ഹിജാബ്: വിശ്വാസം, വിപ്ലവം, ഫാഷന്‍
ഫാഷന്‍ എന്നത് പാരമ്പര്യത്തോട് പുറംതിരിഞ്ഞു നില്‍ക്കേണ്ടുന്ന ഒന്നല്ല എന്ന് ലോകം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ‘ഹിജാബ് ഫാഷനും’ ‘മുഹജ്ജബ മോഡലുകളും’ ഫാഷന്‍ ലോകത്ത് തങ്ങളുടെ സാന്നിധ്യം അറിയിച്ചു തുടങ്ങിയിരിക്കുന്നു. മുസ്‌ലിം സ്ത്രീകളുടെ ഫാഷന്‍ ആവശ്യങ്ങള്‍ കൂടി പരിഗണനക്കെടുത്തു വസ്ത്രങ്ങള്‍ നെയ്യുന്നതിനെ കുറിച്ച് ഫാഷന്‍ ലോകം ആലോചിച്ചു തുടങ്ങേണ്ടിയിരിക്കുന്നു, കാരണം അവരുടെ വിശ്വാസത്തിന്റെ ഭാഗമായ ഹിജാബ്, മറ്റു മതങ്ങളിലെന്ന പോലെ പുരോഹിത വൃത്തിയുമായി ബന്ധപ്പെട്ട കുറച്ചു പേരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല.
ആഗോള മുസ്‌ലിം ഫാഷന് ലോക വ്യാപകമായുള്ള വിപണന സാധ്യതകള്‍ 96 ബില്ല്യന്‍ ഡോളര്‍ വരുമെന്നാണ് ബ്ലൂംബെര്‍ഗ് കണക്കാക്കുന്നത്. ലോക ജനതയുടെ 11 ശതമാനം വരുന്ന മുസ്‌ലിം യുവത ഉറ്റു നോക്കുന്ന ഒരു മേഖല എന്ന നിലക്കും ഹിജാബ് ഫാഷന്‍ പ്രാധാന്യം അര്‍ഹിക്കുന്നു. (സണ്‍ഡേ ഗാര്‍ഡിയന്‍, ടീനാ ബറുവ)
തുര്‍കിയില്‍ നിന്നുള്ള ആല മാഗസിന്‍ ഈ മേഖലയില്‍ ശ്രദ്ധേയമായ ചുവടുവെപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പാരമ്പര്യ മുസ്‌ലിം വസ്ത്രധാരണ രീതിയെയും, ആധുനിക ഫാഷന്‍ രീതികളെയും വിളക്കി ചേര്‍ത്ത് കൊണ്ടുള്ള ഒരു ഫാഷന്‍ ആശയമാണ് അവര്‍ മുന്നോട്ടു വെക്കുന്നത്. ഗുക്‌സി സ്‌കാര്‍ഫും, ലുയിസ് വിട്ടോന്‍ പര്‍സും അണിഞ്ഞു ഫാഷന്‍ ലോകത്ത് വിഹരിക്കുമ്പോഴും ഒരു മുസ്‌ലിം സ്ത്രീക്ക് തന്റെ കുലീനതയും, പാരമ്പര്യ മൂല്യങ്ങളും ഉയര്‍ത്തി പ്പിടിക്കാന്‍ സാധിക്കുമെന്ന തിരിച്ചറിവാണ് മാഗസിന്‍ മുന്നോട്ടു വെക്കുന്നത്.
ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹിജാബ് പോലുള്ള മത ചിഹ്നങ്ങള്‍ വിശ്വാസികളയ സ്ത്രീകളുടെ ശാക്തീകരണത്തിന്റെയും, ആധുനികതയുടെയും അടയാളങ്ങളായാണ് തുര്‍ക്കിയില്‍ കണക്കാക്കപ്പെടുന്നത്. ഇന്നലകളിലെ ‘മതേതര’ ഭരണാധികാരികളുടെ ഹിജാബ് അടക്കമുള്ള മതചിഹ്നങ്ങളോടുള്ള അസഹിഷ്ണുതയും, അടിച്ചമര്‍ത്തല്‍ നടപടികളും ആണ് ഈ സ്വീകാര്യതക്ക് പിന്നില്‍. ഈ നിലക്കുള്ള ജനസമ്മതി ഹിജാബിന്റെ ഫാഷന്‍വല്‍കരണത്തിന് ലഭിക്കുന്ന പക്ഷം തുര്‍ക്കി ന്യൂയോര്‍ക്ക് സിറ്റിക്കും, ലണ്ടനും, പാരീസിനും സമാന്തരമായി ഹിജാബ് ഫാഷന്‍വീക്കുകള്‍ സംഘടിപ്പിക്കുന്ന കാലം വിദൂരമല്ല.
“ഏറെ കാലമായി ഹിജാബ് പലര്‍ക്കും ഒരു രാഷ്ട്രീയ ആയുധമാണ്. ഹിജാബ് ധരിക്കാന്‍ ഇഷ്ടപ്പെടുന്ന ഞങ്ങളെ പോലുള്ള ലക്ഷക്കണക്കിനു യുവതികളുണ്ട്, ഹിജാബിനെതിരായ വിലക്കുകളെയും അതു പ്രായമായ സ്ത്രീകള്‍ക്കേ ചേരൂ എന്ന പഴകിപ്പുളിച്ച വാദത്തെയും അതിജീവിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍”, ആല മാഗസിന്‍ എഡിറ്റര്‍ ഹൂല്യ അസ്ലാന്‍ പറയുന്നു. (ദി ന്യൂയോര്‍ക്ക് ടൈംസ്, ഇസ്താംബൂള്‍ ജേര്‍ണല്‍).
തുര്‍ക്കിയിലേത് പോലുള്ള ഒരു സമീപനം പശ്ചിമേഷ്യയിലേക്കും വ്യാപിപ്പിക്കുന്നതിനും അത്തരത്തില്‍ ഹിജാബിനെ പുനര്‍നിര്‍വചിക്കുന്നതിലൂടെ അത് ധരിക്കുന്ന സ്ത്രീകളെ കൂടുതല്‍ സംതൃപ്തരും, അഭിമാനികളും ആക്കിതീര്‍ക്കുവാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആലാ മാഗസിന്‍. ഇത്തരത്തില്‍ ഫാഷന്‍ വൈവിധ്യങ്ങളും നിറപ്പകര്‍ച്ചകളും തങ്ങളുടെ ഹിജാബിന്റെ ഭാഗമാക്കി തീര്‍ക്കുന്ന ഒരു സ്ത്രീയെയും നോക്കി ഭാവിയില്‍ ഒരാളും ഹിജാബ് അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്ന് പറയാന്‍ ധൈര്യപ്പെടുകയില്ല.
ഏറെക്കാലത്തെ പോരാട്ടങ്ങള്‍ക്ക് ശേഷം ആണ് തുര്‍കിയിലെ സ്ത്രീകള്‍ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഹിജാബ് ധരിക്കാനുള്ള അവകാശം നേടിയെടുത്തത്. അതിനാല്‍ തന്നെ ഈ ഹിജാബ് കൂടുതല്‍ വര്‍ണ്ണശഭളമാക്കിയും, ഫാഷന്‍ സാധ്യതകളെ ഉപയോഗപ്പെടുത്തിയും മതകീയ കാഴ്ചപ്പാടുകള്‍ക്കു വേണ്ട പരിഗണന നല്‍കി കൊണ്ട് തന്നെ ജനകീയമാക്കി നിലനിര്‍ത്താനുള്ള ബാധ്യത മിലാനിലെയും പാരീസിലെയും ഫാഷന്‍ ഷോകളില്‍ നിന്നും തീണ്ടാപാടകലെയെങ്കിലും, ഫാഷന്‍ ലോകം ഹിജാബിനെ ഏറ്റെടുത്തു കഴിഞ്ഞു.
മുസ്‌ലിം സ്ത്രീകള്‍ക്കൊരു സ്‌റ്റൈല്‍ ഗൈഡ് എന്ന നിലക്ക് ബ്രിട്ടണില്‍ നിന്നും ഹിജാബ് സ്‌റ്റൈല്‍ എന്ന ഒരു ബ്ലോഗിലൂടെ ആദ്യമായി ഈ മേഖലയിലേക്ക് രംഗപ്രവേശനം നടത്തിയ ജാനാ കൊസ്സൈബാറ്റി പറയുന്നു, “ബ്രിട്ടണിലെ മുസ്‌ലിം സ്ത്രീകള്‍ ഇന്ന് ഹിജാബ് വസ്ത്രധാരണ രീതിയില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ക്ക് തയാറാവുന്നു. മുസ്‌ലിം പെണ്‍കുട്ടികള്‍ വസ്ത്രധാരണത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നവരാണ്. ശിരോവസ്ത്രം ധരിക്കുന്നതിലൂടെ നിങ്ങള്‍ ഒരു മുസ്‌ലിം എന്ന നിലക്ക് വേറിട്ട് നില്‍ക്കുന്നു, അപ്പോള്‍ പിന്നെ അനുയോജ്യമല്ലാത്തതും, അനാകര്‍ഷകവുമായ രീതിയില്‍ അവ ധരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നിങ്ങള്‍ കൈമാറാന്‍ ശ്രമിക്കുന്നത്.” (ദി ഗാര്‍ഡിയന്‍, ദി ഹിജാബ് ഗോസ് ഹൈ ഫാഷന്‍).
ഹിജാബ് ഫാഷന്‍ ഡിസൈനിങ്ങിലെ സാധ്യതകള്‍ ഒരു അബായയിലും ശിരോവസ്ത്രത്തിലും അതിനു നിറങ്ങളും മുത്തുകളും ഉപയോഗിച്ച്, തിളക്കവും വൈവിധ്യവും പകരുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല എന്ന് സാരം. നീണ്ട മാക്‌സിയും ജാക്കെറ്റും സംയോജിപ്പിച്ചും മിഡി സ്‌കെര്‍ട്ടുകള്‍ക്ക് കീഴെ ലെഗ്ഗിന്‍സോ ട്രൌസേഴ്‌സോ ധരിച്ചും ലോ കട്ട് ടോപ്പുകള്‍ക്ക് നീളമുള്ള ഹിജാബ് ധരിച്ചുമെല്ലാം മുസ്‌ലിം സ്ത്രീകള്‍ ഫാഷന്‍ ലോകത്തെ ട്രെന്റുകള്‍ തങ്ങളുടെ ഹിജാബിലേക്കും സന്നിവേശിപ്പിക്കുന്നതില്‍ വിജയം കണ്ടെത്തുന്നു.
മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ച് ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങളില്‍ ഫാഷനബിള്‍ ആയി ഹിജാബ് ധരിക്കുക എന്നത് ഇന്ന് വലിയ പ്രയാസമുള്ള കാര്യമല്ല. ബീ ഹൈവ് സ്‌റ്റൈല്‍ ഹിജാബുകളും ഗുക്‌സി/എച് ആന്‍ഡ് എം തുടങ്ങിയ ബ്രാണ്ടുകളുടെ വിവിധങ്ങളായ പ്രിന്റുകളോടു കൂടിയ ഷോളുകളും ഡെനിം മുതല്‍ സില്‍ക്ക് വരെ ഉപയോഗിച്ച് പ്രത്യേകം തയ്‌ച്ചെടുത്ത നീളമേറിയ ഫുള്‍ ഫ്രോക്കുകളും ധരിച്ചിറങ്ങുന്ന അവരെ നോക്കി ഹിജാബ് അടിച്ചമര്‍ത്തലാണെന്നു പരിതപിക്കാന്‍ ആരും തയാറായെന്നു വരില്ല. എന്നാല്‍ ഹിജാബ് ഫാഷന്റെ ഈ അനന്തമായ മാര്‍കറ്റിംഗ് സാധ്യതകള്‍ തിരിച്ചറിഞ്ഞിട്ടു പോലും ലോകോത്തര ബ്രാന്റുകളും ഫാഷന്‍ ഷോകളും മുസ്‌ലിം സ്ത്രീകളെ ഇനിയും ലക്ഷ്യം വെച്ച് തുടങ്ങിയിട്ടില്ല എന്നത് ആശ്ചര്യജനകമാണ്.
ഹിജാബിനോട് വിസമ്മതം രേഖപ്പെടുത്താനും, അത് ധരിക്കാതിരിക്കാനും ഒരാള്‍ക്ക് അവകാശമുണ്ടെന്നത് പോലെ തന്നെ പാരീസിലെയും മറ്റും ലോകോത്തര ഫാഷന്‍ മേളകളില്‍ കടന്നു ചെല്ലാനുള്ള അവകാശം ഹിജാബ് ധാരികല്‍ക്കുണ്ടാവണം. അല്ലാത്തപക്ഷം വംശീയവും വിശ്വാസപരവും ദേശപരവുമായ ഇഷ്ടങ്ങള്‍ക്കും വൈവിധ്യങ്ങള്‍ക്കും ഇടമൊരുക്കുന്ന സമാന്തര ഫാഷന്‍ മേളകള്‍ ലോകത്തെല്ലായിടത്തും ഉയര്‍ന്നു വരും.
Connect
Connect with us on the following social media platforms.