എന്തു തരം വിശ്വാസമാണ് വേണ്ടത്?
ഈ വചനങ്ങള്‍ വിശ്വാസം, സംശയം, ദൈവത്തിന്റെ ഹൃദയവിശാലത എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ഗൗരവമുള്ള ഒരുപാടു ചിന്തകളിലേക്ക് നമ്മെ കൊണ്ടുപോവുകയും ചെയ്യുന്നു–
മെഡലിന്‍ ബണ്ടിംഗ്
പ്രിയ സിയാ അല്‍ബഖറയിലെ ഈ വാക്യങ്ങള്‍ വളരെ അര്‍ത്ഥസമ്പുഷ്ടമാണ്. അത് മുഴുവനായി താങ്കള്‍ വിശദീകരിച്ചു തരുമെന്ന് എനിക്കുറപ്പില്ല. മൂന്ന് അക്ഷരങ്ങള്‍ മാത്രമുള്ള ആദ്യസൂക്തം തന്നെ എന്നെ സംശയത്തിലകപ്പെടുത്തുന്നു. അതേക്കുറിച്ചൊന്ന് വിശദീകരിക്കാമോ?
മറ്റു പ്രധാനപ്രശ്‌നങ്ങളിലേക്ക് കടക്കാം. ആദ്യം, ഈ ഗ്രന്ഥം ഏതുതരത്തിലുള്ള വിശ്വാസമാണ് നമ്മില്‍ നിന്നാവശ്യപ്പെടുന്നത്? അല്ലെങ്കില്‍ ഖുര്‍ആനെക്കുറിച്ച് എന്തു തരത്തിലുള്ള സംശയമാണ് അനുവദനീയം?
സംശയത്തെക്കുറിച്ചുള്ള കണിശനിലപാട് അല്‍പം ആശങ്കയുളവാക്കുന്നു, എന്നാല്‍ കല്‍പനയെന്നോ നിര്‍ദേശമെന്നോ ഉപയോഗിക്കുന്നതിന് പകരം മാര്‍ഗദര്‍ശനം എന്ന് പ്രയോഗിച്ച അടുത്ത സൂക്തത്തിലെ മൃദുലത എന്നെ അദ്ഭുതപ്പെടുത്തി.
വിശ്വാസം എന്തായിരിക്കണമെന്നാണ് താങ്കള്‍ മനസിലാക്കുന്നത്? അതൊന്ന് വിശദീകരിക്കാമോ? അദൃശ്യമായതില്‍ വിശ്വസിക്കുക എന്നത് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നതെന്താണ്? ബൗദ്ധികം എന്നതിലുപരി വിശ്വാസം സമര്‍പ്പണമാണെന്ന് വാദിക്കുന്ന നിരവധി ചിന്തകരിലൊരാളാണ് കാരന്‍ ആംസ്‌ട്രോങ്. വിശ്വാസം എന്നാല്‍ എന്താണ്?
ചില ചോദ്യങ്ങള്‍ കൂടി- ‘നിങ്ങള്‍ക്ക് മുമ്പ് അയക്കപ്പെട്ടത്’ എന്നത് ഒന്ന് വ്യക്തമാക്കാമോ? മുഹമ്മദിന് മുമ്പുള്ള പ്രവാചകരെക്കുറിച്ചാണോ ആ പരാമര്‍ശം? അവസാനത്തെ സൂക്തം സൂചിപ്പിക്കുന്നത് ദൈവം അവന്റെ വിശ്വാസികളെ സമ്പന്നരാക്കുമെന്നാണോ? ദൈവം എന്തിനാണ് അവിശ്വാസികളുടെ ഹൃദയം മുദ്ര വെച്ച് അവരെ നരകത്തിലയക്കുന്നത്? അത് അനീതിയല്ലേ?
അല്‍ബഖറ: 1-7 :ഖുര്‍ആനും സംശയവും
സംശയിക്കുവാനുള്ള മനുഷ്യന്റെ കഴിവിനെ അംഗീകരിക്കുന്ന തുറന്ന പ്രസ്താവനയോടു കൂടിയാണ് ഈ അദ്ധ്യായം ആരംഭിക്കുന്നത്.
സിയാവുദ്ദീന്‍ സര്‍ദാര്‍
ഫാതിഹ അവസാനിക്കുന്നത് മാര്‍ഗദര്‍ശനത്തിനായുള്ള അഭ്യര്‍ത്ഥനയോടെയാണ്, അതിന്റെ പ്രകൃതത്തെക്കുറിച്ച വ്യവഹാരവുമായാണ് അല്‍ ബഖറ ആരംഭിക്കുന്നത്. പശു എന്ന് പേരുള്ള ഖുര്‍ആനിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഈ അദ്ധ്യായത്തിന്റെ പേര് 67-73 സൂക്തങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന സ്വര്‍ണ പശുക്കുട്ടിയുമായി ബന്ധപ്പെട്ടതാണ്. എന്നാലും പശു മാത്രമല്ല ഈ അദ്ധ്യായത്തിലെ പ്രതിപാദ്യ വിഷയം. ഖുര്‍ആന്റെ തനത് ശൈലിയില്‍ വിശ്വാസത്തിന്റെ സ്വഭാവം, പിശാചിന്റെ പ്രേരണകള്‍, സ്വര്‍ഗത്തിന്റെ അനുഭൂതികള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ഇതിലെ സൂക്തങ്ങള്‍ കൈകാര്യം ചെയ്യുന്നു.
ബഖറയുടെ ആദ്യസൂക്തം വായിക്കുമ്പോള്‍ പെട്ടെന്ന് തന്നെ ഒരു ജാഗ്രതാ നിര്‍ദ്ദേശം നമുക്ക് ലഭിക്കുന്നു. റിച്ചാര്‍ഡ് കിംബര്‍ ഉള്‍പ്പെടെയുള്ള ലേഖകര്‍ ചൂണ്ടിക്കാണിക്കുന്ന പോലെ ഖുര്‍ആന്റെ വിവിധ ഇംഗ്ലീഷ് പരിഭാഷകളില്‍ അര്‍ത്ഥങ്ങളില്‍ നേരിയ വ്യത്യാസങ്ങള്‍ കാണാം. ഏതെങ്കിലുമൊരു പരിഭാഷ തെരഞ്ഞെടുക്കുക എന്നതിലുപരി വ്യത്യസ്ത പരിഭാഷകരുടെ സൂക്തങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ മനസ്സിലാക്കണം എന്നതാണ് എന്റെ പക്ഷം. ഖുര്‍ആന്‍ വചനങ്ങള്‍ക്ക് വിവിധ പരിഭാഷകര്‍ നല്‍കിയിരിക്കുന്ന ഇംഗ്ലീഷ് പദങ്ങള്‍ എങ്ങനെ ഉണ്ടായി എന്നും അവ ഖുര്‍ആന്റെ അര്‍ത്ഥതലങ്ങളെ എങ്ങനെ പ്രതിഫലിപ്പിക്കുന്നുവെന്നും മനസ്സിലാക്കണം. അപ്പോള്‍ നാം ഈ അദ്ധ്യായം വായിക്കാനാരംഭിക്കുന്നത് ഈ ഗ്രന്ഥം ദൈവത്തിന്റെ വിധിവിലക്കുകളടങ്ങിയ വിശുദ്ധവചനങ്ങള്‍ അഥവാ ദൈവത്തില്‍ നിന്നുള്ള മാര്‍ഗദര്‍ശനമാണെന്ന സ്വയം ഉറപ്പോടു കൂടിയാണ്. അത് കൊണ്ട് തന്നെ യാതൊരു ‘സംശയവുമില്ലാത്ത ഒരു ഗ്രന്ഥ’മാണിത്.
ഇത് ദൈവത്തിന്റെ വചനമാകുന്നു എന്ന പ്രഖ്യാപനം സംശയിക്കാനുള്ള മനുഷ്യന്റെ കഴിവിനെ തിരിച്ചറിയുന്നുണ്ട്. ഖുര്‍ആന്‍ അതിലുടനീളം സംശയത്തെ ഗൗരവപൂര്‍വം എടുക്കുന്നുമുണ്ട്. വിശ്വാസത്തിന് വേണ്ടിയുള്ള അടിസ്ഥാനസഹായി എന്നതു മുതല്‍ ഏതു സാഹചര്യത്തിലും വിശ്വസിച്ചു പോകരുതെന്ന ഉറച്ച തീരുമാനം എടുക്കുന്നതു വരെയുള്ള എല്ലാ കാര്യത്തിനും ഉള്ള ഒരു തുടര്‍ച്ചയായിട്ടാണ് ഇതിനെ ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. നമ്മുടെ സ്വതന്ത്രമനസ്സാക്ഷിയുടെ ധര്‍മമാണ് സംശയിക്കുക എന്നത്. ഖുര്‍ആനിലൂടെ നമ്മോട് സംസാരിക്കുന്ന ദൈവത്തില്‍ വിശ്വസിക്കാനും നിഷേധിക്കാനും നമുക്ക് സ്വാതന്ത്ര്യമുണ്ട്.
നമ്മുടെ സ്വതന്ത്ര മനസാക്ഷിയുടെ ധര്‍മമാണ് സംശയിക്കുക എന്നത്. വ്യത്യസ്ത സംശയങ്ങളുമായി ഖുര്‍ആന്‍ ആവര്‍ത്തിച്ച് ഇടപെടുന്നു. നമ്മുടെ സംശയങ്ങള്‍ പരീക്ഷിക്കാനുള്ള വാദങ്ങള്‍ നിരത്തിക്കൊണ്ട് യുക്തിപരമായ പ്രക്രിയകളില്‍ക്കൂടി ഖുര്‍ആന്‍ അതിന്റെ ഏകത്വത്തിലേക്ക്, ഉദ്ഭവത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക്, അത് ഉള്‍ക്കൊള്ളുന്ന മാര്‍ഗദര്‍ശനത്തിലേക്ക് എത്തിച്ചേരുന്നു. ബഖറയില്‍ നാം വായിക്കുന്നു-നമ്മുടെ ദാസന് നാം അവതരിപ്പിച്ചു കൊടുത്തതിനെ ( വിശുദ്ധ ഖുര്‍ആനെ ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റെത് പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടു വരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (23). മറ്റ് അറബി ഗ്രന്ഥങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഖുര്‍ആന്റെ ഭാഷാപ്രയോഗങ്ങള്‍ അതിനെ അനുകരണങ്ങള്‍ക്കതീതമാക്കുന്നു. മനുഷ്യശേഷിക്കപ്പുറമുള്ള ഒരു സൃഷ്ടിയാണ് ഖുര്‍ആന്‍ എന്ന സാക്ഷ്യം കൂടിയാണ് ഈ പ്രയോഗങ്ങള്‍. മുത്തഖികള്‍ക്ക്, ദൈവബോധമുള്ളവര്‍ക്ക് മാര്‍ഗദര്‍ശനമാവുകയാണ് ഖുര്‍ആന്റെ ലക്ഷ്യം. പലപ്പോഴും മുത്തഖി വിവര്‍ത്തനം ചെയ്യപ്പെടുന്നത് ദൈവഭയമുള്ളവര്‍ എന്നാണ്. ദൈവബോധമുള്ളവര്‍ എന്ന അര്‍ത്ഥത്തിനാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്. തഖ്‌വ അഥവാ ദൈവബോധം ഇസ്‌ലാമിലെ മുഖ്യഘടകമാണ്. ഒരു അവിശ്വാസിയോട് വിശദീകരിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ളതും വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാന പ്രമേയവുമാണിത്. ബൗദ്ധികമായി, ആത്മീയമായി, വൈകാരികമായി അനുഭവപ്പെടുന്ന ദൈവസാന്നിദ്ധ്യത്തെക്കുറിച്ച