റെ ചിന്ത അപ്പോഴേക്കും അന്യനെ തന്റെ തന്നെ ഇരുണ്ട വശത്തെ – നിര്‍വചിച്ചു കഴിയുകയും അതിലൂടെ തന്റെ നാഗരികവും ചിന്താ നിര്‍ഭരവുമായ അസ്തിത്വത്തെ ഉറപ്പാക്കുകയും ചെയ്തു. ഇന്ന് നമ്മുടെ ചിന്ത കുറേക്കൂടി ഭീതിതമായ ഒരു ചോദ്യത്തെ അഭിമുഖീകരിക്കുകയാണ്: അന്യന്റെ എത്രത്തോളം എന്നിലുണ്ട്?’ സ്വത്വത്തെക്കുറിച്ചുള്ള തേട്ടം ആത്യന്തികമായി ഈ ചോദ്യത്തിന് മറുപടി പറയാനുള്ള ശ്രമമാണ്. ഇതിന്റെ മറുപടിയെ ഭയക്കുമ്പോള്‍ ആ മറുപടി നമ്മുടെ ‘പൂര്‍ണമായും ന്യായമായ അഭിലാഷത്തെ’ – ലബനിസ് – ഫ്രഞ്ച് എഴുത്തുകാരനായ അമിന്‍ മഅ്‌ലൂഫിന്റെ വാക്കുകളില്‍ ‘ഒരു യുദ്ധോപകരണമാക്കി’ മാറ്റുന്നു. (On Identity, London, Harwell Press) ഈ മാറ്റം സംഭവിക്കുന്നത് ചില അടിസ്ഥാന സംയോജനങ്ങളിലൂടെയാണ്.

ഒന്നാമതായി, സ്വത്വത്തെ അധികാരത്തോടും പ്രവിശ്യയോടും സാമ്പ്രദായികമായി സംയോജിപ്പിക്കുന്നുണ്ട്. സ്വത്വം അധികാരത്തെ നിലനിര്‍ത്തുകയും, ഒരു പ്രവിശ്യയ്ക്ക് ചേര്‍ന്ന വിധം തനതായ അതിന്റെ അടിസ്ഥാന സ്വഭാവത്തെ നിര്‍വചിക്കുകയും, അതിവാസത്തോടും സ്വന്തം നാട്ടിലെ സുഖവാസത്തോടും ജനങ്ങളെ ഇണക്കുകയും ചെയ്തു. പക്ഷേ, അതിശക്തമായ സ്വത്വം എന്നത് പൂന്തോപ്പിലെ അതിശക്തമായ മരം പോലെയാണ്. മറ്റ് സസ്യജാലങ്ങളുടെ ജീവിതത്തെ അത് ഊറ്റിയെടുക്കുന്നു. അധികാരം ഇവ്വിധം തലതിരിഞ്ഞിരിക്കുമ്പോള്‍, സഹവര്‍ത്തിത്വം അസാധ്യമാകുന്നു. അമേരിക്കയുടെ ഉദാഹരണമെടുക്കുക. ഒരു സ്വത്വ പ്രഖ്യാപനമായിട്ടാണ് അമേരിക്ക ആരംഭിക്കുന്നത്. അര്‍ത്ഥവത്തായ ഭൂതകാലമില്ലാത്തതും, പലായനം ചെയ്‌തെത്തുന്നവരെ പുതിയ പ്രവിശ്യയുടെ അധികാരത്തെ അടിസ്ഥാനമാക്കി സ്വത്വം നിര്‍മ്മിച്ചെടുക്കാന്‍ അനുവദിക്കുന്നതുമായ ഒരു നവലോകം. പക്ഷേ, അകത്തുള്ളവര്‍ എന്ന്‌ കരുതിപ്പോന്ന ആളുകള്‍ക്ക് അധികാരവും വിശേഷാവകാശങ്ങളും നല്‍കുന്ന ഒന്നായിട്ടാണ് അമേരിക്കന്‍ സ്വത്വം സ്വയം പ്രഖ്യാപിക്കപ്പെടുന്നത്. ‘വംശീയത’ എന്ന പദത്തിന്റെ വേരുകള്‍ കിടക്കുന്നത്, യൂറോപ്യന്‍ കുടിയേറ്റക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ കുടിയേറ്റക്കാരും ‘എത്‌നിക്കുകള്‍’ (വംശീയ ന്യൂനപക്ഷങ്ങള്‍) ആയി പരിഗണിക്കപ്പെട്ടിരുന്ന അമേരിക്കന്‍ ഉറവിടത്തിലാണ്.

