മുഹമ്മദ് അസദ്: രാഷ്ട്രീയത്തിനും മതത്തിനുമിടയില്‍
കിംഗ് ഫൈസല്‍ സെന്റര്‍ ഫോര്‍ റിസേര്‍ച് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസിന്റെയും ഓസ്ട്രിയന്‍ എംബസിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2011 ഏപ്രില്‍ മാസം, എന്റെ പിതാവിന്റെ എഴുത്തിനെയും ജീവിതത്തെയും കുറിച്ചുള്ള ഒരു അന്താരാഷ്ട സിമ്പോസിയം റിയാദില്‍ വെച്ച് നടന്നിരുന്നു. സമ്മേളനത്തിന് മൊത്തത്തിലുണ്ടായിരുന്ന ശീര്‍ഷകം ‘മുഹമ്മദ് അസദ് സംവാദത്തിനായ് ഒരു ജീവിതം’ എന്നായിരുന്നുവെങ്കിലും എന്നോട് സംഘാടകര്‍ ആവശ്യപ്പെട്ടത്, ‘മുഹമ്മദ് അസദ്: രാഷ്ട്രീയത്തിനും മതത്തിനുമിടയില്‍’ എന്ന വിഷയത്തില്‍ സവിശേഷമായി എഴുതാനാണ്. ദൗര്‍ഭാഗ്യകരമെന്ന് പറയാം, എനിക്ക് സിമ്പോസിയത്തില്‍ സംബന്ധിക്കാനാവാത്തതിനാല്‍ മറ്റാരെങ്കിലും വായിച്ചു കൊടുക്കാന്‍ പാകത്തില്‍ ഒരു ലിഖിത സന്ദേശം ഞാന്‍ ആ സംഗമത്തിനുവേണ്ടി തയാറാക്കി അയച്ചു കൊടുക്കുകയുണ്ടായി. ആ എഴുത്തില്‍ ഞാന്‍ മുന്നോട്ടു വെച്ച വാദഗതികള്‍ ചെറിയ രീതിയില്‍ വികസിപ്പിച്ചതാണ് ചുവടെയുള്ളത്.
എന്റെ പിതാവില്‍ താത്പര്യമുള്ള ആളുകള്‍ക്ക് പൊതുവായുള്ള ഒരു ധാരണയെ തിരുത്തിയാണ് തുടങ്ങേണ്ടത് എന്നു തോന്നുന്നു. അദ്ദേഹത്തിന്റെ ഇസ്‌ലാമാശ്ലേഷം കിഴക്കിനും പടിഞ്ഞാറിനുമിടയിലെ പാലമായിട്ടാണ് ചിലര്‍ മനസ്സിലാക്കിയത്. ചില ആളുകള്‍ അദ്ദേഹത്തെ ഇസ്‌ലാമിനെ ഉദാരവല്‍കരിക്കാനായി വന്ന യൂറോപ്യന്‍ ബുദ്ധിജീവിയായിട്ട് പോലും വ്യാഖ്യാനിക്കുകയുണ്ടായിട്ടുണ്ട്. ഒന്നും തന്നെ സത്യത്തില്‍ നിന്ന് അകലെയുമാവില്ല. ഇസ്‌ലാം സ്വീകരിച്ചപ്പോള്‍( അസ്‌ലമ (സമര്‍പ്പിച്ചു), എന്നതാണ് മൗലികമായ അറബി പദം) അദ്ദേഹം ഒന്നര സഹസ്രാബ്ദത്തിനിടയില്‍, പരസ്പരം യോജിക്കുന്നതും വിയോജിക്കുന്നതുമായ, വ്യത്യസ്ത ധാരകളിലൂടെ പരിവര്‍ത്തനം ചെയ്ത് രൂപം കൊണ്ട സമ്പന്നവും സങ്കീര്‍ണ്ണവുമായ ഒരു പാരമ്പര്യത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്തത്. അങ്ങനെ, സ്വന്തം എഴുത്തുജീവിതത്തില്‍ സ്പാനിഷ് ദൈവശാസ്ത്രജ്ഞനായ അബൂ മുഹമ്മദ് ഇബ്‌നു ഹസ്മിന്റെ രീതിശാസ്ത്രം ഉപയോഗിക്കാന്‍ അദ്ദേഹം ശ്രമിക്കുകയുണ്ടായി. അദ്ദേഹം പലപ്പോഴും വലിയ അളവില്‍ തന്നെ പത്തൊമ്പതാം നൂറ്റാണ്ടിലെ ഈജിപ്ഷ്യന്‍ പരിഷ്‌കര്‍ത്താവ്, മുഹമ്മദ് അബ്ദുവില്‍ നിന്നും ഊര്‍ജ്ജം ഉള്‍കൊണ്ടിട്ടുണ്ട്. അതിനെ കൂടാതെ, പല കാതലായ വിഷയങ്ങളിലെയും ഭിന്നിപ്പ് വകവെക്കാതെ 14ാം നൂറ്റാണ്ടിലെ സിറിയന്‍ ദൈവശാസ്ത്രജ്ഞന്‍ തഖിയുദ്ദീന്‍ അഹ്മദ് ബിന്‍ തൈമിയയെ പോലെ യുക്തിയും (അഖ്ല്‍)പാരമ്പര്യവും(നഖ്ല്‍)സ്വതന്ത്രേച്ഛയും ഇസ്‌ലാമിനെ സംബന്ധിച്ച ഗ്രാഹ്യവും ഭിന്നവുമായ കാഴ്ചപ്പാട് രൂപീകരിക്കാനായി അദ്ദേഹം സമജ്ഞസപ്പെടുത്തുകയുണ്ടായി. സൂഫിസത്തെ കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനും അവലംബമായത് ഇബ്‌നു തൈമിയയായിരുന്നു എന്നും സാന്ദര്‍ഭികമായി സൂചിപ്പിക്കപ്പെടേണ്ടതാണ്. യഥാര്‍ത്ഥത്തില്‍, ആദ്യ വര്‍ഷങ്ങളില്‍ എന്റെ പിതാവ് പ്രസിദ്ധീകരിച്ചവയില്‍ കൂടുതലും (Islam at the crossroads,സഹീഹ് ബുഖാരിയുടെ വിവര്‍ത്തനം,അറഫാത്തിലെ ആനുകാലിക ലേഖനങ്ങള്‍) പാശ്ചാത്യരെ അഭിസംബോധന ചെയ്യുന്നതായിരുന്നില്ല, മറിച്ച് മുസ്‌ലിം ജനസാമാന്യത്തെയായിരുന്നു. അതുകൊണ്ട് തന്നെ, ഞാന്‍ പറയുക, ഒരു പാലം നിര്‍മ്മിക്കുന്നതില്‍ തീരെ ബോധവാനല്ലാതെ, കൂടുതലും തന്നെ തന്റെതായി മാറിക്കഴിഞ്ഞ ഇസ്‌ലാമിക പാരമ്പര്യത്തില്‍ വിമര്‍ശനബുദ്ധിയോടെ ആഴ്ത്തിയിറക്കുന്നതിലും തന്റെ സമുദായാംഗങ്ങളോട് ഇസ്‌ലാമിന്റെ സത്ത് എന്ന് അദ്ദേഹം പരിഗണിക്കുന്ന സമീപനം അനുധാവനം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നതിലുമായിരുന്നു അദ്ദേഹം ശ്രദ്ധയൂന്നിയത്. അദ്ദേഹത്തിന്റെ ആത്മകഥയാണ് അമുസ്‌ലിംകള്‍ക്ക് വേണ്ടിയുള്ള (തീര്‍ച്ചയായും മുസ്‌ലിംകള്‍ക്കും)ആദ്യത്തെ സൃഷ്ടി എന്നു പറയാവുന്നതാണ്. അതില്‍ അദ്ദേഹം സാധാരണ വായനക്കാര്‍ക്കു മുമ്പില്‍ താന്‍ മുസ്‌ലിമായിത്തീര്‍ന്നത് എങ്ങനെ എന്നും ഇസ്‌ലാമില്‍ തന്നെ വിസ്മയിപ്പിച്ച ഘടകങ്ങള്‍ എന്ത് എന്നും അവതരിപ്പിക്കുന്നുണ്ട്. തന്റെ പില്‍ക്കാല ജീവിതഘട്ടത്തില്‍ പൂര്‍ത്തീകരിച്ച, ഇംഗ്‌ളീഷിലേക്കുള്ള ഖുര്‍ആന്‍ വിവര്‍ത്തനം കേവലമായ ഭാഷാന്തരണം മാത്രമായിരുന്നില്ല; ഇസ്‌ലാമിനെ കുറിച്ച തന്റെ അന്തിമ വീക്ഷണത്തിന്റെ വിസ്തൃതമായ അവതരണമായിരുന്നു അത്.
ഖുര്‍ആനും സുന്നത്തും ഒന്നിച്ച്, താന്‍ വിശേഷിപ്പിക്കുന്ന ‘മനുഷ്യ ജീവിതത്തിനാവശ്യമായ ഏറ്റവും സമ്പൂര്‍ണ്ണമായ പദ്ധതി’ രൂപപ്പെടുത്തുന്നു എന്ന് വിശ്വസിക്കുന്ന എന്റെ പിതാവ് ഒരു രാഷ്ട്രീയ ചിന്തകനായിരുന്നില്ല, മറിച്ച് ഒരു മതാത്മക ചിന്തകനായിരുന്നു. ഈ ഒരു കണ്ണി നിമിത്തമാണ് അദ്ദേഹം ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന ആശയത്തെ കുറിച്ച് എഴുതുന്നതും, പാകിസ്ഥാന്‍ രൂപീകരിക്കപ്പെട്ട ആദ്യ വര്‍ഷങ്ങളില്‍ ഒരു ഇസ്‌ലാമിക ഭരണഘടനക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ വരെ തയ്യാറാക്കുന്നതും. രാഷ്ട്രവും ഭരണകൂടവും ഇസ്‌ലാമില്‍, എന്ന തന്റെ സുപ്രസിദ്ധ കൃതിയില്‍ അദ്ദേഹം ആ നിര്‍ദ്ദേശങ്ങളെ വിസ്തരിക്കുന്നുണ്ട്. പക്ഷെ, ഖുര്‍ആന്‍ വിവര്‍ത്തനത്തില്‍ വ്യാപൃതനായതോടെ പിന്നീടുള്ള വര്‍ഷങ്ങളില്‍ ആ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ താല്പര്യം കുറഞ്ഞുപോവുകയുണ്ടായി. ദീര്‍ഘിച്ച ആയുസ്സുള്ള ( 1900-1992) എല്ലാ ബുദ്ധിജീവികളെയും പോലെ തന്നെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും പ്രതിഫലനങ്ങളിലൂടെയും സാഹചര്യാന്തരങ്ങളിലൂടെയും പരിണമിക്കുകയും വികസിക്കുകയുമായിരുന്നു. ആ വികാസം രേഖപ്പെടുത്താന്‍ കഴിയില്ലെങ്കിലും, അദ്ദേഹത്തിന്റെ നിര്യാണത്തിന് 20 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം അദ്ദേഹം പറഞ്ഞതും എഴുതിയതും മനനം ചെയ്ത്, ഇസ്‌ലാമിനെ കുറിച്ച അദ്ദേഹത്തിന്റെ വീക്ഷണം എന്നു ഞാന്‍ വിശ്വസിക്കുന്നതിനെ വ്യാഖ്യാനിക്കാനും പുനര്‍നിര്‍മ്മിക്കാനും ശ്രമിക്കുകയാണ് ഞാനിവിടെ. അങ്ങനെ ചെയ്യുമ്പോള്‍ ചിലവേള ഞാന്‍ അദ്ദേഹം എഴുതിയതിനോട് വിയോജിക്കുകയും മറ്റു ചിലപ്പോള്‍ മൂല്യമുള്ളത് എന്ന് ഞാന്‍ മനസ്സിലാക്കുന്ന, അദ്ദേഹം സമ്പൂര്‍ണ്ണം എന്നു മനസ്സിലാക്കിയവയെ വിശകലനം ചെയ്യാനും വിസ്തരിക്കാനും ശ്രമിക്കുകയാണ്.
ഇസ്‌ലാമിലേക്കുള്ള പ്രവേശം യുക്ത്യാധിഷ്ഠിതമായിരിക്കണമെന്നും, അതിനാല്‍ തന്നെ വാഗ്വാദം മുസ്‌ലിമാകാനും തുടരാനും ആവശ്യമാണ് എന്നുമുള്ള അദ്ദേഹത്തിന്റെ ഉറച്ച ബോധ്യമാണ് എന്റെ പിതാവിന്റെ വീക്ഷണത്തിലെ ഏറ്റവും പ്രഥമവും പ്രധാനവുമായ ആശയം. ഞാന്‍ ഒരു കുട്ടിയായിരിക്കെ എന്നോട് അദ്ദേഹം പറയാറുണ്ടായിരുന്നു, മുസ്‌ലിമിനെയും അവിശ്വാസികളെയും യുക്തിയുടെ അടിസ്ഥാനത്തിലാണ് ഉല്‍ബോധനം നടത്തേണ്ടത്: മതത്തില്‍ നിര്‍ബന്ധം ചെലുത്തലില്ല എന്ന ഖുര്‍ആന്‍ വചനം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അതാണ്. ഖുര്‍ആനില്‍, അദ്ദേഹം എടുത്തു പറഞ്ഞു, യുക്തിക്ക് ആഭിമുഖ്യം കൊടുത്തുകൊണ്ടാണ് ദൈവം മനുഷ്യരെ അഭിസംബോധന ചെയ്യുന്നത്. സൂക്ഷ്മമായി വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും ഖുര്‍ആന്‍ തുടര്‍ച്ചയായി പ്രകോപനപരമായ ചോദ്യങ്ങളിലൂടെ വാഗ്വാദങ്ങളിലേര്‍പ്പെടുകയാണെന്ന്; കാരണം അത് അതിന്റെ അനുവാചകരില്‍ നിന്ന് പ്രതീക്ഷിക്കുന്നത് വാഗ്വാദങ്ങളിലൂടെ മനസ്സിലാക്കാനാണ്. അങ്ങനെ ഇസ്‌ലാമിക സന്ദേശം യുക്തിയെ പ്രോത്സാഹിപ്പിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍, എല്ലാ ‘മതങ്ങളെയും’ പരസ്പരം സ്വീകരിച്ച് മുസ്‌ലിംകള്‍ ജീവിക്കണമെന്ന് ആണ് അദ്ദേഹം നിഷ്‌കര്‍ഷിച്ചത്. അങ്ങനെ മറ്റൊരു ഖുര്‍ആന്‍ വചനവുമുണ്ടല്ലോ, നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം. ദൈവം ഒരു പ്രത്യേക ചരിത്ര നിമിഷത്തില്‍, പ്രവാചകന്മാരിലെ അവസാനത്തെതായ, മുഹമ്മദിലൂടെ തന്റെ സന്ദേശങ്ങള്‍ അവതരിപ്പിക്കുന്നു, പക്ഷെ അദ്ദേഹമല്ല ലോകത്തുള്ള എല്ലാറ്റിനെയും നിയന്ത്രിക്കുന്നത്. എന്തു വിശ്വസിക്കണം എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനെ സംബന്ധിച്ച വിവേചന സ്വാതന്ത്ര്യമുള്ളവരാണ് മനുഷ്യര്‍. ”തീര്‍ച്ചയായും, നാം ഈ ദൗത്യം ആകാശങ്ങളെയും ഭൂമിയെയും പര്‍വ്വതങ്ങളെയും ഏല്‍പ്പിച്ചതാണ്, പക്ഷെ അവര്‍ ഭയം കാരണം അത് ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. എന്നിട്ടും മനുഷ്യര്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും, അവന്‍ എല്ലായ്‌പ്പോഴും മൂഢനും കുതന്ത്രശാലിയുമാണ്”. ദൈവിക ഇടപെടല്‍ ഒരിക്കലും ഒരു ഇസ്ലാമിക ആശയമല്ല; ഇസ്‌ലാമിലെ ഒരേ ഒരു അത്ഭുതം ഖുര്‍ആന്‍ തന്നെയാണ്, എന്നാണ് എന്റെ പിതാവിന്റെ വാദം. അദ്ദേഹത്തിന്റെ മറ്റൊരു ഇഷ്ട ഖുര്‍ആനിക ഭാഗമാണ്, ”തീര്‍ച്ചയായും, സ്വയം മാറ്റിപ്പണിയുന്നതുവരെ ഒരു സമുദായത്തിന്റെ അവസ്ഥ അല്ലാഹു മാറ്റുകയില്ല”. ( റഅ്ദ്: 11)
ഈ വാചകം എന്റെ പിതാവ് ഇടക്കിടെ ഉദ്ധരിക്കുന്നത് ഞാനോര്‍ക്കുന്നുണ്ട്: തീര്‍ച്ചയായും വിശ്വാസികളാവട്ടെ, ജൂതരാവട്ടെ, ക്രിസ്ത്യാനികളാവട്ടെ, സാബിഉകളാവട്ടെ ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന, ഉചിതമായ കര്‍മ്മങ്ങളിലേര്‍പ്പെടുന്നവരാരായാലും അവരൊക്കെ, ദൈവത്തിങ്കല്‍ നിന്ന് പ്രതിഫലം ലഭിക്കുന്നവരാണ്, അവര്‍ക്ക് പേടിയോ ദു:ഖമോ വേണ്ടതില്ല. ( അല്‍ബഖറ: 62). അദ്ദേഹം പറയുമായിരുന്നു, ഹിബ്രൂ ബൈബിളിലോ ഗോസ്പലിലോ തതുല്യമായ വചനങ്ങളൊന്നുമില്ല. ഈ വചനങ്ങള്‍ ആവിഷ്‌കരിക്കുന്നത്, വേദക്കാരായ, ക്രിസ്ത്യാനികളും ജൂതന്മാരും ഇസ്‌ലാം അവതരിപ്പിക്കുന്ന പാരമ്പര്യത്തിന്റെ ആളുകള്‍ തന്നെയാണ് എന്ന ഇസ്‌ലാമിക യുക്തിയെയാണ്. മുന്‍കാലങ്ങളില്‍ ദൈവികസന്ദേശങ്ങളിറങ്ങിയിട്ടുണ്ട്,( ഇബ്രാഹീമിനെ പോലുള്ള മുന്‍കാല പ്രവാചകരെ കുറിച്ച്, മുസ്‌ലിം എന്നു വിശേഷിപ്പിച്ചു കൊണ്ട് തന്നെ, ഖുര്‍ആന്‍ പറയുന്നുണ്ട്.) അവ പില്‍ക്കാലത്ത് കൈ കടത്തലുകള്‍ക്ക് വിധേയമായിരുന്നുവെങ്കിലും അവയില്‍ സത്യം ഉള്‍ക്കൊള്ളുന്നുണ്ട് എന്ന് അംഗീകരിക്കപ്പെട്ടിരുന്നു. അനുഷ്ഠാനപരമായി അവര്‍ തെറ്റായി അവതരിപ്പിക്കപ്പെട്ടേക്കാമെങ്കിലും അവര്‍ ആദരിക്കപ്പെടേണ്ടവരാണ് എന്ന പൊതു സംസ്‌കാരം പിമ്പറ്റപ്പെട്ടിട്ടുണ്ട്. ചരിത്രപരമായ ക്രിസ്തീയ വീക്ഷണം പോലെ, വിശ്വാസികള്‍ പൂര്‍വ്വ മതത്തില്‍ തന്നെ തുടരുന്നത് (ഉദാ. ജൂതായിസം) ഒരു അപവാദമായി ഇസ്‌ലാം കണക്കാക്കുന്നില്ല. തെറ്റായി അവതരിപ്പിക്കപ്പെട്ട മതത്തില്‍ കണിശതയോടെ ഉറച്ച് നില്‍ക്കുന്നത് എത്ര ലളിതമാണ് എന്നതിന്റെ സൂചനയായിട്ടാണ് ഇത് കാണപ്പെടുന്നത്. യഥാര്‍ത്ഥ ഇസ്‌ലാമിക സംസ്‌കാരത്തില്‍ ശത്രുവിനും മിത്രത്തിനുമിടയിലെ ലളിതമായ വ്യവഛേദങ്ങളുമില്ലായിരുന്നു, എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ലോകത്തിലെ മൊത്തം ജനങ്ങളെയും നല്ലവര്‍, തിയ്യവര്‍ എന്ന് തരം തിരിക്കുന്ന ഒരൊറ്റ വിവേചകം പോലുമില്ല. എന്റെ പിതാവിനെ സംബന്ധിച്ചിടത്തോളം ഇതിന്റെ അര്‍ത്ഥം, ഇസ്‌ലാമിക പാരമ്പര്യം അതിന്റെ ആളുകളോട് മറ്റു മതങ്ങളോട് സഹിഷ്ണുത പുലര്‍ത്താന്‍ മാത്രമല്ല പറയുന്നത്, മറിച്ച് എല്ലാവരെയും തുല്യ ആദരവ് അര്‍ഹിക്കുന്നവരായി കണക്കാക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത് എന്നാണ്. ആദരവ് എന്നതിന്റെ അര്‍ത്ഥം അവരുടെ ആഴമേറിയ ആശകളെയും പ്രതിബദ്ധതകളെയും പറ്റി അവര്‍ക്ക് പറയാനുള്ളത് അനുകമ്പയോടെ കേള്‍ക്കുക എന്നതാണ്. അങ്ങനെ ചിന്തിക്കുമ്പോള്‍ ഒരാളെ ആദരിക്കുക എന്നത് അയാള്‍ സുഹൃദ് വൃന്ദത്തില്‍ ചേര്‍ക്കുക എന്നതു കൂടിയാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ ഏകദൈവ മതങ്ങളായ അബ്രഹാമിക് മതങ്ങളിലേക്കാണ് ആദരവ് പൊതുവായി ചേര്‍ക്കപ്പെട്ടതെങ്കില്‍, എന്റെ പിതാവ് എല്ലാ മതങ്ങളുടെയും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ആദരിക്കപ്പെടണം എന്നാണ് നിഷ്‌കര്‍ഷിച്ചത്. ജൂതന്മാരെയും ക്രിസ്ത്യാനികളെയും വിമര്‍ശനാത്മകമായി സമീപിക്കുന്ന സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട് എന്ന് അദ്ദേഹം അംഗീകരിക്കുകയുണ്ടായിട്ടുണ്ട്. പക്ഷെ, അവയൊക്കെയും പ്രവാചകന്റെ ജീവിതകാലത്തെ ചില പ്രത്യേക സാഹചര്യങ്ങളോടുള്ള പ്രതികരണങ്ങളായാണ് അദ്ദേഹം ഉയര്‍ത്തിയത്. വളര്‍ന്നു വരുന്ന മുസ്‌ലിം സമൂഹവുമായുള്ള സഖ്യത്തില്‍ കുഴപ്പങ്ങല്‍ സൃഷ്ടിക്കുന്ന ഒരു പ്രത്യേക വിഭാഗത്തിന്റെ സമീപനത്തെ പരിഗണിച്ചുകൊണ്ടുള്ള നിലപാടുകളായാണ് അത് മനസ്സിലാക്കേണ്ടിയിരുന്നത്. നമ്മുടെ കാലത്തെ ചില മുസ്‌ലിംകള്‍ ഈ സൂക്തങ്ങള്‍ പ്രയോഗിക്കുന്നുണ്ട്, പക്ഷെ, അദ്ദേഹം നിഷ്‌കര്‍ഷിച്ചു, അവയൊന്നും ക്രിസ്തീയതയെയോ ജൂതായിസത്തെയോ പറ്റി ഇസ്‌ലാമിക പദ്ധതിക്കകത്തുവരുന്ന പ്രമാണപരമായ പ്രസ്താവങ്ങളായിരുന്നില്ല.
എന്തൊക്കെയായാലും,ദൈവിക സത്യം ഈ മൂന്നും ഉല്‍ഭവം കൊണ്ട് മഹാ പാരമ്പര്യത്തില്‍ ആണുള്ളത്, മുസ്‌ലിംകളുടെ നിലനില്‍ക്കുന്ന പ്രയോഗങ്ങളിലല്ല. കാരണം,ദൈവിക സന്ദേശത്തെ വികൃതമാക്കലും ദുര്‍വ്യാഖ്യാനങ്ങളും ജൂതര്‍ക്കും ക്രസ്തീയര്‍ക്കും ഇടയില്‍ മാത്രമല്ല മറിച്ച് മുസ്‌ലിംകള്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്.
എന്തൊക്കെയായാലും, യുക്തി എന്നത്, എന്റെ പിതാവിനെ സംബന്ധിച്ചിടത്തോളം, അമുസ്‌ലിംകളെ ആദരവോടെ സമീപിക്കാനായി മുസ്‌ലിംകളെ പ്രേരിപ്പിക്കുന്നതില്‍ മാത്രം പ്രാധാന്യമുള്ളതല്ല മറിച്ച് അവരുടെ തന്നെ മതത്തെ കുറിച്ച് ചിന്തിക്കുന്നതില്‍ കൂടിയാണ്. യുക്ത്യാധിഷ്ടിതമായ സംവാദങ്ങള്‍ മുസ്‌ലിംകള്‍ക്കിടയിലെ വിയോജിപ്പുകളെ, പൊതു പ്രശ്‌നങ്ങളാവട്ടെ, ആഭ്യന്തര ജീവിതമാവട്ടെ, കൈകാര്യം ചെയ്യുന്നതിലും സുപ്രധാനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍, ഗാഢമായ വിയോജിപ്പ് ഒരിക്കലും മറ്റു മുസ്‌ലിം വിഭാഗങ്ങളെ കുഫ്‌റ് ആരോപിക്കുന്ന തലത്തിലേക്ക് നീങ്ങരുത്; രജ്ഞിപ്പ് സാധ്യമാകുന്നില്ലെങ്കിലും പരസ്പരം ആദരവ് പുലര്‍ത്താനുള്ള പ്രോത്സാഹനങ്ങല്‍ എല്ലാ ഭാഗത്തുനിന്നുമുണ്ടാകേണ്ടതുണ്ട്. ആ അടിസ്ഥാനത്തില്‍ അദ്ദേഹം ഈ പ്രവാചകവചനം ഉദ്ധരിക്കാറുണ്ട്: ”എന്റെ സമുദായത്തിലെ പണ്ഡിതര്‍ക്കിടയിലെ വിയോജിപ്പ് ഒരു അനുഗ്രഹമാണ്”. അദ്ദേഹം സ്വയം തന്നെ ഇസ്‌ലാമിക പ്രമാണങ്ങളുടെയും പ്രയോഗത്തിന്റെയും ശരിയായ വ്യാഖ്യാനത്തെ ചൊല്ലി ധാരാളം പേരോട് ശക്തമായി തന്നെ വിയോജിച്ചിട്ടുണ്ട്. പക്ഷെ, അദ്ദേഹം മതകീയ പക്ഷപാതിത്വത്തെയും മതതീവ്രവാദത്തെയും എതിര്‍ക്കകുകയും മതകാര്‍ക്കശ്യത്തിന്റെ പേരിലുള്ള ക്രൂരതകളെ വെറുക്കുകയും ചെയ്തു. അത് ആള്‍ക്കൂട്ടം ചെയ്യുന്നതായാലും വ്യക്തിയായാലും ഭരണകൂടമായാലും. ഒരാള്‍ സ്വയം മുസ്‌ലിമായി പ്രഖ്യാപിച്ചാല്‍ അയാള്‍ മുസ്‌ലിമാണ്; അതിന്റെ ആത്മാര്‍ത്ഥതയുടെ പ്രശ്‌നം അയാള്‍ക്കും ദൈവത്തിനും ഇടയിലുള്ളതാണ്.
ധാര്‍മ്മികമായ ശരിയും തെറ്റും വിവേചിക്കുന്നതില്‍ മതത്തെ പൊതുവായും ( ഒരു മുസ്‌ലിം എന്ന നിലക്ക് ഇസ്‌ലാമിനെ പ്രത്യേകിച്ചും) മൗലിക പ്രാധാന്യമുള്ള ഒന്നായാണ് എന്റെ പിതാവ് കണക്കാക്കിയത്. ആ ഒരു തത്വത്തില്‍ തന്നെയാണ് അദ്ദേഹം ഒരു ഇസ്‌ലാമിക ഭരണകൂടത്തിനുള്ള ന്യായീകരണവും കണ്ടെത്തിയത്. ഒരിക്കല്‍ അദ്ദേഹം ഇത് ഇങ്ങനെ സംഗ്രഹിച്ചെഴുതിയിട്ടുണ്ട്: അകത്ത് നിന്നും ഐക്യപ്പെട്ടു കൊണ്ടല്ലാതെ ഒരു സമുദായത്തിനോ രാഷട്രത്തിനോ സന്തുഷ്ടി അറിയാന്‍ സാധിക്കുകയില്ല; ആളുകളുടെ പ്രശ്‌നങ്ങളില്‍ എന്താണ് ശരി എന്താണ് തെറ്റ് എന്നതിനെ പറ്റി ഒരു വലിയ അളവിലുള്ള ഐക്യസ്വരം സൃഷ്ടിക്കാതെ അത്തരമൊരു ഐക്യം സമുദായങ്ങള്‍ക്കോ രാഷ്ട്രത്തിനോ ലഭിക്കുക സാധ്യമല്ല; അത്തരമൊരു ഐക്യസ്വരം ഒരു ആത്യന്തികവും ശാശ്വതവുമായ ഒരു ധാര്‍മ്മിക നിയമ വ്യവസ്ഥയില്‍ നിന്ന് രൂപപ്പെടുന്ന ധാര്‍മ്മിക സമ്മര്‍ദ്ദത്തില്‍ നിന്നല്ലാതെ സാധ്യമാവുകയില്ല. വ്യക്തമായും, മതത്തിന് മാത്രമേ ഒരു പ്രത്യേക വിഭാഗത്തിനകത്ത്, അത്തരമൊരു നിയമവും അതോടൊപ്പം അംഗീകരാത്തിനുള്ള അടിസ്ഥാനങ്ങളും സംഘാംഗങ്ങളുടെ മേല്‍ ഒരു ധാര്‍മ്മിക സമ്മര്‍ദ്ദമായി അവതരിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. (രാഷട്രവും ഭരണകൂടവും ഇസ്‌ലാമില്‍) ഇസ്‌ലാമിക രാഷട്രത്തിന്റെ ആവശ്യകതയെ കുറിച്ചുള്ള ഈ വാദങ്ങള്‍ ‘ഭൂതകാലത്തിനോടുള്ള അന്ധമായ അനുസരണം’ എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നതിനെയല്ല മാനദണ്ഡമാക്കുന്നത് മറിച്ച് യുക്തിയെയാണ് എന്നത് ശ്രദ്ധേയമാണ്.
എന്റെ പിതാവിനെ സംബന്ധിച്ചിടത്തോളം നിയമവും നൈതികതയും പരസ്പരം വേര്‍പ്പെടുത്താനാവാത്ത കാര്യങ്ങളായിരുന്നു, പ്രത്യേകിച്ചും ദൈവേച്ഛക്ക് വഴങ്ങാന്‍ കല്പിക്കപ്പെട്ടിരിക്കുന്ന മുസ്‌ലിംകള്‍ക്ക്. ഒരു രാഷ്ട്രം മതകീയ അടിത്തറകളിലാണ് പണിയപ്പെടേണ്ടത്, കാരണം രാഷ്ട്രത്തിന് മാത്രമേ ദൈവിക നിയമത്തിന്, അതിന് ആവശ്യമായ ശക്തി ലഭ്യമാവുകയുള്ളൂ.പക്ഷെ, ഇവിടെയാണ് ഞാന്‍ ആകുലനാകുന്ന പ്രശ്‌നമുള്ളത്: ഭരണകൂടം സമുദായത്തിന്റെ ധാര്‍മ്മികതക്ക് അനിവാര്യമാണെങ്കില്‍ അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിക രാഷ്ട്രത്തിനകത്ത് നൈതികമായ ഒരു ജീവനം സാധ്യമാണോ ?
ഇസ്‌ലാമും ആധുനിക ദേശരാഷ്ട്രവും
ഇസ്‌ലാമിക രാഷ്ട്രത്തിന്റെ മറ്റു വക്താക്കളെ പോലെ തന്നെ, എന്റെ പിതാവും അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിക രാഷ്ട്രത്തില്‍ പൗരന്മാരെന്ന നിലക്കുള്ള പരിപൂര്‍ണ്ണ സുരക്ഷ ഉറപ്പ് വരുത്തുമ്പോഴും രാഷട്രക്രമത്തിലെ ഉന്നതമായ പദവികള്‍ അലങ്കരിക്കാനാവില്ല എന്ന അഭിപ്രായം നിലനിര്‍ത്തി. ഇതൊരു നീതിരഹിതമായ ഇടപാടായിട്ടല്ല അദ്ദേഹം കരുതിയത്, മറിച്ച് അമുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് തീര്‍ത്തും അപരിചിതമായ പ്രത്യയശാസ്ത്രത്തില്‍ പടുക്കപ്പെട്ട ഒരു രാഷ്ട്രത്തോട് പരിപൂര്‍ണ്ണമായ ‘പ്രതിബദ്ധത’ (അദ്ദേഹത്തിന്റെ വാക്കുകളാണത്) കാണിക്കേണ്ടതില്ല എന്നാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ ഭരണകൂടത്തിന് അനുസരിക്കാനും അനുസരണ ഉറപ്പുവരുത്താനും കഴിയുന്ന മറ്റുള്ളവരില്‍ നിന്നും പരിപൂര്‍ണ്ണമായ പ്രതിബദ്ധത ആവശ്യപ്പെടാനുള്ള അധികാരമുണ്ട് എന്നര്‍ത്ഥം. ഇസ്‌ലാമിക രാഷ്ട്രത്തിനകത്ത് അമുസ്‌ലിംകള്‍ക്ക് ഈ ഇരട്ട ധര്‍മ്മം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ അതിനെ സംബന്ധിക്കുന്ന ഒരു ഔപചാരിക വിശദീകരണം തീര്‍ച്ചയായും വേണം.
സ്റ്റേറ്റ് അതിന്റെ പ്രജകളില്‍ നിന്നും പരിപൂര്‍ണ്ണ കീഴ്‌വഴക്കവും ഐക്യബോധവും ആവശ്യപ്പെടുന്നത് മൊത്തത്തില്‍ ആധുനികമായ പ്രവണതയാണ് എന്നതില്‍ ഊന്നിക്കൊണ്ടാണ് എന്റെ പ്രതികരണം ഞാന്‍ തുടങ്ങാനാഗ്രഹിക്കുന്നത്. എല്ലാ പൗരന്മാരുടെയും രാഷ്ട്രീയ ഐക്യവും സ്‌റേറ്റിനോടുള്ള അവരുടെ നിരുപാധികമായ പ്രതിബദ്ധതയും ദേശീയ പ്രതിസന്ധികളോട് ( യുദ്ധം, സാമ്പത്തിക ദുരന്തം) പ്രതികരിച്ചുകൊണ്ട് ഉല്‍പാദിപ്പിക്കപ്പെട്ട ദേശരാഷ്ട്ര തത്വങ്ങളാണ്. പൂര്‍വ്വ ആധുനിക ഭരണക്രമങ്ങളൊന്നും അവ ആവശ്യപ്പെടുകയോ അവയ്ക്ക് അവ ആവശ്യമായി വരികയോ ചെയ്തിട്ടില്ല. പൂര്‍വ്വാധുനിക രാജകുമാരന്മാര്‍ക്ക് പ്രശ്‌നമാകുന്നത് പ്രഭുക്കന്മാരുടെയും പൊതുവ്യക്തികളുടെയും ഗവര്‍ണര്‍മാരുടെയും വിശ്വസ്തതയാണ്, അല്ലാതെ സാധാരണ ജനങ്ങളുടെതല്ല. വാസ്തവത്തില്‍, രാജകുമാരന്മാര്‍ക്ക് ആധുനിക രാഷ്ട്രത്തലവന്‍മാരേക്കാള്‍ കുറഞ്ഞ അധികാരമേ പ്രയോഗത്തില്‍ പ്രജകളുടെ മേല്‍ ഉണ്ടായിരിന്നുള്ളൂ. രണ്ടാമത്തെ വിഭാഗത്തിനുള്ള ബൃഹത്തായ ഉദ്യോഗസ്ഥപരവും വിവരോല്‍പ്പാദനപരവും സാങ്കേതികവും ആയ ഉപാധികള്‍ കാരണവും ആദ്യവിഭാഗത്തിന് അഭിമുഖീകരിക്കേണ്ടി വന്ന ഭൂമിശാസ്ത്രപരവും സാമൂഹികവുമായ പ്രതിബദ്ധങ്ങളും, ഭരണഘടനപരമായ അടിസ്ഥാനങ്ങളെ പോലെ തന്നെ അതിന് കാരണമായേക്കാവുന്ന ഘടകങ്ങളാണ്. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും എന്നതില്‍ നിന്ന് വ്യതിരിക്തമായ ഒന്നാണ് ആധുനിക രാഷ്ട്രം, ഭരണഘടനാപരമായി അതിന്റെ ധര്‍മ്മം എന്നു പറയുന്നത് ഏത് നിലക്കും സ്വയം ഒരു രാഷ്ട്രമായി നിലനിര്‍ത്തുക എന്നതാണ്; അതിന്റെ അതിര്‍ത്തിക്കകത്ത് ആ രാഷ്ട്രത്തിന്റെ പരമാധികാരത്തില്‍ നിന്ന് സ്വതന്ത്രമായ ഒരു പ്രദേശം പോലുമുണ്ടായിരിക്കില്ല. പൊതുമണ്ഡലങ്ങളിലെ സംവാദങ്ങള്‍ അധികാരപരമായ സങ്കേതങ്ങളെ ആഴത്തില്‍ സ്വാധീനിക്കാമെങ്കിലും സ്‌റേറ്റാണ്, അതിന്റെ വിവിധ ഏജന്‍സികളിലൂടെ, അവയെ ആധികാരികവല്‍കരിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ മുമ്പുള്ള ഒന്നും (ഇസ്‌ലാമിക ഭൂതകാലമടക്കം) ഇതിന് തുല്യമായ ഒന്നല്ല.
ആധുനിക രാഷ്ട്രത്തിന്റെ അടിസ്ഥാന യുക്തി ആഭ്യന്തരവും ബാഹ്യവുമായ ശത്രുക്കളെ സംബന്ധിച്ച ഭയമാണ് എന്നതിനാല്‍ തന്നെ അത് അതിന്റെ അധികാരത്തെ അനുസരണം ആവശ്യപ്പെടാന്‍ ഉപയോഗിക്കുന്നു. ആധുനിക രാഷ്ട്രക്രമത്തിന്റെ ഈ പ്രത്യേകത മുന്നില്‍ വച്ചുകൊണ്ട് ചില മുസ്‌ലിംകള്‍ സ്‌റേറ്റിനുള്ള പരിപൂര്‍ണ്ണ വഴക്കം ഒരേ ഒരു ദൈവത്തിന് മാത്രം നല്‍കപ്പെടണം എന്ന് പ്രതീക്ഷിക്കപ്പെടുന്ന ആത്യന്തിക വഴക്കത്തിന് വിരുദ്ധമാകുന്നതായി പരിഗണിക്കുന്നു, അവര്‍ അതിനെ ‘സമുഹത്തിന്റെ യഥാര്‍ത്ഥ വിഗ്രഹം’ എന്നു വിശേഷിപ്പിക്കുന്നു. ( സ്റ്റേറ്റിനോടുള്ള ഈ സമീപനം കണിശമായ ഏകദൈവവിശ്വാസത്തില്‍ നിന്ന് വരുന്നതും , പ്രതിലോമ രാഷ്ട്രീയ ദൈവശാസ്ത്രം എന്ന് വിളിക്കപ്പെടാവുന്ന ഒന്ന് പുനരുല്‍പ്പാദിപ്പിക്കുന്നതുമാണ്.) ശഹാദത്ത് പോലും ദൈവത്തിനും പ്രവാചകനും മാത്രമാണ് ആത്യന്തിക പ്രതിബദ്ധത അറിയിക്കുന്നത്, ഭൗതികമായ ഏതെങ്കിലും ഘടനയോടോ അധികാരത്തോടോ ഉള്ള അനുസരണത്തെ കുറിച് പറയുന്നുമില്ല. ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ തീര്‍ച്ചയായും ധാര്‍മ്മിക തത്വങ്ങളെ സംബന്ധിച്ച് ബോധമുള്ളവയാണ്. എന്തൊക്കെയായാലും, ആളുകള്‍ എന്തു കരുതിയാലും, നന്മ കല്‍പ്പിക്കുക തിന്മ വിരോധിക്കുക എന്ന ഖുര്‍ആനിക പ്രമാണം രാഷ്ട്രത്തിന്റെ അധികാരത്തെ മുന്നോട്ട് വെക്കുന്നില്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, അതൊരിക്കലും ഒരു പരമാധികാര സ്ഥാപനത്തിന് മാത്രമേ ഈ പ്രമാണം നടപ്പിലാക്കാന്‍ കഴിയൂ എന്ന ഉപാധി മുന്നോട്ട് വെക്കുന്നില്ല, അതേ സമയം അത് തീര്‍ത്തും വ്യക്തിനിഷ്ടമായ ധാര്‍മ്മികാനുപാതങ്ങളെ തിരസ്‌കരിക്കുന്നുണ്ടെങ്കിലും. തീര്‍ച്ചായായും, ചരിത്രത്തിലെ മുസ്‌ലിം ഭരണാധികാരികള്‍ പലപ്പോഴും മതപരവും ധാര്‍മ്മികവുമായ സ്വഭാവനിഷ്ഠകള്‍ നിയന്ത്രിക്കുന്നതിന്റെ ദൗത്യം (ചിലപ്പോള്‍ കര്‍ക്കശമായും മറ്റു ചിലപ്പോള്‍ അങ്ങനെയല്ലാതെയും ) സ്വയം തന്നെ ഏറ്റെടുത്ത് നടപ്പാക്കിയിട്ടുണ്ട്, മതത്തില്‍ കാര്‍ക്കശ്യമില്ല എന്ന തത്വത്തെ വകവെക്കാതെ തന്നെ. പക്ഷെ, പൊതു പെരുമാറ്റചട്ടത്തെ സംബന്ധിക്കുന്ന അധികാരപരമായ പ്രവണതകള്‍ ആധുനിക രാഷ്ട്ര നിയമങ്ങള്‍ പോലെ ചരിത്രത്തിലെ മുസ്‌ലിം ഭരണകൂടങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെട്ടിരുന്നില്ല; ഭരണകൂടത്തില്‍ നിന്നും സ്വതന്ത്രരായ കര്‍മശാസ്ത്ര പണ്ഡിതരുടെ കൂട്ടായ്മയകളാണ് (ഔദ്യോഗികമായും സാമ്പത്തികമായും) അവ നിര്‍ണ്ണയിച്ചിരുന്നത്.
മിക്ക മുസ്‌ലിംകളെയും പോലെ എന്റെ പിതാവും ദൈവത്തിനെ അവന്റെ സൃഷ്ടിക്ക് തുല്യമായി കാണല്‍ സത്യനിഷേധപരമാണ് എന്ന് തന്നെ കണക്കാക്കി. ആധുനിക രാഷ്ട്രം അവന്റെ സൃഷ്ടികളുടെ നിര്‍മ്മിതിയായതിനാല്‍, എനിക്ക് തോന്നുന്നു, അതിന് സമ്പൂര്‍ണ്ണമായ പ്രതിബദ്ധത കാണിക്കാന്‍ പാടില്ല എന്ന്. തീര്‍ച്ചയായും, ഇസ്‌ലാമിക രാഷ്ട്ര സങ്കല്‍പ്പം മുന്നോട്ട് വെക്കുന്നവര്‍ ഭരണാധികാരി ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ മാത്രമേ അയാളെ അനുസരിക്കേണ്ടതുള്ളൂ എന്ന് വാദിക്കുന്നുണ്ട്. അത് വ്യക്തമായി തന്നെ ‘ശരിയായ പ്രയോഗവല്‍കരണം’ എങ്ങനെ, ആധുനിക രാഷ്ട്രത്തില്‍ അത് ആരു നിര്‍ണ്ണയിക്കും തുടങ്ങിയ പ്രശ്‌നങ്ങള്‍ തുറന്നു വിടുന്നു. അതിനുള്ള ചുരുക്കിയ ഉത്തരം ഇതാണ്:ആധുനിക രാഷ്ട്രം , നിയമസഭ, കോടതി, എക്‌സിക്യുട്ടിവ് എന്നിവയിലൂടെ നേരിട്ടോ, അത് അംഗീകരിച്ച് ലൈസന്‍സ് നല്‍കിയിരിക്കുന്ന മറ്റു ഘടനകളിലൂടെ പരോക്ഷമായോ അത് നിര്‍വ്വഹിക്കും. പൂര്‍വ്വാധുനിക ഭരണകൂടങ്ങള്‍ ഒരിക്കലും ആയിട്ടില്ലാത്ത വിധം ആത്യന്തികാധികാരമാണ് ആധുനിക രാഷ്ട്രത്തിന്. അതു കൊണ്ട് തന്നെ, എന്തുകൊണ്ട് എന്റെ പിതാവ് ഇസ്‌ലാമിക രാഷ്ട്രത്തിന് സമ്പൂര്‍ണ്ണ വഴക്കം ആവശ്യപ്പെടാനുള്ള അവകാശമുണ്ടെന്നും, അത് തന്നെ അതിന്റെ മുസ്‌ലിം, അമുസ്‌ലിം പ്രജകളില്‍ വിവേചനത്തോടെയാണെന്നും സങ്കല്‍പ്പിച്ചത് എന്ന് എനിക്ക് തീരെ വ്യക്തമല്ല.
ഞാന്‍ പറഞ്ഞതിന് വിപരീതമായ, വക്താക്കള്‍ വാദിക്കുന്നത് സമ്പൂര്‍ണ്ണ വഴക്കം വരുന്നത് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സര്‍വ്വാധികാരം മനുഷ്യനല്ല ദൈവത്തിനാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് എന്നാണ്. പക്ഷെ, പ്രപഞ്ചത്തിലെ എല്ലാതും ദൈവത്തിന്റെ അധികാരത്തിന് കീഴെയാണ് എന്ന ഖുര്‍ആനിക പ്രമാണമിരിക്കെ, ഒരു മനുഷ്യ നിര്‍മ്മിതിയായ, സ്‌റ്റേറ്റിന് എങ്ങനെ അതിന്റെ പ്രജകളോട് സമ്പൂര്‍ണ്ണ വഴക്കം ആവശ്യപ്പെടാന്‍ അവകാശമുണ്ടാകും? തീര്‍ച്ചയായും, ദൈവത്തിന്റെ അധികാരം എന്നതുകൊണ്ട് ഒരു മനുഷ്യന് അവന്റെ പേരില്‍ സംസാരിക്കാന്‍ കഴിയും എന്ന് അര്‍ത്ഥം വെക്കാന്‍ കഴിയില്ല എന്നതു തന്നെയാണ് ഇതിന്റെ വ്യക്തമായ കാരണം. പലതരത്തിലുള്ള അവശ്യ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ രാഷ്ട്രം ഇന്നത്തെ ലോകത്ത് തീര്‍ച്ചായയും അനിവാര്യമായേക്കാം. അത് മാത്രം നിര്‍വ്വഹിക്കാന്‍ ചിലപ്പോള്‍ അതിന് ചില ‘സര്‍വ്വാധികാരം’ അവകാശപ്പെടാവുന്നതാണ്. അഥവാ, മറ്റു രാഷ്ട്രീയ അതിര്‍ത്തികളില്‍ നിന്ന് ആപേക്ഷികമായ പ്രത്യേക അവകാശവും അധികാരവും അതിന്റെ അതിര്‍ത്തിക്കകത്തെ പ്രജകളോട് അതിനുണ്ടാകുന്നതാണ്. എന്നാല്‍ ഒരിക്കലും തന്നെ ഇസ്‌ലാമിലെ ദൈവികാധികാരപരമായ പട്ടം ഒരിക്കലും ഒരു സ്‌റ്റേറ്റിന് ഉണ്ടായിരിക്കുന്നതല്ല. തങ്ങള്‍ ജീവിക്കുന്ന ഇസ്‌ലാമിക സ്‌റ്റേറ്റിനോട് സമ്പൂര്‍ണ്ണ പ്രതിബദ്ധത കാണിക്കുവാന്‍ അമുസ്‌ലിംകള്‍ക്ക് സാധിക്കുകയില്ല എന്നാണ് ചല വക്താക്കള്‍ പറയുന്നത്. എന്നാല്‍ ഞാന്‍ പറയുന്നത് ‘പ്രതിബദ്ധത’യെ കുറിച്ച പ്രശ്‌നം തന്നെ ആധുനികതയില്‍ നിന്ന് ഉദ്ഭവിക്കുന്നതാണ്, ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തില്‍ നിന്നല്ല എന്നാണ്.
നൈതികതയും അധികാരവും അസദും
എങ്ങനെ നൈതിക മൂല്യങ്ങള്‍ പൊതു ജീവിതത്തില്‍ സുവിസ്ഥരം സ്ഥാപിക്കാന്‍ കഴിയും എന്ന ചോദ്യം എന്റെ പിതാവിന്റെ സജീവ ശ്രദ്ധയില്‍ എല്ലായ്‌പ്പോഴും ഉണ്ടായിരുന്നു.
ഇസ്‌ലാമിക രാഷ്ട്രത്തെ കുറിച്ച അദ്ദേഹത്തിന്റെ അടിത്തറയില്‍ തന്നെ ഈ നൈതികതയെ സംബന്ധിച്ച മുന്നിടപാടുകളായിരുന്നു. എന്റെ അഭിപ്രായത്തില്‍ ഇക്കാര്യത്തില്‍ അദ്ദേഹം തെറ്റായ ദിശയിലാണ് സഞ്ചരിച്ചത് എന്നാണ്. എന്റെ കാഴ്ചപ്പാടില്‍, മധ്യകാല ഭരണകൂടവും ആധുനിക ഭരണകൂടവും തമ്മിലുള്ളതും, രാഷ്ട്രീയവും രാഷ്ട്രവും തമ്മിലുള്ളതുമായ വ്യത്യാസത്തെ അഭിസംബോധന ചെയ്യുന്നത് അദ്ദേഹം വിട്ടുകളഞ്ഞു. ഒരു പക്ഷെ അദ്ദേഹം അങ്ങനെ ചെയ്ത് ഇസ്‌ലാമിക രാഷ്ട്രം എന്ന ആശയത്തെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ താല്പര്യം ഇല്ലാത്തതിനാലാവാം താന്‍ വ്യക്തി പരമായി ഇടപാടുകള്‍ നടത്തിയ ‘കല്പിത’ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ (പാകിസ്ഥാന്‍) സാഹസങ്ങളില്‍ അതുകൊണ്ട് തന്നെ ആയിരിക്കാം നിരാശ കുറഞ്ഞതും. (സെക്കുലറായാലും ഇസ്‌ലാമികമായാലും) ആധുനിക രാഷ്ട്രം ജനങ്ങള്‍ക്ക് വേണ്ടതായ ഒരുപാട് അവശ്യ സംഭാവനകള്‍ക്ക് അനിവാര്യമായതാണെങ്കിലും അത് അനിയന്ത്രിതമായ ക്രൂരതയുടെയും അടിച്ചമര്‍ത്തലിന്റെയും ഉറവിടമാണെന്നും അദ്ദേഹം മനസ്സിലാക്കിയിരിക്കണം. അതുകൊണ്ട് തന്നെ എനിക്ക് തോന്നുന്നത്, രാഷ്ട്രീയ ഇസ്‌ലാമിന്റെ സാധുത മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നിലകൊള്ളുന്നത് രാഷ്ട്രീയ അധികാരം കരസ്ഥമാക്കാനും ദൈവിക നിയമങ്ങള്‍ നടപ്പാക്കാനുമുള്ള ആഗ്രഹങ്ങളിലല്ല, മറിച്ച് പൊതു ആവശ്യങ്ങളുടെ പ്രയോഗവല്‍ക്കരണമാണ്, ദേശരാഷ്ട്രത്തേക്കാള്‍ വിശാലവും സങ്കുചിതവും ആയ ഗാഢമായ മതാത്മക ബോധങ്ങളാല്‍ നയിക്കപ്പെടുന്ന സമരത്തലൂടെ, ഈ അര്‍ത്ഥത്തിലുള്ള രാഷ്ട്രീയം കക്ഷി രാഷ്ട്രീയമല്ല; കക്ഷിത്വ താല്പര്യങ്ങള്‍ തമ്മിലുള്ള ദ്വന്ദയുദ്ധമല്ല ഇത്: സങ്കീര്‍ണ്ണമായ പാരമ്പര്യങ്ങള്‍ക്കകത്ത് തന്നെ മൂല്യങ്ങള്‍ ആര്‍ജ്ജിക്കപ്പെടുകയോ (പുനരാര്‍ജ്ജിക്കപ്പെടുകയോ) രൂപപ്പെടുകയോ (പുന:സ്ഥാപിക്കപ്പെടുകയോ) ആണ്. ഇത് മുന്നോട്ട് വെക്കുന്നത് ആധുനിക രാഷ്ട്രത്തിനെ അഭിമുഖീകരിക്കുമ്പോള്‍ ഉള്ള പ്രയാസങ്ങളെ നേരിടാനുള്ള തുറസ്സും തയ്യാറെടുപ്പുമാണ്, അത് രാഷ്ട്രത്തിനോ കക്ഷിരാഷ്ട്രീയത്തിനോ അസഹ്യമാകാം. ഈ രാഷ്ട്രീയം ചില പ്രത്യേക പോളിസികളെ സിവില്‍ നിസ്സഹകരണത്തിലൂടെ എതിര്‍ത്തുകൊണ്ട് ഉദാരരാഷ്ട്രത്തെ നേരിടലാവാം, അല്ലെങ്കില്‍ ഒരു രാഷ്ട്രീയ ഘടനക്ക് മൊത്തത്തിലെതിരെ ഉയിര്‍ത്തെഴുന്നേല്‍ക്കലാവാം.
ഒരാള്‍ക്ക് വേണമെങ്കില്‍ ഇസ്‌ലാമിക രാഷ്ട്രീയത്തിന് രണ്ട് വശങ്ങളുണ്ട് എന്നു പറയാവുന്നതാണ്: ഒന്ന്, അനുവാചകരെ (അവരെ ജയിക്കാന്‍ പരിശ്രമിച്ചുകൊണ്ട്) സ്വകാര്യമോ പൊതുവോ ആയ, അവരുടെ, വ്യക്തിനിഷ്ടവും സമഷ്ട്യവുമായ ജീവിതമാര്‍ഗത്തെ മാറ്റി ഒരു പ്രത്യേക ദിശയിലേക്ക് മാറ്റാന്‍ വേണ്ടി ക്ഷണിക്കുക. രണ്ടാണെങ്കിലും പ്രബോധനപ്രക്രിയ കേള്‍വിക്കാരില്‍ ചില പ്രത്യേക അഭിരുചി ആവശ്യപ്പെടുകയും പ്രബോധനം ചെയ്യുന്ന ആളുടെ പ്രകടമായ സ്വഭാവത്തിനും വാക്കിലും കര്‍മ്മത്തിലും പ്രയോഗത്തിലും വാസ്തവത്തില്‍ നിലനില്‍ക്കുന്ന സത്തിനും ഊന്നല്‍ നല്‍കുകയും ചെയ്യുന്നു. മാനുഷികസ്വഭാവത്തിലെ അഭിരുചികളെയും ഗുണഘടകങ്ങളെയും ഒരുമിച്ച് ആണ് ഇസ്‌ലാമിക രാഷ്ട്രീയം അതിന്റെ സവിശേഷമായ വഴിയിലൂടെ പരുവപ്പെടുത്തിയെടുക്കേണ്ടത്. വ്യക്തിപരമായ വിശ്വാസം തൊട്ട്, ദേശീയ അതിര്‍ത്തിക്കപ്പുറവും ഇപ്പുറവുമുള്ള, അമുസ്‌ലിംങ്കളുമായും മുസ് ലിംങ്കളുമായുള്ള സിവില്‍ ബന്ധങ്ങളും സൗഹൃദങ്ങളും പണിതുയര്‍ത്തുന്നത് വരെ അത് എത്തുന്നു:ജനങ്ങളുടെയും പരിസ്ഥിതിയുടെയും ജീവിതശൈലിയുടെയും വൈവിധ്യങ്ങള്‍ ലോകത്തിന്റെ അടിസ്ഥാനപരവും ശാശ്വതവുമായ അവസ്ഥാവിശേഷമായാണ് ഖുര്‍ആന്‍ ദര്‍ശിക്കുന്നത് എന്ന് എന്റെ പിതാവ് പലപ്പോഴായി പ്രസ്താവിക്കാറുണ്ട്: തീര്‍ച്ചയായും, നാം നിങ്ങളെ ആണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിക്കുകയും നിങ്ങളെ വിവിധ വിഭാഗങ്ങളും സമുദായങ്ങളുമാക്കുകയും ചെയ്തിരിക്കുന്നു, നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയത്രെ അത്. പക്ഷെ, ഇത് ദേശരാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തെ കുറിക്കുന്നില്ല, മറിച്ച് എല്ലാ തരത്തിലുള്ള തനതു വ്യത്യാസങ്ങളെയുമാണ്. (വാസ്തവത്തില്‍ സ്‌റ്റേറ്റിനെ സംബന്ധിക്കുന്ന പരാമര്‍ശം ഖുര്‍ആനിലില്ല )
പക്ഷെ, ഈ രാഷ്ട്രീയത്തിന്റെ മറ്റൊരു വശം കൂടിയുണ്ട്. ഇത് മത്സരാത്മകമല്ല (തെരെഞ്ഞെടുപ്പ് വിജയം തേടുന്ന കക്ഷികള്‍ എന്ന നിലക്ക്), മറിച്ച് ഏറ്റുമുട്ടല്‍പരമാണ് (സ്‌റ്റേറ്റിന്റെ ബൃഹത്തായ അധികാരത്തെ വെല്ലുവിളിക്കുന്ന തരത്തില്‍). ഈ രാഷ്ട്രീയം രാഷ്ട്രീയമാകുന്നത് അധികാരത്തിനു വേണ്ടിയുള്ള പരിശ്രമത്തിലോ ഒരു സമുദായത്തിന്റെ ആത്മബോധത്തെ പ്രതിനിധീകരിക്കുന്ന അര്‍ത്ഥത്തിലോ അല്ല. ഇതു രാഷ്ട്രീയമാകുന്നത് സാധാരണ ജനങ്ങള്‍ സംഘടിതമായി ശ്രദ്ധ ആവശ്യപ്പെടുമ്പോഴാണ്. ഈ രാഷ്ട്രീയം പരിഗണിക്കപ്പെടേണ്ടത് നന്മ കല്‍പ്പിക്കുക, തിന്മ വിരോധിക്കുക’ എന്നതിന്റെ സംഘടിതമായ നിര്‍വ്വഹണമായാണ്. അതാവട്ടെ, സ്‌റേറ്റിന്റെ സഹായം കൂടാതെയോ, ‘ദേശീയ ഏകത’ നിഷ്‌കര്‍ഷിക്കാതെയോ, സ്‌റ്റേറ്റിന് പ്രയോഗിക്കാന്‍ സാധിക്കുന്ന ശിക്ഷയുടെയോ ഭീഷണിയുടെയോ ഉപാധി കൂടാതയോ ആണ് ചെയ്യപ്പെടുന്നത്. ഉദാഹരണമായി, ആഗോള മുതലാളിത്തം, സാമ്രാജ്യത്വ ശക്തികളുടെ പദ്ധതികള്‍, എന്നിവയുമായി ഏറ്റുമുട്ടുന്നത് ‘പരമാധികാര’ രാഷ്ട്രം മാത്രമല്ല, മറിച്ച് അതിലൂടെ പ്രവര്‍ത്തിക്കപ്പെടുന്ന അന്താരാഷ്ട്ര ഘടനകള്‍ കൂടിയാണ്; അവര്‍ ഒരു പൊതുലോകം തങ്ങളുടെ ലാഭത്തിനായി അധീശപ്പെടുത്തുകയാണ്.
ഇസ്‌ലാമിക ഏറ്റുമുട്ടല്‍ രാഷ്ട്രീയത്തിന്റെ പ്രേരക ശക്തി, എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിനിഷ്ടമായ അവബോധങ്ങളല്ല. മറിച്ച്, സമയാന്തരങ്ങളിലൂടെ പരുവപ്പെട്ട, വ്യക്തിയുടെ ആത്യന്തികാധികാരത്തെ നിഷ്‌കാസനം ചെയ്യുന്ന ഒരു സമഗ്ര പാരമ്പര്യത്തില്‍ നിന്ന് അധികാരപ്പെട്ടതുമായ, സിവില്‍ നിസ്സഹകരണത്തിലൂടെ പരിസ്ഥിതിയുടെയും, സമ്പത്തിന്റെയും മാനുഷികബന്ധത്തിന്റെയും ചരക്കുവല്‍ക്കരണത്തിനെതിരെയുള്ള സമരത്തില്‍ തുടര്‍ച്ചയായി പങ്കെടുക്കുന്ന ഒരു ഭാവതലത്തിന്റെ ആകാരപ്പെടലാണത്. പടച്ചവനുള്ള നന്ദിപ്രകടനം എന്ന തത്വത്തില്‍ നിന്നാണ് അത് ഉയിര്‍ത്ത് വരുന്നത്, ഖുര്‍ആന്‍ ആവര്‍ത്തിച്ച് ദൈവത്തിന്റെ ദൃഷ്ടാന്തം എന്നു വിളിക്കുന്ന, ദൈവിക ദായകന്റെ മനുഷ്യനോടുള്ള അവന്റെ അപാരമായ ഔദാര്യത്തിനുള്ള നന്ദിപ്രകടനമാണത്.
എനിക്ക് വ്യക്തമായും മനസ്സിലാകുന്നത്, ഇസ്‌ലാമിക രാഷ്ട്രീയം എന്ന സിദ്ധാന്തം ഒരാളെ ഇസ്‌ലാമിക രാഷ്ട്രം എന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറ്റിക്കൊണ്ടു പോകേണ്ടതാണ്; അതാവട്ടെ മറ്റു ആധുനിക രാഷ്ട്രത്തില്‍ നിന്ന് ഒട്ടും വ്യതിരിക്തമല്ല തന്നെ. ഇസ്‌ലാമിക ഭരണകൂടത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ രചനകളെ മാറ്റിനിര്‍ത്തിയാല്‍, എന്റെ പിതാവിന്റെ എഴുത്തിലൂം ജീവിതത്തിലും ഉള്‍കൊണ്ടിരിക്കുന്ന ഒരു വിശാല വീക്ഷണം തന്നെയാണ് ഇതും എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പാരമ്പര്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. അവസാനമായി ഞാന്‍ ഊന്നാന്‍ ആഗ്രഹിക്കുന്നു, ചിലര്‍ ആരോപിക്കുന്ന പോലെ അദ്ദേഹം അടിസ്ഥാനപരമായി യൂറോപ്യനായ ഒരു ഒറ്റയാന്‍ അല്ല. വ്യത്യസ്ഥമായ വ്യാഖ്യാനസാധ്യതകള്‍ നല്‍കുന്ന, ഒരു സമ്പന്നവും ഐതിഹാസികവുമായ ചിന്തയുടെയും പ്രയോഗത്തിന്റെയും ഇസ്‌ലാമിക പാരമ്പര്യത്തില്‍ ഉള്‍പ്പെട്ട ആള്‍ തന്നെയാണ് അദ്ദേഹം. എല്ലാ സജീവ മുസ്‌ലിംങ്കളയും പോലെ അദ്ദേഹവും ഇസ്‌ലാമിക പാരമ്പര്യത്തിന് പുറത്ത് നില്‍ക്കുന്ന ഒരാളല്ല, അതുപോലെ അവരെപ്പോലെ തന്നെ അദ്ദേഹത്തിന്റെ ജീവിതവും ചിന്തയും ഇസ്‌ലാമിനകത്ത് തന്നെ പുലര്‍ത്താവുന്ന ഭിന്ന നിലപാടുകളുടെ തെളിവും കൂടിയാണ്. ഇസ്‌ലാം അസഹിഷ്ണുതാപരമാണ് എന്ന് വിലപിക്കുന്ന ചില പാശ്ചാത്യര്‍ വിമര്‍ശിക്കപ്പെടുന്നത് ഇസ്‌ലാം യഥാര്‍ത്ഥത്തില്‍ സഹിഷ്ണുതാപരമാണ് എന്ന് സ്ഥാപിക്കാന്‍ വേണ്ടി മാത്രമല്ല, മറിച്ച് ഒരു ഇസ്‌ലാമിന്റെയോ മറ്റേത് മതത്തിന്റെയോ സത്തയെ കുറിച്ച് സംസാരിക്കണമെങ്കില്‍ ഏതെങ്കിലും അര്‍ത്ഥത്തിലുള്ള ബന്ധം അതിനോട് ഉണ്ടായിരിക്കേണ്ടതുണ്ട്. മതപരമോ മതപരമല്ലാത്തതോ ആയ ഒരു പാരമ്പര്യതെത്തകുറിച്ച് സംസാരിക്കുന്നത് പ്രബോധനപരമോ ആക്ഷേപപരമോ ആയ ഒരു രാഷട്രീയ വ്യവഹാരമാണ്. അതൊരിക്കലും യുക്തിയുടെ നിഷ്പക്ഷ വ്യായാമമല്ല.
ഞാന്‍ ശുപാര്‍ശ ചെയ്യുന്നത്, എന്റെ പിതാവിന്റെ ജീവിതത്തെ ആ രത്തില്‍ കാണുന്നതാണ് ഇപ്പോള്‍ തരംഗമായിരിക്കുന്ന ‘കിഴക്കിനും പടിഞ്ഞാറിനുമിടയിലെ സംവാദം’ എന്ന ആശയത്തേക്കാള്‍ പ്രധാനം എന്നാണ്. പറയപ്പെടുന്ന ആ നാഗരികതകളുടെ സംവാദം എന്നത് രണ്ട് പരിസരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്: അ) യൂറോപ്യര്‍ക്കും വടക്കെ അമേരിക്കക്കാര്‍ക്കും ഇസ്‌ലാം അക്രമത്തിന്റെ സ്രോതസ്സല്ല എന്ന് മുസ്‌ലിംങ്കള്‍ ഉറപ്പ് കൊടുക്കണം, ആ) പാശ്ചാത്യര്‍ ഇസ്‌ലാമിന്റെ പരിഷ്‌കരണത്തിനായി സഹായിക്കണം. ഇത് ഒരു ആധിപത്യപരമായ പ്രവണതയാണ്. സമീപസ്ഥകാലത്തുള്ള ഈ ‘സംവാദ’ത്തിലേക്കുള്ള ആഹ്വാനത്തിന്റെ പ്രേരകം അപരരിലേക്കുള്ള പ്രവേശനം എന്നതിന് പകരം ‘ അധിനിവേശ’കരായ കുടിയേറ്റക്കാരോടുള്ള ഭയമാവാന്‍ സാധ്യതയില്ലേ? എന്തൊക്കെയായാലും, മുസ്‌ലിംകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവരുടെ മനസ്സു തുറക്കുകയും അവരില്‍ നിന്ന് വിമര്‍ശനാത്മകമായി പഠിക്കുകയും വേണം എന്നതു പോലെ പാശ്ചാത്യര്‍ക്കും ഇസ്‌ലാമിക ചിന്തയില്‍ നിന്ന് അതേ ഊര്‍ജ്ജത്തോടെ പാഠമുള്‍ക്കൊള്ളാനും അനുഭവിക്കാനും കഴിയണം എന്ന് ഒരാള്‍ക്ക് കരുതാവുന്നതാണ്. എന്നിരുന്നാലും, ഞാന്‍ ചിന്തിക്കുന്നത് അത്തരത്തിലൂള്ള പരസ്പര പഠനം ആഗോള അധികാരയുക്തികള്‍ക്കാണ് കഠിനമാകുന്നത്, മത പ്രത്യയശാസ്ത്രങ്ങള്‍ക്കല്ല. പരിഷ്‌കരണത്തെ കുറിച്ച് പറയുമ്പോള്‍ മനസ്സില്‍ സ്ഥാപിതമായിരിക്കേണ്ടതാണ് ഇസ്‌ലാമിലെ പരിഷ്‌കരണ ചരിത്രത്തിന് ഇസ്‌ലാമോളം തന്നെ പഴക്കം ഉണ്ട് എന്നത്. തീര്‍ച്ചയായും ഇന്നത്തെ ഇസ്‌ലാമിക പുനരുത്ഥാനം പുതിയ ചിന്തയെ അടിസ്ഥാനമാക്കി തന്നെയാവണം, എന്നാല്‍ അതിന്റെ ഫലപ്രാപ്തി ഭാഗികമായി നിലകൊള്ളുന്നത് സമാന്തരമായി പടിഞ്ഞാറിനുണ്ടാകേണ്ട ആന്തരിക പരിഷ്‌കാരങ്ങളില്‍ കൂടിയാണ്, അത് സാധ്യമാവുമെങ്കില്‍. എല്ലാറ്റിനുമുപരി, നാമെല്ലാവരും ഇപ്പോള്‍ ജീവിക്കുന്നതും പരസ്പരം കോര്‍ക്കപ്പെട്ട ഒറ്റ ലോകത്താണ്.
വിവര്‍ത്തനം: മുഹ്‌സിന്‍ പരാരി
Connect
Connect with us on the following social media platforms.