banner ad
October 29, 2015 By അഹമ്മദ് ഫായിസ്‌ 0 Comments

ലിന അബൂജെറാദ; കാണാത്ത ദേശത്തെ ചിത്രങ്ങളില്‍ കോറുന്നവള്‍

ILAN

ജോര്‍ദാന്‍ യൂനിവേഴ്‌സിറ്റിയിലെ ആര്‍ക്കിറ്റെക്ചര്‍ വിദ്യാര്‍ഥിയായ ലിന അബൂജെറാദ ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത് സിറിയന്‍ അഭയാര്‍ഥി പ്രശ്‌നത്തിന്റെ പ്രതീകമായി തീര്‍ന്ന ഐലാന്‍ കുര്‍ദിയെ അനുസ്മരിച്ചെഴുതിയ കവിതയിലൂടെയും ചിത്രത്തിലൂടെയുമാണ്. അമ്മാനില്‍ ജനിച്ച ലിന, അവരുടെ മൂന്നാം വയസ്സില്‍ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് പോയി.

ഫലസ്തീന്‍ വംശജയെങ്കിലും ഇന്നേ വരെ ഫലസ്തീന്‍ കാണാന്‍ കഴിയാത്ത ഇവരുടെ കുടുംബ വേരുകള്‍ ചെന്നെത്തുന്നത് ഫലസ്തീനിലെ യഫ്ഫയിലാണ്. ‘അബൂ ജെറാദ കുടുംബത്തിന്റെ വേരുകള്‍ യഫ്ഫയിലാണെങ്കിലും 1948 ലെ ആക്രമണത്തെ തുടര്‍ന്ന് എന്റെ വല്ല്യുപ്പ നാബ്‌ലുസിലേക്ക് മാറി. അവിടെ വെച്ചാണ് എന്റെ പിതാവ് ജനിക്കുന്നത്. 1967 ലെ യുദ്ധത്തിന് ശേഷം വെസ്റ്റ്ബാങ്ക് ഇസ്രയേല്‍ അധിനിവേശത്തിന് കീഴിലായപ്പോള്‍ കുടുംബം കുവൈത്തില്‍ അഭയം തേടി. ഒടുവില്‍ ഒന്നാം ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്ന് ജോര്‍ദാനിലേക്കും. എന്റെ ഉമ്മയുടെ കുടുംബം ജീവിച്ചിരുന്നത് ജെനീനില്‍ ആയിരുന്നെങ്കിലും ഉമ്മ ജനിച്ചത് കുവൈത്തിലാണ.’

തന്റെ പതിമൂന്നാം വയസ്സിലാണ് ലിന വരക്കാന്‍ തുടങ്ങിയത്. ‘ഞങ്ങള്‍ ഈയടുത്താണ് കാനഡയില്‍ നിന്ന് ജോര്‍ദാനിലേക്ക് എത്തിയത്. ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം പടിഞ്ഞാറിലാണ്(യു.എസ്/കാനഡ). അത് തികച്ചും വലിയൊരു മാറ്റം തന്നെയായിരുന്നു. ആദ്യ കാലങ്ങളില്‍ അതുമായി പൊരുത്തപ്പെട്ട് പോകാന്‍ സമയമെടുത്തു. സ്‌കൂളില്‍ ഞാന്‍ എകാകിയായിരുന്നു. മറ്റുള്ളവരോട് സംസാരിക്കുന്നത് തന്നെ അപൂര്‍വ്വം. ഭാഷ, ജനങ്ങള്‍, ജീവിത രീതി എല്ലാം എനിക്ക് അന്യമായവയായിരുന്നു. അതിനെ മറികടക്കാന്‍, എന്തെങ്കിലുമൊക്കെ ചെയ്ത് എന്നില്‍ അണകെട്ടി നിന്നിരുന്ന വികാരങ്ങളെ പുറത്ത് വിടാനാണ് ഞാന്‍ പെയിന്റിംഗ് തുടങ്ങിയത്.’

തന്റെ ഫലസ്തീന്‍ പൈതൃകവും ഫലസ്തീന്‍ പോരാട്ടത്തോടുള്ള ഐക്യദാര്‍ഡ്യവും ലിനയുടെ ചിത്രങ്ങളില്‍ നിറയാന്‍ ഏറെ കാലമെടുത്തില്ല. ‘ഫലസ്തീനുമായി ബന്ധപ്പെട്ട ആദ്യ ചിത്രം ഞാന്‍ വരക്കുന്നത് എനിക്ക് പതിനഞ്ചു വയസ്സുള്ളപ്പോളാണ്. ഖുദ്‌സ് കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന ഡ്രോയിംഗ് മത്സരത്തില്‍ പങ്കെടുക്കാന്‍ എന്റെ അധ്യാപിക എന്നോട് നിര്‍ദേശിച്ചു. അത്‌വരെയും ഞാന്‍ ലാന്‍ഡ് സ്‌കേപ്പുകളും സാധാരണ ചിത്രങ്ങളും മാത്രമാണ് വരച്ചിരുന്നത്. ആദ്യമായി എന്റെ സര്‍ഗാത്മകത ഒരു കഥ പറയാന്‍ നിര്‍ബന്ധിക്കപ്പെട്ടത് അന്നാണ്. ആ ചിത്രം ജോര്‍ദാനില്‍ തന്നെ മികച്ച രണ്ടാമത്തെ പെയിന്റിംഗ് ആയി തിരഞ്ഞെടുക്കപ്പെട്ടു. അതാണെന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പെയിന്റിംഗ്. കല എത്ര മാത്രം അര്‍ത്ഥവത്താക്കാനാകുമെന്ന് തിരിച്ചറിഞ്ഞത് അന്നാണ്.”

ചിത്ര രചനാ ശൈലിയിലും വരക്കാനും പെയിന്റിംഗിനും ഉപയോഗിക്കുന്ന സാമഗ്രികളിലും തന്റേതായ വ്യതിരിക്തത ലിന കാത്ത് സൂക്ഷിക്കുന്നു. വാട്ടര്‍ കളര്‍ ചെയ്യുമ്പോള്‍ സാധാരണ രീതിയില്‍ നിന്ന് വ്യതസ്തമായി വെള്ളം വളരെ കുറച്ച് മാത്രമേ ഉപയോഗിക്കാറുള്ളൂ. അതിനാല്‍ തന്നെ ചിത്രങ്ങളെല്ലാം കടും വര്‍ണ്ണത്തിലുള്ളതാണെന്ന് അവരുടെ ചിത്രങ്ങളിലൂടെ കണ്ണോടിച്ചാല്‍ ബോധ്യമാവും. ആര്‍ട്ടിറ്റെക്ച്ചര്‍ പഠിക്കാന്‍ ആരംഭിച്ച ശേഷം ഗ്രാഫൈറ്റ് പെയിന്റിംഗ്, അക്രിലിക് കളര്‍ പെന്‍സിലുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും ചെയ്യുന്നു. ചിത്രങ്ങള്‍ വരക്കുന്നതിന്റെ വീഡിയോകളും ചിത്രവും കവിതയും ഒരുമിച്ച് വെച്ചുമുള്ള പല പരീക്ഷണങ്ങളും ചെയ്യുന്ന ലിന കാര്‍ട്ടൂണുകളും വരക്കാറുണ്ട്. 2013 ലാണ് ലിന കൂട്ടുക്കാരുടെ പ്രേരണയില്‍ തന്റെ ചിത്രങ്ങളും കവിതകളും പങ്ക് വെക്കുന്നതിനായി ‘ലിന അബൂജെറാദഹ് ആര്‍ട്ട് ‘ എന്ന ഫേസ് ബുക്ക് പേജ് ആരംഭിക്കുന്നത്