‘അന്യനെ’ (Other) പുറത്തുള്ളവന്‍ (Outsider) ആയി അനാദികാലം മുതല്‍ക്കേ തരം തിരിക്കുന്ന അര്‍ത്ഥപരികല്‍പനയെയാണ്, മറ്റെന്തിനേക്കാളുമുപരി, ‘വംശീയത’ ഭംഗ്യന്തരേണ സൂചിപ്പിക്കുന്നത് എന്ന് ദിബാങ്കര്‍ ഗുപ്ത അഭിപ്രായപ്പെടുന്നു. സവിശേഷമായി മാറ്റിനിര്‍ത്തപ്പെടുന്ന അമേരിക്കക്കാര്‍ക്കും, ഇറ്റലിക്കാര്‍, ജര്‍മന്‍കാര്‍, പോളണ്ടുകാര്‍, അയര്‍ലണ്ടുകാര്‍, റഷ്യക്കാര്‍ തുടങ്ങിയ വംശീയ ന്യൂനപക്ഷങ്ങള്‍ക്കുമിടയിലാണ്‌ വ്യതിരക്തത നിലനില്‍ക്കുന്നത്. ‘ആഗിരണത്തിന്റെയും അവസരത്തിന്റെയും യഥാര്‍ത്ഥ അമേരിക്കന്‍ സ്വപ്നത്തെ വിശേഷമായി മാറ്റിനിര്‍ത്തപ്പെട്ട അമേരിക്കക്കാര്‍ക്ക് അമേരിക്കന്‍ സ്വത്വം വാഗ്ദാനം ചെയ്തു. അങ്ങിനെ, വിശേഷപ്പെട്ട അമേരിക്കക്കാര്‍ക്കു മാത്രമേ വൈറ്റ് ഹൗസില്‍ ചെന്നെത്താന്‍ കഴിഞ്ഞുള്ളൂ. വംശീയ ന്യൂനപക്ഷം വളരെ വ്യത്യസ്തമാണ്. കറുത്തവര്‍, ഹിസ്പാനിക്കുകള്‍, ദേശീയ അമേരിക്കക്കാര്‍ തുടങ്ങിയവര്‍ വംശീയ ന്യൂനപക്ഷമാണ്; പ്രശ്‌നവത്കരിക്കപ്പെട്ട വ്യത്യസ്തരായ അമേരിക്കക്കാര്‍. നല്ല വീട്ടു വേലക്കാരാണ് (Domestic Servants) വംശീയ ന്യൂനപക്ഷം – അതാകട്ടെ ഗാര്‍ഹികത്വത്തില്‍ നിന്നും (domesticity) വളരെ വ്യത്യസ്തവുമാണ്. വംശത്തെ (Race) രാഷ്ട്രീയമായി സൂചിപ്പിക്കാന്‍, അഥവാ അമേരിക്കന്‍ സ്വത്വത്തിനകത്തുള്ള ഭരണകര്‍തൃ ശ്രേണിയെയും വെള്ളക്കാരായ അമേരിക്കക്കാര്‍ക്കു മാത്രമായ നിര്‍വചനത്തിന്റെ അധികാരത്തെയും സൂചിപ്പിക്കാന്‍ – ഏറ്റവും അനുയോജ്യമായ പദമാണ് വംശീയത (Ethnicity). ഏഷ്യക്കാരും വംശീയ ന്യൂനപക്ഷമാണ്. മാര്‍ക് ട്വെയിനിന്റെയും ബ്രെറ്റ് ഹാര്‍ട്ടിന്റെയും കൃതികളില്‍ വളരെ വ്യക്തമായി ചൈനീസ് അമേരിക്കക്കാരുടെ സ്വത്വം അച്ചില്‍ വാര്‍ത്തു വെച്ചപോലെ (Stereotyped) പ്രതിനിധാനം ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത് ജപ്പാന്‍കാരായ അമേരിക്കക്കാര്‍ മാത്രമാണ് അമേരിക്കക്കകത്ത് യഥാര്‍ത്ഥ ശത്രുക്കളായി വിഭാവനം ചെയ്യപ്പെട്ടത്. ജര്‍മനിയിലെയോ ഇറ്റലിയിലെയോ അമേരിക്കന്‍ പാവഭരണാധികാരികളോടുള്ള അചിന്തനീയമായ പ്രതികരണമായിരുന്നു അത്.

ബ്രിട്ടീഷ് സ്വത്വത്തില്‍, അധികാരവും പ്രവിശ്യയും വംശത്തിന്റെയും വര്‍ഗത്തിന്റെയും ഭരണ-കര്‍തൃ ശ്രേണികളില്‍ പ്രകാശിപ്പിക്കപ്പെട്ടിട്ടുണ്ട്. വംശത്തെ പുറത്തുള്ള ഒന്നായി കാണുക എന്ന സൗകര്യം ബ്രിട്ടീഷ് സ്വത്വത്തിനുണ്ട്; ഇംഗ്ലണ്ടിന്റെ തീരത്തിനു പുറത്തുള്ള വ്യത്യസ്തതയുടെ നിര്‍വചനമാണ് വംശം.
* * * *

വിവര്‍ത്തനം: കെ.സി സലീം

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting