അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും
ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച്
അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ നിങ്ങളുടെ മകനായി ജനിച്ചിരുന്നെങ്കില്‍ എന്ന് നിങ്ങളാഗ്രഹിച്ചു പോകും, തീര്‍ച്ച.
ഹമ്മാദ ബിന്‍ ഉമര്‍ എന്നാണ് യഥാര്‍ത്ഥ പേര്. മൂന്ന് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമടങ്ങുന്ന കുടുംബത്തിലെ ഏറ്റവും ഇളയ സന്താനം. തുനീഷ്യയുടെ തലസ്ഥാനമായ തൂനിസില്‍ നിന്നും കഷ്ടിച്ച് മൂന്ന് മണിക്കൂര്‍ യാത്രാദൂരം മാത്രമുള്ള സ്ഫാക്‌സ് എന്ന പ്രദേശത്താണ് മാതാപിതാക്കള്‍ക്കൊപ്പം അവനും അവന്റെ ഒരു സഹോദരനും താമസിക്കുന്നത്. ഉമ്മ ടൗണില്‍ ഒരു ബുക്ക്‌ഷോപ്പ് നടത്തുന്നു; ഉപ്പ ഒരു ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിക്കുന്നു. ഒരു തുനീഷ്യന്‍ മധ്യവര്‍ഗ കുടുംബമാണ് ഇവരുടേത്.
2008ല്‍, പതിനെട്ടാമത്തെ വയസ്സിലാണ് ഹമ്മാദ റാപ്പ് എഴുതി പാടാന്‍ തുടങ്ങിയത്. “ഞാന്‍ ആദ്യം എഴുതിയ പാട്ടിന്റെ പേര് ‘മാലേഷ്?’ (എന്തുകൊണ്ട്?) എന്നായിരുന്നു. എന്തു കൊണ്ടാണ് നാം അഴിമതിയും, കവര്‍ച്ചക്കാരും കള്ളന്‍മാരും ആക്രമണങ്ങളും നിറഞ്ഞ ഒരു സാഹചര്യത്തില്‍ ജീവിക്കുന്നത് എന്നതിനെ സംബന്ധിച്ച ഒരു വലിയ ചോദ്യമായിരുന്നു ആ ഗാനം. ഞാന്‍ ഭരണകൂടത്തിന് എതിരെയായിരുന്നു നിലകൊണ്ടത്. കാരണം അഴിമതിയും കെടുകാര്യസ്ഥതയും എല്ലാവര്‍ക്കും നേരിട്ടനുഭവിക്കാന്‍ കഴിയും വിധം പകല്‍ പോലെ വ്യക്തമായിരുന്നു.” അദ്ദേഹം പറഞ്ഞു. റാപ്പിംഗ് കരിയറില്‍ ഹമ്മാദയെ വളരെയധികം സ്വാധീനിച്ചത് തുപാക്ക് ഷക്കൂറായിരുന്നു. ഹമ്മാദക്ക് ആറു വയസ്സ് പ്രായമുള്ളപ്പോഴാണ് തുപാക്ക് ഷക്കൂര്‍ കൊല്ലപ്പെടുന്നത്. “തുപാക്ക് ഉപയോഗിച്ച റാപ്പ് ശൈലി വിപ്ലവാത്മകമായിരുന്നു. അതുകൊണ്ടു തന്നെ, ഞാനൊരു റാപ്പറായി മാറിയപ്പോള്‍, പ്രണയത്തിന് പിന്നാലെയല്ല എന്റെ പേന ചലിച്ചത്. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി എന്തു ചെയ്യാന്‍ കഴിയുമെന്നാണ് എന്നിലെ റാപ്പര്‍ ചിന്തിച്ചത്.” 18 വയസ്സുള്ളപ്പോള്‍ തന്നെയാണ് അന്നത്തെ തുനീഷ്യന്‍ പ്രസിഡന്റും ഏകാധിപതിയുമായിരുന്ന ബിന്‍ അലിക്കെതിരെ ഹമ്മാദ തന്റെ ആദ്യത്തെ പാട്ട് എഴുതിയത്. ” ‘സയ്യിദീ റഈസ്’ അഥവാ ‘മിസ്റ്റര്‍ പ്രസിഡന്റ്’ എന്നായിരുന്നു ആ ഗാനത്തിന്റെ തലക്കെട്ട്. ‘അഴിമതിക്കെതിരെ പോരാടാന്‍ പ്രസിഡന്റിനോട് ആവശ്യപ്പെടുന്നതായിരുന്നു ആ ഗാനം. അദ്ദേഹത്തിന് സ്ഥിതിഗതികള്‍ മാറ്റാന്‍ കഴിയുമെന്നാണ് ഞാനന്ന് കരുതിയത്. പക്ഷെ അന്നത്തെ അഴിമതി നിറഞ്ഞ സാഹചര്യം അദ്ദേഹത്തിന്റെ കൂടി അറിവോടെയും പിന്തുണയോടെയും സൃഷ്ടിക്കപ്പെട്ടതാണെന്ന് പിന്നീടാണ് ഞാന്‍ തിരിച്ചറിഞ്ഞത്.”