‘ഫലസ്തീനെ കുറിച്ച് വിശദമായും ആഴത്തിലും മനസ്സിലാക്കാനും പഠിക്കാനും ആരംഭിച്ചത് പതിനെട്ടാം വയസ്സിലാണ്. ആ പ്രായമായപ്പോഴേക്കും എല്ലാത്തിനെയും ചോദ്യം ചെയ്യുക എന്ന ചിന്ത വളര്‍ന്നു. ഒരു അറബ് ഫലസ്തീനി എന്ന നിലയില്‍ എന്റെ വേരുകളെ സംബന്ധിച്ചു ആഴത്തില്‍ ചിന്തിക്കാനും പഠിക്കാനും ആരംഭിച്ചു.. അറബ് വസന്തവും അതുമായി ബന്ധപ്പെട്ട എല്ലാ സംഭവ വികാസങ്ങളും എന്നെ ഏറെ സ്വാധീനിക്കുകയുണ്ടായി. അതിന് ശേഷം മിഡില്‍ ഈസ്റ്റ് രാഷ്ട്രീയം സസൂക്ഷ്മം നിരീക്ഷിക്കുകയും അതിന്റെ രാഷ്ട്രീയ ചരിത്രവുമായി വിദൂര ബന്ധം പോലും പുലര്‍ത്തുന്ന എന്തും വായിക്കാന്‍ ആരംഭിക്കുകയും ചെയ്തു. പിന്നീടുള്ള എന്റെ വരകള്‍ കൂടുതലായും ഈജിപ്റ്റ്, സിറിയ, ഫലസ്തീന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന സംഭവങ്ങളോടുള്ള പ്രതികരണങ്ങളായി മാറി ത്തുടങ്ങി. ഫല്‌സ്തീനെ സ്‌നേഹിക്കുന്ന ഓരോ കൂട്ടുകാരനെയും കണ്ടു മുട്ടുമ്പോള്‍ ഞാന്‍ ഫല്‌സ്തീനെ കുറിച്ച് പുതിയ പല കാര്യങ്ങളും പഠിക്കുകയാണ്.’

ഫലസ്തീന്‍ വിഷയത്തില്‍ കേന്ദ്രീകരിക്കുമ്പോഴും ലിനയുടെ ഏറ്റവും ജനകീയമായ, ലോക ശ്രദ്ധ പിടിച്ച് പറ്റിയ ചിത്രം തികച്ചും വ്യത്യസ്തമായ മറ്റൊരു വിഷയത്തെ സംബന്ധിച്ചുള്ളതായിരുന്നു. ‘ചാര്‍ളി ഹെബ്ദോ’ സംഭവവുമായി ബന്ധപ്പെട്ടു അവര്‍ വരച്ച കാര്‍ട്ടൂണ്‍ മൂന്നര മില്യനോളം ആളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കു വെക്കുകയുണ്ടായി. ‘വെറും ഇരുപത് മിനിട്ടുകള്‍ കൊണ്ട് വരച്ച ചിത്രമാണത്. അത് ആളുകള്‍ക്കിടയില്‍ പങ്ക് വെക്കണോ എന്ന് തന്നെ ഞാന്‍ ആദ്യം സംശയിച്ചു. ആ ചിത്രത്തിന്റെ കലാ മൂല്യത്തേക്കാള്‍ ചിത്രം പങ്കുവെച്ച ആരെയും പിടിച്ചുലക്കുന്ന സത്യവും ലാളിത്യവുമാണ് ഇത്രയേറെ സ്വീകരിക്കപ്പെടാന്‍ കാരണം എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.”

