banner ad
January 18, 2013 By കെ.സി. സലീം 0 Comments

പ്രണയത്തിന്റെ മുഖപടങ്ങള്‍

In her first passion woman loves her lover;
In all the others, all she loves is love.   – Byron.

ആദ്യാഭിനിവേശത്തില്‍ സ്ത്രീ തന്റെ
പ്രണയിതാവിനെ പ്രണയിക്കുന്നു;
പിന്നെ, മറ്റെല്ലാറ്റിലും അവള്‍ സ്‌നേഹത്തെ
പ്രണയിക്കുന്നു.      – ബൈറണ്‍.

ജീവിതത്തിലെ ഒരു സുപ്രധാന കര്‍മ്മമാണ് വിവാഹം. പൗരസ്ത്യ രാജ്യങ്ങളില്‍ അതിന്ന് മതപരമായും സാംസ്‌കാരികമായും വലിയ വില കല്‍പിക്കപ്പെടുന്നു. ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ വിവാഹം കഴിക്കുന്ന ഒരാള്‍ തന്റെ മതപരമായ ബാധ്യതകളുടെ മൂന്നില്‍ രണ്ട് ഭാഗം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. വിവാഹത്തിന്നൊരുങ്ങുന്ന ആള്‍ നാട്ടിലെ സമ്പ്രദായമനുസരിച്ച് നാല് കാര്യങ്ങള്‍ – അവളുടെ സൗന്ദര്യം, കുടുംബം, ധനം, മതപരത എന്നിവയാണ് നൂറ്റാണ്ടുകളായി പരിഗണിക്കാറ്. ”ഏന്നാല്‍ നിങ്ങള്‍ മതത്തിന്ന് പ്രാമുഖ്യം നല്‍കുക” എന്ന് പ്രവാചകന്‍ പഠിപ്പിച്ചു. ഇത്രയും പ്രാധാന്യമുള്ള ഒരു കാര്യത്തിന്ന് ഇറങ്ങിത്തിരിക്കുമ്പോള്‍, മറ്റേതൊരു കാര്യത്തിലും എടുക്കാറുള്ള മുന്‍ കരുതലുകളും ചെയ്യാറുള്ള ഗൃഹപാഠങ്ങളും സമൂഹത്തിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവരുടെ കുടുംബങ്ങളും ചെയ്യാറുണ്ടോ? വലിയൊരളവോളം ഇല്ല എന്നാണനുഭവം. വര്‍ദ്ധിച്ചു വരുന്ന വിവാഹമോചനങ്ങളുടെ എണ്ണം അതാണ് കാണിക്കുന്നത്. ആണ്‍കുട്ടിക്ക് ആവശ്യത്തിലധികം പ്രാധാന്യം കൊടുക്കുകയും പെണ്‍കുട്ടികള്‍ക്ക് അത് നല്‍കാതിരിക്കുകയും അവളുടെ ഇംഗിതം പോലും പലപ്പോഴും കണക്കിലെടുക്കാതിരിക്കുകയും ചെയ്യുന്നതിനാലാണിത് സംഭവിക്കുന്നത്. അവള്‍ അതിനെക്കുറിച്ചാലോചിച്ച് ആവശ്യമായ ധാരണ രൂപപ്പെടുത്തുന്ന പ്രായമാവുമ്പോഴേക്കും നമ്മുടെ സമൂഹത്തിലെ സമ്പ്രദായമനുസരിച്ച് അവള്‍ ഒന്നോ രണ്ടോ മുന്നോ കുട്ടികളുടെ മാതാവായി മാറിയിരിക്കും. പിന്നെ അതിന്റെ നിര്‍ബന്ധിതാവസ്ഥകളായി. ജീവിതത്തിലെ ഒരു സുപ്രധാന അബദ്ധം തിരുത്താന്‍ അവസരമില്ലാതെ പോവുന്നു.

ജീവിതത്തിലെ പ്രധാനപ്പെട്ട ഏതിടപാടിനും നാം ലിഖിത ഉടമ്പടികളുണ്ടാക്കാറുണ്ട്. ഭുമി വാങ്ങുമ്പോള്‍, വീട് വാങ്ങുമ്പോള്‍, ബാങ്കില്‍ നിന്ന് വായ്പയെടുക്കുമ്പോള്‍, കൂട്ടുകച്ചവടം ചെയ്യുമ്പോള്‍, അങ്ങനെ പല കാര്യങ്ങളിലും നാം ലിഖിതകരാറുകളുണ്ടാക്കുന്നു. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കേണ്ട വിവാഹജീവിതത്തിലേക്ക് കടക്കുമ്പോഴും പുരുഷനും അയാള്‍ വിവാഹം കഴിക്കുന്ന സ്ത്രീയുടെ രക്ഷിതാവും തമ്മില്‍ ഇങ്ങനെയൊരു കരാറില്‍ ഒപ്പിടുന്നു – രണ്ട് സാക്ഷികള്‍ക്ക് മുമ്പാകെ. എല്ലാ കരാറുകളും നാം അക്ഷരംപ്രതി പാലിക്കാറുള്ളത് പോലെ, സ്രഷ്ടാവിനെ സാക്ഷി നിര്‍ത്തി ഉണ്ടാക്കുന്ന ഈ കരാറും അക്ഷരംപ്രതി പാലിക്കേണ്ടതുണ്ട്. ഒരു മനുഷ്യനെ സംബന്ധിച്ചേടത്തോളം ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കരാറാണത്.

ഈ കരാറിലെത്തുന്നത് രണ്ട് കുടുംബങ്ങളും തമ്മില്‍ പല കാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്ത് വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷന്നും സ്ത്രീക്കും സ്‌നേഹവും സന്തോഷവും നിറഞ്ഞു നില്‍ക്കുന്ന ഒരു ജീവിതം ഉറപ്പ് വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്. അങ്ങനെയാണ് അതാവേണ്ടതും. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോവുമ്പോള്‍ വൈവാഹികജീവിതത്തില്‍ പിന്നീട് അസ്വാരസ്യങ്ങളുണ്ടാവുകയും ഒന്നുകില്‍ ബന്ധങ്ങള്‍ വഷളായി ജീവിതകാലം മുഴുവന്‍ കയ്പ് നീര് കുടിക്കാന്‍ തീരുമാനിക്കുകയോ വിവാഹമോചനം ചെയ്യാന്‍ നിര്‍ബന്ധിതമാവുകയോ ചെയ്യാറുണ്ട്. വിവാഹം കഴിക്കാന്‍ പോകുന്ന സ്ത്രീകള്‍ക്ക് അവളുടെ കാര്യം പറയാന്‍ അവസരം കൊടുക്കാത്തതിനാലും പലപ്പോഴും സ്വന്തം കാര്യം തീരുമാനിക്കാനുള്ള പ്രായവും പക്വതയും വിവാഹവേളയില്‍ അവള്‍ക്ക് ഇല്ലാത്തതിനാലും ഇങ്ങനെ സംഭവിക്കാറുണ്ട്. ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു കരാറിലേര്‍പ്പെടുമ്പോള്‍ വിവാഹജീവിതത്തിന്റെ വ്യാകരണം ചിട്ടപ്പെടുത്തുന്നതില്‍ പലരും പരാജയപ്പെട്ടു പോവുന്നു.

പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ-ബൗദ്ധിക നിലവാരം പരിഗണിക്കാതെയാണ് പല രക്ഷിതാക്കളും വരനെ അന്വേഷിക്കാറ്. ഇത് മൂലം വിവാഹജീവിതം തുടങ്ങുമ്പോള്‍ തന്നെ അസ്വാരസ്യങ്ങള്‍ ഉണ്ടാവുന്ന അനുഭവങ്ങള്‍ ധാരാളം. പ്ലസ് ടു ക്ലാസ്സില്‍ പഠിക്കുന്ന, ഏതാണ്ട് പതിനെട്ടോടടുക്കുന്ന തന്റെ മകളായാലും പ്രൊഫഷനലുകള്‍ തന്നെ വേണം പലര്‍ക്കും. പണച്ചാക്കുകള്‍ക്ക് ഇതില്‍ പ്രിയമേറും. സ്വന്തം കുട്ടികളുടെ ഭാവിയാണ് തുലാസിലാക്കുന്നതെന്ന് ഇവര്‍ ചിന്തിക്കുന്നുണ്ടാവില്ല. കുടുംബ മഹിമ ഉയര്‍ത്തുക മാത്രമായിരിക്കും പലപ്പോഴും ഇതിന്ന് പിന്നിലെ ചേതോവികാരം. മുസ്‌ലിം വീടുകളുടെ കാര്യമെടുക്കുമ്പോള്‍, അവിടങ്ങളില്‍ പെണ്‍കുട്ടി പത്താം ക്ലാസ്സ് പാസ്സാവുമ്പോഴേക്കും മാതാപിതാക്കള്‍ക്ക് നെഞ്ചിടിപ്പ് ആരംഭിക്കും. അതിന്റെ ഫലമായി ആരംഭിക്കും ഇത്തരം അനുചിതമായ വിവാഹാന്വേഷണങ്ങള്‍. അന്വേഷണത്തിന്നിറങ്ങുന്ന പിതാവ് താനന്വേഷിക്കുന്ന പയ്യന്‍ തന്റെ മകളുടെ ജീവിതാവസാനം വരെയുള്ള പങ്കാളിയായിരിക്കേണ്ടവനാണ് എന്ന പ്രഥമപരിഗണന അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ കൊടുക്കേണ്ടതുണ്ട്.. വിവാഹം കുടുംബങ്ങളുടെ മഹത്വം കൊട്ടിഘോഷിക്കാനുള്ള അവസരങ്ങളായിട്ടാണ് പലരും കാണുന്നത്. വിവാഹം കഴിക്കേണ്ട പെണ്‍കുട്ടിയുടെ ഇംഗിതത്തിന്ന് പലപ്പോഴും സ്ഥാനം ലഭിക്കാതെ പോകുന്നു. വരന്ന് വിലയായി ലഭിക്കേണ്ട സ്ത്രീധനം, സ്വര്‍ണ്ണം തുടങ്ങിയ നിയമവിരുദ്ധവുംമതവിരുദ്ധവുമായ ആവശ്യങ്ങള്‍ക്ക് മുമ്പില്‍ ഇത്തരം പരിഗണനകള്‍ വെളിച്ചം കാണാതെ പോവുകയും ചെയ്യുന്നു. പില്‍ക്കാലത്ത് സ്‌നേഹം വറ്റി മനസ്സ് ഊഷരമാവുകയും വിവാഹജീവിതത്തില്‍ വിള്ളലുകളുണ്ടാവുകയും ചെയ്യുമ്പോഴാണ് തുടക്കത്തിലെ പിഴവുകളെക്കുറിച്ച് ബോധം വരുന്നത്. പുരുഷാധിപത്യപ്രവണത ഇപ്പോഴും നിലനില്‍ക്കുന്ന നമ്മുടെ സമൂഹത്തില്‍ ഈ അബദ്ധത്തിന്ന് ഇരയാവുന്നത് പലപ്പോഴും പെണ്‍കുട്ടികള്‍ തന്നെ. സ്വന്തം വിവാഹത്തില്‍ അവളുടെ കാഴ്ചപ്പാടുകള്‍ക്ക് സ്ഥാനവും പരിഗണയും ലഭിക്കാത്തതിന്റെ ഇരകള്‍.

രണ്ട് വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍ വളര്‍ന്ന രണ്ട് വ്യത്യസ്ത വ്യക്തികള്‍ ജീവിതത്തിന്റെ സിംഹഭാഗവും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്ന കരാറിലാണ് ഒരാള്‍ വിവാഹവേളയില്‍ ഒപ്പിടുന്നത്. പാകതയോടെയും പക്വതയോടെയുമുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തേണ്ടത്. വിവാഹത്തിന്ന് തീരുമാനിക്കുന്നതിന്ന് മുമ്പ് തന്നെ രണ്ട് പേരുടെയും പദവികള്‍ സംബന്ധിച്ചും ഭാവി പരിപാടികളെ സംബന്ധിച്ചുമെല്ലാം നന്നായി മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. പെണ്‍കുട്ടികള്‍ ഇപ്പോള്‍ കൂടുതല്‍ വിദ്യാഭ്യാസം നേടുന്നവരായതിനാല്‍ ഇതിന്ന് ഏറെ പ്രാധാന്യവുമുണ്ട്. വിദ്യ അഭ്യസിച്ച ഒരാള്‍  തൊഴിലെടുക്കാതെ വെറുതെയിരിക്കുന്നത് ദേശീയ നഷ്ടമാണ്. വെറുതെയിരുന്ന് ആയുസ്സ് പാഴാക്കൂന്നതിനെ ഖുര്‍ആന്‍ വിമര്‍ശിക്കുന്നുണ്ട്. (4:95). പരസ്പര ബന്ധത്തില്‍ പാലിക്കപ്പെടേണ്ട മാന്യതകളെയും മര്യാദകളെയും കുറിച്ച് രണ്ട് പേരും നേരത്തേ അറിഞ്ഞിരിക്കലാണ് ഏറ്റവും ഉത്തമം. ഈ വിഷയവൂമായി നല്ല ഉള്‍ക്കാഴ്ച നല്‍കുന്ന വളരെ നല്ല ഒരു പുസ്തകമാണ് ശെലീന സഹ്‌റാ ജാന്‍മുഹമ്മദ് എഴുതിയ ലവ് ഇന്‍ എ ഹെഡ്‌സ്‌കാര്‍ഫ്. (Love In a Headscarf by Shelina Zahra Janmohamed, Published by Aurum Press Limited, London, 2009. Indian Edition: Amaryllis, New Delhi-110003, 2010.) ഇതിനകം തന്നെ വിവിധ രാജ്യങ്ങളില്‍ ഇതിന്റെ പരിഭാഷകള്‍ ഇറങ്ങിയിട്ടുണ്ട്. ആദ്യത്തെ ഇന്ത്യന്‍ പതിപ്പ് ഇക്കഴിഞ്ഞ ജൂലായില്‍ പുറത്തിറങ്ങി ഒരു മാസത്തിനകം വിറ്റു പോയിരുന്നു. ഇപ്പോള്‍ ബെസ്റ്റ് സെല്ലര്‍ ലിസ്റ്റിലാണത്.

ലണ്ടനിലെ ഓക്‌സ്ഫഡ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദമെടുത്ത ശെലീനാ സഹ്‌റ ഇ.എം.ഇ.എല്‍ (EMEL) മാഗസിന്‍, മുസ്‌ലിം ന്യൂസ് എന്നിവയില്‍ കോളമിസ്റ്റാണ്. ലണ്ടനിലെ ഗാഡിയന്‍ പത്രത്തിലും ബി.ബി.സി.ക്ക് വേണ്ടിയും ചാനല്‍ ഫോറിന്ന് വേണ്ടിയും സ്ഥിരമായി എഴുതുന്നു. ടിവിയിലും റേഡിയോയിലും സ്ഥിരമായി പരിപാടികള്‍ അവതരിപ്പിക്കുന്ന അവരുടെ സ്പിരിറ്റ് 21 എന്ന ബ്ലോഗ്, വായനക്കാരുടെ വോട്ടിന്റെ അടിസ്ഥാനത്തില്‍ 2007ല്‍ ഏറ്റവും നല്ല ബ്ലോഗിന്നുള്ള ബാസ്സ് ക്രസന്റ് അവാര്‍ഡ് അടക്കം രണ്ട് തവണ അവാര്‍ഡിന്നര്‍ഹമായിട്ടുണ്ട്. ഏറ്റവും അനുയോജ്യനായ ഒരു വരനെ കണ്ടെത്താനുള്ള തന്റെ ശ്രമങ്ങളെയാണ് ചേതോഹരമായ ശൈലിയില്‍ അവര്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. അതിന്റെ പുറംചട്ടയില്‍ തന്നെ അവരുടെ മതപരമായ നിലപാടുണ്ട്. പാടലവര്‍ണ്ണത്തിലുള്ള ശിരോശീല ധരിച്ച ഗ്രന്ഥകാരിയുടെ ചിത്രത്തോടെയാണ് ആദ്യം പുസ്തകമിറങ്ങിയത്. ഇന്ത്യന്‍ പതിപ്പിറങ്ങിയത് പാടലവര്‍ണ്ണത്തിലുള്ള അനുരാഗചിഹ്നങ്ങളും ഒട്ടകങ്ങളുടെ ചിത്രങ്ങളും നിറഞ്ഞ ശിരോശീല ധരിച്ച ഒരു പെണ്‍കൊടിയുടെ ചിത്രത്തോടെയാണ്.