ശേഷം, മുല്ലപ്പൂ വിപ്ലവത്തിന്റെയും കെയ്‌റോയിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ ഹുസ്‌നി മുബാറക്കിനെതിരെ തടിച്ചു കൂടിയ ആയിരക്കണക്കിന് വരുന്ന പ്രതിഷേധകരുടെയും വിപ്ലവഗാനമായി മാറിയ ‘റഈസ് എല്‍ബിലാദ്’ (പ്രസിഡന്റ് ഓഫ് ദി റിപ്പബ്ലിക്ക്) എന്ന പാട്ട് ഹമ്മാദ രചിച്ചു. യഥാര്‍ത്ഥത്തില്‍ ഈ ഗാനത്തിന്റെ ആമുഖമായിരുന്നു മുമ്പ് രചിച്ച ‘സയ്യിദീ റഈസ്’എന്ന ഗാനം. അഴിമതിയാണ് തന്റെ ഗാനങ്ങളിലെ മുഖ്യ പ്രതിപാദ്യ വിഷയമെന്ന് അദ്ദേഹം പറയുന്നു. “അഴിമതി സര്‍വവ്യാപിയാണ്. തെരുവിലേക്കിറങ്ങിയാല്‍ സാധാരണക്കാരോട് അപമര്യാദയായി പെരുമാറുന്ന പോലിസുകാരെയാണ് എങ്ങും കാണാന്‍ കഴിഞ്ഞിരുന്നത്. പണമെറിഞ്ഞാല്‍ നിങ്ങള്‍ക്ക് ജഡ്ജിയെ സ്വാധീനിച്ച് ഏത് കേസില്‍ നിന്നും നിഷ്പ്രയാസം ഊരിപ്പോരാന്‍ കഴിയുമായിരുന്നു. പാവപ്പെട്ട ആളുകള്‍ നിരന്തരം ജയിലുകളില്‍ അടക്കപ്പെട്ടു. നിങ്ങളൊരു ചെറുകിട കച്ചവടക്കാരനാണെങ്കില്‍, നിങ്ങള്‍ ചൂഷണത്തിന് വിധേയമാകും. പ്രസിഡന്റുമായി വളരെ അടുത്ത ബന്ധമുള്ളവരായിരിക്കും നിങ്ങളുടെ പണപ്പെട്ടിയില്‍ നിന്നും കൈയ്യിട്ട് വാരുക. എന്റെ മാതാപിതാക്കള്‍ക്ക് നല്ല ജോലിയുണ്ട്, ഞങ്ങള്‍ ദരിദ്രരല്ല, പക്ഷെ എന്റെ കൂട്ടുകാരില്‍ പലരും അനീതി നിറഞ്ഞ ഇവിടുത്തെ വ്യവസ്ഥയുടെ ഇരകളായിരുന്നു.” ഹമ്മാദ പറഞ്ഞു.
ഇതിന്റെ ഫലമായി സംഗീത പരിപാടികള്‍ നടത്തുന്നതില്‍ നിന്നും പാട്ട് സീഡികള്‍ ഇറക്കുന്നതില്‍ നിന്നും, തുനീഷ്യയിലെ റേഡിയോ സ്‌റ്റേഷനുകളില്‍ പാട്ട് സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും എല്‍ ജനറല്‍ വിലക്കപ്പെട്ടു. പക്ഷെ യൂറോപ്പിലെ ജനങ്ങള്‍ക്കിടയില്‍ എല്‍ ജനറല്‍ എന്ന ഹമ്മാദ പതുക്കെ പതുക്കെ അറിയപ്പെടാന്‍ തുടങ്ങി. ഫ്രാന്‍സിലെ നോവാ എഫ്.എം പോലെയുള്ള റോക്ക് സ്‌റ്റേഷനുകള്‍ എല്‍ ജനറലിന്റെ പാട്ടുകള്‍ സംപ്രേഷണം ചെയ്തു. ബിന്‍ അലിയുടെ ഭരണകാലത്ത് തനിക്കെതിരെ നിലനിന്നിരുന്ന വിലക്കിനെ കുറിച്ച് അദ്ദേഹം ഓര്‍ക്കുന്നു. “ആരെങ്കിലും ഒരു സംഗീതപരിപാടി നടത്താന്‍ അനുവാദം നല്‍കണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയും, പങ്കെടുക്കുന്നവരുടെ കൂട്ടത്തില്‍ എന്റെ പേര് കാണുകയും ചെയ്താല്‍ ആ പരിപാടി മൊത്തത്തില്‍ റദ്ദാക്കുകയാണ് ഗവണ്‍മെന്റ് ചെയ്തിരുന്നത്. ‘ഈ പയ്യന്‍ രാഷ്ട്രീയത്തെ കുറിച്ചാണ് പാടുന്നത്, നല്ല അഭിപ്രായമല്ല അവനെ കുറിച്ച് കേള്‍ക്കുന്നത്, അതു കൊണ്ടു തന്നെ ഇതിന് അനുവാദം നല്‍കാന്‍ കഴിയില്ല’ എന്നാണ് അധികൃതര്‍ പറയാറ്. എന്റെ റാപ്പ് ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ എനിക്കെതിരെ സെന്‍സര്‍ഷിപ്പും വിലക്കും വന്നിരുന്നു. സീഡികള്‍ പുറത്തിറക്കാനോ, സംഗീതപരിപാടികള്‍ നടത്താനോ എനിക്ക് അനുവാദമുണ്ടായിരുന്നില്ല.”
അങ്ങനെയാണ് ഹമ്മാദ സോഷ്യല്‍ മീഡിയയിലേക്ക് തിരിയുന്നത്. ”എന്റെ ഫേസ്ബുക്ക് പേജ് ഞാന്‍ ഉപയോഗിച്ചു. എനിക്ക് രണ്ട് കൂട്ടുകാരുണ്ടായിരുന്നു. ഒരാള്‍ ചെറിയൊരു വീഡിയോ കാമറയില്‍ എന്റെ പാട്ടിന്റെ വിഷ്വല്‍സ് റെക്കോഡ് ചെയ്യും, മറ്റേയാള്‍ വീഡിയോകള്‍ എഡിറ്റ് ചെയ്ത് യൂടൂബില്‍ ഇടും.”
2010 ഡിസംബറിലാണ്, എല്‍ ജനറല്‍ ‘റഈസ് എല്‍ബിലാദ്’ എന്ന ഗാനം റെക്കോഡ് ചെയ്ത് യൂടൂബില്‍ ഇട്ടത്. അറബ് ലോകത്ത് ഏകാധിപതികള്‍ക്കെതിരെ പ്രതിഷേധം ആഞ്ഞടിക്കാന്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. ‘റഈസ് എല്‍ബിലാദ്’ പ്രതിഷേധകര്‍ക്കിടയില്‍ ഒരു തരംഗമായി മാറാന്‍ അധികം സമയമെടുത്തില്ല. ലക്ഷകണക്കിനാളുകളാണ് വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് കണ്ടത്. പ്രതിഷേധ പ്രകടനക്കാര്‍ പാട്ടിന്റെ വരികള്‍ ഏറ്റുപാടി കൊണ്ടാണ് തെരുവുകളില്‍ നിറഞ്ഞുനിന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
പ്രസ്തുത പാട്ട് എല്‍ ജനറലിനെ പ്രശസ്തനാക്കി. എന്നാല്‍ അപകടത്തിലേക്കാണ് അതദ്ദേഹത്തെ കൊണ്ടെത്തിച്ചത്. ”പാട്ട് ഹിറ്റായതിന് ശേഷം അവര്‍ എന്റെ ഫോണ്‍ ചോര്‍ത്താന്‍ തുടങ്ങി. എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു.” അങ്ങനെയിരിക്കെയാണ് 2010 ഡിസംബര്‍ 17ന് ചെറുപ്പക്കാരനായ ഒരു പഴക്കച്ചവടക്കാരന്‍ ദേഹത്ത് സ്വയം തീക്കൊളുത്തി മരിച്ചത്. അതൊരു വഴിത്തിരിവായിരുന്നു. ഡിസംബര്‍ 22ന് എല്‍ ജനറല്‍ ‘തൂനീസ് ബിലാദുനാ’ (തുനീഷ്യ നമ്മുടെ രാജ്യം) എന്ന പേരില്‍ പുതിയൊരു പാട്ടെഴുതി. ഈ പാട്ട് ബിന്‍ അലിക്കെതിരായ പ്രതിഷേധം അണപൊട്ടിയൊഴുകാനിടയാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു.
ഈ പാട്ട് പോലിസിനെ സംബന്ധിച്ചിടത്തോളം അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു. ഡിസംബര്‍ 24, പുലര്‍ച്ചെ 5 മണിക്ക് സ്ഫാക്‌സിലെ ഹമ്മാദയുടെ വീട്ടിലേക്ക് രഹസ്യപോലിസ് ഇരച്ചുകയറി. അങ്ങനെ എല്‍ ജനറല്‍ നാഷണല്‍ സെക്യൂരിറ്റി ബ്യൂറോക്ക് മുമ്പാകെ ഹാജറാക്കപ്പെട്ടു. തൂനിസില്‍ നിന്നും ചിലയാളുകള്‍ വന്ന് തലസ്ഥാന നഗരിയിലേക്ക് ഹമ്മാദയെയും കൂട്ടിപോയി, അവിടെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചു, രാഷ്ട്രീയ ബന്ധങ്ങളെ സംബന്ധിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തു. അദ്ദേഹം പറയുന്നു: ”24 മണിക്കൂറും അവരെന്നെ പീഢിപ്പിച്ചു. ശരിക്കും മാനസിക പീഢനമായിരുന്നു അത്. ആരാണ് എന്റെ പിന്നിലെന്നും, ഏത് പാര്‍ട്ടിക്കാരനാണ് ഞാനെന്നുമാണ് അവര്‍ക്കറിയേണ്ടിയിരുന്നത്.”
പക്ഷെ, എല്‍ ജനറല്‍ അറസ്റ്റിലായതായി വാര്‍ത്തപരന്നതോടെ പൊതുജനം ഇളകി മറിയാന്‍ തുടങ്ങി. അദ്ദേഹത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ജനം തെരുവിലിറങ്ങി. ഗത്യന്തരമില്ലാതെ ബിന്‍ അലി തന്നെ നേരിട്ട് എല്‍ ജനറലിന്റെ തടവിനെ കുറിച്ച് അന്വേഷിക്കാന്‍ പോലിസിനോട് ഉത്തരവിട്ടു. ”ഞാനൊരു അറിയപ്പെടുന്ന കലാകാരനാണെന്ന് അവര്‍ക്ക് മനസ്സിലായി. അതോടു കൂടി എന്നോടുള്ള അവരുടെ സമീപനത്തില്‍ മാറ്റം വന്നു. പ്രസിഡന്റിനെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും പാടുന്നത് നിര്‍ത്താന്‍ തയ്യാറായാല്‍ എന്നെ മോചിപ്പിക്കാമെന്ന് അവര്‍ എന്നോട് പറഞ്ഞു.” മൂന്ന് ദിവസത്തോളം കൈകള്‍ ബന്ധിക്കപ്പെട്ട അവസ്ഥയില്‍ ഹമ്മാദക്ക് ജയിലില്‍ കഴിയേണ്ടി വന്നു. അദ്ദേഹത്തെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടു. ”ഞാന്‍ ചെയ്തത് വളരെ വലിയൊരു കാര്യമാണെന്നും അതേസമയം വളരെയധികം അപകടം പിടിച്ചതാണെന്നും അപ്പോഴാണ് തിരിച്ചറിഞ്ഞത്. കാരണം ഞാന്‍ തടവിലായത് മുതല്‍ക്ക് പോലിസിന് നിരവധി ഫോണ്‍കോളുകളാണ് വന്നത്. ഭയം മനസ്സില്‍ നിന്നും ഒഴിഞ്ഞുപോയതോടെ, തടങ്കലിലായതില്‍ ഞാന്‍ അഭിമാനിക്കാന്‍ തുടങ്ങി. ഒരു വി.ഐ.പി ആയതു പോലെ എനിക്ക് തോന്നി.”
മൂന്ന് ദിവസത്തെ ജയില്‍വാസത്തിന് ശേഷം അദ്ദേഹം മോചിപ്പിക്കപ്പെട്ടു. കൊണ്ടുപോയ ആളുകള്‍ തന്നെ തിരിച്ച് സ്ഫാക്‌സിലെ വീട്ടുപടിക്കല്‍ അദ്ദേഹത്തെ കൊണ്ടുചെന്നാക്കി. ജയില്‍ മോചിതനായതിന് ശേഷം മാത്രമാണ് ‘റഈസ് എല്‍ബിലാദ്’ എന്ന തന്റെ പാട്ട് വിപ്ലവഗാനമായി തെരുവുകള്‍ ഏറ്റുപാടാന്‍ തുടങ്ങിയ കാര്യം എല്‍ ജനറല്‍ തിരിച്ചറിഞ്ഞത്. പിന്നീട് 2011 ജനുവരി 25ന് ശേഷം, കെയ്‌റോയിലെ തെരുവീഥികള്‍ പ്രസ്തുത ഗാനം ഏറ്റെടുത്തു, തഹ്‌രീര്‍ സ്‌ക്വയറില്‍ തടിച്ചു കൂടിയ പതിനായിരങ്ങള്‍ ആ പാട്ട് ഏറ്റുപാടി. ”തഹ്‌രീര്‍ സ്‌ക്വയറില്‍ വന്ന് ‘റഈസ് എല്‍ബിലാദ്’ പാടണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഈജിപ്ഷ്യന്‍ യുവതയുടെ ഒരുപാട് മെസേജുകള്‍ എനിക്ക് ലഭിച്ചിരുന്നു. പക്ഷെ അന്നെനിക്ക് പാസ്‌പോര്‍ട്ടോ വിസയോ ഒന്നുമുണ്ടായിരുന്നില്ല.” പക്ഷെ എല്‍ജനറല്‍ അവര്‍ക്കു വേണ്ടി ‘വിവേ തുനീസ്യേ!’ എന്ന പേരില്‍ ഒരു പാട്ടെഴുതി. മുല്ലപ്പൂ വിപ്ലവത്തെയും ഈജിപ്ത്, അള്‍ജീരിയ, ലിബിയ, മൊറോക്കൊ എന്നിവിടങ്ങളില്‍ നടന്ന സ്വാതന്ത്യ പോരാട്ടങ്ങളെയും ധീരരക്തസാക്ഷിത്വം വരിച്ചവരെയും ആദരിച്ചു കൊണ്ടുള്ള ഗാനമായിരുന്നു അത്.
തുനീഷ്യ അടക്കി ഭരിച്ച രണ്ട് ഏകാധിപതികളും സ്ഥാനഭ്രഷ്ടരാക്കപ്പെട്ടതോടെ, ഒളിവിലെ ജീവിതം മതിയാക്കി എല്‍ ജനറല്‍ പ്രൊഫഷണല്‍ റാപ്പ് ജീവിതത്തിലേക്ക് കടന്നുവന്നു. അപ്പോഴേക്കും റാപ്പ് സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സമീപനത്തില്‍ മാറ്റം സംഭവിച്ചു കഴിഞ്ഞിരുന്നു. ‘വിപ്ലവം നടക്കുന്നതിന് മുമ്പ്, സംഗീതത്തെ കുറിച്ചുള്ള എല്ലാ ചിന്തകളും മനസ്സില്‍ നിന്നും ഒഴിവാക്കാന്‍ എന്റെ ഉമ്മയും ഉപ്പയും എന്നോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. സംഗീതം വളരെ അപകടം പിടിച്ചതാണെന്നാണ് അവര്‍ എന്നോട് പറഞ്ഞത്. എനിക്കെന്തെങ്കിലും സംഭവിക്കുമോ എന്നവര്‍ ഭയപ്പെട്ടിരുന്നു. പക്ഷെ ഇപ്പോള്‍ അവര്‍ക്ക് എന്നെക്കുറിച്ച് അഭിമാനമേയുള്ളു. റാപ്പെഴുത്ത് തുടരാനും, തുനീഷ്യയെ ക്രിയാത്മകമായി സഹായിക്കാനും എല്ലാവിധ പിന്തുണയും നല്‍കി അവരിപ്പോള്‍ എന്റെ കൂടെയുണ്ട്.’ എല്‍ ജനറല്‍ പറഞ്ഞു നിര്‍ത്തി.
Connect
Connect with us on the following social media platforms.