‘ഇംഗ്ലീഷ് വിംഗ്ലീഷ്’; അമ്മമാര്‍ സ്വയം കണ്ടെത്തുന്നു
അതൊരു തണുത്ത ഞായറാഴ്ച്ച രാവിലെയായിരുന്നു. അണുകുടുംബ രീതിയിലുള്ള ഇന്നത്തെ കുടുംബങ്ങളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ അംഗങ്ങളുള്ള ഞങ്ങളുടെ വീട് ഞായറാഴ്ച്ചകളില്‍ കൂടുതല്‍ ബഹളമയമാവുന്നത് സ്വാഭാവികം. മറ്റേവരെയും പോലെ ഞങ്ങളും ആ അവധിദിനം ആഘോഷിക്കുകയായിരുന്നു. ഞായറാഴ്ച്ചകളിലെ പരിപാടികള്‍ തീരുമാനിച്ചിരുന്നത് മിക്കപ്പോഴും കൗമാരക്കാരായ എന്റെ മക്കളായിരുന്നു, ആ ദിവസം സിനിമയ്ക്കു പോവാനുള്ള തീരുമാനം ഏകകണ്ഠമായി അവര്‍ മുന്നോട്ടു വെച്ചു.
ഇതിനിടെയാണ് എന്റെ ഒരു അടുത്ത സുഹൃത്ത് എന്നെ വിളിച്ച് ക്രൌണ്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു വരുന്ന സിനിമയെ കുറിച്ച് മികച്ച അഭിപ്രായം ഉള്ളതായി അറിയിച്ചത്, അതിനാല്‍ തന്നെ പോവാനുള്ള പദ്ധതികള്‍ ഞൊടിയിടയില്‍ തയാറായി. ഒരാള്‍ പത്രം നോക്കി സമയം കുറിച്ചു, വേറൊരാള്‍ ഗൂഗിള്‍ ചെയ്ത് റിവ്യുകളിലൂടെ കണ്ണോടിച്ചു പടത്തിന്റെ മേന്മ ഉറപ്പു വരുത്തി. സമയം നിശ്ചയിച്ചു, ടിക്കറ്റും ബുക്ക് ചെയ്തു കഴിഞ്ഞു, ജിജ്ഞാസ ഓരോരുത്തരുടെയും മുഖത്ത് മുറ്റി നിന്നു, സിനിമക്കായി പുറപ്പെടുന്നതിനു മുന്‍പ് അത്യാവശ്യം ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഓരോരുത്തരും തങ്ങളുടേതായ ഇടങ്ങളിലേക്ക് നീങ്ങി.
ഇതിനിടക്ക് എനിക്കും ഭര്‍ത്താവിനും യു എസ്സില്‍ നിന്നുള്ള പ്രോഫസ്സറും സുപ്രസിദ്ധ എഴുത്തുകാരിയുമായ ഒരു അതിഥിയെ കാണുന്നതിനായി തിരക്കിട്ട് പുറപ്പെടേണ്ടതായി വന്നു. പ്രാതല്‍ അവരോടോന്നിച്ചായിരുന്നു, മുസ്‌ലിം ലോകത്തെ സ്ത്രീ പ്രതിനിധാനങ്ങളെ കുറിച്ച തന്റെ രചനകളുടെ അടിസ്ഥാനത്തിലുള്ള അനുഭവങ്ങള്‍ അവര്‍ പങ്കുവെച്ചു. എന്റെ ഉള്ളിന്റെയുള്ളില്‍ ഒളിഞ്ഞുകിടന്നിരുന്ന ആക്ടിവിസ്റ്റ് പുറത്തു ചാടി, ഒരു തരം പുതിയ ഊര്‍ജവുമായാണ് ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയത്. തന്റെ അറുപതുകളിലേക്ക് കടന്നുവെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ പടിച്ചെടുക്കുന്നതിന് ആമിന വദൂദ് കല്‍പിച്ച പ്രാധാന്യം എന്നെ ആശ്ചര്യപ്പെടുത്തി, നമ്മുടെ നാട്ടില്‍ അധികമാര്‍ക്കും അവകാശപ്പെടാനാവാത്ത ഒരു ഗുണം. നേരം ഉച്ചയോടടുത്തപ്പോള്‍ , ഏകദേശം അര മണിക്കൂര്‍ കാറില്‍ യാത്ര ചെയ്താല്‍ എത്താവുന്ന ദൂരത്തു താമിസിക്കുന്ന ഞങ്ങളുടെ രക്ഷിതാക്കളെ കാണുന്നതിനായി തിരക്കിട്ട് പുറപ്പെട്ടു, പ്രായമായ മാതാപിതാക്കളെ സന്ദര്‍ശിക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി അനിര്‍വചനീയം തന്നെ, അടുത്ത ഒരാഴ്ച നിലനിന്നു പോവുന്നതിനുള്ള ഇന്ധനം അവിടെ നിന്ന് ലഭിക്കുന്നതായി തോന്നും.
സിനിമ തുടങ്ങാനുള്ള സമയം ആവാറായതോടെ രാവിലെ ഉണ്ടായിരുന്ന ആകാംക്ഷയും, ബഹളവുമെല്ലാം വീണ്ടും എല്ലാവരിലും തിരിച്ചെത്തി. പടം തുടങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് തന്നെ ഞങ്ങള്‍ തിയേറ്ററിലെത്തി സ്ഥാനം പിടിച്ചു. ക്രൗണ്‍ തിയേറ്ററില്‍ അടുത്തിടെയായി നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഒരു മള്‍ടിപ്ലെക്‌സ് സുഖം തരുന്നുണ്ട്. പടം തുടങ്ങിയപ്പോഴേക്കും ഇടവേള ആയതു പോലൊരു അനുഭവം, ഒരു മണിക്കൂര്‍ മുന്നോട്ടു നീങ്ങിയത് വിശ്വാസം വരാതെ ഞങ്ങള്‍ വാച്ചില്‍ നോക്കി.
120 മിനുട്ടുകള്‍ , സമയം മുന്നോട്ടു നീങ്ങിയതറിയാതെ ഞങ്ങളെ ഒരുമിപ്പിച്ചു നിര്‍തുന്നതില്‍ സംവിധായിക ഗൌരി ശിണ്ടെ കാണിച്ച കരവിരുത് അപാരം തന്നെ. തന്റെ ആദ്യ ചിത്രം ഇംഗ്ലീഷ് വിംഗ്ലീഷിന് തീര്‍ച്ചയായും അവര്‍ ലോകത്താകമാനമുള്ള അമ്മമാരുടെ കൈയ്യടിയും പ്രശംസയും അര്‍ഹിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ട മക്കളാല്‍ പഴഞ്ചന്‍മാരെന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു ചേരാത്തവരെന്നും മുദ്ര കുത്തപ്പെടുന്ന അമ്മമ്മാരുടെ വേദനയും, ഈ കുത്തുവാക്കുകളുടെ പക്ഷം പിടിച്ചു പരിഹാസരൂപേണ ചിരിക്കുന്ന അച്ഛന്‍മാരെയും സിനിമ നിസ്തുലമായി വരച്ചു കാട്ടുന്നു. ഇത്തരത്തില്‍ ഒരു സാധാരനക്കാരിയുടെ ജീവിത കഥ പറയാനുള്ള അവരുടെ ശ്രമം പ്രത്യേക പ്രശംസയര്‍ഹിക്കുന്നു.
ചിത്രത്തില്‍ വലിയ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ നടി ശ്രീദേവി അവതരിപ്പിച്ച ശാശി എന്ന മുഖ്യകഥാപാത്രം ചാരുതയും ചുറുചുറുക്കും കൊണ്ട് കാണികളെ സ്തബ്ധരാക്കുന്നു. ഒരു മധ്യവര്‍ത്തി കുടുംബത്തില്‍ ഭാര്യ, അമ്മ, മരുമകള്‍ , സഹോദരി, അമ്മായി തുടങ്ങിയ വേഷപകര്‍ച്ചകളോട് ശ്രീദേവി നീതി പുലര്‍ത്തിയിരിക്കുന്നു. സിനിമയുടെ തുടക്കം മുതല്‍ തനിക്കു നിഷേധിക്കപ്പെടുന്ന ആത്മാഭിമാനത്തിന് വേണ്ടിയാണ് ശാശി പോരാടുന്നത്. നിസ്വാര്‍ത്ഥവും, നിശബ്ദവുമായ ഒരു പോരാട്ടം! ഇംഗ്ലീഷില്‍ നിരക്ഷരയാണ് എന്ന ഒറ്റ കാരണത്താല്‍ അവളുടെ നിലനില്‍പ്പും സ്വത്വവും തന്നെ ചോദ്യംചെയ്യപ്പെടുന്നു. ആര്‍ദ്രമായ ഹൃദയത്തെ സ്പര്‍ശിക്കുന്ന ചില രംഗങ്ങളിലൂടെ സംവിധായിക വളരെ സൂക്ഷ്മമായി തന്നെ ചിരിയും, കരച്ചിലും, ആകാംക്ഷയും, ഭയവുമെല്ലാം വ്യത്യസ്തങ്ങളായ രീതിയില്‍ പ്രേക്ഷകരിലെത്തിക്കുന്നു. പിടിഏ മീറ്റിംഗില്‍ അമ്മ പങ്കെടുക്കുന്നത് അപമാനമായി കാണുന്ന ശാശിയുടെ മകള്‍ , ഇംഗ്ലീഷ് അറിയാത്തതിനാല്‍ തനിക്കു വേണ്ടതെന്തെന്നു വിനിമയം ചെയ്യാനാവാതെ അപമാനിതയായി ന്യൂയോര്‍ക്കിലെ കഫെയില്‍ നിന്നും ഇറങ്ങി ഓടുന്ന ശാശി, സ്വാദേറിയ മോട്ടിച്ചുര്‍ ലഡ്ഡുവുണ്ടാക്കുക എന്ന തന്റെ വരുമാനോപാധി കൂടിയായ അഭിനിവേശത്തെ ‘സ്‌നേഹനിധിയായ’ ഭര്‍ത്താവ് വിലകുറച്ച് കാണുന്നതടക്കമുള്ള നിരവധി രംഗങ്ങള്‍ . കഥാപാത്രങ്ങള്‍ പൂര്‍ണ സമര്‍പ്പണത്തോടെ അര്‍പിക്കപ്പെടാത്ത പക്ഷം ഒരു സിനിമക്കും അത് ആഗ്രഹിക്കുന്ന വിജയത്തിലെത്തുക സാധ്യമല്ല, ഭാഗ്യകരമെന്നു പറയട്ടെ ഈ ചിത്രത്തിലെ ഓരോ കഥാപാത്രവും തങ്ങളുടെ പരമാവധി ചെയ്തു എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.
എഴുപതുകളുടെ ശെഹെന്‍ഷായും, തൊണ്ണൂറുകളുടെ ബിഗ് ബിയുമായ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രം വളരെ കുറഞ്ഞ ഫ്രേമുകളില്‍ മാത്രമേ വരുന്നുള്ളുവെങ്കിലും കാണികളെ നന്നായി ചിരിപ്പിക്കുന്നു, കാലങ്ങളായി നിലനില്‍ക്കുന്ന ഇംഗ്ലീഷ്- ഹിന്ദി സംഘര്‍ഷങ്ങളെ കുറിച്ച ബച്ചന്റെ സ്വതസിദ്ധമായ ഗാംഭീര്യ ശബ്ദത്തിലുള്ള ഹാസ്യാത്മക വിമര്‍ശനങ്ങള്‍ കാണികളില്‍ തീവ്രമായ ദേശസ്‌നേഹം ഉണര്‍ത്താന്‍ തക്കതാണ്. ശാശിയുടെ ഭര്‍ത്താവ് സതിഷ് ഗോട്‌ബോളിന്റെ വേഷം അവതരിപ്പിച്ച ആദില്‍ ഹുസ്സൈന്‍ പുരുഷ മേധാവിത്വ മനസ്ഥിതിയുള്ള, നിര്‍വികാരനായ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ശാശിയെ പ്രണയിക്കുന്ന ഫ്രഞ്ചുകാരന്‍ ലോറന്റായി വരുന്ന മെഹ്ദി നെബ്‌പോപ ആകര്‍ഷകവും, സ്ഥിരതയാര്‍ന്നതുമായ പ്രകടനം കാഴ്ച വെക്കുന്നു. ശാശിയുടെ മൂത്ത പെണ്‍കുട്ടിയായ സ്വപ്നയുടെയും, ഇളയവനായ സാഗറിന്റെയും വേഷങ്ങള്‍ അവതരിപ്പിച്ച കുട്ടികളുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. ശാശിയുടെ സഹോദരിയുടെ മകള്‍ രാധയെ അവതരിപ്പിച്ച പ്രിയാ ആനന്ദിന്റെ കഥപാപാത്രം വാര്‍പ്പുമാത്രുകയെങ്കിലും ആസ്വാദകരെ കയ്യിലെടുക്കുന്നുണ്ട്. സുലഭ ദേഷ്പാണ്ടെ അവതരിപ്പിച്ച ഭര്‍തൃമാതാവിന്റെ കഥാപാത്രവും ആകര്‍ഷണീയത കൊണ്ട് വേറിട്ട് നില്‍ക്കുന്നു.
ഇത്തരം മികവുകള്‍ക്കിടയിലും ചിത്രത്തിന് അതിന്റേതായ കുറവുകള്‍ ഉണ്ടെന്നത് കണ്ടില്ലെന്നു നടിക്കാനാവില്ല. സിനിമയുടെ ഭാഷാ കേന്ദ്രീകൃത പ്രമേയം പലയിടത്തും ‘മൈന്‍ഡ് യുവര്‍ ലാംഗ്വേജ്’ എന്ന സുപ്രസിദ്ധ ബ്രിട്ടീഷ് ടിവി സീരീസിനെ ഓര്‍മപ്പെടുത്തുന്നു. രണ്ടാം പകുതിയില്‍ പലയിടത്തും ചിത്രം ഒരല്‍പം ഇഴഞ്ഞു നീങ്ങുന്നതായി പ്രേക്ഷകന് അനുഭവപ്പെടുന്നു. വളര്‍ന്നു വരുന്ന ഓരോ കുഞ്ഞിനേയും സ്വാധീനിക്കാന്‍ കഴിയുന്നു എന്നത് തീര്‍ച്ചയായും ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. എപ്പോഴെങ്കിലും ആയി തങ്ങളുടെ അമ്മമാരുടെയോ, മറ്റാരുടെയെങ്കിലുമോ ഏതെങ്കിലും കാര്യത്തിലുള്ള അറിവില്ലായമാകള്‍ക്ക് മേല്‍ ചിരിച്ചിട്ടുള്ള കുട്ടികള്‍ക്ക് തിരിച്ചറിവിന്റെ ഒരു പാഠം തന്നെ ഈ ചിത്രം നല്‍കുന്നു. ബീഹാറിലെ ദളിത് പെകുട്ടികള്‍ക്കിടയില്‍ ഈ ചിത്രം ഇംഗ്ലീഷ് ഭാഷ പഠിക്കുനതിനു പ്രേരകമായി തീര്‍ന്നതായി ഈയിടെ എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആകെത്തുകയില്‍ നമുക്ക് നമ്മെ സ്വയം കണ്ടെത്തുന്നതിനും നാം എത്രത്തോളം ഈ ലോകത്തിന് മൂല്യവത്താണെന്നു തിരിച്ചറിയുന്നതിനും സഹായിക്കുന്ന ശക്തമായ ഒരു ആയുധം ആയി തീരുന്നു ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ എന്ന സിനിമ.
Connect
Connect with us on the following social media platforms.