ജാഗ്രതയാണ് ദൈവബോധം. നമ്മുടെ നാഡീ ഞെരമ്പുകളെക്കാള്‍ സമീപസ്ഥനാണ് സകല പ്രവൃത്തികളും വീക്ഷിച്ചുകൊണ്ടിരിക്കുന്ന ദൈവം എന്ന തിരിച്ചറിവാണത്. തഖ്‌വ വിശ്വാസത്തിന്റെ അടിസ്ഥാനമായിരിക്കെ അതിനെ നമ്മുടെ ചിന്തകളിലും പ്രവൃത്തികളിലും സമന്വയിപ്പിക്കുക എന്നതാണ് യഥാര്‍ത്ഥ വെല്ലുവിളി. നമുക്കതീതമായ ഒരു അസ്തിത്വത്തെ ഉള്‍ക്കൊള്ളുക എന്ന ജീവിതാനുഭവമാണത്. ദൈവപ്രകൃതത്തെക്കുറിച്ചുള്ള അറിവ് കരസ്ഥമാക്കുക, ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ദൈവവുമായി കൃത്യമായ ബന്ധം സ്ഥാപിക്കുകയും അത് നിലനിര്‍ത്തുകയും ചെയ്യുക- ഇതാണ് ദൈവബോധം അര്‍ത്ഥമാക്കുന്നത്. ദൈവത്തെക്കുറിച്ചുള്ള ജാഗ്രത പ്രപഞ്ചത്തെ, അതിലെ സര്‍വ ചരാചരങ്ങളെയും കുറിച്ച നമ്മുടെ വീക്ഷണത്തെ ബാധിക്കുന്നു. ഖുര്‍ആനിലെ പ്രധാന ആശയങ്ങളായ തഖ്‌വയുടെ അഞ്ച് പരിണിതഫലങ്ങള്‍ ബഖറയുടെ ആദ്യസൂക്തങ്ങളില്‍ സംക്ഷിപ്തമായി വിവരിക്കപ്പെടുന്നു.
1. ദൈവം സ്വയം പര്യാപ്തനും എല്ലാത്തിന്റെയും പ്രഭവസ്ഥാനവുമാണ്………
2. ദൈവത്തിന്റെ അസ്ഥിത്വത്തെക്കുറിച്ച് പ്രവാചകന്‍മാര്‍ പറഞ്ഞ വസ്തുതകള്‍ മനുഷ്യബുദ്ധിക്ക് മനസ്സിലാവുന്നതാണ്.
3. വെറും വിശ്വസിക്കലല്ല, ധാര്‍മികമായ ജീവിതമാണ് ഈ ബൗദ്ധിക വീക്ഷണത്തിന്റെ അനിവാര്യമായ തുടര്‍ച്ച.
4. മരണത്തിന് ശേഷം പുനര്‍ജന്മവും വിധിനിര്‍ണയവുമുണ്ട്.
5. ദൈവവുമായുള്ള ഉത്തരവാദിത്തങ്ങളെ കുറിച്ച് ഉത്തമബോധ്യമുള്ളവര്‍ക്ക് ഭയപ്പെടേണ്ടതില്ല.
ഈ സൂക്തങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന ചില ശൃംഖലകള്‍ വിശദമായി പരിശോധിക്കാം. നമ്മുടെ ശാരീരികവും ഭൗതികവുമായ അനുഭവങ്ങള്‍ക്കതീതമായ ‘അദൃശ്യ’മായതിലുള്ള വിശ്വാസത്തിലേക്ക് നയിക്കുന്നത് ഈ തിരിച്ചറിവ്, അല്ലെങ്കില്‍ ദൈവബോധമാണ. ദൈവത്തെക്കുറിച്ച് ബോധവാന്മാരായവര്‍ക്ക് മനുഷ്യയുക്തിയുടെ പരിമിതികളെക്കുറിച്ച് വ്യക്തമായറിയാം. യുക്തിയുടെ വിപരീത സിദ്ധാന്തമൊന്നുമല്ല വിശ്വാസം. ദൈവത്തക്കുറിച്ചുള്ള യഥാര്‍ത്ഥബോധമായിരിക്കണം രണ്ടിന്റെയും അടിസ്ഥാനം. ജീവിതത്തിന്റെ അര്‍ത്ഥമെന്താണ്? പ്രപഞ്ചം എന്തി..മരണത്തിന് ശേഷം എന്ത് സംഭവിക്കുന്നു? അല്ലെങ്കില്‍ നാമെന്തുകൊണ്ടാണ് മരിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ മനുഷ്യയുക്തിക്കാവില്ല. ഇവിടെയാണ് ‘അദൃശ്യമായത്’ പ്രസക്തമാവുന്നത്. വിശ്വാസം അഥവാ സമര്‍പ്പണം അര്‍ത്ഥവും ലക്ഷ്യവും കണ്ടുപിടിക്കുന്നതില്‍ പ്രാധാന്യമുള്ളതാവുന്നു.
അദൃശ്യമായതിലുള്ള, അഥവാ ദൈവത്തിലും പരലോകത്തിലുമുള്ള വിശ്വാസം നമ്മെ പരിവര്‍ത്തനത്തിലേക്ക് നയിക്കുമ്പോള്‍, മാനവികതയുടെ ഉയര്‍ച്ചക്കും സമത്വത്തിനും വേണ്ടി സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ പ്രവൃത്തിപഥങ്ങളില്‍ പ്രയോഗവല്‍ക്കരിക്കുമ്പോഴാണ് അര്‍ത്ഥവത്താവുന്നത്. ഇതാണ് ഖുര്‍ആന്റെ സന്ദേശം.
വിശ്വാസം പ്രാര്‍ത്ഥനയുടെ നിലനിര്‍ത്തലുമായി ബന്ധപ്പെട്ടിരിക്കുന്നു, അതാവട്ടെ ദൈവം നമുക്ക് നല്‍കിയതില്‍ നിന്ന് ഉദാരമായി ദാനം ചെയ്യുക എന്നതുമായും. ഇവ്വിധമാണ് മുസ്‌ലിംകള്‍ ദൈവത്തെക്കുറിച്ച് ശ്രദ്ധാലുക്കളാവേണ്ടത്. വെറും ആരാധനയെന്ന ആചാരത്തില്‍ക്കവിഞ്ഞ ഒന്നായിട്ടാണ് ഞാന്‍ നമസ്‌കാരത്തെ കാണുന്നത്. ദൈവത്തെ മനസിലാക്കുന്ന മറ്റൊരു രീതിയാണ് മനുഷ്യയുക്തിയെങ്കില്‍ അത് മറ്റൊരു തരത്തിലുള്ള ആരാധന കൂടിയാണ്. ദൈവത്തിന്റെ ദൃഷ്ടാന്തങ്ങള്‍ മനസിലാക്കി അവനെ പ്രകീര്‍ത്തിക്കാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. ദൈവം മൂര്‍ത്തവും അമൂര്‍ത്തവുമായി നമുക്ക് നല്‍കുന്നു-സമ്പത്ത്, വസ്തു അതു പോലെ അറിവ്, ധിഷണ, രണ്ടില്‍ നിന്നും വിശ്വാസികള്‍ ഉദാരമായി ചെലവഴിക്കുന്നു.
ഇത് ദൈവത്തിന്റെ വചനമാണെന്ന് ഖുര്‍ആന്‍ സ്വയം പ്രഖ്യാപിക്കുന്നു. മുഹമ്മദിന് കിട്ടിയ വെളിപാട് സ്വീകരിച്ചവരായിരുന്നില്ല ദൈവസന്ദേശം വന്നെത്തിയ ആദ്യജനത. ആദമും ഹവ്വയും നയിച്ചിരുന്ന ആദ്യമനുഷ്യസമൂഹത്തിനുള്ള വെളിപാടില്‍ത്തുടങ്ങി ഖുര്‍ആന്‍ അതിനെ ചരിത്രത്തില്‍ സ്ഥാപിക്കുന്നു. ദൈവസന്ദേശം മനുഷ്യരിലേക്കെത്തിക്കാന്‍ പ്രവാചകന്‍മാരുടെ ഒരു പരമ്പര തന്നെയുണ്ടായി.
Connect
Connect with us on the following social media platforms.