മാനഭംഗത്തിന്റെ പ്രകോപനങ്ങള്‍
ഒരു വെള്ളിയാഴ്ചയിലെ പള്ളി പ്രസംഗത്തെത്തുടര്‍ന്ന് എനിക്കുണ്ടായ ചില സംശയങ്ങള്‍ക്ക് നിങ്ങള്‍ ഉചിതമായ മറുടി തരുമെന്ന് പ്രതീക്ഷിക്കുന്നു. ദല്‍ഹി ബലാത്സംഗ സംഭവത്തെക്കുറിച്ചാണ് അര മണിക്കൂറോളം അന്ന് ഇമാം സംസാരിച്ചത്. ഇസ്‌ലാം നിരോധിക്കുന്ന തരത്തില്‍ രണ്ട് അവിവാഹിതരായ പുരുഷനും സ്ത്രീയും രാത്രി ഒന്നിച്ച് യാത്ര ചെയ്തു എന്നതാണ് സംഭവത്തിന്റെ പ്രധാനകാരണം എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. പെണ്‍കുട്ടികള്‍ പ്രകോപനപരമായ രീതിയിലുള്ള വസ്ത്രധാരണമാണ് ബലാത്സംഗമുള്‍പ്പെടെ സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങളിലേക്കു നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അത്തരം വസ്ത്രധാരണം പുരുഷന്റെ വികാരങ്ങളെ ഉണര്‍ത്തുന്നു, അതിനെ തൃപ്തിപ്പെടുത്താന്‍ അവന്‍ എല്ലാ അതിരുകളും ലംഘിക്കുന്നു. ചെയ്തു പോയ തെറ്റില്‍ പശ്ചാത്തപിക്കുകയും തൂക്കുമരം ആവശ്യപ്പെടുകയും ചെയ്ത പ്രതിയിലെ മനുഷ്യത്വത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എല്ലാത്തരം അക്രമങ്ങള്‍ക്കുമെതിരെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത് ഈ മാനവികതയാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്റെ സംശയം ഇതാണ്-വളരെ ആഴത്തിലുള്ള പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന ഇത്തരമൊരു സംഭവത്തെ ഇത്ര ദുര്‍ബലമായും അന്ധവിശ്വാസപരവുമായും ആണോ വിലയിരുത്തേണ്ടത്? ഇദ്ദേഹത്തിന്റെ പ്രഭാഷണം ഇസ്‌ലാമിന്റെ ആത്മാവിനോട് നീതി പുലര്‍ത്തുന്നുണ്ടോ?
ഭൂചലനങ്ങളുണ്ടാവുമ്പോള്‍ ഇമാമുമാര്‍ പറയുന്നു- ഭൂമിയോട് അതിക്രമം ചെയ്തതിന്റെ ഫലമാണ് ഭൂകമ്പം. അനേകമാളുകള്‍ സുനാമി ദുരന്തത്തിന് ഇരയായപ്പോള്‍ അവര്‍ വ്യാപകമായി ‘മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ച അതിക്രമങ്ങള്‍ കാരണം കടലിലും കരയിലും അനര്‍ത്ഥങ്ങള്‍ സംഭവിച്ചിരിക്കുന്നു’ എന്നര്‍ത്ഥത്തിലുള്ള ഖുര്‍ആന്‍ സൂക്തം ഉദ്ധരിച്ചു. ഇങ്ങനെ ദുരന്തങ്ങളില്‍ പെടുന്ന ഇരകളോട് തീരെ പരിഗണന നല്‍കാതെയുള്ള സമീപനമാണ് ഇത്തരം ചില ഇമാമുമാര്‍ സ്വീകരിക്കുന്നത്. എച്ച്. ഐ. വി ബാധിച്ച ശിശുവിനോട് വ്യഭിചാരത്തെ സമീപിക്കരുത്, അത് മോശമാണ് എന്നു പറയുന്ന സൂക്തം പ്രസംഗിക്കുന്നത് പോലെയാണത്.
ചോദ്യകര്‍ത്താവ് ഉദ്ധരിക്കുന്ന ഇമാമിന്റെ വാക്കുകള്‍ ഇരയോട് അക്രമം പ്രവര്‍ത്തിച്ചവനോടാണ് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നത്. രാജ്യത്ത് വിവിധ വര്‍ഗീയ കലാപങ്ങളില്‍ ബലാത്സംഗം ചെയ്യപ്പെട്ട പര്‍ദാധാരിണികളായ സ്ത്രീകളെക്കുറിച്ച് അദ്ദേഹമെന്തു പറയും? അവരുടെ വേഷവിധാനങ്ങള്‍ ആരെയും പ്രകോപിപ്പിക്കും വിധമായിരുന്നില്ല. സ്ത്രീകളുടെ വസ്ത്രധാരണം പ്രകോപനപരമല്ല എങ്കില്‍ക്കൂടി അവരെ തങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ പ്രലോഭിപ്പിക്കുന്ന പുരുഷലൈംഗികതയുടെ ഇരകളാവുന്നു. മക്കയില്‍ നില നിന്നിരുന്ന ഇത്തരം ശീലങ്ങളെ ഇല്ലാതാക്കാനായിരുന്നു ഇസ്‌ലാം ശ്രമിച്ചത്. ജാഹിലിയാ ലൈംഗിക അതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണമായിരുന്നു ഹിജാബ് എന്നാണ് നമ്മള്‍ വിശ്വസിക്കുന്നത്.
വര്‍ധിച്ചു വരുന്ന വാണിജ്യവത്കരണത്തിന്റെ ഭാഗമായി പൊതു ഇടങ്ങള്‍ വ്യാപകമായി ലൈംഗികവത്കരിക്കപ്പെടുന്നു എന്നത് ശരിയാണ്. പ്രമുഖ അക്കാദമിക് ജേണലായ ഇ. പി. ഡബ്‌ള്യു ഇങ്ങനെ നിരീക്ഷിക്കുന്നു-, ‘പത്രമാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കും അശ്ലീല വായാടിത്തങ്ങള്‍ക്കും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നും കല്‍പിക്കുന്നില്ല. ലോകത്തെക്കുറിച്ചറിയാനും ഭാഷ മികച്ചതാവാനും മുന്‍തലമുറയിലെ കുട്ടികളെ പത്രവായന നടത്താന്‍ പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പത്രങ്ങളിലൂടെ കുട്ടികള്‍ക്ക് ലഭ്യമാവുന്നത് ലൈംഗികത കലര്‍ന്ന ഭാഷയും കഥകളും ചിത്രങ്ങളുമാണ്. ഈയിടെയായി നമ്മള്‍ വായിക്കുന്നതും കേള്‍ക്കുന്നതുമെല്ലാം പുരുഷലൈംഗികതയുടെ അക്രമണോത്സുക-തനത് പുരുഷ ലൈംഗികഭ്രമങ്ങളെക്കുറിച്ചാണ്. ഏറ്റവും പുതിയ ബ്രാന്‍ഡ് പര്‍ദക്കു പിന്നില്‍ പോലും ലൈംഗികത എന്ന ഉദ്ദേശമാവാം.
ഈ ഭ്രമത്തെയും അതിന്റെ യഥാര്‍ത്ഥ അക്രമണോത്സുകമുഖത്തെയുമാണ് നമ്മള്‍ അഭിമുഖീകരിക്കുന്നത്.ആവശ്യപൂര്‍ത്തീകരണത്തിനു ശേഷം തന്റെ ചെയ്തിയോട് തോന്നുന്ന താല്‍ക്കാലികമായ വെറുപ്പ് എന്ന നിലക്കേ ബലാത്സംഗം ചെയ്തവനിലെ മാനവികതയെ കാണാനാവൂ. സിഗരറ്റിന്റെ അവസാനപുകയൂതിക്കഴിയുമ്പോഴും ഒരാള്‍ക്ക് ഇതേ തോന്നലുണ്ടാവുന്നു. അല്ലെങ്കില്‍ ആഴത്തിലുള്ള പശ്ചാത്താപമാവാം അത്. അക്രമത്തിന് ശേഷമുള്ള പശ്ചാത്താപത്തിലല്ല ഇസ്‌ലാം ശ്രദ്ധയൂന്നുന്നത്. അക്രമത്തെയൊന്നാകെ തുടച്ചുനീക്കുകയെന്ന ഉദ്ദേശത്തോടെയുള്ള ഉദാത്ത പ്രവൃത്തിയാണത്. ധാര്‍മികതയും ആ ധര്‍മത്തിന്റെ അടിസ്ഥാനത്തില്‍ മതനിയമത്തിന്റെ കാലാനുസൃത പുനസംഘടനയും വഴി അക്രമരഹിതസമൂഹത്തെയാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്.
ഈ സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടിയുടെ നഷ്ടപ്പെട്ട ജീവിതത്തിലേക്കും (ദിവസേനയെന്നോണം അതിക്രമത്തിനിരയാവുന്ന ലക്ഷക്കണക്കിന് മുസ്‌ലിം, ദളിത്-ആദിവാസി സ്ത്രീകളുടെയും) അവളുടെ വേദനകളിലേക്കും തിരിയാനാണ് ധാര്‍മികത നമ്മോടാവശ്യപ്പെടുന്നത്. അതിന് പകരം സ്ത്രീകളുടെ വസ്ത്രധാരണത്താല്‍ പ്രകോപിതനാവുന്ന പുരുഷന്റെ ലൈംഗിക ഭ്രമത്തിലേക്ക് ശ്രദ്ധയൂന്നുന്ന മുസ്‌ലിം പണ്ഡിതന്മാര്‍ തെരുവില്‍ സ്ത്രീകളുടെ ജീവിതം ദുസ്സഹമാക്കുന്നു, തങ്ങളുടെ റെഡിമെയ്ഡ് ധാര്‍മികത മറ്റുള്ളവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നു(ഇസ്‌ലാമിന് മുമ്പുള്ളവര്‍ ചെയ്തതു പോലെ).
തന്റെ വസ്ത്രധാരണത്തിലൂടെ പുരുഷന്‍മാരുടെ ലൈംഗികവികാരത്തെ പ്രകോപിപ്പിച്ച സ്ത്രീയെ കുറ്റവാളിയാക്കി ചിത്രീകരിക്കാനാണ് ഇമാം ശ്രമിക്കുന്നത്. ഇങ്ങനെ പ്രകോപിതരാവുന്നത് ഒരു തരം മാനസിക വൈകല്യമാണ്. ഇനി സ്ത്രീകള്‍ ‘ശരിയായ’ രീതിയില്‍ വസ്ത്രം ധരിച്ചാലും മാനസികരോഗികള്‍ പ്രകോപിതരായിക്കൊണ്ടേയിരിക്കും.
Connect
Connect with us on the following social media platforms.