ഒരു കലാകാരി എന്ന നിലയില്‍ കൃത്യമായ ലക്ഷ്യങ്ങളും അഭിലാഷങ്ങളുമുള്ള ലിന തന്റെ കലാ സൃഷ്ട്ടികള്‍ ചേര്‍ത്തൊരു ഗാലറി തുടങ്ങുക എന്നത് വലിയ സ്വപ്നങ്ങളില്‍ ഒന്നായി കാണുന്നു. ‘എന്റെ ചിത്രങ്ങളും കവിതകളും ചേര്‍ത്തൊരു പുസ്തകം പുറത്തിറക്കണം. കലയുടെ ലോകത്ത് ഒരു ഫലസ്തീനിയന്‍ കലാകാരി എന്നറിയപ്പെടാനാണ് ആഗ്രഹം. ഒരു ആര്‍ക്കിറ്റെക്ചര്‍ വിദ്യാര്‍ഥി എന്ന നിലയില്‍ ഫലസ്തീനില്‍ തകര്‍ക്കപ്പെട്ട വീടുകള്‍ റീഡിസൈന്‍ ചെയ്ത് പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവണമെന്നുണ്ട്. എന്റെ സൃഷ്ട്ടികള്‍ വിറ്റ് ഫലസ്തീന്‍ പോരാട്ടത്തെ സാമ്പത്തികമായി സഹായിക്കാനും അങ്ങനെ ഫല്‌സ്തീനിയന്‍ ചിത്രകാരന്മാര്‍ക്ക് പ്രചോദനമായിത്തീരാനും ആഗ്രഹിക്കുന്നു.’

മഹ്മൂദ് ദര്‍വീഷിനെ പോലെയുള്ള ഫലസ്തീനിയന്‍ കലാകാരന്മാര്‍ മാത്രമല്ല സാമൂഹ്യ നീതിക്ക് വേണ്ടി പോരാടിയ മാല്‍കം എക്‌സ് മുതല്‍ ഗാന്ധിജിയും തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് വേണ്ടി പോരാടിയ റേച്ചല്‍ കോറി, ഇസ്രയേലി എഴുത്തുകാരന്‍ മിക്കോ പെലദ്, ഇസ്രയേലി തടവില്‍ കഴിയുന്ന സമീര്‍ ഇസ്സാവി, പത്ര പ്രവര്‍ത്തകന്‍ ഹാരി ഫിയര്‍, മ്യൂസിഷന്‍ ലോവ്‌കേ തുടങ്ങിയവരെല്ലാം തന്റെ പ്രചോദന കേന്ദ്രങ്ങളാണെന്നാണ് ലിന പറയുന്നത്. രഫീഫ സിയാദയെ പോലെ സജീവമായ ഒരു കലാ പ്രവര്‍ത്തകയാകാനാണ് ആഗ്രഹമെന്ന് പറയുന്നു. ഫലസ്തീന്‍ പോരാട്ടത്തില്‍ ശാരീരികമായി പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ ചിത്രങ്ങളും കവിതകളുമാണ് തന്റെ പ്രതിരോധം എന്നു പറയുന്ന ലിനയുടെ കവിതകള്‍ പക്ഷെ ഗസ്സാന്‍ കന്നഫാനിയും മഹ്മൂദ് ദര്‍വീഷും പങ്കു വെച്ച പ്രതിരോധ സാഹിത്യത്തിന്റെ വഴികളല്ല പിന്തുടരുന്നത്. ഫലസ്തീന്‍ അതോറിറ്റി/ ഫതഹ് മുന്നോട്ട് വെക്കുന്ന നാഷന്‍ സ്‌റ്റേറ്റ് ഐഡിയോളജിയെയോ ഹമാസിനെയോ പിന്തുണയ്ക്കുന്ന രചനകളോടൊന്നും ലിനയുടെ കവിതകള്‍ താരതമ്യപ്പെടുത്താനാവില്ല. ലോകത്തിന്റെ വിവിധ ദേശങ്ങളില്‍ പാര്‍ത്ത്, ലോക ഭൂപടത്തില്‍ സ്ഥാനമില്ലെങ്കിലും, ഫലസ്തീന്‍ എന്ന രാജ്യത്തെ മനസ്സിന്റെ ഭൂപടത്തില്‍ കൊണ്ട് നടക്കുന്ന ലിനയെ പോലുള്ള ഫലസ്തീനി വംശജരുടെ സാഹിത്യത്തെയും പെയിന്റിംഗുകളെയും അത്തരം കള്ളികളില്‍ ഒതുക്കി നിര്‍ത്തേണ്ടതുമില്ല.

പോസ്റ്റ് ഓസ്ലോ, പോസ്റ്റ് അറബ് സ്പ്രിംഗ് കാലഘട്ടത്തിലെ ഫലസ്തീനിയന്‍ കവിതകളും ചിത്രങ്ങളും ഗ്രാഫിറ്റികളും അത്തരം പ്രത്യയശാസ്ത്ര ഭാരം കൊണ്ട് നടക്കുന്നവയല്ല എന്ന് Ruba Salih and Sophie Richter-Devroe എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനം പറയുന്നു. Resistance Literature പലപ്പോഴും ഫലസ്തീന്‍ പോരാട്ടത്തെ കാല്‍പനികവല്‍ക്കരിക്കുന്നു. കലകളെ അത്തരം പേരിട്ടു ഫലസ്തീന്‍ പോരാട്ടമെന്നത് ഇപ്പോള്‍ നിലവില്ലാത്ത ഒന്നായി ചിത്രീകരിക്കുന്നു എന്ന് വിമര്‍ശിക്കുന്ന പഠനം വിപ്ലവത്തിന്റെ ശബ്ദമാണെന്നും പ്രതിരോധ സാഹിത്യമാണന്നും വിളിച്ച് പറയുന്നവക്ക് മാധ്യമ ശ്രദ്ധ ലഭിക്കുമ്പോള്‍ (ഉദാ: തുനീഷ്യയിലെ എല്‍ ജെനറല്‍) അര്‍ഹിക്കുന്ന മാധ്യമ ശ്രദ്ധ പല ജനകീയ കവികള്‍ക്കും കലകാരന്മാര്‍ക്കും കിട്ടുന്നില്ലെന്നും ചൂണ്ടി ക്കാട്ടുന്നു. പോസ്റ്റ് അറബ് സ്പ്രിംഗ് കാലഘട്ടത്തില്‍ ആദര്‍ശ ഭാരത്തെക്കാള്‍ ജനങ്ങളുടെ വികാരത്തെയാണ് കലാരൂപങ്ങള്‍ ചിത്രം, പെയിന്റിംഗ്, സാഹിത്യം, സംഗീതം എന്നിവയില്‍ പ്രതിഫലിപ്പിക്കുന്നതെന്നും അതൊരു തരം സബാള്‍ട്ടന്‍ സാംസ്‌കാരിക പ്രതിരോധം (SUBALTERN CULTURAL RESISTANCE) ആയും അവര്‍ വിലയിരുത്തുന്നു.

ഐലാന്‍ കുര്‍ദിയെ ഓര്‍ത്ത് കൊണ്ട് ലിന എഴുതിയ കവിതയും കൂടെയുള്ള ചിത്രവും സാമൂഹ്യ മാധ്യമങ്ങളില്‍ രണ്ടു മില്യനില്‍ കൂടുതല്‍ ആളുകള്‍ ഷെയര്‍ ചെയ്യുകയുണ്ടായി. ഈ കവിതയിലേതു പോലെ സിറിയയിലെയും, ഗസ്സയിലെയും ജനങ്ങളുടെ ദുഖവും കണ്ണീരും അടയാളപ്പെടുത്തുന്ന കവിതകളെഴുതിയ ലിന ഈജിപ്തില്‍ മുര്‍സിയെ അട്ടിമറിച്ച് സൈന്യം ജനങ്ങളെ കൂട്ട കശാപ്പ് ചെയ്ത് ചോരപ്പുഴ തീര്‍ത്തപ്പോള്‍ അതിനെതിരെ ‘ജനാധിപത്യം’ എന്ന പേരില്‍ കവിത എഴുതിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെയും മാതാക്കളുടെയും അവസ്ഥ ലിനയുടെ പല കവിതകളിലും കടന്നു വരുന്നു. താനൊരിക്കലും സന്ദര്‍ശിച്ചിട്ടില്ലാത്ത തന്റെ മാതൃരാജ്യത്തെ പെയിന്റ് ചെയ്യുമ്പോള്‍ എന്ത് വികാരമാണ് തോന്നുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയിങ്ങനെ. ‘സിയോണിസം സൃഷ്ട്ടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഞാനിന്ന് സ്വതന്ത്ര ഫലസ്തീനില്‍ ജനിച്ച് വളര്‍ന്നേനെ. എന്നില്‍ നിന്ന് എന്തോ തട്ടിപ്പറിക്കപ്പെട്ട പോലെയാണിപ്പോള്‍ തോന്നുന്നത് , ഞാനാരാണെന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഫലസ്തീന്‍. അതിനാല്‍ ഞാനവിടെ ഉണ്ടാകേണ്ടത് തന്നെയാണ്. ഫലസ്തീന്‍ എന്നത് കേവലം ഭൗതികാര്‍ത്ഥത്തിലുള്ള ഭൂമി മാത്രമല്ല. ഫലസ്തീനില്‍ നിന്ന് എല്ലാം വിട്ടെറിഞ്ഞ് പോകേണ്ടി വന്നവരും, ഫലസ്തീന്‍ കാണാന്‍ കഴിയാത്ത എന്നെ പോലുള്ളവരുടെയും ഹൃദയത്തില്‍ കൊത്തിവെക്കപ്പെട്ട ദേശത്തിന്റെ പേരാണത്. ഞാനൊരു ഫലസ്തീനി അല്ലായിരുന്നെങ്കിലും ഞാന്‍ ഫലസ്തീനെ സ്‌നേഹിക്കുക തന്നെ ചെയ്യും. ലോകത്ത് സ്വാതന്ത്ര്യത്തിനും
നീതിക്കും വേണ്ടി പോരാടുന്നവരുടെ പ്രതീകമാണ് ഫലസ്തീന്‍.’ താന്‍ കാണാത്ത ദേശത്തെക്കുറിച്ച്‌, അതിന്റെ ഭൂത കാലത്തെ ചിത്രങ്ങളിലും കവിതകളിലും കോറിയിടുന്ന ലിന ഫലസ്തീനെ പറ്റി കേട്ടറിഞ്ഞത് തന്റെ പിതാമഹനില്‍ നിന്നാണ്. ‘അദ്ദേഹം യഫ്ഫയെ പറ്റി, അവിടെ ചിലവഴിച്ച തന്റെ ചെറുപ്പ കാലത്തെ പറ്റി, അവിടത്തെ ബീച്ച്, തോട്ടങ്ങള്‍, അല്‍ഹമ്ര തിയേറ്റര്‍ തുടങ്ങിയവയെപ്പറ്റി പിതാമഹന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ജീവിക്കുന്ന ചിത്രങ്ങളായി മനസ്സിലുണ്ട്. യഥാര്‍ത്ഥത്തില്‍ അധിനിവേശത്തിനു മുന്‍പുള്ള ഫലസ്തീന്‍ സ്വര്‍ഗ്ഗമായിട്ടാണ് എനിക്കനുഭവപ്പെട്ടത്.’

ഫലസ്തീന്‍ ഇന്നേ വരെ സന്ദര്‍ശിച്ചിട്ടില്ലാത്ത ഫലസ്തീനിയെന്ന നിലയില്‍ ജീവിതത്തെ എങ്ങനെ നോക്കി കാണുന്നുവെന്ന ചോദ്യത്തിന് മറുപടിയിങ്ങനെ: ‘എന്റെ സൃഷ്ട്ടികളിലൂടെ എന്റെ രാജ്യത്തെ അഭിമാന പുളകിതയാക്കണം. അല്‍ അഖ്‌സ മസ്ജിദില്‍ നമസ്‌ക്കരിക്കുക എന്നതും ജെറുസലേം സന്ദര്‍ശിക്കുകയെന്നതും എന്റെ ചിരകാലാഭിലാഷമാണ്. ഒരു ദിനം എന്റെ രാജ്യത്തിന്റെ മണ്ണ് എന്റെ കാല്‍ പാദത്തിനടിയില്‍ പതിയുമെന്ന പ്രതീക്ഷയോടെയാണ് ഞാന്‍ ജീവിക്കുന്നത്.’

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting