മുഖപടം: പ്രതീകത്തിന്റെ അര്‍ത്ഥങ്ങള്‍
ശിരോവസ്ത്രം മുസ്‌ലിം സ്ത്രീയുടെ സാംസ്‌കാരികവും ചരിത്രപരവുമായ അവകാശങ്ങളെ വെല്ലുവിളിക്കുന്നുവെന്ന രീതിയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചരിത്രപരമായി സംസാരിക്കുകയാണെങ്കില്‍ അറബികളുമായി ബന്ധം പുലര്‍ത്തിയിരുന്ന സിറിയ, പാലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളില്‍ മുഖപടം നില നിന്നിരുന്നു. സാമൂഹിക പദവിയുമായാണ് മുഖപടം ബന്ധിപ്പിക്കപ്പെട്ടിരുന്നത്. ഒരളവില്‍ പ്രാചീന ഗ്രീക്ക്, റോമാ ജൂത അസീറിയന്‍ സമൂഹങ്ങളിലും മൂടുപടം നിലനിന്നിരുന്നു(അഹ്മദ് 1992,55). മുസ്‌ലിം സ്ത്രീകള്‍ മുഖപടം ഉപയോഗിക്കുന്നതിന്റെ കാരണം, അത് ധരിക്കാനുള്ള അവകാശം എന്നിവ ചര്‍ച്ച ചെയ്യുകയാണ് ഈ ലേഖനത്തിലൂടെ.
ഖുര്‍ആനിലൊരിടത്തും മുഖപടം നിര്‍ദേശിക്കപ്പെടുന്നില്ലെന്ന് ലൈല അഹ്മദ് വാദിക്കുന്നു. സ്ത്രീകളുടെ വസ്ത്രത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന സൂക്തം നിര്‍ദേശിക്കുന്നത് അവരുടെ രഹസ്യഭാഗങ്ങള്‍ സൂക്ഷിക്കാനും മാറു മറക്കാനുമാണ്(വി.ഖു 24:31-32) (അഹ്മദ്1992,55). പ്രവാചകന്റെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ ഭാര്യമാര്‍ കല്‍പ്പിക്കപ്പെട്ടിരുന്നു-പ്രവാചകപത്‌നിമാരേ നിങ്ങള്‍ മറ്റു സ്ത്രീകളെപ്പോലെയല്ല (വി. ഖു 33:32) അതുകൊണ്ട് മുഖപടം ധരിക്കുന്നതിലൂടെ അവര്‍ തിരിച്ചറിയപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും. മദീനയുമായി ബന്ധമുണ്ടായിരുന്ന സമൂഹങ്ങളിലെല്ലാം മൂടുപടം സാമൂഹികപദവിയുടെ ചിഹ്നമായാണ് ധരിക്കപ്പെട്ടിരുന്നത്. മുസ്‌ലിം അധീനപ്രദേശങ്ങളിലെ ഉയര്‍ന്ന വര്‍ഗക്കാര്‍ക്കിടയില്‍ അത് വളരെ സാധാരണമായ ഒരു വഴക്കമായിരുന്നു കൂടാതെ വര്‍ഗവ്യത്യാസങ്ങള്‍ക്കതീതമായി മുഖപടം ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമായി. അറേബ്യയുടെ മറ്റു ഭാഗങ്ങളിലേക്ക് ഈ സമ്പ്രദായം വ്യാപിക്കാന്‍ ഇതും ഒരു കാരണമായി.
സമൂഹങ്ങളിലെ മുഖപട സമ്പ്രദായങ്ങളെക്കുറിച്ച് ശാസ്ത്രീയ വിശകലനങ്ങളുടെ അഭാവം കാരണം വിഷയത്തെക്കുറിച്ച എന്റെ നിരീക്ഷണങ്ങളും വിശകലനങ്ങളും തന്നെ ഉപയോഗിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. വിശുദ്ധഗ്രന്ഥത്തെയോ സാഹചര്യങ്ങളെയോ സ്ത്രീകളുടെ വസ്ത്രത്തിന്റെ ചരിത്രത്തെക്കുറിച്ചോ ഫലവത്തായി വിശദീകരിക്കുന്നതില്‍ പാരമ്പര്യ പണ്ഡിതന്മാര്‍ പരാജയപ്പെടുന്നതില്‍ നിന്നാണ് മുസ്‌ലിം സ്ത്രീകളുടെ വസ്ത്രത്തെക്കുറിച്ച ആശങ്കകള്‍ ഉയിരെടുക്കുന്നത്. വേഷത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ വശങ്ങള്‍ മതപരമായ സങ്കല്‍പങ്ങളുമായി കൂടിക്കലരുകയും അത് ന്യായമായി മാറുകയും ചെയ്തു.
ഹിജാബ് പലപ്പോഴും നിഖാബ്/പര്‍ദ്ദയുമായി അഥവാ മുഖപടവുമായി കൂടിക്കരുന്നു. ഓരോ വാക്കും വ്യത്യസ്ത അര്‍ത്ഥങ്ങളാണ് വഹിക്കുന്നത്. ഹിജാബിനോട് അടുത്തു നില്‍ക്കുന്ന ഖുര്‍ആനിക പദം ജില്‍ബാബ് ആണ് (33:9-60). കഴുത്തും മുടിയും ഉള്‍പ്പെടുന്ന ശരീര ഭാഗങ്ങളെ മറക്കുന്ന വസ്ത്രമായാണ് പൊതുവെ ഹിജാബ് മനസിലാക്കപ്പെടുന്നത്. ഹിജാബ് എന്ന ആശയത്തെ സങ്കീര്‍ണമാക്കുകയാണ് മുഖപടം. മുഖപടം മുസ്‌ലിം സ്ത്രീകളുടെ ഔറത്തിന്റെ(പുരുഷന്മാരുടെയും സ്ത്രീകളുടെയും മറക്കേണ്ട ശരീരഭാഗങ്ങളെ സൂചിപ്പിക്കാന്‍ ഇസ്‌ലാമില്‍ ഉപയോഗിക്കുന്ന പദം) മാനമാവുക എന്നത് ഇസ്‌ലാമിക വിശുദ്ധഗ്രന്ഥത്തിന്റെ ദുര്‍വ്യാഖ്യാനമാണ്.
എങ്ങനെയാണ് ശരീരം മറയുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ വസ്ത്രങ്ങളെ തരംതിരിക്കുക എന്നതാണ് സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളെ ക്രോഡീകരിക്കാനുള്ള ഒരു വഴി. ചില വസ്ത്രങ്ങള്‍ ശരീരം മറക്കുന്നു, ചിലത് തല, മറ്റു ചിലത് മുഖം. ഇത്തരം എല്ലാ വസ്ത്രങ്ങളും കൃത്യമായ സന്ദേശങ്ങളും ബന്ധങ്ങളും വിശ്വാസങ്ങളും വഹിക്കുന്നുണ്ട്. സൗദി അറേബ്യയിലേതുള്ള പോലുള്ള ചില സമൂഹങ്ങളില്‍ മുഖപടം മതപരമായ ഉത്തരവാദിത്തം എന്ന നിലക്ക് അടിച്ചേല്‍പ്പിക്കപ്പെടുന്നു. ഒരു കാലത്ത് തുനീഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ മുഖപടം ധരിച്ച സ്ത്രീകള്‍ നിയമത്തിന്റെ ശിക്ഷകള്‍ക്ക് വിധേയരായി. ലിംഗസമത്വത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ലൈല അഹ്മദ്, ആമിനാ വദൂദ്, ഫാത്തിമാ മെര്‍നിസി, അസ്മ ബര്‍ലാസ് തുടങ്ങിയ പണ്ഡിതര്‍ അഭിപ്രായപ്പെടുന്നത് മുഖപടത്തെക്കുറിച്ച് പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നത് ഒരു വശത്ത് സ്ത്രീകളെക്കുറിച്ച് വികലധാരണകള്‍ പുലര്‍ത്തുന്ന മതപണ്ഡിതന്മാര്‍ നല്‍കുന്ന വിശുദ്ധഗ്രന്ഥത്തിന്റെ ദുര്‍വ്യാഖ്യാനങ്ങളും മറുവശത്ത് മതേതര ജനാധിപത്യങ്ങളില്‍ മുഖപടം പിന്നാക്കാവസ്ഥയുടെ പ്രതിരൂപമായി അവതരിപ്പിക്കപ്പെടുന്നതുമാണ്. മുഖപടം സ്വത്വ വിവേചനത്തിലേക്കും ലിംഗ അസമത്വത്തിലേക്കും നയിക്കുന്നു എന്ന് വിശ്വസിക്കുന്ന നിരവധി പാശ്ചാത്യരുണ്ട്.
സങ്കീര്‍ണവും ദീര്‍ഘവുമായ ചരിത്രമുള്ള മൂടുപടം വെറുമൊരു സാംസ്‌കാരിക സ്വത്വത്തിന്റെ അടയാളമല്ല, മറിച്ച് അധിനിവേശത്തിന്റെ ഇഷ്ടദാനങ്ങളില്‍ നിന്നുള്ള വിമോചനത്തെ പ്രതിനിധീകരിക്കുകയാണ് എന്ന് തിരിച്ചറിയുന്നതില്‍ മിക്ക പാശ്ചാത്യനിരീക്ഷകരും പരാജയപ്പെടുന്നു. ഫ്രാന്‍സിന്റെ അള്‍ജീരിയന്‍ അധിനിവേശകാലത്ത് (1832-1962) സ്ത്രീകള്‍ മൂടുപടത്തെ വിമോചനത്തിന്റെ ദേശീയ-സാംസ്‌കാരിക ചിഹ്നമായി കരുതിയപ്പോള്‍ അത് പ്രതിരോധത്തിന്റെ അടയാളമായി. മുസ്‌ലിം സ്ത്രീകളുടെ മൂടുപടം നീക്കം ചെയ്യാനുള്ള ഫ്രഞ്ചുകാരുടെ ശ്രമങ്ങളെ തങ്ങളുടെ സംസ്‌കാരത്തെ നശിപ്പിക്കാനുള്ള അധിനിവേശ തന്ത്രങ്ങളുമായാണ് അള്‍ജീരിയന്‍ ജനത കൂട്ടിച്ചേര്‍ത്തത്. അധിനിവേശ കടന്നാക്രമണത്തിന് മുമ്പിലും അള്‍ജീരിയന്‍ സ്ത്രീകള്‍ തങ്ങളുടെ നാട്ടുപാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും അടയാളത്തെ മുറുകെപ്പിടിച്ചു. (അല്‍ ഗ്വിന്ദി 1999,172)
2010 ല്‍ ബുര്‍ഖ ഉള്‍പ്പെടെ എല്ലാ തരത്തിലുമുള്ള മൂടുപടങ്ങളെയും നിരോധിച്ചുകൊണ്ട് ഫ്രഞ്ച് ഗവണ്‍മന്റ് മുസ്‌ലിം സ്ത്രീകളോടുള്ള അമര്‍ഷം ആവര്‍ത്തിച്ചു. ഇസ്‌ലാമിനോടും മുസ്‌ലിംകളോടും വിവേചനം കാണിക്കുക, സ്ത്രീകളുടെ ഹിജാബ് ധാരണത്തെ ആക്രമിക്കുക എന്നിവ പടിഞ്ഞാറിന്റെ സ്ഥിരം തന്ത്രങ്ങളാണ്.
പൊതു സ്ഥലങ്ങളില്‍ തങ്ങളുടെ ദേഹം മറക്കുന്നതിന് വേണ്ടി ചില ഇസ് ലാമിക പ്രദേശങ്ങളിലെ സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രമാണ് ബുര്‍ഖ. അയഞ്ഞ വസ്ത്രത്തോടൊപ്പം ശിരോവസ്ത്രവും (ഹിജാബ്) മുഖപടവും (നിഖാബ്) അടങ്ങിയതായാണ് പൊതുവെ ബുര്‍ഖ മനസിലാക്കപ്പെടുന്നത്. ആളുകളെ കൃത്യമായി തിരിച്ചറിയാന്‍ സാധിക്കില്ല എന്നതിനാല്‍ ബുര്‍ഖ- മുഖപട ധാരണം സുരക്ഷക്ക് ഭീഷണിയാണ് എന്ന തരത്തില്‍ വിമര്‍ശിക്കപ്പെടുന്നു, പ്രത്യേകിച്ച് 9-11 ന് ശേഷം. ഇസ്‌ലാമിക മതമൗലികവാദം ഉയര്‍ത്തുന്നു എന്ന് കരുതപ്പെടുന്ന ഭീഷണികളെക്കുറിച്ചുള്ള പാശ്ചാത്യ സംവാദങ്ങളുടെ ഭാഗമായിരിക്കുകയാണ് മുസ്‌ലിം സ്ത്രീകളുടെ മുഖപടത്തെക്കുറിച്ച ചര്‍ച്ചകള്‍.
സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച പാശ്ചാത്യരുടെ ഉദാര കാഴ്ചപ്പാടുകള്‍ മൂലം മുഖപടത്തെക്കുറിച്ച് അവരെ പറഞ്ഞ് ബോധ്യപ്പടുത്തുന്നതില്‍ മുസ്‌ലിം സ്ത്രീകള്‍ ബുദ്ധിമുട്ടുന്നു. പലപ്പോഴും സ്ത്രീകളുടെ വസ്ത്രധാരണത്തിന് നേരെ ബഹു സാംസ്‌കാരിക നിലപാടുകളെടുക്കുന്ന പടിഞ്ഞാറ് പക്ഷേ മുഖപടത്തിലേക്കെത്തുമ്പോള്‍ അതിനെ ഒരു അടിച്ചമര്‍ത്തല്‍ പ്രത്യയശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന വിദേശ ചിഹ്നമായാണ് കണക്കാക്കുന്നത്. അപര സംസ്‌കാരങ്ങളോടുള്ള അധിനിവേശത്തിന്റെ പഴയ മുന്‍ധാരണകള്‍ ആവര്‍ത്തിക്കുക മാത്രമാണ് മുഖപടം നിരോധിക്കുന്ന പാശ്ചാത്യരാജ്യങ്ങള്‍ ചെയ്യുന്നത് എന്നാണ് അനുഭവപ്പെടുന്നത്. അതു കൊണ്ട് ഒരു ജനാധിപത്യ, അധിനിവേശാനന്തര പാശ്ചാത്യ സാഹചര്യത്തില്‍ മതപരവും ഗോത്രപരവുമായ അപരങ്ങള്‍ക്കു മേലുള്ള അവരുടെ അധീശത്വ സാംസ്‌കാരികമൂല്യങ്ങളെ അടിച്ചേല്‍പ്പിക്കന്നത് എതിര്‍ക്കപ്പെടേണ്ടതാണ്.
ഇസ്‌ലാമിന്റെയും ലിംഗഅസമത്വത്തിന്റെയും മുഖപടത്തിന്റെയും കൂട്ടിക്കലര്‍ത്തല്‍ വഴി മുസ്‌ലിം സ്ത്രീയുടെ സ്വത്വം, അവളുടെ അനുഭവങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നത് മൂലം യാഥാസ്ഥിതിക സ്ത്രീകള്‍ ചെറിയ കാര്യത്തിന് മേല്‍ അനാവശ്യമായി കടുംപിടുത്തം നടത്തുകയാണെന്ന് ഫാതിമ മെര്‍നിസ്സി, അസ്മ ബര്‍ലാസ് തുടങ്ങിയ പുരോഗമന പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള മത ഗ്രന്ഥത്തിലെ പരാമര്‍ശങ്ങളുടെ യാഥാസ്ഥിതിക -പാരമ്പര്യ-പുരുഷാധിപത്യ വ്യാഖ്യാനങ്ങളെ ഈ പണ്ഡിതര്‍ വിശകലനം ചെയ്യുന്നു. സ്ത്രീകള്‍ ഹിജാബ് അല്ലെങ്കില്‍ മൂടുപടം ധരിക്കുന്നതിന്റെ കാരണങ്ങളെയും അത് അവരെ ഉയര്‍ത്തുകയാണോ ഇകഴ്ത്തുകയാണോ എന്നും അവര്‍ ചോദ്യം ചെയ്യുന്നു. അവരുടെ പ്രവര്‍ത്തനങ്ങളും ഖുര്‍ആനിന്മേലുള്ള അക്കാദമിക പ്രതിഫലനങ്ങളും ഇസ്‌ലാമിന്റെ മത അധികാരങ്ങളില്‍ ഇഴ ചേര്‍ന്നിട്ടുള്ള പുരുഷ അപ്രമാദിത്വങ്ങളെ വെല്ലുവിളിക്കുന്നു.
മുസ്‌ലിം സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ച സമകാലിക സംവാദങ്ങളെ അഭിമുഖീകരിക്കാന്‍ അവര്‍ക്ക് വിശുദ്ധഗ്രന്ഥത്തെ അവര്‍ ഹിജാബും മുഖപടവും ധരിക്കുന്നതിന്‌റെ യഥാര്‍ത്ഥകാരണം കണ്ടുപിടിക്കുകയും അത് അവരുടെ മതവിശ്വാസത്തിലും ആചാരങ്ങളിലും പുരോഗതിയാണോ വിലങ്ങു തടിയാണോ എന്ന് വിലയിരുത്തപ്പെടണം. വിദ്യാഭ്യാസത്തിന്റെ ലഭ്യതയില്‍ നിന്നും പൊതു ഇടത്തിലെ ഇടപെടലില്‍ നിന്നും സ്ത്രീയെ തടയുന്ന ഒരു അടയാളമാണ്, സംസ്‌കാരമാണ് മുഖപടം എന്നും ചില വിമതര്‍ വാദിക്കുന്നു. ചില യാഥാസ്ഥിതിക സ്ത്രീകള്‍ക്ക് മതവിശ്വാസത്തിന്റെ അടയാളം, അടിസ്ഥാനഭാഗമാണ് ഹിജാബ്. മറ്റു ചിലര്‍ക്ക് സാംസ്‌കാരികമായി അനുയോജ്യമായ വസ്ത്രധാരണം മാത്രമാണത്. ഈ സ്ത്രീകള്‍ക്ക് മുഖപടം .self ന്റെ ആശയങ്ങളുമായി, ശരീരവും സമൂഹവുമായി, സ്വത്വത്തിന്റെ സാംസ്‌കാരിക നിര്‍മിതികളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. (അല്‍ ഗ്വിന്ദി 1999)
മുസ് ലിം സ്ത്രീകളുടെ സാഹചര്യങ്ങളില്‍ വലിയ വ്യത്യാസങ്ങളുള്ളതു പോലെ അവര്‍ ഇസ് ലാമിനെ നിര്‍വചിക്കുന്നതിലും മനസിലാക്കുന്നതിലും അനുഷ്ഠിക്കുന്നതിലും അന്തരങ്ങളുണ്ട്. ഈ വൈജാത്യം നിലനില്‍ക്കെ സര്‍വ മുസ്‌ലിം സ്ത്രീകളുടെയും പക്ഷത്ത് നിന്ന് സംസാരിക്കുക അസാധ്യമാണ്, ജനങ്ങള്‍ ജീവിക്കുന്ന ഇസ്‌ലമിന്റെ അനന്തകോടി പാഠഭേദങ്ങളെ സാമാന്യവല്‍ക്കരിക്കുക എന്നതും. ഒരാളുടെ അഭിമാനത്തെ കാത്തുസൂക്ഷിക്കുന്നതും അധികാരത്തില്‍ ഇടിവ് വരുത്തുന്നതും മുഖം മൂടുന്ന ഒരു കഷ്ണം തുണിയാണോ? അവകാശങ്ങളെയും ലിംഗനീതിയെയും കുറിച്ച സംവാദങ്ങളില്‍ മുഖപടമെന്ന ആശയം ചുരുങ്ങി വരുന്നു.
സ്ത്രീകളുടെ അവകാശങ്ങളെയും ലിംഗനീതിയെയും സംബന്ധിച്ച് മുഖപടത്തെക്കാള്‍ മുഖ്യമായ നിരവധി പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയുള്ള ഓരോ ചുവടുവെപ്പുകളും മുസ്‌ലിം സ്ത്രീക്ക് നീതി ഉറപ്പു വരുത്തുന്നതിനുള്ള ചുവടുവെപ്പുകളാണ്. ഇറാഖ്, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, ലിബിയ, തുനീഷ്യ, ബഹ്‌റൈന്‍, യെമന്‍ തുടങ്ങിയ മുസ്‌ലിം രാഷ്ട്രങ്ങളില്‍ രാഷ്ട്രീയരംഗം വന്‍ മാറ്റങ്ങള്‍ക്ക്് വിധേയമായിക്കൊണ്ടിരിക്കുന്നു. ഇവിടങ്ങളിലെ സാവൂഹിക-സാമ്പത്തിക- രാഷ്ട്രീയ നീതിക്കായുള്ള സമരങ്ങള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ലിംഗനീതിക്കും മതവിദ്യാഭ്യാസത്തിനും പുതിയ അവസരങ്ങളൊരുക്കുന്നു.
സമകാലികലോകത്ത് മുസ്‌ലിം സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി പോരാടേണ്ടി വരുന്നു. ഈ പോരാട്ടം യാഥാസ്ഥിതിക പണ്ഡിതന്മാരുടെ പുരുഷാധികാരങ്ങള്‍ക്കെതിരെ മാത്രമല്ല, ഇസ്‌ലാമിനെ ക്കുറിച്ച പാശ്ചാത്യ ധാരണകള്‍ക്കെതിരെക്കൂടിയാണ്. നിരവധി അര്‍ത്ഥങ്ങള്‍ വഹിക്കുന്ന ഒരു സങ്കീര്‍ണചിഹ്നമാണ് മുഖപടം. അതു കൊണ്ടു തന്നെ മുസ്‌ലിം പുരുഷനും സ്ത്രീയും അവരുടെ വേഷവിധാനത്തെക്കുറിച്ച് മതത്തില്‍ എന്തെല്ലാം ചിട്ടകളും കടമകളുമുണ്ടെന്നും ദൈവവുമായി കൂടുതല്‍ അടുക്കാന്‍ അവ എങ്ങനെയായിരിക്കണമെന്നും തീരുമാനിച്ച് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
Translator: നാജിയ പി.പി
Connect
Connect with us on the following social media platforms.