മതപരമായി നല്ല ധാരണയുള്ള, വിശ്വാസ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത, തന്റേടിയും അഭ്യസ്തവിദ്യയുമായ ഒരു മുസ്‌ലിം സ്ത്രീ ഏറ്റവും അനുയോജ്യനായ ഇണയെ അന്വേഷിക്കുന്നതിന്റെ ഹൃദയഹാരിയായ ഓര്‍മ്മക്കുറിപ്പുകളാണിത്. നമ്മുടെ പല വീടുകളിലും നടക്കുന്നത് പോലെയുള്ള പെണ്ണ് കാണല്‍ ചടങ്ങുകള്‍ കുറേയെണ്ണം നടക്കുന്നുണ്ട് അവരുടെ ജീവിതത്തില്‍. കാപ്പിയും പലഹാരങ്ങളുമൊരുക്കുന്നതും കണ്ണാടിയുടെ മുമ്പില്‍ നിന്ന് തന്റെ മുഖത്തിന്റെ ഏറ്റവും ആകര്‍ഷകമായ ഭാവം ഏതെന്ന് കണ്ടെത്തി പരിശീലിക്കുന്നതുമെല്ലാം വളരെ ആകര്‍ഷകമായ ഭാഷയിലാണ് അവര്‍ വിവരിച്ചിരിക്കുന്നത്. വിവാഹം നീണ്ടു പോവുമ്പോള്‍ പെണ്‍കുട്ടികളുടെ നെഞ്ചിടിപ്പുകള്‍ വര്‍ദ്ധിപ്പിക്കുന്ന പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത തടിച്ചികളായ മദ്ധ്യവയസ്‌കകളുടെ അനുചിത ഇടപെടലുകളെക്കുറിച്ചും തന്നെ കാണാനെത്തുന്ന ഭാവി രാജകുമാരന്മാരുടെ പക്വതയില്ലായ്മ, അനൗചിത്യം, താനാണ് എല്ലാം തികഞ്ഞവന്‍ എന്ന തെറ്റായ ധാരണ തുടങ്ങിയ പല സ്വഭാവവൈകൃതങ്ങളെക്കുറിച്ചും അവര്‍ ഇതില്‍ ചേതോഹരമായി വിവരിച്ചിരിക്കുന്നു.

വൈകുന്നേരം ഒരിടത്ത് കാണാമെന്ന് ചട്ടം കെട്ടി കാത്തു നിന്നതാണ് ഒരു സംഭവം. ആള്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞാണെത്തിയത്. കാരണം ചോദിച്ചപ്പോഴാണറിഞ്ഞത് ക്രിക്കറ്റ് മല്‍സരം ടിവിയില്‍ കണ്ടു കൊണ്ടിരിക്കുകയായിരുന്നു അയാളെന്ന്. മല്‍സരം കഴിയാന്‍ ഒന്നര മണിക്കൂര്‍ കഴിയുമെന്നറിയാമായിരുന്നിട്ടും അക്കാര്യം മറച്ചു വെച്ചു. അവരെ വിളിച്ച് പറഞ്ഞതുമില്ല. കാത്തു നില്‍ക്കട്ടെ എന്ന ഭാവം. മറ്റൊരാളാവട്ടെ, അയാളും അവരും തമ്മില്‍ അഞ്ച് ഇഞ്ചിന്റെ പൊക്ക വ്യത്യാസമേ ഉള്ളു എന്ന കാരണത്താല്‍ ഇഷ്ടപ്പെടുന്നില്ല എന്ന് അറിയിച്ച ആളാണ്. വാരക്കോല്‍ വെച്ചല്ല പെണ്‍കുട്ടിയെ വില്‍ക്കുന്നതെന്ന് അവരുടെ പിതാവ് അതിനോട് പ്രതികരിച്ചു. ലണ്ടനില്‍ തന്നെ വളരുകയും പഠിച്ച് ദന്തവൈദ്യനാവുകയും ചെയ്ത കാഴ്ചയില്‍ സുമുഖനും സൗമ്യനുമായ അയാളില്‍ നിന്നു മറ്റൊരു ദുരനുഭവവുമുണ്ടായി. റസ്റ്ററന്റില്‍ ഇരുന്ന് രണ്ട് പേരും കാപ്പിയും പലഹാരങ്ങളും കഴിച്ചതിന്ന് ശേഷം വെയ്റ്റര്‍ ബില്‍ കൊണ്ടു വന്നപ്പോള്‍ മുഴുവന്‍ കാശ് താന്‍ തന്നെ കൊടുക്കാമെന്ന് പറഞ്ഞത് സമ്മതിക്കാതിരുന്നപ്പോള്‍ അവര്‍ പകുതി അതില്‍ വെച്ചതായിരുന്നു . ദന്തഡോക്ടറുടെ കയ്യില്‍ ചില്ലറയും ഇല്ലായിരുന്നു. ബാക്കി കൊണ്ടു വന്നപ്പോള്‍ അവരുടേതും അയാളുടേതുമടക്കം മുഴുവന്‍ കാശും അയാള്‍ തന്റെ കീശയിലിടുകയും ചെയ്തു.

