banner ad
November 16, 2012 By കെ ഷബിന്‍ മുഹമ്മദ്‌ 0 Comments

ദൈവനാമത്തില്‍ ………

khuda-kee-300x225സാഹിത്യമാകട്ടെ, സിനിമയാകട്ടെ അവ പ്രതിനിധീകരിക്കുന്നത് മിക്കപ്പോഴും അയഥാര്‍ത്ഥങ്ങളെ യഥാര്‍ത്ഥമെന്ന രീതിയിലാണ്. ഇസ്‌ലാമിക ആശയങ്ങളെ പ്രതിനിധീകരിക്കുന്ന സിനിമകള്‍ കുറവാണ്. പലപ്പോഴും മുസ്‌ലിം വാര്‍പ്പുമാതൃകകളാണ് അഭ്രപാളികളില്‍ പ്രത്യക്ഷപ്പെടാറ്‌. ഇസ്‌ലാമോഫോബിയയുടെയും ഓറിയന്റലിസത്തിന്റെയും സ്വാധീനത്തിലുള്ള ഇസ്‌ലാമിക ആശയങ്ങളും മുസ്‌ലിം കഥാപാത്രങ്ങളും ഇക്കാരണത്താല്‍ സിനിമകള്‍ അറിഞ്ഞോ അറിയാതെയോ പിന്‍തുടരുന്നു. സിനിമകള്‍ ഉണ്ടാക്കിവെച്ച ഈ തെറ്റായ പ്രതിനിധാനം കാരണം പാശ്ചാത്യ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന, മതാനുഷ്ഠാനങ്ങള്‍ പിന്‍തുടരാത്തയാള്‍ പുരോഗമനവാദിയായ നല്ല മുസ്‌ലിമും കിഴക്കിന്റെ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന, മതാനുഷ്ഠാനങ്ങള്‍ പിന്‍തുടരുന്നയാള്‍ യാഥാസ്ഥികവാദിയായ ചീത്ത മുസ്‌ലിമുമാകുന്നു.  ഓരോ മുസ്‌ലിമിന്റെ ഉള്ളിലുമുള്ള ഇസ്‌ലാമിക സ്വത്വത്തെ കുറിച്ചും ഇസ്‌ലാമിക പൊതു ബോധത്തെ കുറിച്ചും നിലനില്‍കുന്ന ആത്മ സംഘര്‍ഷത്തെ ചിത്രീകരിക്കുന്ന സിനിമകള്‍ നന്നേ കുറവാണ്. ശുഹൈബ് മന്‍സൂറിന്റെ പാകിസ്ഥാനി ചിത്രമായ ഖുദാ കേലിയേ പ്രശ്‌നവല്‍കരിക്കുന്നത്‌ മുസ്‌ലിം സ്വത്വ പ്രതിസന്ധിയെയും ഇസ്‌ലാമിക ആശയങ്ങള്‍ പിന്തുടരുന്നതിലുള്ള വൈരുധ്യങ്ങളെയുമാണ്. ഈ സിനിമയ്ക്ക് അവകാശപ്പെടാന്‍ ഒരാശയവും സാമൂഹിക പ്രസക്തിയുള്ള പ്രമേയവുമുണ്ട്. ഇസ്‌ലാമിനെ വിമര്‍ശിക്കാതെയും അതിന്റെ ആശയങ്ങളെ ആക്രമിക്കാതെയുമുള്ള പക്വമായ അവതരണം സാധ്യമായത് സംവിധാന മികവിനുദാഹരണമാണ്.

khudakeliye-300x225വ്യത്യസ്തരായ മൂന്നു വ്യക്തികള്‍ ഇസ്‌ലാമിനെ മൂന്ന് വ്യത്യസ്ത കോണുകളിലൂടെ മനസ്സിലാക്കുന്നതാണ് ഇതിലെ ഇതിവൃത്തം. പാകിസ്ഥാനിലെ ലാഹോറിലും അഫ്ഗാനിസ്ഥാനിലെ കാബൂളിലും അമേരിക്കയിലും ആണ് കഥ സംഭവിക്കുന്നത്. ലാഹോറിലെ പാട്ടുകാരായ സഹോദരങ്ങള്‍കിടയിലെത്തുന്ന പാകിസ്ഥാനി കുടിയേറ്റക്കാരിയായ യുവതി മേരി മറിയം ഇസ്‌ലാമിനെ അടുത്തറിയുന്നു. ഇവര്‍ക്ക് ഇസ്‌ലാം മൂന്നൂ തരം ആശയസംഹിതകളാണ്. പാട്ടുകാരിലെ ജ്യേഷ്ഠന്‍ മന്‍സൂറിന് ഇസ്‌ലാം മതം മാത്രമല്ല മറിച്ച് സ്വാതന്ത്ര്യവും സുരക്ഷയും നല്‍കുന്ന വലിയ സംസ്‌കാരമാണ്. അനിയന്‍ സര്‍മദിന് പക്ഷെ ഇസ്‌ലാം വിലക്കുകളാല്‍ തീര്‍ത്ത യാഥാസ്ഥികമതം മാത്രമാണ്. മേരി മര്‍യമാകട്ടെ പാകിസ്ഥാനില്‍ നിന്നും ലണ്ടനിലേക്ക് കുടിയേറിയ മുസ്‌ലിം വ്യവസായിയുടെ പുത്രിയാണ്. അവള്‍ക്ക് ഇസ്‌ലാം, മതമോ സംസ്‌കാരമോ അല്ല. അവളുടെ പേരു പോലെ വെറുമൊരു നാമം മാത്രമാണ്. അതിനാല്‍ അവള്‍ക്ക് ബ്രിട്ടീഷ് യുവാവിലുള്ള പ്രണയത്തെ എതിര്‍ക്കുകയും ഇസ്‌ലാം എന്ന ഐഡന്റിറ്റി വെച്ച് കള്ളം പറഞ്ഞ് ബലമായിട്ട് മറ്റൊരു വിവാഹം നടത്തുകയും ചെയ്യുന്ന അവളുടെ പിതാവാണ് യഥാര്‍ത്ഥത്തില്‍ സിനിമയിലെ ബാഡ് മുസ്‌ലിം. സമൂഹത്തിലെ പുരോഗമനവാദിയെന്നു പറയുകയും ഉള്ളില്‍ കടുത്ത യാഥാസ്ഥിക ചിന്തയുമുള്ള മുസ്‌ലിമിനെയാണയാള്‍ പ്രധിനിധീകരിക്കുന്നത്. അയാള്‍ ഭാര്യയുമായി പിരിഞ്ഞ് ഒരു കൊക്കേഷ്യന്‍ സ്ത്രീയുടെ കൂടെ താമസിക്കുന്നു. അക്കാരണത്താല്‍ തന്നെ തന്റെ മകളെ മുസ്‌ലിമിനെ കൊണ്ട് തന്നെ വിവാഹം ചെയ്യിക്കാന്‍ ആ പിതാവിന് യാതൊരര്‍ഹതയുമില്ല.

മന്‍സൂറിന്റെയും സര്‍മദിന്റെയും രക്ഷിതാക്കള്‍ക്ക് ഇസ്‌ലാം വെറുമൊരു മതമല്ല ചൈതന്യമുള്ള സംസ്‌കാരം തന്നെയാണ്. ഒരു മകന്‍ കടുത്ത യാഥാസ്ഥികവാദിയായി ഇസ്‌ലാമിക ജിഹാദിനായി കാബൂളിലേക്കും ഒരാള്‍ പുരോഗമനവാദിയായി പാശ്ചാത്യ സംസ്‌കാരത്തിലേക്കും നടന്നത് കണ്ടു നില്‍ക്കുകയും ചെയ്യുന്ന ഇസ്‌ലാമിന്റെ നവോത്ഥാനത്തെ ആഗ്രഹിക്കുന്ന ഗുഡ് മുസ്‌ലിമിനെയാണവര്‍ പ്രതിനിധീകരിക്കുന്നത്. 9/11 ന് ശേഷമുണ്ടായ താടിയും തൊപ്പിയും വെച്ച ബാഡ് മുസ്‌ലിം എന്ന നിര്‍മിതിയെയാണീ സിനിമ ഉടച്ചു വാര്‍ത്തത്. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ബാഡ് മുസ്‌ലിം അതിന്റെ ആശയങ്ങള്‍ വെല്ലു വിളിക്കുന്നയാളാണ്. 9/11 ന് ശേഷം ലോകം മുഴുവനുമുള്ള മുസ്‌ലിംകള്‍ അനുഭവിക്കുന്ന സ്വത്വ പ്രതിസന്ധിയാണീ സിനിമയിലെ പ്രധാന പ്രതിപാദ്യ വിഷയം. മുസ്‌ലിം = തീവ്രവാദി എന്ന ഓരോ മുസ്‌ലിം സ്വത്വത്തിനുമുണ്ടാകുന്ന പ്രതിസന്ധിയെയാണ് ആദ്യം തൊട്ടവസാനം വരെ സിനിമ പറയാതെ പറഞ്ഞു പോകുന്നത്. ജ്യേഷ്ഠനായ മന്‍സൂറിന് ഇസ്‌ലാമിനോട് യുക്ത്യാധിഷ്ഠിതവും വിവേകപൂര്‍ണവുമായ സമീപനമാണ്‌. അയാള്‍ ഇസ്‌ലാമിനെ ശരിയായ രീതിയില്‍ മനസ്സിലാക്കി ആത്മസംഘര്‍ഷത്തെ നിയന്ത്രിക്കുന്നു. എന്നാല്‍ അനിയന്‍ സര്‍മദാകട്ടെ സംഗീതം നിഷിദ്ധമാണെന്ന മത പുരോഹിതന്റെ വാക്ക് വിശ്വസിക്കുകയും മനോഹരമായി പാടാനുള്ള തന്റെ കഴിവിനെ മനസ്സിലാക്കാതെ കടുത്ത യാഥാസ്ഥികവാദികളുടെ കയ്യിലകപ്പെട്ട് വലിയ പ്രതിസന്ധിയിലേക്ക് വീഴുന്നു. താടിയും തൊപ്പിയും ധരിക്കുന്ന അയാള്‍ ഇസ്‌ലാമിനെ മനസ്സിലാക്കുന്നത് കപട പുരോഹിതന്‍മാരിലൂടെയാണ്. സ്വയം നല്ല മുസ്‌ലിമെന്ന് ധരിച്ച് താലിബാനു വേണ്ടി ജിഹാദീ പോരാട്ടവും, നിര്‍ബന്ധിച്ച് മേരിയുമായുള്ള വിവാഹവുമായി തെറ്റുകളില്‍ കൂടി സര്‍മദ് നീങ്ങുന്നു. അയാള്‍ക്കു മുന്നില്‍ പാടുന്ന ജ്യേഷ്ഠനും ഹിജാബ് ധരിക്കാത്ത മാതാവും, കലയെ സ്‌നേഹിക്കുന്ന പിതാവും മുസ്‌ലിംകളല്ല. എന്നാല്‍ മേരിക്കാവട്ടെ ഇസ്‌ലാം ആദ്യം പീഡനവും അസ്വാതന്തൃത്താല്‍ തീര്‍ത്ത വലിയ തടവറയുമായിരുന്നു. എന്നാല്‍ ഇസ്‌ലാമിനെ മനസ്സിലാക്കുന്നതോടെ ആ സംസ്‌കാരത്തില്‍ ഇഴുകിച്ചേരാന്‍ പിന്നീടവള്‍ തീരുമാനിക്കുന്നു.

സംഗീതത്തിനും കലയ്ക്കും ഇസ്‌ലാമില്‍ പ്രത്യേക സ്ഥാനമുണ്ട്. സംഗീതം ജീവനാഡിയായ മന്‍സൂര്‍ ഇസ്‌ലാമിനെ പോലെ തന്നെ സംഗീതത്തെയും പ്രണയിക്കുന്നു. ചിക്കാഗോയിലെ മ്യൂസിക് പഠനകാലത്ത് അയാള്‍ ജെന്നി എന്ന കൃസ്ത്യന്‍ യുവതിയുമായി പ്രണയത്തിലാകുന്നു. ക്രിസ്റ്റ്യാനിറ്റിയെയും khuda-ke-300x240 ഇസ്‌ലാമിനെയും അയാള്‍ മനസ്സിലാക്കിയത് വെറും മതങ്ങളായിട്ടല്ല, മറിച്ച് രണ്ടു വലിയ സംസ്‌കാരങ്ങളായിട്ടാണ്. ജെന്നിയെ വിവാഹം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന സംസ്‌കാരികമായ ചില ഉടച്ചുവാര്‍ക്കലുകള്‍ ഭാവിയില്‍ അവരുടെ ജീവിതത്തെ ബാധിക്കുമോ എന്നായിരുന്നു മന്‍സൂറിന്റെ ആശങ്ക. അതിലുപരി മതപരമായ ഉടച്ച് വാര്‍ക്കല്‍ മന്‍സൂറിനെ അലട്ടിയിരുന്നില്ല. പിന്നീട് ആല്‍ ഖായിദാ ബന്ധം ആരോപിച്ച് മന്‍സൂറിനെ എഫ്.ബി.ഐ  പീഡിപ്പിക്കുമ്പോഴും അയാള്‍ ഒരു മതത്തെയും തള്ളിപ്പറയുന്നില്ല. ഇതേ സമയം സര്‍മദ് ഇസ്‌ലാമിക് ജിഹാദെന്ന പേരില്‍ കാബൂളില്‍ ‘ഇസ്‌ലാമിന്’ വേണ്ടിയുള്ള പീഢനത്തിലാണ്‌. മേരിയാകട്ടെ ഇഷ്ടമില്ലാത്ത വിവാഹത്തിലൂടെ ഗര്‍ഭിണിയുമാണ്.

മൗലാന വലിയായി കോടതിയിലെത്തുന്ന നസീറുദ്ദീന്‍ ഷായുടെ അഭിനയ മികവ് എടുത്ത് പറയേണ്ടതാണ്‌. വളരെ കുറഞ്ഞ സമയം മാത്രമേ ഉള്ളൂവെങ്കിലും സിനിമയുടെ കഥയില്‍ ഏറ്റവും നിര്‍ണായകവും ശ്രദ്ധേയവുമാകുന്നത് ഇദ്ദേഹത്തിന്റെ പ്രകടനമാണ്. മേരിക്ക് ഇസ്‌ലാമിനെ മനസ്സിലാക്കിക്കൊടുക്കുകയും സര്‍മദിന്റെ മനസ്സിലെ അഴുക്കിനെ കഴുകി കളയുകയും ചെയ്യുന്ന ഒരു വലിയ ഇസ്‌ലാമിക പണ്ഡിതനും സൂഫീ ഗുരുവിന്റെ പ്രകടനം മറ്റു കഥാപാത്രങ്ങളേക്കാളും മനസ്സില്‍ തങ്ങി നില്‍ക്കും. ഇസ്‌ലാമിനകത്ത് കാലങ്ങളായി നിലനില്‍ക്കുന്ന വിവാദ വിഷയങ്ങളെ  സമര്‍ത്ഥവും മനോഹരവുമായാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. സംഗീതം, വേഷവിധാനം, മുസ്‌ലിം സ്ത്രീയുടെ വിവാഹവുമായി ബന്ധപ്പെട്ട കര്‍മ്മശാസ്ത്രം തുടങ്ങിയ ശക്തമായ സംവാദം നടന്നു കൊണ്ടിരിക്കുന്ന വിഷയങ്ങളെല്ലാം സിനിമയില്‍ ചര്‍ച്ചാ വിഷയമാവുന്നുണ്ട്.

മുസ്‌ലിം നാമധാരിയായത് കോണ്ടാരും വിശ്വാസിയാകില്ലെന്നും മനസ്സില്‍ വിശ്വാസവും നന്മയും പ്രണയവുമുണ്ടെങ്കില്‍ മാത്രമേ സാധ്യമാകൂ എന്നും പറയുന്നതിലൂടെ ലോകത്തെ മുഴുവന്‍ നന്നാക്കാവുന്ന ആത്മ ചൈതന്യമുള്ള സൂഫീ ഗുരുവിനെയാണ് നസീറുദ്ദീന്‍ ഷാ പ്രതിനിധീകരിക്കുന്നത്. കേവലം ആചാരനിര്‍വഹണം കൊണ്ടും ശരീരചേഷ്ടകള്‍ കൊണ്ടും ബാഹ്യമൂടി കൊണ്ടും വിശ്വാസമുണ്ടാകില്ലെന്നും ആത്മീയ സംസ്‌കരണം കൊണ്ടെ അതു സാധ്യമാകുകയുള്ളുവെന്നും കാര്യകാരണസഹിതം അദ്ദേഹം വാദിക്കുന്നു. ഇസ്‌ലാം ഒരു യാഥാസ്ഥിക മതമല്ലെന്നും ചില കപട പുരോഹിതന്‍മാര്‍ അതിന്റെ ആശയങ്ങളെ വളച്ചൊടിച്ചതാണന്നും എല്ലാ മതങ്ങളുമായിട്ടും മനുഷ്യരുമായും ഇടപഴകാന്‍ സാധിക്കുന്ന സൗഹൃദാന്തരീക്ഷം സൃഷ്ടിക്കണമെന്നൊരു സന്ദേശവും നല്‍കുന്നുണ്ടീ സിനിമ. സംഗീതത്തോടും കലയോടുമുള്ള ഇസ്‌ലാമിനുള്ള പാരമ്പര്യത്തെയും മുസ്‌ലിം സ്വത്വ പ്രതിസന്ധിയും ചിത്രീകരിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. യാഥാസ്ഥിക പുരോഹിത വര്‍ഗത്തിന്റെ കയ്യിലകപ്പട്ട് ഇസ്‌ലാം ഞെരിഞ്ഞമരുന്നതിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്യുന്നു. അകക്കാമ്പുള്ള സമീപനവും അഭിനേതാക്കളുടെ പ്രകടനവും ശക്തമായ സംഗീത സംയോജനവും ഖുദാ കേലിയെയെ മികച്ച സിനിമയാക്കുന്നു.

 

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting