മ്യാന്‍മറും റൊഹീങ്ക്യന്‍ മുസ്‌ലിംകളും
മ്യാന്‍മര്‍ എന്ന് അറിയപ്പെടുന്ന ബര്‍മയില്‍ നിന്നും രക്തരൂക്ഷിതമായ കലാപങ്ങളും പീഢനങ്ങളും കാരണം അവിടം വിട്ടോടി പോകാന്‍ നിര്‍ബന്ധിതരായ ജനതയുടെ സ്വപനങ്ങളുടെയും, പോരാട്ടത്തിന്റെയും, ഓര്‍മകളുടെയും സാക്ഷ്യപ്പെടുത്തലാണ് ”Forced to Flee: Visual Stories by Refugee Youth from Burma’ എന്ന അതിശക്തമായ 196 രചനകള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകം.
ബര്‍മയിലെ 135 ലേറെ വരുന്ന വംശജാതികളില്‍ ഒന്നാണ് റോഹിങ്ക്യകള്‍. വടക്കന്‍ റഖീന്‍ സ്‌റ്റേറ്റില്‍ ഏകദേശം 8 ലക്ഷം റോഹിങ്ക്യകളാണ് താമസിക്കുന്നത്. ഒരു ഇന്തോ-ആര്യന്‍ ഭാഷ സംസാരിക്കുന്ന റോഹിങ്ക്യകള്‍ രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷമാണ്. തലമുറകളായി ബര്‍മയില്‍ ജീവിച്ചു വരുന്നവരാണ് ഇവര്‍. പക്ഷെ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ നിന്നും കുടിയേറിയ ‘അനധികൃത ബംഗാളി’കളായാണ് റോഹിങ്ക്യന്‍ മുസ്‌ലിംകളെ ബര്‍മയിലെ ഭരണകൂടം കണക്കാക്കുന്നത്. ഭരണകൂടം റോഹിങ്ക്യകള്‍ക്ക് പൗരത്വം നിഷേധിച്ചു. ബര്‍മയുടെ 1982ലെ പൗരത്വ നിയമം അവരെ രാജ്യമില്ലാത്തവരായി ഔദ്യോഗികമായി തന്നെ മുദ്രകുത്തി.
2002 ജൂണില്‍, റഖീന്‍ സ്‌റ്റേറ്റിലെ ബുദ്ധമത വിശ്വാസികളും റോഹിങ്ക്യന്‍ മുസ്‌ലിംകളും തമ്മില്‍ ആക്രമണം ആരംഭിച്ചു. അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാനും സ്ഥിതി ഗതികള്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാനും രാജ്യത്തെ സുരക്ഷാ സൈന്യം അപ്രാപ്തരായിരുന്നു എന്നതിനേക്കാള്‍ അവര്‍ അതിന് തുനിഞ്ഞില്ല എന്ന് പറയുന്നതാണ് ശരി. ഒരാഴ്ച്ചക്ക് ശേഷം, പ്രസിഡന്റ് തെയ്ന്‍ സീന്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. റോഹിങ്ക്യകളെ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്കോ, അല്ലെങ്കില്‍ ഏതെങ്കിലും മൂന്നാം ലോക രാജ്യത്തിലേക്കോ അയക്കുന്നതാണ് സംഘര്‍ഷാവസ്ഥക്കുള്ള ഏക പരിഹാരമെന്ന് അദ്ദേഹം അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ ഉന്നത കമ്മീഷന് (UNHCR) മുമ്പാകെ ബോധിപ്പിക്കുകയുണ്ടായി. ഒരു വര്‍ഷത്തിനുള്ളില്‍ 142000 പേര്‍ റഖീന്‍ സ്‌റ്റേറ്റില്‍ നിന്നു മാത്രം അഭയാര്‍ത്ഥികളായി മാറി. ഇവരില്‍ ഭൂരിഭാഗവും റോഹിങ്ക്യന്‍ മുസ്‌ലിംകളായിരുന്നു. ഇതിനിടെ റഖീന്‍ സ്‌റ്റേറ്റിന് അപ്പുറത്തേക്കും മുസ്‌ലിം വിരുദ്ധ കലാപം വ്യാപിച്ചു. ഔദ്യോഗിക പൗരത്വമുള്ള മുസ്‌ലിംകളെയും കലാപങ്ങള്‍ ബാധിക്കാന്‍ തുടങ്ങി. വളരെ പെട്ടെന്ന് തന്നെ രാജ്യത്തെ മുസ്‌ലിംകള്‍ ഒന്നടങ്കം ഭീതിയിലായി.
ഇന്ന്, അനുവാദം വാങ്ങാതെയും, കൈക്കൂലി കൊടുക്കാതെയും റോഹിങ്ക്യകള്‍ക്ക് വിവാഹം ചെയ്യാനും, ഗ്രാമത്തിന് പുറത്തേക്ക് യാത്ര ചെയ്യാനും, തകര്‍ക്കപ്പെട്ട മസ്ജിദുകള്‍ പുനര്‍നിര്‍മിക്കാനും സാധിക്കുന്നില്ല. എല്ലാത്തിനും കൈക്കൂലി കൊടുക്കണം. ‘ഏറ്റവും കൂടുതല്‍ പീഢനത്തിന് ഇരയായ ലോകത്തിലെ ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗം’ എന്നാണ് ഐക്യരാഷ്ട്രസഭ റോഹിങ്ക്യകളെ വിശേഷിപ്പിച്ചത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കാണ് മ്യാന്‍മര്‍ വിട്ട് റോഹിങ്ക്യകള്‍ ജീവനും കൊണ്ടോടിയത്. ഡല്‍ഹിക്ക് പുറത്ത് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി നിര്‍മിച്ച ഒരു താല്‍ക്കാലിക ക്യാമ്പില്‍ ഞാനും എന്റെ ഭര്‍ത്താവും, 11 വയസ്സുകാരി മകളും ചേര്‍ന്ന് ഒരു ചിത്രകഥാരചന വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുകയുണ്ടായി.
അന്ന് മുതല്‍ക്ക് ആയിരക്കണക്കിന് വരുന്ന റോഹിങ്ക്യകള്‍ ബോട്ടുകളില്‍ കയറി കടല്‍ കടക്കാന്‍ നിര്‍ബന്ധിതരായി. ബംഗാള്‍ ഉള്‍ക്കടലില്‍ അവര്‍ ലക്ഷ്യംതെറ്റി ഗതികിട്ടാതെ ഒഴുകി നടന്നു. കള്ളക്കടത്തുകാരുടെ ബോട്ടുകളില്‍ ചിലര്‍ അയല്‍രാജ്യങ്ങില്‍ അഭയം തേടി. നിര്‍ജ്ജലീകരണവും, വിശപ്പും കാരണം നൂറുകണക്കിന് പേര്‍ മരണത്തിന് കീഴടങ്ങി. ആര്‍ത്തലച്ച് വരുന്ന തിരമാലകളില്‍ പെട്ട് ബോട്ടുകള്‍ മുങ്ങി അനേകം പേര്‍ മരിച്ചു. കുറേ പേര്‍ മനുഷ്യചന്തകളില്‍ മാംസദാഹികള്‍ക്ക് വില്‍ക്കപ്പെട്ടു. 2012 ജൂണില്‍ റഖീന്‍ സ്‌റ്റേറ്റില്‍ നിന്നും രക്ഷപ്പെട്ടവരില്‍ ഒരാളാണ് ജാഫര്‍ ആലം. ബംഗ്ലാദേശ് റോഹിങ്ക്യകള്‍ക്ക് മുന്നില്‍ അവരുടെ അതിര്‍ത്തി കൊട്ടിയടച്ചപ്പോഴാണ്, ജാഫറും സംഘവും ഇന്ത്യയിലേക്ക് തിരിച്ചത്. ഡെല്‍ഹിയുടെ തെക്കുഭാഗത്ത്, ചപ്പുചവറുകള്‍ക്ക് അരികിലായി, ഒരു തുറസ്സായ വയലില്‍ 200 റോഹിങ്ക്യകള്‍ ചേര്‍ന്ന് ഒരു അഭയാര്‍ത്ഥി ക്യാമ്പ് ഉണ്ടാക്കിയിട്ടുണ്ട്. ‘ഇനി മുതല്‍, ഇതാണ് ഞങ്ങളുടെ വീട്,’ ജാഫര്‍ പറഞ്ഞു.
ഏകദേശം 8000ത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. ആദ്യമായി അവര്‍ക്ക് ബര്‍മയില്‍ നിന്നും കടന്നു കിട്ടണം. പക്ഷെ അതിസാഹസികമായ ഉദ്യമം തന്നെയാണത്. അധികൃതരുടെ അനുമതി കൂടാതെ റോഹിങ്ക്യകള്‍ക്ക് ഒരു പട്ടണത്തില്‍ നിന്നും മറ്റൊരു പട്ടണത്തിലേക്ക് യാത്ര ചെയ്യാന്‍ അനുവാദമില്ല. റഖീന്‍ സ്‌റ്റേറ്റില്‍ തനിക്കൊരു കൃഷിയിടമുണ്ടായിരുന്നെന്ന് ക്യാമ്പിലെ ഒരു അന്തേവാസി പറഞ്ഞു. ‘എന്റെ ഭൂമി പിടിച്ചെടുത്തതിന് ശേഷം, എന്റെ മേല്‍ ബര്‍മ്മ സൈന്യം പിടിച്ചുപറി കേസ് ചുമത്തി,’ അദ്ദേഹം വിശദീകരിച്ചു. ‘ഞങ്ങള്‍ ഇന്ത്യയിലേക്ക് വരാന്‍ കാരണം, ഈ ഭൂമി ‘റഹം കറം’ (സ്‌നേഹവും ദയയും) പൂത്ത് നില്‍ക്കുന്നത് കൊണ്ടാണ്’. അദ്ദേഹം പറഞ്ഞു.
തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഒരു തരിശുഭൂമയില്‍ നിര്‍മിച്ച ക്യാമ്പില്‍ 50 ടെന്റുകളിലായി 222 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്. ഇവിടെ ഒരു പ്രാദേശിക സന്നദ്ധസഹായ സംഘടന നല്‍കിയ ഭൂമിയിലാണ് അവര്‍ ക്യാമ്പ് നിര്‍മിച്ചിരിക്കുന്നത്. ഇതിന് മുമ്പ് UNHCRന്റെ ഡല്‍ഹി ഓഫീസിന് അടുത്തുള്ള ക്യാമ്പിലാണ് അവര്‍ താമസിച്ചിരുന്നത്. ഇവിടെ നിന്നും അവരെ ബലംപ്രയോഗിച്ച് പുറത്താക്കുകയായിരുന്നു. എന്തിനാണ് തങ്ങളെ UNHCR പുറത്താക്കിയതെന്ന് അവര്‍ക്ക് മനസ്സിലാകുന്നില്ല. ഇവര്‍ക്ക് ഔദ്യോഗിക അഭയാര്‍ത്ഥി പദവി നല്‍കുകയാണെങ്കില്‍ ഇവരുടെ മക്കള്‍ക്ക് സ്‌കൂളുകളില്‍ പോകാന്‍ സാധിക്കും. ‘ഞങ്ങള്‍ എവിടെ പോയാലും, അവര്‍ ഞങ്ങളെ പിന്തുടരുകയാണ്.’ ക്യാമ്പിലെ ഒരു മുത്തച്ഛന്റെ വാക്കുകളാണിത്.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ മറ്റു പലരെയും പോലെ, പത്തുവയസ്സുകാരി ഹാമിദിയും റഖീന്‍ സ്‌റ്റേറ്റിലെ ഗോപുരം സ്വപ്‌നം കാണുന്നു. ബുദ്ധന്‍മാരും മുസ്‌ലിംകളും തമ്മില്‍ സംഘര്‍ഷമില്ലാത്ത ഒരു റഖീന്‍ സ്‌റ്റേറ്റും അവളുടെ സ്വപ്‌നത്തിലുണ്ട്. ആ ഗോപുരത്തിന് മുന്നില്‍ തന്റെ റോഹിങ്ക്യന്‍ കൂട്ടുകാരുമായി ഒത്തുചേരുന്നതും, ബുദ്ധന്‍മാരുമായി സ്‌നേഹത്തോടെ ജീവിക്കുന്നതും അവള്‍ സ്വപ്‌നം കാണുന്നു.
ഒരു ചെറിയ ചിത്രത്തിലൂടെ ആയിരക്കണക്കിന് വാക്കുകളുള്ള ഒരു വലിയ കഥ പറയാമെന്നും, അതിലൂടെ ആളുകളുടെ ഹൃദയം തുറപ്പിക്കാമെന്നും, മനസ്സുകളില്‍ നിന്നും മനസ്സുകളിലേക്ക് പരസ്പര തിരിച്ചറിവിന്റെ പാലങ്ങള്‍ നിര്‍മിക്കാമെന്നുമാണ് ‘Forced to Flee: Visual Stories by Refugee Youth from Burma’ എന്ന പുസ്തകം വ്യക്തമാക്കുന്നത്. വരുന്ന നവംബര്‍ 8ന് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് ബര്‍മയിലെ ജനങ്ങള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട റോഹിങ്ക്യകള്‍ അടക്കമുള്ള ന്യൂനപക്ഷവിഭാഗങ്ങളുടെ ദുരിത ജീവിതത്തിലേക്കുള്ള കുട്ടികളുടെ കാഴ്ച്ചയിലൂടെയുള്ള അസാധാരണമായ ഒരു ദൃശ്യാനുഭവമാണ് ഈ ചിത്രശേഖരം മുന്നോട്ട് വെക്കുന്നത്.
ബര്‍മയിലെ ജനാധിപത്യം ത്രിശങ്കുവിലാണ്. സമീപകാലത്ത് ചില ജനാധിപത്യ പരിഷ്‌കരണങ്ങള്‍ നടന്നുവെങ്കിലും, ബര്‍മ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. രാജ്യത്ത് ജീവിക്കുന്ന എല്ലാ ജനവിഭാഗങ്ങളുടെയും അവകാശങ്ങളെ തുല്ല്യമായി ബഹുമാനിക്കുന്നതിലൂടെയും ആദരിക്കുന്നതിലൂടെയും മാത്രമേ ബഹുജാതി, ബഹുമത രാഷ്ട്രമായ ബര്‍മക്ക് അതിന്റെ സമാധാനാന്തരീക്ഷം കൈവരിക്കാനും ഒരു ജനാധിപത്യ രാഷ്ട്രമെന്ന പദവി കരസ്ഥമാക്കാനും സാധിക്കുകയുള്ളു.
Connect
Connect with us on the following social media platforms.