ഇനിയുമൊരാള്‍ വരാമെന്ന് പറഞ്ഞ സമയത്ത് എത്തിയില്ല. കാത്തിരിക്കെ, അപരിചിതനായ ഒരാള്‍ യുവതിയായ തന്നെ നോക്കുന്നത് കണ്ട് അയാളില്‍ നിന്ന് മുഖം തിരിച്ച് അവര്‍ മറ്റൊരു ദിശയിലേക്ക് നടക്കുന്നു. അപ്പോഴാണ് പിന്നില്‍ നിന്ന് അയാള്‍ അവരുടെ പേര് വിളിക്കുന്നത്. എങ്ങനെ എന്റെ പേര് തനിക്ക് മനസ്സിലായി എന്ന് ചോദിച്ചപ്പോള്‍ അയാള്‍ തന്റെ പേര് പറയുന്നു. അവര്‍ കാത്തിരുന്ന ആള്‍ തന്നെയായിരുന്നു അത്. ”ഞാനൊന്ന് പരീക്ഷിക്കുകയായിരുന്നു. അപരിചിതനായ ഒരു സുമുഖന്‍ വന്നാല്‍ താന്‍ അയാളുടെ പിന്നാലെ പോകുമോ എന്ന്,” അയാളുടെ മറുപടി. അത്തരം അപക്വമതികളെ തനിക്ക് വേണ്ട എന്ന് തീരുമാനിച്ച് അവര്‍ തിരിച്ചു പോയതാണ് രസകരമായ ഈ അനുഭവം.

മനോഹരമായി വിവരിക്കുന്ന ഇത്തരം ചെറിയ ചെറിയ സംഭവങ്ങളിലൂടെ, നാം നിത്യജീവിതത്തില്‍ പാലിക്കുന്ന നമ്മുടെ സ്വഭാവത്തിലൂടെ നമ്മെ എളുപ്പത്തില്‍ അളക്കാനാവും എന്നാണ് ശെലീനാ സഹ്‌റ പഠിപ്പിക്കുന്നത്. ഗൗരവത്തോടെ വിവാഹജീവിതത്തില്‍ പ്രവേശിക്കുന്നതിന്ന് മുമ്പുള്ള ഇത്തരം ചെറിയ അനുഭവങ്ങള്‍ ഭാവി രാജകുമാരനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സഹായകമായി എന്ന് അവര്‍ എഴുതുന്നു.
ശക്തമായ ഇസ്‌ലാമിക ബോധത്തോടെയാണ് അവര്‍ ചിന്തിക്കുന്നതും എഴുതുന്നതും. വ്യക്തികള്‍ എന്ന നിലയിലും ദമ്പതികള്‍ എന്ന നിലയിലും പരസ്പരം പുലര്‍ത്തേണ്ട ഉയര്‍ന്ന നിലവാരത്തിലുള്ള മാന്യത, മര്യാദകള്‍, ദമ്പതികള്‍ പരസ്പരം നല്‍കേണ്ട സംരക്ഷണം, സദാ നല്‍കേണ്ട ആശ്വാസവും സന്തോഷവും സ്‌നേഹവും, ഇണയോടുള്ള സ്‌നേഹത്തിലൂടെ ദൈവികസ്‌നേഹത്തെ തൊട്ടറിയാനുള്ള ആഹ്വാനങ്ങള്‍, സ്വന്തം വ്യക്തിത്വത്തെക്കുറിച്ച ശക്തമായ ബോധം, സ്വന്തം ജീവിതം കെട്ടിപ്പടുക്കാനുള്ള അവകാശത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സ്വാതന്ത്ര്യബോധം എന്നിവയെല്ലാം ഇഴചേര്‍ത്തെഴുതിയതാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍. ഒരു മുസ്‌ലിം വനിതക്ക് മതം നല്‍കുന്ന സ്വാതന്ത്ര്യവും അവകാശവും ഇതിലുടനീളം പ്രതിഫലിക്കുന്നുണ്ട്. ജീവിതത്തിലുടനീളം സ്‌നേഹം നല്‍കുന്ന ഒരു പൂര്‍ണ്ണ മനുഷ്യനെയാണവര്‍ അന്വേഷിച്ചത്.

പുരുഷകേന്ദ്രീകൃത സാമൂഹിക വ്യവസ്ഥയില്‍ ഇസ്‌ലാമിന്റെ വിവാഹ സങ്കല്‍പത്തെ തെറ്റായി മനസ്സിലാക്കുന്നവരെ തിരുത്തുന്നുണ്ടവര്‍. പഴയ കാലങ്ങളിലുള്ള സമ്പ്രദായമനുസരിച്ച് പുരുഷനാണ് അദ്ധ്വാനിച്ച് കാശുണ്ടാക്കി കുടുംബത്തെ പുലര്‍ത്തേണ്ടത്; സ്ത്രീ വീട് നോക്കി നടത്തുകയും കുട്ടികളെ പരിപാലിച്ച് വളര്‍ത്തുകയും ചെയ്യും. എന്നാല്‍ ഇസ്‌ലാം നടപ്പില്‍ വരുത്തിയ വിവാഹ സമ്പ്രദായമനുസരിച്ച് ഭാര്യക്ക് ഇത്തരം ഉത്തരവാദിത്തങ്ങളില്ല. ഭര്‍ത്താവ് തന്നെയാണ് ചെലവിന്ന് കൊടുക്കേണ്ടതും കുടുംബം പുലര്‍ത്തേണ്ടതും തന്റെ കുടുംബത്തിന്ന് വീട് പണിതു കൊടുക്കേണ്ടതുമെല്ലാം. ഭാര്യക്ക് ആവശ്യമെന്ന് തോന്നുന്ന പക്ഷം, ഇഷ്ടമാണെങ്കില്‍, ഈ സാമ്പത്തിക ചെലവുകളുടെ ഭാരം കുറക്കാന്‍ അതില്‍ പങ്ക് ചേരാം. എന്നാല്‍ നിയമപരമായി അവള്‍ അത് ചെയ്യാന്‍ ബാധ്യസ്ഥയല്ല. ഒരു ഭാര്യയെന്ന നിലയിലുള്ള തന്റെ കടമകളില്‍ വീട് വൃത്തിയാക്കലോ ഭക്ഷണം പാകം ചെയ്യലോ കുട്ടികളെ വളര്‍ത്തലോ ഇല്ല. തന്റെ ഇണക്ക് ഏറ്റവും നല്ല ഒരു കൂട്ടാളിയാവുകയാണ് അവളുടെ ചുമതല. അതിനാല്‍ നിയമങ്ങള്‍ക്കപ്പുറം പോയി, തന്റെ ഇണയെ സഹായിക്കാന്‍ ഇത്തരം ജോലികള്‍ ചെയ്‌തെന്ന് വരാം. ഉദാരതയാണ് ദമ്പതികളില്‍ രണ്ട് പേരിലും ഇസ്‌ലാം പ്രതീക്ഷിക്കുന്നത്. (പേജ് 117) സ്‌നേഹവും പങ്കാളിത്തവുമാണ് ഇസ്‌ലാമില്‍ വിവാഹത്തിന്റെ ബലിഷ്ടമായ തൂണുകള്‍. (പേജ് 138) സ്ത്രീക്ക് സ്വത്ത് സമ്പാദിക്കാം. ഭര്‍ത്താവ് നിര്‍ബന്ധിച്ചാല്‍ അത് കൊടുക്കേണ്ടതുമില്ല എന്നും അവരെഴുതുന്നു. (പേജ് 145)

മുസ്‌ലിംകള്‍ അഞ്ച് നേരത്തെ പ്രാര്‍ത്ഥനക്കായി അംഗശുദ്ധി വരുത്തുന്നതിനെ മനോഹരമായി വിവരിക്കുന്നു ഒരിടത്ത്. ശരീരത്തിലെ അവയവങ്ങള്‍ ശുദ്ധിയാക്കുമ്പോള്‍ അത് ഭൗതികമായ ശുദ്ധീകരണം മാത്രമല്ല, പ്രാര്‍ത്ഥനയോടെയുള്ള ആത്മീയമായ ശുദ്ധീകരണം കൂടിയാണ് എന്നവര്‍ വിശദീകരിക്കുന്നു: ”ഞാനെന്റെ വായ കഴുകി – എന്റെ വായില്‍ നിന്ന് മധുരമായ വാക്കുകള്‍ മാത്രം ഉരുവിടാന്‍ കഴിയുമാറാകണം. ഞാനെന്റെ മുഖം കഴുകി – എന്റെ മുഖത്ത് നിന്ന് പ്രകാശം പരക്കുമാറാകട്ടെ…. ഞാനെന്റെ കൈകള്‍ മുട്ട് വരെയും വിരലറ്റം വരെയും കഴുകി – എന്റെ കൈകള്‍ നല്ലത് മാത്രം ചെയ്യട്ടെ, ചീത്ത കാര്യങ്ങളെയും അനീതിയെയും അവ ചെറുക്കട്ടെ. ഞാനെന്റെ കൈകള്‍ കൊണ്ട് എന്റെ തലയുടെ മുകള്‍ ഭാഗം തടവി – മനസ്സില്‍ പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ സമാധാനപൂര്‍വ്വം എന്റെ തല തണുത്ത് തന്നെയിരിക്കട്ടെ. ഒടുവില്‍ ഞാനെന്റെ കാലുകള്‍ കഴുകി – എനിക്ക് നന്മ ചെയ്യാന്‍ കഴിയുന്നിടങ്ങളിലേക്ക് മാത്രം അവ ചലിക്കട്ടെ.” (പേജ് 99). അവര്‍ എന്നും ഭംഗിയായി വസ്ത്രധാരണം ചെയ്യും.കാരണം, ”ദൈവം സുന്ദരനാണ്. അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു.” പാടലവര്‍ണ്ണമാണേറ്റവും ഇഷ്ടം. ഓര്‍മ്മക്കുറിപ്പുകളാണെങ്കിലും വിവരണങ്ങളൊക്കെയും മതപരമായി വായനക്കാരെ ഉദ്ബുദ്ധരാക്കിക്കൊണ്ടുള്ളതാണ്. ഏതൊരാളും വായിക്കേണ്ട ഒരു പുസ്തകമായി ഞാനിതിനെ കാണുന്നു. സംതൃപ്ത ദാമ്പത്യം സ്വപ്നം കാണുന്ന പെണ്‍കുട്ടികള്‍ക്കും അത്തരം പെണ്‍കുട്ടികളെ ഇണയായി കിട്ടാന്‍ കൊതിക്കുന്ന ആണ്‍കുട്ടികള്‍ക്കും സ്വന്തം മക്കളുടെ മാനസിക ചക്രവാളങ്ങള്‍ അളക്കാന്‍ കഴിയാത്ത രക്ഷിതാക്കള്‍ക്കും ഒരു പോലെ വെളിച്ചം നല്‍കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ കാലികപ്രസക്തി.

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting